|
നബി ﷺ സുത്റഃക്ക് അരികിലാണ് നമസ്കരിക്കാൻ നിൽക്കാറുണ്ടായിരുന്നത്. നബി ﷺ ക്കും ചുമരിനും ഇടയിൽ മൂന്ന് മുഴമാണുണ്ടായിരുന്നത്. [നസാഈ, അഹ്‌മദ്]
അവിടുന്ന് പറയാറുണ്ടായിരുന്നു: «സുത്റഃയിലേക്കല്ലാതെ നീ നമസ്കരിക്കരുത്. നിന്റെ മുന്നിലൂടെ മുറിച്ചുകടക്കാൻ നീ ആരെയും അനുവദിക്കുകയുമരുത്. അവൻ വിസമ്മതിക്കുകയാണെങ്കിൽ നീ അവനോട് പൊരുതുക; തന്റെ സഹചാരിയായ പിശാചാണ് അവന്റെ കൂടെയുള്ളത്.» [ഇബ്‌നു ഖുസൈമഃ സ്വഹീഹിൽ ഉദ്ധരിച്ചത്] അവിടുന്ന് പറയുന്നു: «നിങ്ങളിൽ ആരെങ്കിലും സുത്റഃയിലേക്ക് നമസ്കരിക്കുന്നുവെങ്കിൽ അവൻ അതിനോട് അടുത്ത് നിൽക്കട്ടെ. പിശാച് അവന്റെ നമസ്കാരം മുറിക്കുകയില്ല.» [അബൂ ദാവൂദ്, നസാഈ മുതലായവർ സുനനുകളിൽ ഉദ്ധരിച്ചത്] മേൽ വചനം മുല്ലാ അലി അൽ ഖാരി -رحمه الله- വിശദീകരിക്കുന്നു: "ഇതിൽനിന്ന് ഉപലബ്ധമാകുന്ന കാര്യമിതാണ്: നമസ്കരിക്കുന്നവനു മേൽ പിശാച് ആധിപത്യം നേടുന്നതിന് സുത്റഃ തടസ്സം നിൽക്കുന്നു. നമസ്കരിക്കുന്നവന്റെ സത്യസന്ധതക്കും അല്ലാഹുവിലേക്ക് ഉന്മുഖമായി നിൽക്കുന്നതിനും അനുസരിച്ചിരിച്ച് അത് പൂർണ്ണമോ ഭാഗികമോ ആയിരിക്കും. സുത്റഃ ഇല്ലാതിരിക്കുന്നത് താൻ ചെയ്തുകൊണ്ടിരിക്കുന്ന താഴ്‌മ, വണക്കം, പരായാണത്തിലും ദിക്റിലും ചിന്തമാഗ്നനായിരിക്കൽ പോലുള്ളതിൽനിന്ന് അവനെ വ്യതിചലിപ്പിക്കാൻ പിശാചിന് സൗകര്യം നൽകുന്നു." ഇമാം അൽബാനി -رحمه الله- അതിന് അടിക്കുറിപ്പ് നൽകി: "ഞാൻ പറയട്ടെ: സൂന്നത്ത് പിന്തുടരുന്നതിനെ കുറിച്ചും തൽഫലമായുണ്ടാകുന്ന അളവറ്റ നേട്ടങ്ങളെ കുറിച്ചും താങ്കൾ ഒന്ന് ആലോചിച്ച് നോക്കൂ!!" മൊഴിമാറ്റം : അബൂ ത്വാരിഖ് സുബൈർ മുഹമ്മദ്
0 Comments
{قد نعلم إنه ليحزنك الذي يقولون} فعلى صاحب السنّة أن ينسى في موازین الحق مشاعره الشيخ / أحمد السبيعي حفظه الله "തീർച്ചയായും അവര്‍ പറയുന്നത് താങ്കളെ സങ്കടപ്പെടുത്തുന്നു എന്നത് നമുക്ക് അറിയാവുന്നതാണ്."
(അൻആം:33) സുന്നത്തിന്റെ വാഹകർ സത്യത്തിന്റെ ത്രാസിൽ തന്റെ വികാരങ്ങൾ വിട്ടുകളയുക - ശൈഖ് അഹ്‌മദ് അൽ സുബയ്ഈ മൊഴിമാറ്റം : അബൂ ത്വാരിഖ് സുബൈർ മുഹമ്മദ് قال الإمام الألباني رحمه الله "الدينُ نَقْلٌ، وليسَ بالعَقْل، وظيفَةُ العقْلِ فهْمُ الدينِ، وليسَ التشريعَ في الدين" [الألباني في سلسلة الهدى والنور - الشريط: ٢٤٦] ഇമാം അൽബാനി رحمه الله പറയുന്നു:
"ദീൻ ഉദ്ധരിക്കപ്പെടുന്ന പ്രമാണങ്ങളാണ്, ബുദ്ധിയല്ല. ബുദ്ധിയുടെ ധർമ്മം ദീൻ മനസ്സിലാക്കിയെടുക്കലാണ്, ദീനിൽ മതനിയമം നിർമ്മിക്കലല്ല." [അൽബാനി | സിൽസിലതുൽ ഹുദാ വന്നൂർ - കാസറ്റ് നമ്പർ 246] - അബൂ ത്വാരിഖ് സുബൈർ മുഹമ്മദ് Your browser does not support viewing this document. Click here to download the document. عن عبد الله بن عمرو -رضي الله عنه- قال لَقَتْلُ الْمُؤْمِنِ أَعْظَمُ عِنْدَ اللهِ مِنْ زَوَالِ الدُّنْيَا [البيهقي في السنن الكبرى موقوفا] അബ്ദുല്ല ബിൻ അംറ് -رضي الله عنه- പറയുന്നു:
ഒരു വിശ്വാസിയെ വധിക്കുന്നത് അല്ലാഹുവിന്റെയടുക്കൽ ദുനിയാവു തന്നെ ഇല്ലാതാകുന്നതിനെക്കാളും ഗൗരവമേറിയതാണ്. [ബൈഹഖി സുനനുൽ കുബ്‌റായിൽ മൗഖൂഫായി ഉദ്ധരിച്ചത്] - അബൂ ത്വാരിഖ് സുബൈര്‍ മുഹമ്മദ് قال يحيى بن معاذ - رحمه الله مصيبتان للعبد في ماله عند موته، لا تسمع الخلائق بمثلهما، قيل : ما هما؟ قال: يؤخذ منه كله، ويسأل عنه كله المقدسي | مختصر منهاج القاصدين യഹ്‌യാ ബിൻ മുആദ് - رحمه الله - പറയുന്നു :
മരണവേളയിൽ തന്റെ സ്വത്തിൽ മനുഷ്യനെ ബാധിക്കുന്ന രണ്ട് ആപത്തുകളുണ്ട്; സമാനമായ യാതൊന്നും സൃഷ്ടികൾ ഇന്നോളം കേട്ടിട്ടില്ല! അദ്ദേഹത്തോട് ചോദിച്ചു: എന്താണവ? അദ്ദേഹം പറഞ്ഞു: മുഴുസ്വത്തും അവനിൽനിന്ന് പിടിച്ചെടുക്കും, അവയെക്കുറിച്ചെല്ലാം അവൻ സമാധാനം പറയേണ്ടിവരികയും ചെയ്യും!! [മഖ്ദിസി | മുഖ്‌തസ്വറു മിൻഹാജിൽ ഖാസ്വിദീൻ] — അബൂ ത്വാരിഖ് സുബൈര്‍ മുഹമ്മദ് പള്ളിയിൽ തഹജ്ജുദ് ജമാഅത്തായി നമസ്കരിക്കുന്നതിന് തെളിവായി ചില റുവൈബിളമാർ ഉദ്ധരിക്കുന്ന ഹദീസ് മുൻവിധിയും പക്ഷപാതവുമില്ലാതെ വസ്തുനിഷ്ഠമായി വിശകലനം ചെയ്യുന്നു. Your browser does not support viewing this document. Click here to download the document. بسم الله الرحمن الرحيم عَن قيس بن طلق قال زارنا طَلْقُ بن علي في يوم من رمضان، وأمسى عندنا وأفطر، ثم قام بنا تلك الليلة وأوتر بنا، ثم انحدر إلى مسجده، فصلى بأصحابه، حتى إذا بقي الوتر قدَّم رجلًا، فقال أوتر بأصحابك؛ فإني سمعت رسول الله -صَلَّى اللَّهُ عَلَيهِ وَسَلَّمَ- يقول «لَا وِتْرَانِ فِي لَيْلَةٍ» قلت: إسناده صحيح، وصححه ابن حبان، وحسنه الترمذي [الألباني في صحيح سنن أبي داود] ഖൈസ് رحمه الله പറയുന്നു: പിതാവായ ത്വൽഖ് رضي الله عنه റമദാനിൽ ഒരു ദിവസം ഞങ്ങളെ സന്ദർശിക്കാൻ വന്നു. സന്ധ്യാസമയം ഞങ്ങളോടൊപ്പം കഴിച്ചുകൂട്ടി നോമ്പ് തുറന്നു. പിന്നെ ഞങ്ങളെയും കൂട്ടി രാത്രി നമസ്കരിക്കുകയും വിത്റാക്കുകയും ചെയ്തു. ശേഷം അദ്ദേഹം തന്റെ പള്ളിയിൽ പോയി, തന്റെ ആളുകളെയും കൂട്ടി നമസ്കരിച്ചു. അങ്ങനെ വിത്ർ അവശേഷിച്ചപ്പോൾ മറ്റൊരാളെ മുന്നിൽ നിർത്തിയിട്ട് പറഞ്ഞു: താങ്കൾ ആളുകളെയും കൂട്ടി വിത്ർ നമസ്കരിക്കുക. നബി ﷺ ഇപ്രകാരം പറയുന്നത് ഞാൻ കേട്ടിട്ടുണ്ട്: « ഒരു രാത്രിയിൽ രണ്ടു വിത്ർ ഇല്ല ». അൽബാനി പറയുന്നു: അതിന്റെ ഇസ്‌നാദ് സ്വഹീഹാണ്. ഇബ്‌നു ഹിബ്ബാൻ അത് സ്വഹീഹാണെന്നും, തിർമുദി അത് ഹസനാണെന്നും പറഞ്ഞിട്ടുണ്ട്. ( അൽബാനി സ്വഹീഹു സുനനി അബീ ദാവൂദിൽ ഉദ്ധരിച്ചത്) പള്ളിയിൽ തഹജ്ജുദ് ജമാഅത്തായി നമസ്കരിക്കുന്നതിന് തെളിവായി ചില റുവൈബിളമാർ മേൽ ഹദീസ് ഉദ്ധരിക്കുന്നതായി കാണുന്നു. പ്രസ്തുത ഹദീസ് സ്വഹീഹായ നിവേദക പരമ്പരയോടു കൂടി ഒന്നിലധികം മുഹദ്ദിസുകൾ ഉദ്ധരിച്ചിട്ടുണ്ടെന്നത് സത്യമാണ്. അതിൽ പറയപ്പെട്ട ത്വൽഖ് ബിൻ അലി رضي الله عنه സഹാബിവര്യനുമാണ്. മുൻവിധിയും പക്ഷപാതവുമില്ലാതെ അതൊന്ന് വസ്തുനിഷ്ഠമായി വിശകലനം ചെയ്യാം.
— അബൂ ത്വാരിഖ് സുബൈർ മുഹമ്മദ് 03 ശവ്വാൽ 1446 / 01 ഏപ്രിൽ 2025 واحذر صغار المحدثات من الأمور، فإن صغير البدع يعود حتى يصير كبيراً، وكذلك كل بدعة أحدثت في هذه الأمة كان أولها صغيراً يشبه الحق فاغتر بذلك من دخل فيها، ثم لم يستطع المخرج منها، فعظمت وصارت ديناً يدان بها، فخالف الصراط المستقيم فخرج من الإسلام [شرح السنة للبربهاري] “നൂതനമായ കാര്യങ്ങളിൽ നിസ്സാരമായതിനെ കുറിച്ച് പോലും നീ ജാഗ്രത പുലർത്തുക. ചെറിയ അപനിർമ്മിതികളാണ് വലുതായിത്തീരുക. ഈ സമുദായത്തിൽ നൂതനമായി നിർമ്മിക്കപ്പെട്ട എല്ലാ ബിദ്അത്തുകളുടെയും കാര്യം അങ്ങനെയാണ്. അവ തുടക്കം കുറിച്ചത് സത്യത്തോട് സാമ്യമുള്ള കൊച്ചു കാര്യങ്ങളായിട്ടായിരുന്നു.
