മാന്യരേ, السلام عليكم ورحمة الله وبركاته റമളാൻ കഴിഞ്ഞു, ഖുർആൻ പഠനവും പാരായണവും, തൌബയും ഇസ്തിഗ്‌ഫാറും, രാത്രി നമസ്കാരവും സദഖഃയും... അങ്ങനെയുള്ള പുണ്യകർമ്മങ്ങളുടെ മുപ്പത് രാപ്പകലുകൾ കൂടി മറഞ്ഞുപോയി. ഒപ്പം ആയുസ്സിൽ ഒരു റമളാൻ കൂടി രേഖപ്പെടുത്തപ്പെട്ടു. അൽഹംദു ലില്ലാഹ്! നമ്മുടെ നിയ്യത്തുകളും കർമ്മങ്ങളും അല്ലാഹു സ്വീകരിക്കട്ടെ. പിറകോട്ട് നോക്കുമ്പോൾ പ്രതീക്ഷകളുണ്ട്. പക്ഷെ, മനസ്സിനെ വല്ലാതെ അസ്വസ്ഥമാക്കാൻ കുറവുകളുടെ കൂമ്പാരങ്ങളുമുണ്ട്. വ്യക്തിപരമായ പരിമിതികൾ കാരണമോ, കൊറോണ മഹാമാരിയുമായി ബന്ധപ്പെട്ട നിയന്ത്രണങ്ങൾ മൂലമോ റമളാനിൽ പതിവായി ചെയ്തിരുന്ന കാര്യങ്ങൾ പലതും ചെയ്യാനായില്ല. അല്ലാഹുവേ, ഞങ്ങൾ പാപികളാണ്, ഒട്ടനവധി കുറ്റങ്ങളും കുറവുകളുമുള്ള പാപികൾ. നിൻറെ റഹ്‌മത്തിലും മഗ്‌ഫിറത്തിലുമാണ് ഇനി ഞങ്ങളുടെ പ്രതീക്ഷ. ഈദുഗാഹുകളിലോ പള്ളികളിലോ പെരുന്നാൾ നമസ്കാരം നടത്താൻ അനുവാദമില്ല. മുഖ്യമന്ത്രിയും ഖാളിമാരും സംഘടനാ നേതാക്കളും കമ്മിറ്റിക്കാരും ഒരുമിച്ച് നൽകുന്ന ഫത്‌വഃ വ്യക്തികൾ വീടുകളിൽ പെരുന്നാൾ നമസ്കരിക്കട്ടെ എന്നാണ്. ഈ രീതി ഇസ്‌ലാമിൽ സ്ഥിരപ്പെട്ടതല്ല. അതു കൊണ്ട് നിവൃത്തിയില്ല എന്ന് പറയാതെ വയ്യ. ദീനിൽ നൂതനമായ കാര്യങ്ങളുണ്ടാക്കി അത്തരം അപനിർമ്മിതികളുമായി അല്ലാഹുവിനെ കണ്ടുമുട്ടാൽ കഴിയില്ല. അപ്പോൾ ഈ ഫത്‌വഃ നൽകിയ ആരും നമ്മെ രക്ഷിക്കാൻ വരികയില്ലല്ലോ. മുസ്‌ലിംകൾ ഭരണാധികാരികളെ ബോധ്യപ്പെടുത്തേണ്ടിയിരുന്നതും ഭരണാധികാരികൾ മുസ്‌ലിംകളോട് കനിയേണ്ടിയിരുന്നതുമായ കാര്യം ഓരോ പട്ടണത്തിലും ഓരോ മുസ്വല്ല, ആളുകളുടെ എണ്ണം പരിമിതപ്പെടുത്തിയിട്ടെങ്കിലും, അനുവദിക്കുക എന്നതായിരുന്നു. അനിവാര്യ സാഹചര്യങ്ങളിൽ പ്രോട്ടോകോൾ പാലിച്ചു കൊണ്ട് പലതിനും അനുവാദം നൽകുന്നുണ്ടല്ലോ. അക്കൂട്ടത്തിൽ മുസ്‌ലിംകൾക്ക് അവരുടെ സാമൂഹ്യ ബാധ്യത (فرض كفاية) നിറവേറ്റാൻ അവസരം നൽകാമായിരുന്നു. ഞാൻ വ്യക്തിപരമായി പല വാതിലുകളും മുട്ടിനോക്കി. പക്ഷെ ശ്രമങ്ങളൊന്നും ഫലവത്തായില്ല. والله المستعان