വിചാരണക്ക് ഹാജരാക്കപ്പെടുന്നത് ഏകാകിയായി, പിറന്നപടി, ഉടുതുണിയില്ലാതെ, നഗ്നപാദനായിട്ടായിരിക്കും. അന്തസ്ഥവും ആഗന്തുകവുമായ ലക്ഷ്യങ്ങളും സാക്ഷികളും അണി നിരന്നിരിക്കുന്നു. ഇടതും വലതും ആരുമില്ല. നേതാജി കീ അമർ രഹേ എന്ന് മുദ്രാവാക്യം വിളിക്കാൻ ലക്ഷം ലക്ഷം പിന്നാലെയില്ല. മുന്നോട്ട് നോക്കുമ്പോൾ കത്തിയാളുന്ന നരകം മാത്രം.! അന്ന് നോക്കുന്നത് ഹൃദയത്തിലേക്കാണ്. അവയിലുള്ളത് ചികഞ്ഞെടുത്താണ് വിചാരണ. يَوْمَ تُبْلَى السَّرَآئرُ രഹസ്യങ്ങൾ ചികഞ്ഞെടുത്ത് വിചാരണ ചെയ്യപ്പെടുന്ന ദിവസം. (ത്വാരിഖ് 9) وَحُصَّلَ مَا فِي الصُّدُورِ ഹൃദയാന്തരങ്ങളിലുള്ളത് ശേഖരിച്ച് ഹാജരാക്കുകയും ചെയ്താൽ. (ആദിയാത് 10) مَّنۡ خَشِیَ ٱلرَّحۡمَـٰنَ بِٱلۡغَیۡبِ وَجَاۤءَ بِقَلۡبࣲ مُّنِیبٍ മറഞ്ഞ നിലയിൽ റഹ്മാനായ അല്ലാഹുവിനെ ഭയപ്പെടുകയും അനുതപിക്കുന്ന ഹൃദയവുമായി വരുകയും ചെയ്തവന്ന്. (ഖാഫ് 33) إِلَّا مَنۡ أَتَى ٱللَّهَ بِقَلۡبࣲ سَلِیمࣲ കളങ്കരഹിത ഹൃദയവുമായി അല്ലാഹുവിങ്കൽ ചെന്നവർ ഒഴികെ. (ശുഅറാ 89)
- അബൂ ത്വാരിഖ് സുബൈർ മുഹമ്മദ്
0 Comments
പ്രശസ്ത താബിഈവര്യൻ ബക്ർ ബിൻ അബ്ദില്ലാ അൽ മുസ്നി رحمه الله പറയുന്നു: "നോമ്പോ നമസ്കാരമോ വർദ്ധിപ്പിച്ചതുകൊണ്ടല്ല അബൂബക്ർ അവരെ മുൻകടന്നത്. മറിച്ച്, തന്റെ ഹൃദയത്തിൽ രൂഢമൂലമായ ഒന്നുകൊണ്ടാണ്." (ഇബ്നു റജബ് ലത്വാഇഫിൽ ഉദ്ധരിച്ചത്) - അബൂ ത്വാരിഖ് സുബൈർ മുഹമ്മദ് قال بكر بن عبد الله المزني رحمه الله
"ما سبقهم أبو بكر بكثرة صيام ولا صلاة، ولكن بشيء وقر في صدره" [ابن رجب في لطائف المعارف] “കാര്യം, ഈമാനിന്റെ നില ഒരു വ്യക്തിയിൽ താണുപോകുമ്പോഴെല്ലാം അവന്റെ ഐഹിക മോഹങ്ങൾ അതിരുകളില്ലാതെ നീണ്ടുപോകും. ഭൗതികമായ ആസക്തികളോടും ആസ്വാദന ങ്ങളോടുമുള്ള അവന്റെ അഭിനിവേശം വർദ്ധി ക്കുകയും ചെയ്യും." - അബൂ ത്വാരിഖ് സുബൈർ മുഹമ്മദ് وقال قائل
إنه الإيمان؛ كلما انخفص مستواه في العبد طال أمله في الدنيا، وازدادت تطلعاته لملذات الدنيا وشهواتها ആസ്വിം ബിൻ അലി رحمه الله ക്ക് വാസിത്വിൽ നിന്ന് തൻ്റെ രണ്ടു പെൺകൊടിമാരയച്ച കത്ത് വന്നു: ഞങ്ങളുടെ ഉപ്പാ, “ഖുർആൻ അല്ലാഹുവിന്റെ സൃഷ്ടിയാണെന്ന് പറയി പ്പിക്കാനായി ആ മനുഷ്യൻ (അബ്ബാസീ ഖലീഫയായ മുഅ്തസ്വിം) അഹ്മദ് ബിൻ ഹൻബലിനെ പിടികൂടി ചമ്മട്ടികൊണ്ടടിച്ച വിവരം ഞങ്ങൾക്ക് കിട്ടിയിട്ടുണ്ട്. ആയതിനാൽ നിങ്ങൾ അല്ലാഹുവിനെ സൂക്ഷിക്കണേ. അയാൾ നിങ്ങളോടതിന് ആവശ്യപ്പെട്ടാൽ നിങ്ങൾ ഒരു നിലക്കും അതിന് ഉത്തരം ചെയ്യരുതേ. അല്ലാഹു തന്നെ സത്യം! ഖുർആൻ അല്ലാഹുവിന്റെ സൃഷ്ടിയാണെന്ന് നിങ്ങൾ പറഞ്ഞതായി കേൾക്കേണ്ടി വരുന്നതിനെക്കാൾ നിങ്ങളുടെ മരണവാർത്ത കേൾക്കുന്നതാണ് ഞങ്ങൾക്ക് ഇഷ്ടം." - അബൂ ത്വാരിഖ് സുബൈർ മുഹമ്മദ് وجاء كتاب ابنتي عاصم من واسط