അതിലകപ്പെട്ടവർ അവയിൽ വഞ്ചിതരായി. പിന്നീട് അവർക്കവയിൽനിന്ന് പുറത്തു കടക്കാനായില്ല. അവ വലുതായിത്തീരുകയും അനുവർത്തിക്കപ്പെടുന്ന ദീനായി മാറുകയും ചെയ്‌തു. അങ്ങനെ അവർ നേർമാർഗ്ഗത്തിൽനിന്ന് ഭിന്നിക്കുകയും ഇസ്ലാമിൽനിന്നു തന്നെ പുറത്ത് പോകുകയും ചെയ്തു.” [ഇമാം ബർബഹാരി ശർഹുസ്സുന്നയിൽ രേഖപ്പെടുത്തിയത്] വിവ: അബൂ ത്വാരിഖ് സുബൈര്‍ മുഹമ്മദ് നബി صلى اللّه عليه وسلم യുടെ പൗത്രനായ ഹസൻ ബിൻ അലി رضي اللّه عنهما നിവേദനം. താഴെ പറയുന്ന ഈ വചനങ്ങൾ വിത്റിൽ ചൊല്ലാൻ വേണ്ടി നബി صلى اللّه عليه وسلم യാണ് എനിക്ക് പഠിപ്പിച്ചു തന്നത്... Your browser does not support viewing this document. Click here to download the document. بسم الله الرحمن الرحيم عَن الْحَسَنِ بْنِ عَلِيٍّ ــ رَضِيَ اللهُ عَنْهُمَا ــ قَالَ : عَلَّمَنِي رَسُولُ اللهِ ــ صَلَّى اللهُ عَلَيْهِ وَسَلَّمَ ــ هَؤُلَاءِ الْكَلِمَاتِ فِي الْوِتْرِ اللَّهُمَّ اهْدِنِي فِيمَنْ هَدَيْتَ، وَعَافِنِي فِيمَنْ عَافَيْتَ، وَتَوَلَّنِي فِيمَنْ تَوَلَّيْتَ، وَبَارِكْ لِي فِيمَا أَعْطَيْتَ، وَقِنِي شَرَّ مَا قَضَيْتَ، فَإِنَّكَ تَقْضِي وَلَا يُقْضَى عَلَيْكَ، وَإِنَّهُ لَا يَذِلُّ مَنْ وَالَيْتَ، وَلَا يَعِزُّ مَنْ عَادَيْتَ تَبَارَكْتَ رَبَّنَا وَتَعَالَيْتَ، لَا مَنْجَا مِنْكَ إِلَّا إِلَيْكَ [انظر: أصل صفة صلاة النبي ــ صلى الله عليه وسلم ــ للإمام الألباني] സുബ്ഹ് നമസ്‌കാരത്തിലെ അവസാന റക്‌അത്തിൽ ഇഅ്‌തി-ദാലിനു ശേഷം സ്ഥിരമായി ഖുനൂത് ഓതുന്ന രീതി ശാഫിഈ മദ്ഹബിലുണ്ട്. അത് നബിചര്യയിൽ സ്ഥിരപ്പെട്ടതല്ല; ഒരു നൂതന കാര്യമാണ്. സുബ്ഹിലെ മേൽ ഖുനൂതിനോടുള്ള വിരോധത്തിൽ പ്രമാണങ്ങളിൽ സ്ഥിരപ്പെട്ട വിത്റിലെ ഖുനൂതിനെ കൂടി നിഷേധിക്കുന്ന ഒരു പ്രവണത കേരളത്തിലെ മുജാഹിദുകൾക്കിടയിൽ സാർവ്വത്രികമാണ്. അത് പ്രമാണ വിരുദ്ധമായ നിലപാടാണ്; അതിരുവിട്ട നടപടിയാണ്. മുസ്‌ലിംകൾക്ക് വലിയ ആപത്ത് വരുമ്പോൾ അഞ്ചു നേരത്തെ നിർബ്ബന്ധ നമസ്‌കാരങ്ങളിലും അവസാന റക്‌അത്തിൽ റുകൂഇനു ശേഷം നടത്തുന്ന നാസിലത്തിന്റെ ഖുനൂതും നബിചര്യയിൽ സ്ഥിര-പ്പെട്ടിട്ടുള്ളതാണ്. ആചാര സംബന്ധമായ വലിയ വൈചിത്ര്യം തന്നെ ഖുനൂത്തിന്റെ കാര്യത്തിൽ കാണാൻ സാധിക്കും. വിത്ർ നമസ്‌കാരത്തിൽ റുകൂഇനു മുമ്പ് നടത്തേണ്ട ഖുനൂതിൽ ചൊല്ലാൻ നബി ﷺ തന്റെ പൗത്രനെ പഠിപ്പിച്ച ദുആയാണ് ശാഫിഇകൾ സുബ്ഹ് നമസ്‌കാ-രത്തിൽ ഇഅ്‌തിദാലിനു ശേഷം നടത്തുന്ന ഖുനൂതിൽ ചൊല്ലാൻ ഉപയോഗിക്കുന്നത്. അതേ സമയം ഹനഫികൾ, ഉമർ رضي الله عنه നാസിലത്തിന്റെ ഖുനൂത്തിൽ ചൊല്ലിയിരുന്ന ദുആയാണ് വിത്റിലെ ഖുനൂതിൽ ചൊല്ലാൻ ഉപയോഗിക്കുന്നത്. എന്നാൽ മുജാഹിദുകൾ വിതർ നമസ്ക്‌കാരത്തിലെ ഖുനൂതിനെ തന്നെ പാടെ നിഷേധിച്ച് തള്ളുകയും ചെയ്യുന്നു. ശാഫിഇകൾ വിഷയത്തിന്റെ ഒരറ്റത്തേക്ക് വ്യതിചലിക്കുന്ന, ഹനഫികൾ അതിന്റെ മറ്റേ അറ്റത്തേക്ക് തെന്നിപ്പോകുന്ന, മുജാഹിദ് കളത്തിന് പുറത്തേക്ക് തെറിച്ച് വീഴുന്ന ഈ കാഴ്‌ച വിചിത്രം തന്നെ! സുന്നത്ത് അനുസരിച്ച് ഖുനൂത് എടുക്കുന്നവർ വിരളം എന്നേ പറയേണ്ടൂ. അത് സത്യത്തിനു പറഞ്ഞതുമാണല്ലോ. ചുരുക്കത്തിൽ, വിത്റിലെ ഖുനൂത് നബിചര്യയിൽ സ്ഥിരപ്പെട്ടതാണ്. അത് റുകൂഇന് മുമ്പാണ് നിർവ്വഹിക്കേണ്ടത്. അതിനുള്ള ദുആ ഇപ്രകാരമാണ്: നബി ﷺ യുടെ പൗത്രനായ ഹസൻ ബിൻ അലി رضي الله عنه നിവേദനം. താഴെ പറയുന്ന ഈ വചനങ്ങൾ വിത്റിൽ ചൊല്ലാൻ വേണ്ടി നബി ﷺ യാണ് എനിക്ക് പഠിപ്പിച്ചു തന്നത്:
അല്ലാഹുവിനെ വിളിക്കാൻ 'യാ അല്ലാഹ് ' എന്നതിനു പകരം, അറബിയിൽ ഉപയോഗിക്കുന്ന മറ്റൊരു പദമാണ് 'അല്ലാഹുമ്മ' എന്നത്. തുടക്കത്തിലെ 'യാ' എന്ന അവ്യയം വിട്ടുകളയുകയും പകരമായി അന്ത്യത്തിൽ ദ്വിത്വത്തോടു കൂടിയ 'മീം' ചേർക്കുകയുമാണ് ചെയ്‌തിട്ടുള്ളത്. അല്ലാഹുവേ, നി എനിക്ക് സന്മാർഗ്ഗം വ്യക്തമാക്കിത്തരികയും (هِدَايَةُ الْبَيَانِ) അത് സ്വീകരിക്കാനുള്ള തൗഫീഖ് (هِدَايَةُ الْتَّوْفِيقِ) നല്കുകയും ചെയ്യണേ. അല്ലാഹുവിന്റെ ദൂതന്മാർ, അവരെ സത്യപ്പെടുത്തിയ സാത്വികരായ സ്വിദ്ദീഖുകൾ, സത്യത്തിന്റെ പ്രയോക്താക്കളും വാഹകരുമായ ശുഹദാക്കൾ, സജ്ജനങ്ങൾ പോലുള്ളവർക്കാണ് അല്ലാഹു ഹിദായത്ത് നൽകിയിട്ടുള്ളത്. അവരുടെ കൂട്ടത്തിലുൾപ്പെടുത്തി, എന്നെയും നീ ഹിദായത്ത് നൽകി അനുഗ്രഹി-ക്കേണമേ.
ഹിദായത്ത് കഴിഞ്ഞാൽ പിന്നെ ഏറ്റവും വലിയ അനുഗ്രഹം ആഫിയ-ത്താണ്. ആഫിയത്ത് അഥവാ സൗഖ്യം ലഭിച്ച വ്യക്തിക്ക് കടുത്ത രോഗങ്ങളും വേദനകളുമില്ലാതെ, തീക്ഷ്‌ണമായ പരീക്ഷണങ്ങളും വിഷമ-ങ്ങളുമില്ലാതെ, സമാധാന പൂർണ്ണമായ വിശിഷ്‌ടജീവിതം നയിക്കാനുള്ള ഭാഗ്യമാണ് ലഭിക്കുന്നത്. ഇഹത്തിലും പരത്തിലും സംതൃപ്തമായ ജീവിതം! പരീക്ഷണങ്ങളും അവ സഹിക്കാനുള്ള ക്ഷമയും ലഭിക്കുന്നതിനെക്കാളും മധുരം ആഫിയത്തും അതിനു നന്ദി കാണിക്കാനുള്ള മനസ്സും ലഭിക്കു-ന്നതിനായിരിക്കും. അങ്ങനെ ഇഹത്തിലും പരത്തിലും ആഫിയത്ത് ലഭിച്ചിട്ടുള്ള, അതിന് അല്ലാഹുവിനോട് നന്ദി കാണിക്കുന്ന മഹാഭാഗ്യ-വാന്മാരുടെ ഗണത്തിൽ എന്നെ നീ ഉൾപ്പെടുത്തേണമേ.
അല്ലാഹു അവന്റെ ഇഷ്‌ടദാസന്മാർക്ക് നൽകുന്ന പ്രത്യേകമായ സഹായത്തിനും പിന്തുണക്കുമാണ് വിലായത്ത് എന്ന് പറയുന്നത്. ഏതൊരുവന് അല്ലാഹു വിലായത്ത് നൽകുന്നുവോ അവന്റെ കാര്യം അല്ലാഹു ഏറ്റെടുത്തു കഴിഞ്ഞു. അല്ലാഹു ഒരുവനെ ഏറ്റെടുത്താൽ അവനെ ആർക്കും അതിജയിക്കാനാവില്ല. അത് ഇഷ്ടദാസന്മാർക്ക് ലഭിക്കുന്ന വിശിഷ്‌ടമായ ഉബൂദിയ്യത്തിന്റെ പദവിയാണ്. ആ ഉൽകൃഷ്‌ടമായ പദവി ലഭിക്കുന്നവരുടെ കൂട്ടത്തിൽ റബ്ബേ, നീ എന്നെയും ഉൾപ്പെടുത്തേണമേ.
എന്ത് ലഭിച്ചു, എത്ര ലഭിച്ചു എന്നതിലല്ല കാര്യം, ലഭിച്ചതിൽ ബറകത്ത് ഉണ്ടോ എന്നതാണു പ്രശ്‌നം. പലതും വലിയ അളവിൽ ലഭിച്ച പലരെയും നാം കാണുന്നു. അത് സ്വസ്ഥമായി അനുഭവിക്കാനുള്ള ഭാഗ്യം അവർ-ക്കില്ല. അനുഭവിക്കാൻ കഴിയുന്നില്ല എന്നതു മാത്രമല്ല പലരുടെയും പ്രശ്‌നം. ലഭിച്ച കാര്യങ്ങൾ തന്നെ വലിയ പരീക്ഷണവും ദൗർഭാഗ്യ-ഹേതുവുമായിത്തീരുന്നു എന്നതു കൂടിയാണ്. അതിനാൽ അല്ലാഹു നൽകുന്നതെന്തോ അതിൽ ബറകത്ത് ചൊരിയണേ എന്നതായിരിക്കണം വിശ്വാസിയുടെ പ്രാർത്ഥന. അല്ലാഹു നൽകുന്ന ഒരു നന്മ. അത് വർദ്ധിത വീര്യത്തിലും നിലച്ചു പോകാത്ത നിലയിലും വ്യാപകമായ തോതിലും ലഭിക്കുന്നുവെങ്കിൽ അതിന് അറബിയിൽ ബറകത്ത് എന്ന് പറയും. അല്ലാഹുവേ, എനിക്കു നീ നൽകുന്നതിൽ നീ ബറകത്ത് ചൊരിയണേ, റഹ്‌മാനേ!
