ഹദീസ് പഠിക്കുമ്പോൾ മനുഷ്യൻ... ഈ പ്രപഞ്ചത്തിലെ മഹാവിസ്മയങ്ങളിൽ ഒന്ന്. സർഗ്ഗശേഷിയും പ്രതിഭാധനത്വവും കൊണ്ട് അനുഗൃഹീതൻ. സ്വതന്ത്രമായി ആവിഷ്കരിക്കാനും സ്വയം നിർമ്മിക്കാനും കഴിവുള്ളവൻ. വിപുലമായ സാധ്യതകളുള്ള സവിശേഷമായ അസ്തിത്വത്തിന്റെ ഉടമ. അനശ്വരതക്കു വേണ്ടിയുള്ള അടങ്ങാത്ത ദാഹം. ആത്മപ്രകാശനത്തിന്റെ വഴികൾ തേടിയുള്ള യാത്രകൾ. കല, സാഹിത്യം, സംഗീതം, ശാസ്ത്രം, ഗണിതം, തത്വചിന്ത, നിരൂപണം, ലാവണ്യം, ആസ്വാദനം... എല്ലാം ഈ യാത്രകളിൽ കണ്ട വഴിയടയാളങ്ങൾ. അവയൊന്നും ദാഹം തീർക്കാൻ മാത്രം ഉതകുന്നില്ല. മൃഗതൃഷ്ണ പോലെ മോഹിപ്പിച്ച് നിരാശപ്പെടുത്തുക മാത്രം. ലക്ഷ്യത്തിന് രണ്ടു പടി ഇപ്പുറം നിന്നു പോകുന്ന പോലെ ചുണ്ടിനും കപ്പിനും ഇടയിൽ ഇനിയുമെത്ര ദൂരം!!! ഞാൻ ആത്മാവിൽ അനുഭവിക്കുന്നത് വാദിഈ മുമ്പേ പറഞ്ഞു. അല്ലാഹുവിന്റെ കരുണാ കടാക്ഷം അദ്ദേഹത്തിനുമേൽ വർഷിക്കട്ടെ. അസ്സ്വഹീഹുൽ മുസ്നദ് 1/9 നമുക്ക് വായിക്കാം: وإني إذا فتحت صحيح البخاري وقلت: قال الإمام البخاري رحمه الله: حدثنا عبد الله بن يوسف قال: حدثنا مالك أو فتحت صحیح مسلم وقلت: قال الإمام مسلم رحمه الله: حدثنا يحي بن يحي قال: قرأت على مالك أنسى جميع مشاغل الدنيا ومشاكلها [الشيخ مقبل الوادعي في الصحيح المسند 9/1] «സ്വഹീഹുൽ ബുഖാരി തുറന്നുവെച്ച് ഞാൻ വായിച്ചു തുടങ്ങിയാൽ “ഇമാം ബുഖാരി പറയുന്നു: നമുക്ക് ഈ ഹദീസ് ഉദ്ധരിച്ചു തന്നത് അബ്ദുല്ലാഹ് ബിൻ യൂസുഫ്. അദ്ദേഹം പറയുന്നു: നമുക്ക് ഈ ഹദീസ് ഉദ്ധരിച്ചു തന്നത് മാലിക്... " അല്ലെങ്കിൽ, സ്വഹീഹു മുസ്‌ലിം തുറന്നുവെച്ച് ഞാൻ വായിച്ചു തുടങ്ങിയാൽ “ഇമാം മുസ്‌ലിം പറയുന്നു: നമുക്ക് ഈ ഹദീസ് ഉദ്ധരിച്ചു തന്നത് യഹ്യാ ബിൻ യഹ്യാ. അദ്ദേഹം പറയുന്നു: ഇതു നാം മാലിക് മുമ്പാകെ വായിച്ച് സ്ഥിരപ്പെടുത്തിയത്... " ദുനിയാവിന്റെ എല്ലാ വ്യവഹാരങ്ങളും വ്യാകുലതകളും ഞാൻ മറക്കും. » ഇമാം ബുഖാരിയുടെ കൂടെ ഒരു യാത്ര, മഹാന്മാരായ ഗുരുവര്യന്മാരെയെല്ലാം സന്ദർശിക്കാനുള്ള സുവർണ്ണാവസരം, സമയ രഥത്തിൽ പിറകോട്ടുള്ള യാനം, അറിവിന്റെ തീരത്തിരുന്ന് നബി صلى الله عليه وسلم-യെയും അനുചരന്മാരെയും കേൾക്കാനുള്ള മഹാഭാഗ്യം, ദുനിയാവിന്റെ അതിരുകൾ ഭേദിച്ച് അനശ്വരതയിൽ എവിടെയോ ആത്മീയതയുടെ ഓരമണയുന്ന അനുഭവം. ഇതാണ് വഴി, തനതായ വഴി, ലക്ഷ്യത്തിലെത്തുന്ന വഴി. മറ്റുള്ളവയെല്ലാം മായ. ഞാൻ ആസ്വദിക്കാൻ ശ്രമിച്ച പ്രതിഭാവിലാസങ്ങളും ആത്മപ്രകാശനങ്ങളും സർഗ്ഗക്രിയകളും എല്ലാം എല്ലാം ഇടുങ്ങിവരുന്നു, ഇരുട്ട് മൂടുന്നു, പ്രതിസന്ധികളിൽ മുട്ടി മുടങ്ങി നിൽക്കുന്നു. ഇതു മാത്രം മറിച്ചാണ്. അത് എന്നെ തുറന്നു വിടുന്നു, വിശാലതകളുടെ അനന്ത വിഹായുസ്സിലേക്ക്, അനുഭൂതികളുടെ അവാച്യമായ തലങ്ങളിലേക്ക്. അനുഭവിച്ചവനല്ലേ അറിയൂ. അനുകരിക്കുന്നവൻ അഭിനയിക്കുകയാവും. കേട്ടുകേൾവിക്കാർ അന്തംവിടുകയും ചെയ്യും. اللهم الرفيق الأعلى — അബൂ ത്വാരിഖ് സുബൈർ മുഹമ്മദ് حفظه الله تعالى
0 Comments
Your comment will be posted after it is approved.
Leave a Reply. |
IslamBooks.inBooks and Articles on Islam, correct and pure. Archives
August 2024
Categories
All
|