തസ്‌ബീഹിന്റെ വിവക്ഷ, ഞാൻ അല്ലാഹുവിന്റെ വിശുദ്ധിയെ വാഴ്ത്തുകയും പ്രകീർത്തിക്കുകയും ചെയ്യുന്നു എന്നതാണ്. അവന്റെ വിശുദ്ധിയുടെ അടിസ്ഥാനം, അവനുമായി ബന്ധപ്പെട്ട് എല്ലാം അവനു മാത്രമുള്ളതാണ് എന്നത്. അതിൽ ഒട്ടും കളങ്കമോ കലർപ്പോ ഇല്ല. അവനുമായി ബന്ധപ്പെട്ട കാര്യങ്ങൾ എന്നതു കൊണ്ട് ഉദ്ദേശിക്കുന്നത് അവന്റെ സത്താപരമായ കാര്യങ്ങൾ, ഉൽകൃഷ്ടമായ നാമങ്ങൾ, ഉന്നതമായ ഗുണവിശേഷങ്ങൾ, അതുല്യമായ പ്രവർത്തനങ്ങൾ, അനന്യമായ അധികാരാവകാശങ്ങൾ പോലുള്ളവയാണ്. അവന്റെ കാര്യങ്ങൾ അവനു മാത്രം അവകാശപ്പെട്ടതാണ്. അതിൽ പെട്ട ഒന്നും മറ്റൊരാൾക്കും ഉണ്ടാവുകയില്ല. മറ്റുള്ളവരുടെ കാര്യങ്ങൾ ഒന്നും അവനു ചേരുകയുമില്ല.
ഉദാഹരണമായി അവന്റെ സത്ത അവനു മാത്രം അവകാശപ്പെട്ടതാണ്. അത് പരിപൂർണ്ണവും അന്യൂനവും അതിമനോഹരവുമാണ്. അതേ പോലുള്ള സത്ത മറ്റൊരാൾക്കും ഇല്ല. മറ്റുള്ളവരുടെ സത്ത അവനു ചേരുകയുമില്ല. സത്താപരമായി, കലർപ്പും കളങ്കവുമേശാത്ത വിശുദ്ധനും പർണ്ണനുമാണ് അല്ലാഹു. അവന്റെ നാമങ്ങളും ഗുണവിശേഷങ്ങളും അവനു മാത്രം അവകാശപ്പെട്ടതാണ്. അവ പരിപൂർണ്ണവും കുറ്റമറ്റതും മനോഹരവുമാണ്. മറ്റൊരാൾക്കും അതുപോലുള്ള നാമ ഗുണവിശേഷങ്ങളില്ല. മറ്റുള്ളവരുടെ നാമങ്ങളോ ഗുണവിശേഷങ്ങളോ അവനു ചേരുകയുമില്ല. നാമ ഗുണവിശേഷങ്ങളിൽ അവൻ പൂർണ്ണനും വിശുദ്ധനുമാണ്. അവയിൽ യാതൊരു കളങ്കവും കലർപ്പുമില്ല എന്ന് സാരം. അവന്റെ പ്രവർത്തനങ്ങൾ അവനുമാത്രം അവകാശപ്പെട്ടതാണ്. അവന്റെ ചെയ്തികൾ പൂർണ്ണവും സുന്ദരവും ഭദ്രവുമായിരിക്കും. മറ്റാർക്കും അതു പോലെ പ്രവർത്തിക്കാനാവില്ല. മറ്റുള്ളവരുടെ പ്രവർത്തനങ്ങൾ അവനു ചേരുകയുമില്ല. അവന്റെ പ്രവർത്തനങ്ങൾ അവനു മാത്രം അവകാശപ്പെട്ടതാണ്. അവ ഒരു തരത്തിലുള്ള കലർപ്പും കളങ്കവും ചേർന്നിട്ടില്ലാത്ത വിശുദ്ധവും കുറ്റമറ്റതുമായ പ്രവർത്തനങ്ങളാണ്. അവന്റെ അധികാരാവകാശങ്ങളുടെ കാര്യമാവട്ടെ അവനുമായി ബന്ധപ്പെട്ട മറ്റു കാര്യങ്ങളാവട്ടെ അവയുടെയെല്ലാം സ്ഥിതിയും ഇങ്ങനെ തന്നെ. അവനെ സമാനമായി മറ്റൊരുവനോ, അവന്റെ കാര്യങ്ങളിൽ പങ്കുള്ളവനോ, അവനു സഹായി ആയി വർത്തിക്കുന്നവനോ, അവന്റെയടുക്കൽ അനുവാദമില്ലാതെ ശിപാർശ പറയാൻ സാധീനമുള്ളവനോ ആയി ഒരാളുമില്ല. അല്ലാഹുവിന്റെ കാര്യം അത്രമേൽ വിശുദ്ധമാണ്. കലർപ്പില്ലാത്തതാണ്. ഈ വിശുദ്ധിയാവട്ടെ അവന്റെ ഏകത്വത്തിന്റെ അനിവാര്യതയും താൽപര്യവുമാണ്. എന്നാൽ, അറിവില്ലാത്തവരും അക്രമികളുമായ ജനങ്ങൾ അവന്റെ വിശുദ്ധി കളങ്കപ്പെടുത്തുന്ന രൂപത്തിൽ വ്യാജമായ ദുരാരോപണങ്ങൾ കെട്ടിച്ചക്കുന്നു. അവനു പുത്രന്മാരെയും പുത്രിമാരെയും നിശ്ചയിക്കുന്നു. അവന്റെയടുക്കൽ സ്വാധീനമുള്ള ശിപാർശക്കാരെ സ്ഥാപിക്കുന്നു. അവന്റെ ഉൽകൃഷ്ടമായ നാമങ്ങൾ സൃഷ്ടികൾക്ക് നൽകുന്നു, സ്വയം മെനഞ്ഞുണ്ടാക്കിയതോ സൃഷ്ടികൾക്ക് ഉപയോഗിക്കുന്നതോ ആയ നാമങ്ങൾ അവനു ചാർത്തുന്നു. അവന്റെ അതുല്യമായ ഗുണവിശേഷങ്ങൾ സൃഷ്ടികൾക്ക് പതിച്ചു കൊടുക്കുന്നു. സൃഷ്ടികളുടെ ഗുണവിശേഷങ്ങൾ അവനിൽ ആരോപിക്കുന്നു. അവന്റെ ചെയ്തികൾ സൃഷ്ടികളുടെ പേരിൽ വക ചേർക്കുന്നു. സൃഷ്ടികളുടേത് അവനിൽ ആരോപിക്കുന്നു. അവന്റെ അധികാരാവകാശങ്ങൾ സൃഷ്ടികൾക്ക് വകവെച്ചുകൊടുക്കുന്നു. സൃഷ്ടികളുടെ അപൂർണ്ണമായ അധികാരവകാശങ്ങൾ അവനോട് ചേർക്കുന്നു. ഇങ്ങനെ എന്തെല്ലാം ദുരാരോപണങ്ങൾ! മനുഷ്യൻ എത്ര വലിയ അക്രമി! വിവരദോഷി!! നന്ദികെട്ടവൻ!!! 'സുബ്ഹാനല്ലാഹ്' എന്ന് ഉരുവിടുന്ന ഒരു വിശ്വാസി പ്രഖ്യാപിക്കുന്നത്: ✓ താൻ നന്ദികെട്ടവനോ, അക്രമിയായ വിവരദോഷിയോ അല്ല ✓ അല്ലാഹുവിന്റെ വിശുദ്ധിയെയും ഏകത്വത്തെയും കളങ്കപ്പെടുത്താൻ താൻ ഒരുക്കമല്ല ✓ അവന്റെ ഏകത്വത്തിന്റെ താൽപര്യമായ ഈ വിശുദ്ധിയെ ഞാൻ സദാ വാഴ്ത്തുന്നു ✓ വിവരദോഷികളായ അക്രമികളുടെ എല്ലാ വിധ ദുരാരോപണങ്ങളെയും നിരാകരിക്കുന്നു ✓ ദുരാരോപണങ്ങളിൽ നിന്നെല്ലാം അവന്റെ ഏകത്വവും വിശുദ്ധിയും ഉയർത്തിപ്പിടിക്കുന്നു. ഇതാണ് തസ്‌ബീഹ്. ഇതാണ് 'സുബ്‌ഹാനല്ലാഹ്' എന്നതിന്റെ നിഹിതാർത്ഥങ്ങൾ. അല്ലാഹുവിനെ അറിയൂ, അറിഞ്ഞു കൊണ്ട് ആരാധിക്കൂ. അതായിരിക്കും സാർത്ഥകമായ ആരാധന. — അബൂ ത്വാരിഖ് സുബൈർ മുഹമ്മദ്
0 Comments
Your comment will be posted after it is approved.
Leave a Reply. |
IslamBooks.inBooks and Articles on Islam, correct and pure. Archives
August 2024
Categories
All
|