എല്ലാം അല്ലാഹുവിന്റെ ആദിയായ അറിവിൽ മുൻകഴിഞ്ഞിട്ടുള്ളതാണ്. അത് ലൗഹിൽ രേഖപ്പെടുത്തിയിട്ടുള്ളതുമാണ്. ലൗഹിൽ രേഖപ്പെടുത്തിയ കാര്യങ്ങൾ തന്നെ പല ഘട്ടങ്ങളിലായി വീണ്ടും നിർണ്ണയം ചെയ്യപ്പെടുന്ന കാര്യം പ്രമാണങ്ങളിൽ പരാമർശിച്ചിട്ടുണ്ട്. ഒരു ആയുസ് കാലത്തേക്കുള്ള നിർണ്ണയം, ഒരു വർഷത്തേക്കുള്ള നിർണ്ണയം.. അങ്ങ-നെയുള്ളവ ഉദാഹരണം. എല്ലാം അല്ലാഹുവിന്റെ നിർണ്ണയം. നന്മയും തിന്മയുമെല്ലാം അവനിൽ-നിന്നുള്ളത്. നന്മ, തിന്മ എന്നതു തന്നെ യഥാർത്ഥത്തിൽ ആപേക്ഷികവും. മനുഷ്യാനുഭവങ്ങളെ അപേക്ഷിച്ചാണ് ആ വേർതിരിവ്. അത് ഭാഗികവും താൽക്കാലികവും മാത്രമാണ്. നമുക്ക് തിന്മയായി അനുഭവപ്പെടുന്ന കാര്യങ്ങളിൽനിന്ന് രക്ഷയും കാവലും ചോദിക്കാം. നാം ചോദിക്കുമോ, ഇല്ലയോ? അത് സ്വീകരിക്കപ്പെടുമോ, ഇല്ലയോ? അക്കാര്യം അല്ലാഹു മുൻകൂട്ടി അറിയുന്നു അതതിന്റെ ഘട്ടങ്ങളിൽ അത് നിർണ്ണയിക്കപ്പെടുന്നു, രേഖപ്പെടുത്തപ്പെടുന്നു. « അല്ലാഹു താൻ ഉദ്ദേശിക്കുന്നത് മായ്ച്ചുകളയുന്നു, താൻ ഉദ്ദേശിക്കുന്നത് സ്ഥിരപ്പെടുത്തുന്നു. മൂലഗ്രന്ഥം അവന്റെറെ പക്കലുണ്ട് താനും.» (റഅദ്: 39) അതിനാൽ നാം കാവൽ തേടുക, നമുക്ക് ദോഷകരമായി അനുഭവ-പ്പെടുന്ന കാര്യങ്ങളെ കുറിച്ച്. അല്ലാഹു സൂക്ഷ്‌മമായി അറിയുന്നവനും എല്ലാറ്റിനും കഴിവുള്ളവനുമാണ്. കാര്യങ്ങൾ യഥാവിധം നിർണ്ണയിക്കുന്നതും നടപ്പിലാക്കുന്നതും അവനാണ്. അവന്റെ മേൽ വിധിക്കാൻ ആരുമില്ല. അവൻ്റെ വിധിയെ റദ്ദ് ചെയ്യാനോ വിളംബം വരുത്താനോ ആർക്കും സാധിക്കുകയുമില്ല. സർവ്വാധിപത്യവും അവനാണ്. അവന്റെ കാവലിലും കാരുണ്യത്തിലുമല്ലാതെ മറ്റെന്തിലാണ് നമുക്ക് പ്രതീക്ഷയർപ്പിക്കാനാവുക?
ദൃശ്യവും അദൃശ്യവുമായ, സൂക്ഷ്‌മവും സ്ഥൂലവുമായ, ജീവീയവും അജീവീയ-വുമായ, മൂർത്തവും അമൂർത്തവുമായ മുഴുവൻ അണ്ഡകടാഹങ്ങളുടെയും സ്രഷ്‌ടാവും അധിപനുമായ അല്ലാഹു, അവൻ ഒരുവനെ പിന്തുണച്ചാൽ അവനാണ് സുരക്ഷിതൻ. അവനാണ് അന്തസ്സുള്ളവൻ. അല്ലാഹു ഒരു-വനോട് വിരോധം വെക്കുന്നതു പോകട്ടെ, അവഗണിച്ചാൽ അവനാണ് നാണം കെട്ട പരാജിതൻ.
ഏവർക്കും ലഭിക്കുന്ന, അളവറ്റ, നിലക്കാത്ത നന്മകളുടെ ഉടമയാണ് ഞങ്ങളുടെ റബ്ബ്. സർവ്വശ്വര്യങ്ങൾക്കും അഭിവൃദ്ധികൾക്കും ഉടയവൻ അവൻ മാത്രം. സൃഷ്ടിക്കും സമഷ്ടിക്കും നിർലോഭം വാരിക്കോരി കൊടു-ക്കുന്നവൻ. മഹത്വത്തിന്റെയും ഔന്നത്യത്തിൻ്റെയും ഉയരങ്ങളിൽ വാഴുന്നവൻ. അവനെ വാഴ്‌ത്താനുള്ള ഈ രണ്ട് ചെറുവചനങ്ങൾ ഉൾക്കൊള്ളുന്ന ആശയങ്ങളുടെ അടരുകൾ അപാരം തന്നെ. അല്ലാഹു-വിന്റെ അപദാനങ്ങൾ, മഹാകൃത്യങ്ങൾ, അവ വിളംബരം ചെയ്യുന്ന ഐശ്വര്യങ്ങൾ... ഇതെല്ലാമാണ് ഒന്നാമത്തെ വചനം ദ്യോതിപ്പിക്കുന്നത്. അവന്റെ സത്താപരവും ആശയപരവുമായ ഔന്നത്യം വിളിച്ചോതുന്ന, സൃഷ്ടികൾക്കതീതനായി, അർശിനും മീതെ, ഉയരങ്ങൾക്കെല്ലാം ഉപരിയിൽ വാഴുന്ന അല്ലാഹുവിന്റെ അതുല്യതയാണ് രണ്ടാമത്തെ വചനം ധ്വനിപ്പിക്കുന്നത്.
എല്ലാം അല്ലാഹുവിന്റെ മാത്രം സൃഷ്‌ടികൾ. നിർണ്ണയിക്കപ്പെട്ട കാലാവധി തീരുമ്പോൾ ഓരോരുത്തരും മടങ്ങേണ്ടതും ഒടുങ്ങേണ്ടതും അവനിലേക്കു തന്നെ. അവനെ കബളിപ്പിക്കാനാവില്ല. അവനിൽനിന്ന് കടന്നുകളയാനുമാവില്ല. അവന്റെ അടുക്കൽനിന്ന് ഓടിപ്പോകാൻ ഓരു അഭയകേന്ദ്രമോ സുരക്ഷാ താവളമോ ഇല്ല — അവനിൽനിന്ന് അവനി-ലേക്കു മാത്രം, മറ്റൊരിടവുമില്ല ചെന്നവസാനിക്കാൻ. അല്ലാഹു തന്നെ ചോദിക്കുന്നത്: « അപ്പോൾ നിങ്ങൾ എവിടേക്കാണ് പോവുക?! » (തക്‌വീർ : 26) എന്നാണ്. അതെ, നാം പറയുക: അവനിലേക്ക് മാത്രം!
ഖുനൂതിന്റെ വേളയിൽ കൈ ഉയർത്തുന്നതും, പിന്തുടർന്നു നമസ്‌കരി-ക്കുന്നവർ കൈ ഉയർത്തി ആമീൻ ചൊല്ലുന്നതും, അതു പോലെ ഖുനൂതിന്റെ അവസാനത്തിൽ നബി ﷺ യുടെ പേരിൽ (وَصَلَّى اللهُ عَلَى النَّبِيِّ الْأُمِّيِّ) പോലെ ചുരുങ്ങിയ വാക്കിൽ സ്വലാത് ചൊല്ലുന്നതും കൂടി സലഫുകളുടെ ചര്യയിൽ സ്ഥിരപ്പെട്ടിരിക്കുന്നു. ഉമർ رضي الله عنه തറാവീഹിന് ഇമാമായി നിശ്ചയിച്ച ഉബയ്യു ബിൻ കഅ്ബ് رضي الله عنه, അബൂ ഹലീമഃ മുആദുൽ ഖാരി رضي الله عنه എന്നീ സ്വഹാബിമാർ നടത്തിയ ഖുനൂതിനെ കുറിച്ചുള്ള വിവരണത്തിൽ ഇക്കാര്യം പ്രസ്‌താ-വിച്ചിട്ടുണ്ട്. — അബൂ ത്വാരിഖ് സുബൈർ മുഹമ്മദ് حفظه الله 27 റമദാൻ 1446 / 27 മാർച്ച് 2025 Your browser does not support viewing this document. Click here to download the document. بسم الله الرحمن الرحيم عَنْ عَبْدِ اللهِ بْنِ عُمَرَ - رَضِيٍ الله عَنْهُمَا - قَالَ: كانَ مِنْ دُعَاءِ رَسُولِ اللهِ - صَلَّى اللهُ عَلَيْهِ وَسَلَّمَ ـ « اللَّهُمَّ! إنِّي أَغُوذُ بِكَ مِنْ زَوَالِ نِعْمَتِكَ وَتَحَوُّلِ عَافِيَتِكَ، وَفُجَاءَةِ نِقْمَتِكَ، وَجمِيعِ سَخَطِكَ » [أخرجه مسلم في صحيحه] അബ്ദുല്ലാ ബിന്‍ ഉമര്‍ رضي اللّه عنه നിവേദനം. നബി صلى اللّه عليه وسلم യുടെ പതിവ് ദുആയില്‍ പെട്ടതാണ് : « അല്ലാഹുവേ, നിന്റെ അനുഗ്രഹം ഇല്ലാതാകുന്നതില്‍നിന്ന്, നീ നൽകിയ സൌഖ്യം മാറ്റപ്പെടുന്നതിൽനിന്ന്, നിന്റെ പൊടുന്നനെയുള്ള പരീക്ഷണങ്ങളില്‍നിന്ന്, നിന്റെ എല്ലാവിധ അതൃപ്‌തികളില്‍നിന്ന്, ഞാന്‍ നിന്നോട് കാവല്‍ തേടുന്നു. » ( മുസ്‌ലിം സ്വഹീഹില്‍ ഉദ്ധരിച്ചത്) അല്ലാഹുവിന്റെ അനുഗ്രഹങ്ങള്‍ ക്ലിപ്തപ്പെടുത്താനാവില്ല. പ്രത്യക്ഷവും പരോക്ഷവുമായ അനുഗ്രഹങ്ങള്‍ കൊണ്ട് അവന്‍ നമ്മെ മൂടിയിരിക്കുന്നു. അവന്റെ നിഅ്മത്തുകള്‍ അപാരവും അളവറ്റതുമാണ്. നിസ്സംശയം നമുക്ക് പറയാം, സന്മാര്‍ഗ്ഗമാണ് അല്ലാഹു നല്ലിയ ഏറ്റവും വലുത്; അതു കഴിഞ്ഞാല്‍ പിന്നെ ആഫിയത്തും. നാം അനുഭവിച്ചു കൊണ്ടിരുന്ന ഒരനുഗ്രഹം ഇല്ലാതായാല്‍, സൗഖ്യവും സന്തോഷവും പോയി വിഷമം വന്നാല്‍, ഇടിത്തീ പോലെ അപ്രതീ-ക്ഷിതമായ പരീക്ഷണങ്ങള്‍ ഇറങ്ങിയാല്‍ അതിനെ കുറിച്ച് നാം വിലയിരുത്തേണ്ടത് എങ്ങനെയാണ്?
