0 Comments
അൽഹംദു ലില്ലാഹ്.. ഹംദിന്റെ വാക്കുകൾ! 'ഹംദി'ന്റെ ഭാഷാർത്ഥം സ്തുതി, സ്തോത്രം, വാഴ്ത്തൽ, കീർത്തനം എന്നൊക്കയാണ്. അതിനോട് ചേർത്തിരിക്കുന്ന 'അൽ' വർഗ്ഗസാകല്യത്തെ ദ്യോതിപ്പിക്കുന്നു. അപ്പോൾ, അൽഹംദു ലില്ലാഹ് എന്നതിന്റെ സാമാന്യ അർത്ഥം: സർവ്വ സ്തുതിയും അല്ലാഹുവിന്ന്.
ഹംദ് നാവു കൊണ്ട് ചൊല്ലുകയാണ് വേണ്ടത്. അൽഹംദു ലില്ലാഹ് - എല്ലാ സ്തുതിയും അല്ലാഹുവിന്ന് - എന്ന് ഒരു അടിയാൻ പറയുമ്പോൾ നാവുകൊണ്ട് അല്ലാഹുവിനെ പുകഴ്ത്തുന്നു; അവന്റെ അപദാനങ്ങൾ വാഴ്ത്തുന്നു. രണ്ടു കാര്യങ്ങൾ മുൻനിർത്തിയാണ് അല്ലാഹുവിന് ഹംദ് ചൊല്ലുന്നത് : 1. അവന്റെ പൂർണതയെ മുൻനിർത്തി: അല്ലാഹുവിന്റെ പൂർണത ഭാവനകൾക്ക് അതീതമാണ്. അവാച്യമാണ്. അവനുമായി ബന്ധപ്പെട്ട എല്ലാ കാര്യങ്ങളും പരിപൂർണ്ണവും അന്യൂനവും അനന്യവും അതിമനോഹരവുമാണ്. അവന്റെ സത്തയുടെ, നാമങ്ങളുടെ, ഗുണവിശേഷങ്ങളുടെ, മഹാകൃത്യങ്ങളുടെ, അധികാരാവകാശങ്ങളുടെ... തുടങ്ങി മുഴുപ്രശ്‌നങ്ങളുടെയും മഹത്വവും മനോഹാരിതയും പൂർണതയും വര്‍ണ്ണനാതീതമാണ്. അവന്‍ ഏകനും അതുല്യനും അദ്വിതീയനുമാണ്. അവന്‍ ഉണ്ടായവനല്ല, ആദിയിലേ ഉള്ളവനാണ്. അവന്‍ ജാതനല്ല, ജനകനുമല്ല. അവനു ഭാര്യമാരില്ല, സന്താനങ്ങളില്ല. അവന്‍ കിടയറ്റവനാണ്. അവനു പങ്കുകാരില്ല, സഹായികളില്ല, സ്വാധീനിക്കാവുന്ന ശിപാര്‍ശകരില്ല. അവന്റെ കാര്യങ്ങള്‍ അവനു മാത്രം അവകാശപ്പെട്ടതാണ്. അതില്‍ ഒന്നും മറ്റൊരാള്‍ക്കും ഉണ്ടാവുകയില്ല. മറ്റുളളവരുടെ കാര്യങ്ങള്‍ ഒന്നും അവന് ചേരുകയുമില്ല. ദൃഷ്ടികൾക്കോ ഭാവനകൾക്കോ അവനെ പ്രാപിക്കാനാവില്ല. അവന്‍ സൃഷ്ടികള്‍ക്ക് അതീതനാണ്, അര്‍ശിനും ഉപരിയിലാണ്. അവന്‍ ഹൃദയാന്തരങ്ങളെയും ദൃഷ്ടികളെയും പിടികൂടുന്നു. അവനെ കുറിച്ച് നാം സ്വയം വര്‍ണ്ണിക്കുന്നത് കൃത്യവിലോപമാണ്. അവന്‍ തന്നെ അവനെ കുറിച്ചു ദൂതന്മാർ മുഖേന വര്‍ണ്ണിച്ചു തന്നത് അതേപടി സ്വീകരിക്കുക, ആവര്‍ത്തിക്കുക. അതാണ് വിശ്വാസത്തിന്റെയും സമർപ്പണത്തിന്റെയും മാര്‍ഗ്ഗം. അതു മാത്രമാണ് സുരക്ഷിതമായ വഴി. അവന്റെ അപദാനങ്ങള്‍ നമുക്ക് തിട്ടപ്പെടുത്താനാവില്ല. അല്ലാഹുവേ, നീ നിന്നെ സ്വയം വാഴ്‌ത്തിയത് എപ്രകാരമാണോ അങ്ങനെയാണു നീ; നിന്റെ കാര്യങ്ങളും! നിന്നെ അറിയുന്ന ഒരു അടിയാന് എങ്ങനെ നിന്നെ വാഴ്‌ത്താതിരിക്കാന്‍ കഴിയും? നിനക്കുളള സ്‌തുതി ചേതനയില്‍ നിറയുന്നു. ആത്മബോധത്തിൽനിന്ന് നാവിലേക്ക് സംക്രമിക്കുന്നു. സ്‌തുതിയിൽ നിമഗ്നമായി ഞാൻ ഉരുവിടുന്നു: അല്‍ഹംദു ലില്ലാഹ്.. 2. അവന്റെ അനുഗ്രഹങ്ങളെ മുന്‍നിര്‍ത്തി: അല്ലാഹു റഹ്‌മാനാണ്, കാരുണ്യത്തിന്റെ സ്രോതസ്സാണ്. മുഴുവൻ കാരുണ്യങ്ങളും അവന്റേതാണ്. പരമവും അപരിമേയവുമായ കാരുണ്യം! അത് അവന്റെ കോപത്തെ പോലും കവച്ചുവെച്ചിരിക്കുന്നു. അവന്‍ ഇഹത്തിലും പരത്തിലും റഹ്‌മാനാണ്. അല്ലാഹു റഹീമാണ്. സൃഷ്ടികൾക്കു കാരുണ്യം ചൊരിയുന്നവന്‍, അവന്‍ കാരുണ്യത്തെ നൂറായി ഭാഗിച്ചു. ഒരു ഭാഗം സൃഷ്ടികള്‍ക്കിടയില്‍ വീതിച്ചു. അതുമുലമാണ് അവര്‍ പരസ്പരം കാരുണ്യത്തോടെ വര്‍ത്തിക്കുന്നത്. മനുഷ്യര്‍ മാത്രമല്ല മുഴുവന്‍ ജീവജാലങ്ങളും. മൃഗങ്ങള്‍ കിടാങ്ങളോട്, പക്ഷികള്‍ കുഞ്ഞുങ്ങളോട്. അങ്ങനെ എല്ലാവരും. അവന്റെ കാരുണ്യം എല്ലാറ്റിനെയും ചൂഴ്‌ന്നു നില്‍ക്കുന്നു. അവന്‍ ഇഹത്തിലും പരത്തിലും റഹീമാണ്. കരുണ ചെയ്യുക എന്നതിന്റെ താല്‍പര്യം നല്ല ഉദ്ദേശ്യങ്ങള്‍ സഫലീകരിച്ചു തരിക, ഭയപ്പെടുന്ന കാര്യങ്ങളില്‍നിന്ന് കാവല്‍ നല്‍കുക, സംഭവിച്ചു പോയ വീഴ്ചകള്‍ പൊറുത്തുതരിക എന്നതാണ്. റഹ്‍മാനും റഹീമുമായ അല്ലാഹു നമുക്ക് ചെയ്തു തന്ന അനുഗ്രഹങ്ങള്‍ അപാരവും അംസംഖ്യവുമാണ്. അവന്റെ ഔദാര്യങ്ങൾ അളവറ്റതാണ്! നമുക്കത് എണ്ണി തിട്ടപ്പെടുത്താനാവില്ല. അല്ലാഹുവേ! ഞാന്‍ തന്നെയും, എന്റേതും എനിക്കുള്ളതും എന്റെ ചുറ്റുപാടുകളും, എല്ലാമെല്ലാം നിന്റെ അനുഗ്രഹം മാത്രം. നിന്റെ ആശിസ്സുകളില്ലാതെ ഒരു നിമിഷാര്‍ദ്ധം എനിക്ക് നിലനില്‍ക്കാനാവില്ല. നിന്റെ അനുഗ്രഹങ്ങള്‍ ഓര്‍ക്കുമ്പോള്‍ ഉള്ളിൽ നിറയുന്ന സ്‌തുതി നാവിലൂടെ പുറത്ത് വരുന്നു: അല്‍ഹംദു ലില്ലാഹ്.. • • • • • മനസ്സു നിറയാതെ, നാവു കൊണ്ട് സ്‌തുതിയെന്നു പറഞ്ഞാല്‍ ഹംദ് ആവില്ല. അത് അര്‍ത്ഥശുന്യമായ പുകഴ്ത്തല്‍ മാത്രമായിത്തീരും, അല്ലാഹുവിന്റെ പൂര്‍ണ്ണതയെയും അനുഗ്രഹങ്ങളെയും കുറിച്ചുള്ള ശരിയായ ബോധ്യത്തില്‍, അവനോടുള്ള അപരിമേയമായ സ്‌നേഹവും ഭയപ്പാടും പ്രതിക്ഷയും മനസ്സിൽ നിറയണം. അങ്ങനെ ഹൃദയം അവനെ വാഴ്‌ത്തണം. അത് നാവിലേക്കെത്തി