നബി സ്വല്ലല്ലാഹു അലൈഹി വ സല്ലമയില്‍ നിന്ന് സ്ഥിരപ്പെട്ടു വന്ന കാര്യങ്ങളാണല്ലോ നാം പിന്‍പറ്റാന്‍ കല്പിക്കപെട്ടത്. ഏതു വിഷയതിലാകട്ടെ, അതില്‍ നബി സ്വല്ലല്ലാഹു അലൈഹി വ സല്ലമയുടെ കല്പന, അല്ലെങ്കില്‍ സുന്നത്ത് ഇന്ന വിധത്തിലാണ് എന്ന് ഒരാള്‍ക്ക്, സ്വഹീഹായ ഹദീസിലുടെ വ്യക്തമായിക്കഴിഞ്ഞാല്‍ അയാള്‍ അക്കാര്യം അംഗീകരിക്കുകയും മനസിനെ അതുമായി പൊരുത്തപ്പെടാന്‍ പര്യാപ്തമാക്കുകയും ചെയ്യേണ്ടതുണ്ട്. അതായത്, നമ്മുടെ ബുദ്ധിക്കു ഉള്‍ക്കൊള്ളാന്‍ കഴിഞ്ഞില്ലെങ്കിലും, അതിലെ ആശയം നമുക്ക് മനസ്സിലായില്ലെങ്കിലും, ദീന്‍ എന്ന നിലയില്‍ സര്‍വാത്മനാ സ്വീകരിക്കുക. അല്ലാതെ, ഏതെങ്കിലും വിധത്തിലുള്ള വൈമനസ്യം പ്രകടിപ്പിക്കുകയും, അനിഷ്ടം കാണിക്കുകയും എതിര്‍പ്പ് പ്രകടിപ്പിക്കുകയും ചെയ്യാവതല്ല.
ഇമാം അഹ്മദ് തന്റെ أصول السنة യില്‍ അത് ഇപ്രകാരം പറയുന്നു. ومن لم يعرف تفسير الحديث ويبلغه عقله فقد كُفِيَ وأُحكم له (شرح أصول السنة للشيخ ربيع بن هادي المدخلي ص 19) "ഒരാള്‍ക്ക് ഹദീസിന്റെ വ്യാഖ്യാനം മനസിലാവാതിരിക്കുകയോ, ബുദ്ധിക്കു ഉള്‍ക്കൊള്ളാന്‍ കഴിയാതിരിക്കുകയോ ചെയ്താലും, അവന്‍ അത് കൊണ്ട് മതിയാക്കുകയും (അറിഞ്ഞതില്‍), ഉറപ്പിച്ചു (മനസിനെ) നിര്‍ത്തുകയും ചെയ്യണം. ഇമാം زهري പറയുന്നു ويقول الزهري (( كان من مضى من علمائنا يقولون : الإعتصام بالسنة نجاة)) നമ്മുടെ പുര്‍വിക ഉലമാക്കള്‍ 'സുന്നത്തിനെ അവലംബിക്കല്‍ രക്ഷയാണ്' എന്ന് പറയാറുണ്ടായിരുന്നു.. എത്ര നിസ്സാരമാണെന്നു തോന്നിയാലും സുന്നത്തിനു ഇസ്ലാമില്‍ അതി മഹത്തായ സ്ഥാനമാണുള്ളത്. ദീനിലെ ഒരു കാര്യവും നമുക്ക് നമ്മുടെ ബുദ്ധി കൊണ്ട് കണ്ടു പിടിക്കാവുന്നതോ, ബുദ്ധിയുടെ അടിസ്ഥാനത്തില്‍ വ്യഖ്യാനിക്കാവുന്നതോ അല്ല. മാത്രവുമല്ല, അല്ലാഹുവിന്റെ ദീനായ ഇസ്ലാം സംബൂര്‍ണമാണ്. അതായത്, ദീനിലെ ഒരു കാര്യവും അതാതു കാലത്തെ ജനങ്ങള്‍ അവരുടെ ബുദ്ധിയും യുക്തിയും അനുസരിച്ച് തീരുമാനിച്ചു കൊള്ളട്ടെ എന്ന നിലക്ക് അള്ളാഹു വിട്ടുതന്നിട്ടില്ലതന്നെ. ഇക്കാര്യം വളരെ ഗൌരവമാര്‍ഹിക്കുന്നതും അതീവ സന്കീര്‍ണവുമാണ്. മുസ്ലിം ലോകത്ത് മ൯ഹജിയായ വ്യതിയാനം തുടങ്ങുന്നത് 'അഥറിനെ' (أثــــر) (സ്വഹാബതിന്റെ വാക്ക്) വിട്ടു 'അഖലിനു' (عقــــل) (ബുദ്ധിക്കു) പ്രാമുഖ്യം നല്‍കാന്‍ തുടങ്ങിയപ്പോഴാണ്. മതത്തിലെ പല കാര്യങ്ങളും മനുഷ്യ ബുദ്ധിയുടെ താല്പര്യങ്ങളുമായി താരതമ്യം ചെയ്‌താല്‍ ഒരു അവസാനവും ഉണ്ടാവുകയില്ല. അവസാന കാലത്ത് ദജ്ജാല്‍ വരുമെന്നും അവന്റെ ഒരു കയ്യില്‍ വെള്ളവും മറു കയ്യില്‍ തീയുമായിരിക്കുമെന്നും, ആരെങ്കിലും അവന്റെ മുമ്പില്‍ അകപ്പെടുന്ന പക്ഷം, അവന്റെ തീയിലേക്കാണ് പ്രവേശിക്കേണ്ടത്, വെള്ളതിലെക്കല്ല, എങ്കില്‍ മാത്രമാണ് രക്ഷ എന്നുമാണ് നബി സ്വല്ലല്ലാഹു അലൈഹി വ സല്ലം പറഞ്ഞിട്ടുള്ളത്. ഇവിടെ നാം ബുദ്ധി ഉപയോഗിച്ചാല്‍ എന്താണ് സംഭവിക്കുക.? തീ കരിച്ചു കളയുന്നതും വെള്ളം തണുപ്പിക്കുന്നതുമല്ലേ? പഞ്ചേന്ദ്രിയങ്ങള്‍ കൊണ്ട് മനുഷ്യന്‍ അനുഭവിച്ചറിഞ്ഞ ഒരു കാര്യമാണല്ലോ അത്. പക്ഷെ, ദജ്ജാല്‍ കൊണ്ട് വരുന്ന വെള്ളം തീയും, തീ വെള്ളവുമായിരിക്കുമെന്നു നബി സ്വല്ലല്ലാഹു അലൈഹി വ സല്ലം പറഞ്ഞു. അതെങ്ങിയെന്നു നമുക്കറിയില്ല. ഗവേഷണം നടത്തി കണ്ടു പിടിക്കാന്‍ പറ്റുകയുമില്ല. നഗ്ന നേത്രങ്ങള്‍ കൊണ്ട് തീ എന്ന് ബോധ്യപ്പെടുന്നുവെങ്കില്‍ പിന്നെ അതെങ്ങിനെയാണ് വെള്ളം ആവുക? ഏയ് , ഇത് യുക്തിക്ക് നിരക്കുന്നതല്ല,അത് കൊണ്ട് ഈ ഹദീസ് ദുര്‍ബലമാണ്' എന്ന് പറയാന്‍ പാടില്ലെന്നര്‍ത്ഥം. ഇത്തരം കാര്യങ്ങള്‍ വിശ്വസിക്കുകയല്ലാതെ മറ്റു നിവൃത്തിയില്ല. ദാജ്ജാലിന്റെ നെറ്റിയില്‍ (كافــــر) എന്ന് എഴുതിയിരിക്കും. അത് എല്ലാ മുസ്ലിംകളും വായിക്കും, അക്ഷരാഭ്യാസമില്ലാത്തവര്‍ പോലും. ഇതും എങ്ങിനെയെന്ന് നമുക്ക് അറിയില്ല. ഖബറിലെ ചോദ്യവും, ശിക്ഷയും, സൌഖ്യവും, അല്ലാഹുവിന്റെ استواء , അവന്റെ نزول , തുടങ്ങി ഒരുപാട് കാര്യങ്ങള്‍ . നബി സ്വല്ലല്ലാഹു അലൈഹി വ സല്ലം പറഞ്ഞു , നാം അത് സ്വീകരിച്ചു, വിശ്വസിച്ചു, അംഗീകരിച്ചു..അത്ര മാത്രം. (غيبي) അദൃശ്യ കാര്യങ്ങളില്‍ വിശ്വസിക്കുക എന്നത് മു'അമിനീങ്ങളുടെ സ്വഭാവമാണ്. പല സുന്നത്തുകളും ചിലര്‍ക്കെങ്കിലും ഉള്‍ക്കൊള്ളാന്‍ പ്രയാസമുണ്ട് എന്നത് വസ്തുതയാണ്. അപ്പോഴൊക്കെ, ഇമാം അഹ്മദ് രഹിമഹുള്ള പറഞ്ഞത് പോലെ, 'അക്കാര്യം ഞാന്‍ വിശ്വസിച്ചിരിക്കുന്നു, അത് എങ്ങിനെ എന്ന് മനസ്സിലായിട്ടില്ലെങ്കിലും" . ഇതാണ് സത്യവിശ്വാസിയുടെ പ്രത്യേകത. - ബഷീർ പുത്തൂർ
0 Comments
മലയാളത്തില്‍ സാര്‍വത്രികമായി 'നബിചര്യ' എന്ന അര്‍ത്ഥത്തില്‍ വ്യവഹരിക്കപ്പെടുന്ന പദമാണ് സുന്നത്ത് എന്നത്. പക്ഷെ ആധുനിക മുസ്ലിം ബഹുജനങ്ങളില്‍ അധികവും സുന്നത്ത് എന്നാല്‍ 'ചെയ്താല്‍ കൂലി ഉള്ളതും ഉപേക്ഷിച്ചാല്‍ കുറ്റമില്ലാത്തതും ആയവ എന്ന 'കര്‍മശാസ്ത്ര' നിര്‍വചനമാണ് പരിചയപ്പെട്ടിട്ടുള്ളത്. യഥാര്‍ത്ഥത്തില്‍ സുന്നത്തിനു ഭാഷാര്‍ത്ഥം നല്‍കാമെങ്കില്‍ അതിനു ഏറ്റവും യോജിച്ച പദം 'നബിചര്യ' എന്നത് തന്നെയാണ്. അപ്പോള്‍ സുന്നത്തില്‍ അഥവാ നബിചര്യയില്‍, واجب (നിര്‍ബന്ധമായവ) مستحب (ഐഛികമായവ) مُحرّم (വിലക്കപ്പെട്ടവ) തുടങ്ങിയവ അടങ്ങിയിരിക്കും. ഉപരിസുചിത കര്‍മശാസ്ത്ര അര്‍ഥം മുഖവിലക്കെടുക്കുന്നത് മുലം നബിചര്യയില്‍ നിന്ന് വലിയ ഒരളവു നിസ്സാരവല്‍ക്കരിക്കപ്പെടുകയോ, അവഗണിക്കപ്പെടുകയോ ചെയ്യുന്നു. ഇത് അതീവ ഗൌരവമായ കാര്യമാണ്. ഖുര്‍ആനും സുന്നത്തും അനുസരിച്ച് ജീവിക്കുക എന്ന് പറഞ്ഞാല്‍ സമഗ്രമായി ഇസ്ലാമിന്റെ വിധി വിലക്കുകള്‍ അനുസരിച്ച് ജീവിക്കുക എന്നതാണ് അര്‍ത്ഥമാക്കുന്നത്. സുന്നത്തുകള്‍ കഴിവിന്റെ പരമാവധി നാം അനുഷ്ടിക്കേണ്ടാതാണ് എന്ന കാര്യം അറിയുകയും ഉള്‍ക്കൊള്ളുകയും ചെയ്യേണ്ടതുണ്ട്. അല്ലാഹുവിന്റെ പ്രീതി കാംക്ഷിച്ചു കൊണ്ട് നാം ചെയ്യുന്ന ഏതൊരു അമലിനും നബി സ്വല്ലല്ലാഹു അലൈഹി വ സല്ലമയുടെ ചര്യയില്‍ മാതൃക ഉണ്ടാവേണ്ടതുണ്ട് . അപ്പോള്‍ മാത്രമേ അത് പ്രതിഫലാര്‍ഹം ആയിത്തീരുകയുള്ളൂ. ആരെല്ലാം എന്തെല്ലാം ചെയ്യുന്നു എന്നതല്ല, ചെയ്യുന്നതിന്റെ അടിസ്ഥാനം എന്ത് എന്നതാണ് പ്രധാനം. സമുഹത്തില്‍ എത്ര പ്രചാരമുള്ള കാര്യമായാലും, എത്ര മാത്രം 'വലിയ' ആളുകള്‍ ചെയ്യുന്നതായാലും, മഹാ ഭുരിപക്ഷം പിന്തുടരുന്നതാണെങ്കിലും, നബിചര്യയില്‍ സ്ഥിരപ്പെട്ടിട്ടില്ല എന്ന ഒറ്റക്കാരണത്താല്‍ അത് അപ്പാടെ തള്ളപ്പെടാം. ഈദൃശ കാര്യങ്ങളില്‍ ശ്രദ്ധയില്ലാത്ത പല സാത്വികരും പലപ്പോഴും വെട്ടില്‍ വീഴാറുണ്ട്. മുസ്ലിം പൊതു ജനങ്ങളും, വിശിഷ്യ പ്രബോധകരും കുറെ ബിദ്'അതുകളെക്കുറിച്ചു ബോധവാന്മാരാണ്. എന്നാല്‍ വേറെ കുറെ ബിദ്'അതുകളെക്കുറിച്ചു കേട്ട് കേള്‍വി പോലുമില്ലതാനും. മറ്റേ പാര്‍ടിക്കാര്‍ ചെയ്‌താല്‍ മാത്രമേ ബിദ'അത് ആവുകയുള്ളൂ ..'