ആകയാൽ, ജീവിതത്തിലെ വിഷമസന്ധികളിൽ ഉഴലുന്നവർ ആദ്യം വേണ്ടത് ആത്മപരിശോധന നടത്തുകയാണ്. എവിടെയാണ് പിഴച്ച-തെന്നു കണ്ടെത്തണം. അത് തിരുത്തി നേർവഴിയിൽ വന്നെങ്കിൽ മാത്രമേ ജീവിതാവസ്ഥകളിൽ ഗുണകരമായ മാറ്റം സംഭവിക്കുകയുള്ളു. എല്ലാ തിരിച്ചടികളുടെയും മുഖ്യമായ കാരണം മനുഷ്യൻ രഹസ്യമായി ചെയ്യുന്ന തെറ്റുകളാണ്. പകൽമാന്യന്മാരായി ചമയാൻ ആർക്കും സാധിക്കും. പാതിരാസമയങ്ങളിൽ അല്ലാഹുവിനെ സൂക്ഷിച്ചു ജീവിക്കാ-നാണ് പ്രയാസം. അവരറിയുന്നില്ല, ജനങ്ങളെ കണ്ണു വെട്ടിക്കാമെങ്കിലും അല്ലാഹുവിൽനിന്ന് ഒന്നും മറച്ചുപിടിക്കാനാവില്ലെന്ന്. ചുരുക്കത്തിൽ, രഹസ്യത്തിലും പരസ്യത്തിലും അല്ലാഹുവിന്റെ അതൃ-പ്തിക്കും കോപത്തിനും കാരണമായിത്തീരുന്ന സർവ്വ കാര്യങ്ങളിൽനിന്നും അകന്നു നിൽക്കുക, പരമാവധി അവന്റെ കല്പനാവിലക്കുകൾ പാലിച്ച് സൂക്ഷ്മതയോടെ ജീവിക്കുക. സദാ അല്ലാഹുവിന്റെ കാവൽ തേടുക. അറിയുക! അവന്റെ കാവലല്ലാതെ മറ്റൊന്നും നമ്മെ രക്ഷിക്കാനില്ല. — അബൂ ത്വാരിഖ് സുബൈർ മുഹമ്മദ് 26 റമദാൻ 1446 / 26 മാർച്ച് 2025 Your browser does not support viewing this document. Click here to download the document. بسم الله الرحمن الرحيم عَنْ عَنْ أَنَسٍ -رَضِيَ اللهُ عَنْهُ- أَنَّ النَّبِيَّ -صَلَّى الله عَلَيْهِ وَسَلَّمَ- كَانَ يَقُولُ « اللَّهُمَّ إِنِّي أَعُوذُ بِكَ مِنَ البَرَصِ، وَالْجُنُونِ، وَالْجُذَامِ، وَمِنْ سَيِّئِ الْأَسْقَامِ » [أبو داود في سننه وصححه الألباني] അനസ് رَضِيَ اللهُ عَنْهُ നിവേദനം. നബി صَلَّى الله عَلَيْهِ وَسَلَّمَ ഇപ്രകാരം പ്രാർത്ഥിക്കാറുണ്ടായിരുന്നു: « അല്ലാഹുവേ, വെള്ളപ്പാണ്ടിൽനിന്നും ഭ്രാന്തിൽനിന്നും കുഷ്ഠത്തിൽനിന്നും ഹീനമായ മറ്റു രോഗങ്ങളിൽനിന്നും ഞാൻ നിന്നോട് കാവൽ തേടുന്നു. » ( അബൂദാവൂദ് സുനനിൽ ഉദ്ധരിച്ചത്, അൽബാനി സ്വഹീഹ് എന്ന് രേഖപ്പെടുത്തിയത് ) പ്രാർത്ഥന ആരാധനയാണ്; എല്ലാ ആരാധനകളുടെയും ആത്മാവാണ്. ആരാധന അല്ലാഹുവിന് മാത്രമേ സമർപ്പിക്കാവൂ. വ്യാജദൈവങ്ങളോടും മധ്യവർത്തികളോടും സഹായാർത്ഥന നടത്തുന്നത്, സംശയം വേണ്ട, അവർക്കുള്ള ആരാധനയാണ്. അത് ശിർക്കാണ്; അല്ലാഹു പൊറുക്കാത്ത വൻപാപമാണ്. അല്ലാഹുവിനോട് പ്രാർത്ഥിക്കാതെ അഹങ്കരിക്കുന്നവർ അവിശ്വാസി-കളും നരകാവകാശികളുമായിരിക്കും. ഐഹികവും പാരത്രികവുമായ, ഭൗതികവും ഭൗതികേതരവുമായ, ചെറുതും വലുതുമായ എല്ലാ കാര്യങ്ങളും അല്ലാഹുവിനോട് ചോദിക്കണം. ചെരിപ്പിന്റെ വാറു പൊട്ടിയാൽ, മാവിൽ ചേർക്കാൻ ഉപ്പ് ആവശ്യമായാൽ, അങ്ങനെ കാര്യസാധ്യത്തിനു അറിയപ്പെട്ട കാരണങ്ങളുള്ള നിസ്സാര കാര്യങ്ങളിൽ പോലും അല്ലാഹു-വിനോട് സഹായം തേടണം. കാരണം, അവൻ സുഗമമാക്കിത്തരാത്ത ഒരു കാര്യവും സഫലമാവുകയില്ല. അല്ലാഹുവിനോട് ചോദിക്കേണ്ടത് നിർബ്ബന്ധ ബുദ്ധിയോടു കൂടിയാണ്. അഥവാ അവനോട് നാം അലട്ടിയലട്ടി ചോദിച്ചു കൊണ്ടേയിരിക്കണം. ചോദിക്കാതിരുന്നാലാണ് അവൻ കോപിക്കുക. അവനോട് ദുആ ചെയ്തി-ല്ലെങ്കിൽ അവൻ നമ്മെ അവഗണിക്കും. അവൻ കൈവിട്ടവനാരോ അവനാണ് ഏറ്റവും വലിയ ഹതഭാഗ്യവാൻ. ഇഹപര സൗഭാഗ്യത്തിന് പ്രാർത്ഥനയെക്കാൾ ഉപയുക്തവും ഫലപ്രദ-വുമായ മറ്റൊരുപായമില്ല. ദുരിതങ്ങളും കഷ്ടപ്പാടുകളുമില്ലാത്ത, അല്ലലും അലട്ടുമില്ലാത്ത വിശിഷ്ടമായ ജീവിതാവസ്ഥ കൈവരിക്കാൻ വേണ്ടി-യാണ് നാം പ്രാർത്ഥിക്കേണ്ടത്. മഹാവ്യാധികളും മാറാരോഗങ്ങളും കൊണ്ട് പൊറുതി മുട്ടി വലഞ്ഞു-പോകുന്നതിൽനിന്ന് നാം അല്ലാഹുവിനോട് കാവൽ തേടണം. ജീവിത കാലുഷ്യം നമ്മെ അസ്വസ്ഥമാക്കാം. പരലോകത്തേക്കു വേണ്ട പാഥേയ-മൊരുക്കാൻ നമുക്ക് സൗഖ്യമാണാവാശ്യം. കണ്ടാൽ അറപ്പു തോന്നുന്ന, രൂപഭാവങ്ങളിൽ പോലും പകർച്ച വരുത്തുന്ന, അപരർക്കു മുമ്പിൽ നാം അപമാനിതരാകുന്ന, ഉറ്റവരും ഉടയവും വരെ വെറുത്ത് അകന്നു പോകുന്ന ദണ്ഡങ്ങളിൽനിന്നും ദീനങ്ങളിൽനിന്നും നാം സദാ അല്ലാഹു-വിനോട് കാവൽ തേടണം. ആർക്കറിയാം, പരീക്ഷണങ്ങളിൽ നാം പതറിപ്പോകുമോ എന്ന്. സഹനവും ആത്മനിയന്ത്രണവും ചോർന്നുപോകുന്ന ഘട്ടം വന്നാൽ, തൽസ്ഥിതിയിൽ അസംതൃപ്തി തോന്നി വിധിയെ പഴിക്കാൻ മുതിർന്നാൽ, അല്ലാഹുവിനെ കുറിച്ച് നല്ലതല്ലാത്ത വിചാരങ്ങൾ മനസ്സിൽ കേറിയാൽ നാം ഇരുലോകവും നഷ്ടപ്പെട്ടവരായിത്തീരും. വെള്ളപ്പാണ്ട്, ഭ്രാന്ത്, കുഷ്ഠം പോലുള്ളവ നുബുവ്വത്തിന്റെ പദവിയുമായി പോലും ഒത്തുപോകാ-ത്തവായാണ്. ജീവിത ദൗത്യം നിറവേറ്റാൻ കഴിയാതെ, ഇവിടം ദുരിതപൂർണ്ണമാക്കുന്ന, എല്ലാവിധ രോഗങ്ങളിൽനിന്നും യാതനകളിൽ-നിന്നും വേദനകളിൽനിന്നും ഞങ്ങളെ നീ കാക്കണേ, റഹ്‌മാനേ... — അബൂ ത്വാരിഖ് സുബൈർ മുഹമ്മദ് حفظه الله 25 റമദാൻ 1446 / 25 മാർച്ച് 2025 തക്ബീറത്തുൽ ഇഹ്റാം ചൊല്ലി നമസ്കാരത്തിൽ പ്രവേശിച്ചാൽ ആദ്യം ചൊല്ലുന്ന ദുആ ഇസ്‌തിഫ്‌താഹ്. ഈ പ്രാരംഭ പ്രാർത്ഥനയുടെ വചനങ്ങൾ പലതാണ്. ഫർളിൽ വെറെ, സുന്നത്തിൽ വേറെ, രാത്രി നമസ്കാരത്തിൽ വേറെ, ലളിതമായ വചനങ്ങൾ വേറെ, ദീർഘമായ വചനങ്ങൾ വേറെ. എന്നാൽ ഫർളിലും സുന്നത്തിലും രാത്രിയിലും പകലിലും ഒരു പോലെ ചൊല്ലാവുന്ന ഒരു പ്രാരംഭ പ്രാർത്ഥനയുണ്ട്. അതിന്റെ അർത്ഥ തലങ്ങൾ തേടി ആഴങ്ങളിലേക്ക് ഇറങ്ങുക എളുപ്പമല്ല. എങ്കിലും തീരങ്ങളിലൂടെ ഒരുല്ലാസ യാത്രയാവാം... Your browser does not support viewing this document. Click here to download the document. بسم الله الرحمن الرحيم عَنْ عَلِيِّ بْنِ أَبِي طَالِبٍ رضي الله عنه عَنْ رَسُولِ اللهِ ﷺ، أَنَّهُ كَانَ إِذَا قَامَ إِلَى الصَّلَاةِ قَالَ «وَجَّهْتُ وَجْهِيَ لِلَّذِي فَطَرَ السَّمَاوَاتِ وَالْأَرْضَ حَنِيفًا [مُسْلِمًا] وَمَا أَنَا مِنَ الْمُشْرِكِينَ، إِنَّ صَلَاتِي وَنُسُكِي وَمَحْيَايَ وَمَمَاتِي لِلّٰهِ رَبِّ الْعَالَمِينَ، لَا شَرِيكَ لَهُ، وَبِذَلِكَ أُمِرْتُ وَأَنَا أَوَّلُ الْمُسْلِمِينَ، اللّٰهُمَّ أَنْتَ الْمَلِكُ! لَا إِلَهَ إِلَّا أَنْتَ، [سُبْحَانَكَ وَبِحَمْدِكَ]، أَنْتَ رَبِّي، وَأَنَا عَبْدُكَ، ظَلَمْتُ نَفْسِي، وَاعْتَرَفْتُ بِذَنْبِي، فَاغْفِرْ لِي ذَنْبِي جَمِيعًا، إِنَّهُ لَا يَغْفِرُ الذُّنُوبَ إِلَّا أَنْتَ، وَاهْدِنِي لِأَحْسَنِ الْأَخْلَاقِ لَا يَهْدِي لِأَحْسَنِهَا إِلَّا أَنْتَ، وَاصْرِفْ عَنِّي سَيِّئَهَا لَا يَصْرِفُ عَنِّي سَيِّئَهَا إِلَّا أَنْتَ، لَبَّيْكَ وَسَعْدَيْكَ، وَالْخَيْرُ كُلُّهُ فِي يَدَيْكَ، وَالشَّرُّ لَيْسَ إِلَيْكَ، [وَالْمَهْدِيُّ مَنْ هَدَيْتَ] أَنَا بِكَ وَإِلَيْكَ، [لَا مَنْجَا وَلَا مَلْجَأَ مِنْكَ إِلَّا إِلَيْكَ] تَبَارَكْتَ وَتَعَالَيْتَ، أَسْتَغْفِرُكَ وَأَتُوبُ إِلَيْكَ» [الألباني في أصل صفة صلاة النبي صلى الله عليه وسلم] അലി ബിൻ അബീ ത്വാലിബ് رضي الله عنه നിവേദനം. നബി ﷺ നമസ്കരിക്കാൻ നിന്നാൽ പ്രാരംഭ പ്രാർത്ഥനയായി ഇപ്രകാരം ചൊല്ലാറുണ്ടായിരുന്നു:
അല്ലാഹുവിന്ന് ആമുഖമായി നൽകുന്ന വാക്ക്! മനസ്സും ശരീരവും മുഖവും സ്വത്വവും പരിപൂർണ്ണമായും ഞാൻ അവനിലേക്ക് തിരിച്ചു നിർത്തുന്നു. എന്നെ ഞാൻ സർവ്വഥാ അവനു സമർപ്പിക്കുന്നു; ഞാൻ ഒരിക്കലും മുശ്‌രിക്കുകളിൽ പെട്ടവനേയല്ല. ഏതവസ്ഥയിലും അല്ലാഹുവിലേക്ക് മാത്രമേ മനസ് തിരിയൂ. അവനിലേക്ക് മാത്രമേ കണ്ണും കൈയും ഉയരൂ. അവനോട് മാത്രമേ സഹായം ചോദിക്കൂ. അവനെ മാത്രമേ അവലംബിക്കൂ. അവനോടല്ലാതെ മറ്റൊന്നിനോടും ആശ്രയം തേടില്ല. അവൻ അനുഗ്രഹങ്ങളോ നിഗ്രഹങ്ങളോ എത്തിക്കാൻ സംവിധാനിച്ചി-രിക്കുന്ന കാരണങ്ങളിലേക്കോ സാമഗ്രികളിലേക്കോ കണ്ണും മനസ്സും പായില്ല. അനുഗ്രഹ ദാതാവായ അല്ലാഹുവിലേക്ക് എത്താതെ, അവ ലഭ്യമാക്കാൻ അവൻ നിശ്ചയിച്ച കാരണങ്ങളിൽ കുടുങ്ങി നിൽക്കില്ല. മണ്ണും വിണ്ണും സൂര്യനും കടലും അവൻ സംവിധാനിച്ച സാമഗ്രികൾ മാത്രം. അവയൊന്നും ആരാധ്യമൂർത്തികളല്ല. അവക്ക് ഉപകരണപരമായ ധർമ്മമേയുള്ളു. ഈ തിരിച്ചറിവുള്ളവനാണ് മുസ്‌ലിം. ഭൂതപ്രേതപിശാചുക്കളുടെ മുന്നിൽ ഭയന്നു ചൂളിപ്പോകുന്നവനല്ല മുവഹ്ഹിദ്. പുഴയിൽ വീണാലും മരുഭൂമിയിൽ അലഞ്ഞാലും അല്ലാഹുവിലേക്കല്ലാതെ അവന്റെ സൃഷ്ടികളിലേക്ക് മനസ്സ് പോകില്ല; അവരോട് സഹായം തേടില്ല. അല്ലാഹുവിലേക്ക് മുഖം തിരിച്ചു എന്ന് പറയുമ്പോൾ ഇതെല്ലാം അർത്ഥമാക്കുന്നു. അരുത്, കർമ്മങ്ങൾ അത് ലംഘിക്കുകയോ നിലപാ-ടുകൾ അത് റദ്ദ് ചെയ്യുകയോ അരുത്.