പുറത്തേക്ക് ഉതിര്‍ന്നു വീഴണം. അപ്രകാരം നാവില്‍നിന്ന് വീഴുന്ന മുത്തുകളാണ് ഹംദ്. സ്‌തുതിയും നന്ദിയും തമ്മില്‍ ഒരു താരതമ്യം: സ്‌തുതിയുടെ ബന്ധം വിപുലവും ഉപാധി ഏകവുമാണെങ്കില്‍, നന്ദിയുടെ ഉപാധികള്‍ വിപുലവും ബന്ധം പരിമിതവുമായിരിക്കും. അല്ലാഹുവിന്റെ പൂര്‍ണ്ണതകളുടെയും അനുഗ്രഹങ്ങളുടെയും അതിവിപുലമായ ആശയ സഞ്ചയവുമായിട്ടാണ് സ്‌തുതിയുടെ ബന്ധം. എന്നാല്‍ സ്‌തുതി പ്രകടിപ്പിക്കാനുള്ള ഉപാധി ഏകമാണ്; അതാണ് നാവ്. നന്ദി പ്രകാശിപ്പിക്കാന്‍ ഒന്നിലധികം ഉപാധികളുണ്ട്. മനസ്സ്, നാവ്, ശരീരാവയവങ്ങള്‍ മൂന്നും നന്ദി പ്രകടിപ്പിക്കാനുളള ഉപാധികളാണ്. എന്നാല്‍ നന്ദിയുടെ ബന്ധം അല്ലാഹുവിന്റെ അനുഗ്രഹങ്ങളോട് മാത്രമാണ്. • • • • • തസ്‌ബിഹ് നിരാസമാണ്. വിവരദോഷികളായ ആക്രമികള്‍ അല്ലാഹുവിനെ കുറിച്ച് നടത്തുന്ന തെറ്റായ ആരോപണങ്ങളുടെ നിരാസം. തഹ്‌മീദ് സ്ഥിരീകരണമാണ്. അല്ലാഹുവിനെ കുറിച്ചുള്ള അവന്റെ സ്വന്തം വര്‍ണ്ണന, സത്യസന്ധരായ ദൂതന്മാര്‍ അറിയിച്ചു തന്ന ആ വര്‍ണ്ണനകളുടെ സ്ഥിരികരണം. തസ്‌ബിഹ് പൂര്‍ണ്ണമാകുന്നത് തഹ്‌മീദോടു കുടിയാണ്. അതുകൊണ്ടാണ് ദിക്റുകളില്‍ അവ ഒരുമിച്ച് വരുന്നത്. അല്ലാഹുവിനെ കുറിച്ച് അക്രമികൾ നടത്തുന്ന തെറ്റായ വര്‍ണ്ണനകളും ആരോപണങ്ങളും ഞാന്‍ നിരാകരിക്കുന്നു. അവനെ കുറിച്ച ദൂതന്മാര്‍ മുഖേന അവൻ അറിയിച്ചു തന്ന വര്‍ണ്ണനകള്‍ ഞാന്‍ വാഴ്‌ത്തുന്നു. സുബ്ഹാനല്ലാഹി വബിഹംദിഹീ... — അബൂ ത്വാരിഖ് സുബൈർ മുഹമ്മദ്
ഹദീസ് പഠിക്കുമ്പോൾ മനുഷ്യൻ... ഈ പ്രപഞ്ചത്തിലെ മഹാവിസ്മയങ്ങളിൽ ഒന്ന്. സർഗ്ഗശേഷിയും പ്രതിഭാധനത്വവും കൊണ്ട് അനുഗൃഹീതൻ. സ്വതന്ത്രമായി ആവിഷ്കരിക്കാനും സ്വയം നിർമ്മിക്കാനും കഴിവുള്ളവൻ. വിപുലമായ സാധ്യതകളുള്ള സവിശേഷമായ അസ്തിത്വത്തിന്റെ ഉടമ. അനശ്വരതക്കു വേണ്ടിയുള്ള അടങ്ങാത്ത ദാഹം. ആത്മപ്രകാശനത്തിന്റെ വഴികൾ തേടിയുള്ള യാത്രകൾ. കല, സാഹിത്യം, സംഗീതം, ശാസ്ത്രം, ഗണിതം, തത്വചിന്ത, നിരൂപണം, ലാവണ്യം, ആസ്വാദനം... എല്ലാം ഈ യാത്രകളിൽ കണ്ട വഴിയടയാളങ്ങൾ. അവയൊന്നും ദാഹം തീർക്കാൻ മാത്രം ഉതകുന്നില്ല. മൃഗതൃഷ്ണ പോലെ മോഹിപ്പിച്ച് നിരാശപ്പെടുത്തുക മാത്രം. ലക്ഷ്യത്തിന് രണ്ടു പടി ഇപ്പുറം നിന്നു പോകുന്ന