ബിദ്അത്തുകൾ മതത്തിലേക്ക് കടന്നു വരുന്നതിനെക്കുറിച്ചും, അതിന്റെ അപകടത്തെക്കുറിച്ചും നബി സ്വല്ലള്ളാഹു അലൈഹി വ സല്ലം ഒരു ബിദ്അത്തു പോലും തല പൊക്കിയിട്ടില്ലാത്ത കാലത്ത് തന്നെ സ്വഹാബത്തിനെ ഉൽബോധിപ്പിച്ചു.
പക്ഷെ, നബി സ്വല്ലള്ളാഹു അലൈഹി വ സല്ലമയുടെ വിയോഗത്തോടെ, പല രൂപത്തിലും ഭാവത്തിലുമുള്ള ബിദ്അത്തുകൾ മതത്തിലേക്ക് ഒന്നൊന്നായി കടന്നു വന്നു. അള്ളാഹുവിന്റെ റസൂലിൽ നിന്ന് നേരിട്ട് ദീൻ പഠിച്ച അവിടുത്തെ സ്വഹാബത്തു, എല്ലാ തരത്തിലുള്ള ബിദ്അത്തുകളെയും സുന്നത്ത് കൊണ്ടെതിർത്തു പരാജയപ്പെടുത്തി. അക്കൂട്ടത്തിൽ സഹാബത്തിന്റെ കാലശേഷം വന്നു ചേർന്ന ഒരു ബിദ്അത്താണ് നബിയുടെ ജന്മദിനാഘോഷം. നബിസ്വല്ലള്ളാഹു അലൈഹി വ സല്ലം മാതൃക കാണിക്കുകയോ സ്വഹാബത്തു പിന്തുടരുകയോ ചെയ്യാത്ത ഈ ആഘോഷം ലോകത്തിന്റെ പല ഭാഗത്തും പടർന്നു പിടിക്കുകയും മുസ്ലിം ഉമ്മത്തിൽ, വിശിഷ്ടമായ ഒരു ഇബാദത്തായി ചിരപ്രതിഷ്ഠ നേടുകയും ചെയ്തു. والله المستعان ബിദ്അത്തിനെക്കുറിച്ച് പറയുമ്പോൾ ചില കാര്യങ്ങൾ ഇവിടെ എടുത്തു പറയേണ്ടതുണ്ട്. ബിദ്അത്തുകൾക്ക് വലിപ്പച്ചെറുപ്പം ഇല്ലാത്തത് പോലെ തന്നെ നല്ല ബിദ്അത്തു, ചീത്ത ബിദ്അത്തു എന്ന വേർതിരിവുമില്ല. എല്ലാ ബിദ്അത്തും വഴികേടാണ് എന്നത് പോലെ തന്നെ എല്ലാ വഴികേടുകളും നരകത്തിലെക്കുമാണ്. പക്ഷെ, നബി ദിനാഘോഷം എന്ന ബിദ്അത്തിനെ ശക്തിയുക്തം എതിർക്കുന്നവർ തന്നെ കാണാതെ പോകുന്ന മറ്റനേകം ബിദ്അതുകൾ ഉണ്ട്. തങ്ങളുടെ എതിർപക്ഷം ചെയ്യുന്നു എന്ന കാരണത്താൽ ബിദ്അത്തു എന്ന് പറയുകയും പ്രമാണങ്ങളുടെ പിന്തുണയില്ലാത്ത കാര്യങ്ങൾ സ്വന്തം പാർട്ടി ചെയ്‌താൽ കണ്ണടക്കുകയും ചെയ്യുന്നതെങ്ങിനെ? സാധാരണയായി, നിർബന്ധ നമസ്കാര ശേഷം കൈകളുയർത്തി പ്രാർത്ഥിക്കുകയും തുടർന്ന് മുഖം തടവുകയും ചെയ്യുന്ന ഒരു സമ്പ്രദായം കണ്ടു വരുന്നു. എവിടെയാണ് അതിനു തെളിവുള്ളത് ? നബിയോ സ്വഹാബത്തോ അങ്ങിനെ ചെയ്‌തതായി സ്ഥിരപ്പെട്ടു വന്നിട്ടില്ല. അത് പോലെ, ഖുർആൻ പാരായണം ചെയ്ത ശേഷം صدق الله العظيم എന്ന് പറയുന്നതിന് എന്താണ് പ്രമാണം? രാവിലെ അദ്യയനം തുടങ്ങുന്നതിനു മുമ്പ് സൂറത്തുൽ ഫാതിഹ കൊണ്ട് തുടങ്ങുകയും ഏതെങ്കിലും ഒരു "പാട്ട്" കൊണ്ട് അവസാനിപ്പിക്കുകയും