അല്ലാഹുവിനുള്ള സമർപ്പണം സമഗ്രവും സമ്പൂർണ്ണവുമായിരിക്കണം. സമർപ്പണത്തിന്റെ മാനങ്ങൾ വിവരണാതീതമാണ്. ജീവിതം മാത്രമല്ല, മരണവും, നമസ്കാരം മാത്രമല്ല ബലിയും. അങ്ങനെ എല്ലാമെല്ലാം അവനു മാത്രമായി സമർപ്പിക്കണം. അവനു സമന്മാരെയോ പങ്കാളികളെയോ ഇടയാളന്മാരെയോ ശിപാർശകരെയോ നിശ്ചയിക്കാവതല്ല. അവനു സമർപ്പിക്കപ്പെടുന്നതൊന്നും വീതം വെക്കാവതുമല്ല. അതിലൊരംശം പോലും ഒരു പങ്കാളിക്കോ വലിയ്യിനോ ശിപാർശക്കാരനോ നൽകാൻ പാടില്ല. സമർപ്പണം അവന്റെ വജ്ഹ് ഉദ്ദേശിച്ചു കൊണ്ട് മാത്രമാ-യിരിക്കണം. അതിൽ ഏതെങ്കിലും തരത്തിലുള്ള കളങ്കമോ മായമോ കലർത്താൻ പാടില്ല. സമർപ്പണം ഇവ്വിധം ഉദാത്തമായ രീതിയിൽ നിർവ്വഹിക്കുന്നവരിൽ ഒന്നാമനാണു ഞാനെന്നു പറയാൻ പറ്റണം. അവനാണു മുസ്‌ലിം. അല്ലാതെ, ജീവിതവും മരണവും കർമ്മങ്ങളും അനുഷ്ഠാനങ്ങളും ആശ-കളും അഭിലാഷങ്ങളും വ്യജദൈവങ്ങൾക്കിടയിൽ വീതിച്ചു നൽകാനുള്ളതല്ല. കല്ല്, കരട്, കാഞ്ഞിരക്കുറ്റി മുതൽ മുള്ള്, മുരട്, മൂർക്കൻ പാമ്പ് വരെ മുപ്പത്തി മുക്കോടി ദൈവങ്ങളിലും, ഭൂത-പ്രേത-ജിന്ന് വിഭാഗങ്ങളിലും, ആശ്രയം കണ്ടെത്തുകയും അവക്കു മുന്നിൽ ഭയന്നു ചൂളുകയും ചെയ്യുന്നവൻ മുവഹ്ഹിദല്ല, ബഹുദൈവ വിശ്വാസിയാണ്.
അല്ലാഹു! അധീശത്വത്തിന്റെയും ആധിപത്യത്തിന്റെയും അങ്ങേയറ്റം. ന്യായമായും ആരാധിക്കപ്പെടേണ്ടവൻ. അത്യുന്നതനായ രാജാധിരാജ-നോട് അവന്റെ എളിയവരായ സൃഷ്ടികൾ കാണിക്കുന്ന അരുതായ്മ-കൾക്ക് വല്ല കൈയും കണക്കുമുണ്ടോ?! അവന് ഇണകൾ, മക്കൾ, പങ്കാളികൾ, ശിപാർശക്കാർ പോലുള്ളവരെ ചാർത്തിക്കൊടുക്കുന്നു. അത്യന്തം അപമാനകരമായ അപവാദങ്ങൾ ഉന്നയിക്കുന്നു. അവനു മാത്രം അവകാശപ്പെട്ട ആരാധന അവന്റെ അടിമകൾക്കു കൂടി വീതിച്ചു കൊടുക്കുന്നു. ഒരു യഥാർത്ഥ വിശ്വാസി ഇത്തരം അരുതായിമകളിൽനിന്നെല്ലാം അവനെ അകറ്റി നിർത്തണം. അവന്റെ ഔന്നത്യവും വിശുദ്ധിയും സദാ ഉയർത്തിപ്പിടിക്കണം. അവനെ കുറിച്ച് വർണ്ണിക്കുമ്പോൾ സൂക്ഷ്മത പുലർത്തണം. അവനെ യഥാതഥമായി വർണ്ണിക്കാൻ അവനു മാത്രമേ കഴിയൂ. അതിനാൽ അവൻ പ്രത്യേകം തെരഞ്ഞെടുത്തു നിയോഗിച്ച ദൂതന്മാർ മുഖേന നമുക്ക് അറിയിച്ചു തന്നെ കാര്യങ്ങൾ മാത്രമേ നാം അവനെ കുറിച്ച് പറയാൻ പാടുള്ളു. «അല്ലാഹുവേ, നിന്നെ കുറിച്ച് നീ തന്നെ വർണ്ണിക്കുകയും വാഴ്‌ത്തുകയും ചെയ്തതെങ്ങനെയാണോ അപ്രകാരമാണു നീ».
എന്നെ സൃഷ്ടിച്ചതും സ്ഥിതി പരിപാലിക്കുന്നതും ഉടമപ്പെടുത്തുന്നതും രക്ഷാകർത്തൃത്വം വഹിക്കുന്നതും എല്ലാമെല്ലാം നീയാണ്. ഞാൻ നിന്റെ അടിയാൻ മാത്രവും; ആത്മാവും ശരീരവും മനസ്സും ദേഹവും മുഖവും സ്വത്വവുമെല്ലാം സർവഥാ സമർപ്പിച്ച അടിയാൻ. ജീവിതത്തിൽ അറിഞ്ഞും അറിയാതെയും ഏറെ തെറ്റുകുറ്റങ്ങൾ ചെയ്തു പോയ ഒരു പാപിയാണു ഞാൻ. എന്റെ പാപങ്ങൾ മനസാ സമ്മതിക്കുകയും സ്വയം ഏറ്റുപറയുകയും ചെയ്യുന്നു. അവയെല്ലാം നിന്റെ കൃപാകടാക്ഷത്താൽ നീയെനിക്ക് പൊറുത്തു തരേണമേ, പാപങ്ങൾ പൊറുക്കാൻ നീയല്ലാ-താരുമില്ല റബ്ബേ! വിനീത ദാസനായ ഒരു വിശ്വാസി തന്റെ റബ്ബിന്റെ മുന്നിൽ നടത്തുന്ന കുറ്റസമ്മതം. തകർന്ന മനസ്സുമായുള്ള ഏറ്റുപറച്ചിൽ. ഭയപ്പാടോടും പ്രതീക്ഷയോടും കൂടി പാപങ്ങൾ പൊറുത്തു കിട്ടാൻ നടത്തുന്ന നിസ്സഹായമായ കേഴൽ. പ്രപഞ്ചങ്ങളുടെ സ്രഷ്ടാവും ഉടമസ്ഥനും നിയന്താവുമായ അധീശാധിപതി. അവന്റെ മുന്നിൽ നിൽക്കുന്ന നിസ്സാരനായ അടിയാൻ. പാപഭാരത്താൽ തലകുനിച്ച് അല്ലാഹുവിന്റെ പാപമോചനത്തിലും കാരുണ്യത്തിലും പ്രതീക്ഷയർപ്പിച്ചു കൊണ്ട് യാചിക്കുന്നു: എന്റെ മുഴുപാപങ്ങളും നീയെനിക്ക് പൊറുത്തു തരേണമേ, നിയല്ലാതാരാണ് പാപങ്ങൾ പൊറുക്കുക?
നൈതികതയിലും ധാർമ്മികതയിലും മനോഘടനയിലും ചിത്തവൃത്തി-യിലും ഭാവപ്രകടനങ്ങളിലും ഏറ്റവും ഉദാത്തമായത് ഏതോ അതിലേക്ക് നീയെന്നെ വഴി ചേർക്കണേ, നിനക്കല്ലാതെ മറ്റാർക്കും അതിലേക്ക് വഴിചേർക്കാനാവില്ല. അവയിൽ നല്ലതേത്, തിയ്യതേത് എന്ന് തീരുമാനിക്കാൻ കഴിയുക നിനക്കു മാത്രം. അവയിൽ കെട്ടതും തിയ്യതും നീ എന്നിൽനിന്ന് തിരിച്ചു കളയണേ, അവ എന്നിൽനിന്ന് തിരിച്ചു കളയാൻ നിനക്കല്ലാതാർക്കുമാവില്ല. ആരും മോഹിക്കുന്നതും മോഹിക്കേണ്ടതുമായ കാര്യമാണ് സ്വഭാവ വൈശിഷ്ട്യം. അല്ലാഹു അടിയാറുകൾക്കിടയിൽ വിഭവങ്ങൾ വീതിച്ചു നല്കുന്നതു പോലെ സ്വഭാവ വിശേഷങ്ങളും വീതിച്ചു നൽകുന്നു. മറ്റു കഴിവുകളും സിദ്ധികളും നേടിയെടുക്കാൻ പരിശീലിക്കുന്നതു പോലെ സ്വഭാവ വൈശിഷ്ട്യം നേടാനും പോഷിപ്പിക്കാനും നാം അഭ്യസിക്കുകയും അല്ലാഹുവിനോട് പ്രാർത്ഥിക്കുകയും വേണം.
അല്ലാഹുവിന് പൂർണ്ണമായി വഴിപ്പെടുക, സർവഥാ സമർപ്പിക്കുക, പൂർണ്ണ മനസ്സോടെ കല്പനകൾ പിന്തുടരുക, അവന്റെ ഹിതാനുസാരിയായി വർത്തിക്കുക, ആവർത്തിച്ചാവർത്തിച്ച് അവയിൽ തന്നെ തുടരുക. അതു മാത്രമേ ഒരു വിശ്വാസിക്ക് വഴിയുള്ളു. ഈയൊരു ഉത്തരമേ അവനിൽ നിന്ന് തന്റെ റബ്ബ് പ്രതീക്ഷിക്കുന്നുമുള്ളു. ഈ വിളി മനസ്സിൽ നിറയട്ടെ, നാവിലുയരട്ടെ, ഹജ്ജ്-ഉംറ പോലുള്ള വേളകളിൽ ദിഗന്തങ്ങൾ ഭേദിക്കു-മാറുച്ചത്തിൽ ഉയർന്നു കേൾക്കട്ടെ. അതു തന്നെയാണ് വിശ്വാസിക-ളോട് ശർഅ് അനുശാസിക്കുന്നതും.
