തീവ്രവാദ ആരോപണത്തിന്റെയും മാധ്യമ വിചാരണയുടെയും സീസൺ ഏതാണ്ട് കഴിഞ്ഞെന്നു തോന്നുന്നു. അസ്തിത്വ ഭീഷണി നേരിടുന്ന നവോഥാന പ്രസ്ഥാനങ്ങൾ അജണ്ടകൾ പൊടിതട്ടിയെടുക്കുകയാണ്, മുഖം മിനുക്കാൻ.
ബഹുസ്വരത ! മാനവികതയെക്കാൾ പഞ്ചുള്ള പദം! രണ്ടായാലും ഒരു വിധക്കാർക്കൊന്നും തിരിയില്ല. പറഞ്ഞു വരുമ്പോൾ ഇതു മറ്റവൻ തന്നെ. എല്ലാവർക്കും ഒരുമിച്ചിരിക്കാൻ പറ്റിയ ഒരിടം : മർകസുദ്ദഅവ ! ആർക്കും അനിഷ്ടം തോന്നാൻ പാടില്ല : സലഫി എന്ന പേര് തന്നെ ഒഴിവാക്കണം. ശിർക്ക്-ബിദ്അത്‍ തുടങ്ങിയ കാര്യങ്ങൾ പറയുന്നത് ഒഴിവാക്കണം. ഖണ്ഡന-മണ്ഡനമുക്തമായ ദഅവത്ത് ആയിരിക്കണം ലക്ഷ്യം. ആശയ സമന്വയമാവാം; ആദർശ സംവാദമോ ആശയ സംഘട്ടനങ്ങളോ ഒരിക്കലും പാടില്ല. ഓണാഘോഷം, ക്രിസ്മസ് തുടങ്ങിയവയിലൊക്കെ സഹകരിക്കുന്നതിനു വിരോധമില്ല. ഇങ്ങിനെ മറ്റു മതങ്ങളുടെ വിശ്വാസാദർശ കർമ്മങ്ങളിൽ ലയിച്ചു ചേർന്നു ബഹുസ്വര സമൂഹ സാമ്പാറിലെ പരിപ്പായി അലിഞ്ഞു ചേരാം. മരം നടാനും സാമൂഹ്യക്ഷേമ പ്രവർത്തനം നടത്താനും ഭൂതകണ്ണാടി ഉപയോഗിച്ചു ആയതും ഹദീസും ദുർവ്യാഖ്യാനിക്കുന്ന ആളുകൾക്ക്, തെളിവുകൾ സമർപ്പിക്കുമ്പോൾ, അക്ഷര പുജകരാണെന്നു ആക്ഷേപം. നബിചര്യയെക്കുറിച്ചു പറയുമ്പോൾ, അനുഷ്ഠാന തീവ്രതയെന്ന് ആരോപണം. ഉലമാക്കളുടെ വാക്കുകൾ ഉദ്ധരിക്കുമ്പോൾ, ഞങ്ങൾ തഖ് ലീദിന് എതിരാണെന്ന്. ഞങ്ങൾ അക്ഷര പൂജകരോ, അനുഷ്ഠാന തീവ്രതയുള്ളവരോ, തീവ്ര ആത്മീയതയുള്ളവരോ അല്ല. ഖുർആനിന്റെ നിലവിലുള്ള വ്യാഖ്യാനങ്ങളിൽ ഞങ്ങൾ ഒതുങ്ങി നിൽക്കില്ല. സാമൂഹിക-സാഹചര്യങ്ങൾക്കനുസരിച്ചു ഞങ്ങൾ പുതിയ വ്യാഖ്യാനങ്ങൾ നടത്തും. സൗദി അറേബ്യയിലുള്ള ഇസ്‌ലാം അല്ല ഇവിടെ. ഓരോ നാട്ടുകാർക്കും ഓരോ ഇസ്‌ലാം ആണ്. അറിവ് നേടാൻ, പുറത്തേക്കൊന്നും പോകാൻ പാടില്ല. പ്രത്യേകിച്ച്, മതപരമായ അറിവ്. അതു ഞങ്ങൾ ഞങ്ങൾ തീരുമാനിക്കും, അനുയായികൾ അനുസരിക്കും. ഞങ്ങൾ വിധിക്കും, നിങ്ങൾ നടപ്പാക്കും. അറബികളുടെ ആദർശം ഞങ്ങളുടെ തലയിൽ കെട്ടി വെക്കാൻ നോക്കരുത്. പക്ഷെ, അറബികളുടെ പണം, എത്ര വേണമെങ്കിലും ഞങ്ങൾ ചുമക്കും. അതിനു സമ്മേളനം, പള്ളി, മദ്രസ തുടങ്ങിയ പേരും പറഞ്ഞു പാട്ടപ്പിരിവിന് വിമാനം കേറി ഞങ്ങൾ വരും. ഇതൊക്കെയാണ് ഞങ്ങൾ പറഞ്ഞ മുജാഹിദ് പ്രസ്ഥാനം.! അതിനു വേറെ ബ്രാഞ്ചുകൾ ഇല്ല !! - ബഷീർ പുത്തൂർ
0 Comments
പള്ളിയിൽ തന്റെ ശബ്ദമുയർത്തുന്ന ഒരുത്തനോട് ഉമർ ബ'നുൽ ഖത്താബ് رضي الله عنه പറഞ്ഞു :
നിനക്കറിയുമോ എവിടെയാണ് നീയെന്ന് ?! ( ഇബ'നു അബീശൈബ 7986 ) അബൂ തൈമിയ്യ ഹനീഫ് നബി സ്വല്ലള്ളാഹു അലൈഹി വ സല്ലമയുടെ ചര്യ, അഥവാ സുന്നത്ത് പിൻപറ്റുകയും അതിനു അനുസൃതമായി ജീവിതം ക്രമീകരിക്കുകയും ചെയ്യാൻ കൽപ്പിക്കപ്പെട്ടവരാണ് മുസ്‌ലിംകൾ.
ഖുർആനും സുന്നത്തും പിൻപറ്റുകയെന്നു പറഞ്ഞാൽ, നമുക്ക് താൽപര്യമുള്ള ചില വിഷയങ്ങൾ സ്വീകരിക്കുകയും മറ്റു വല്ല കാരണങ്ങളാലും അനിഷ്ടകരമായ തോന്നുന്നവ നിരാകരിക്കുകയും ചെയ്യുക എന്നതല്ല. മറിച്ച്, ദീൻ എന്ന നിലയിൽ നബി സ്വല്ലള്ളാഹു അലൈഹി വ സല്ലം മാതൃക കാണിക്കുകയും അനുഷ്ഠിക്കാൻ ആജ്ഞാപിക്കുകയും ചെയ്ത മുഴുവൻ കാര്യങ്ങളും സ്വീകരിക്കുകയും അനുഷ്ഠിക്കുകയും ചെയ്യുകയെന്നതാണ്. കേരളത്തിൽ, അവിഭക്ത മുജാഹിദ് പ്രസ്ഥാനത്തിന്റെ ആദ്യകാല നിലപാടുകൾ ഇതു തന്നെയായിരുന്നുവെന്ന് പഴയ തലമുറയിലെ ആളുകൾക്കറിയാം. തൗഹീദിൽ തുടങ്ങി, നമസ്കാരത്തിൽ നെഞ്ചിൽ കൈ കെട്ടുക, ബിസ്മി പതുക്കെ ഓതുക, ഫജ്‌റിലെ ഖുനുത്ത്, നമസ്കാര ശേഷമുള്ള കൂട്ടുപ്രാർത്ഥന, തറാവീഹിന്റെ റക്അത്തുകളുടെ എണ്ണം, സ്ത്രീ പള്ളിപ്രവേശം തുടങ്ങിയ വിഷയങ്ങളിൽ കൃത്യമായ ധാരണ അവർക്കുണ്ടായിരുന്നുവെന്നത് വസ്തുതയാണ്. ഇതിൽ, മിക്കവയിലും വാദപ്രതിവാദങ്ങൾ നടന്നിട്ടുണ്ടെന്നാണ് അറിവ്. പ്രത്യേകിച്ചു, ബിസ്മി ഉറക്കെയോതുക, സ്ത്രീ പള്ളി പ്രവേശം തുടങ്ങിയ വിഷയങ്ങളിലുള്ള മുജാഹിദുകളുടെ നിലപാടിലെ "തീവ്രത" പരക്കെ പ്രസിദ്ധമാണ്. സ്ത്രീകൾ പള്ളിയിൽ പോകുന്നത് അനുവദനീയം എന്നതിൽ കവിഞ്ഞു, അതു സുന്നത്താണെന്ന് പോലും പ്രാമാണികമായി തെളിയിക്കാൻ സാധ്യമല്ലാതിരുന്നിട്ടു പോലും, കേവല അനുവാദത്തിനു വേണ്ടി നിരന്തര പോരാട്ടങ്ങൾ നടത്തിയ ഒരു പ്രസ്ഥാനം, ഇന്ന് നിലനിൽപ്പിന്നു വേണ്ടി പാടുപെടുകയാണ്. ബിസ്മി പതുക്കെയാണോ ഉറക്കെയാണോ ഓതേണ്ടത് എന്നു വാദപ്രതിവാദം നടത്തുകയും ചേരി തിരിഞ്ഞു പരസ്പരം തല്ലുകയും പള്ളികൾ പൂട്ടിക്കുകയും വരെ ചെയ്ത ഈ പ്രസ്ഥാനത്തിന്, പക്ഷെ, നബി സ്വല്ലള്ളാഹു അലൈഹി വ സല്ലമയുടെ താടി വളർത്താനുള്ള കൽപന, ഒരിക്കലും വാദപ്രതിവാദത്തിനു വിഷയമാവുകയോ ഏറ്റവും ചുരുങ്ങിയത്, നബിചര്യയായി പഠിപ്പിക്കപ്പെടുകയോ ചെയ്തില്ലായെന്നത് ഏറെ ആശ്ചര്യകരമാണ്. എന്നു മാത്രമല്ല, ഇപ്പോൾ താടി വളർത്തൽ "ആത്മീയ തീവ്രത" യുടെ ബ്രാൻഡ് സിമ്പൽ ആയി ചാപ്പ കുത്തുകയും ചെയ്തു. ഈ വരികൾ വായിക്കുന്ന, മുജാഹിദ് പ്രസ്ഥാനത്തിലെ, നേതാക്കളും, അനുയായികളും അണികളും, അഭ്യുദയകാംക്ഷികളും ശാന്തമായി ഒരു ആലോചനക്ക് തയ്യാറാകേണ്ടതുണ്ട്. കാരണം, "ഞങ്ങൾ സമൂഹത്തിനു മുമ്പിൽ നടന്ന പ്രസ്ഥാനമാണെന്നും, വിദ്യാഭ്യാസ സാമൂഹിക പുരോഗതികൾക്കു നാന്ദി കുറിച്ചത് ഞങ്ങളാണെന്നുമുള്ള 'ക്ലിഷേ' ഇനി നടക്കില്ല. അതൊക്കെ ഇവിടെ എല്ലാവരും ഇപ്പോൾ ചെയ്യുന്നു എന്നു മാത്രമല്ല, പ്രസ്ഥാനത്തെ മറ്റു പലരും സൂപ്പർസീഡ് ചെയ്യുകയും ചെയ്തിട്ടുണ്ട്. ഖുർആനും സുന്നത്തും സലഫുകൾ മനസ്സിലാക്കിയ പോലെ മനസ്സിലാക്കുന്നവരാണ് ഞങ്ങൾ എന്നു വാദിക്കാൻ ഇനി നിങ്ങൾക്കു കഴിയില്ല. ഏതാണ്ട്, കാൽ നൂറ്റാണ്ട് മുമ്പ്, ജമാഅത്തെ ഇസ്‌ലാമി " ശാഖാപരമായ വിഷയങ്ങളിൽ തീവ്രത പുലർത്തുന്നവർ" എന്നു ആക്ഷേപിച്ചത്, നെഞ്ചിൽ കൈ കെട്ടുന്ന വിഷയത്തിലും തറാവീഹിന്റെ വിഷയത്തിലും തല്ലുകൂടി കാലം കഴിച്ചു കൊണ്ടിരുന്ന മുജാഹിദ് പ്രസ്ഥാനത്തെയായിരുന്നു. അന്ന്, ഞങ്ങൾ, സുന്നത്തിന്റെ സംരക്ഷകരാണ് എന്നു പറഞ്ഞു അതിനെ ധീരമായി നേരിട്ട പ്രസ്ഥാനത്തിന്റെ പിന്മുറക്കാർ, നേരും നെറിയുമില്ലാത്ത മാധ്യമ ശിഘണ്ടികളുടെ കല്ലു വെച്ച നുണകൾക്ക് മുമ്പിൽ ആയുധം വെച്ചു കീഴടങ്ങിയിരിക്കുന്നു ! താടി വളർത്തുന്നതും നെരിയാണിക്കു മുകളിൽ വസ്ത്രം ആകുന്നതും തീവ്രവാദവും, നെഞ്ചിൽ കൈ കെട്ടുന്ന വിഷയവും