സുബൈർ ബ്‌നു അദിയ്യിൽ നിന്ന് നിവേദനം: അദ്ദേഹം പറഞ്ഞു: ഞങ്ങൾ അനസ് ബ്‌നു മാലിക് رضي الله عنه ന്റെ അടുക്കൽ ചെന്ന്, ഹജ്ജാജിൽ നിന്ന് അനുഭവിച്ചുകൊണ്ടിരിക്കുന്നതിനെ സംബന്ധിച്ച് ആവലാതിപ്പെട്ടു. അപ്പോൾ അദ്ദേഹം പറഞ്ഞു:
"നിങ്ങൾ ക്ഷമിക്കുവീൻ, കാരണം നിങ്ങൾക്ക് ഒരുനാളും വരികയില്ല; അതിനു ശേഷമുള്ളത് അതിനേക്കാൾ മോശമായിട്ടല്ലാതെ, നിങ്ങൾ നിങ്ങളുടെ റബ്ബിനെ കണ്ടുമുട്ടുന്നതുവരെ." ഇത് ഞാൻ നിങ്ങളുടെ നബി صلى الله عليه وسلم യിൽ നിന്ന് കേട്ടതാണ്. (ബുഖാരി) ഇബ്‌നു ഹജർ رحمه الله പറഞ്ഞു: സ്വഹാബത്ത് ഉണ്ടായിരുന്ന കാലമാണ് അതിന്റെ ശേഷമുള്ള കാലത്തേക്കാൾ ഉത്തമം; നബി صلى الله عليه وسلم യുടെ വചനം തെളിയിക്കുന്നതാണത് : "ഏറ്റവും ഉത്തമരായവർ എന്റെ ഈ തലമുറയാണ്" (ഇത് രണ്ടു സ്വഹീഹുകളിലും വന്നതാണ്). അതുപോലെത്തന്നെ അദ്ദേഹത്തിന്റെ ഈ വചനവും: "എന്റെ സ്വഹാബത്ത് എന്റെ ഉമ്മത്തിനുള്ള സുരക്ഷയാണ്, എന്റെ സ്വഹാബത്ത് പോയിക്കഴിഞ്ഞാൽ എന്റെ ഉമ്മത്തിനു മുന്നറിയിപ്പു നൽകപ്പെട്ടവ (ഫിത്‌നകൾ) വന്നെത്തുകയായി." (മുസ്‌ലിം ഉദ്ധരിച്ചതാണിത്). പിന്നെ അബ്ദുല്ല ബ്‌നു മസ്‌ഊദിൽ നിന്നുള്ള വിവരണം എനിക്കു കാണാൻ കഴിഞ്ഞു - അത് ഉൾകൊള്ളാൻ ഏറ്റവും അർഹമായതാണ് - ഇതുകൊണ്ട് അർത്ഥമാക്കുന്നതെന്ത് എന്ന് വ്യക്തമാക്കുന്നതുമാണ്. ... അദ്ദേഹം പറഞ്ഞു: "നിങ്ങൾക്ക് ഒരു നാളും വരികയില്ല, അത് അതിന്റെ തൊട്ടുമുൻപുള്ളതിനേക്കാൾ മോശമായിട്ടല്ലാതെ; അന്ത്യനാൾ സംഭവിക്കും വരെ. ഞാൻ ഉദ്ദേശിക്കുന്നത് നിങ്ങൾക്ക് ലഭിക്കുന്ന ജീവിത സൗകര്യങ്ങളോ, സാമ്പത്തിക നേട്ടമോ നഷ്ടമാകുമെന്നല്ല. മറിച്ച്, നിങ്ങൾക്ക് ഒരു നാളും വരികയില്ല അത് അതിന്റെ തൊട്ടുമുൻപുള്ളതിനേക്കാൾ അറിവു കുറഞ്ഞതായിട്ടല്ലാതെ. പണ്ഡിതന്മാർ പോയാൽ പിന്നെ ജനങ്ങൾ എല്ലാരും ഒരുപോലെയായി. പിന്നെ അവർ നന്മ കൽപ്പിക്കില്ല, തിന്മ വിലക്കില്ല, അപ്പോഴാണവർ നശിക്കുക". ... ഒരുകാലവും നിങ്ങൾക്ക് വരികയില്ല; അത് അതിന്റെ മുൻപുള്ളതിനേക്കാൾ വളരെ മോശമായിട്ടല്ലാതെ. എന്നാൽ ഞാൻ ഇതുകൊണ്ട് അർത്ഥമാക്കുന്നത് ഒരു ഭരണാധികാരിയേക്കാൾ നല്ല മറ്റൊരു ഭരണാധികാരി, അല്ലെങ്കിൽ ഒരു വർഷത്തേക്കാൾ മുന്തിയ വർഷമോ അല്ല. മറിച്ച്, നിങ്ങളിലെ ഉലമാക്കളും ഫുഖഹാക്കളും പോയിത്തീരും,പിന്നെ അവർക്ക് പിന്മുറക്കാരെ നിങ്ങൾക്ക് കണ്ടെത്താനാവില്ല, പിന്നെ ഒരു വിഭാഗം വരും; സ്വേച്ഛാനുസാരം മതവിധി പറയുന്നവർ." (ഫത്‌ഹുൽബാരി) - അബൂ തൈമിയ്യ ഹനീഫ്
