مَن رَأَى مُبتَلًى فقال: الحمدُ للهِ الذي عافَانِي مِمَّا ابْتلاكَ به، وفَضَّلَنِي على كَثيرٍ مِمَّنْ خلق تَفضِيلًا، لَمْ يُصِبْهُ ذلكَ البلاءُ ഇബ്നു ഉമർ رضي الله عنه നിവേദനം. നബി صلى الله عليه وسلم പറയുന്നു: ആരെങ്കിലും ഒരു പരീക്ഷിതനെ കാണുമ്പോൾ ഇപ്രകാരം പ്രാർത്ഥിച്ചാൽ അവന് ആ പരീക്ഷണം ബാധിക്കുകയില്ല:
നിനക്ക് നൽകിയ പരീക്ഷണത്തിൽ നിന്ന് എനിക്ക് മുക്തി നൽകുകയും, അവന്റെ മറ്റനേകം സൃഷ്ടികളെക്കാളും എനിക്ക് മികവുറ്റ അവസ്ഥ നൽകുകയും ചെയ്ത അല്ലാഹുവിന്നാണ് സർവ്വസ്തോത്രവും. (അൽബാനി | സ്വഹീഹഃ) കാഴ്ചക്കോ ശരീരത്തിനോ വല്ല പരീക്ഷണവും ബാധിച്ച ഒരാളെ കാണുമ്പോൾ അധിക പേരും മേൽ പറഞ്ഞ ദുആ നടത്താറുണ്ട്. എന്നാൽ, കാഴ്ച്ചപ്പാടിലോ ഗ്രാഹ്യതയിലോ, വിശ്വാസത്തിലോ മൻഹജിലോ, ചിന്താരീതിയിലോ വർത്തനങ്ങളിലോ പരീക്ഷിക്കപ്പെട്ട ഒരാളെ കാണുമ്പോൾ, ഖവാരിജുകളുടെ ചിന്താകുഴപ്പത്തിൽ അകപ്പെട്ട ഒരാളെ കാണുമ്പോൾ പലരും ഈ ദുആ ചെയ്യാറില്ല. ഇത്തരം പരീക്ഷണങ്ങളിലും ഈ ദുആ കൂടുതൽ അർത്ഥവത്താകുന്നു എന്നതാണ് സത്യം. - അന്നഹ്ജുൽ വാളിഹ് എന്ന കുവൈത്ത് സലഫി ചാനലിൽ അബൂ തൈമിയ്യഃ ഹനീഫ് ബാവഃ പറഞ്ഞത് വിവ: അബൂ ത്വാരിഖ് സുബൈർ
0 Comments
അല്ലാഹുവിനോടുള്ള സ്നേഹം ഒരു മുസ്'ലിമിന്റെ ഹൃദയത്തിൽ വർധിച്ചുകൊണ്ടേയിരിക്കും; അല്ലാഹുവിനെ സ്മരിക്കുമ്പോളെല്ലാം അല്ലെങ്കിൽ സൽകർമ്മങ്ങൾ ചെയ്തുകൊണ്ടിരിക്കിമ്പോളെല്ലാം. — ശൈഖ് അഹ്മദ് അസ് സുബയ്ഇ മൊഴിമാറ്റം: അബൂ തൈമിയ്യ ഹനീഫ് حب الله عز وجل يزيد في قلب المسلم كلما ذكر الله او عمل صالحاً
الشيخ أحمد السبيعي حفظه الله ذَهَبَ الظَّمَأُ، وابْتَلَّتِ الْعُرُوقُ، وَثَبَتَ الْأَجْرُ إِنْ شَاءَ اللّٰهُ (رواه أبو داود عن ابن عمر وحسنه الألباني) "ദാഹപരവേശം പോയി, നാഡികൾ നനഞ്ഞു, അല്ലാഹു ഉദ്ദേശിച്ചാൽ പ്രതിഫലം ഉറപ്പായി". ആരാധനകൾക്കുള്ള ആവേശമാണീ വാക്കുകൾ.ആരാധനയുടെ യഥാർത്ഥ ആസ്വാദനം അനുഭവിച്ചറിഞ്ഞതിന്റെ ആവിഷ്കരണം.അല്ലാഹുവിന്റെ വാഗ്ദാനത്തിലുള്ള അടിയുറച്ച വിശ്വാസത്തിന്റെ പ്രകാശനം. ''ദാഹപരവേശം പോയി" എത്ര നശ്വരമാണ് നാം അനുഭവിക്കേണ്ടിവന്ന ത്യാഗങ്ങളും പ്രയാസങ്ങളും.അതൊക്ക ഇതാ ഇവിടെ തീർന്നു. "നാഡികൾ നനഞ്ഞു" ശരീരം അതിന്റെ കുളിരറിഞ്ഞു, സന്തോഷമനുഭവിച്ചു. നബി ﷺ പറയുന്നു: للصائم فرحتان يفرحهما ؛ إذا أفطر فرح، وإذا لقي ربه فرح بصومه (رواه البخاري ومسلم عن أبي هريرة "നോമ്പുകാരന് അനുഭവിക്കാൻ രണ്ടു സന്തോഷങ്ങളുണ്ട്. നോമ്പു തുറക്കുമ്പോൾ അവൻ സന്തോഷിക്കുന്നു. തന്റെ റബ്ബിനെ കണ്ടുമുട്ടമ്പോൾ നോമ്പിനാൽ അവൻ സന്തോഷിക്കുന്നു". (ബുഖാരിയും മുസ്ലിമും അബൂ ഹുറെയ്റയിൽ നിന്നു നിവേദനം ചെയ്തത്) പകൽ മുഴുവൻ അനുഭവിച്ച ദാഹവും വിശപ്പും ആത്മനിയന്ത്രണവും ത്യാഗവുമൊന്നും ഒന്നുമല്ലാതാക്കിത്തീർക്കുന്നതാണ് അടുത്ത വാചകത്തിലടങ്ങിയിരിക്കുന്ന ആഹ്ലാദഭരിതമായ പ്രതീക്ഷ: "അല്ലാഹു ഉദ്ദേശിച്ചാൽ പ്രതിഫലം ഉറപ്പായി". "ദാഹം തീർന്നു .... പ്രതിഫലം ഉറപ്പായി". അനുഭവിച്ചത് എത്ര നശ്വരം! ലഭിക്കാനുള്ളത് അനശ്വരവും അനന്തവുമായ കണക്കില്ലാത്ത പ്രതിഫലം!! എത്ര ആനന്ദകരമാണീ വാക്കുകൾ. നബി ﷺ പറയുന്നു: كل عمل ابن آدم يضاعف الحسنة عشر أمثالها إلى سبعمائة ضعف، قال الله عز وجل : إلا الصوم، فإنه لي، وأنا أجزي به، يدع شهوته، وطعامه من أجلي.. (رواه البخاري ومسلم عن أبي هريرة "ആദം സന്തതിയുടെ എല്ലാ സൽപ്രവർത്തിക്കും ഇരട്ടിയായി പ്രതിഫലം നൽകപ്പെടും.ഒരു നന്മക്ക് പത്തു മുതൽ എഴുന്നൂറിരട്ടിവരെ. അല്ലാഹു عز وجل പറയുന്നു: നൊമ്പൊഴികെ അത് എനിക്കുള്ളതാണ്, ഞാനാണ് അതിന് പ്രതിഫലം നൽകുന്നത്, അവൻ തന്റെ ഇച്ഛകളും ഭക്ഷണവും വെടിയുന്നത് എനിക്കുവേണ്ടിയാണ്..." (ബുഖാരിയും മുസ്ലിമും അബൂ ഹുറെയ്റയിൽ നിന്നു നിവേദനം ചെയ്തത്) താൻ ആഗ്രഹിക്കുന്ന ഒരു ലക്ഷ്യം പ്രാപിക്കാൻ അതിലേക്ക് നയിക്കുന്ന മാർഗം എത്ര ദുർഘടമായിരുന്നാലും അവയെല്ലാം സഹിക്കാൻ മനുഷ്യൻ തയ്യാറാകുന്നു. ലക്ഷ്യം പ്രാപിക്കുന്ന ആ അനർഘനിമിഷത്തിലെ സന്തോഷം അവനനുഭവിച്ച എല്ലാ പ്രയാസത്തെയും വിസ്മൃതിയിലാഴ്ത്തുന്നു. പ്രസവസമയത്ത് ഒരു മാതാവ് അനുഭവിക്കുന്ന സന്തോഷം ഒരു ഉദാഹരണമാണ്. "അല്ലാഹു ഉദ്ദേശിച്ചാൽ പ്രതിഫലം ഉറപ്പായി" തന്റെ ദാഹവും വിശപ്പുമെല്ലാം അതിന്റെ മുന്നിൽ എത്ര നിസ്സാരം. മാത്രമല്ല, പ്രതിഫലം ലഭിക്കുന്ന സന്ദർഭത്തിൽ ചെന്നണഞ്ഞ ലക്ഷ്യത്തിലേക്കുള്ള വഴിയിലെ പ്രയാസങ്ങളെക്കുറിച്ച് ഓർക്കുന്നത് ആ നിമിഷത്തിലെ ആസ്വാദനത്തിന്റെ മാധുര്യം ഏറെ വർദ്ധിപ്പിക്കുന്നതാണ്. "ദാഹം തീർന്നു... പ്രതിഫലം ഉറപ്പായി". സ്വർഗ്ഗത്തിലണയുന്ന നേരത്ത് സത്യവിശ്വാസികൾ പറയുന്നതുപോലെ; وَقَالُوا الْحَمْدُ لِلَّهِ الَّذِي أَذْهَبَ عَنَّا الْحَزَنَ إِنَّ رَبَّنَا لَغَفُورٌ شَكُورٌ(فاطر ٣٤) ''അവർ പറയും: ഞങ്ങളിൽ നിന്നു സകല ദുഃഖവും നീക്കിത്തന്നവനായ അല്ലാഹുവിനാകുന്നു സർവ്വ സ്തുതി.