ചെയ്യാത്ത ഒരു മദ്രസ ചൂണ്ടിക്കാണിക്കാൻ നവോഥാനപ്രസ്ഥാനങ്ങൾക്ക് കഴിയുമോ ? മയ്യിത്ത് മറമാടിക്കഴിഞ്ഞാൽ, സാധാരണ ചൊല്ലി വരാറുള്ള اللهم ثبته عند السؤال എന്ന് തുടങ്ങുന്ന തഥ്‌ബീതിന് നബി സ്വല്ലള്ളാഹു അലൈഹി വ സല്ലമ വരെ എത്തുന്ന സനദ് കാണിക്കാമോ ? കേ എം മൗലവി സാഹിബിനു അപ്പുറം ആ ദുആക്കു ഒരു സനദ് ഉള്ളതായി ഈയുള്ളവൻ കേട്ടിട്ടില്ല. ഇതൊക്കെ, ബിദ്അത്തുകൾക്കെതിരെ " പോരാട്ടം" നടത്തിക്കൊണ്ടിരിക്കുന്ന നവോഥാനപ്രസ്ഥാനങ്ങൾ നിർബാധം, ചോദ്യം ചെയ്യാതെ കൊണ്ടാടുന്ന ബിദ്അത്തുകളിൽ ചിലത് മാത്രം. അപ്പോൾ, പാർട്ടി തിട്ടൂരങ്ങളെക്കാൾ റസൂലിന്റെ സുന്നത്തിനു പ്രാധാന്യം നൽകാനും അവ ജീവിപ്പിക്കാനും എന്ന് സാധിക്കുന്നുവോ അന്ന് മാത്രമേ ഇത്തരം പ്രസ്ഥാനങ്ങളുടെ മുദ്രാവാക്യം മൂല്യവത്താവുകയുള്ളൂ - ബഷീർ പുത്തൂർ
0 Comments
പ്രമാണങ്ങൾക്ക് ബുദ്ധിപരമായ വ്യാഖ്യാനങ്ങൾ നൽകിയ ആളുകളും കക്ഷികളും സ്വഹാബികളുടെ കാലത്ത് തന്നെ ഉദയം ചെയ്തിട്ടുണ്ട്. അത്തരത്തിലുള്ള പാർട്ടികളും പുതിയ ഗ്രൂപ്പുകളും ഇന്നും ഉണ്ടായിക്കൊണ്ടിരിക്കുന്നു. സ്വഹാബികൾ ജീവിച്ചിരുന്നപ്പോൾ, അവർ അതരക്കാരോട് യുദ്ധം ചെയ്യുകയും അവരുടെ തെറ്റായ വ്യാഖ്യാനങ്ങളെ അതിശക്തമായി നേരിടുകയും ചെയ്തു. അക്കൂട്ടത്തിൽ എടുത്തു പറയേണ്ട ഒന്നാണ് ഖവാരിജുകളുടെ രംഗപ്രവേശം. إن الحكم إلا لله എന്ന ആയത്ത് സ്വന്തമായി വ്യാഖ്യാനിച്ചു അലി റദിയള്ളാഹു അൻഹുവിനെതിരിൽ അവർ പട നയിച്ചു. സത്യത്തിൽ, അവർക്കിടയിൽ സ്വഹാബികൾ ജീവിച്ചിരുന്നിട്ട് പോലും ഈ ആയത്തിന്റെ ശെരിയായ വ്യാഖ്യാനം എന്തെന്ന് അവർ അന്വേഷിക്കുകയോ അവരുടെ വ്യാഖ്യാനത്തിൽ തൃപ്തി കാണിക്കുകയോ ചെയ്തില്ല. അലി റദിയള്ളാഹു അൻഹു അവരിലേക്ക് അബ്ദുള്ളാഹി ബിന് അബ്ബാസ് റദിയള്ളാഹു അൻഹുവിനെ അയക്കുകയും അവരോടു അദ്ദേഹം ആശയപരമായി സംവദിക്കുകയും പലരും അവരുടെ തെറ്റായ വാദങ്ങളിൽ നിന്ന് പിൻവാങ്ങുകയും ചെയ്തു. ബാക്കിയുള്ളവരുമായി നഹ് റുവാൻ എന്ന സ്ഥലത്ത് പൊരിഞ്ഞ യുദ്ധം നടന്നു. അതെല്ലാം ചരിത്രം. ഖവാരിജുകളെ, അവരുടെ തെറ്റായ വാദങ്ങൾ അവിടെ അവസാനിച്ചില്ല. അതിനു പുതിയ അനന്തരാവകാശികൾ ഉണ്ടായി. അവരുടെ അതേ ചിന്ത പൊടി തട്ടിയെടുത്തു ഊതിക്കാച്ചി