ഇസ്‌ലാമിന്റെ വിശ്വാസ പ്രമാണങ്ങളുടെ ആധാരമായ തൗഹീദ്, തൗഹീദുൽ ഉലൂഹിയ്യ, തൗഹീദു-റുബൂബിയ്യ, തൗഹീദുൽ അസ്മാഇ വസ്സ്വിഫാത്ത് എന്നിങ്ങനെ മൂന്നു വിഭാഗങ്ങളായി വിഭജിക്കപ്പെട്ടിട്ടുണ്ട്. ഖുർആനിന്റെ നസ്സ്വുകളിൽ നിന്ന് അഹ്-ലുസ്സുന്നയുടെ ഉലമാക്കൾ ഏകകണ്ഠമായി നിർദ്ധാരണം ചെയ്തെടുത്തതാണ് ഈ വിഭജനം. സലഫുകൾ പിന്തുടർന്ന ഈ വിഭജനത്തിനു വിരുദ്ധമായി ആധുനികരായ ചില തൽപരകക്ഷികൾ തൗഹീദിനു, പ്രമാണത്തിന്റെ പിൻബലമോ, സലഫുകളുടെ മാതൃകയോ ഇല്ലാത്ത " തൗഹീദുൽ ഹാകിമിയ്യ " എന്ന ഒരു നൂതന വിഭജനം സ്വയം ഉണ്ടാക്കുകയും നാലാമത്തെ വിഭാഗമായി പ്രചരിപ്പിക്കുകയും ചെയ്യുന്നു.
ഇസ്ലാമിന് കേവല രാഷ്ട്രീയ വ്യാഖ്യാനം നൽകാൻ ശ്രമിച്ച ഇന്ത്യൻ രാഷ്ട്രീയക്കാരനായ, ജമായത്തെ ഇസ്‌ലാമിയുടെ നേതാവ് മൌദൂദിയോ, ഈജിപ്തിലെ ഇഖ് വാനുൽ മുസ്ലിമീന്റെ ദാർശനികാചാര്യനായിരുന്ന സയ്യിദ് ഖുത്വുബോ ആണ് "തൗഹീദുൽ ഹാകിമിയ്യയുടെ" ഉപജ്ഞാതാക്കൾ. ജനങ്ങൾക്ക് ദീൻ വിശദീകരിച്ചു കൊടുത്ത നബി സ്വല്ലള്ളാഹു അലൈഹി വ സല്ലമയോ, നബിയിൽ നിന്ന് നേരിട്ട് ദീൻ പഠിക്കുകയും മനസ്സിലാക്കുകയും അമൽ ചെയ്യുകയും ചെയ്ത സ്വഹാബത്തോ, അഹ്-ലുസ്സുന്നത്തിന്റെ സച്ചരിതരായ അഇമ്മത്തോ വിശദീകരിക്കുകയോ പഠിപ്പിക്കുകയോ ചെയ്യാത്ത ഈ പുതിയ വിഭജനം, വാസ്‌തവത്തിൽ ഇസ്‌ലാമിക വിശ്വാസ പ്രമാണങ്ങൾക്ക് നേരെയുള്ള കടുത്ത കയ്യേറ്റമായിരുന്നു കഴിഞ്ഞ നൂറ്റാണ്ടിൽ, ഇവർ പ്രചരിപ്പിച്ച ഈ തെറ്റായ വ്യാഖ്യാനത്തെ അഹ്-ലുസ്സുന്നതിന്റെ ഉലമാക്കൾ ശക്തിയുക്തം എതിർക്കുകയും അതി നിശിതമായി വിമർശിക്കുകയും ചെയ്തിട്ടുണ്ട്. എന്താണ് തൗഹീദുൽ ഹാകിമിയ്യ ? പ്രമാണ വാക്യങ്ങൾക്ക് സലഫുകൾ നൽകിയ വിശദീകരണത്തിന് അതീതമോ വിരുദ്ധമോ ആയ ഒരു വ്യാഖ്യാനം നൂതനമായി നൽകാനുള്ള അവകാശമോ അധികാരമോ ആർക്കുമില്ല. കാരണം പ്രമാണങ്ങൾ ഏറ്റവും സൂഷ്മമായി