നമ്മള്‍ ബിദ്'അതൊന്നും ചെയ്യുന്നില്ല' എന്ന എന്തോ ഒരു ഉറച്ച വിശ്വാസം ഉള്ളപോലെയാണ് പലരും. സുന്നത്തിനോടുള്ള നമ്മുടെ സമീപനം കൃത്യവും കണിശവുമായിരിക്കണം. അത് ഇവിടെയുള്ള ഏതെങ്കിലും സംഘടനകളോടോ ആളുകളോടോ ഉള്ള വിധേയത്വം കൊണ്ടോ, വിരോധം കൊണ്ടോ അല്ല. മറിച്ചു, ഇസ്ലാമിനോടും നബി സ്വല്ലല്ലാഹു അലൈഹി വസല്ലമയോടുമുള്ള കൂറു മാത്രം സുന്നത്തുകളോടുള്ള സമീപനത്തിലും ബിദ'തിനോടുള്ള നിലപാടുകളിലും മുസ്ലിംകള്‍ക്കിടയില്‍ ഗുരുതരമായ അലംഭാവവും കുറ്റകരമായ ഉദാസീനതയുമുണ്ട് എന്നുള്ളതാണ് വസ്തുത. ബിദ്'അതുകളെ ശക്തമായി എതിര്‍ക്കുന്നു എന്ന് അവകാശപ്പെടുന്നവര്‍ തന്നെ, മൌലിദാഘോഷം, ഫജ്റിലെ ഖുനൂത്ത്, നമസ്കാരത്തിന് ശേഷമുള്ള കുട്ടുപ്രാര്‍ത്ഥന, തുടങ്ങി എണ്ണപ്പെട്ട ഏതാനും ബിദ്'അതുകളെ എതിര്‍ക്കുമ്പോള്‍ തന്നെ മറ്റൊരുപാട് ബിദ്'അതുകളെ കാണാതിരിക്കുകയോ ബിദ്'അതുകളാണെന്നു പോലുമോ അറിയാത്ത അവസ്ഥയാണ് നിലനില്‍ക്കുന്നത്. സുന്നതെന്തെന്നും ബിദ്'അതെന്തെന്നും അറിയാത്ത ഒരു മഹാ ഭുരിപക്ഷം നമുക്ക് ചുറ്റും ജീവിക്കുന്നു.- അവരുടെ ശറില്‍ നിന്ന് അള്ളാഹു നമ്മെ കാത്തു രക്ഷിക്കട്ടെ آمين - നമസ്കാരത്തില്‍ തലയില്‍ നിര്‍ബന്ധമായും തൊപ്പിയിടണം, നമസ്കാര ശേഷം കുട്ടുപ്രാർത്ഥന നടത്തിയിരിക്കണം, തുടങ്ങി ഏതാനും ആചാരങ്ങളിലും, നബിദിനാഘോഷം ചാവടിയന്തിരം പോലെയുള്ള ചില ആഘോഷങ്ങളിലുമായി അവരുടെ ദീനും ഇബാദതുകളും കറങ്ങുന്നു. ഇസ്ലാമിലെ അടിസ്ഥാന വിശ്വാസ പ്രമാണങ്ങളായ തൗഹീദോ, നബി സ്വല്ലല്ലാഹു അലൈഹി വ സല്ലമയില്‍ നിന്ന് സ്ഥിരപ്പെട്ട സുന്നതുകളോ എവിടെയും പഠിപ്പിക്കപെടുകയോ അന്വേഷിക്കുകയോ ചെയ്യുന്നില്ല. ഒരു ഒഴുക്കിലെന്ന പോലെ ഒഴുകിതീരുന്ന ജീവിതങ്ങള്‍. നബി തിരുമേനിയുടെ ഒരു സുന്നതിനെപ്പോലും അവര്‍ സഹായിക്കുകയോ ഒരു ബിദ്'അതിനെപ്പോലും അവര്‍ എതിര്‍ക്കുകയോ ചെയ്യുന്നില്ല. പ്രമാണങ്ങള്‍ പരിശോധന വിധേയമാക്കുകയോ സുന്നത് പിന്തുടരാന്‍ പ്രയത്നിക്കുകയോ ചെയ്യാത്ത 'പാരമ്പര്യ മുസ്ലിംകള്‍' نسأل الله السلامة والعافية
- ബഷീർ പുത്തൂർ |
IslamBooks.inBooks and Articles on Islam, correct and pure. Archives
August 2024
Categories
All
|