അൽഹംദു ലില്ലാഹ്.. ഹംദിന്റെ വാക്കുകൾ! 'ഹംദി'ന്റെ ഭാഷാർത്ഥം സ്തുതി, സ്തോത്രം, വാഴ്ത്തൽ, കീർത്തനം എന്നൊക്കയാണ്. അതിനോട് ചേർത്തിരിക്കുന്ന 'അൽ' വർഗ്ഗസാകല്യത്തെ ദ്യോതിപ്പിക്കുന്നു. അപ്പോൾ, അൽഹംദു ലില്ലാഹ് എന്നതിന്റെ സാമാന്യ അർത്ഥം: സർവ്വ സ്തുതിയും അല്ലാഹുവിന്ന്.
ഹംദ് നാവു കൊണ്ട് ചൊല്ലുകയാണ് വേണ്ടത്. അൽഹംദു ലില്ലാഹ് - എല്ലാ സ്തുതിയും അല്ലാഹുവിന്ന് - എന്ന് ഒരു അടിയാൻ പറയുമ്പോൾ നാവുകൊണ്ട് അല്ലാഹുവിനെ പുകഴ്ത്തുന്നു; അവന്റെ അപദാനങ്ങൾ വാഴ്ത്തുന്നു. രണ്ടു കാര്യങ്ങൾ മുൻനിർത്തിയാണ് അല്ലാഹുവിന് ഹംദ് ചൊല്ലുന്നത് : 1. അവന്റെ പൂർണതയെ മുൻനിർത്തി: അല്ലാഹുവിന്റെ പൂർണത ഭാവനകൾക്ക് അതീതമാണ്. അവാച്യമാണ്. അവനുമായി ബന്ധപ്പെട്ട എല്ലാ കാര്യങ്ങളും പരിപൂർണ്ണവും അന്യൂനവും അനന്യവും അതിമനോഹരവുമാണ്. അവന്റെ സത്തയുടെ, നാമങ്ങളുടെ, ഗുണവിശേഷങ്ങളുടെ, മഹാകൃത്യങ്ങളുടെ, അധികാരാവകാശങ്ങളുടെ... തുടങ്ങി മുഴുപ്രശ്‌നങ്ങളുടെയും മഹത്വവും മനോഹാരിതയും പൂർണതയും വര്‍ണ്ണനാതീതമാണ്. അവന്‍ ഏകനും അതുല്യനും അദ്വിതീയനുമാണ്. അവന്‍ ഉണ്ടായവനല്ല, ആദിയിലേ ഉള്ളവനാണ്. അവന്‍ ജാതനല്ല, ജനകനുമല്ല. അവനു ഭാര്യമാരില്ല, സന്താനങ്ങളില്ല. അവന്‍ കിടയറ്റവനാണ്. അവനു പങ്കുകാരില്ല, സഹായികളില്ല, സ്വാധീനിക്കാവുന്ന ശിപാര്‍ശകരില്ല. അവന്റെ കാര്യങ്ങള്‍ അവനു മാത്രം അവകാശപ്പെട്ടതാണ്. അതില്‍ ഒന്നും മറ്റൊരാള്‍ക്കും ഉണ്ടാവുകയില്ല. മറ്റുളളവരുടെ കാര്യങ്ങള്‍ ഒന്നും അവന് ചേരുകയുമില്ല. ദൃഷ്ടികൾക്കോ ഭാവനകൾക്കോ അവനെ പ്രാപിക്കാനാവില്ല. അവന്‍ സൃഷ്ടികള്‍ക്ക് അതീതനാണ്, അര്‍ശിനും ഉപരിയിലാണ്. അവന്‍ ഹൃദയാന്തരങ്ങളെയും ദൃഷ്ടികളെയും പിടികൂടുന്നു. അവനെ കുറിച്ച് നാം സ്വയം വര്‍ണ്ണിക്കുന്നത് കൃത്യവിലോപമാണ്. അവന്‍ തന്നെ അവനെ കുറിച്ചു ദൂതന്മാർ മുഖേന വര്‍ണ്ണിച്ചു തന്നത് അതേപടി സ്വീകരിക്കുക, ആവര്‍ത്തിക്കുക. അതാണ് വിശ്വാസത്തിന്റെയും സമർപ്പണത്തിന്റെയും മാര്‍ഗ്ഗം. അതു മാത്രമാണ് സുരക്ഷിതമായ വഴി. അവന്റെ അപദാനങ്ങള്‍ നമുക്ക് തിട്ടപ്പെടുത്താനാവില്ല. അല്ലാഹുവേ, നീ നിന്നെ സ്വയം വാഴ്‌ത്തിയത് എപ്രകാരമാണോ അങ്ങനെയാണു നീ; നിന്റെ കാര്യങ്ങളും! നിന്നെ അറിയുന്ന ഒരു അടിയാന് എങ്ങനെ നിന്നെ വാഴ്‌ത്താതിരിക്കാന്‍ കഴിയും? നിനക്കുളള സ്‌തുതി ചേതനയില്‍ നിറയുന്നു. ആത്മബോധത്തിൽനിന്ന് നാവിലേക്ക് സംക്രമിക്കുന്നു. സ്‌തുതിയിൽ നിമഗ്നമായി ഞാൻ ഉരുവിടുന്നു: അല്‍ഹംദു ലില്ലാഹ്.. 2. അവന്റെ അനുഗ്രഹങ്ങളെ മുന്‍നിര്‍ത്തി: അല്ലാഹു റഹ്‌മാനാണ്, കാരുണ്യത്തിന്റെ സ്രോതസ്സാണ്. മുഴുവൻ കാരുണ്യങ്ങളും അവന്റേതാണ്. പരമവും അപരിമേയവുമായ കാരുണ്യം! അത് അവന്റെ കോപത്തെ പോലും കവച്ചുവെച്ചിരിക്കുന്നു. അവന്‍ ഇഹത്തിലും പരത്തിലും റഹ്‌മാനാണ്. അല്ലാഹു റഹീമാണ്. സൃഷ്ടികൾക്കു കാരുണ്യം ചൊരിയുന്നവന്‍, അവന്‍ കാരുണ്യത്തെ നൂറായി ഭാഗിച്ചു. ഒരു ഭാഗം സൃഷ്ടികള്‍ക്കിടയില്‍ വീതിച്ചു. അതുമുലമാണ് അവര്‍ പരസ്പരം കാരുണ്യത്തോടെ വര്‍ത്തിക്കുന്നത്. മനുഷ്യര്‍ മാത്രമല്ല മുഴുവന്‍ ജീവജാലങ്ങളും. മൃഗങ്ങള്‍ കിടാങ്ങളോട്, പക്ഷികള്‍ കുഞ്ഞുങ്ങളോട്. അങ്ങനെ എല്ലാവരും. അവന്റെ കാരുണ്യം എല്ലാറ്റിനെയും ചൂഴ്‌ന്നു നില്‍ക്കുന്നു. അവന്‍ ഇഹത്തിലും പരത്തിലും റഹീമാണ്. കരുണ ചെയ്യുക എന്നതിന്റെ താല്‍പര്യം നല്ല ഉദ്ദേശ്യങ്ങള്‍ സഫലീകരിച്ചു തരിക, ഭയപ്പെടുന്ന കാര്യങ്ങളില്‍നിന്ന് കാവല്‍ നല്‍കുക, സംഭവിച്ചു പോയ വീഴ്ചകള്‍ പൊറുത്തുതരിക എന്നതാണ്. റഹ്‍മാനും റഹീമുമായ അല്ലാഹു നമുക്ക് ചെയ്തു തന്ന അനുഗ്രഹങ്ങള്‍ അപാരവും അംസംഖ്യവുമാണ്. അവന്റെ ഔദാര്യങ്ങൾ അളവറ്റതാണ്! നമുക്കത് എണ്ണി തിട്ടപ്പെടുത്താനാവില്ല. അല്ലാഹുവേ! ഞാന്‍ തന്നെയും, എന്റേതും എനിക്കുള്ളതും എന്റെ ചുറ്റുപാടുകളും, എല്ലാമെല്ലാം നിന്റെ അനുഗ്രഹം മാത്രം. നിന്റെ ആശിസ്സുകളില്ലാതെ ഒരു നിമിഷാര്‍ദ്ധം എനിക്ക് നിലനില്‍ക്കാനാവില്ല. നിന്റെ അനുഗ്രഹങ്ങള്‍ ഓര്‍ക്കുമ്പോള്‍ ഉള്ളിൽ നിറയുന്ന സ്‌തുതി നാവിലൂടെ പുറത്ത് വരുന്നു: അല്‍ഹംദു ലില്ലാഹ്.. • • • • • മനസ്സു നിറയാതെ, നാവു കൊണ്ട് സ്‌തുതിയെന്നു