സത്യമതമായി പ്രചരിപ്പിക്കുന്നവർ പല സ്ഥലങ്ങളിലും ജന്മമെടുത്തു. പല ലക്ഷ്യത്തിന്റെ പേരിലും പ്രമാണങ്ങൾ തെറ്റായ നിലക്ക് വ്യാഖ്യാനിക്കപ്പെട്ടു. ഇസ്ലാമിക ദഅവത്തിനു വേണ്ടി എന്ന് പറഞ്ഞു സംഘടനകൾ ഉണ്ടാക്കിയപ്പോൾ അതിനു തെളിവായി ഓതിയ ആയത്ത് സൂറത്തു ആലു ഇംറാനിലെ ولتكن منكم أمة يدعون إلى الخير എന്ന് തുടങ്ങുന്ന വചനമായിരുന്നു. ഖുർആനിന്റെ, ഇന്നോളം രചിക്കപ്പെട്ട, പൌരാണികവും ആധുനികവുമായ പ്രാമാണിക തഫ്സീറുകളിൽ ഏതെങ്കിലും ഒന്നിൽ പോലും, ഒറ്റപ്പെട്ട നിലക്കെങ്കിലും ഈയൊരു വ്യാഖ്യാനം കാണുക സാധ്യമല്ല. അത് പോലെ വേറെ ഒരു കൂട്ടർ, അള്ളാഹു അല്ലാത്തവരെ വിളിച്ചു ദുആ ചെയ്യാൻ തെളിവായി ഖുർആനിൽ നിന്ന് ഉദ്ധരിച്ചത് സൂറത്തു സുഖ് റുഫിലെ واسأل من أرسلنا من قبلك من رسلنا എന്ന വചനമായിരുന്നു. മറ്റൊരു കൂട്ടർ, മുസ്‌ലിം ഭരണാധികാരികളെ മുഴുവൻ കാഫിർ ആക്കാനും അവർക്കെതിരിൽ യുദ്ധത്തിനു ആഹ്വാനം ചെയ്യാനും വേണ്ടി തെളിവ് പിടിച്ചത് സൂറത്തു മാഇദയിലെ ومن لم يحكم بما أنزل الله فأولئك هم الكافرون എന്ന ആയത്തായിരുന്നു. ഇങ്ങിനെ വേറെയും ഒരുപാട് ഒരുപാട് ആളുകളും പാർട്ടികളും ആശയക്കാരും. അവരുടെ സദുദ്ദേശത്തെയോ തഖ് വയെയോ ഞാൻ കുറ്റപ്പെടുത്തുന്നില്ല. എന്നല്ല, നമസ്കരിക്കാൻ വേണ്ടി പള്ളികൾ ഉണ്ടാക്കുകയും നോമ്പ് നോൽക്കുകയും സതാചാര ധാർമിക മൂല്യങ്ങൾ അനുസരിച്ച് ജീവിക്കുകയും, ജീവിതത്തിൽ സത്യസന്തത പുലർത്തുകയും ചെയ്യുന്നവരാണ് ഇവരിൽ മിക്കവരും. പക്ഷെ പ്രമാണങ്ങളെ വ്യാഖ്യാനിക്കുന്നതിൽ, അവർ സലഫുകളുടെ മാർഗം അഥവാ മൻഹജ് സ്വീകരിച്ചില്ല. നേരത്തെ പറഞ്ഞ ഖവാരിജുകളും ജീവിതത്തിൽ വിശുദ്ധി പുലർത്തിയവരും, അങ്ങേയറ്റം ഭക്തി നിലനിർത്തിയവരുമായിരുന്നു. അവരതിൽ സ്വഹാബത്തിനെപോലും പിന്നിലാക്കി. പക്ഷെ, അവരുടെ ആത്മാർത്ഥതയോ സത്യസന്തതയോ അവർക്കൊരു ഗുണവും ചെയ്തില്ല. അവരെയാണ് നബി സ്വല്ലള്ളാഹു അലൈഹി വസല്ലം നരഗത്തിലെ നായകൾ എന്ന് വിശേഷിപ്പിച്ചത്. പ്രമാണങ്ങളെ ബുദ്ധിപരമായി വ്യാഖ്യാനിക്കുന്നവർ യഥാർത്ഥത്തിൽ ആരാണ് എന്ന് ബോധ്യപ്പെടുത്താൻ വേണ്ടിയാണ് ഇത്രയും എഴുതിയത്. ഖുർആനും സുന്നത്തും പിന്തുടരേണ്ടത് അവ സ്വഹാബതു എങ്ങിനെ മനസ്സിലാക്കുകയും അമൽ ചെയ്യുകയും