തീർച്ചയായും നമ്മുടെ റബ്ബ് അങ്ങേയറ്റം പൊറുക്കുന്നവനും ഏറെ നന്ദിയുള്ളവനുമാകുന്നു". (ഫാത്വിർ 34) പ്രതിഫലം അനുഭവവേദ്യമാകുമ്പോൾ ത്യാഗവും പ്രയാസവും ഒന്നുമല്ലാതാകും.ശിക്ഷ അനുഭവിക്കുന്ന നേരം അതുവരെയുണ്ടായിരുന്ന സകല സുഖസുഷുപ്തിയുടെയും ആസ്വാദനങ്ങളുടെയും സ്ഥിതി അങ്ങനെ തന്നെയാണ്.നിമിഷനേരം കൊണ്ട് എല്ലാം മറന്നുപോകും. عن أنس بن مالك قال: قال رسول الله ﷺ: "يؤتى بأنعم أهل الدنيا من أهل النار يوم القيامة، فيصبغ في النار صبغة، ثم يقال: يا ابن آدم هل رأيت خيرا قط؟ هل مر بك نعيم قط؟ فيقول: لا، والله يا رب ويؤتى بأشد الناس بؤسا في الدنيا، من أهل الجنة، فيصبغ صبغة في الجنة، فيقال له: يا ابن آدم هل رأيت بؤسا قط؟ هل مر بك شدَّةٌ قَطُّ؟ فيَقولُ: لا، واللَّهِ يا رَبِّ ما مَرَّ بي بُؤْسٌ قَطُّ، ولا رَأَيْتُ شِدَّةً قَطُّ".(رواه مسلم) അനസ് ബിൻ മാലിക് رضي الله عنه നിവേദനം: അല്ലാഹുവിന്റെ റസൂൽ ﷺ പറയുന്നു: "ദുനിയാവിൽ ഏറ്റവും സുഖലോലുപനായിരുന്ന നരകാവകാശികളിലൊരുത്തനെ അന്ത്യനാളിൽ കൊണ്ടുവരപ്പെടും.നരകത്തിലൊന്ന് മുക്കിയെടുത്തിട്ട് അവനോട് ചോദിക്കും: ആദമിന്റെ പുത്രാ, നീ വല്ല സുഖവും അനുഭവിച്ചിരുന്നുവോ? നിന്റെ ജീവിതത്തിൽ വല്ല സന്തോഷവും കടന്നുപോയിരുന്നുവോ? അപ്പോൾ അവൻ പറയും: അല്ലാഹുവാണ, ഒരിക്കലുമില്ല റബ്ബേ.ദുനിയാവിൽ ഏറ്റവും ദുരിതമനുഭവിച്ചിരുന്ന സ്വർഗ്ഗാവകാശികളിൽ പ്പെട്ട ഒരാളെ കൊണ്ടുവരപ്പെടും.സ്വർഗ്ഗത്തിലൊന്നു മുക്കിയെടുത്തിട്ട് അവനോട് ചോദിക്കും: ആദമിന്റെ പുത്രാ, നീ വല്ല ദുരിതവും അനുഭവിച്ചിരുന്നുവോ? നിന്റെ ജീവിതത്തിൽ വല്ല പ്രയാസവും കടന്നുപോയിരുന്നുവോ? അപ്പോൾ അവൻ പറയും: അല്ലാഹുവാണ്, ഒരിക്കലുമില്ല റബ്ബേ.ഒരു ദുരിതവും എന്റെ ജീവിതത്തിൽ കടന്നുപോയിട്ടില്ല, ഒരു പ്രയാസവും ഞാൻ അനുഭവിച്ചിട്ടില്ല". (മുസ്ലിം സ്വഹീഹിൽ ഉദ്ധരിച്ചത്) റയ്യാൻ എന്ന കവാടത്തിലൂടെ സ്വർഗ്ഗത്തിലേക്കു കടന്നുപോകുന്നതോർക്കുമ്പോൾ തന്നെ നോമ്പുകാരന് അവൻ അനുഭവിച്ച വിശപ്പും ദാഹവും ത്യാഗവുമെല്ലാം മധുരം നിറഞ്ഞ ആസ്വാദനമായിത്തീരുന്നു. ദാഹപരവേശം അൽപ നേരത്തേക്കു മാത്രം. അത് ഇതാ തീർന്നിരിക്കുന്നു. അല്ലാഹു അനുവദിച്ച നേരത്ത് അവന്റെ റസൂലിന്റെ മഹത്തായ മാതൃക പിന്തുടർന്ന് നോമ്പു തുറന്നു കഴിഞ്ഞപ്പോൾ നാഡികൾക്ക് നനവും ശരീരത്തിന് ആശ്വാസവുമായി. പ്രതിഫലം മാത്രമാണ് ഇനി ബാക്കിയുള്ളത് എന്നെന്നേക്കും ബാക്കിയാകുന്നതും.പക്ഷേ, ഓരോ വ്യക്തിയുടെയും കാര്യം അല്ലാഹുവിന്റെ കൈയ്യിലാണ്.അതു കൊണ്ടാണ് അവന്റെ ഉദ്ദേശത്തിലേക്ക് ബന്ധിപ്പിച്ചു പറയുന്നത്. "അല്ലാഹു ഉദ്ദേശിച്ചാൽ പ്രതിഫലം ഉറപ്പായി". والله أعلم، وصلى الله وسلم على نبينا محمد وعلى آله وصحبه أجمعين، والحمد لله رب العالمي - അബൂ തൈമിയ്യ ഹനീഫ് ബാവ
അനസ് رضي الله عنه നിവേദനം. അദ്ദേഹം പറയുന്നു: ഗ്രാമീണനായ ഒരു അറബി നബി ﷺ യുടെ അരികിൽ വന്നു കൊണ്ട് ചോദിച്ചു: അല്ലാഹുവിൻെറ ദൂതരേ, എനിക്കൊരു നല്ല കാര്യം പഠിപ്പിച്ച് തരൂ. അപ്പോൾ നബി ﷺ അദ്ദേഹത്തിൻെറ കൈ പിടിച്ചുകൊണ്ട് പറഞ്ഞു: നീ സുബ്ഹാനല്ലാഹ്, അൽഹംദു ലില്ലാഹ്, ലാ ഇലാഹ ഇല്ലല്ലാഹ്, അല്ലാഹു അക്ബർ എന്ന് ഉരുവിട്ടുകൊണ്ടിരിക്കുക. അനസ് رضي الله عنه പറയുന്നു: തൻെറ കൈ കൊണ്ട് കണക്കു പിടിച്ച് അദ്ദേഹം അൽപം നടന്നു നീങ്ങി. പിന്നീട് ഒന്നാലോചിച്ച ശേഷം തിരിച്ചു വന്നു. അപ്പോൾ നബി ﷺ പുഞ്ചിരിച്ചുകൊണ്ട് പറഞ്ഞു: അതിനെ കുറിച്ച് ആലോചിച്ച് പാവം തിരിച്ചു വന്നിരിക്കുന്നു. അങ്ങനെ അദ്ദേഹം പറഞ്ഞു: അല്ലാഹുവിൻെറ ദൂതരേ, സുബ്ഹാനല്ലാഹ്, അൽഹംദു ലില്ലാഹ്, ലാ ഇലാഹ ഇല്ലല്ലാഹ്, അല്ലാഹു അക്ബർ ഇത് അല്ലാഹുവിന്നുള്ളതാണല്ലോ. എനിക്കെന്താണുള്ളത്? അപ്പോൾ അദ്ദേഹത്തോട് നബി ﷺ പറഞ്ഞു: ഹേ, മനുഷ്യാ! നിങ്ങൾ സുബ്ഹാനല്ലാഹ് എന്നു പറഞ്ഞാൽ അല്ലാഹു പ്രതിവചിക്കും, നീ പറഞ്ഞത് സത്യം. നിങ്ങൾ അൽഹംദു ലില്ലാഹ് എന്നു പറഞ്ഞാൾ അല്ലാഹു പ്രതിവചിക്കും, നീ പറഞ്ഞത് സത്യം. നിങ്ങൾ ലാ ഇലാഹ ഇല്ലല്ലാഹ് എന്നു പറഞ്ഞാൽ അല്ലാഹു പ്രതിവചിക്കും, നീ പറഞ്ഞത് സത്യം. നിങ്ങൾ അല്ലാഹു അക്ബർ എന്നു പറഞ്ഞാൽ അല്ലാഹു പ്രതിവചിക്കും, നീ പറഞ്ഞത് സത്യം. അല്ലാഹുവേ, നീ എന്നോട് പൊറുക്കണേ എന്നു നിങ്ങൾ പറയുമ്പോൾ അല്ലാഹു പറയും, ഞാൻ അങ്ങനെ ചെയ്തിരിക്കുന്നു. അല്ലാഹുവേ നീ എന്നോട് കരുണ ചെയ്യണേ എന്നു നിങ്ങൾ പറയുമ്പോൾ അല്ലാഹു പറയും, ഞാൻ അത് ചെയ്തിരിക്കുന്നു. അല്ലാഹുവേ, എനിക്കാവശ്യമായ വിഭവങ്ങൾ നീ എനിക്കു നൽകണേ എന്നു നിങ്ങൾ പറയുമ്പോൾ അല്ലാഹു പറയും, ഞാൻ അത് ചെയ്തിരിക്കുന്നു. അനസ് رضي الله عنه പറയുന്നു: അപ്പോൾ തൻെറ ഏഴു കൈവിരലുകൾ മടക്കി കണക്കും പിടിച്ച് അദ്ദേഹം പിരിഞ്ഞുപോയി. (ബൈഹഖി ശുഅബിൽ ഉദ്ധരിച്ചത്, അൽബാനി സ്വഹീഹഃയിൽ ഉൾപ്പെടുത്തിയത്) - അബൂ ത്വാരിഖ് സുബൈര്‍ قَالَ الْبَيْهَقِيُّ رَحِمَهُ اللهُ تَعَالَى فِي شُعَبِ الْإِيمَانِ أَخْبَرَنَا أَبُو الْحُسَيْنِ بْنُ بِشْرَان، أنا أَبُو جَعْفَرٍ مُحَمَّدُ بْنُ عَمْرٍو الرَّزَّازُ، ثنا الْحَسَنُ بْنُ ثَوَابٍ أَبُو عَلِيٍّ، حَدَّثَنِي عَمَّارُ بْنُ عُثْمَانَ الْحَلَبِيُّ أَبُو عُثْمَانَ، وَكَانَ أَحْمَدُ بْنُ حَنْبَلٍ يُوَثِّقُهُ وَتَأَسَّفَ عَلَى أَنَّهُ لَمْ يَكْتُبْ عَنْهُ شَيْئًا، حَدَّثَنِي جَعْفَرُ بْنُ سُلَيْمَانَ الضُّبَعِيُّ، عَنْ ثَابِتٍ، عَنْ أَنَسٍ، قَالَ جَاءَ أَعْرَابِيٌّ إِلَى النَّبِيِّ ﷺ فَقَالَ: يَا رَسُولَ اللَّهِ، عَلِّمْنِي خَيْرًا، فَأَخَذَ النَّبِيُّ ﷺ بِيَدِهِ، فَقَالَ: قُلْ سُبْحَانَ اللَّهِ، وَالْحَمْدُ لِلَّهِ، وَلا إِلَهَ إِلا اللَّهُ، وَاللَّهُ أَكْبَرُ قَالَ: فَعَقَدَ الأَعْرَابِيُّ عَلَى يَدِهِ وَمَضَى فَتَفَكَّرَ، ثُمَّ رَجَعَ فَتَبَسَّمَ النَّبِيُّ ﷺ قَالَ: تَفَكَّرَ الْبَائِسُ فَجَاءَ، فَقَالَ: يَا رَسُولَ اللَّهِ، سُبْحَانَ اللَّهِ، وَالْحَمْدُ لِلَّهِ، وَلا إِلَهَ إِلا اللَّهُ، وَاللَّهُ أَكْبَرُ هَذَا لِلَّهِ فَمَا لِي؟ فَقَالَ لَهُ النَّبِيُّ ﷺ : يَا أَعْرَابِيُّ، إِذَا قُلْتَ: سُبْحَانَ اللَّهِ، قَالَ اللَّهُ: صَدَقْتَ، وَإِذَا قُلْتَ: الْحَمْدُ لِلَّهِ، قَالَ اللَّهُ: صَدَقْتَ، وَإِذَا قُلْتَ: لا إِلَهَ إِلا اللَّهُ، قَالَ اللَّهُ: صَدَقْتَ، وَإِذَا قُلْتَ: اللَّهُ أَكْبَرُ، قَالَ اللَّهُ: صَدَقْتَ، وَإِذَا قُلْتَ: اللَّهُمَّ اغْفِرْ لِي، قَالَ اللَّهُ: قَدْ فَعَلْتُ، وَإِذَا قُلْتَ: اللَّهُمَّ ارْحَمْنِي، قَالَ اللَّهُ: فَعَلْتُ، وَإِذَا قُلْتَ: اللَّهُمَّ ارْزُقْنِي، قَالَ اللَّهُ: قَدْ فَعَلْتُ قَالَ: فَعَقَدَ الأَعْرَابِيُّ عَلَى سَبْعٍ فِي يَدِهِ ثُمَّ وَلَّى [البيهقي في شعب الإيمان، وأورده الألباني في سلسلة الأحاديث الصحيحة]
അബ്ദുല്ല ബ്നു അംറ് رضي الله عنه നിവേദനം: നബി صلى الله عليه وسلم പറഞ്ഞു: "രണ്ട് ഗുണങ്ങൾ, അല്ലെങ്കിൽ സ്വഭാവങ്ങൾ: മുസ്‌ലിമായ ഒരു അടിമ അവയിൽ വീഴ്ചവരുത്താതെ സൂക്ഷിക്കുന്നുവെങ്കിൽ സ്വർഗത്തിൽ പ്രവേശിക്കാതിരിക്കില്ല. അവ രണ്ടും വളരെ എളുപ്പമാണ്, എന്നാൽ അവ പ്രാവർത്തികമാക്കുന്നവർ വളരെ കുറച്ചുമാത്രമാണ്. എല്ലാ നമസ്കാരശേഷവും പത്ത് തസ്ബീഹും, പത്ത് തഹ്‌മീദും, പത്ത് തക്ബീറും ചൊല്ലുക. അത് നാവിൽ നൂറ്റി അമ്പതും ത്രാസിൽ (മീസാനിൽ) ആയിരത്തി അഞ്ഞൂറുമാണ്. ഉറങ്ങാൻ കിടക്കുന്ന നേരത്ത് മുപ്പത്തിനാല് തക്ബീറും, മുപ്പത്തിമൂന്ന് തഹ്‌മീദും, മുപ്പത്തിമൂന്ന് തസ്ബീഹും ചൊല്ലുക. അത് നാവിൽ നൂറും ത്രാസിൽ ആയിരവുമാണ്." അബ്ദുല്ല رضي الله عنه പറയുന്നു: "അല്ലാഹുവിന്റെ റസൂൽ صلى الله عليه وسلم തന്റെ കൈകൊണ്ട് അവ എണ്ണം പിടിക്കുന്നത് ഞാൻ കണ്ടു." അവർ ചോദിച്ചു: "അല്ലാഹുവിന്റെ റസൂലേ എങ്ങിനെയാണ് അവ രണ്ടും വളരെ എളുപ്പവും, എന്നാൽ അവ പ്രാവർത്തികമാക്കുന്നവർ വളരെ കുറച്ചുമാത്രവും ആകുന്നത്?" അദ്ദേഹം പറഞ്ഞു: ”നിങ്ങളിലൊരുത്തന്റെ അടുക്കൽ അവൻ - പിശാച് - ഉറങ്ങാൻ കിടക്കുന്ന നേരത്ത് വരും, എന്നിട്ട് അവ ഉരുവിടുന്നതിന്നു മുമ്പേ ഉറക്കിക്കളയും. നമസ്കാരസമയത്തു വരും, എന്നിട്ട് അവ ചൊല്ലുന്നതിന്നു മുമ്പേ വല്ല ആവശ്യവും ഓർപ്പെടുത്തും.” (അഹ്‌മദ്) • • • • • ഇബ്നു ഹിബ്ബാന്റെ രിവായത്തിൽ: "രണ്ട് ഗുണങ്ങൾ: മുസ്‌ലിമായ ഒരു മനുഷ്യൻ അവ ഇഹ്സാഅ' ചെയ്യുന്നുവെങ്കിൽ സ്വർഗത്തിൽ പ്രവേശിക്കാതിരിക്കില്ല. (ആശയം മനസ്സിലാക്കി പഠിച്ച് കർമപഥത്തിൽ സൂക്ഷിക്കലാണ് ഇഹ്സാഅ') അവ രണ്ടും വളരെ എളുപ്പമാണ്, എന്നാൽ അവ പ്രവർത്തിപഥത്തിൽ കൊണ്ടുവരുന്നവർ വളരെ കുറച്ചുമാത്രമാണ്. എല്ലാ നമസ്കാരശേഷവും പത്ത് തസ്ബീഹും, പത്ത് തഹ്‌മീദും, പത്ത് തക്ബീറും ചൊല്ലുക." • • • • • ഇമാം ബുഖാരി അദബുൽ മുഫ്‌റദിൽ ഉദ്ധരിച്ച രിവായത്തിൽ: "നിങ്ങളിൽ ആരാണ് ഒരു രാപ്പകലിൽ രണ്ടായിരത്തി അഞ്ഞൂറ് തിന്മകൾ ചെയ്യാറുള്ളത്?". • • • • • ഹദീസിൽ നിന്നുള്ള ചില പാഠങ്ങൾ: 1- നമസ്കാരശേഷമുള്ള ദിക്റുകളിലെ വ്യത്യസ്ത ഇനങ്ങളിൽ നിന്നും സ്ഥിരപ്പെട്ട ഒന്നിനെ കുറിച്ച ഉണർത്തൽ. 2- പത്തു തവണ വീതമെങ്കിലും അവ ചൊല്ലാൻ കഴിയാതെ പോകുന്നത് വലിയ നഷ്ടം തന്നെ. 