ബിസ്മി ഉറക്കെ ഓതുന്നതും തറാവീഹിന്റെ റക്അത്തും ഒക്കെ മിതവാദവും ! ഈ നിലപാടിലെ അസന്തുലിതാവസ്ഥ വളച്ചു കെട്ടില്ലാതെ വിശദീകരിക്കേണ്ട ബാധ്യത മുജാഹിദ് പ്രസ്ഥാനത്തിനുണ്ട്. പിന്നെ, സ്ത്രീകൾ മുഖം മറക്കുന്ന വിഷയം, ഇതു വായിക്കുന്ന മുജാഹിദ് പ്രസ്ഥാനത്തിലെ പണ്ഡിതന്മാരോട് ഈ വിഷയത്തിൽ പ്രാമാണികമായ നിലപാട് എന്താണെന്നു തെളിവുകൾ സഹിതം പരിശോധിച്ചു ഉറപ്പു വരുത്തണമെന്ന് അപേക്ഷിക്കുകയുയാണ്. ഐസിസ് തൊട്ടു എൻഡി എഫ് വരെയുള്ള തീവ്രവാദ സംഘടനകളും സയ്യിദ് ഖുതുബ് തൊട്ടു ബിൻ ലാദൻ വരെയുള്ള അതിന്റെ ദാർശനികാചാര്യന്മാരും വിമർശിക്കപ്പെടണം. ഖാരിജി അഖീദയുടെ അപകടം ജനങ്ങളെ ബോധ്യപ്പെടുത്തുകയും അതിനെതിരിൽ മുഴുവൻ മനുഷ്യരെയും ബോധവൽക്കരിക്കുകയും ചെയ്യണം. പക്ഷെ, അതൊന്നും ആദർശം പണയം വെച്ചു കൊണ്ടും സുന്നത്തിനെ അവഗണിച്ചു കൊണ്ടുമാകരുത്. വിഷയത്തിന്റെ മർമ്മം മനസ്സിലാക്കുന്നതിൽ മുജാഹിദ് പ്രസ്ഥാനത്തിന് വലിയ അബദ്ധം സംഭവിച്ചിട്ടുണ്ട്. സുന്നത്തിനെക്കുറിച്ചുള്ള അറിവും പക്വതയുമില്ലാത്ത നേതാക്കന്മാർ മാധ്യമപ്രചാരണങ്ങൾക്ക് മുന്നിൽ പകച്ചു പോവുകയും മൂലധനം പണയം വെക്കുകയും ചെയ്തു. അങ്ങിനെ കാലങ്ങളായി ജമാഅത്തുകാർ കുഴിച്ച കുഴിയിൽ, അറിഞ്ഞു കൊണ്ടു മടവൂരികളും അറിയാതെ കെ എന്നമ്മുകാരും വീണു എന്നതാണ് വസ്തുത. - ബഷീർ പുത്തൂർ ലോകത്തു സലഫിസം ചർച്ച ചെയ്യപ്പെടുന്നത് ഇതാദ്യമല്ല. മുമ്പും പലവട്ടം പല രൂപത്തിൽ സാമൂഹിക വേദികളിൽ അതു ഇടം പിടിച്ചിട്ടുണ്ട്. പക്ഷെ, അന്ധൻ ആനയെക്കണ്ട പോലെയാണ് പലപ്പോഴും പലരും വിലയിരുത്തിയത് എന്നു മാത്രം. സലഫുകൾ, അഥവാ സ്വഹാബത്ത് എങ്ങിനെ ദീനിനെ സ്വീകരിച്ചോ അതു പോലെ കലർപ്പില്ലാതെ സ്വീകരിക്കുകയും അമൽ ചെയ്യുകയും ചെയ്യാൻ ആഗ്രഹിക്കുന്നവർ, തീർച്ചയായും സമൂഹത്തിൽ അന്യവൽക്കരിക്കപ്പെടുകയും അപരിചിതത്വം നേരിടുകയും ചെയ്യും. അതു അവരുടെ കുഴപ്പമല്ല.
ആനുകാലിക സമൂഹത്തിലെവിടെയും സലഫികൾ ആളെക്കൊല്ലുകയോ ബോമ്പ് സ് ഫോടനം നടത്തുകയോ ചെയ്യുന്നത് പോയിട്ടു ഒരു ഉറുമ്പിനെ പോലും നോവിച്ചു വിട്ടതായി ഒരു "മാധ്യമ" ഹിജഡയും റിപ്പോർട്ട് ചെയ്തിട്ടില്ല. എന്നിട്ടും തീർത്താൽ തീരാത്ത അന്തിചർച്ചകളിലും അന്വേഷണങ്ങളിലും കുഴിച്ചിട്ടാൽ കുരുക്കാത്ത പെരും നുണകളിലൂടെ സലഫികൾ വേട്ടയാടപ്പെടുകയാണ്! ഐസിസിൽ തുടങ്ങിയ അന്വേഷണങ്ങൾ ഒടുവിൽ ചെന്നവസാനിക്കുന്നത് നിരുപദ്രവകാരികൾ എന്നു അവർ തന്നെ ആണയിടുന്ന സലഫികളിലാണ് എന്നത് ഒട്ടധികം ആശ്ചര്യജനകം തന്നെ. തീർത്തും നിരുപദ്രവകാരിയും ചിരപരിചിതവുമായ ആട് എന്ന ജീവിയും ഇപ്പോൾ സംശയത്തിന്റെ നിഴലിലാണ്. ഐസിസോ അൽജെ ഖാഇദയോ ആടിനെ വളർത്തുന്നതായി കേട്ടിട്ടില്ല. കേരളത്തിൽ ചില ആളുകൾ നബിയുടെ മാതൃക പിന്തുടർന്നു ആടുവളർത്തലിലേക്കു തിരിഞ്ഞിട്ടുണ്ടെങ്കിൽ, അതിനു ഭീകരവാദവുമായി എന്താണ് ബന്ധം എന്ന കാര്യവും അറിയില്ല. ആടിനെ വളർത്തുന്നത് പ്രത്യേകം പുണ്യകരമാണെന്നോ ഒട്ടകപ്പുറത്തു മാത്രമേ യാത്ര ചെയ്യാൻ പാടുള്ളൂവെന്നോ ഗോതമ്പും ബാർലിയും ഒട്ടകപ്പാലും ചോളവും കാരക്കയുമൊക്കെയാണ് മുസ്‌ലിമിന്റെ ഭക്ഷണമെന്നോ ബ്രഷിനു പകരം അറാക്കു മാത്രം ഉപയോഗിക്കുകയും കണ്ണട, അണ്ടർവയർ അടക്കം എല്ലാം ഉപേക്ഷിക്കണം എന്നും ഒരു മുസ്‌ലിമും നാളിതുവരെ പറഞ്ഞതായി എവിടെയും വായിച്ചിട്ടുമില്ല. സത്യസന്ധതയും ആത്മാർത്ഥതയും ആത്മാഭിമാനവുമില്ലാത്ത ഇവിടെയുള്ള മാധ്യമ പിമ്പുകൾ പകലന്തിയോളം വിളമ്പിത്തരുന്ന വിസർജ്യങ്ങൾ അണ്ണാക്ക് തൊടാതെ വിഴുങ്ങുന്ന എഭ്യന്മാർ പറയുന്നത് മാത്രം വിശ്വസിക്കുന്നവരുണ്ടാകും. അവർക്കുള്ള ആ സ്വാതന്ത്ര്യം വക വെച്ചു കൊണ്ടു തന്നെ പറയട്ടെ, എല്ലാവരും അങ്ങിനെ ആവില്ല. കാറ്റും കോളുമടങ്ങുകയും കാര്യങ്ങൾ, അതു മനസ്സിലാക്കണം എന്നുള്ളവർക്കു തിരിയുകയും ചെയ്യുന്ന സമയം വരും. ഇതു ഒരു നിശ്ചിത സമയത്തിന്റെ മാത്രം പ്രശ്നമാണ്. നമുക്ക് പറയാനുള്ളത് ഇന്ന് ഏതു രൂപത്തിൽ പറയാമോ അതേ രൂപത്തിൽ നാളെയും പറയും. പറയണം. ദീൻ എന്നു പറഞ്ഞാൽ ആളുകളെ പൊട്ടീസാക്കാനും പൊതു ജനത്തിന്റെ കയ്യടി വാങ്ങാനുമുള്ളതല്ല. ഇന്ന് സലഫിസത്തെ പ്രതിക്കൂട്ടിൽ നിർത്തി കല്ലെറിയുകയും കൂടെ കൂക്കുകയും ചെയ്യുന്നവർക്കു ഇത്രയൊക്കെ മാത്രമേ കാണൂ. പക്ഷെ, അവർക്കു മറക്കാൻ പാടില്ലാത്ത ചില സത്യങ്ങളുണ്ട്. വളരെ പണ്ടൊന്നുമല്ലാത്ത ഒരു സമയത്തു, ജമാഅത്തെ ഇസ്‌ലാമിയുടെ മീഡിയ " ഊശാൻ താടിയും മുട്ടിനു താഴെ പെട്ടെന്നവസാനിക്കുന്ന വസ്ത്രവും കയ്യിൽ ഒരു മരക്കൊള്ളിയും " എന്നു സലഫിസത്തെ കൊച്ചാക്കി വിശേഷിപ്പിച്ചപ്പോഴും ശ്മശാന വിപ്ലവക്കാർ എന്നു പരിഹസിച്ചപ്പോഴും ഒന്നിച്ചെതിർത്ത ആളുകൾ ഇന്ന് സലഫിസത്തെ ഒറ്റ തിരിഞ്ഞു ആക്രമിക്കുകയും അതിൽ നിന്നു നിരപരാധിത്വം തെളിയിക്കാൻ പാടുപെടുകയുമാണ്. ഈ സാധുക്കൾക്കറിയില്ലല്ലോ സലഫിസമെന്നു വിളിച്ചു ഇവർ എതിർത്തു തോൽപിക്കാൻ ശ്രമിക്കുന്നത് യഥാർത്ഥ സുന്നത്തിനെയാണെന്ന്! ഇന്ന് താടിയെയും നീളം കുറഞ്ഞ വസ്ത്രത്തെയും ആക്ഷേപിക്കുകയും പരിഹസിക്കുകയും ചെയ്യുന്നവർ, കഴിഞ്ഞു പോയ ഇന്നലെകൾ മറന്നു പോകരുത്. തെളിവായി വെറും "ഹസൻ" ആയ (ഹസൻ ആയ ഹദീസുകൾ തെളിവിനു എന്തു കൊണ്ടും മതിയായതാണ്) ഹദീസ് വെച്ചു കൊണ്ടു, നമസ്കാരത്തിൽ നെഞ്ചിലാണ് കൈ കെട്ടേണ്ടത് എന്ന് സ്ഥാപിക്കാൻ വാദപ്രതിവാദം വരെ നടത്തിയ ആളുകളുടെ പിന്മുറക്കാർക്കു, സ്വഹീഹായ പരശ്ശതം ഹദീസുകൾ തെളിവായുള്ള താടി വെക്കാനുള്ള കൽപനയോട് എന്താണിത്ര പുഞ്ഞം ? പൊതു മനസ്സിൽ ഇടം നേടാൻ നവോദ്ധാന പ്രസ്ഥാനങ്ങളും അതിന്റെ നേതാക്കളും കാണിക്കുന്ന അടവുകൾ മനസ്സിലാകുന്നവർ ഉണ്ട് എന്ന കാര്യം നിങ്ങൾ മറന്നു പോകരുത്. രാഷ്ട്രീയ ഇസ്‌ലാമിനെ പ്രതിനിധാനം ചെയ്യുന്ന ജമാഅത്തെ ഇസ്‌ലാമിയുടെ സമീപനങ്ങൾ മുജാഹിദ് പ്രസ്ഥാനത്തിന് പഥ്യമായിതുടങ്ങി. ഓണാഘോഷവും, ക്രിസ്മസും നിലവിളക്കും തുടങ്ങി മദ്യവർജ്ജന സമിതികളിൽ വരെയുള്ള നേതാവിന്റെ സാന്നിധ്യം മത നേതാവ് എന്ന നിലയിൽ നിന്നു ഒരു സാമൂഹ്യ നേതാവിന്റെ കുപ്പായത്തിലേക്കുള്ള ദൂരമാണ്. അപ്പോൾ പിന്നെ സലഫിസത്തെ താങ്ങാൻ കിട്ടുന്ന ഒരവസരവും ഒഴിവാക്കുമെന്ന് കരുതേണ്ട. ചുരുക്കത്തിൽ, ആനുകാലിക തീവ്രവാദ-ഭീകരവാദ ചർച്ചകളുടെ മുന സലഫിസത്തിനു നേരെ തിരിച്ചു വെച്ചവർ ഒന്നോർക്കുക. നിങ്ങൾ തെറ്റായ ദിശയിലാണു. മീഡിയക്ക് ഇതു ഒരു അന്തിചർച്ചയുടെയോ ഒരാഴ്ച വരെ നീളുന്ന റിപ്പോർട്ടിന്റെയോ മരുന്ന് മാത്രം. ഒരു യഥാർത്ഥ മുസ്ലിമിനെ സംബന്ധിച്ചേടത്തോളം, അവന്റെ ഊർജവും വായുവുമാണ്. സലഫിസം ഇസ്‌ലാം ദീൻ തന്നെയാണ്. ശത്രുക്കളുടെ കൂടെ നിന്നു കല്ലെറിയുന്ന കഷ്മലന്മാരെ, നിങ്ങൾക്കു മാപ്പില്ല. - ബഷീർ പുത്തൂർ ഇൽമിന്റെ, സുന്നത്തിന്റെ സത്യസന്ധരായ വാഹകർക്കു സഹായികൾ എന്നും കുറവായിരുന്നു. അവർ ആൾക്കൂട്ടത്തിൽ ഒറ്റപ്പെടുകയും അപരിചിതരായിത്തീരുകയും ചെയ്യും.അത് അവരുടെ ന്യൂനതയല്ല. മറിച്ചു ജന മനസ്സുകൾ "കമഴ്ത്തി വെച്ച കൂജ" പോലെ സത്യം സ്വീകരിക്കാൻ തയ്യാറല്ലാത്തത് കൊണ്ടാണ്.
