ഇസ്വലാഹീ പ്രസ്ഥാനമെന്ന പേരിൽ അറിയപ്പെടുന്ന നദ്വത്തുൽ മുജാഹിദീൻ, എത്ര ന്യൂനതകൾ പറയാനുണ്ടെങ്കിലും, അതിനു ചൂടു തണയാനനുവദിക്കാതെ മാറോടു ചേർത്ത ഒരു അന്യൂന സത്യമുണ്ടായിരുന്നു. പുതുതലമുറയിലെ എല്ലാവർക്കും അത്ര കൃത്യമായി ഓർക്കാൻ കഴിയില്ലെങ്കിലും, പഴയ തലമുറയിലെ എല്ലാവരും ഒരുപോലെ മറക്കാൻ മടിച്ച ഒരു ആദർശമുണ്ടായിരുന്നു; അവർക്ക് അവരുടെ ഗതകാല സ്മരണകൾ പങ്കു വെക്കുമ്പോൾ അയവിറക്കാൻ.. ഏതൊരു മുജാഹിദ് ആശയക്കാരനും ആത്മാഭിമാനത്തോടെ പൊക്കിപ്പിടിച്ച തൗഹീദിന്റെ ധ്വജം ഞങ്ങൾ അഴിച്ചു താഴെ വെച്ചുവെന്ന് മാലോകരെ മൈക്ക് കെട്ടിപ്പറഞ്ഞ സമ്മേളനമാണ് ഡോക്ടർ ഹുസൈൻ മടവൂരിന്റെ നേതൃത്വത്തിൽ കോട്ടക്കലിൽ കൊടിയിറങ്ങിയത്.
തൗഹീദ് മാത്രം പ്രബോധനം ചെയ്യാൻ വേണ്ടി കഴിഞ്ഞ നൂറ്റാണ്ടിലെ പണ്ടിതന്മാനർ സ്ഥാപിച്ച ഒരു പ്രസ്ഥാനത്തിൽ നിന്ന്, ഏതാണ്ട് പത്തു പന്ത്രണ്ടു കൊല്ലങ്ങൾക്ക് മുമ്പ് യുവജനങ്ങളെ അടർത്തി മാറ്റി, ആദർശത്തിന്റെ ദിശ മാറ്റുമ്പോൾ, ജമായത്തെ ഇസ്ലാമി പോലും കരുതിയിരിക്കില്ല, തങ്ങൾക്കൊരു ഇരട്ട സഹോദരൻ പിറവി കൊള്ളാനുള്ള പേറ്റ് നോവാണിതെന്ന്. ആവിർഭാവ കാലം തൊട്ടുതന്നെ, ജമായത്തെ ഇസ്ലാമിയുടെ, ഇസ്ലാമിനു അന്യമായ രാഷ്ട്രീയ അജണ്ടകളെ ശക്തിയുക്തം എതിർക്കുകയും, വിശ്വാസ പ്രമാണങ്ങളിലാണ് ദഅവത്തിൽ പ്രഥമവും പ്രധാനവുമായ പരിഗണനയെന്നും ജമായത്തടക്കമുള്ള ആളുകളെ ഉൽബോധിപ്പിച്ചു പോന്ന മുജാഹിദ് പ്രസ്ഥാനത്തിന്റെ പുതിയ തലമുറ, നാളിതു വരെ തങ്ങൾ വിമർശന വിധേയമാക്കിയ ജമായത്തിന്റെ വികല വാദങ്ങളുടെ അനന്തരാവകാശികളായി എന്നത് ചരിത്രത്തിന്റെ പല വൈരുധ്യങ്ങളിൽ ഒന്നാകാം. വളരെ ചുരുങ്ങിയ കാലം കൊണ്ട് തന്നെ തന്ത്രപരമായി ആദർശ ചക്രത്തിന്റെ ദിശ വിജയകരമായി തിരിച്ചു വെക്കാൻ കഴിഞ്ഞുവെന്നതു മടവൂർ സാഹിബിന്റെ ആസൂത്രണമികവായി വേണമെങ്കിൽ പറയാം. കളകൾക്ക് വളമിടേണ്ടതില്ലാത്തത് പോലെ, ശിർക്കിനും ബിദ്അത്തിനുമൊന്നും പ്രത്യേകം പരിചരണമാവശ്യമില്ല. എന്നാൽ കേരളത്തിന്റെ സ്ഥിതി അതല്ല. ശിർക്കും ബിദ്അത്തുമെല്ലാം ഗവേഷണം നടത്തി ഉൽപാദിപ്പിച്ച് വിപണനവും വ്യാപാരവും നടത്തുന്ന നാടാണത്. അതിന് ആളുകളും സ്ഥാപനങ്ങളും വിളനിലങ്ങളുമുണ്ട്. തൗഹീദിന്റെയൊ സുന്നത്തിന്റെയോ വെള്ളവും വെളിച്ചവും കടക്കാത്ത ഇരുട്ടറകൾ ഏറെയുണ്ട് കേരളത്തിന്റെ മലമടക്കുകളിൽ. മറ്റാരും ഏറ്റെടുക്കാനില്ലാത്ത തൗഹീദിന്റെ ധ്വജം താഴെ വെക്കാൻ നിങ്ങൾക്കെങ്ങിനെ കഴിഞ്ഞു? നാളെ, തൗഹീദിന്റെ പ്രചാരണം ഏറ്റെടുത്ത മുജാഹിദ് പ്രസ്ഥാനത്തിന്റെ നന്ദിയില്ലാത്ത അനന്തരാവകാശികളായി ചരിത്രം നിങ്ങളെ വായിക്കും. മനുഷ്യ വിഭവ ശേഷിയുടെ സമാഹരണത്തിലും അച്ചടക്ക-പരസ്പര സഹകരണത്തിലും സാങ്കേതികത്തികവിലും നിങ്ങൾക്ക് മേന്മയവകാശപ്പെടാം. ഇക്കാര്യങ്ങൾ ആധുനിക മാധ്യമങ്ങൾ ഒപ്പിയെടുത്തു കാതോടു കാതോരമെത്തിക്കാം. ആധുനിക കേരളത്തിലെ സമ്മേളനങ്ങൾക്കിതൊരു തിരുത്താകാം. അങ്ങിനെ അനേകമനേകം നേട്ടങ്ങൾ പൊലിപ്പിച്ചു പറഞ്ഞു സാധാരണ ജനങ്ങളെ വീണ്ടും വീണ്ടും കഴുതകളാക്കാം പക്ഷെ, കാര്യം അവിടെയൊന്നും നിൽക്കില്ലല്ലൊ ! ഏതു സംഘടനക്കും ചെയ്യാൻ കഴിയുന്ന ഈ കാര്യങ്ങൾക്ക് വേണ്ടി മുജാഹിദ് പ്രസ്ഥാനം ആവശ്യമുണ്ടോ? അതാണോ ശിർക്കിലും ബിദ്അത്തിലും മുങ്ങിക്കൊണ്ടിരിക്കുന്ന മുസ്ലിം പൊതു ജനത്തിന് മുജാഹിദുകൾക്കു നൽകാനുള്ളത് ? അതിനു വേണ്ടി ഇത്രയും ഭാരിച്ച മാനവ-സാമ്പത്തിക വിഭവങ്ങൾ സമാഹരിക്കുകയും വ്യയം ചെയ്യുകയും ചെയ്യേണ്ടതുണ്ടോ? തങ്ങളുടെ അസ്തിത്വ പ്രദർശന ജാഡ സാധാരണ ജീവിതത്തെ എങ്ങിനെ ദുസ്സഹമാക്കുന്നുവെന്ന്, ഇവിടെയുള്ള മുഴുവൻ സംഘടനകൾക്കും ഒരു പുനർവിചിന്തനം നടത്താൻ ഇതൊരു ഹേതുവായെങ്കിൽ എന്നാഗ്രഹിച്ചു പോവുകയാണ്. തൗഹീദീ പ്രബോധനത്തിന് വേണ്ടി മാത്രം സ്ഥാപിതമായ മുജാഹിദ് പ്രസ്ഥാനം, അതിന്റെ സ്ഥാപിത ലക്ഷ്യത്തിൽ നിന്ന് പിന്നാക്കം പോയിയെന്നത്, ഈ സമ്മേളനത്തോട് കൂടി ഏറെക്കുറെ എല്ലാവർക്കും ബോധ്യമായിക്കഴിഞ്ഞു. ഒരു മത പ്രബോധന സംഘടനക്കു അനിവാര്യമോ, ആവശ്യമോ പോലുമല്ലാത്ത സാമൂഹിക വിഷയങ്ങളിൽ ശ്രദ്ധ കേന്ദ്രീകരിക്കുമ്പോൾ, മറ്റാരും ഏറ്റെടുക്കാനില്ലാത്ത, തൗഹീദീ പ്രബോധനത്തിനു വേണ്ടി സമാഹരിക്കപ്പെടേണ്ട യുവ സമൂഹത്തിന്റെ കർമശേഷി മറ്റു വഴികളിൽ നശിപ്പിക്കുകയാണ്. ഒഴുക്കിന് അനുസരിച്ച് നീന്തുകയെന്നതു ഒരു സംഭവമല്ല. സമൂഹത്തിന്റെ പൊതുധാരയിൽ ലയിച്ചു ചേരാൻ പ്രത്യേകിച്ച് ഒന്നും ചെയ്യേണ്ടതില്ല. സാമൂഹിക വിപത്തുകളും, അധാർമികപ്രവണതകളും അസാന്മാർഗിക പ്രവർത്തനങ്ങളും മുമ്പത്തേക്കാൾ വർധിതവീര്യത്തിലും അളവിലും സമൂഹത്തിൽ നിലനിൽക്കുന്നുണ്ടെങ്കിലും, അതിനു നേരെയുള്ള സാമൂഹിക മനസ്സാക്ഷിയുടെ പ്രതികരണങ്ങളും വളരെ ശക്തമാണിന്ന്. വന നശീകരണം, ജല മലിനീകരണം, സ്ത്രീ പീഡനങ്ങൾ, ബാല പീഡനങ്ങൾ തുടങ്ങിയവക്കെതിരെ സർക്കാരും സമൂഹവും ജാഗ്രത പുലർത്തുന്നുണ്ട്. മരങ്ങൾ വെച്ച് പിടിപ്പിക്കാനും, പരമ്പരാഗത ജല സ്രോദസ്സുകൾ സംരക്ഷിക്കാനും സർക്കാർ തലത്തിലും അല്ലാതെയും മികച്ച സംവിധാനങ്ങളുണ്ട്. കൂടാതെ അതിനു വേണ്ടി സ്കൂൾ വിദ്യാർഥികളിലും പൊതു ജനങ്ങളിലും ബോധവൽക്കരണ ശ്രമങ്ങൾ നിരന്തരമായി നടക്കുന്നുണ്ട്. സ്ത്രീ-ബാല പീഡനങ്ങൾ നിരീക്ഷിക്കാനും കുട്ടികൾക്ക് നേരെയുള്ള അതിക്രമങ്ങൾ ഇല്ലാതാക്കാനും സർക്കാരും സന്നദ്ധ സേവകരും കൈകോർത്ത് പ്രവർത്തിക്കുന്നു. കാർഷിക ആരോഗ്യ മേഖലകളിലും അനിതര സാധാരണമായ മുന്നേറ്റമാണ് കേരളത്തിൽ കണ്ടു കൊണ്ടിരിക്കുന്നത്. കുടുംബശ്രീകളിലൂടെയും മറ്റു സംവിധാനത്തിലൂടെയും സർക്കാർ അത് നടപ്പാക്കിക്കൊണ്ടിരിക്കുന്നു. ഇതിനോട് ആനുകാലിക പ്രസിദ്ധീകരണങ്ങളും പ്രിൻറ്റ്-വിഷ്വൽ മീഡിയയും പൂർണ്ണമായി സഹകരിക്കുന്നു. ഇതാണ് ഇന്നത്തെ കേരളത്തിലെ സാമൂഹ്യജീവിതത്തിന്റെ നേർചിത്രം. ചുരുക്കത്തിൽ, ഇവിടെയുള്ള കാക്കത്തൊള്ളായിരം സംഘടനകളും സാമൂഹിക പ്രവർത്തകരും ഒരുമിച്ചും അല്ലാതെയും നിറഞ്ഞാടുന്ന, ഇസ്‌ലാം മതവുമായോ ദഅവത്തുമായോ കാര്യമായ ബന്ധമൊന്നുമില്ലാത്ത വിഷയങ്ങളിൽ നദ് വത്തുൽ മുജാഹിദ് ഇടപെട്ടില്ലെങ്കിൽ ഇവിടെ ഒന്നും സംഭവിക്കാൻ പോകുന്നില്ല. ഞാൻ പറഞ്ഞിട്ടറിയേണ്ടതില്ലാത്ത ഇക്കാര്യം, ഇവിടെ സൂചിപ്പിച്ചത്, ഇതൊക്കെ ഇവിട നിർബാധം നടക്കുന്നുണ്ടെന്നും, ഇതിനു വേണ്ടി മുജാഹിദ് പ്രസ്ഥാനം വിയർപ്പൊഴുക്കേണ്ട കാര്യമില്ലായെന്നും ഓർമിപ്പിക്കാനാണ്. എന്നല്ല, അതിനേക്കാൾ അധികമായി, ഇത്തരം പ്രവർത്തനങ്ങൾ ഏകോപിപ്പിക്കുകയും മനുഷ്യസമൂഹത്തിന്റെ ഭൗതികമായ സുഖങ്ങളും ക്ഷേമങ്ങളുമായിരുന്നില്ല പ്രവാചക നിയോഗത്തിന്റെ ആത്യന്തികലക്ഷ്യമെന്നും ബോധ്യപ്പെടുത്താനാണ്. നബി സ്വല്ലള്ളാഹു അലൈഹി വ സല്ലമയും സ്വഹാബത്തും മനുഷ്യവർഗത്തിന്റെ പാരത്രിക ജീവിതം വിജയപ്രദമാക്കാനാണ് പ്രയത്നിച്ചത്. അല്ലാഹുവിന്റെ കലാമായ ഖുർആൻ സ്വഹാബികൾക്ക് പാരായണം ചെയ്തു പഠിപ്പിക്കുകയും അത് അമലാക്കാൻ അവരെ പ്രോത്സാഹിപ്പിക്കുകയുമായിരുന്നു നബി സ്വല്ലള്ളാഹു അലൈഹി വ സല്ലമ. നബിയുടെ തിരുസന്നിധിയിൽ നിന്ന് കേൾക്കാൻ സ്വഹാബിമാർ ഊഴമിട്ടു പോകാറായിരുന്നു പതിവ്. ഭൌതിക ജീവിത സാഹചര്യങ്ങൾ മോശമായ ഒരുപാട് സ്വഹാബികൾ മദീനയിൽ പള്ളിയിൽ ഉണ്ടായിരുന്നു. സമ്പന്നരായ സ്വഹാബികളും മദീനയിൽ ജീവിച്ചിരുന്നു. അവരെല്ലാം ഒരുമിച്ചാണ് അല്ലാഹുവിന്റെ ദീൻ പഠിക്കുകയും പ്രയോഗവൽക്കരിക്കുകയും ചെയ്തത്. മനുഷ്യരിൽ മഹോന്നതനായ റസൂൽ സ്വല്ലള്ളാഹു അലൈഹി വ സല്ലം മനുഷ്യ കുലം കണ്ട ഏറ്റവും വലിയ വിമോചകനായിരുന്നു. മാനവികതയുടെ മികച്ച