3- ഹൃദയം തൊടാതെ നാവുകൊണ്ട് ശരവേഗത്തിൽ ഉരുവിട്ടുപോകുന്നതും ഗുണകരമല്ല എന്നതാണ് ഇബ്നു ഹിബ്ബാന്റെ രിവായത്തിൽ വന്ന احصاء എന്ന പദം അറിയിക്കുന്ന പാഠം. 4- احصاء എന്നാൽ: പദങ്ങൾ കൃത്യമായി പഠിക്കുകയും, അർത്ഥം ഗ്രഹിക്കുകയും, അവയിലടങ്ങിയ കർമങ്ങൾ ജീവിതത്തിലുടനീളം പ്രാവർത്തികമാക്കലുമാണ്. 5- നാവിനു വളരെ എളുപ്പമായ ഈ വാക്കുകൾ നാളെ നന്മയുടെ ത്രാസിൽ വലിയ കനം നൽകുന്നവയാണ്. 6- അല്ലാഹുവിന്റെ പരിശുദ്ധിയും മഹത്വവും. അവന്റെ ഏകത്വവും ഉൾക്കൊള്ളുന്ന അതി ബൃഹത്തായ വാക്കുകളാണവ എന്നതാണ് ത്രാസിൽ അവ കനപ്പെട്ടതാകാൻ കാരണം. 7- നന്മകൾക്ക് പത്തിരട്ടി പ്രതിഫലം. 8- നന്മകൾ തിന്മകളെ മായ്ക്കും. والله أعلم - അബൂ തൈമിയ്യ ഹനീഫ് عَنْ عَبْدِ اللَّهِ بْنِ عَمْرٍو، عَنِ النَّبِيِّ صَلَّى اللهُ عَلَيْهِ وَسَلَّمَ، قَالَ: «خَصْلَتَانِ، أَوْ خَلَّتَانِ لَا يُحَافِظُ عَلَيْهِمَا عَبْدٌ مُسْلِمٌ إِلَّا دَخَلَ الْجَنَّةَ، هُمَا يَسِيرٌ، وَمَنْ يَعْمَلُ بِهِمَا قَلِيلٌ، يُسَبِّحُ فِي دُبُرِ كُلِّ صَلَاةٍ عَشْرًا، وَيَحْمَدُ عَشْرًا، وَيُكَبِّرُ عَشْرًا، فَذَلِكَ خَمْسُونَ وَمِائَةٌ بِاللِّسَانِ، وَأَلْفٌ وَخَمْسُ مِائَةٍ فِي الْمِيزَانِ، وَيُكَبِّرُ أَرْبَعًا وَثَلَاثِينَ إِذَا أَخَذَ مَضْجَعَهُ، وَيَحْمَدُ ثَلَاثًا وَثَلَاثِينَ، وَيُسَبِّحُ ثَلَاثًا وَثَلَاثِينَ، فَذَلِكَ مِائَةٌ بِاللِّسَانِ، وَأَلْفٌ فِي الْمِيزَانِ» فَلَقَدْ رَأَيْتُ رَسُولَ اللَّهِ صَلَّى اللهُ عَلَيْهِ وَسَلَّمَ يَعْقِدُهَا بِيَدِهِ، قَالُوا: يَا رَسُولَ اللَّهِ كَيْفَ هُمَا يَسِيرٌ وَمَنْ يَعْمَلُ بِهِمَا قَلِيلٌ؟ قَالَ: «يَأْتِي أَحَدَكُمْ - يَعْنِي الشَّيْطَانَ - فِي مَنَامِهِ فَيُنَوِّمُهُ قَبْلَ أَنْ يَقُولَهُ، وَيَأْتِيهِ فِي صَلَاتِهِ فَيُذَكِّرُهُ حَاجَةً قَبْلَ أَنْ يَقُولَهَا» (أحمد وأبو داود - وصححه الألباني) وفي رواية:"فَأَيُّكُمْ يَعْمَلُ فِي الْيَوْمِ وَاللَّيْلَةِ أَلْفَيْنِ وَخَمْسَمِائَةِ سَيِّئَةٍ؟" (البخاري في الأدب المفرد) وفي رواية: خَصْلَتَانِ لَا يُحْصِيهُمَا رَجُلٌ مُسْلِمٌ إِلَّا دَخَلَ الْجَنَّةَ هُمَا يَسِيرٌ وَمَنْ يَعْمَلُ بِهِمَا قَلِيلٌ يُسَبِّح اللَّهَ دُبُرَ كُلِّ صَلَاةٍ عَشْرًا ... (ابن حبان وصححه الألباني) وفي رواية:"فَأَيُّكُمْ يَعْمَلُ فِي الْيَوْمِ وَاللَّيْلَةِ أَلْفَيْنِ وَخَمْسَمِائَةِ سَيِّئَةٍ؟" (البخاري في الأدب المفرد)
അതിനാൽ വെള്ളപ്പൊക്കം സൂര്യഗ്രഹണം ശക്തമായ കാറ്റ് ഭൂകമ്പം തുടങ്ങിയ ദൃഷ്ട്ടാന്തങ്ങൾ ഉണ്ടാവുമ്പോൾ അല്ലാഹുവിലേക്ക് തൗബ ചെയ്തു മടങ്ങാൻ ധൃതിപ്പെടുകയും അവനിലേക്ക് വണക്കം പ്രകടിപ്പിക്കുകയും അവനോട് സൗഖ്യത്തിനു വേണ്ടി ചോദിക്കുകയും ദിക്റുകളും പശ്ചാത്താപവും വർദ്ധിപ്പിക്കുകയൂം ചെയ്യൽ അനിവാര്യമായ കാര്യമാണ്. സൂര്യഗ്രഹണം ഉണ്ടായപ്പോൾ നബി സ്വല്ലള്ളാഹു അലൈഹി വസല്ലം പറഞ്ഞത് പോലെ " അത് നിങ്ങൾ കണ്ടാൽ അള്ളാഹുവിനെ ദിക്ർ ചെയ്യുകയും അവനോട് ദുആ ഇരക്കുകയും അവനോട് പാപമോചനത്തിന് തേടുകയും ചെയ്യുന്നതിൽ അഭയം തേടുക" ( മജ്മുഉ ഫതാവാ ഇബ്നു ബാസ് - 150/9-152) قال العلامة بن باز رحمه الله
فالواجب عند الزلازل وغيرها من الآيات والكسوف والرياح الشديدة والفياضانات البدار بالتوبة إلى الله سبحانه، والضراعة إليه وسؤاله العافية، والإكثار من ذكره واستغفاره كما قال ﷺ عند الكسوف: فإذا رأيتم ذلك فافزعوا إلى ذكر الله ودعائه واستغفارهمتفق عليه مجموع فتاوی ابن باز (9/150-152) 'ലാ ഇലാഹ ഇല്ലല്ലാഹ്' എന്നത് അല്ലാഹുവിന്റെ ഏകത്വം ഉദ്ഘോഷിക്കാനുള്ള സത്യസാക്ഷ്യത്തിന്റെ വചനം. ദൃഢബോധ്യത്തോടെ ഇത് പ്രഖ്യാപിക്കുമ്പോൾ മാത്രമാണ് ഒരാൾ സത്യവിശ്വാസിയാകുന്നത്. അല്ലാഹു അല്ലാതെ ന്യായമായും ആരാധിക്കപ്പെടേണ്ടവനായി ആരുമില്ല എന്നാണ് അതിന്റെ അർത്ഥം. സാക്ഷ്യവചനം كلمة الشهادة എന്നു പറയാൻ രണ്ട് കാര്യം: (ഒന്ന്) ഇതിന്റെ സാക്ഷികളുടെ വലിപ്പം തന്നെ. ഇത് സാക്ഷ്യപ്പെടുത്തിയത് അല്ലാഹു; പിന്നെ മലക്കുകളും നീതിയുടെ നിർവ്വാഹകരായ പണ്ഡിതന്മാരും. (രണ്ട്) സാക്ഷ്യപ്പെടുത്തപ്പെട്ട ഉള്ളടക്കത്തിന്റെ മഹത്വം. ഏകനായ അല്ലാഹു മാത്രമാണ് മുഴുലോകങ്ങളുടെയും ലോകരുടെയും സ്രഷ്ടാവും ഉടമസ്ഥനും നിയന്താവും ആയിട്ടുള്ളവൻ. അതിനാൽ ന്യായമായും ആരാധിക്കപ്പെടേണ്ടത് അവനെ മാത്രം , അവനു പുറമെ ആരാധിക്കപ്പെടുന്നവയെല്ലാം വ്യാജന്മാർ. മറ്റുള്ളവരെ ആരാധിക്കുന്നത് കടുത്ത അന്യായവും അപരാധവുമാണ്. സമസ്ത ലോകങ്ങളിലും വാഴ്ത്തപ്പെട്ട, ദിഗന്തങ്ങളിൽ മുഴങ്ങിക്കേട്ട, ചിരന്തനമായി നിലനിന്നുപോന്ന, അഖില പ്രവാചകന്മാരും പ്രബോധനം ചെയ്തതിൽ സർവ്വോൽകൃഷ്ടമായ വചനം. അല്ലാഹുവിനെ സ്മരിക്കാൻ, അവനോട് പ്രാർത്ഥിക്കാൻ ഇതിനെക്കാൾ ശ്രഷ്ഠമായ മറ്റൊന്നു വേറെയില്ല. ഈ സാക്ഷ്യവചനത്തിന് രണ്ടു ഭാഗങ്ങളുണ്ട് . 