മുനിഞ്ഞു കത്തുന്ന ഈ അറിവിന്റെ തിരി, നാലുഭാഗത്തു നിന്നുമുള്ള വെളിച്ചത്തിന്റെ ശത്രുക്കളിൽ നിന്ന് അണയാതെ പൊത്തിപ്പിടിച്ചു നിൽക്കുന്ന അതിന്റെ അണിയറ ശി ൽപികൾ, രണ്ടു പേരുകൾ ചരിത്രത്തിനു വേണ്ടി എടുത്തു പറയൽ അനിവാര്യമാണ്. ശൈഖ് അബു ത്വാരിഖ് സുബൈര് മുഹമ്മദ് ഹഫിദഹുള്ളാ, ശൈഖ് അബുതീമിയ ഹനീഫ്ബിന് വാവ ഹഫിദഹുള്ളാ - അള്ളാഹു അവർക്ക് സ്വാലിഹായ അമലോട് കൂടിയ ദീർഘായുസ്സ് പ്രദാനം ചെയ്യട്ടെ. ആമീൻ. www.ilmusSalaf.com - ബശീർ പുത്തൂർ അവസാനം ഐസിസും തീവ്രവാദ ചർച്ചകളും വഴിതെറ്റി, നബി സ്വല്ലള്ളാഹു അലൈഹി വസല്ലമയുടെ സുന്നത്തു അനുധാവനം ചെയ്യുന്ന സലഫികൾക്കു നേരെ എല്ലാ ഞാഞ്ഞുലുകളും പത്തി വിടർത്തി ആടുകയാണ്. മതത്തിനു രാഷ്ട്രീയ വ്യാഖ്യാനം നൽകുകയും പ്രമാണനങ്ങളെ പരിഹസിക്കുകയും ചെയ്യാറുള്ള ജമാഅത്തെ ഇസ്‌ലാമിയെപ്പോലുള്ള സംഘടനകൾക്ക് ഇപ്പോൾ സഹയാത്രികർ കൂടി എന്നതാണ് പുതിയ കാര്യം.
ഖുർആനും സുന്നത്തുമാണ് പിൻപറ്റുകയും പ്രബോധനം ചെയ്യുകയും ചെയ്യുന്നത് എന്നു പറയുകയും, സ്വന്തം യുക്തിക്കു ബോധ്യപ്പെടാത്തവ സുന്നത്തിൽ സ്ഥിരപ്പെട്ടാലുംസ്വീകരിക്കാതിരിക്കുകയും തീവ്രവാദത്തിന്റെ അടയാളമായി രേഖപ്പെടുത്തുകയും ചെയ്യുക. അതായത്, ഒരേ സമയം ഇരയുടെ കൂടെ നിൽക്കുകയും വേട്ടക്കാരന്റെ കൂടെ ഓടുകയും ചെയ്യുക. ഹുസൈൻ മടവൂർ നേതൃത്വം നൽകുന്ന നദ് വത്തുൽ മുജാഹിദിനു നീളമുള്ള താടിയും നെരിയാണിക്ക് മുകളിലുള്ള വസ്ത്രവും സ്ത്രീകളുടെ മുഖാവരണവും തീവ്ര വാദത്തിന്റെ അടയാളമാണ്. നാലാം കിട കമ്മ്യുണിസ്റ്റു ചാനൽ തിണ്ണ നിരങ്ങികളും മുസ്‌ലിം വിരുദ്ധ ശക്തികളും നൽകുന്ന കുറിപ്പുകളാണ് ഇപ്പോൾ മിമ്പറുകളിൽ പോലും കേട്ടു കൊണ്ടിരിക്കുന്നത്. ശശികലയോ മറ്റോ ആയിരുന്നു ഇതെല്ലാം പറയുന്നതെങ്കിൽ, ഇസ്‌ലാമിനെ ഇതാ തകർക്കാൻ വരുന്നേ എന്നു പറഞ്ഞു എല്ലാ സംഘടനയും ഒറ്റക്കെട്ടായി സത്യാഗ്രഹം നടത്തിയേനെ. മടവൂരികളായതു കൊണ്ടു ആർക്കും ഒരു പരാതിയുമില്ല. ഒരു യഥാർത്ഥ മുസ്ലിമിനെ സംബന്ധിച്ചേടത്തോളം, സാക്കിർ നായിക്കിന് നേരെയുള്ള മാധ്യമ വിചാരണയോ, പ്രാച്ചിയുടെ ഇനാം പ്രഖ്യാപനയോ ഉണ്ടാക്കുന്ന അസ്വസ്ഥതയെക്കാൾ അപകടകരം നബി സ്വല്ലള്ളാഹു അലൈഹി വ സല്ലമയുടെ സുന്നത്തിനു നേരെയുള്ള നികൃഷ്ഠമായ കയ്യേറ്റങ്ങളാണ്. "നബിചര്യ മുറുകെപ്പിടിക്കുക" എന്നു പറഞ്ഞാൽ എന്താണ് അർത്ഥമാക്കുന്നത് എന്നു മുജാഹിദ് പ്രസ്ഥാനം ഇനിയും പഠിച്ചിട്ടില്ല. താടി വളർത്തൽ സ്വഹീഹ് ആയ ഹദീസുകൾ കൊണ്ടു അള്ളാഹുവിന്റെ ശറഇൽ സ്ഥിരപ്പെട്ട കാര്യമാണ്. സ്വഹാബികളിൽ താടിയില്ലാത്ത ഒരാൾ പോലും ഉണ്ടായിരുന്നില്ല. പിന്നെ ഖുർആനും സുന്നത്തും പ്രമാണമായി സ്വീകരിക്കുന്നു എന്നു അവകാശപ്പെടുന്നവർക്കു എങ്ങിനെയാണ് സ്ഥിരപ്പെട്ട ഒരു സുന്നത്തിനെ അവഹേളിക്കാൻ കഴിയുക? താടി വളർത്തുന്നതും വസ്ത്രം നെരിയാണിക്കു മുകളിലാവുകയെന്നതും സ്ത്രീകൾ മുഖാവരണം ധരിക്കുന്നതും എങ്ങിനെയാണ് തീവ്ര വാദമാവുക? നബിചര്യ നിങ്ങൾ അണപ്പല്ലുകൾ കൊണ്ടു കടിച്ചു പിടിക്കണമെന്ന് പറഞ്ഞാൽ, ഇവിടെയുള്ള മാധ്യമ ഹിജഡകളുടെ ആരോപണങ്ങൾക്ക് മുമ്പിൽ മുട്ടു മടക്കി സുന്നത്തിനെ പുറം കാലു കൊണ്ടു തട്ടുകയാണോ? അതാണോ നിങ്ങൾ മനസ്സിലാക്കിയ ആദർശ ധീരത? തീവ്രവാദത്തെക്കുറിച്ചു പറഞ്ഞു തുടങ്ങിയപ്പോഴേക്കും ഇതാണ് അവസ്ഥയെങ്കിൽ, നാളെ തൗഹീദിനെതിരിലും നമസ്കാരത്തിനെതിരിലും തീവ്രവാദം ആരോപിക്കപ്പെട്ടാൽ അവിടെയും നിങ്ങൾ വിട്ടുവീഴ്ച ചെയ്തു നല്ല പിള്ള ചമയുമോ? തീവ്രവാദം ഖാരിജി ചിന്തയുടെ ഉപോൽപ്പന്നമാണ്. അതു തിരിച്ചറിയാതെ, നബി ചര്യക്ക് നേരെ വാളോങ്ങുന്നതു ഇരുട്ടിൽ യുദ്ധം ചെയ്യുന്നതിന് തുല്യമാണ്. താടി വളർത്തുന്നതിലും, വസ്ത്രം നെരിയാണിക്കു മുകളിലാക്കുന്നതിലും, സ്ത്രീകൾ മുഖം മറക്കുന്ന വിഷയത്തിലും സ്വീകാര്യമായ പ്രമാണങ്ങളുടെ അടിസ്ഥാനത്തിലുള്ള ഇസ്‌ലാമിന്റെ ശെരിയായ നിലപാട് എന്തെന്ന് പൊതുജനങ്ങളെ ബോധ്യപ്പെടുത്താൻ മടവൂർ വിഭാഗമടക്കമുള്ള എല്ലാ മുജാഹിദ് ഗ്രുപ്പുകളെയും വെല്ലു വിളിക്കുന്നു. സാഹചര്യത്തിന് അനുസൃതമായി നിലപാട് സ്വീകരിക്കാതെ, പ്രമാണനങ്ങൾക്കു പൊരുത്തപ്പെടുന്ന നിലപാടുകൾ സ്വീകരിക്കാൻ അനുയായികളെ പ്രേരിപ്പിക്കുന്നതിനു പകരം, കുനിയാൻ പറയുമ്പോൾ ഇഴയുന്ന സ്വഭാവക്കാരായ അവസരവാദികളായി മാത്രമേ നിങ്ങളെ കാണാനൊക്കൂ. - ബഷീർ പുത്തൂർ നബി സ്വല്ലള്ളാഹു അലൈഹി വ സല്ലമയുടെ പ്രഥമസംബോധിതരായ അനുചരന്മാർ, അഥവാ സ്വഹാബത്ത്, മതം എന്ന നിലയിൽ, മനസ്സിലാക്കുകയും പ്രയോഗവൽക്കരിക്കുകയും ചെയ്ത കാര്യങ്ങൾ അതിന്റെ പൂർണമായ വിശുദ്ധിയിൽ സ്വീകരിക്കുകയും അതു അതു പോലെ തിരുത്തലില്ലാതെ സ്വീകരിക്കുകയും ചെയ്യുന്നവരാണ് സാങ്കേതികമായി സലഫികൾ എന്നത് കൊണ്ടു വിവക്ഷിക്കപ്പെടുന്നത്.
ഖുർആൻ, ഹദീസ് (നബിചര്യ) തുടങ്ങിയ പ്രമാണവാക്യങ്ങളുടെ വായനയിലും പ്രയോഗവൽക്കരണത്തിലുമുള്ള വൈരുധ്യങ്ങൾ നിമിത്തമാണ് ഇന്ന് മുസ്‌ലിംകളിൽ നിലനിൽക്കുന്ന ഭിന്നവീക്ഷണങ്ങൾ ഉടലെടുത്തത്. ഒരാൾക്ക് ഞാൻ നബിചര്യയാണ് പിൻപറ്റുന്നത് എന്നു പറയാൻ കാര്യമായ പ്രയാസം ഉണ്ടാവില്ല. പക്ഷെ, സൂക്ഷ്മമായി വിഷയം വിലയിരുത്തുമ്പോൾ അതത്ര എളുപ്പമല്ല, എന്നു മാത്രമല്ല, മഹാഭൂരിപക്ഷത്തിന്റെ സഹകരണം കിട്ടുകയുമില്ല എന്നു മനസ്സിലാക്കാം. വ്യക്തിയുടെ താൽപര്യങ്ങളും ചേഷ്ടകളും മാറ്റി വെച്ചു നബിയുടെ അനുചരന്മാർ ദീനിനെ എങ്ങിനെ മനസ്സിലാക്കുകയും അമൽ ചെയ്തു ആചരിക്കുകയും ചെയ്തു എന്നു കണ്ടെത്തുകയും അതു ജീവിതധർമമായി അനുഷ്ഠിക്കുകയും ചെയ്യുന്നത് പുണ്യകരമാണ് എന്നതിൽ സംശയത്തിന് അവകാശമേയില്ല. ഇക്കാര്യം കൃത്യമായി മനസ്സിലാക്കുകയും അനുധാവനം ചെയ്യുകയും ചെയ്യുന്നതിലാണ് പലരും പരാജയപ്പെടുകയും പിന്നാക്കം പോവുകയും ചെയ്തത്. കേരളത്തിൽ, മുസ്‌ലിം നവോദ്ധാനരംഗത്തു ഒരു കാലത്തു നിറഞ്ഞു നിന്ന ഇസ്‌ലാഹീ പ്രസ്ഥാനം എന്ന മുജാഹിദ് പ്രസ്ഥാനം ഏറെക്കുറെ, ഖുർആനും സുന്നത്തും സ്വഹാബത്തിന്റെ ധാരണക്ക് അനുസൃതമായി പിന്തുടരുന്ന രീതി സ്വീകരിച്ചവരായിരുന്നു. എന്നാൽ പുതിയ കാലത്തെ സാഹചര്യത്തിന്റെ സാമൂഹിക സമ്മർദ്ദങ്ങളും ബഹുസ്വര സമൂഹത്തിന്റെ സ്വാധീനവും മതപരമായ വിഷയങ്ങളിലുള്ള സൂക്ഷ്മമായ ധാരണക്കുറവും നിമിത്തം ഒരിക്കലും തിരിച്ചു വരാൻ കഴിയാത്ത വിധം അതു അതിന്റെ ആദ്യ കാല ലക്ഷ്യങ്ങളിൽ നിന്നും പിറകോട്ടു പോയി. മാത്രമല്ല, പലവുരു പിളർന്നു തളർന്നു പോയ പ്രസ്തുത പ്രസ്ഥാനത്തിന്റെ ഒരു വലിയ വിഭാഗം, നബിചര്യയിൽ നിന്നും വിട്ടകന്നു "മതേതര ഇസ്‌ലാമിന്റെ" വക്താക്കളായി മാറിയെന്നതു ആശ്ചര്യകരം മാത്രമല്ല, ഏറെ സങ്കടകരം കൂടിയാണ്. 'മതേതര ഇസ്‌ലാം' എന്നത് കൊണ്ടു ഉദ്ദേശിച്ചത് സ്വഹാബത്ത് മനസ്സിലാക്കിയ പോലെ ദീൻ സ്വീകരിക്കുകയെന്ന ശെരിയായ നിലപാടിന് വിരുദ്ധമായി, സ്വന്തം ബുദ്ധിയുടെയും താൽപര്യത്തിന്റെയും സാമൂഹിക സാഹചര്യങ്ങളുടേയുമൊക്കെ സമ്മർദ്ദങ്ങൾക്ക് വഴങ്ങി ശറഇന്റെ താൽപര്യങ്ങൾ സൗകര്യപൂർവ്വം ബലി കഴിക്കുകയും, സലഫുകൾ അങ്ങിനെയായിരുന്നുവെന്നു തെറ്റിദ്ധരിപ്പിക്കുകയും ചെയ്യുക. പല വിഷയങ്ങളിലും മുസ്‌ലിം ലോകത്തു, പ്രാമാണിക പണ്ഡിതന്മാർ സ്വീകരിച്ച പൊതുനിലപാടിനെ നിരാകരിക്കുകയും സ്വന്തമായ രീതികളും നിലപാടുകളും തീർത്തു അപനിർമാണം നടത്തുകയും ചെയ്യുന്നത് ബോധപൂർവ്വം തന്നെയാണ്. ഉദാഹരണത്തിന് പുരുഷന്മാർ താടി വളർത്തുകയും, വസ്ത്രം കണങ്കാലിന് മുകളിലാക്കുകയും ചെയ്യുക, സ്ത്രീകൾ മുഖാവരണം ധരിക്കുക, തുടങ്ങിയ, സലഫുകളുടെ ജീവിതത്തിൽ അഭിപ്രായവ്യത്യാസം പോലുമില്ലാത്ത വിഷയങ്ങൾ സ്വീകരിക്കുന്ന ആളുകളെ, "തീവ്ര നിലപാടുകാരും" "അനുഷ്ഠാന" വിഷയങ്ങളിൽ അസഹിഷ്ണുക്കളും ആണെന്ന് പ്രചരിപ്പിക്കുക. ഇത്തരം പ്രസ്താവനകളിലൂടെ സാധാരണക്കാരായ അനുവാചകരെ തെറ്റിദ്ധരിപ്പിക്കാനാണ് അവർ ശ്രമിച്ചു കൊണ്ടിരിക്കുന്നത്. ഇത്തരം വിഷയങ്ങൾ പരിശോധനക്ക് വിധേയമാക്കുമ്പോൾ, ഇതു സത്യസന്ധമോ വസ്തുതാപരമോ അല്ലായെന്നു എളുപ്പം ബോധ്യപ്പെടും. സത്യത്തിൽ മുജാഹിദ് പ്രസ്ഥാനത്തിൽ ഇത്തരം അടിസ്ഥാനരഹിതവും പ്രമാണത്തിന്റെ താൽപര്യങ്ങൾക്കു നിരക്കാത്തതുമായ നിലപാടുകൾക്ക് മേൽകൈ ലഭിക്കാനുള്ള ഒരു കാരണം, കേരളക്കരയിലേക്കു ഇസ്‌ലാമികാദർശങ്ങൾ കടന്നു വന്ന ഈജിപ്ത്യൻ കൈവഴിയുടെ വിശുദ്ധമല്ലാത്ത ഉറവിടമാണ്. മുകളിൽ പറഞ്ഞതിനോട് സമാനമോ അതിനേക്കാൾ അപകടകരമോ പല നിലപാടുകളും ഈ പ്രസ്ഥാനം "ഐസിസ്" കാലത്തു വ്യാപകമായി മാർക്കെറ്റ് ചെയ്യുന്നുണ്ട്. "തീവ്ര സലഫിസമെന്നോ" "അസഹിഷ്ണുത"യെന്നോ ഇങ്ങിനെ എന്തു പേരിട്ടു വിളിച്ചാലും ശെരി, സത്യം ഊതിക്കെടുത്താൻ കഴിയില്ലെന്നും, നിലനിൽക്കുന്ന അശാന്തിയുടെ നാളങ്ങൾ അടങ്ങുമെന്നും, ആത്യന്തിക വിജയം സലഫുകളുടെ മൻഹജ് പിന്തുടരുന്നവർക്കായിരിക്കുമെന്നും സവിനയം ഓർമപ്പെടുത്തുന്നു. - ബഷീർ പുത്തൂർ മുഹമ്മദ് നബി സ്വല്ലള്ളാഹു അലൈഹി വ സല്ലം യുദ്ധാർജിത സമ്പത്ത് വിഹിതം വെക്കുന്ന വേളയിൽ, സ്വഹാബികൾക്കിടയിൽ നിന്നൊരാൾ " മുഹമ്മദ്, നീ നീതി പാലിക്കണം" എന്ന് വിളിച്ചു പറയുന്നു. " ഞാൻ നീതി പാലിച്ചില്ലെങ്കിൽ, മറ്റാരാണ് നീതി പാലിക്കുക" ? എന്നു പ്രതിവചിച്ച പ്രവാചകനോട് ഉമർ റദിയള്ളാഹു അൻഹു " ഞാൻ അവന്റെ ഗളഛേദം നടത്തട്ടേ എന്നു ചോദിച്ചു? അതു വിലക്കിക്കൊണ്ട് അദ്ദേഹം പറഞ്ഞു. "ഇവന്റെ മുതുകിൽ നിന്നു ഒരു വിഭാഗം വരാനുണ്ട്. വിശുദ്ധ ഗ്രന്ഥം അവർ പാരായണം ചെയ്യും. പക്ഷെ, അതവരുടെ കണ്ഡനാഡി വിട്ടുകടക്കില്ല. ദീനിൽ നിന്നു അവർ, ഒരു അസ്ത്രം അതിന്റെ ലക്ഷ്യസ്ഥാനം തുളച്ചു പുറത്തു പോകുന്നത് പോലെ അവർ പുറത്തു പോകും. ഞാൻ അവരെ കാണുകയാണെങ്കിൽ, തമൂദു ഗോത്രത്തെ നശിപ്പിച്ചത് പോലെ നശിപ്പിക്കുമായിരുന്നു".