സന്ദേശങ്ങൾ പഠിപ്പിച്ച പ്രവാചകനെക്കാൾ വലിയ മാനവികനില്ല. പക്ഷെ, ഇന്ന് മാനവികതയുടെ മേൽവിലാസത്തിൽ മതപ്രബോധാനത്തിന്റെ ബാനർ പിടിച്ച് ഇസ്ലാമിക സംഘടനകൾ ചെയ്തു കൊണ്ടിരിക്കുന്ന കാര്യങ്ങളൊന്നും അദ്ദേഹം ചെയ്തിട്ടില്ല. നബി ചര്യയുമായി പൊരുത്തപ്പെടാതെ മുഴച്ചു നിൽക്കുന്ന ഈ അന്തരം മുജാഹിദ് പ്രസ്ഥാനത്തിന് തിരിച്ചറിയാൻ കഴിയാതെ പോയി എന്നത് അപകടത്തിന്റെ മണി മുഴക്കം സൃഷ്ടിക്കുന്നു. സാധാരണ സാമൂഹിക വിഷയങ്ങൾ പറഞ്ഞ് തെരുവ് നാടകങ്ങൾ നടത്തി കാലം കഴിച്ച ജമായത്തെ ഇസ്ലാമിയുടെ നിലവാരത്തിലേക്ക് നവോദ്ധാനം അവകാശപ്പെടുന്ന ഒരു പ്രസ്ഥാനം കൂപ്പു കുത്തുമ്പോൾ സംഭവിക്കുന്ന ആന്തോളനങ്ങൾ നിസ്സാരങ്ങളല്ല. ഈ വ്യതിയാനം മുന്നിൽ കണ്ടിട്ടെന്ന പോലെ, ജമായത്തുകാർ ചുവടു മാറ്റി സമ്പൂർണ രാഷ്ട്രീയത്തിലേക്ക് ചേക്കേറിയത് കാര്യങ്ങൾ കൂടുതൽ എളുപ്പമാക്കി. സമ്മേളനം ഉദ്ഘാടനം ചെയ്യാൻ ഇവർ താങ്ങിക്കൊണ്ട് വന്നത് വഹീദുദീൻ ഖാൻ എന്ന് പേരുള്ള "ആത്മീയ" നേതാവിനെയാണ്. അയാളുടെ അഖീദ എന്താണെന്നോ മൻഹജ് ഏതാണെന്നോ ഇവർക്ക് തന്നെ അറിയില്ല. അതിനെക്കുറിച്ച് ചോദിച്ചാൽ കിട്ടുന്ന മറുപടിയാകട്ടെ അതീവ രസകരമാണ്. മുജാഹിദ് പ്രസ്ഥാനത്തിന്റെ സമ്മേളനങ്ങൾ ഉദ്ഘാടനം ചെയ്യാൻ ക്ഷണിക്കുമ്പോൾ ആദർശബന്ധുക്കളാണോ എന്ന കാര്യം പരിഗണിക്കാറില്ലായെന്നാണ്. ഈ വാദം അക്ഷരാർത്ഥത്തിൽ ശെരിയാണ്. എന്നാൽ തൗഹീദും സുന്നത്തും സ്ഥാപിക്കാനും പ്രചരിപ്പിക്കാനും ജീവിതം ഉഴിഞ്ഞുവെച്ചുവെന്നവകാശപ്പെടുന്ന മുജാഹിദ് പ്രസ്ഥാനത്തിന്റെ അതിമഹത്തായ വിശ്വാസക്കൂട്ടായ്മയും ദഅവത്തിന്റെ വമ്പിച്ച വേദിയുമായി പറയപ്പെടുന്ന സമ്മേളനങ്ങൾ ഉദ്ഘാടനം ചെയ്യേണ്ടത് ആരായിരിക്കണം? ഇന്ന് ജീവിച്ചിരിക്കുന്ന സലഫീ പണ്ഡിതന്മാരിൽ ഏറ്റവും കൂടുതൽ ഇൽമും പ്രായവുമുള്ള ആളായിരുന്നില്ലേ അത് നിർവ്വഹിക്കെണ്ടിയിരുന്നത്? അന്യ മതസ്ഥരെയും കപടരാഷ്ട്രീയക്കാരേയും, ആനയിച്ചു കൊണ്ട് വന്ന് സാധാരണ മുസ്‌ലിം ജന സാമാന്യത്തിനു മുമ്പിൽ ബഡായി പറയാൻ അവസരമൊരുക്കിയത് ഇസ്‌ലാമിക ദഅവത്തിന്റെ ഏതു കോളത്തിലാണ് ഇവർ എഴുതിച്ചേർക്കുക? നബി സ്വല്ലള്ളാഹു അലൈഹി വ സല്ലം, ഉത്ബതിനെയും, ശൈബത്തിനെയും, ഉബയ്യുബ്നു ഖലഫിനെയുമൊക്കെ ക്ഷണിച്ചു വരുത്തി സ്വഹാബികളെ വിളിച്ചു കൂട്ടി അവരുടെ ബഡായികൾ കേൾക്കാൻ അവസരം നൽകിയിരുന്നോ? ഒരിക്കലുമില്ല; എന്നല്ല, സലഫുകളുടെ പ്രബോധന ജീവിതത്തിൽ ഒരിക്കലും ഇത്തരം രീതികൾ കാണുക സാധ്യമല്ല. സത്യ നിഷേധികളെ ഇസ്ലാമിലേക്ക് ക്ഷണിക്കാനും ഇസ്‌ലാമിക വിശ്വാസ സംഹിതകൾ അവരിലേക്ക് എത്തിക്കാനും നമ്മെക്കാൾ പ്രയത്നിച്ചവർ, അവരാണല്ലോ.! ഇസ്‌ലാമിക വിരുദ്ധ ശക്തികളുടെ സഹയാത്രികരായ ആത്മീയ ആചാര്യന്മാരെ കെട്ടിയെടുത്തു സാധാരണ മുസ്‌ലിം ബഹുജനങ്ങളുടെ മുമ്പിൽ അവരുടെ തെറ്റായ ആശയങ്ങൾ അവതരിപ്പിക്കാൻ അവസരം നൽകിയെന്നതാണോ നിങ്ങൾ അവകാശപ്പെടുന്ന നവോദ്ധാനം? കേവലം സംഘടനാ കൂറിന് ഉപരിയായി ഒരൽപമെങ്കിലും മനസ്സാക്ഷിയുള്ള ആരെങ്കിൽ മടവൂർ കൂടാരത്തിലുണ്ടെങ്കിൽ ഒന്ന് വിശതീകരിക്കണം. നിങ്ങൾ ചെയ്തു കൂട്ടുന്ന കാര്യങ്ങളുടെ ഇസ്‌ലാമിക പാരമ്പര്യം എല്ലാവരും അറിയട്ടെ. വാസ്തവത്തിൽ, മുജാഹിദ് പ്രസ്ഥാനത്തിന്റെ ചരിത്രം സലഫിയ്യത്തിന്റെതോ സുന്നത്തിന്റെതോ അല്ല. അത് സമൂഹത്തിന്റെ ഗതിയും, ഗമനവും, സാഹചര്യത്തിന്റെ സമ്മർദ്ദവും അനുസരിച്ച് എങ്ങോട്ടുമാടും. പിളർപ്പിനു മുമ്പുള്ള മുജാഹിദ് സമ്മേളനങ്ങളുടെയും അവസ്ഥ ഇതിൽ നിന്ന് വിത്യസ്ഥമല്ല. വിദ്യാഭ്യാസ-സാമൂഹ്യ-സാമ്പത്തികരംഗങ്ങളിൽ എതെങ്കിലുമൊന്നിൽ പേരെടുക്കുകയും, വാർത്താമാധ്യമങ്ങൾക്കും വരേണ്യ വർഗത്തിനും സമ്മതനുമാണെങ്കിൽ സമ്മേളനത്തിന് ക്ഷണിക്കപ്പെടാനുള്ള യോഗ്യതയായി! 