സകാതുൽ ഫിത്ർ കൊടുത്തു തീർക്കുക, പ്രഭാത ഭക്ഷണം കഴിക്കുക, കുളിക്കുക, സുഗന്ധം ഉപയോഗിക്കുക, തക്ബീർ ചൊല്ലുക, അനുവദനീയമായ മാർഗ്ഗങ്ങളിലൂടെ ബന്ധുക്കളുമായും സുഹൃത്തുക്കളുമായും സമ്പർക്കം പുലർത്തുക, അനുമോദനങ്ങൾ കൈമാറുക, റമളാനിൽ നാം ചെയ്ത കർമ്മങ്ങൾ സ്വീകരിക്കാൻ അല്ലാഹുവിനോട് കേഴുക... ഇതൊന്നും വിട്ടുകളയരുത്. മഹാമാരിയെ പ്രതിരോധിക്കാൻ ഭൌതികമായ മാർഗ്ഗങ്ങൾ അവലംബിക്കേണ്ടതാണ്. പക്ഷെ, വിശ്വാസികൾ അതു മാത്രം ചെയ്താൽ പോരാ. അല്ലാഹു പറയുന്നു: وَأَنِ اسْتَغْفِرُوا رَبَّكُمْ ثُمَّ تُوبُوا إِلَيْهِ يُمَتِّعْكُم مَّتَاعًا حَسَنًا إِلَىٰ أَجَلٍ مُّسَمًّى وَيُؤْتِ كُلَّ ذِي فَضْلٍ فَضْلَهُ ۖ وَإِن تَوَلَّوْا فَإِنِّي أَخَافُ عَلَيْكُمْ عَذَابَ يَوْمٍ كَبِيرٍ[هود 3] നിങ്ങള്‍ റബ്ബിനോട് പാപമോചനത്തിനായി കേഴൂ. എന്നിട്ട് അവനിലേക്ക് ഖേദിച്ചുമടങ്ങൂ. എങ്കില്‍ നിശ്ചിതമായ അവധി (മരണം) വരെ അവൻ നിങ്ങൾക്ക് നല്ല വിധത്തിൽ സൌഖ്യമേകും. ഉദാരമനസ്ക്കരായ എല്ലാവർക്കും അവരുടെ ഔദാര്യത്തിനുള്ള പ്രതിഫലം നൽകുകയും ചെയ്യും. മറിച്ച് തിരിഞ്ഞുകളയാനാണു ഭാവമെങ്കിൽ ഭയാനകമായ ഒരു ദിനത്തിലെ ശിക്ഷയെ ഞാൻ നിങ്ങളുടെ മേൽ ഭയപ്പെടുന്നു. (ഹൂദ് 3) തൌബഃയും ഇസ്തിഗ്‌ഫാറുമല്ലാതെ മറ്റൊരു പോംവഴിയില്ല. മഹാമാരിക്ക് എന്നല്ല, ഒന്നിനും. تقبل الله طاعتكم، عيدكم مبارك، عساكم من عواده والمقبولين فيه - അബൂ ത്വാരിഖ് സുബൈർ മുഹമ്മദ്
0 Comments
بسم الله الرحمن الرحيم، الحمد لله رب العالمين، والصلاة والسلام على من لا نبي بعده، محمد وآله وصحبه ومن والاه، أما بعد നമ്മുടെ അടുത്തുള്ള ഏതാണ്ട് എല്ലാ മസ്‌ജിദുകളിലും അഞ്ചു നേരത്തെ നമസ്കാരത്തിന് ബാങ്ക് വിളിക്കുകയും ജമാഅത്തുകളും ജുമുഅയും നിർവ്വഹിക്കപ്പെടുകയും ചെയ്യുന്ന അവസ്ഥതയാണല്ലോ ഇപ്പോഴുള്ളത്. എങ്കിലും ചില നിയന്ത്രണങ്ങൾ നിലനിൽക്കുന്നുണ്ട് താനും. ശാരീരിക അകലം, മാസ്ക്, സാനിറ്റൈസിംഗ്, പങ്കെടുക്കാവുന്നരുടെ എണ്ണം തുടങ്ങിയ കാര്യങ്ങളിലുള്ള നിയന്ത്രണങ്ങൾ പൂർണ്ണമായും