മനസ്സിലാക്കിയവരാണ് സലഫുകൾ. അവർ മനസ്സിലാക്കുകയും വിശദീകരിക്കുകയും ചെയ്യാത്ത ഒരു കാര്യം ഇസ്‌ലാമിൽ പിൽക്കാലക്കാർക്കു മനസ്സിലാക്കാൻ ഇല്ല. പ്രമാണങ്ങളുടെ വെളിച്ചത്തിൽ തൗഹീദിനെ മൂന്നു വിഭാഗമായാണ് സലഫുകൾ വിഭജിച്ചത്. അല്ലാഹുവിന്റെ പരമാധികാരവുമായി ബന്ധപ്പെട്ടു തൗഹീദിനു നാലാമതൊരു വിഭജനം ആവശ്യമായിരുന്നുവെങ്കിൽ, അത് സലഫുകൾ നിർവ്വഹിക്കുമായിരുന്നു. " ഹാകിമിയ്യ എന്ന പേരിലുള്ള ഈ നാലാം വിഭജനം എന്തെന്ന് അറിയാതെ മുസ്ലിംകൾ നൂറ്റാണ്ടുകൾ പിന്നിടുകയും, അത് മുസ്ലിംകൾക്ക് വിശദീകരിച്ചു തരാൻ മൗദൂദി നിയുക്തനാവുകയും ചെയ്തു എന്നു പറഞ്ഞാൽ, പ്രമാണങ്ങൾക്കും സാമാന്യ ബുദ്ധിക്കും വായിക്കാൻ കഴിയാത്ത പ്രഹേളികയായി അവശേഷിക്കുകയെയുള്ളൂ. നായ തൊട്ട കലം പോലെ വേറിട്ട് നിൽക്കുന്ന, ഈ വിഭജനത്തെ, ജമായത്തെ ഇസ്ലാമിയും, ഇഖ് വാനുൽ മുസ്ലിമൂനും മുസ്‌ലിം ബഹു ജനങ്ങൾക്കിടയിൽ മത്സരിച്ചു പ്രചരിപ്പിച്ചുവെന്നത് ഒരു വസ്തുതയാണ്. തങ്ങളുടെ കുടില ലക്ഷ്യങ്ങൾ പൂർത്തീകരിക്കാൻ വേണ്ടി, ഇസ്‌ലാമിക പ്രമാണങ്ങളെ ദാക്ഷിണ്യമന്യേ ദുർവ്യാഖ്യാനിച്ച ഇവർ, സാക്ഷാൽ ഖവാരിജുകളുടെ ആശയങ്ങൾ അനന്തരമെടുത്തവരാണ്. ഇബാദത്തിന്റെ അവകാശത്തിലും, സൃഷ്ടി കർതൃത്വ-സംഹാരത്തിലും, പ്രപഞ്ച സംവിധാനത്തിലും, പരിപാലനത്തിലും എല്ലാം അള്ളാഹു ഏകനാണ്. എക്കാലത്തുമുണ്ടായിരുന്ന ആളുകൾ നിഷേധിച്ചിരുന്നത് പ്രധാനമായും അള്ളാഹുവിന്റെ ഉലൂഹിയ്യത്ത് അഥവാ ആരാധനയിലുള്ള ഏകത്വത്തെയായിരുന്നു. ഈ പ്രപഞ്ചം, അതിലെ സൂഷ്മവും സ്ഥുലവും, ചേതനവും, അചേതനവുമായ കോടാനുകോടി സൃഷ്ടികളെ ഉടമപ്പെടുത്തുന്നവൻ അള്ളാഹുവാണ്. അവയുടെയെല്ലാം പരമാധികാരം അവനു മാത്രം പരിമിതമാണ്. മറ്റൊരു വ്യക്തിക്കോ ശക്തിക്കോ അത് അവകാശപ്പെടാൻ കഴിയില്ല. യഥാർത്ഥത്തിൽ ഈ പരമാധികാരമാണ് ഹാകിമിയ്യ. ഇത് ഏതെങ്കിലും ഒരു ഭൂപ്രദേശത്തെ രാഷ്ട്രീയാധികാരത്തിൽ പരിമിതമല്ല. അള്ളാഹുവിന്റെ ഈ പരമാധികാരത്തെ കേവല രാഷ്ട്രീയമാധികാരമായി ദുർവ്യാഖ്യാനിക്കുകയും, സ്വന്തമായ നിയമനിർമ്മാണം നടത്തുക വഴി മുസ്‌ലിം ഭരണാധികാരികളെല്ലാം, അള്ളാഹുവിന്റെ പരമാധികാരത്തിൽ ശിർക്ക് ചെയ്യുന്നുവെന്ന് വരുത്തി മുസ്‌ലിം ഭരണാധികാരികൾക്കെതിരിൽ ജനങ്ങളെ ഇളക്കി വിടുകയാണ് അവർ ചെയ്തത്. യഥാർത്ഥത്തിൽ, അല്ലാഹുവിന്റെ എല്ലാ അധികാരങ്ങളും, വിധികളും ഒരു പോലെ മാനിക്കേണ്ടതും, വഴിപ്പെടേണ്ടതുമാണ്. അവനെ മാത്രം ഇബാദത്തു ചെയ്യുകയും, അവനിൽ ഒരാളെയും പങ്കു ചേർക്കാതിരിക്കുകയും ചെയ്യുകയെന്നത് അള്ളാഹുവിന്റെ കൽപനകളിൽ ഏറ്റവും ശക്തവും അവന്റെ വിധികളിൽ ഏറ്റവും അലംഘനീയവുമാണ്. പ്രവാചക നിയോഗങ്ങൾക്കും, ജിഹാദിനും, കുടുംബ-ബന്ധ വിഛെദനത്തിനും ഹേതുവായ, തൗഹീദുൽ ഉലൂഹിയ്യ അഥവാ അള്ളാഹുവിന്റെ ആരാധനാപരമായ ഏകത്വം അതി ശോചനീയമായ വിധത്തിൽ അവഗണിക്കുകയും, തൗഹീദുൽ ഉലൂഹിയ്യയുടെ തന്നെ ഭാഗമായ അള്ളാഹുവിന്റെ പരമാധികാരവുമായി ബന്ധപ്പെട്ട ഭാഗത്തിന് മാത്രമായി പ്രത്യേക പരിഗണന നൽകുകയും ചെയ്യുന്നത് സദുദ്ദേശപരമായാൽ പോലും, മുൻമാതൃകയോ, പ്രാമാണികാടിത്തറയോ ഇല്ലാത്തതിന്റെ പേരിൽ നിരാകരിക്കപ്പെടുകയും അതിന്റെ സ്വീകാര്യത ചോദ്യം ചെയ്യപ്പെടുകയും ചെയ്യും. ദുനിയാവിലെ ഏതെങ്കിലും ഒരു ഭൂപ്രദേശത്തിന്റെ അധികാരം തനിക്കാണെന്നോ, തന്റെ അധികാര പരിധിയിൽ താൻ നടത്തുന്ന വിധി, ദൈവികമോ, ദൈവിക വിധിക്ക് തുല്യമോ ആണെന്ന് ഏതെങ്കിലും ഭരണാധികാരി വിചാരിക്കുകയോ മനസ്സിലാക്കുകയോ ചെയ്യുന്നുണ്ടെങ്കിൽ അത് അള്ളാഹുവിന്റെ പരമാധികാരവുമായി ബന്ധപ്പെട്ട തൗഹീദിൽ പങ്കു ചേർക്കലാണ്. എന്നാൽ, തന്റെ ഇഛക്ക് വഴങ്ങിയിട്ടോ, മറ്റാരുടെയെങ്കിലും താൽപര്യം പരിഗണിച്ചോ, താൽക്കാലിക ലാഭം പ്രതീക്ഷിച്ചോ അള്ളാഹുവിന്റെ വിധിക്ക് എതിരായി വിധി