കാലം പിന്നെയും കഴിഞ്ഞു. ഖലീഫയായ ഉസ്മാൻ റദിയള്ളാഹു അൻഹുവിന്റെ വധത്തോടെ ഈ വിഭാഗം അവരുടെ സായുധ വിപ്ലവം ആരംഭിച്ചു. അതിനു ശേഷം അലി റദിയള്ളാഹു അൻഹുവുമായി നടന്ന രക്തരൂക്ഷിത കലാപങ്ങൾ. പ്രമാണങ്ങൾ സ്വഹാബത് എങ്ങിനെ മനസ്സിലാക്കിയോ അങ്ങിനെ മനസ്സിലാക്കുന്നതിനു പകരം, അവർ അവരുടെ യുക്തിയെ ആശ്രയിക്കുകയും സ്വന്തമായ വ്യാഖ്യാനങ്ങൾ നൽകുകയും ചെയ്തു. ഖുർആനിൽ നിന്നുള്ള ഉദ്ധരണികൾ സന്ദർഭത്തിൽ നിന്നു അടർത്തി മാറ്റി അവർ സ്വഹാബത്തിനോട് യുദ്ധം ചെയ്തു. "നിങ്ങൾ പറഞ്ഞത് സത്യമാണെങ്കിലും, തെറ്റായ ലക്ഷ്യത്തിനു വേണ്ടി ദുർവ്യാഖ്യാനിച്ചു എന്ന അലി റദിയള്ളാഹുവിന്റെ പ്രസിദ്ധ വചനം ഇവരെക്കുറിച്ചാണ്. ഹറൂറികൾ എന്നു വിശേഷിപ്പിക്കട്ടെ ഇവരുടെ രക്തപങ്കിലമായ ചരിത്രം ഇസ്‌ലാമിക ഗ്രന്ഥങ്ങളിൽ സുവിദിതമാണ്. കാലം പിന്നെയും ഏറെ പിന്നോട്ടു പോയി. പല സംഭവങ്ങൾക്കും ലോകം സാക്ഷ്യം വഹിച്ചു. ഉസ്മാൻ റദിയള്ളാഹു അൻഹുവിനു നേരെ ഉയർത്തിയ വാൾത്തല പിന്നീട് ഉറയിലേക്കു മടങ്ങിയില്ല. ഖവാരിജുകൾക്കു പുതിയ പിന്മുറക്കാർ വന്നു. ആധുനിക ലോകത്തു, സയ്യിദ് ഖുതുബും മൗദുദിയും ഖവാരിജ് ആശയങ്ങൾ പൊടിതട്ടിയെടുത്തവരിൽ പ്രധാനികളാണ്. ഭരണാധികാരികളിലെ ന്യുനതകൾ പെരുപ്പിച്ചു കാണിക്കുകയും അവർക്കെതിരിൽ ശുദ്ധരായ സാധാരണ മനസ്സുകളെ വൈകാരികമായി പ്രകോപിപ്പിക്കുകയും ചെയ്യുക ഇവരുടെ പ്രധാന രീതിയാണ്. ഭരണകൂടങ്ങളുമായി സദാ ശീത സമരം നിലനിർത്തുന്ന ഇവർ തരം കിട്ടിയാൽ രക്തരൂക്ഷിത സായുധ സംഘട്ടനത്തിലേക്കു കടക്കുക പതിവാണ്. അടുത്തകാലത്തായി അറബ്-മുസ്‌ലിം രാജ്യങ്ങളിൽ " മുല്ലപ്പൂ വിപ്ലവമെന്നു" പേരിട്ടു വിളിച്ച ഭരണ വിരുദ്ധ വികാരങ്ങളുടെ വേലിയേറ്റത്തിൽ അക്ഷരാർത്ഥത്തിൽ ആധുനിക ഖവാരിജുകൾ നീന്തിത്തുടിച്ചു അഭിരമിക്കുകയായിരുന്നു. ഇന്ന്, നിരപരാധിത്വം തെളിയിക്കാൻ വിയർക്കുന്ന കേരളത്തിലെ നവോഥാന പ്രസ്ഥാനങ്ങളുടെ പ്രസംഗങ്ങളിലും പ്രസിദ്ധീകരണങ്ങളിലും വരെ "മുല്ലപ്പൂ വിപ്ലവ" ത്തിന്റെ പോരിശകൾ പാടിപുകഴ്ത്തപ്പെട്ടു. ഇസ്‌ലാമിക അധ്യാപനങ്ങൾക്കു തെറ്റായ വായന നടത്തുകയും അവ പ്രായോഗിക ബുദ്ധിക്കു അനുഗുണമായ വ്യാഖ്യാനിക്കുകയും ചെയ്യുന്ന മുഴുവൻ ആളുകളും അവസാനം ഖവാരിജിയ്യത്തിന്റെ ഏതെങ്കിലും ഒരു പോയെന്റിൽ ചെന്നു ചേരുമെന്നാണ് വസ്തുത. ഇപ്പോൾ പരക്കെ, ആക്ഷേപ ശരങ്ങൾ തിരിച്ചു വെച്ച " സലഫിസം" എന്നത് ഒരു പുകമറ മാത്രം. അക്ഷരാർത്ഥത്തിൽ ഖവാരിജുകളെ എന്നും തിരിച്ചറിയുകയും അവരുടെ വിശേഷണങ്ങൾ ചൂണ്ടികാട്ടുകയും പൊതുജനങ്ങൾക്ക് അവരുടെ അപകടത്തെക്കുറിച്ചു ശക്തമായി മുന്നറിയിപ്പ് നടത്തുകയും ചെയ്തത്, യഥാർത്ഥ സലഫികൾ മാത്രമാണ്. അതിനു ജീവിച്ചിരിക്കുന്ന തെളിവുകളാണ് സലഫി ഉലമാക്കളും അവരുടെ ബ്രഹത്തായ ഗ്രന്ഥങ്ങളും. ഇന്ന് ഐസിസിനെതിരിൽ വാചാലരാകുന്ന മിക്ക പ്രസ്ഥാനങ്ങളും ഒരിക്കലെങ്കിലും അവരുടെ ആശയം ചുമന്നവരോ അവരോടും അവരുടെ ആശയത്തോടും മൃദുല സമീപനം പുലർത്തിയവരോ ആണെന്നതിൽ തർക്കമേയില്ല. യൂസുഫുൽ ഖറദാവി തൊട്ടു ഇങ്ങേ തലയിൽ മഅദനി വരെ അതിലെ ഇനിയും വിസ്മരിക്കപ്പെടാത്ത കണ്ണികൾ മാത്രം. എന്നാൽ, എന്നാൽ, സലഫികൾക്കു എന്നും ഖവാരിജുകളുടെ വിഷയത്തിൽ ഒറ്റ നിലപാടേയുള്ളൂ. ചരിത്രപരമായിതന്നെ അവരെ വ്യവഛേദിക്കുകയും പ്രാമാണികമായി അവരുടെ തെറ്റായ ആശയങ്ങളെ ഖണ്ടിക്കുകയും ചെയ്യുന്നവർ സലഫികൾ മാത്രമാണ് എന്നു പരിശോധിച്ചാൽ ആർക്കും മനസ്സിലാകും. രാഷ്ട്രീയ വിഷയങ്ങളിൽ അമിതാവേശം കാണിക്കുകയും ഇപ്പോൾ ഐസിസ് ഇസ്‌ലാമല്ല എന്നു മുദ്രാവാക്യം മുഴക്കുകയും ചെയ്യുന്നവരും സഹയാത്രികരും തങ്ങളുടെ നിരപരാധിത്വം തെളിയിക്കാൻ ഇനിയും വിയർക്കേണ്ടി വരും. - ബഷീർ പുത്തൂർ |
IslamBooks.inBooks and Articles on Islam, correct and pure. Archives
August 2024
Categories
All
|