പറഞ്ഞാല്‍ ഹംദ് ആവില്ല. അത് അര്‍ത്ഥശുന്യമായ പുകഴ്ത്തല്‍ മാത്രമായിത്തീരും, അല്ലാഹുവിന്റെ പൂര്‍ണ്ണതയെയും അനുഗ്രഹങ്ങളെയും കുറിച്ചുള്ള ശരിയായ ബോധ്യത്തില്‍, അവനോടുള്ള അപരിമേയമായ സ്‌നേഹവും ഭയപ്പാടും പ്രതിക്ഷയും മനസ്സിൽ നിറയണം. അങ്ങനെ ഹൃദയം അവനെ വാഴ്‌ത്തണം. അത് നാവിലേക്കെത്തി പുറത്തേക്ക് ഉതിര്‍ന്നു വീഴണം. അപ്രകാരം നാവില്‍നിന്ന് വീഴുന്ന മുത്തുകളാണ് ഹംദ്. സ്‌തുതിയും നന്ദിയും തമ്മില്‍ ഒരു താരതമ്യം: സ്‌തുതിയുടെ ബന്ധം വിപുലവും ഉപാധി ഏകവുമാണെങ്കില്‍, നന്ദിയുടെ ഉപാധികള്‍ വിപുലവും ബന്ധം പരിമിതവുമായിരിക്കും. അല്ലാഹുവിന്റെ പൂര്‍ണ്ണതകളുടെയും അനുഗ്രഹങ്ങളുടെയും അതിവിപുലമായ ആശയ സഞ്ചയവുമായിട്ടാണ് സ്‌തുതിയുടെ ബന്ധം. എന്നാല്‍ സ്‌തുതി പ്രകടിപ്പിക്കാനുള്ള ഉപാധി ഏകമാണ്; അതാണ് നാവ്. നന്ദി പ്രകാശിപ്പിക്കാന്‍ ഒന്നിലധികം ഉപാധികളുണ്ട്. മനസ്സ്, നാവ്, ശരീരാവയവങ്ങള്‍ മൂന്നും നന്ദി പ്രകടിപ്പിക്കാനുളള ഉപാധികളാണ്. എന്നാല്‍ നന്ദിയുടെ ബന്ധം അല്ലാഹുവിന്റെ അനുഗ്രഹങ്ങളോട് മാത്രമാണ്. • • • • • തസ്‌ബിഹ് നിരാസമാണ്. വിവരദോഷികളായ ആക്രമികള്‍ അല്ലാഹുവിനെ കുറിച്ച് നടത്തുന്ന തെറ്റായ ആരോപണങ്ങളുടെ നിരാസം. തഹ്‌മീദ് സ്ഥിരീകരണമാണ്. അല്ലാഹുവിനെ കുറിച്ചുള്ള അവന്റെ സ്വന്തം വര്‍ണ്ണന, സത്യസന്ധരായ ദൂതന്മാര്‍ അറിയിച്ചു തന്ന ആ വര്‍ണ്ണനകളുടെ സ്ഥിരികരണം. തസ്‌ബിഹ് പൂര്‍ണ്ണമാകുന്നത് തഹ്‌മീദോടു കുടിയാണ്. അതുകൊണ്ടാണ് ദിക്റുകളില്‍ അവ ഒരുമിച്ച് വരുന്നത്. അല്ലാഹുവിനെ കുറിച്ച് അക്രമികൾ നടത്തുന്ന തെറ്റായ വര്‍ണ്ണനകളും ആരോപണങ്ങളും ഞാന്‍ നിരാകരിക്കുന്നു. അവനെ കുറിച്ച ദൂതന്മാര്‍ മുഖേന അവൻ അറിയിച്ചു തന്ന വര്‍ണ്ണനകള്‍ ഞാന്‍ വാഴ്‌ത്തുന്നു. സുബ്ഹാനല്ലാഹി വബിഹംദിഹീ... — അബൂ ത്വാരിഖ് സുബൈർ മുഹമ്മദ്
0 Comments
Your comment will be posted after it is approved.
Leave a Reply. |
IslamBooks.inBooks and Articles on Islam, correct and pure. Archives
August 2024
Categories
All
|