പോലെ ചുണ്ടിനും കപ്പിനും ഇടയിൽ ഇനിയുമെത്ര ദൂരം!!! ഞാൻ ആത്മാവിൽ അനുഭവിക്കുന്നത് വാദിഈ മുമ്പേ പറഞ്ഞു. അല്ലാഹുവിന്റെ കരുണാ കടാക്ഷം അദ്ദേഹത്തിനുമേൽ വർഷിക്കട്ടെ. അസ്സ്വഹീഹുൽ മുസ്നദ് 1/9 നമുക്ക് വായിക്കാം: وإني إذا فتحت صحيح البخاري وقلت: قال الإمام البخاري رحمه الله: حدثنا عبد الله بن يوسف قال: حدثنا مالك أو فتحت صحیح مسلم وقلت: قال الإمام مسلم رحمه الله: حدثنا يحي بن يحي قال: قرأت على مالك أنسى جميع مشاغل الدنيا ومشاكلها [الشيخ مقبل الوادعي في الصحيح المسند 9/1] «സ്വഹീഹുൽ ബുഖാരി തുറന്നുവെച്ച് ഞാൻ വായിച്ചു തുടങ്ങിയാൽ “ഇമാം ബുഖാരി പറയുന്നു: നമുക്ക് ഈ ഹദീസ് ഉദ്ധരിച്ചു തന്നത് അബ്ദുല്ലാഹ് ബിൻ യൂസുഫ്. അദ്ദേഹം പറയുന്നു: നമുക്ക് ഈ ഹദീസ് ഉദ്ധരിച്ചു തന്നത് മാലിക്... " അല്ലെങ്കിൽ, സ്വഹീഹു മുസ്‌ലിം തുറന്നുവെച്ച് ഞാൻ വായിച്ചു തുടങ്ങിയാൽ “ഇമാം മുസ്‌ലിം പറയുന്നു: നമുക്ക് ഈ ഹദീസ് ഉദ്ധരിച്ചു തന്നത് യഹ്യാ ബിൻ യഹ്യാ. അദ്ദേഹം പറയുന്നു: ഇതു നാം മാലിക് മുമ്പാകെ വായിച്ച് സ്ഥിരപ്പെടുത്തിയത്... " ദുനിയാവിന്റെ എല്ലാ വ്യവഹാരങ്ങളും വ്യാകുലതകളും ഞാൻ മറക്കും. » ഇമാം ബുഖാരിയുടെ കൂടെ ഒരു യാത്ര, മഹാന്മാരായ ഗുരുവര്യന്മാരെയെല്ലാം സന്ദർശിക്കാനുള്ള സുവർണ്ണാവസരം, സമയ രഥത്തിൽ പിറകോട്ടുള്ള യാനം, അറിവിന്റെ തീരത്തിരുന്ന് നബി صلى الله عليه وسلم-യെയും അനുചരന്മാരെയും കേൾക്കാനുള്ള മഹാഭാഗ്യം, ദുനിയാവിന്റെ അതിരുകൾ ഭേദിച്ച് അനശ്വരതയിൽ എവിടെയോ ആത്മീയതയുടെ ഓരമണയുന്ന അനുഭവം. ഇതാണ് വഴി, തനതായ വഴി, ലക്ഷ്യത്തിലെത്തുന്ന വഴി. മറ്റുള്ളവയെല്ലാം മായ. ഞാൻ ആസ്വദിക്കാൻ ശ്രമിച്ച പ്രതിഭാവിലാസങ്ങളും ആത്മപ്രകാശനങ്ങളും സർഗ്ഗക്രിയകളും എല്ലാം എല്ലാം ഇടുങ്ങിവരുന്നു, ഇരുട്ട് മൂടുന്നു, പ്രതിസന്ധികളിൽ മുട്ടി മുടങ്ങി നിൽക്കുന്നു. ഇതു മാത്രം മറിച്ചാണ്. അത് എന്നെ തുറന്നു വിടുന്നു, വിശാലതകളുടെ അനന്ത വിഹായുസ്സിലേക്ക്, അനുഭൂതികളുടെ അവാച്യമായ തലങ്ങളിലേക്ക്. അനുഭവിച്ചവനല്ലേ അറിയൂ. അനുകരിക്കുന്നവൻ അഭിനയിക്കുകയാവും. കേട്ടുകേൾവിക്കാർ അന്തംവിടുകയും ചെയ്യും. اللهم الرفيق الأعلى — അബൂ ത്വാരിഖ് സുബൈർ മുഹമ്മദ് حفظه الله تعالى