നടത്തുകയോ, നിയമ നിർമാണം നിർവ്വഹിക്കുകയോ ചെയ്‌താൽ, അയാളെക്കുറിച്ച് ശിർക്ക് ചെയ്തുവെന്ന് പറയാൻ പ്രാമാണികമായി കഴിയില്ല, അയാൾ ചെയ്തത്, അനീതിയും അതിക്രമവുമാണെങ്കിൽ പോലും. ! ഇവിടെയാണ് ജമായത്തെ ഇസ്ലാമിക്കും സഹയാത്രികർക്കും അബദ്ധം സംഭവിച്ചത്. പ്രമാണങ്ങൾ, സലഫുകൾ എങ്ങിനെ മനസ്സിലാക്കി എന്ന് പരിശോധിക്കുന്നതിന് പകരം, ആത്മീയാചാര്യനായ മൌദൂദി എങ്ങിനെ മനസ്സിലാക്കിയെന്നാണ് അവർ അന്വേഷിച്ചത്. അക്കാരണത്താൽ തന്നെ, മൗദൂദിയുടെ പിഴച്ച ആശയം ജനങ്ങളിൽ വ്യാപിച്ചു, കുറഞ്ഞ തോതിലാണെങ്കിലും. അള്ളാഹു വിലക്കിയ മദ്യപാനം, ഒരാൾ ഹലാലാണെന്ന് വിചാരിച്ചാൽ അവൻ കാഫിറായി. ഒരു തുള്ളി പോലും അവൻ കുടിച്ചിട്ടില്ലെങ്കിലും. കാരണം, അല്ലാഹുവിന്റെ വിധിയെ അവൻ നിരാകരിക്കുകയും, അള്ളാഹു നിഷിദ്ധമാക്കിയതിനെ അനുവദനീയമാക്കുകയും ചെയ്തുവന്നതിന്റെ പേരിൽ. നേരെ മറിച്ച്, മുഴുക്കുടിയനായ ഒരാൾ മദ്യം ഹലാലാണെന്ന് വിശ്വസിക്കാത്ത കാലത്തോളം അവൻ കാഫിറാവുകയുമില്ല. അള്ളാഹുവിന്റെ വിധിക്കെതിരിൽ വിധിക്കുകയോ, അള്ളാഹുവിന്റെ വിധി സ്വീകരിക്കാതിരിക്കുകയോ ചെയ്യുന്ന ഭരണാധികാരിയുടെ അവസ്ഥയും ഇത് തന്നെയാണ്. അള്ളാഹു മനുഷ്യ വംശത്തോട് അനുഷ്ഠിക്കാൻ കൽപിച്ച മുഴുവൻ കാര്യങ്ങളും, മുഴുവൻ വിരോധങ്ങളും അവന്റെ നിയമങ്ങളും മറികടക്കുകയോ, അവഗണിക്കുകയോ ചെയ്യുന്നവരുടെയെല്ലാം വിധി ഇങ്ങിനെത്തന്നെ. പ്രമാണങ്ങളെ മനസ്സിലാക്കേണ്ട വിധം മനസ്സിലാക്കാതിരിക്കുമ്പോൾ അബദ്ധം സംഭവിക്കുക സ്വാഭാവികമാണ്. എന്നാൽ, അബദ്ധങ്ങൾ സത്യമാണെന്ന് തെറ്റിദ്ധരിക്കുകയും അത് സത്യമാണെന്ന് മറ്റുള്ളവരിൽ പ്രചരിപ്പിക്കുകയും ചെയ്യുന്നത് അതിനേക്കാൾ വലിയ ദ്രോഹവും അക്രമവുമാണ്.
0 Comments
|
IslamBooks.inBooks and Articles on Islam, correct and pure. Archives
August 2024
Categories
All
|