3000-ത്തോളം ഏക്കർ സ്ഥലത്ത് ലക്ഷക്കണക്കിന് രൂപയും, വിലമതിക്കാൻ കഴിയാത്ത ഒരുപാടൊരുപാട് ചെറുപ്പക്കാരുടെ വിയർപ്പും ബലി കഴിച്ചു തുടർച്ചയായ നാല് ദിവസം കേരളത്തിന്റെ ഒരറ്റം തൊട്ടു മറ്റേയറ്റം വരെയുള്ള ആളുകളെ ഒരുമിച്ചു കൂട്ടി, ദഅവത്തിന്റെ പേരിൽ നിങ്ങൾ നടത്തിയ സമ്മേളനത്തിൽ, ഇസ്ലാമിലെ അടിസ്ഥാനവിശ്വാസമായ തൗഹീദിന്റെ എത്ര ക്ലാസ്സുകൾ നടന്നു? ശിർക്കിന്റെ അപകടത്തെക്കുറിച്ചും, ബിദ്അത്ത് കടന്നു വരുന്നതിനെ താക്കീത് ചെയ്തും എത്ര പ്രഭാഷണങ്ങൾ കേട്ടു? ഖുർആനും സുന്നത്തുമായി ബന്ധപ്പെട്ട വിഷയങ്ങൾക്കായി, മറ്റു വിഷയങ്ങൾക്ക് അനുവദിച്ചതിന്റെ ഒരു പത്തു ശതമാനമെങ്കിലും സമയം നിങ്ങൾ നൽകിയിരുന്നെങ്കിൽ..........! സമൂഹത്തിന്റെ അറിവുകേടും, കഴിവുകേടും ഇസ്ലാമിന്റെ പേരിൽ ചൂഷണം ചെയ്യുന്ന മതനേതാക്കളെ പൊതുതാൽപര്യം മാനിച്ചു നിലക്ക് നിർത്താൻ ഒരു സംവിധാനമില്ലാത്തതാണ് നമ്മുടെ ദുര്യോഗം. മുടിയും പൊടിയുമായി പണം തട്ടാൻ വരുന്ന പുരോഹിതന്മാരും, ജാടകളും പുറംപൂച്ചുമായി മതപ്രബോധകരായി കെട്ടിയാടുന്ന തൊപ്പിക്കാരും കേരള മുസ്ലിംകളുടെ ക്ഷമയേയും, സംവേദനത്തെയും ഒരുപോലെ പരിഹസിക്കുകയാണ്. കാറ്റിന്റെ ഗതിക്കനുസരിച്ച് പാറ്റുന്നത് ഒരു ഫാഷനായി മാറിയ ഇക്കാലത്ത്, ഇത്തരം അവസരവാദികളായ ഇരട്ടത്താപ്പുകാരെ ജനം തിരിച്ചറിയേണ്ട കാലം അതിക്രമിച്ചു കഴിഞ്ഞു. മടവൂർ വിഭാഗത്തെ പ്രതിനിധീകരിക്കുന്ന മുജാഹിദുകൾ ഒരിക്കലും സലഫിയ്യത്ത് അവകാശാപ്പെടാറില്ലായെന്നത് പ്രത്യേക നിരീക്ഷണമർഹിക്കുന്ന ഒരു കാര്യമാണ്. അവരുടെ പ്രസ്ഥാനത്തിന് നേതൃപരമായ റോൾ അഭിനയിക്കുന്ന ആൾക്കാർക്ക് സലഫിയ്യത്ത് പച്ചവെള്ളം പോലെ അറിയാവുന്ന വിഷയമാണെങ്കിലും അവർക്കതിനോട് കാര്യമായ കൂറൊന്നുമില്ല. പക്ഷെ, അണികളുടെ സ്ഥിതി അതല്ല. അവരിൽ നിസ്വാർതരും സത്യസന്ധരുമായ നല്ലൊരു ശതമാനം ആളുകളുണ്ട്. തങ്ങളുടെ നേതൃത്വം എന്ത് പറയുന്നുവോ അത് അക്ഷരം പ്രതി അനുസരിക്കുകയും ദീൻ എന്ന നിലയിൽ അനുഗമിക്കുകയും, തങ്ങളെ, തങ്ങളുടെ നേതൃത്വം ഏറ്റവും ശെരിയായ വഴിയിലൂടെയാണ് നയിക്കുന്നതെന്നും തെറ്റിദ്ധരിച്ച സാധുക്കളാണവർ. അല്ലാഹുവിനും, പിന്നെ ചരിത്രത്തിനും വേണ്ടി ഞാനിത് രേഖപ്പെടുത്തുന്നു.പ്രായോഗിക ബുദ്ധിയും, ഇഛാ ശക്തിയും ആർക്കും പണയപ്പെടുത്തിയിട്ടില്ലാത്തവരുടെ അടിയന്തിര ശ്രദ്ധക്കായി ഈ വരികൾ കുറിക്കുന്നു. നബിയും സ്വഹാബികളും പിന്തുടർന്ന ഇസ്ലാമിന്റെ യഥാർത്ഥ വഴിയെന്നു പറഞ്ഞു നിങ്ങളുടെ സംഘടന നിങ്ങളെ സമർത്ഥമായി വഞ്ചിചിരിക്കുന്നു. നബിയും സ്വഹാബത്തും അടങ്ങുന്ന സലഫുകൾ സഞ്ചരിച്ച വഴിയിലല്ല അത് ചരിച്ചു കൊണ്ടിരിക്കുന്നത്. അതിനു അവഗണിക്കാൻ കഴിയാത്ത വിധത്തിലുള്ള മാർഗ ഭ്രംശം സംഭവിച്ചിരിക്കുന്നു. എത്രയും പെട്ടെന്ന് നിങ്ങൾ അത് തിരിച്ചറിയുകയും അതിൽ നിന്ന് പുറത്തു കടക്കാനുള്ള 'സുരക്ഷാ വാൽവ്' സ്വയം കണ്ടെത്തുകയും ചെയ്തില്ലെങ്കിൽ, അത് നിങ്ങളുടെ വിശ്വാസത്തെയും ആദർശത്തെയും നശിപ്പിച്ചു ദുനിയാവിൽ നിങ്ങളെ കേവലമൊരാൾക്കൂട്ടമാക്കുകയും പരലോകത്ത് നഷ്ടക്കാരിൽ അകപ്പെടുത്തുകയും ചെയ്യുമെന്നു ഞാൻ ഭയപ്പെടുന്നു. മീഡിയാ കവറേജും, ഗ്രൌണ്ട് സപ്പോർട്ടും' കിട്ടാൻ എന്തും ചെയ്യാവുന്ന ഒരു ദയനീയ അവസ്ഥയിലായിത്തീർന്നിട്ടുണ്ട് മടവൂർ മുജാഹിദുകൾ. എത്രയും പെട്ടെന്ന് കാര്യങ്ങൾ മനസ്സിലാക്കി, പ്രസ്ഥാനത്തിന്റെ അദൃശ്യ ബാന്ധവം അഴിച്ചു മാറ്റി പ്രമാണങ്ങളിലേക്ക് തിരിച്ചു വരാൻ കഴിഞ്ഞാൽ അതൊരു വിലമതിക്കാൻ കഴിയാത്ത നേട്ടമായിരിക്കും. - ബഷീർ പുത്തൂർ
0 Comments
മതപരമായ അറിവ് എല്ലാവർക്കും ഒരുപോലെ ലഭിക്കുന്ന ഒന്നല്ല. അത് കരസ്ഥമാക്കാൻ നിയതമായ നിയമങ്ങളുണ്ട്. ആരിലാണോ ആ നിബന്ധനകൾ പൂർണമായത് അവരിലേക്ക് മാത്രമേ അത് എത്തുകയുള്ളൂ.