ഇബ്നു മസ്ഊദ് - رضي الله عنه - പറയുന്നു: • ഭൗതിക നേട്ടങ്ങൾ അല്ലാഹു ഇഷ്ടപ്പെടുന്നവർക്കും ഇഷ്ടപ്പെടാത്തവർക്കും നൽകും. • ഒരു അടിയനെ അല്ലാഹു സ്നേഹിച്ചാൽ അവന് ഈമാൻ നൽകും. ആരെങ്കിലും ഭീരുവായാൽ: » രാത്രി ആരാധനയിൽ മുഴുകാൻ സഹനശേഷിയില്ലാതെ » ശത്രുവിനോട് പടപൊരുതാൻ കഴിയാതെ » പിശുക്ക് കൊണ്ട് സ്വത്ത് ചെലവഴിക്കാനാവാതെ എങ്കിൽ, അവൻ ഈ കീർത്തനങ്ങൾ ധാരാളമായി ഉരുവിടട്ടെ: ✓ സുബ്ഹാനല്ലാഹ് - سبحان الله (തസ്ബീഹ്) ✓ അൽഹംദു ലില്ലാഹ് - الحمد لله (തഹ്മീദ്) ✓ ലാഇലാഹ ഇല്ലല്ലാഹ് - لا إله إلا الله (തഹ്‌ലീൽ) ✓ അല്ലാഹു അക്ബർ - الله اكبر (തക്ബീർ). ഉദ്ധരണം: ബുഖാരി, അദബുൽ മുഫ്റദ് | ഇബ്നു അബീശൈബഃ മുസ്വന്നഫ് അൽബാനി: സ്വഹാബിയുടെ വാക്കുകൾ, നബിവചനത്തിന്റെ സ്ഥാനം, സ്വഹീഹ് — അബൂ ത്വാരിഖ് സുബൈർ മുഹമ്മദ് حفظه الله تعالى 34578 -
عَنْ عَبْدِ اللَّهِ، قَالَ: إِنَّ اللَّهَ يُعْطِي الدُّنْيَا مَنْ يُحِبُّ وَمَنْ لَا يُحِبُّ , وَلَا يُعْطِي الْإِيمَانَ إِلَّا مَنْ يُحِبُّ , فَإِذَا أَحَبَّ اللَّهُ عَبْدًا أَعْطَاهُ الْإِيمَانَ , فَمَنْ جَبُنَ مِنْكُمْ عَنِ اللَّيْلِ أَنْ يُكَابِدَهُ وَالْعَدُوِّ أَنْ يُجَاهِدَهُ وَضَنَّ بِالْمَالِ أَنْ يُنْفِقَهُ فَلْيُكْثِرْ مِنْ سُبْحَانَ اللَّهِ وَالْحَمْدُ لِلَّهِ وَلَا إِلَهَ إِلَّا اللَّهُ وَاللَّهُ أَكْبَرُ مصنف ابن أبي شيبة (110/7) الألباني : صحيح موقوف في حكم المرفوع തസ്‌ബീഹിന്റെ വിവക്ഷ, ഞാൻ അല്ലാഹുവിന്റെ വിശുദ്ധിയെ വാഴ്ത്തുകയും പ്രകീർത്തിക്കുകയും ചെയ്യുന്നു എന്നതാണ്. അവന്റെ വിശുദ്ധിയുടെ അടിസ്ഥാനം, അവനുമായി ബന്ധപ്പെട്ട് എല്ലാം അവനു മാത്രമുള്ളതാണ് എന്നത്. അതിൽ ഒട്ടും കളങ്കമോ കലർപ്പോ ഇല്ല. അവനുമായി ബന്ധപ്പെട്ട കാര്യങ്ങൾ എന്നതു കൊണ്ട് ഉദ്ദേശിക്കുന്നത് അവന്റെ സത്താപരമായ കാര്യങ്ങൾ, ഉൽകൃഷ്ടമായ നാമങ്ങൾ, ഉന്നതമായ ഗുണവിശേഷങ്ങൾ, അതുല്യമായ പ്രവർത്തനങ്ങൾ, അനന്യമായ അധികാരാവകാശങ്ങൾ പോലുള്ളവയാണ്. അവന്റെ കാര്യങ്ങൾ അവനു മാത്രം അവകാശപ്പെട്ടതാണ്. അതിൽ പെട്ട ഒന്നും മറ്റൊരാൾക്കും ഉണ്ടാവുകയില്ല. മറ്റുള്ളവരുടെ കാര്യങ്ങൾ ഒന്നും അവനു ചേരുകയുമില്ല.