ചെയ്തു എന്ന് പരിശോധിച്ച് കൊണ്ടാണ്. അവർ എങ്ങിനെ മനസ്സിലാക്കിയോ അങ്ങിനെതന്നെ നമ്മളും മനസ്സിലാക്കണം. അവർ എങ്ങിനെ അമൽ ചെയ്തോ അങ്ങിനെതന്നെയാകണം നമ്മുടെ അമലും. അപ്പോൾ മാത്രമേ നമ്മൾ " അൽ ജമാഅ" എന്ന് നബി സ്വല്ലള്ളാഹു അലൈഹി വ സല്ലം വിശേഷിപ്പിച്ച വിജയിച്ച കക്ഷി ആവുകയുള്ളൂ. ശൈഖുൽ ഇസ്‌ലാം ഇബ്ൻ തീമിയ റഹിമഹുള്ളാ പറയുന്നു. ومن خالف قولهم ، وفسر القرآن بخلاف تفسيرهم ، فقد أخطأ في الدليل والمدلول جميعا- (التفسير الكبير 2/229 " ആരെങ്കിലും, അവരുടെ ( സ്വഹാബത്തിന്റെ) വാക്കിനു എതിരായാൽ, ഖുർആനിനു അവർ നൽകിയ വ്യാഖ്യാനത്തിനു വിരുദ്ധമായ വ്യാഖ്യാനം നൽകിയാൽ, അവനു തെളിവിലും തെളിവ് പിടിക്കപ്പെടുന്ന കാര്യത്തിലും തെറ്റ് പറ്റി" ഇബ്നു അബ്ദിൽ ഹാദി പറയുന്നു لا يجوز إحداث تأويل في أية أو سنة، لم يكن على عهد السلف ، ولا عرفوه ولا بينوه للأمة - الصارم المنكي 42 സലഫുകൾ, (സ്വഹാബത്ത്) അറിയുകയോ ഉമ്മത്തിനു വിശദീകരിക്കുകയോ ചെയ്യാത്ത ഒരു വ്യാഖ്യാനം ഖുർആനിനോ സുന്നത്തിനോ പുതുതായി നൽകാൻ പാടില്ല.
ഗവേഷണങ്ങൾ നടത്തി,പ്രമാണങ്ങൾക്ക് ബുദ്ധിപരമായ പുതിയ വ്യാഖ്യാനങ്ങൾ നൽകുന്ന ആളുകൾക്കും കക്ഷികൾക്കും എന്ത് പറയാനുണ്ട് ? ഇസ്‌ലാം ദീനിനെക്കുറിച്ചു പറയാൻ യോഗ്യരായ ആളുകൾ മനസ്സിലാക്കിയത് നിങ്ങൾ മനസ്സിലാക്കിയത് പോലെയല്ല. അവരാരും പ്രമാണങ്ങൾക്ക് സ്വന്തമായ വ്യാഖ്യാനങ്ങൾ നൽകിയിട്ടുമില്ല. - ബഷീർ പുത്തൂർ സത്യവിശ്വാസിയുടെ അടിസ്ഥാന വിശ്വാസ പ്രമാണമായ ഖുർആനും, സുന്നത്തും മനസ്സിലാക്കുന്നതിനു വളരെ കൃത്യവും കുറ്റമറ്റതുമായ രീതിയുണ്ട്. പ്രമാണവാക്യങ്ങളെ ഓരോരുത്തരും അവരുടെ ഭാഷാപരമായ പ്രാവീണ്യവും ധൈഷണികമായ ഔന്നിത്യവും ആധാരമാക്കി വിശതീകരിക്കുകയും വ്യാഖ്യാനിക്കുകയും ചെയ്യാൻ പാടില്ല. കാരണം, പ്രധാനമായും അവ വ്യാഖ്യാനിക്കുകയും അതിന്റെ ലക്‌ഷ്യം എന്തെന്ന് ബോധ്യപ്പെടുത്തുകയും ചെയ്യേണ്ടത് അള്ളാഹുവാണ്. ഖുർആനും സുന്നത്തും അതിന്റെ വ്യാഖ്യാനവും നബി സ്വല്ലള്ളാഹു അലൈഹി വ സല്ലം അള്ളാഹുവിൽ നിന്ന് വഹ് യിലൂടെ സ്വീകരിച്ചതാണ്. അള്ളാഹു നിശ്ചയിച്ചതല്ലാത്ത ഒരു വ്യാഖ്യാനം അവക്ക് നൽകാൻ ആർക്കും അവകാശമില്ല. അവരെത്ര ഉയർന്നവരും ഭാഷാ ശാസ്ത്രത്തിലും ബുദ്ധിശക്തിയിലും വളരെ മികച്ചു നിൽക്കുന്നവരുമായിരുന്നാലും ശെരി. നബി സ്വല്ലള്ളാഹു അലൈഹി വ സല്ലം പറഞ്ഞു عن عقبة بن عامر الجهني، قال: سمعت رسول الله صلى الله عليه وسلم يقول: " هلاك أمتي في الكتاب واللبن ". قالوا: يا رسول الله، ما الكتاب واللبن؟ قال: " يتعلمون القرآن فيتأولونه على غير ما أنزل الله، ويحبون اللبن فيدعون الجماعات والجمع ويبدون رواه أحمد(17415)وصححه الألباني في السلسلة الصحيحة(2778) നബി സ്വല്ലള്ളാഹു അലൈഹി വ സല്ലം പറഞ്ഞു " എന്റെ ഉമ്മത്തിന്റെ നാശം കിതാബിലും പാലിലുമാണ്. സ്വഹാബികൾ ചോദിച്ചു " അള്ളാഹുവിന്റെ ദൂതരേ എന്താണ് കിതാബും പാലും ? അവിടുന്ന് പറഞ്ഞു " അവർ ഖുർആൻ പഠിക്കും, പക്ഷെ, അള്ളാഹു ഏതൊന്നിന് വേണ്ടി ഇറക്കിയോ അതിനല്ലാത്ത വിധത്തിൽ അവരതിന് വ്യാഖ്യാനം നൽകും. അവർ പാല് ഇഷ്ടപ്പെടുകയും ജുമുഅയും ജമാഅതു നമസ്കാരവും ഒഴിവാക്കി മരുഭൂമിയിലേക്ക് പോകും. " സിൽസില സ്വഹീഹ 2778 ഖുർആനിന്റെ വചനങ്ങൾക്ക് അള്ളാഹുവിന്റെ ഉദ്ദേശം എന്തെന്ന് പരിശോധിക്കുകയോ അന്വേഷിക്കുകയോ ചെയ്യാതെ, തന്നിഷ്ടപ്രകാരം അവയെ വ്യാഖ്യാനിക്കുന്നവർ ഏറെയാണിന്നു. ആർക്കും യാതൊരു വ്യസ്ഥയുമില്ലാതെ സംസാരിക്കാനും ഇടപെടാനും സൌകര്യമുള്ള ഒന്നായി അള്ളാഹുവിന്റെ ശറഉ ആയിത്തീർന്നു എന്നത് അതീവ ഗൌരവമർഹിക്കുന്ന കാര്യമാണ് قال رسولُ الله - صلى الله عليه وسلم -: « إنَّ مِنْكُم من يُقَاتِلُ على تأويلِ القرآنِ، كما قاتلتُ على تنزيلِه »، -السلسلة الصحيحة നബി സ്വല്ലള്ളാഹു അലൈഹി വ സല്ലം പറഞ്ഞു " ഖുർആനിന്റെ അവതരണത്തിന് ഞാൻ യുദ്ധം ചെയ്തത് പോലെ, അതിന്റെ വ്യാഖ്യാനത്തിന്റെ പേരിൽ നിങ്ങളിൽ പലർക്കും യുദ്ധം ചെയ്യേണ്ടി വരും " സിൽസില സ്വഹീഹ
ഓരോരുത്തരും അവരുടെ താൽപര്യങ്ങൾ സംരക്ഷിക്കാനും മദ്ഹബീ പക്ഷപാതികളായ പണ്ഡിതന്മാർ അവരുടെ പക്ഷത്തിനു വേണ്ടിയും സംഘടനക്കാർ അവരവരുടെ സംഘടനയെ ന്യായീകരിക്കാനും തെളിവായി കൊണ്ട് വന്നു തെറ്റായ നിലയിൽ വ്യാഖ്യാനിച്ചത് ഖുർആനിൽ നിന്നുള്ള ആയത്തുകൾ ആയിരുന്നു. - ബഷീർ പുത്തൂർ |
IslamBooks.inBooks and Articles on Islam, correct and pure. Archives
April 2025
Categories
All
|