1. 'ലാ ഇലാഹ' – ആരാധിക്കപ്പെടേണ്ടവനായി ആരുമില്ലെന്ന സമ്പൂർണ്ണ നിരാസത്തിന്റെ ഭാഗം. 2. 'ഇല്ലല്ലാഹ് '– അല്ലാഹു ഒഴികെ, ന്യായമായി ആരാധിക്കപ്പെടേണ്ടവൻ അവൻ മാത്രമെന്ന സ്ഥിരീകരണത്തിന്റെ ഭാഗം. ആദ്യഭാഗം മനസ്സിൽ പ്രതിഷ്ഠിച്ചിട്ടുള്ള മുഴുദൈവങ്ങളെയും കുടിയിറക്കി ഹൃദയം ശുദ്ധീകരിക്കുന്നു. രണ്ടാമത്തെ ഭാഗം വ്യാജദൈവങ്ങളിൽനിന്നെല്ലാം തീർത്തും മുക്തമായ ആ ഹൃദയവിശുദ്ധിയിൽ അല്ലാഹുവിനെ മാത്രം സ്ഥാപിക്കുന്നു. ആ സംസ്ഥാപനം യഥാവിധമാണെങ്കിൽ ഇനി ഒരു വ്യാജദൈവത്തിനും അവിടേക്ക് പ്രവേശിക്കാനാവില്ല. അവിടം വാഴാൻ ഏകനായ അല്ലാഹു മാത്രം. അവനു പങ്കുകാരില്ല. എല്ലാം അവന്റേത് മാത്രം. അവന്നുള്ള വണക്കം സമ്പൂർണ്ണമാകുമ്പോഴാണ് ആ ഹൃദയം അതിന്റെ മഹത്വം കൈവരിക്കുന്നത്. ആരാധന മുഴുവനായും അല്ലാഹുവിനു മാത്രം അവകാശപ്പെട്ടതാണ്. അത് നിറവേറ്റൽ അടിയാന്മാരുടെ കടമയും. അല്ലാഹുവിനെ ആരാധിക്കാൻ മടികാണിക്കുന്ന ഒരു അഹങ്കാരി, അല്ലാഹുവിനു മാത്രം അർഹതപ്പെട്ടതും അടിയാന്മാരുടെ മേൽ ബാധ്യതപ്പെട്ടതുമായ മൗലിക കർത്തവ്യം നിറവേറ്റാത്ത അവിശ്വാസിയായിത്തീരുന്നു. ആരാധനയിൽ നിന്ന് എന്തെങ്കിലുമൊന്ന് മറ്റാർക്കെങ്കിലും വീതിച്ചുകൊടുക്കുന്നവൻ മുശ്‌രിക്ക്. വീതംവെക്കുന്ന ഒന്നും അല്ലാഹുവിന്ന് ആവശ്യമില്ല. അവൻ ധന്യനാണ്. പങ്കുവെക്കുന്ന മുശ്‌രിക്കിനെയും അവൻ സമർപ്പിക്കുന്ന വിഹിതത്തെയും ഒരു പോലെ അല്ലാഹു പരിവർജ്ജിക്കുന്നു. മുഴുവനായി, യാതൊരു കലർപ്പുമില്ലാതെ, അവനു മാത്രം സമർപ്പിക്കുന്നതേ അവൻ സ്വീകരിക്കുകയുള്ളൂ. ഈ വചനം ഒരു മനോഗതമായി കൊണ്ടു നടന്നാൽ പോരാ, ഉഛൈസ്തരം ഉദ്ഘോഷിച്ചാൽ പോരാ, അതു പ്രകാരം അല്ലാഹുവിനെ ആരാധിച്ചാൽ പോരാ, മറ്റാരെയും ആരാധിക്കാതിരുന്നാലും പോരാ, അല്ലാഹുവിനു പുറമെ ആരാധിക്കപ്പെടുന്ന കള്ളദൈവങ്ങളിൽ അവിശ്വാസം രേഖപ്പെടുത്തുക കൂടി വേണം. ത്വാഗൂത്തുകളുടെ കാര്യത്തിൽ നിലപാടില്ലാത്ത ഷണ്ഡന്മാരായ മൗനികൾക്കുള്ളതല്ല ഈ വചനം. ഇതു സത്യാസത്യത്തിന്റെ വിവേചനമാണ്, സ്വർഗ്ഗനരകങ്ങൾക്കിടയിലെ വിഭജനരേഖയാണ്. സാക്ഷ്യവചനമാണ് സ്വർഗ്ഗത്തിന്റെ താക്കോൽ. അതിന് ഏഴ് പല്ലുകളുണ്ട്. അതിലൊന്നിനെങ്കിലും വല്ല ന്യൂനതയും സംഭവിച്ചാൽ സ്വർഗ്ഗം തുറക്കാനാവില്ല. ഈ വചനത്തെ കുറിച്ച് അജ്ഞത പൂർണ്ണമായും ഇല്ലാതാക്കുന്ന അറിവ്, സർവ്വ സന്ദേഹങ്ങളും അകറ്റുന്ന ദൃഢബോധ്യം, എല്ലാവിധ പങ്കാളിത്തവും നിരാകരിച്ചുള്ള എകത്വം, കള്ളത്തരങ്ങളെല്ലാം തള്ളുന്ന സത്യത, ലവലേശം വെറുപ്പ് അവശേഷിപ്പിക്കാത്ത പരമമായ സ്നേഹം, യാതൊരു ഉപേക്ഷയുമില്ലാതെയുള്ള കീഴ്പ്പെടൽ, തിരസ്കാരമൊട്ടുമില്ലാത്ത സ്വീകാരം, അല്ലാഹുവിന് പുറമെ, ആരാധിക്കപ്പെടുന്ന മുഴുവൻ ത്വാഗൂത്തുകളിലുമുള്ള അവിശ്വാസം ഇവയാണ് സാക്ഷ്യവചനത്തിന്റെ നിബന്ധനകൾ. സത്യസാക്ഷ്യത്തെ റദ്ദ്‌ചെയ്യുന്ന കാര്യങ്ങൾ പലതാണ്. ചിലതു മാത്രം പറയാം. ആരാധനയിൽ പങ്കുചേർക്കുക, അല്ലാഹുവിന് മധ്യവർത്തികളെ നിശ്ചയിക്കുക, മുശ്‌രിക്കുകൾ അവിശ്വാസികളല്ലെന്നോ അവരുടെ പക്ഷം ശരിയാണെന്നോ വെക്കുകയോ അതിൽ സംശയിക്കുകയോ ചെയ്യുക, മുഹമ്മദ് നബി صلى الله عليه وسلم കാണിച്ച സാന്മാർഗ്ഗിക ദർശനങ്ങളെക്കാൾ പൂർണ്ണവും ഉത്തമവും മറ്റുള്ളവയാണെന്ന് വിശ്വസിക്കുക, അവിടുന്ന് കാണിച്ച് തന്ന ഏതെങ്കിലും ഒരു കാര്യത്തെ വെറുക്കുക, അവിടുന്ന് കൊണ്ടുവന്ന ദീനിനെ പരിഹസിക്കുക, സിഹ്ർ ചെയ്യുകയോ ചെയ്യിപ്പിക്കുകയോ അതിൽ തൃപ്തിപ്പെടുകയോ ചെയ്യുക, സത്യവിശ്വാസത്തിനെതിരിൽ അവിശ്വാസത്തോടൊപ്പം ചേർന്ന് പോരാടുക, ചിലർക്ക് മുഹമ്മദ് നബി صلى الله عليه وسلم-യുടെ ശരീഅത്ത് ബാധകമല്ലെന്ന് വിശ്വസിക്കുക, ദീനിൽനിന്ന് പൂർണ്ണമായി വിമുഖത കാണിക്കുക. സത്യസാക്ഷ്യം അംഗീകരിക്കാതെയോ അത് റദ്ദ് ചെയ്തവനായോ മരിക്കുന്നവൻ നരകത്തിൽ ശാശ്വതനാണ്. ശിർക്ക് ചെയ്യാതെ സത്യസാക്ഷ്യത്തോടെ ഒരാൾ മരണപ്പെട്ടാൽ അവൻ സ്വർഗ്ഗത്തിലുമാണ്; മറ്റു പാപങ്ങൾ അല്ലാഹുവിന്റെ വേണ്ടുകയാൽ പൊറുക്കപ്പെടാം. പാപമോചനം ലഭിക്കാത്ത വല്ലതുമുണ്ടെങ്കിൽ തന്നെ അതിനുള്ള ശിക്ഷ കഴിഞ്ഞ് അവൻ സ്വർഗ്ഗത്തിൽ പ്രവേശിക്കുകയും ചെയ്യും, — അബൂ ത്വാരിഖ് സുബൈർ മുഹമ്മദ് അൽഹംദു ലില്ലാഹ്.. ഹംദിന്റെ വാക്കുകൾ! 'ഹംദി'ന്റെ ഭാഷാർത്ഥം സ്തുതി, സ്തോത്രം, വാഴ്ത്തൽ, കീർത്തനം എന്നൊക്കയാണ്. അതിനോട് ചേർത്തിരിക്കുന്ന 'അൽ' വർഗ്ഗസാകല്യത്തെ ദ്യോതിപ്പിക്കുന്നു. അപ്പോൾ, അൽഹംദു ലില്ലാഹ് എന്നതിന്റെ സാമാന്യ അർത്ഥം: സർവ്വ സ്തുതിയും അല്ലാഹുവിന്ന്.
ഹംദ് നാവു കൊണ്ട് ചൊല്ലുകയാണ് വേണ്ടത്. അൽഹംദു ലില്ലാഹ് - എല്ലാ സ്തുതിയും അല്ലാഹുവിന്ന് - എന്ന് ഒരു അടിയാൻ പറയുമ്പോൾ നാവുകൊണ്ട് അല്ലാഹുവിനെ പുകഴ്ത്തുന്നു; അവന്റെ അപദാനങ്ങൾ വാഴ്ത്തുന്നു. രണ്ടു കാര്യങ്ങൾ മുൻനിർത്തിയാണ് അല്ലാഹുവിന് ഹംദ് ചൊല്ലുന്നത് : 1. അവന്റെ പൂർണതയെ മുൻനിർത്തി: അല്ലാഹുവിന്റെ പൂർണത ഭാവനകൾക്ക് അതീതമാണ്. അവാച്യമാണ്. അവനുമായി ബന്ധപ്പെട്ട എല്ലാ കാര്യങ്ങളും പരിപൂർണ്ണവും അന്യൂനവും അനന്യവും അതിമനോഹരവുമാണ്. അവന്റെ സത്തയുടെ, നാമങ്ങളുടെ, ഗുണവിശേഷങ്ങളുടെ, മഹാകൃത്യങ്ങളുടെ, അധികാരാവകാശങ്ങളുടെ... തുടങ്ങി മുഴുപ്രശ്‌നങ്ങളുടെയും മഹത്വവും മനോഹാരിതയും പൂർണതയും വര്‍ണ്ണനാതീതമാണ്. അവന്‍ ഏകനും അതുല്യനും അദ്വിതീയനുമാണ്. അവന്‍ ഉണ്ടായവനല്ല, ആദിയിലേ ഉള്ളവനാണ്. അവന്‍ ജാതനല്ല, ജനകനുമല്ല. അവനു ഭാര്യമാരില്ല, സന്താനങ്ങളില്ല. അവന്‍ കിടയറ്റവനാണ്. അവനു പങ്കുകാരില്ല, സഹായികളില്ല, സ്വാധീനിക്കാവുന്ന ശിപാര്‍ശകരില്ല. അവന്റെ കാര്യങ്ങള്‍ അവനു മാത്രം അവകാശപ്പെട്ടതാണ്. അതില്‍ ഒന്നും മറ്റൊരാള്‍ക്കും ഉണ്ടാവുകയില്ല. മറ്റുളളവരുടെ കാര്യങ്ങള്‍ ഒന്നും അവന് ചേരുകയുമില്ല. ദൃഷ്ടികൾക്കോ ഭാവനകൾക്കോ അവനെ പ്രാപിക്കാനാവില്ല. അവന്‍ സൃഷ്ടികള്‍ക്ക് അതീതനാണ്, അര്‍ശിനും ഉപരിയിലാണ്. അവന്‍ ഹൃദയാന്തരങ്ങളെയും ദൃഷ്ടികളെയും പിടികൂടുന്നു. അവനെ കുറിച്ച് നാം സ്വയം വര്‍ണ്ണിക്കുന്നത് കൃത്യവിലോപമാണ്. അവന്‍ തന്നെ അവനെ കുറിച്ചു ദൂതന്മാർ മുഖേന വര്‍ണ്ണിച്ചു തന്നത് അതേപടി സ്വീകരിക്കുക, ആവര്‍ത്തിക്കുക. അതാണ് വിശ്വാസത്തിന്റെയും സമർപ്പണത്തിന്റെയും മാര്‍ഗ്ഗം. അതു മാത്രമാണ് സുരക്ഷിതമായ വഴി. അവന്റെ അപദാനങ്ങള്‍ നമുക്ക് തിട്ടപ്പെടുത്താനാവില്ല. അല്ലാഹുവേ, നീ നിന്നെ സ്വയം വാഴ്‌ത്തിയത് എപ്രകാരമാണോ അങ്ങനെയാണു നീ; നിന്റെ കാര്യങ്ങളും! നിന്നെ അറിയുന്ന ഒരു അടിയാന് എങ്ങനെ നിന്നെ വാഴ്‌ത്താതിരിക്കാന്‍ കഴിയും? നിനക്കുളള സ്‌തുതി ചേതനയില്‍ നിറയുന്നു. ആത്മബോധത്തിൽനിന്ന് നാവിലേക്ക് സംക്രമിക്കുന്നു. സ്‌തുതിയിൽ നിമഗ്നമായി ഞാൻ ഉരുവിടുന്നു: അല്‍ഹംദു ലില്ലാഹ്.. 2. അവന്റെ അനുഗ്രഹങ്ങളെ മുന്‍നിര്‍ത്തി: അല്ലാഹു റഹ്‌മാനാണ്, കാരുണ്യത്തിന്റെ സ്രോതസ്സാണ്. മുഴുവൻ കാരുണ്യങ്ങളും അവന്റേതാണ്. പരമവും അപരിമേയവുമായ കാരുണ്യം! അത് അവന്റെ കോപത്തെ പോലും കവച്ചുവെച്ചിരിക്കുന്നു. അവന്‍ ഇഹത്തിലും പരത്തിലും റഹ്‌മാനാണ്. അല്ലാഹു റഹീമാണ്. സൃഷ്ടികൾക്കു കാരുണ്യം ചൊരിയുന്നവന്‍, അവന്‍ കാരുണ്യത്തെ നൂറായി ഭാഗിച്ചു. ഒരു ഭാഗം സൃഷ്ടികള്‍ക്കിടയില്‍ വീതിച്ചു. അതുമുലമാണ് അവര്‍ പരസ്പരം കാരുണ്യത്തോടെ വര്‍ത്തിക്കുന്നത്. മനുഷ്യര്‍ മാത്രമല്ല മുഴുവന്‍ ജീവജാലങ്ങളും. മൃഗങ്ങള്‍ കിടാങ്ങളോട്, പക്ഷികള്‍ കുഞ്ഞുങ്ങളോട്. അങ്ങനെ എല്ലാവരും. അവന്റെ കാരുണ്യം എല്ലാറ്റിനെയും ചൂഴ്‌ന്നു നില്‍ക്കുന്നു. അവന്‍ ഇഹത്തിലും പരത്തിലും റഹീമാണ്. കരുണ ചെയ്യുക എന്നതിന്റെ താല്‍പര്യം നല്ല ഉദ്ദേശ്യങ്ങള്‍ സഫലീകരിച്ചു തരിക, ഭയപ്പെടുന്ന കാര്യങ്ങളില്‍നിന്ന് കാവല്‍ നല്‍കുക, സംഭവിച്ചു പോയ വീഴ്ചകള്‍ പൊറുത്തുതരിക എന്നതാണ്. റഹ്‍മാനും റഹീമുമായ അല്ലാഹു നമുക്ക് ചെയ്തു തന്ന അനുഗ്രഹങ്ങള്‍ അപാരവും അംസംഖ്യവുമാണ്. അവന്റെ ഔദാര്യങ്ങൾ അളവറ്റതാണ്! നമുക്കത് എണ്ണി തിട്ടപ്പെടുത്താനാവില്ല. അല്ലാഹുവേ! ഞാന്‍ തന്നെയും, എന്റേതും എനിക്കുള്ളതും എന്റെ ചുറ്റുപാടുകളും, എല്ലാമെല്ലാം നിന്റെ അനുഗ്രഹം മാത്രം. നിന്റെ ആശിസ്സുകളില്ലാതെ ഒരു നിമിഷാര്‍ദ്ധം എനിക്ക് നിലനില്‍ക്കാനാവില്ല. നിന്റെ അനുഗ്രഹങ്ങള്‍ ഓര്‍ക്കുമ്പോള്‍ ഉള്ളിൽ നിറയുന്ന സ്‌തുതി നാവിലൂടെ പുറത്ത് വരുന്നു: അല്‍ഹംദു ലില്ലാഹ്.. • • • • • മനസ്സു നിറയാതെ, നാവു കൊണ്ട് സ്‌തുതിയെന്നു പറഞ്ഞാല്‍ ഹംദ് ആവില്ല. അത് അര്‍ത്ഥശുന്യമായ പുകഴ്ത്തല്‍ മാത്രമായിത്തീരും, അല്ലാഹുവിന്റെ പൂര്‍ണ്ണതയെയും അനുഗ്രഹങ്ങളെയും കുറിച്ചുള്ള ശരിയായ ബോധ്യത്തില്‍, അവനോടുള്ള അപരിമേയമായ സ്‌നേഹവും ഭയപ്പാടും പ്രതിക്ഷയും മനസ്സിൽ നിറയണം. അങ്ങനെ ഹൃദയം അവനെ വാഴ്‌ത്തണം. അത് നാവിലേക്കെത്തി പുറത്തേക്ക് ഉതിര്‍ന്നു വീഴണം. അപ്രകാരം നാവില്‍നിന്ന് വീഴുന്ന മുത്തുകളാണ് ഹംദ്. സ്‌തുതിയും നന്ദിയും തമ്മില്‍ ഒരു താരതമ്യം: സ്‌തുതിയുടെ ബന്ധം വിപുലവും ഉപാധി ഏകവുമാണെങ്കില്‍, നന്ദിയുടെ ഉപാധികള്‍ വിപുലവും ബന്ധം പരിമിതവുമായിരിക്കും. അല്ലാഹുവിന്റെ പൂര്‍ണ്ണതകളുടെയും അനുഗ്രഹങ്ങളുടെയും അതിവിപുലമായ ആശയ സഞ്ചയവുമായിട്ടാണ് സ്‌തുതിയുടെ ബന്ധം. എന്നാല്‍ സ്‌തുതി പ്രകടിപ്പിക്കാനുള്ള ഉപാധി ഏകമാണ്; അതാണ് നാവ്. നന്ദി പ്രകാശിപ്പിക്കാന്‍ ഒന്നിലധികം ഉപാധികളുണ്ട്. മനസ്സ്, നാവ്, ശരീരാവയവങ്ങള്‍ മൂന്നും നന്ദി പ്രകടിപ്പിക്കാനുളള ഉപാധികളാണ്. എന്നാല്‍ നന്ദിയുടെ ബന്ധം അല്ലാഹുവിന്റെ അനുഗ്രഹങ്ങളോട് മാത്രമാണ്. • • • • • തസ്‌ബിഹ് നിരാസമാണ്. വിവരദോഷികളായ ആക്രമികള്‍ അല്ലാഹുവിനെ കുറിച്ച് നടത്തുന്ന തെറ്റായ ആരോപണങ്ങളുടെ നിരാസം. തഹ്‌മീദ് സ്ഥിരീകരണമാണ്. അല്ലാഹുവിനെ കുറിച്ചുള്ള അവന്റെ സ്വന്തം വര്‍ണ്ണന, സത്യസന്ധരായ ദൂതന്മാര്‍ അറിയിച്ചു തന്ന ആ വര്‍ണ്ണനകളുടെ സ്ഥിരികരണം. തസ്‌ബിഹ് പൂര്‍ണ്ണമാകുന്നത് തഹ്‌മീദോടു കുടിയാണ്. അതുകൊണ്ടാണ് ദിക്റുകളില്‍ അവ ഒരുമിച്ച് വരുന്നത്. അല്ലാഹുവിനെ കുറിച്ച് അക്രമികൾ നടത്തുന്ന തെറ്റായ വര്‍ണ്ണനകളും ആരോപണങ്ങളും ഞാന്‍ നിരാകരിക്കുന്നു. അവനെ കുറിച്ച ദൂതന്മാര്‍ മുഖേന അവൻ അറിയിച്ചു തന്ന വര്‍ണ്ണനകള്‍ ഞാന്‍ വാഴ്‌ത്തുന്നു. സുബ്ഹാനല്ലാഹി വബിഹംദിഹീ... — അബൂ ത്വാരിഖ് സുബൈർ മുഹമ്മദ് ഇബ്നു മസ്ഊദ് - رضي الله عنه - പറയുന്നു: • ഭൗതിക നേട്ടങ്ങൾ അല്ലാഹു ഇഷ്ടപ്പെടുന്നവർക്കും ഇഷ്ടപ്പെടാത്തവർക്കും നൽകും. • ഒരു അടിയനെ അല്ലാഹു സ്നേഹിച്ചാൽ അവന് ഈമാൻ നൽകും. ആരെങ്കിലും ഭീരുവായാൽ: » രാത്രി ആരാധനയിൽ മുഴുകാൻ സഹനശേഷിയില്ലാതെ » ശത്രുവിനോട് പടപൊരുതാൻ കഴിയാതെ » പിശുക്ക് കൊണ്ട് സ്വത്ത് ചെലവഴിക്കാനാവാതെ എങ്കിൽ, അവൻ ഈ കീർത്തനങ്ങൾ ധാരാളമായി ഉരുവിടട്ടെ: ✓ സുബ്ഹാനല്ലാഹ് - سبحان الله (തസ്ബീഹ്) ✓ അൽഹംദു ലില്ലാഹ് - الحمد لله (തഹ്മീദ്) ✓ ലാഇലാഹ ഇല്ലല്ലാഹ് - لا إله إلا الله (തഹ്‌ലീൽ) ✓ അല്ലാഹു അക്ബർ - الله اكبر (തക്ബീർ). ഉദ്ധരണം: ബുഖാരി, അദബുൽ മുഫ്റദ് | ഇബ്നു അബീശൈബഃ മുസ്വന്നഫ് അൽബാനി: സ്വഹാബിയുടെ വാക്കുകൾ, നബിവചനത്തിന്റെ സ്ഥാനം, സ്വഹീഹ് — അബൂ ത്വാരിഖ് സുബൈർ മുഹമ്മദ് حفظه الله تعالى 34578 -
عَنْ عَبْدِ اللَّهِ، قَالَ: إِنَّ اللَّهَ يُعْطِي الدُّنْيَا مَنْ يُحِبُّ وَمَنْ لَا يُحِبُّ , وَلَا يُعْطِي الْإِيمَانَ إِلَّا مَنْ يُحِبُّ , فَإِذَا أَحَبَّ اللَّهُ عَبْدًا أَعْطَاهُ الْإِيمَانَ , فَمَنْ جَبُنَ مِنْكُمْ عَنِ اللَّيْلِ أَنْ يُكَابِدَهُ وَالْعَدُوِّ أَنْ يُجَاهِدَهُ وَضَنَّ بِالْمَالِ أَنْ يُنْفِقَهُ فَلْيُكْثِرْ مِنْ سُبْحَانَ اللَّهِ وَالْحَمْدُ لِلَّهِ وَلَا إِلَهَ إِلَّا اللَّهُ وَاللَّهُ أَكْبَرُ مصنف ابن أبي شيبة (110/7) الألباني : صحيح موقوف في حكم المرفوع തസ്‌ബീഹിന്റെ വിവക്ഷ, ഞാൻ അല്ലാഹുവിന്റെ വിശുദ്ധിയെ വാഴ്ത്തുകയും പ്രകീർത്തിക്കുകയും ചെയ്യുന്നു എന്നതാണ്. അവന്റെ വിശുദ്ധിയുടെ അടിസ്ഥാനം, അവനുമായി ബന്ധപ്പെട്ട് എല്ലാം അവനു മാത്രമുള്ളതാണ് എന്നത്. അതിൽ ഒട്ടും കളങ്കമോ കലർപ്പോ ഇല്ല. അവനുമായി ബന്ധപ്പെട്ട കാര്യങ്ങൾ എന്നതു കൊണ്ട് ഉദ്ദേശിക്കുന്നത് അവന്റെ സത്താപരമായ കാര്യങ്ങൾ, ഉൽകൃഷ്ടമായ നാമങ്ങൾ, ഉന്നതമായ ഗുണവിശേഷങ്ങൾ, അതുല്യമായ പ്രവർത്തനങ്ങൾ, അനന്യമായ അധികാരാവകാശങ്ങൾ പോലുള്ളവയാണ്. അവന്റെ കാര്യങ്ങൾ അവനു മാത്രം അവകാശപ്പെട്ടതാണ്. അതിൽ പെട്ട ഒന്നും മറ്റൊരാൾക്കും ഉണ്ടാവുകയില്ല. മറ്റുള്ളവരുടെ കാര്യങ്ങൾ ഒന്നും അവനു ചേരുകയുമില്ല.
ഉദാഹരണമായി അവന്റെ സത്ത അവനു മാത്രം അവകാശപ്പെട്ടതാണ്. അത് പരിപൂർണ്ണവും അന്യൂനവും അതിമനോഹരവുമാണ്. അതേ പോലുള്ള സത്ത മറ്റൊരാൾക്കും ഇല്ല. മറ്റുള്ളവരുടെ സത്ത അവനു ചേരുകയുമില്ല. സത്താപരമായി, കലർപ്പും കളങ്കവുമേശാത്ത വിശുദ്ധനും പർണ്ണനുമാണ് അല്ലാഹു. അവന്റെ നാമങ്ങളും ഗുണവിശേഷങ്ങളും അവനു മാത്രം അവകാശപ്പെട്ടതാണ്. അവ പരിപൂർണ്ണവും കുറ്റമറ്റതും മനോഹരവുമാണ്. മറ്റൊരാൾക്കും അതുപോലുള്ള നാമ ഗുണവിശേഷങ്ങളില്ല. മറ്റുള്ളവരുടെ നാമങ്ങളോ ഗുണവിശേഷങ്ങളോ അവനു ചേരുകയുമില്ല. നാമ ഗുണവിശേഷങ്ങളിൽ അവൻ പൂർണ്ണനും വിശുദ്ധനുമാണ്. അവയിൽ യാതൊരു കളങ്കവും കലർപ്പുമില്ല എന്ന് സാരം. അവന്റെ പ്രവർത്തനങ്ങൾ അവനുമാത്രം അവകാശപ്പെട്ടതാണ്. അവന്റെ ചെയ്തികൾ പൂർണ്ണവും സുന്ദരവും ഭദ്രവുമായിരിക്കും. മറ്റാർക്കും അതു പോലെ പ്രവർത്തിക്കാനാവില്ല. മറ്റുള്ളവരുടെ പ്രവർത്തനങ്ങൾ അവനു ചേരുകയുമില്ല. അവന്റെ പ്രവർത്തനങ്ങൾ അവനു മാത്രം അവകാശപ്പെട്ടതാണ്. അവ ഒരു തരത്തിലുള്ള കലർപ്പും കളങ്കവും ചേർന്നിട്ടില്ലാത്ത വിശുദ്ധവും കുറ്റമറ്റതുമായ പ്രവർത്തനങ്ങളാണ്. അവന്റെ അധികാരാവകാശങ്ങളുടെ കാര്യമാവട്ടെ അവനുമായി ബന്ധപ്പെട്ട മറ്റു കാര്യങ്ങളാവട്ടെ അവയുടെയെല്ലാം സ്ഥിതിയും ഇങ്ങനെ തന്നെ. അവനെ സമാനമായി മറ്റൊരുവനോ, അവന്റെ കാര്യങ്ങളിൽ പങ്കുള്ളവനോ, അവനു സഹായി ആയി വർത്തിക്കുന്നവനോ, അവന്റെയടുക്കൽ അനുവാദമില്ലാതെ ശിപാർശ പറയാൻ സാധീനമുള്ളവനോ ആയി ഒരാളുമില്ല. അല്ലാഹുവിന്റെ കാര്യം അത്രമേൽ വിശുദ്ധമാണ്. കലർപ്പില്ലാത്തതാണ്. ഈ വിശുദ്ധിയാവട്ടെ അവന്റെ ഏകത്വത്തിന്റെ അനിവാര്യതയും താൽപര്യവുമാണ്. എന്നാൽ, അറിവില്ലാത്തവരും അക്രമികളുമായ ജനങ്ങൾ അവന്റെ വിശുദ്ധി കളങ്കപ്പെടുത്തുന്ന രൂപത്തിൽ വ്യാജമായ ദുരാരോപണങ്ങൾ കെട്ടിച്ചക്കുന്നു. അവനു പുത്രന്മാരെയും പുത്രിമാരെയും നിശ്ചയിക്കുന്നു. അവന്റെയടുക്കൽ സ്വാധീനമുള്ള ശിപാർശക്കാരെ സ്ഥാപിക്കുന്നു. അവന്റെ ഉൽകൃഷ്ടമായ നാമങ്ങൾ സൃഷ്ടികൾക്ക് നൽകുന്നു, സ്വയം മെനഞ്ഞുണ്ടാക്കിയതോ സൃഷ്ടികൾക്ക് ഉപയോഗിക്കുന്നതോ ആയ നാമങ്ങൾ അവനു ചാർത്തുന്നു. അവന്റെ അതുല്യമായ ഗുണവിശേഷങ്ങൾ സൃഷ്ടികൾക്ക് പതിച്ചു കൊടുക്കുന്നു. സൃഷ്ടികളുടെ ഗുണവിശേഷങ്ങൾ അവനിൽ ആരോപിക്കുന്നു. അവന്റെ ചെയ്തികൾ സൃഷ്ടികളുടെ പേരിൽ വക ചേർക്കുന്നു. സൃഷ്ടികളുടേത് അവനിൽ ആരോപിക്കുന്നു. അവന്റെ അധികാരാവകാശങ്ങൾ സൃഷ്ടികൾക്ക് വകവെച്ചുകൊടുക്കുന്നു. സൃഷ്ടികളുടെ അപൂർണ്ണമായ അധികാരവകാശങ്ങൾ അവനോട് ചേർക്കുന്നു. ഇങ്ങനെ എന്തെല്ലാം ദുരാരോപണങ്ങൾ! മനുഷ്യൻ എത്ര വലിയ അക്രമി! വിവരദോഷി!! നന്ദികെട്ടവൻ!!! 'സുബ്ഹാനല്ലാഹ്' എന്ന് ഉരുവിടുന്ന ഒരു വിശ്വാസി പ്രഖ്യാപിക്കുന്നത്: ✓ താൻ നന്ദികെട്ടവനോ, അക്രമിയായ വിവരദോഷിയോ അല്ല ✓ അല്ലാഹുവിന്റെ വിശുദ്ധിയെയും ഏകത്വത്തെയും കളങ്കപ്പെടുത്താൻ താൻ ഒരുക്കമല്ല ✓ അവന്റെ ഏകത്വത്തിന്റെ താൽപര്യമായ ഈ വിശുദ്ധിയെ ഞാൻ സദാ വാഴ്ത്തുന്നു ✓ വിവരദോഷികളായ അക്രമികളുടെ എല്ലാ വിധ ദുരാരോപണങ്ങളെയും നിരാകരിക്കുന്നു ✓ ദുരാരോപണങ്ങളിൽ നിന്നെല്ലാം അവന്റെ ഏകത്വവും വിശുദ്ധിയും ഉയർത്തിപ്പിടിക്കുന്നു. ഇതാണ് തസ്‌ബീഹ്. ഇതാണ് 'സുബ്‌ഹാനല്ലാഹ്' എന്നതിന്റെ നിഹിതാർത്ഥങ്ങൾ. അല്ലാഹുവിനെ അറിയൂ, അറിഞ്ഞു കൊണ്ട് ആരാധിക്കൂ. അതായിരിക്കും സാർത്ഥകമായ ആരാധന. — അബൂ ത്വാരിഖ് സുബൈർ മുഹമ്മദ് ശ്രദ്ധിക്കുക!
കാര്യം അതീവ രഹസ്യമാണ്. സൂക്ഷിച്ചു വേണം കൈകാര്യം ചെയ്യാൻ. അമേരിക്കൻ ചാര സംഘടനയായ സി.ഐ.എ യുടെ തലപ്പത്തിരിക്കുന്നവർക്കോ, പെൻറഗൺ ആസ്ഥാനത്തുള്ളവർക്കോ അറിയാത്ത രഹസ്യമാണിത്. റഷ്യൻ ചാര സംഘടനയായ കെ.ജി.ബിക്കോ, ഇസ്രയേലിൻറെ മൊസാദിനോ ഇതു വരെ ലഭിച്ചിട്ടില്ലാത്ത രഹസ്യം. ഇന്ത്യയുടെ റോ, ഐ.ബി പോലുള്ള ഏജൻസികൾക്കോ, ചൈന, ജപ്പാൻ, കൊറിയ, നാറ്റോ സഖ്യ രാഷ്ട്രങ്ങൾ തുടങ്ങി... ആർക്കും ഇന്നോളം കിട്ടാത്ത രഹസ്യം. ട്രംപ് മുതൽ പുടിൻ വരെയുള്ളവർക്കും, അലി ഖാംനഈ മുതൽ നെതന്യാഹു വരെയുള്ളവർക്കും, മോദി മുതൽ അമിത് ഷാ വരെയുള്ളവർക്കും ഈ രഹസ്യം മനസ്സിലായിരുന്നുവെങ്കിൽ ലോകത്തിൻറെ ചിത്രം തന്നെ മാറുമായിരുന്നു. കീഴ്ലോകത്തെ, ചെറു ഭൂഖണ്ഡങ്ങളെ കുറിച്ചുള്ള നശ്വരമായ പാഴ്സ്വപ്നങ്ങൾ വിട്ട്, ഉപരിലോകത്തെ, അതിരുകളില്ലാത്ത അനശ്വര സാമ്രാജ്യങ്ങൾ വെട്ടിപ്പിടിക്കാൻ ഏവരെയും പ്രാപ്തരാക്കുന്ന ഈ പ്രപഞ്ച രഹസ്യത്തിനു വേണ്ടി പൊരുതുമായിരുന്നു അവർ. കാര്യം ചുരുക്കിപ്പറയാം: ഏതാണ്ട് ഒന്നര സഹസ്രാബ്ദം മുമ്പ്, ഏഴാകാശങ്ങൾക്കും ഉപരിയിൽനിന്ന് ഒരു ദൂതൻ കനത്ത കാവലിൽ കീഴ് ലോകത്തേക്ക് വരുന്നു. ഭൂലോകത്ത് അന്ന് സർവ്വർക്കും വിശ്വസ്തനായിരുന്ന അൽഅമീനിന് ഒരു ദൂത് കൈമാറുന്നു. വല്ലാത്ത ഒരു പ്രപഞ്ച രഹസ്യം തന്നെയായിരുന്നു അത്. അവിടുന്ന് അത് തൻറെ അനുചരന്മാർക്ക് പകർന്നുകൊടുക്കുന്നു. കൈമോശം സംഭവിക്കാതിരിക്കാനായി ഋജ്ജുമാനസനും ബുദ്ധിമാനുമായിരുന്ന ഇബ് നു മസ്ഊദ് സത്യസന്ധമായ നിലയിൽ തന്നെ അർഹരായ ചിലർക്കത് കൈമാറ്റം ചെയ്യുന്നു. അത് ഇപ്രകാരം സംഗ്രഹിക്കാം: “അല്ലാഹു നിങ്ങൾക്കിടയിൽ വിഭവങ്ങൾ വീതംവെച്ചതു പോലെ സ്വഭാവങ്ങളും വീതംവെച്ചു തന്നിരിക്കുന്നു. നിശ്ചയം, അല്ലാഹു അവൻ സ്നേഹിക്കുന്നവർക്കും സ്നേഹിക്കാത്തവർക്കും ഭൌതിക നേട്ടങ്ങൾ നൽകിക്കൊണ്ടിരിക്കും. എന്നാൽ, അവൻ സ്നേഹിക്കുന്നവർക്ക് മാത്രമേ ഈമാൻ നൽകുകയുള്ളു. ആർക്കെങ്കിലും ധനം ചെലവഴിക്കാൻ പിശുക്ക് തോന്നുന്നുവെങ്കിൽ, ജിഹാദ് ചെയ്യാൻ ശത്രുവിനെ കുറിച്ച് പേടിയാണെങ്കിൽ, പരിത്യാഗം ചെയ്യാൻ രാവിനെ കുറിച്ച് ഭീതിയാണെങ്കിൽ, ഈ അപദാനങ്ങൾ ആവർത്തിച്ച് അധികരിപ്പിച്ച് ഉരുവിട്ടുകൊള്ളട്ടെ: [ سبحان الله ] ഞാൻ അല്ലാഹുവിൻറെ വിശുദ്ധി ഉയർത്തിപ്പിടിച്ച് അവൻറെ മഹത്വം വാഴ്ത്തുന്നു. [ الحمد لله ] സ്തോത്രങ്ങളെല്ലാം അല്ലാഹുവിന് [ لا إله إلا الله ] ന്യായമായും ആരാധിക്കപ്പെടേണ്ടവൻ അല്ലാഹു മാത്രം [ الله أكبر ] ഏറ്റവും വലിയവൻ അല്ലാഹു നിശ്ചയം, ഇവയാണ് സേനാമുഖത്തെ മുന്നണിപ്പോരാളികൾ, ഇടതും വലതുമുള്ള കാവൽ പോരാളികൾ, മാറി മാറി പടപൊരുതുന്ന സേനാ വിഭാഗങ്ങൾ. ഇവ തന്നെയാണ് ഉദാത്തമായ അവശേഷിപ്പുകൾ”. [ ഉദ്ധരണം: അൽബാനി, സ്വഹീഹഃ 6/482 ] - അബൂ ത്വാരിഖ് സുബൈര്‍ മുഹമ്മദ് |
IslamBooks.inBooks and Articles on Islam, correct and pure. Archives
August 2024
Categories
All
|