ഉദാഹരണമായി അവന്റെ സത്ത അവനു മാത്രം അവകാശപ്പെട്ടതാണ്. അത് പരിപൂർണ്ണവും അന്യൂനവും അതിമനോഹരവുമാണ്. അതേ പോലുള്ള സത്ത മറ്റൊരാൾക്കും ഇല്ല. മറ്റുള്ളവരുടെ സത്ത അവനു ചേരുകയുമില്ല. സത്താപരമായി, കലർപ്പും കളങ്കവുമേശാത്ത വിശുദ്ധനും പർണ്ണനുമാണ് അല്ലാഹു. അവന്റെ നാമങ്ങളും ഗുണവിശേഷങ്ങളും അവനു മാത്രം അവകാശപ്പെട്ടതാണ്. അവ പരിപൂർണ്ണവും കുറ്റമറ്റതും മനോഹരവുമാണ്. മറ്റൊരാൾക്കും അതുപോലുള്ള നാമ ഗുണവിശേഷങ്ങളില്ല. മറ്റുള്ളവരുടെ നാമങ്ങളോ ഗുണവിശേഷങ്ങളോ അവനു ചേരുകയുമില്ല. നാമ ഗുണവിശേഷങ്ങളിൽ അവൻ പൂർണ്ണനും വിശുദ്ധനുമാണ്. അവയിൽ യാതൊരു കളങ്കവും കലർപ്പുമില്ല എന്ന് സാരം. അവന്റെ പ്രവർത്തനങ്ങൾ അവനുമാത്രം അവകാശപ്പെട്ടതാണ്. അവന്റെ ചെയ്തികൾ പൂർണ്ണവും സുന്ദരവും ഭദ്രവുമായിരിക്കും. മറ്റാർക്കും അതു പോലെ പ്രവർത്തിക്കാനാവില്ല. മറ്റുള്ളവരുടെ പ്രവർത്തനങ്ങൾ അവനു ചേരുകയുമില്ല. അവന്റെ പ്രവർത്തനങ്ങൾ അവനു മാത്രം അവകാശപ്പെട്ടതാണ്. അവ ഒരു തരത്തിലുള്ള കലർപ്പും കളങ്കവും ചേർന്നിട്ടില്ലാത്ത വിശുദ്ധവും കുറ്റമറ്റതുമായ പ്രവർത്തനങ്ങളാണ്. അവന്റെ അധികാരാവകാശങ്ങളുടെ കാര്യമാവട്ടെ അവനുമായി ബന്ധപ്പെട്ട മറ്റു കാര്യങ്ങളാവട്ടെ അവയുടെയെല്ലാം സ്ഥിതിയും ഇങ്ങനെ തന്നെ. അവനെ സമാനമായി മറ്റൊരുവനോ, അവന്റെ കാര്യങ്ങളിൽ പങ്കുള്ളവനോ, അവനു സഹായി ആയി വർത്തിക്കുന്നവനോ, അവന്റെയടുക്കൽ അനുവാദമില്ലാതെ ശിപാർശ പറയാൻ സാധീനമുള്ളവനോ ആയി ഒരാളുമില്ല. അല്ലാഹുവിന്റെ കാര്യം അത്രമേൽ വിശുദ്ധമാണ്. കലർപ്പില്ലാത്തതാണ്. ഈ വിശുദ്ധിയാവട്ടെ അവന്റെ ഏകത്വത്തിന്റെ അനിവാര്യതയും താൽപര്യവുമാണ്. എന്നാൽ, അറിവില്ലാത്തവരും അക്രമികളുമായ ജനങ്ങൾ അവന്റെ വിശുദ്ധി കളങ്കപ്പെടുത്തുന്ന രൂപത്തിൽ വ്യാജമായ ദുരാരോപണങ്ങൾ കെട്ടിച്ചക്കുന്നു. അവനു പുത്രന്മാരെയും പുത്രിമാരെയും നിശ്ചയിക്കുന്നു. അവന്റെയടുക്കൽ സ്വാധീനമുള്ള ശിപാർശക്കാരെ സ്ഥാപിക്കുന്നു. അവന്റെ ഉൽകൃഷ്ടമായ നാമങ്ങൾ സൃഷ്ടികൾക്ക് നൽകുന്നു, സ്വയം മെനഞ്ഞുണ്ടാക്കിയതോ സൃഷ്ടികൾക്ക് ഉപയോഗിക്കുന്നതോ ആയ നാമങ്ങൾ അവനു ചാർത്തുന്നു. അവന്റെ അതുല്യമായ ഗുണവിശേഷങ്ങൾ സൃഷ്ടികൾക്ക് പതിച്ചു കൊടുക്കുന്നു. സൃഷ്ടികളുടെ ഗുണവിശേഷങ്ങൾ അവനിൽ ആരോപിക്കുന്നു. അവന്റെ ചെയ്തികൾ സൃഷ്ടികളുടെ പേരിൽ വക ചേർക്കുന്നു. സൃഷ്ടികളുടേത് അവനിൽ ആരോപിക്കുന്നു. അവന്റെ അധികാരാവകാശങ്ങൾ സൃഷ്ടികൾക്ക് വകവെച്ചുകൊടുക്കുന്നു. സൃഷ്ടികളുടെ അപൂർണ്ണമായ അധികാരവകാശങ്ങൾ അവനോട് ചേർക്കുന്നു. ഇങ്ങനെ എന്തെല്ലാം ദുരാരോപണങ്ങൾ! മനുഷ്യൻ എത്ര വലിയ അക്രമി! വിവരദോഷി!! നന്ദികെട്ടവൻ!!! 