0 Comments
അവൻ മരിച്ചു! എപ്പോൾ ? ആ സമയം . എവിടെ വെച്ച്? ആ സ്ഥലത്ത്. എന്താ കാരണം?! ഒന്നുമില്ല.. പെട്ടെന്ന്.. അങ്ങനെ... ആത്മാവ് വേർപിരിഞ്ഞ് ശ്വാസം നിലക്കാവുന്ന എണ്ണമറ്റ കാരണങ്ങളുടെ ഇടയിലാണ് ശരീരം എപ്പോഴും കഴിഞ്ഞിരുന്നതെന്നതാണു കാര്യം... അതിൽ ഏതോ ഒന്ന് കാരണമായി; കൃത്യ സമയമായപ്പോൾ!! وَلَن یُؤَخِّرَ ٱللَّهُ نَفۡسًا إِذَا جَاۤءَ أَجَلُهَاۚ وَٱللَّهُ خَبِیرُۢ بِمَا تَعۡمَلُونَ (المنافقون ۱۱) "ഒരു ആത്മാവിനെയും അതിന്റെ അവധിയെത്തിയാൽ അല്ലാഹു പിന്തിപ്പിക്കുകയില്ല, നിങ്ങൾ പ്രവർത്തിക്കുന്നതിനെപ്പറ്റി സൂക്ഷ്മമായി അറിയുന്നവനാണ് അല്ലാഹു." (അൽ മുനാഫിഖുൻ 11) — അബൂ തൈമിയ്യ ഹനീഫ്
അബ്ദുല്ല ബ്നു അംറ് رضي الله عنه നിവേദനം: നബി صلى الله عليه وسلم പറഞ്ഞു: "രണ്ട് ഗുണങ്ങൾ, അല്ലെങ്കിൽ സ്വഭാവങ്ങൾ: മുസ്‌ലിമായ ഒരു അടിമ അവയിൽ വീഴ്ചവരുത്താതെ സൂക്ഷിക്കുന്നുവെങ്കിൽ സ്വർഗത്തിൽ പ്രവേശിക്കാതിരിക്കില്ല. അവ രണ്ടും വളരെ എളുപ്പമാണ്, എന്നാൽ അവ പ്രാവർത്തികമാക്കുന്നവർ വളരെ കുറച്ചുമാത്രമാണ്. എല്ലാ നമസ്കാരശേഷവും പത്ത് തസ്ബീഹും, പത്ത് തഹ്‌മീദും, പത്ത് തക്ബീറും ചൊല്ലുക. അത് നാവിൽ നൂറ്റി അമ്പതും ത്രാസിൽ (മീസാനിൽ) ആയിരത്തി അഞ്ഞൂറുമാണ്. ഉറങ്ങാൻ കിടക്കുന്ന നേരത്ത് മുപ്പത്തിനാല് തക്ബീറും, മുപ്പത്തിമൂന്ന് തഹ്‌മീദും, മുപ്പത്തിമൂന്ന് തസ്ബീഹും ചൊല്ലുക. അത് നാവിൽ നൂറും ത്രാസിൽ ആയിരവുമാണ്." അബ്ദുല്ല رضي الله عنه പറയുന്നു: "അല്ലാഹുവിന്റെ റസൂൽ صلى الله عليه وسلم തന്റെ കൈകൊണ്ട് അവ എണ്ണം പിടിക്കുന്നത് ഞാൻ കണ്ടു." അവർ ചോദിച്ചു: "അല്ലാഹുവിന്റെ റസൂലേ എങ്ങിനെയാണ് അവ രണ്ടും വളരെ എളുപ്പവും, എന്നാൽ അവ പ്രാവർത്തികമാക്കുന്നവർ വളരെ കുറച്ചുമാത്രവും ആകുന്നത്?" അദ്ദേഹം പറഞ്ഞു: ”നിങ്ങളിലൊരുത്തന്റെ അടുക്കൽ അവൻ - പിശാച് - ഉറങ്ങാൻ കിടക്കുന്ന നേരത്ത് വരും, എന്നിട്ട് അവ ഉരുവിടുന്നതിന്നു മുമ്പേ ഉറക്കിക്കളയും. നമസ്കാരസമയത്തു വരും, എന്നിട്ട് അവ ചൊല്ലുന്നതിന്നു മുമ്പേ വല്ല ആവശ്യവും ഓർപ്പെടുത്തും.” (അഹ്‌മദ്) • • • • • ഇബ്നു ഹിബ്ബാന്റെ രിവായത്തിൽ: "രണ്ട് ഗുണങ്ങൾ: മുസ്‌ലിമായ ഒരു മനുഷ്യൻ അവ ഇഹ്സാഅ' ചെയ്യുന്നുവെങ്കിൽ സ്വർഗത്തിൽ പ്രവേശിക്കാതിരിക്കില്ല. (ആശയം മനസ്സിലാക്കി പഠിച്ച് കർമപഥത്തിൽ സൂക്ഷിക്കലാണ് ഇഹ്സാഅ') അവ രണ്ടും വളരെ എളുപ്പമാണ്, എന്നാൽ അവ പ്രവർത്തിപഥത്തിൽ കൊണ്ടുവരുന്നവർ വളരെ കുറച്ചുമാത്രമാണ്. എല്ലാ നമസ്കാരശേഷവും പത്ത് തസ്ബീഹും, പത്ത് തഹ്‌മീദും, പത്ത് തക്ബീറും ചൊല്ലുക." • • • • • ഇമാം ബുഖാരി അദബുൽ മുഫ്‌റദിൽ ഉദ്ധരിച്ച രിവായത്തിൽ: "നിങ്ങളിൽ ആരാണ് ഒരു രാപ്പകലിൽ രണ്ടായിരത്തി അഞ്ഞൂറ് തിന്മകൾ ചെയ്യാറുള്ളത്?". • • • • • ഹദീസിൽ നിന്നുള്ള ചില പാഠങ്ങൾ: 1- നമസ്കാരശേഷമുള്ള ദിക്റുകളിലെ വ്യത്യസ്ത ഇനങ്ങളിൽ നിന്നും സ്ഥിരപ്പെട്ട ഒന്നിനെ കുറിച്ച ഉണർത്തൽ. 2- പത്തു തവണ വീതമെങ്കിലും അവ ചൊല്ലാൻ കഴിയാതെ പോകുന്നത് വലിയ നഷ്ടം തന്നെ. 3- ഹൃദയം തൊടാതെ നാവുകൊണ്ട് ശരവേഗത്തിൽ ഉരുവിട്ടുപോകുന്നതും ഗുണകരമല്ല എന്നതാണ് ഇബ്നു ഹിബ്ബാന്റെ രിവായത്തിൽ വന്ന احصاء എന്ന പദം അറിയിക്കുന്ന പാഠം. 4- احصاء എന്നാൽ: പദങ്ങൾ കൃത്യമായി പഠിക്കുകയും, അർത്ഥം ഗ്രഹിക്കുകയും, അവയിലടങ്ങിയ കർമങ്ങൾ ജീവിതത്തിലുടനീളം പ്രാവർത്തികമാക്കലുമാണ്. 5- നാവിനു വളരെ എളുപ്പമായ ഈ വാക്കുകൾ നാളെ നന്മയുടെ ത്രാസിൽ വലിയ കനം നൽകുന്നവയാണ്. 6- അല്ലാഹുവിന്റെ പരിശുദ്ധിയും മഹത്വവും. അവന്റെ ഏകത്വവും ഉൾക്കൊള്ളുന്ന അതി ബൃഹത്തായ വാക്കുകളാണവ എന്നതാണ് ത്രാസിൽ അവ കനപ്പെട്ടതാകാൻ കാരണം. 7- നന്മകൾക്ക് പത്തിരട്ടി പ്രതിഫലം. 8- നന്മകൾ തിന്മകളെ മായ്ക്കും. والله أعلم - അബൂ തൈമിയ്യ ഹനീഫ് عَنْ عَبْدِ اللَّهِ بْنِ عَمْرٍو، عَنِ النَّبِيِّ صَلَّى اللهُ عَلَيْهِ وَسَلَّمَ، قَالَ: «خَصْلَتَانِ، أَوْ خَلَّتَانِ لَا يُحَافِظُ عَلَيْهِمَا عَبْدٌ مُسْلِمٌ إِلَّا دَخَلَ الْجَنَّةَ، هُمَا يَسِيرٌ، وَمَنْ يَعْمَلُ بِهِمَا قَلِيلٌ، يُسَبِّحُ فِي دُبُرِ كُلِّ صَلَاةٍ عَشْرًا، وَيَحْمَدُ عَشْرًا، وَيُكَبِّرُ عَشْرًا، فَذَلِكَ خَمْسُونَ وَمِائَةٌ بِاللِّسَانِ، وَأَلْفٌ وَخَمْسُ مِائَةٍ فِي الْمِيزَانِ، وَيُكَبِّرُ أَرْبَعًا وَثَلَاثِينَ إِذَا أَخَذَ مَضْجَعَهُ، وَيَحْمَدُ ثَلَاثًا وَثَلَاثِينَ، وَيُسَبِّحُ ثَلَاثًا وَثَلَاثِينَ، فَذَلِكَ مِائَةٌ بِاللِّسَانِ، وَأَلْفٌ فِي الْمِيزَانِ» فَلَقَدْ رَأَيْتُ رَسُولَ اللَّهِ صَلَّى اللهُ عَلَيْهِ وَسَلَّمَ يَعْقِدُهَا بِيَدِهِ، قَالُوا: يَا رَسُولَ اللَّهِ كَيْفَ هُمَا يَسِيرٌ وَمَنْ يَعْمَلُ بِهِمَا قَلِيلٌ؟ قَالَ: «يَأْتِي أَحَدَكُمْ - يَعْنِي الشَّيْطَانَ - فِي مَنَامِهِ فَيُنَوِّمُهُ قَبْلَ أَنْ يَقُولَهُ، وَيَأْتِيهِ فِي صَلَاتِهِ فَيُذَكِّرُهُ حَاجَةً قَبْلَ أَنْ يَقُولَهَا» (أحمد وأبو داود - وصححه الألباني) وفي رواية:"فَأَيُّكُمْ يَعْمَلُ فِي الْيَوْمِ وَاللَّيْلَةِ أَلْفَيْنِ وَخَمْسَمِائَةِ سَيِّئَةٍ؟" (البخاري في الأدب المفرد) وفي رواية: خَصْلَتَانِ لَا يُحْصِيهُمَا رَجُلٌ مُسْلِمٌ إِلَّا دَخَلَ الْجَنَّةَ هُمَا يَسِيرٌ وَمَنْ يَعْمَلُ بِهِمَا قَلِيلٌ يُسَبِّح اللَّهَ دُبُرَ كُلِّ صَلَاةٍ عَشْرًا ... (ابن حبان وصححه الألباني) وفي رواية:"فَأَيُّكُمْ يَعْمَلُ فِي الْيَوْمِ وَاللَّيْلَةِ أَلْفَيْنِ وَخَمْسَمِائَةِ سَيِّئَةٍ؟" (البخاري في الأدب المفرد)
|
IslamBooks.inBooks and Articles on Islam, correct and pure. Archives
December 2020
Categories
All
|
ഇസ്ലാം ബുക്ക്സ്
ഖുർആനും സുന്നത്തും സലഫുകളുടെ മൻഹജ് അനുസരിച്ചു മനസ്സിലാക്കാനും പഠിക്കാനും മലയാളികൾക്ക് അവസരമൊരുക്കുക എന്നതാണ് ഇത് കൊണ്ട് ലക്ഷ്യമാക്കുന്നത്. വിശ്വസ്തരായ സലഫീ ഉലമാക്കളുടെ ഗ്രന്ഥങ്ങളും കഴമ്പുള്ള ലേഖന സമാഹാരങ്ങളും മൊഴിമാറ്റം ചെയ്ത് കേരളീയ മുസ്‌ലിം സംവേദനത്തിനു പരിചയപ്പെടുത്താനുള്ള എളിയ ശ്രമമാണിവിടെ. സാധാരണക്കാരായ മുസ്‌ലിം യുവതക്ക് സലഫുകളുടെ ഫഹമു അനുസരിച്ച് ഇസ്‌ലാമിക വിഷയങ്ങളിലുള്ള നിലപാടുകൾ മനസ്സിലാക്കാനും അവ പഠിക്കാനും ജീവിതത്തിൽ പ്രയോഗവൽക്കരിക്കാനും സാധിച്ചാൽ ഞങ്ങൾ കൃതാർത്ഥരായി. |
© 2020. IslamBooks.in - All Rights Reserved.
|