ആരിൽ നിന്നാണോ ഇൽമു സ്വീകരിക്കുന്നത് അയാളെക്കുറിച്ച് സ്വീകർത്താവിനു ഉത്തമബോധ്യവും വിശ്വാസവും ബഹുമാനവും ആദരവും ഉണ്ടാകേണ്ടതുണ്ട്. പാല് അഴുക്കുചാലിലൂടെയാണ് വരുന്നതെങ്കിൽ അതെങ്ങിനെ ഉപയോഗയോഗ്യമാകും? ചില ആളുകളുടെ നിലപാടുകൾ അങ്ങിനെയാണ്. "ഞാൻ അയാളിൽ നിന്ന് ദീൻ സ്വീകരിക്കുകയും കേൾക്കുകയും ചെയ്യും, പക്ഷെ, അയാളുടെ പെരുമാറ്റ ദൂഷ്യത്തിന്റെ ദുർഗന്ധത്തിൽ മൂക്കു പൊത്തുന്നു " ഒരിക്കലും, ഇത് സലഫിയ്യത്ത് അവകാശപ്പെടുന്ന ഒരാളുടെ മനസ്ഥിതിയല്ല, അങ്ങിനെയാവാൻ പാടില്ല.! ആരെയെങ്കിലും ബോധ്യപ്പെടുത്താൻ ആരും മെനക്കെടേണ്ടതില്ല. തനിക്കു ശറഇയ്യായ ഇൽമ് പകർന്നു നൽകുന്ന ദാതാവ് ദുസ്വഭാവിയും, ഏഷണിക്കാരനും പരദൂഷണം പറയുന്നവനുമാണെന്നാണ് ഒരാളുടെ ധാരണയെങ്കിൽ അവൻ, പിന്നെ ഇൽമു കിട്ടാൻ വേണ്ടി അയാളുടെ മുമ്പിൽ ചമ്രം പടിഞ്ഞിരുന്നു സമയം കളയാതെ കച്ചവടത്തിലേക്ക് തന്നെ തിരിച്ചു പോകാം. അധ്യാപകനോട് ഉള്ളിൽ പക വെച്ച് കൊണ്ട് കുട്ടികൾ ക്ലാസിൽ ഇരിക്കുന്ന പതിവ് ദുനിയാവിന്റെ അറിവിന് വേണ്ടി സാധാരണ സ്കൂളുകളിൽ കാണാറുള്ളതാണ്. ഈ നിലവാരത്തിലേക്ക് സലഫിയ്യത്ത് അവകാശപ്പെടുന്നവൻ എത്തരുത്. ഇമാം ശാഫിഈ, ഇമാം മാലിക്- രഹിമഹുമുല്ലാഹ് - തുടങ്ങിയവരുടെ ജീവിതം വിജ്ഞാന സമ്പാതനതിന്റെ മഹിത മാതൃകകളാണ്. ഇമാം ഷാഫിഇ, ഇൽമു ലഭിക്കാൻ കാരണമായ പറഞ്ഞ ആറു കാര്യങ്ങളിൽ ഒന്നാണ് ഗുരുവുമായുള്ള സഹവാസം. മൂക്ക് പൊത്തി ഇരിക്കുന്ന ശിഷ്യന് എങ്ങിനെയാണ് ഗുരുവുമായി സഹവസിക്കാൻ കഴിയുക? കണ്ണിൽ പൊടിയിടാൻ വേണ്ടി എന്തിനു ഇങ്ങിനെ വേഷം കെട്ടി നടക്കണം? സ്വന്തം ഉസ്താദിനെക്കുറിച്ചു തന്നെ അപവാദങ്ങൾ പറഞ്ഞു പ്രചരിപ്പിക്കുന്നവനു ഇൽമിന് അയാളുടെ മുമ്പിൽ ഇരിക്കുന്നുവെന്ന് പറയുന്നത് തന്നെ വിരോധാഭാസമല്ലേ? അത്തരക്കാർക്കു ഇൽമിന്റെ ബർകത്തു ലഭിക്കുമോ? ഉലമാക്കളുടെ മാംസം വിഷമയമാണ്. ഇൽമിന്റെ വില അറിയാത്തവന് ഉലമാക്കളുടെ നിലവാരം അറിയാൻ കഴിയില്ല. ഇൽമിന്റെ അഹ് ലുകാരെ അറിയുകയും അവരോടുള്ള ഹഖു് വക വെച്ച് കൊടുക്കുകയും ചെയ്യാത്തക്കാവന്, ഇൽമു ലഭിക്കാനുള്ള തൗഫീഖു ലഭിക്കുകയോ, ലഭിച്ച ഇൽമിൽ ബർകത് ഉണ്ടാവുകയോ ചെയ്യില്ല. - ബഷീർ പുത്തൂർ
പ്രദർശനപരത ഒരു വിപത്താണ്. ഇത് ഒരു സാമൂഹിക രോഗമാണെങ്കിൽ, ആ രോഗം മത പ്രബോധകരുടെ ഇടയിലേക്കും അതിഗുരുതരമായ വിധത്തിൽ പടർന്നിട്ടുണ്ട് എന്ന വസ്തുത അന്ഗീകരിച്ചേ മതിയാകൂ. ഒരു മതം, വിശിഷ്യ ഇസ്ലാം മതം, അതിന്റെ അസ്ഥിവാരം നിലനിൽക്കുന്നത് അതി വിശിഷ്ടമായ മൂല്യങ്ങളിലാണ്. ഇഖ്‌ലാസ്, തഖ്‌വ, അമാനത്ത്, സ്വിദ്ഖു് തുടങ്ങി നിലവിലുള്ള ഏതെങ്കിലും സംവിധാനങ്ങൾ കൊണ്ട് അളന്നു തിട്ടപ്പെടുത്താവുന്നതോ, നിജപ്പെടുത്താവുന്നതോ അല്ലാത്ത ഉത്തമ ഗുണങ്ങൾ അതിൽ പ്രധാനമായവയാണ്. എന്നാൽ ഒരാളുടെ ബാഹ്യമായ രീതികളും ശരീരഭാഷയും അടിസ്ഥാനമാക്കുമ്പോൾ അത്തരം മൂല്യങ്ങളുടെ തോതിനെ വിലയിരുത്താൻ സാധിക്കും എന്നതാണ് വസ്തുത.
മറ്റുള്ളവരെ കാണിക്കാൻ വേണ്ടി നമസ്കാരം നിർവ്വഹിക്കുന്നവരെ മതത്തെ കളവാക്കുന്നവർ എന്ന് വിശേഷിപ്പിച്ചു കൊണ്ട് ഖുർആനിലൂടെ അത്തരക്കാരെ അള്ളാഹു കണക്കറ്റു ശാസിക്കുന്നതായി കാണാം. ഇത് ഒരു നമസ്കാരത്തിന്റെ കാര്യത്തിൽ മാത്രം പരിമിതമല്ല. മറിച്ചു പാരത്രിക മോക്ഷം പ്രതീക്ഷിച്ചു കൊണ്ട് ചെയ്യേണ്ട കർമങ്ങൾ, അതല്ലാത്ത മറ്റു ലക്ഷ്യങ്ങളിലേക്ക് വഴി മാറുമ്പോൾ സംഭവിക്കുന്ന സ്വാഭാവിക പരിണിതിയാണിത്. ഈദൃശ കർമങ്ങളെ ചെറിയ ശിർക്കിലാണ് നബി സ്വല്ലള്ളാഹു അലൈഹി വ സല്ലം വർഗീഗരിച്ചതു എന്ന് കാണാം. ഞാനിക്കാര്യം ഇവിടെ പരാമർശിക്കാൻ കാരണം, ഇന്ന് ഇസ്ലാമിക മത പ്രചാരണ രംഗത്ത് ഉള്ള ആളുകളിൽ ഈ പ്രകടനപരത വല്ലാതെയുണ്ട് എന്ന ബോധ്യമാണ്. കാൽ നൂറ്റാണ്ട് മുമ്പ് കേരളത്തിലെ സാമൂഹികാന്തരീഷം ഇത്ര മലിനമായിരുന്നില്ല. അതായത്, ഇസ്ലാം മതത്തെക്കുറിച്ച് പ്രാമാണികമായി സംസാരിക്കുന്നവരിൽ സത്യസന്ധതയും ഇഖ്ലാസും ഒരു പരിധി വരെ അനുഭവ വേദ്യമായിരുന്നു. ഇന്ന് മറ്റ് മേഖലകളിൽ സംഭവിച്ച മൂല്യച്യുതി മത രംഗത്തും അനിതരസാധാരണമായ വിധത്തിൽ സംഭവിച്ചു എന്നതാണ് അനിഷേധ്യമായ വസ്തുത. സമ്മേളനങ്ങൾക്കും സംഘടനകൾക്കും പഞ്ഞമില്ലാത്ത നാടാണ് നമ്മുടേത്. എല്ലാ ഈർക്കിലി സംഘടനകൾക്കും മോശമല്ലാത്ത ആൾക്കൂട്ടവും ആസ്തിയുമുണ്ട്. പരസ്പരം പോരടിക്കുകയും പോർവിളിക്കുകയും ചെയ്തു ഓരോ വിഭാഗവും തങ്ങളുടെ പക്ഷമാണ് ശെരി എന്ന് ബോധ്യപ്പെടുത്താൻ മത്സരിക്കുന്ന കാഴ്ച പുതിയതല്ല. പ്രമാണങ്ങളിലേക്ക് സത്യസന്ധമായ ഒരു തിരിച്ചു പോക്കിന് അത് അവകാശപ്പെടുന്നവർ തന്നെ ഒരുക്കമല്ല. ഇത് നിസ്സാരമായി വിലയിരുത്തേണ്ട ഒരു ദുരന്തമല്ല.പരസ്പരം തർക്കമുള്ള മതപരമായ വിഷയങ്ങളിൽ, അതിന്റെ അഹ് ലുകാരായ ആലിമുകളിലേക്ക് ആണ് മടങ്ങേണ്ടത്. ഇക്കാര്യം ഖുർആനിൽ നിന്നും സുന്നത്തിൽ നിന്നും ബോധ്യപ്പെടുന്ന കാര്യമാണ്. അള്ളാഹു പറയുന്നു. فاسألوا أهل الذكر إن كنتم لا تعلمون നിങ്ങൾ അറിവില്ലാത്തവരാണെങ്കിൽ, അറിവുള്ളവരോട് ചോദിക്കൂ. നബി സ്വല്ലള്ളാഹു അലൈഹി വസല്ലം പറയുന്നു. شفاء العي السؤال അറിവ് കേടിന്റെ ചികിത്സ ചോദിക്കലാണ്. കേരളത്തിലെ മുസ്ലിം വിഭാഗങ്ങൾക്കിടയിൽ നിലനിൽക്കുന്ന തർക്കങ്ങളിൽ അവർ അറിവുള്ള ആളുകളിലേക്ക് മടക്കിയില്ല എന്ന അധർമത്തിന്റെ ദുരന്തഫലം അവരിന്നു അഭിമുഖീകരിക്കുന്നു. പറയുന്ന കാര്യങ്ങളിൽ സ്വിദ്ഖും, ഇഖ് ലാസും അമാനത്തും കേവല ബാഹ്യമായ ജാടകൾക്കപ്പുറം ഒരു വിശ്വാസ സംഹിതയുടെ ഭാഗമെന്ന നിലയിൽ നില നിന്നിരുന്നുവെങ്കിൽ കാര്യങ്ങൾ ഈ രൂപത്തിൽ കൈവിട്ടുപോകുമായിരുന്നില്ല. ഭൂരിഭാഗം ആളുകൾ എവിടെ നിൽക്കുന്നു എന്നത് ഒരു കാര്യം സ്വീകാര്യവും വസ്തുനിഷ്ഠവും ആണെന്നതിന് നിദാനമേയല്ല. കാരണം പ്രവാചകന്മാരുടെ സന്ദേശങ്ങളെ അവരുടെ ജനതയിൽ മഹാ ഭൂരിപക്ഷവും സ്വീകരിച്ചിരുന്നില്ല. അതിനർത്ഥം അത് വാസ്തവിരുദ്ധമാണ് എന്നല്ല. സത്യം എപ്പോഴും അങ്ങിനെത്തന്നെയാണ്. അതിനെ നസ്വ്ർ ചെയ്യുന്നവർ അംഗുലീപരിമിതമായിരിക്കും. അള്ളാഹു പലപ്പോഴായി ഖുർആനിൽ ഭൂരിപക്ഷത്തെ വിമർശിക്കുന്നതായി കാണാം. മുസ്‌ലിം മത സംഘടനകൾ സ്ഥാപനവൽക്കരിക്കപ്പെട്ടതിന്റെ നേർക്കാഴ്ചയാണ് കേരളത്തിന്റെ ആനുകാലിക ചരിത്രം രേഖപ്പെടുത്തുന്നത്. നബി സ്വല്ലള്ളാഹു അലൈഹി വസല്ലമയുടെ ചര്യയും സ്വഹാബത്തിന്റെ മൻഹജും പരിത്യജിച്ചു ബുദ്ധിയുടെ പിന്നാലെ പോയ ആളുകൾക്ക് ഇതിൽപരം മറ്റെന്തു പ്രതീക്ഷിക്കാൻ?