'സുബ്ഹാനല്ലാഹ്' എന്ന് ഉരുവിടുന്ന ഒരു വിശ്വാസി പ്രഖ്യാപിക്കുന്നത്: ✓ താൻ നന്ദികെട്ടവനോ, അക്രമിയായ വിവരദോഷിയോ അല്ല ✓ അല്ലാഹുവിന്റെ വിശുദ്ധിയെയും ഏകത്വത്തെയും കളങ്കപ്പെടുത്താൻ താൻ ഒരുക്കമല്ല ✓ അവന്റെ ഏകത്വത്തിന്റെ താൽപര്യമായ ഈ വിശുദ്ധിയെ ഞാൻ സദാ വാഴ്ത്തുന്നു ✓ വിവരദോഷികളായ അക്രമികളുടെ എല്ലാ വിധ ദുരാരോപണങ്ങളെയും നിരാകരിക്കുന്നു ✓ ദുരാരോപണങ്ങളിൽ നിന്നെല്ലാം അവന്റെ ഏകത്വവും വിശുദ്ധിയും ഉയർത്തിപ്പിടിക്കുന്നു. ഇതാണ് തസ്‌ബീഹ്. ഇതാണ് 'സുബ്‌ഹാനല്ലാഹ്' എന്നതിന്റെ നിഹിതാർത്ഥങ്ങൾ. അല്ലാഹുവിനെ അറിയൂ, അറിഞ്ഞു കൊണ്ട് ആരാധിക്കൂ. അതായിരിക്കും സാർത്ഥകമായ ആരാധന. — അബൂ ത്വാരിഖ് സുബൈർ മുഹമ്മദ് ഹേ മനുഷ്യാ, തീർച്ചയായും എല്ലാ വസ്തുക്കൾക്കും നിന്നെ സ്വാധീനിക്കാനാകും. നബി صلى الله عليه وسلم പറഞ്ഞു: "പൊങ്ങച്ചവും അഹങ്കാരത്തോടെ നടക്കലും ഒട്ടകങ്ങളുടെ ആളുകളിലാണ്. അടക്കവും ഗാംഭീര്യവും ആടുകളുടെ ആളുകളിലാണ്." മൃഗങ്ങളുമായുള്ള നമ്പർക്കം മനുഷ്യന്റെ വ്യക്തിത്വത്തിലും മനോനിലയിലും പ്രതിഫലിക്കുമെങ്കിൽ, മനുഷ്യരുമായുള്ള സമ്പർക്കത്തിന്റെ അവസ്ഥയെന്തായിരിക്കും?! സദസ്സുപങ്കിടൽ, സമ്പർക്കം, ബന്ധം, സഹവാസം, കൂട്ടുകെട്ട് ഇവയെല്ലാം മോശമാണെങ്കിൽ നിന്നിലേക്കും സംക്രമിക്കും. പുറമേ സ്വർണവും വെള്ളിയുമൊക്കെ ആകാം, പക്ഷേ ഉള്ളിൽ അഭീഷ്ടങ്ങളും അസൂയയും ഹൃദ്രോഗങ്ങളുമായിരിക്കും. മനുഷ്യനെ എന്തൊക്കെ ബാധിക്കുന്നു?! ഒട്ടകങ്ങളോടുള്ള സഹവാസം അതിനെ പരിചരിക്കുന്നവന്റെ ഹൃദയത്തിൽ പൊങ്ങച്ചവും അഹങ്കാരവും പകർത്തുന്നു, എന്നാൽ ആടുകളോടുള്ള സമ്പർക്കം അവനിൽ അടക്കവും ഗാംഭീര്യവും പ്രതിഫലിപ്പിക്കുന്നു. അതുകൊണ്ടു തന്നെ അമ്പിയാക്കളൊക്കെയും ആടുകളെ മേച്ചിരുന്നതായി കാണാം. രോഗം ബാധിച്ച ഹൃദയമുള്ളവരുമൊത്തുള്ള സഹവാസം നീ സൂക്ഷിക്കണം. അവരുടെ പുറം പൂച്ച് മനപാഠമാക്കലും വിവരവുമൊക്കെ ആയിരുന്നാലും, മാർഗരീതിയിൽ ഹൃദ്രോഗങ്ങളെ നിനക്കു കാണാം. അതിനാൽ നമ്മുടെ റബ്ബ് ഈ അപകടം നമുക്ക് വ്യക്തമാക്കിത്തന്നു. അതിനുള്ള ഉദാഹരണമായി അസൂയ തന്നെ ധാരാളം മതി. അല്ലാഹു നമ്മോട് അതിൽ നിന്നു രക്ഷതേടാൻ കൽപിച്ചു. പിശാചിൽ നിന്നു രക്ഷതേടാൻ കൽപിച്ചപോലെ തതുല്യമായ കൽപന. സുന്നത്ത് ഉൾക്കൊണ്ട ഒരു വ്യക്തി ഈ സ്വഭാവത്തിൽ നിന്ന് ശുദ്ധിയായി, സ്വഹാബത്ത് സ്വീകരിച്ച മാർഗ്ഗമേതോ അതിൽ നിലകൊള്ളുന്ന ഉത്തമരായവരൊത്തുള്ള സഹവാസവും സൗഹൃദവും അധികരിപ്പിക്കട്ടെ. സ്വഹാബത്ത് ധാരാളം പേർ ഉണ്ടായിരുന്നു, കൂടുതൽ ആളുകളുമായുള്ള സ്നേഹവും സൗഹൃദവുമെല്ലാം നല്ലതുതന്നെ, പക്ഷേ അത് പരിശുദ്ധിയും സ്നേഹവും അല്ലാഹുവിന്നുവേണ്ടിയുള്ള സൗഹൃദവും അടങ്ങുന്ന സുദൃഢമായ അടിത്തറയുടെമേൽ ആയിരിക്കൽ അനിവാര്യമാണ്. അതിൽ നിന്നു മാറി വെറും മോടിപിടിപ്പിച്ച ഭാവഹാവാതികളിലേക്കും അലങ്കരിച്ച വാക്കുകളിലേക്കും ചേക്കേറരുത്; അകമോ വെറും മരക്കഷണം മാത്രമായി! അല്ലാഹു കാത്തു രക്ഷിക്കട്ടെ. - ശൈഖ് മുഹമ്മദ് അൽ അഞ്ചരീ വിവ: അബൂ തൈമിയ്യ ഹനീഫ് إن للأشياء أثر عليك أيها الإنسان
النبي صلى عليه وسلم قال: « الفخر والخيلاء في أصحاب الإبل والسكينة والوقار في أهل الغنم إذا كانت مخالطة الحيوان لها انعكاس على شخصيةِ ونفسيةِ الإنسان فكيف بمخالطة الناس، فالمجالسة والمخالطة والعشرة والصُحبة والرفقة ستنقل لك اذا كانت فاسدة ظاهرها الذهب والفضة وفي باطنها الأهواء والحسد والأمراض القلبية بماذا سيصاب الانسان إذا كانت رفقة الإبل تعكس على قلب راعي الإبل الفخر والخيلاء، واذا رافق الغنم انعكست عليه السكينة والوقار ولذلك كل نبي كان راعيا للغنم فاحذر من مجالسة أصحاب القلوب المريضة وإن كان في ظاهرهم الحفظ والمعرفة ولكن ترى في هديهم الأمراض القلبية، ولذلك الرب يبيّن هذا الخطر وكفى وكفى بالحسد مذمة على سبيل المثال أن الله أمرنا أن نستعيذ منه كما أمرنا أن نستعيذ من الشيطان سواء بسواء وهذا الأمر إذا تطهر منه السنّي وكان مع أُناس بهذه الصفة وازدادوا من الصحبة الصالحة والأخوة القائمة على ما كان عليه محمد صلى الله عليه وسلم وأصحابه فإن أصحاب النّبي كُثر، فالصحبة الكثيرة محبة واُخوة ولكن لابد أن تكون على أساس متين من الطُهر والمحبة والإخاء لله جل وعلا، ولا أن نخرج من هذا الأمر إلى الشكل المنمّق والعبارات المنمّقة ولكن الباطن يكون خشب والعياذ بالله كلمة بعنوان: الحذر من مجالسة أصحاب القلوب المريضة، للشيخ الفاضل محمد العنجري |
IslamBooks.inBooks and Articles on Islam, correct and pure. Archives
August 2024
Categories
All
|