വിധിനിർണ്ണയത്തിലുള്ള (ഖളാ-ഖദ്ർ) വിശ്വാസമാണ് ഈമാൻ കാര്യങ്ങളിൽ ആറാമത്തേത്. വിധിയിൽ നന്മയും തിന്മയും ഉണ്ടായിരിക്കും. അവയെല്ലാം തന്നെ അല്ലാഹുവിൽനിന്നുള്ളവയാണ്. യഥാർത്ഥത്തിൽ, ഖളാ-ഖദ്റിലെ നന്മതിന്മകൾ ആപേക്ഷികമാണ്. മനുഷ്യാനുഭവത്തെ അപേക്ഷിച്ചാണ് അതിലെ നന്മതിന്മകൾ വേർതിരിക്കുന്നത്. അവ ആപേക്ഷികവും ഭാഗികവും താൽക്കാലികവുമാണ്. അല്ലാഹുവിനെ സംബന്ധിച്ചിടത്തോളം അവ എല്ലാം തന്നെ സോദ്ദേശപൂർണ്ണവും ന്യായയുക്തവുമായ സൃഷ്ടിപ്രക്രിയകളുടെയും സംവിധാനങ്ങളുടെയും ഭാഗമാണ്; നന്മയുടെയും നീതിയുടെയും നിർവ്വഹണത്തിൽ സംഭവി-ക്കുന്ന താൽക്കാലിക പ്രത്യക്ഷീകരണങ്ങളാണ്. തിന്മകൾ അല്ലാഹുവിന്റെ മഹത്വത്തിനും ഔന്നത്യത്തിനും ചേരില്ല. കാര്യങ്ങളുടെ ആത്യന്തികമായ കിടപ്പ് പരിഗണിച്ച് തിന്മകൾ അല്ലാഹു-വിലേക്ക് ചേർക്കാവതുമല്ല. അല്ലാഹുവിനെ അറിയുന്ന വിനീതരായ വിശ്വാസികൾ അവരുടെ ഈ ബോധ്യം വാക്കുകളിൽ കൂടി പ്രതിഫ-ലിപ്പിക്കണം. തിന്മ അല്ലാഹുവിലേക്ക് ചേർത്ത് പറയാതിരിക്കാനുള്ള ഉന്നതമായ മര്യാദ ഉയർത്തിപ്പിടിക്കണം. അതൊരു വിശ്വാസ പ്രഖ്യാപനമായി, അല്ലാഹുവിനുള്ള വാഴ്‌ത്തായി ആവർത്തിക്കണം.
ഹുദാ അല്ലെങ്കിൽ ഹിദായത് എന്നാൽ സന്മാർഗ്ഗം എന്നു സാരം. അതിനു രണ്ടു വശമുണ്ട്: (1) സന്മാർഗ്ഗത്തെ കുറിച്ചുള്ള വിശദീകരണം. (2) സന്മാർഗ്ഗം ഉൾക്കൊള്ളാനുള്ള തൗഫീഖ്. ഒന്നാമത്തേത് എല്ലാവരുടെയും കാതിൽ ഒരിക്കലല്ലെങ്കിൽ മറ്റൊരിക്കൽ വന്നെത്തുക തന്നെ ചെയ്യും. രണ്ടാമത്തേത് ജീവിതത്തിൽ സത്യസന്ധത കൈവിടാത്ത-വർക്ക് അല്ലാഹു സമ്മാനമായി നൽകും. അവൻ വിശ്വസിച്ച് ഏല്പിച്ച ശുദ്ധപ്രകൃതിയെ കളങ്കപ്പെടുത്തി, കളവും കാപട്യവും കൃത്രിമത്വവും ഒരലങ്കാരമായി കൊണ്ടുനടക്കുന്ന ദുർവൃത്തരായ ആളുകൾ ഈ സമ്മാനത്തിന് എങ്ങനെ അർഹരാകും? സത്യസന്ധത വീണുപോകാതെ, സന്മാർഗ്ഗം പുണരാൻ തൗഫീഖ് ലഭിച്ചവനാണ് സൗഭാഗ്യവാനായ സന്മാർഗ്ഗചാരി. അവരിൽ ഞങ്ങളെയും ഉൾപ്പെടുത്തണേ റബ്ബേ!
അല്ലാഹുവിന്റെ മുൻനിർണ്ണയമനുസരിച്ച്, ലൗഹിൽ രേഖപ്പെടുത്തിയതു പ്രകാരം, അവന്റെ വേണ്ടുക വന്നപ്പോൾ, നിശ്ചിത സമയത്തും സ്ഥലത്തും വെച്ച്, അല്ലാഹുവിന്റെ അനാദിയായ അറിവിൽ ഉൾപ്പെട്ടു കിടന്നിരുന്ന ഞാൻ, ഇല്ലായ്മയിൽനിന്നൊരു ഉണ്മയായി, ഒരു സൃഷ്ടിയായി ഉയിരെടുത്തു. ഒരു നിമിഷാർദ്ധം പോലും അവന്റെ കരുണാകടാക്ഷമില്ലാതെ എനിക്ക് ഇനി നിലനിൽക്കാനുമാവില്ല. ഞാൻ സദാ അവനെ ആശ്രയിച്ചാണ് നിലകൊള്ളുന്നത്. ഞാനും എനിക്കുള്ള സകലതും അവന്റേതാണ്. ജീവിച്ചു തീരുമ്പോൾ മടങ്ങുന്നതും ഒടുങ്ങുന്നതും അവനിലേക്കാണ്. അവനെ കബളിപ്പിക്കാനാവില്ല. അവനിൽനിന്ന് കടന്നുകളയാനുമാവില്ല. അവന്റെ അടുക്കൽനിന്ന് ഓടിപ്പോകാൻ ഒരു അഭയകേന്ദ്രമോ സുരക്ഷാ താവളമോ ഇല്ല — അവനിലേക്കു മാത്രം, മറ്റൊരിടവുമില്ല ചെന്നവസാനിക്കാൻ. അവൻ ചോദിക്കുന്നു: «അപ്പോൾ നിങ്ങൾ എവിടേക്കാണ് പോവുക?!» (തക്‌വീർ 26) പറയൂ: അതെ, നിന്നിലേക്ക് മാത്രം.
ഏവർക്കും ലഭിക്കുന്ന, അളവറ്റ, നിലക്കാത്ത നന്മകളുടെ ഉടമ. സർവ്വൈശ്വര്യങ്ങൾക്കും അഭിവൃദ്ധികൾക്കും ഉടയവൻ. സൃഷ്ടിക്കും സമഷ്ടിക്കും നിർലോഭം വാരിക്കോരി കൊടുക്കുന്നവൻ. മഹത്വത്തിന്റെയും ഔന്നത്യത്തിന്റെയും ഉയരങ്ങളിൽ വാഴുന്നവൻ. അല്ലാഹുവിനെ വാഴ്‌ത്താനുള്ള രണ്ട് ചെറുവചനങ്ങൾ. അവ ഉൾക്കൊള്ളുന്ന ആശയങ്ങളുടെ അടരുകൾ അപാരം. അല്ലാഹുവിന്റെ അപദാനങ്ങൾ, മഹാകൃത്യങ്ങൾ, അവ വിളംബരം ചെയ്യുന്ന ഐശ്വര്യങ്ങൾ.. ഇതെല്ലാമാണ് ഒന്നാമത്തെ വചനം ദ്യോതി-പ്പിക്കുന്നത്. അവന്റെ സത്താപരവും ആശയപരവുമായ ഔന്നത്യം വിളിച്ചോതുന്ന, സൃഷ്ടികൾക്കതീതനായി, അർശിനും മീതെ, ഉയരങ്ങ-ൾക്കെല്ലാം ഉപരിയിൽ വാഴുന്ന അല്ലാഹുവിന്റെ അതുല്യതയാണ് രണ്ടാമത്തെ വചനം ധ്വനിപ്പിക്കുന്നത്.
ദയാപരനും കാരുണ്യവാനുമായ അല്ലാഹുവിനോട്, തികഞ്ഞ പ്രതീക്ഷ-യോടും കവിഞ്ഞ ഭയപ്പാടുകളോടും കൂടി, അറിഞ്ഞും അറിയാതെയും ചെയ്തു പോയ എല്ലാ തെറ്റുകളും പൊറുത്തുതരാനുള്ള യാചന. അതാണ് ഇസ്തിഗ്ഫാർ. അത് പരിഹരമാണ് — ഇഹത്തിലും പരത്തിലുമുള്ള എല്ലാ പ്രശ്നങ്ങൾക്കും. വലിയ തെറ്റുകൾക്ക് ലക്ഷണമൊത്ത തൗബഃയിലൂടെ പ്രത്യേകമായ പാപ പരിഹാരം വേറെ തന്നെ ചെയ്യേണ്ടതുണ്ട്. ഞാനി-താ, തൗബഃയും ഇസ്‌തിഗ്ഫാറുമായി നിന്നിലേക്ക് തിരിച്ചു വരുന്നു..