ശിർക്കും കുഫ്റും ബിദ്അത്തും കൊടി കുത്തി വളരുന്ന ഒരു നാട്ടിൽ ഖുർആനും സുന്നത്തും അനുസരിച്ച് സലഫുകളുടെ മാർഗം പിന്തുടരുന്ന ഒരു യുവത വളർന്നു വരേണ്ടതുണ്ട്. മുടിയും പൊടിയും ഇപ്പോൾ പാത്രവുമായി ഒരു സമൂഹത്തിന്റെ വിശ്വാസ ദാരിദ്ര്യത്തെ ചൂഷണം ചെയ്യുന്ന പാതിരിമാരുടെ പൊള്ളത്തരങ്ങൾ തുറന്നു കാട്ടി വിശ്വാസ വിമലീകരണത്തിന് നാന്ദി കുറിക്കേണ്ട ആളുകൾ ചില മെഗാ എക്സിബിഷനുകളിൽ ശ്രദ്ധ കേന്ദ്രീകരിച്ചു പബ്ലിസിറ്റി സ്റ്റെണ്ട് നടത്തുമ്പോൾ സഹതാപവും അതിലേറെ സങ്കടവുമാണ് കാര്യബോധമുള്ളവർക്ക് അനുഭവപ്പെടുക. ഈ ആളെക്കൂട്ടി മഹാമഹങ്ങൾ വല്ല സേവനവും പ്രദാനം ചെയ്യുന്നുവെങ്കിൽ, അത് അമുസ്ലിംകൾ പോലും അംഗീകരിക്കുന്ന തർക്കമില്ലാത്ത തൗഹീദുറുബൂബിയ്യത്തിൽ നിന്നപ്പുറം അതിനൊരു ഫലം പ്രതീക്ഷിക്കേണ്ടതില്ല. എന്നല്ല, അതിലെ സുപ്രധാനമെന്നു അതിന്റെ അണിയറ ശിൽപികൾ പോലും അവകാശപ്പെടുന്ന അജണ്ടകൾ കേരള സാമൂഹ്യ പരിപ്രേക്ഷ്യത്തിലെ ആർക്കും വേണ്ടാത്ത ചവറുകളല്ലാതെ, ഇസ്ലാമിക നവോദ്ധാന രംഗത്ത് അതിന്റെ ആളുകൾ പ്രാധാന്യപൂർവ്വം കെട്ടുപൊട്ടിക്കേണ്ട ഒരു സംഭവമൊന്നുമല്ല. ഇക്കാര്യം അതിന്റെ പിന്നണിപ്രവർത്തകർക്ക് നിശ്ചയമില്ലാതിരിക്കാൻ തരമില്ല. പക്ഷെ പൊതു ജനത്തിന്റെ കയ്യടി കിട്ടണമെങ്കിൽ ഇമ്മാതിരി ചെപ്പടി വിദ്യകൾ കാണിക്കണം. മാനവികത എന്ന് പറഞ്ഞാൽ തൗഹീദുമായി യാതൊരു ബന്ധവുമില്ലാത്ത ഒരു സാധനമാണെന്ന് ആർക്കാണറിയാത്തത് ? പൊതുജന ബാഹുല്യം കൊണ്ട് ചരിത്രം സൃഷ്ടിക്കുക എന്നതിൽ കവിഞ്ഞു അള്ളാഹുവിന്റെ പ്രതിഫലമാണ് ഇവർ ആഗ്രഹിക്കുന്നത് എങ്കിൽ അതിനു ചെയ്യേണ്ട പണി ഇതല്ലായെന്നും ഇവരിൽ പലർക്കുമറിയാം. നാടോടുമ്പോൾ നടുവേ ഓടുക എന്ന് പറഞ്ഞ പോലെ പരമാവധി ജനശ്രദ്ധ നേടി മഹാ സംഭവങ്ങൾ സൃഷ്ടിക്കുക. അതൊരു പക്ഷെ ലക്‌ഷ്യം കണ്ടേക്കാം. പക്ഷെ ഇതിനല്ലല്ലൊ അള്ളാഹു പ്രവാചകന്മാരെ നിയോഗിച്ചതും ഖുർആൻ അവതരിപ്പിച്ചതും. !!? - ബഷീർ പുത്തൂർ ശൈഖ് നാസിറുദ്ധീൻ അൽബാനി റഹിമഹുള്ളാഹ് പറയുന്നു. " സലഫിയ്യത്ത് എല്ലാ തരത്തിലുള്ള കക്ഷിത്വത്തിനോടും തികഞ്ഞ പോരാട്ടത്തിലാണ്. അതിന്റെ കാരണം വളരെ വ്യക്തമാണ്. സലഫീ ദഅവത്ത് പാപമുക്തനായ റസൂൽ സല്ലള്ളാഹു അലൈഹി വ സല്ലമയിലെക്കാണ് ചേരുന്നത്. ആരാണോ അവരുടെ ദഅവത്തിൽ നിന്ന് പുറത്തു പോയത്, നാമവനെ സലഫി എന്ന് വിളിക്കില്ല. എന്നാൽ മറ്റു കക്ഷികളെല്ലാം പാപമുക്തരല്ലാത്ത ആളുകളിലേക്കാണ് ചേരുന്നത്. ഖുർആനും സുന്നത്തും പ്രമാണമായ, സലഫിയ്യത്ത് ആരെങ്കിലും അവകാശപ്പെടുന്നുവെങ്കിൽ, സലഫുകളുടെ മാർഗം സ്വീകരിക്കൽ അനിവാര്യമാണ്. അല്ലാത്ത പക്ഷം, യഥാർത്ഥ വിളിപ്പേരിൽ നിന്ന് അവന്റെ പേര് കൊണ്ട് യാതൊരു ഗുണവുമുണ്ടാവില്ല" ഫതാവൽ ഉലമാഇൽ അകാബിർ 97-98 - ബഷീർ പുത്തൂർ قال العلامة المحدث محمد ناصر الدين الألباني- رحمه الله تعالي - {الدعوة السلفية هي تحارب الحزبية بكل أشكالها وأنواعها ، والسبب واضح جدا ، الدعوة السلفية تنتمي إلي شخص معصوم وهو رسول الله - صلي الله عليه وسلم - فمن خرج عن دعوة هؤلاء لا نسميه بأنه سلفي . أما الأحزاب الأخري فينتمون إلي أشخاص غير معصومين . من ادعي السلفية والتي هي الكتاب والسنة ، فعليه أن يسير مسيرة السلف ، وإلا الاسم لا يغني عن حقيقة المسمي } من كلام المحدث الألباني فتاوي العلماء الأكابر (٩٧-٩٨)
കേരള മുസ്ലിംകളുടെ കഴിഞ്ഞ നൂറു കൊല്ലത്തെ അനുഭവത്തിൽ, മറ്റൊരു സംഘടനയും ചെയ്യാത്ത എന്ത് സേവനമാണ് മുജാഹിദ് പ്രസ്ഥാനം അവർക്ക് പ്രത്യേകമായി നൽകിയത്? മദ്രസകൾ, കോളേജുകൾ, കൊമ്പ്ലെക്സുകൾ, ആദുരാലയങ്ങൾ, സ്കൂളുകൾ, എല്ലാം ഇവിടെ എല്ലാ വിഭാഗക്കാരും മത്സരിച്ചു ഉണ്ടാക്കിയിട്ടുണ്ട്. അപ്പോൾ മുജാഹിദ് പ്രസ്ഥാനത്തിന്റെ പ്രത്യേക സാന്നിധ്യം ഒരിക്കലും അനിവാര്യമാക്കുന്നില്ല. പിന്നെ ഈയിടെയായി മറ്റു മുസ്ലിം മത വിഭാഗങ്ങളൊന്നും ചെയ്യാത്ത വിധത്തിൽ വിത്യസ്ത വിഭാഗങ്ങൾ ആയി ചേരി തിരിഞ്ഞു പടലപ്പിണക്കങ്ങൾ കൊണ്ട് കേരള മുസ്ലിം പൊതു സമൂഹത്തെ അക്ഷരാർത്ഥത്തിൽ വീർപ്പു മുട്ടിക്കുക എന്ന ക്രുരത കുടി അവർ ചെയ്തിട്ടുണ്ട്