ഒഴിവാക്കപ്പെട്ടിട്ടില്ല. എല്ലാവർക്കും ജുമുഅ ജമാഅത്തുകളിൽ പങ്കെടുക്കാവുന്ന വിധം സ്ഥിതിഗതികൾ സ്വാഭാവിക നിലയിലേക്ക് തിരിച്ചെത്തിയിട്ടില്ല. അതിനാൽ ഇപ്പോഴും വിട്ടുവീഴ്ച (رُخًصَة) ഉള്ളതായി തന്നെ വേണം മനസ്സിലാക്കാൻ. ഈ സാഹചര്യത്തിൽ സാധിക്കുന്നവർ ജുമുഅ ജമാഅത്തുകളിൽ പങ്കെടുക്കുകയാണ് വേണ്ടത്. കൂടുതൽ ജാഗ്രത പുലർത്തേണ്ട വിഭാഗത്തിൽ പെട്ടവരോ മറ്റു നിലയിൽ മാറിനിൽക്കാൻ ഉപദേശിക്കപ്പെട്ടവരോ തനിക്കോ മറ്റുള്ളവർക്കോ അപകടം ഭയപ്പെടുന്നവരോ ജുമുഅ ജമാഅത്തുകളിൽ പങ്കെടുക്കരുത്.
ജീവിതം സ്വാഭാവിക നിലയിലേക്ക് തിരിച്ചു വരികയാണ്. അതിനനുസൃതമായി ജുമുഅ ജമാഅത്തുകളും പുനഃസ്ഥാപിക്കപ്പെടേണ്ടതുണ്ടല്ലോ. ശാരീരിക അകലം പാലിച്ചു കൊണ്ട് സ്വഫ് നിൽക്കുക എന്നത് സാധാരണ നിലയിൽ ജമാഅത്തിനു ഭംഗം വരുത്തുന്ന കാര്യമാണ്. പക്ഷെ, ഈ സവിശേഷ സാഹചര്യത്തിൽ രാജ്യത്ത് നടപ്പിലാക്കപ്പെടുന്ന നിയമം പാലിക്കേണ്ടതുള്ളതിനാലും നമസ്കരിക്കാൻ വരുന്നവരുടെ ആരോഗ്യ സംരക്ഷണത്തിന് അത്യന്താപേക്ഷിതമായ ഒരു നടപടി എന്ന നിലയിലും അത് പാലിക്കാൻ നാം നിർബ്ബന്ധിതരാണ്. ആയതിനാൽ ആ കുറവ് അല്ലാഹു പൊറുത്തു തരുമെന്ന് പ്രത്യാശിക്കുക നാം. — അബൂ ത്വാരിഖ് സുബൈർ മുഹമ്മദ് حفظه الله تعالى
|
IslamBooks.inBooks and Articles on Islam, correct and pure. Archives
July 2023
Categories
All
|
ഇസ്ലാം ബുക്ക്സ്
ഖുർആനും സുന്നത്തും സലഫുകളുടെ മൻഹജ് അനുസരിച്ചു മനസ്സിലാക്കാനും പഠിക്കാനും മലയാളികൾക്ക് അവസരമൊരുക്കുക എന്നതാണ് ഇത് കൊണ്ട് ലക്ഷ്യമാക്കുന്നത്. വിശ്വസ്തരായ സലഫീ ഉലമാക്കളുടെ ഗ്രന്ഥങ്ങളും കഴമ്പുള്ള ലേഖന സമാഹാരങ്ങളും മൊഴിമാറ്റം ചെയ്ത് കേരളീയ മുസ്‌ലിം സംവേദനത്തിനു പരിചയപ്പെടുത്താനുള്ള എളിയ ശ്രമമാണിവിടെ. സാധാരണക്കാരായ മുസ്‌ലിം യുവതക്ക് സലഫുകളുടെ ഫഹമു അനുസരിച്ച് ഇസ്‌ലാമിക വിഷയങ്ങളിലുള്ള നിലപാടുകൾ മനസ്സിലാക്കാനും അവ പഠിക്കാനും ജീവിതത്തിൽ പ്രയോഗവൽക്കരിക്കാനും സാധിച്ചാൽ ഞങ്ങൾ കൃതാർത്ഥരായി. |
© 2023. IslamBooks.in - All Rights Reserved.
|