അല്ലാഹുവേ, ഉലയുന്ന മനസ്സോടെ, തപ്തമായ ഹൃദയത്തോടെ, ഉള്ളുരുകി നിന്നോട് കേഴുന്നു: എല്ലാം വിട്ട് ഞാൻ നിന്നിലേക്ക് മടങ്ങുന്നു, നീ എന്നെ സ്വീകരിക്കില്ലേ.. — അബൂ ത്വാരിഖ് സുബൈർ മുഹമ്മദ് 24 റമദാൻ 1446 / 24 മാർച്ച് 2025 Your browser does not support viewing this document. Click here to download the document. بِسْمِ اللهِ الرَّحْمنِ الرَّحِيمِ വയറിനു മീതെയാണ് തല ആരും തലതിരിക്കാതിരുന്നാൽ മതി അബൂ ത്വാരിഖ് സുബൈർ മുഹമ്മദ് عَنْ أَبِي هُرَيْرَةَ رضي الله عنه، قَالَ: «كَانَ رَسُولُ اللهِ صلى الله عليه وسلم يَقُولُ: اللَّهُمَّ أَصْلِحْ لِي دِينِي الَّذِي هُوَ عِصْمَةُ أَمْرِي، وَأَصْلِحْ لِي دُنْيَايَ الَّتِي فِيهَا مَعَاشِي، وَأَصْلِحْ لِي آخِرَتِي الَّتِي فِيهَا مَعَادِي، وَاجْعَلِ الْحَيَاةَ زِيَادَةً لِي فِي كُلِّ خَيْرٍ، وَاجْعَلِ الْمَوْتَ رَاحَةً لِي مِنْ كُلِّ شَر [مسلم في صحيحه] അബൂ ഹുറയ്റഃ നിവേദനം. നബി ﷺ ഇപ്രകാരം ദുആ ചെയ്യാറുണ്ടായിരുന്നു. അല്ലാഹുവേ, എന്റെ ദീൻ നീയെനിക്ക് നന്നാക്കിത്തരേണമേ, അതാണല്ലോ എന്റെ കാര്യം തെറ്റിപ്പോകാതിരിക്കാനുള്ള അവലംബം. എന്റെ ദുനിയാവും നീ എനിക്കു നന്നാക്കിത്തരേണമേ, അതിലാണല്ലോ എന്റെ ലൗകിക ജീവിതം കുടികൊള്ളുന്നത്. എന്റെ പരലോകം നീ എനിക്കു നന്നാക്കിത്തരേണമേ, അതാണല്ലോ എനിക്ക് മടങ്ങിപ്പോകാനുള്ള സങ്കേതം. ജീവിതം എനിക്ക് നീ എല്ലാ വിധ നന്മകളിലുമുള്ള വർദ്ധനവ് ആക്കേണമേ, മരണം എനിക്ക് നീ എല്ലാ വിധ തിന്മകളിൽ നിന്നുമുള്ള സമാശ്വാസവുമാക്കേണമേ. (മുസ്ലിം സ്വഹീഹിൽ ഉദ്ധരിച്ചത്) എരിയുന്ന പൊരിയുന്ന വയറ് പ്രശ്നമല്ലാതില്ല, എന്നാൽ അതല്ല വലിയ പ്രശ്നം. മതമാണ്, മതമാണ് ഏറ്റവും വലുതും ആത്യന്തികവുമായ പ്രശ്നം. തലക്കുമീതെ വയറിനെ കൊണ്ടു പോയി വെക്കുന്നവർക്ക് കാര്യങ്ങൾ നേരെ ചൊവ്വേ ഗ്രഹിക്കാൻ കഴിയണമെന്നില്ല. അവർക്ക് മൂല്യങ്ങളെല്ലാം കുഴാമറിഞ്ഞ് പോവുക സ്വാഭാവികം. ആത്മാവിന്റെ അനശ്വരതയെ കുറിച്ചവർക്ക് ലവലേശം ധാരണയുണ്ടാവില്ല. പാരത്രിക ജീവിതത്തിലവർക്ക് വിശ്വാസിക്കാനുമാവില്ല. നന്മതിന്മകളില്ല, പുണ്യപാപങ്ങളില്ല, വിധിവിലക്കുകളില്ല, ശിക്ഷാരക്ഷകളില്ല. എത്ര ശുഷ്കമാണ്, എത്ര ഉർവരമാണ് അവരുടെ ജീവിതം !! അവർക്കെന്തറിയാം, ഐഹിക ജീവിതത്തിന്റെ പുറം പൂച്ചുകളല്ലാതെ?!! അല്ലാഹു പറയുന്നു: يَعْلَمُونَ ظَاهِرًا مِّنَ الْحَيَاةِ الدُّنْيَا وَهُمْ عَنِ الْآخِرَةِ هُمْ غَافِلُونَ (الروم : ٧) ഐഹിക ജീവിതത്തിന്റെ കേവലമായ ബാഹ്യമോടിയല്ലാതെ മറ്റൊന്നും അവർക്കറിയില്ല. പാരത്രിക ജീവിതത്തെ കുറിച്ചാണെങ്കിലോ പൂർണ്ണമായും അശ്രദ്ധയിലുമാകുന്നു അവർ. (റൂം: 7)
രാത്രിയുടെ അന്ത്യയാമങ്ങളിൽ പാപമോചനം തേടുന്നവരെ ഒന്നിലധികം തവണ അല്ലാഹു പ്രശംസിച്ചിരിക്കുന്നു. അത്തരം വചനങ്ങളിലും അവയുടെ വ്യാഖ്യാനങ്ങളിലും രാത്രിനമസ്കാരത്തിനു പുറമെ ഇസ്‌തിഗ്ഫാറിന്റെ കാര്യം പ്രത്യേകം പരാമർശിച്ചിട്ടുണ്ട്. കൂടാതെ, പുണ്യവാന്മാർ ആ സമയമാണ് പാപമോചനത്തിനു വേണ്ടി യാചിക്കാൻ തെരഞ്ഞെടുത്തിരുന്നത്... Your browser does not support viewing this document. Click here to download the document. بسم الله الرحمن الرحيم ഏറ്റവും ശ്രേഷ്ഠമായ മാസമാണ് റമദാൻ. അതിൽ ഏറ്റവും ശ്രേഷ്ഠമാണന്ത്യപാദം. അതിലെ ഒറ്റയൊറ്റ രാവുകളിലൊന്നിൽ ആയിരം മാസങ്ങളെക്കാൾ പുണ്യകരമായ ലൈലതുൽ ഖദ്ർ വർഷാവർഷം ആവർത്തിക്കുന്നു. അല്ലാഹുവിന്റെ പ്രതിഫലം മോഹിച്ചു കൊണ്ട് വിശ്വാസപൂർവ്വം ആർ റമദാനിൽ നോമ്പെടുക്കുന്നുവോ, രാത്രി നമസ്കാരം നിർവ്വഹിക്കുന്നുവോ, ഖദ്റിന്റെ രാവിൽ നമസ്കരിക്കുന്നുവോ അവനു മുൻകഴിഞ്ഞ പാപങ്ങളെ-ല്ലാം പൊറുത്തു കിട്ടുമെന്നാണ് ഹദീസിൽ പറയുന്നത്. അല്ലാഹുവിന് വേണ്ടി ഗോപ്യമായി ചെയ്യുന്ന സ്വകാര്യമായ ഒരു സുകൃ-തമായി രാത്രിനമസ്കാരം നിർവ്വഹിക്കുന്നതാണ് ഉത്തമം. വീട്ടിനുള്ളിൽ, രാവിന്റെ മറവിൽ, അവസാന യാമങ്ങളിൽ (أسْحَار) അല്ലാഹുവിനു സമർപ്പിക്കുന്ന രഹസ്യമായ ഇബാദത്തുകൾ ഏറെ ശ്രേഷ്ഠകരമാണ്. രാത്രിനമസ്കാരം, ഖുർആൻ പാരായണം, ദിക്ർ, ദുആ പോലുള്ള സുകൃതങ്ങൾ കൊണ്ട് രാവിന്റെ അവസാന യാമങ്ങൾ ധന്യമാക്കണം. വേഗം എണ്ണിതീർത്ത് പുതുപ്പിനകത്തേക്ക് വലിയുകയെന്നതിലല്ല കാര്യം. അല്ലാഹു ഒന്നാനാകാശത്തിലേക്ക് ഇറങ്ങിവരുന്ന യാമങ്ങളിൽ, അവൻ അനുശാസിക്കും വിധം ആരാധനകളിൽ മുഴുകി, അവനോട് ഉള്ളുരുകി കേണുകൊണ്ടിരിക്കുന്നതിലാണ് മാഹാത്മ്യം. വിശ്വാസികളുടെ മഹത്വത്തെ കുറിച്ച് അല്ലാഹു പറയുന്നത്: كَانُوا قَلِيلًا مِّنَ اللَّيْلِ مَا يَهْجَعُونَ وَبِالْأَسْحَارِ هُمْ يَسْتَغْفِرُونَ (الذاريات ١٧-١٨) «രാവിൽ അല്പം മാത്രമേ അവർ ശയിക്കാറുണ്ടായിരുന്നുള്ളു. രാത്രിയുടെ അന്ത്യയാമങ്ങളിൽ പാപമോചനം തേടിക്കൊണ്ടിരിക്കുന്നവരായിരുന്നു അവർ.» (ദാരിയാത് 17-18) الصَّابِرِينَ وَالصَّادِقِينَ وَالْقَانِتِينَ وَالْمُنفِقِينَ وَالْمُسْتَغْفِرِينَ بِالْأَسْحَارِ (آل عمران ١٧) «ക്ഷമിക്കുന്നവരും, സത്യവാന്മാരും, നിതാന്തമായി അല്ലവാഹുവിനെ സൂക്ഷിക്കുന്നവരും, ധനം നല്ല മാർഗ്ഗത്തിൽ വ്യയം ചെയ്യുന്നന്നവരും, രാത്രിയുടെ അന്ത്യവേളകളില്‍ പാപമോചനം തേടിക്കൊണ്ടിരിക്കുകയും ചെയ്യുന്നവർ.» (ആലു ഇംറാൻ 17) ഗോപ്യമായ ഇബാദത്ത് എന്നതിനു പുറമെ, അല്ലാഹു ഒന്നാനാകാ-ശത്തിലേക്ക് ഇറങ്ങി വന്ന് അതുല്യമായ വാഗ്ദാനങ്ങൾ നൽകുന്ന ശ്രേഷ്ഠകരമായ യാമം എന്ന ഒരു സവിശേഷത കൂടി അതിനുണ്ട്. നബി ﷺ പറയുന്നു: عن أبي هريرة رضي الله عنه أن رسول الله ﷺ قال: «يَنْزِلُ رَبُّنَا كُلَّ لَيْلَةٍ إِلَى السَّمَاءِ الدُّنْيَا حِينَ يَبْقَى ثُلُثُ اللَّيْلِ الْآخِرُ فَيَقُولُ: مَنْ يَدْعُونِي فَأَسْتَجِيبَ لَهُ؟ وَمَنْ يَسْأَلُنِي فَأُعْطِيَهُ؟ وَمَنْ يَسْتَغْفِرُنِي فَأَغْفِرَ لَهُ؟ » (متفق عليه) അബൂ ഹുറയ്റഃ رضي الله عنه നിവേദനം. നബി ﷺ പറയുന്നു: «നമ്മുടെ റബ്ബ് എല്ലാ രാവിലും, രാത്രിയുടെ മൂന്നിലൊന്നിലെ അവസാന യാമത്തിൽ ഒന്നാനാകാശത്തേക്ക് ഇറങ്ങുന്നു. അവൻ ചോദിക്കും: എന്നോട് പ്രാർത്ഥിക്കാനാരുണ്ട്? ഞാൻ അവന് ഉത്തരം ചെയ്യാം. എന്നോട് ചോദിക്കാനാരുണ്ട്? ഞാൻ അവനു നൽകാം. എന്നോട് പാപമോചനം തേടാനാരുണ്ട്? ഞാൻ അവന് പൊറുത്തു കൊടുക്കാം.» [ബുഖാരി, മുസ്‌ലിം] രാവിൽ ഒടുവിലത്തെതും ഏറ്റവും ഇരുൾ മുറ്റിയതുമായ ആ വിശിഷ്ട യാമം ഉറങ്ങിത്തീർക്കുകയല്ല, ഇബാദത്തിൽ മുഴുകുകയാണ് വേണ്ടത്. ആരാധനകളിൽ രാത്രി നമസ്കാരമോ, ഖുർആൻ പാരായണമോ, ദിക്റോ, ദുആയോ.. ഏതാണ് അപ്പോൾ ഉത്തമം? സംശയം വേണ്ട, ഇസ്‌തിഗ്ഫാർ അഥവാ പാപമോചത്തിനു വേണ്ടി-യുള്ള യാചന തന്നെ! കാരണം രാത്രിയുടെ അന്ത്യയാമങ്ങളിൽ പാപമോചനം തേടുന്നവരെ ഒന്നിലധികം തവണ അല്ലാഹു പ്രശംസിച്ചിരിക്കുന്നു. അത്തരം വചന-ങ്ങളിലും അവയുടെ വ്യാഖ്യാനങ്ങളിലും രാത്രിനമസ്കാരത്തിനു പുറമെ ഇസ്‌തിഗ്ഫാറിന്റെ കാര്യം പ്രത്യേകം പരാമർശിച്ചിട്ടുണ്ട്. കൂടാതെ, പുണ്യവാന്മാർ ആ സമയമാണ് പാപമോചനത്തിനു വേണ്ടി യാചിക്കാൻ തെരഞ്ഞെടുത്തിരുന്നത്. عن إبراهيم التيميّ في قول يعقوب لبنيه: ﴿ سَوْفَ أَسْتَغْفِرُ لَكُمْ رَبِّي ﴾ (يوسف ٩٨) قال: أخّرهم إلى السحر. (الطبري) യഅ്ഖൂബ് عليه السلام തന്റെ മക്കളോട് പറഞ്ഞു: «ഞാൻ എന്റെ റബ്ബിനോട് നിങ്ങളുടെ പാപങ്ങൾ പൊറുത്തുകിട്ടാൻ വേണ്ടി യാചിക്കാം». ഈ വചനത്തെ കുറിച്ച് ഇബ്റാഹീം അത്തയ്‌മി رحمه الله പറയുന്നത്, "അവർക്കു വേണ്ടിയുള്ള ദുആ രാത്രിയുടെ അന്ത്യയാമത്തിലേക്ക് അദ്ദേഹം നീട്ടിവെച്ചു" എന്നാണ്. (ത്വബരി തഫ്‌സീറിൽ ഉദ്ധരിച്ചത്) عن نَافِعٌ يقول: أَنَّ ابْنَ عُمَرَ كَانَ يُحْيِي اللَّيْلَ صَلاةً، فَيَقُولُ: يَا نَافِعُ: أَسْحَرْنَا؟ فَيَقُولُ: لا، فَيُعَاوِدُ الصَّلاةَ فَإِذَا قُلْتُ: نَعَمْ، قَعَدَ يَسْتَغْفِرُ اللَّهَ وَيَدْعُو حَتَّى يُصْبِحَ ( ابن أبي حاتم) നാഫിഅ് رحمه الله പറയുന്നു: "ഇബ്‌നു ഉമർ رضي الله عنه നമസ്കാരം കൊണ്ട് രാവിനെ ജീവിപ്പിക്കുമായിരുന്നു. അദ്ദേഹം ചോദിക്കും: ഓ നാഫിഅ് ! നാം രാത്രിയുടെ അവസാന യാമത്തിലായോ? അപ്പോൾ അദ്ദേഹം പറയും: ഇല്ല. എങ്കിൽ അദ്ദേഹം നമസ്കാരത്തിലേക്കു തന്നെ മടങ്ങും. അതെ എന്ന് ഞാൻ പറഞ്ഞാൽ അദ്ദേഹം ഇസ്‌തിഗ്ഫാർ ചെയ്യാനായി ഇരിക്കുകയും പ്രഭാതം വരെ ആ ദുആയിൽ മുഴുകുകയും ചെയ്യും." [ഇബ്‌നു അബീ ഹാതിം] ഇസ്‌തിഗ്ഫാറിനുള്ള വചനങ്ങൾ ഏറെയുണ്ട്. രാത്രിയുടെ അന്ത്യയാ-മങ്ങളിൽ പാപമോചനം തേടാൻ ഏറ്റവും ഉചിതമായ ചില വചനങ്ങൾ മാത്രം താഴെ കൊടുക്കാം: سيد الاستغفار اللهم أنت ربي لا إله إلا أنت، خلقتني وأنا عبدك، وأنا على عهدك ووعدك ما استطعت، أعوذ بك من شر ما صنعت، أبوء لك بنعمتك علي، وأبوء بذنبي فاغفر لي فإنه لا يغفر الذنوب إلا أنت ഇസ്‌തിഗ്ഫാറുകളിൽ മുഖ്യൻ: അല്ലാഹുവേ, നീയാണ് എന്റെ റബ്ബ്, നീയല്ലാതെ ന്യായമായും ആരാധിക്കപ്പെടേണ്ടവനായി ആരുമേ ഇല്ല. നീയാണ് എന്നെ സൃഷ്ടിച്ചത്, ഞാൻ നിന്റെ അടിമയും. കഴിവിന്റെ പരമാവധി ഞാൻ നിന്നോടുള്ള ഉടമ്പടിയിലും വാഗ്ദാ-നത്തിലും നിലകൊള്ളും. സംഭവിച്ചു പോയ ദുഷ്ചെയ്തികളിൽനിന്ന് ഞാൻ നിന്നോട് കാവൽ ചോദിക്കുന്നു. നീ എനിക്കു ചെയ്തു തന്നെ അനുഗ്രഹങ്ങൾ ഞാൻ ഏറ്റുപറയുന്നു. എന്റെ തെറ്റുകുറ്റങ്ങൾ ഞാൻ സമ്മതിക്കുന്നു. നീ എന്നോട് പൊറുക്കണേ. കാര്യം, നീയല്ലാതെ ആരും പാപങ്ങൾ പൊറുക്കുകയില്ല. استغفار نبي الله يونس عليه السلام لا إله إلا أنت سبحانك إني كنت من الظالمين യൂനുസ് عليه السلام നടത്തിയ ഇസ്‌തിഗ്ഫാർ: നീയല്ലാതെ ന്യായമായും ആരാധിക്കപ്പെടേണ്ടവനായി ആരുമില്ല. സൃഷ്ടികളുടെ ദുരാരോപണങ്ങളിൽനിന്നെല്ലാം നിന്നെയകറ്റി, നിന്റെ ഔന്നത്യവും വിശുദ്ധിയും ഞാൻ വാഴ്‌ത്തുന്നു. തീർച്ചയായും ഞാൻ അക്രമകാരികളിൽ പെട്ടുപോയിരിക്കുന്നു.. من قال : أستغفر الله (العظيم) الذي لا إله إلا هو الحي القيوم وأتوب إليه ثلاثاغفرت له ذنوبه وإن كان فارا من الزحف [الصحيحة ٢٧٢٧] وعند الطبراني زيادة: غفر له ذنوبه ولو كانت عدد رمل عالج، وغثاء البحر، وعدد نجوم السماء "വലിയവനായ അല്ലാഹുവിനോട് ഞാൻ പാപമോചനത്തിനായി യാചിക്കുന്നു. അവനല്ലാതെ ന്യായമായും ആരാധിക്കപ്പെടേണ്ടവനായി ആരുമില്ല. അവൻ അമരനായി ജീവിച്ചിരിക്കുന്നവൻ, മുഴുസൃഷ്ടികളെയും നില-നിർത്തിപ്പോരുന്നവൻ. അവനിലേക്ക് ഞാൻ അനുതപിച്ചു കൊണ്ട് മടങ്ങുന്നു." ഇപ്രകാരം ഒരാൾ മൂന്നു തവണ ചൊല്ലിയാൽ, അവൻ യുദ്ധമുഖത്തു നിന്ന് പിന്തിരിഞ്ഞോടിയവനാണെങ്കിൽ പോലും അവന്റെ പാപങ്ങളെല്ലാം പൊറുക്കപ്പെടും. ചില രിവായത്തുകളിൽ ഇങ്ങനെ കൂടി കാണാം: «അവന്റെ പാപങ്ങൾ ആലിജ് മരുഭൂമിയിലെ (സൗദി അറേബ്യയിലെ നുഫൂദുൽ കബീർ) മണൽത്തരികളുടെ എണ്ണത്തോളമോ, സമുദ്രത്തിലെ നുരകളോളമോ, വാനിലെ നക്ഷത്രങ്ങളുടെ എണ്ണത്തോളമോ എത്തിയാലും അവയെല്ലാം അവനു പൊറുത്തു കൊടുക്കും.» ഈ രിവായത്തുകളെ കുറിച്ച് ചില വിമർശനങ്ങളുണ്ടെന്ന കാര്യം വിസ്മരിക്കുന്നില്ല. رب اغفر لي وتب عليَّ إنك أنت التواب الرحيم അല്ലാഹുവേ, നീ എന്നോട് പൊറുക്കുകയും, എന്റെ പശ്ചാത്താപം സ്വീകരിച്ച് നീ എന്നിലേക്ക് മടങ്ങുകയും ചെയ്യണേ. തീർച്ചയായും നീ ഏറെ പശ്ചാത്താപം സ്വീകരിക്കുന്നവനും കാരുണ്യം ചെയ്യുന്നവനുമാണല്ലോ. أستغفر الله وأتوب إليه അല്ലാഹുവേ, നിന്നോട് ഞാൻ പാപമോചനത്തിനായി യാചിക്കുകയും, അനുതപിച്ചു കൊണ്ട് നിന്നിലേക്ക് ഞാൻ മടങ്ങുകയും ചെയ്യുന്നു. أستغفر الله അല്ലാഹുവേ, നിന്നോട് ഞാൻ പാപമോചനത്തിനായി യാചിക്കുന്നു. ഖദ്റിന്റെ രാവിൽ എന്താണ് പ്രത്യേകമായി ദുആ ചെയ്യേണ്ടതെന്ന് ഉമ്മുനാ ആയിശ رضي الله عنها ചോദിച്ചപ്പോൾ അവിടുന്ന് ﷺ പഠിപ്പിച്ചു കൊടുത്തതും ഇതേ ഗണത്തിൽപെട്ട കാര്യം തന്നെയാ-ണെന്നതും സ്മർത്തവ്യമാണ്. അവിടുന്ന് പറഞ്ഞു: قُولِي: اللَّهُمَّ إِنَّكَ عَفُوٌّ تُحِبُّ الْعَفْوَ؛ فَاعْفُ عَنِّي “നീ പറയൂ: അല്ലാഹുവേ, തീർച്ചയായും നീ ധാരാളമായി തെറ്റുകളെ മായ്‌ക്കുന്നവനും മാപ്പു നൽകുന്നവനുമാണ്. മാപ്പു നൽകൽ നീ ഇഷ്ടപ്പെടുന്നു. അതിനാൽ എന്റെ തെറ്റുകളെ മായ്‌ച്ച് മാപ്പാക്കണേ!” — അബൂ ത്വാരിഖ് സുബൈർ മുഹമ്മദ് حفظه الله
20 റമദാൻ 1446 / 20 മാർച്ച് 2025 തക്ഫീർ ആധാരങ്ങളും വ്യവസ്ഥകളും
--------------------------------------------------------- ആദ്യമായിട്ടാണ് മലയാളത്തിൽ ഈ വിഷയത്തിൽ സമഗ്രമായി താളുകളിൽ മഷി പുരളുന്നത്. --------------------------------------------------------- മുസ്‌ലിം ലോകത്ത് സ്വഹാബത്തിന്റെ കാലം തൊട്ട് ഗഹനമായി ചർച്ച ചെയ്യപ്പെട്ട മസ്അലയാണിത്. അതീവ ഗുരുതരവും സൂക്ഷമതയോടെ കൈകാര്യം ചെയ്യേണ്ടതുമായ ഈ വിഷയത്തിൽ, അവധാനതയില്ലാത്ത ഇടപെടൽ കാരണം പലരും കാലിടറി വീണിട്ടുണ്ട്. --------------------------------------------------------- ഓരോ വീട്ടിലും ഇതിന്റെ ഒരു കോപ്പി ഉണ്ടെന്ന് ഉറപ്പു വരുത്താൻ മാത്രം വൈകാരികമാണ് ഈ ലഘു കൃതിയുടെ ഇതിവൃത്തം. --------------------------------------------------------- ആധുനിക മുസ്‌ലിം സമൂഹത്തിൽ ഖുറൂജിന്റെയും തക്ഫീറിന്റെയും വളർച്ചയും സ്വാധീനവും അഭുതപൂർവ്വമാണ്. അതിന്റെ സ്രോദസ്സുകളും കൈവഴികളും വ്യത്യസ്തവും വിചിത്രവുമാണ്. സോഷ്യൽ മീഡിയയുടെ ഇരുട്ടു മുറികളിൽ തലയും താഴ്ത്തി വെച്ച് തക്ഫീരി ചിന്തയുടെ വിഷം പ്രസരിപ്പിക്കാൻ ഊഴം കാത്തിരിക്കുന്ന ചെന്നായ്ക്കൾ --------------------------------------------------------- തക്ഫീറിന്റെ കരകാണാക്കയത്തിൽ പെട്ട് നമസ്കാരത്തിൽ പിന്തുടരാത്തവർ, വിവാഹത്തിൽ പങ്കെടുക്കാത്തവർ, അറുത്തത് കഴിക്കാത്തവർ, ഹോട്ടലുകളിൽ നിന്ന് മാംസ വിഭവങ്ങൾ ഭക്ഷിക്കാത്തവർ, മാർക്കറ്റിൽ നിന്ന് ബീഫും മട്ടനും ചിക്കനും വാങ്ങാത്തവർ .... വിശേഷണങ്ങൾ തീരുന്നില്ല --------------------------------------------------------- അവർ ഇന്ന് ഒരു ന്യുനപക്ഷമാകാം ... പക്ഷെ അവരുടെ കാഴ്ചപ്പാട് അപകടം പിടിച്ചതും ദൂരവ്യാപകവുമാണ്. ഇസ്‌ലാമിക പ്രമാണങ്ങളോട് പൊരുത്തപ്പെടാത്തതാണ്. അവർ നമുക്കിടയിലുണ്ട് ; നമ്മിൽ ഒരാളായി ഉണ്ട്; ആശയ സംവേദനത്തിൽ അപനിർമ്മിതികൾ അവരുടെ മനസ്സിനെ മലിനമാക്കിയിട്ടുണ്ട്. അതൊരു മഹാമാരിയാണ്. നാശത്തിന്റെ പടുകുഴിയിലേക്ക് ഏതൊരു സാധാരണക്കാരനേയും ആപതിപ്പിക്കാൻ മാത്രമുള്ള മഹാമാരി. അറിയാത്തവനായി, അന്യനായി, അബദ്ധധാരണയും തലയിലേറ്റി നടക്കുന്ന മൂഡൻ മുസ്‌ലിം പൊതു സമൂഹത്തിന് ബാധ്യതയാവരുത്. ജാഗ്രതയാണ് വേണ്ടത്. ഉണ്ടാകേണ്ടത് തിരിച്ചറിവാണ്. പ്രമാണങ്ങളോടുള്ള അന്ധമായ അഭിനിവേശമല്ല; മറിച്ച് ക്രിയാത്മകവും വസ്തുതാപരവുമായ പ്രയോഗവൽക്കരണമാണ്. --------------------------------------------------------- രചന നിർവ്വഹിച്ചത് അബൂ ത്വാരിഖ് സുബൈർ മുഹമ്മദ് ഹഫിദഹുള്ളാ ഉള്ളടക്കം അങ്ങേയറ്റം ആകർഷകവും പുതുമയുള്ളതുമാണ്. വേറിട്ടതും ഹൃദ്യവുമായ വായനാനുഭവം പ്രദാനം ചെയ്യുന്ന ഈ കൃതി വായനക്കാരിലേക്ക് സമർപ്പിക്കുകയാണ്. - ബശീർ പുത്തൂർ |
IslamBooks.inBooks and Articles on Islam, correct and pure. Archives
July 2025
Categories
All
|
RSS Feed