എന്നാൽ കേരളത്തിൽ മുജാഹിദ് പ്രസ്ഥാനത്തിന്റെ സ്ഥാപക നേതാക്കൾ തൊട്ടു ഇന്ന് പരസ്പരം കടിച്ചു കീറിക്കോണ്ടിരിക്കുന്ന അഞ്ചാം കിട-ആറാം കിട നേതാക്കൾ വരെയുള്ള ആളുകൾ എഴുതുകയോ, വിശതീകരിക്കുകയോ, അണികളെ പഠിപ്പിക്കുകയോ ചെയ്ത തൗഹീദിന്റെയും സുന്നത്തിന്റെയും പ്രാമാണിക ഗ്രന്ഥങ്ങളും ലേഖനങ്ങളും ഒരു സാധാരണ മുസ്ലിമിന് അവലംബിക്കാൻ യോഗ്യമായ പ്രഭാഷണസമാഹാരങ്ങളും എവിടെ? ഈ ചോദ്യം കേരളത്തിലെ മുഴുവൻ മുജാഹിദുകളോടുമാണ്. പെട്ടെന്ന് എന്തെങ്കിലും പൊട്ടത്തരം പറഞ്ഞു വെട്ടിൽ വീഴണ്ട. നന്നായി ആലോചിച്ചു സാവകാശം ഉത്തരം പറഞ്ഞാൽ മതി. കാലിൽ തടയാൻ മാത്രം "മത" പ്രബോധക സംഘടനകൾ വളർന്നു മൂത്ത് മുള്ള് വെച്ച് നിൽക്കുന്ന കേരളത്തിൽ ദീൻ പഠിക്കുകയെന്നത് ഒരു ഉത്തരവാതിത്വമാണെന്ന് പോലും തിരിച്ചറിവില്ലാത്ത യുവ സമൂഹത്തിനു മുമ്പിൽ പ്രാമാണികരായ അഹ്ലുസ്സുന്നതിന്റെ ഉലമാക്കളുടെ പ്രൌഡ ഗംഭീര ഗ്രന്ഥങ്ങൾ പരിചയപ്പെടുത്തുകയും വിശതീകരിക്കുകയും പഠിപ്പിക്കുകയും ഇൽമിയ്യായ ഒരു പൊളിച്ചെഴുത്തിനു നാന്ദി കുറിക്കുകയും ചെയ്ത ഒരാളുണ്ട്. !ഈയിടെയായി "അത്തിക്കാട്ടെ ഇസ്കുൾ പൂട്ടി " എന്ന് പറഞ്ഞു പരിഹസിക്കുകയും അതിൽ സന്തോഷം പ്രകടിപ്പിക്കുകയും ചെയ്യുന്ന ആളുകൾ കാണാതെ പോകുന്ന ഒരു സത്യമുണ്ട്. സംഘടനക്കാർ പരിചയപ്പെടുത്തിയ അതിന്റെ നേതാക്കന്മാർക്കപ്പുറം മതപരമായ അറിവിന്റെ വാഹകർ വേറെയുണ്ടെന്നും, സത്യസന്ധരും, നിസ്വാർതരുമായ ഉലമാക്കളെയാണ് മതപരമായ കാര്യങ്ങളിൽ തീർപ്പ് കൽപിക്കാൻ അവലംബിക്കേണ്ടതെന്നും കേരളക്കാരെ പരിചയപ്പെടുത്തിയ ഒരാൾ. സംഘടനാ തമ്പുരാക്കളിൽ പലരും അതിന്റെ കർമകുശലരായ അണികളിൽ ചിലരും അറിയാതെയോ അറിഞ്ഞോ ആ വ്യക്തിയെ ആശ്രയിച്ചിട്ടുണ്ട് എന്ന കാര്യം രഹസ്യമല്ല. ഇസ്ലാഹീ കേരളത്തിന്റെ നൂറു വർഷത്തെ ചരിത്രത്തിലെവിടെയും മുസ്ലിം ബഹുജനങ്ങൾ അനുഭവിച്ചിട്ടില്ലാത്ത തൗഹീദിന്റെയും സുന്നത്തിന്റെയും നീരൊഴുക്കു നിലച്ചു പോവുന്നതിൽ പിശാചുക്കൾക്ക് മാത്രമേ സന്തോഷിക്കാൻ കഴിയൂ!! ഏതാണ്ട് കഴിഞ്ഞ പത്തു വർഷക്കാലത്തിനിടയിൽ അഹ്ലുസ്സുന്നതിന്റെ വിശ്വാസ സംഹിതകൾ വിശദീകരിക്കുന്ന അഖീദതു ത്വഹാവിയ്യ, ഇമാം അഹ്മദിന്റെ ഉസൂലുസുന്ന, ഇമാം ബർബഹാരിയുടെ ശറഹുസുന്ന, കിതാബുതൗഹീദ്, മസാ-ഇലുൽ ജാഹിലിയ്യ, ഉസൂലു-സ്സലാസ, തുടങ്ങിയവയും ഷെയ്ഖ് അൽബാനിയുടെ സ്വിഫത് സലാതിന്നബി, അഹ്കാമുൽ ജനാഇസു, തുടങ്ങി അഖീദതു അഹ്ലിസുന്ന, കലിമുത്വയ്യിബ്, അർബഊൻ നവവിയ്യ തുടങ്ങിയവയും പിന്നെ വേറെ ഒരുപാടൊരുപാട് പഠനാർഹമായ ദര്സുകളും സമഗ്രമായി കേരള മുസ്ലിംകൾക്ക് ഇതം പ്രഥമമായി സമർപ്പിച്ചത്, മുജാഹിദുകളിലെ എല്ലാ വിഭാഗവും ഇപ്പോൾ പരിഹസിച്ചു കൊണ്ടിരിക്കുന്ന അബു ത്വാരിഖ് സുബൈർ എന്ന് അറബി ഉലമാക്കൾ വിളിക്കുന്ന സാക്ഷാൽ സുബൈർ മങ്കടയാണ്. സംഘടനാ സംവിധാനമില്ലാതെ, പ്രാദേശിക-മേഖലാ-ജില്ലാ തല യൂനിറ്റുകളും മറ്റു ഭൌതിക സംവിധാനങ്ങളോ സൌകര്യങ്ങളോ ഇല്ലാതെ ഇൽമും, അതിന്റെ അഹ്ലുകാരും, ഉലമാക്കളുമായി മാത്രം സഹവസിച്ചും സഹകരിച്ചുമുള്ള യഥാർത്ഥ സലഫീ ദഅവതു മലയാളക്കരയിൽ ആവിഷ്കരിക്കുന്നതിൽ അദ്ദേഹം വഹിച്ച പങ്കു നിസ്തുലവും നിസ്സീമവുമാണ്. അത് തിരിച്ചറിയുകയും മനസ്സിലാവുകയും ചെയ്യണമെങ്കിൽ ഇസ്ലാം ദീനും ദഅവത്തും എന്താണെന്നും അഹ്ലുസ്സുന്നതിന്റെ ഉലമാക്കൾ ആരാണെന്നും തിരിച്ചറിയണം. അത് സാധ്യമാവാത്ത കാലത്തോളം ഇവിടെയുള്ള എല്ലാ സംഘടനക്കാരും പരിഹസിക്കുകയും കൊച്ചാക്കുകയും ചെയ്യും. എല്ലാ ഭൌതിക സംവിധാനങ്ങളും ഉണ്ടായിട്ടും അഹ്ലുസ്സുന്നതിന്റെ ഒരു കിതാബു പോലും വേണ്ട വിധം കേരള മുസ്ലിംകളുടെ സംവേതനത്തിന് പരിചയപ്പെടുത്താത്ത മുജാഹിദ് പ്രസ്ഥാനവും അതിന്റെ ആശാന്മാരും ഇപ്പോൾ പരിഹസിക്കുന്നതിനു പകരം, ഈ കൈത്തിരി അണഞ്ഞു പോകുന്നതിൽ വേതന പങ്കു വെക്കുകയായിരുന്നു ചെയ്യേണ്ടിയിരുന്നത്. ഒരു കാര്യം ഉറപ്പുണ്ട്, സുബൈർ മങ്കട ചെയ്ത സേവനനങ്ങൾ തെറ്റായിരുന്നു എന്ന് തെളിവ് സഹിതം നെഞ്ച് വിരിച്ചു പറയാൻ ഒരു മുജാഹിദുകാരനും നട്ടെല്ലില്ല എന്ന കാര്യം. - ബശീർ പുത്തൂർ |
IslamBooks.inBooks and Articles on Islam, correct and pure. Archives
August 2024
Categories
All
|