يا أبانا! إنه بلغنا أن هذا الرجل أخذ أحمد بن حنبل، فضربه بالسوط على أن يقول القرآن مخلوق فاتق الله، ولا تجبه إن سألك فوالله لأن يأتينا نعيك أحب إلينا من أن يأتينا أنك قلت القرآن مخلوق (تهذيب الكمال ٥١٤/١٣) അലി ബിൻ അൽ മദീനി رحمه الله പറയുന്നു : അഹ്'മദ് ബിൻ ഹൻബലിനെ ഞാൻ യാത്രയാക്കവേ അദ്ദേഹത്തോട് ചോദിച്ചു: എന്നോട് എന്തെങ്കിലും വസിയ്യത്ത് ചെയ്യാനുണ്ടോ? അദ്ദേഹം പറഞ്ഞു: ഉണ്ട്, തഖ്'വയെ നിന്റെ പാഥേയമാക്കുക, പരലോകത്തെ നിന്റെ മുന്നിൽ നാട്ടിനിർത്തുക. (മനാഖിബുൽ ഇമാം അഹ്'മദ്) വിവ: അബൂ തൈമിയ്യ ഹനീഫ് قال علي بن المديني
« وَدَّعت أحمد بن حنبل فقلتُ له: توصيني بشيء؟ قال: نعم، اجعل التقوى زادك، وانصب الآخرة أمامك » (مناقب الإمام أحمد بن حنبل) മിഖ്ദാം ബിൻ മഅ്ദീകരിബ് അൽ കിന്ദി رضي الله عنه നിവേദനം. തീർച്ചയായും നബി ﷺ പറയുകയുണ്ടായി: ഒരാൾ തന്റെ സോഫയിൽ ചാരിക്കിടന്ന്, എന്റെ വചനങ്ങളിലൊന്ന് അയാളോട് ഉദ്ധരിക്കപ്പെടുന്ന കാലം വരാറായി. അപ്പോൾ അയാൾ പറയും : നമുക്കും നിങ്ങൾക്കുമിടയിൽ അല്ലാഹുവിന്റെ ഗ്രന്ഥമുണ്ടല്ലോ. അതിൽ ഹലാലായി കാണുന്നതിനെ നാം നിയമാനുസാരമായി ഗണിക്കും. അതിൽ ഹറാമായി കാണുന്നതിനെ നാം നിഷിദ്ധമായി കാണുകയും ചെയ്യും. അറിയുക! അല്ലാഹുവിന്റെ ദൂതൻ നിഷിദ്ധമാക്കിയത് അല്ലാഹു നിഷിദ്ധമാക്കിയതിനു തുല്യമാണ്.[ഇബ്നു മാജഃ, സുനനിൽ ഉദ്ധരിച്ചത്] - അബൂ ത്വാരിഖ് സുബൈർ മുഹമ്മദ് عن المقدام بن معدي كرب الكندي، أن رسول الله ﷺ قال : يوشك الرجل متكئا على أريكته، يحدث بحديث من حديثي، فيقول: بيننا وبينكم كتاب الله عز وجل، فما وجدنا فيه من حلال استحللناه، وما وجدنا فيه من حرام حرمناه، ألا وإن ما حرم رسول الله مثل ما حرم الله
[ابن ماجه في سننه، وصححه الألباني] ഇംറാൻ ബിൻ ഹത്വാൻ അഹ്ലുസ്സുന്നഃക്കാരനായിരുന്നു. ഹദീസ് പണ്ഡിതൻ, നിവേദകൻ, സുന്നത്തിന്റെ വാഹകൻ ബുഖാരി പോലും ഹദീസ് സ്വീകരിച്ച നിവേദകൻ പ്രശസ്തനായ കവി... അങ്ങനെയായിരുന്നു പഴയ ഇംറാൻ.
വിരൂപനെങ്കിലും സൌന്ദര്യാസ്വാദകനായിരുന്ന ഇംറാൻ ലാവണ്യവും ചാരുതയുമുള്ള ഒരു പെണ്ണിനെ കെട്ടാൻ മോഹിച്ചു. ഖവാരിജുകളിൽപെട്ട ഒരു സുന്ദരിയെ തന്നെ കെട്ടാൻ കിട്ടി. വിവാഹാനന്തരം അവളെ സുന്നത്തിലേക്ക് മാറ്റാമെന്നു വ്യാമോഹിച്ചു ശ്രമിച്ചു, നടന്നില്ല. കാര്യം അങ്ങനെയാണല്ലോ. അവളുടെ സൌന്ദര്യത്തിൽ വീണ ഇംറാന് തിരിച്ചു കേറാനായില്ല അവൾ അയാളെ ഖവാരിജ് പക്ഷത്തേക്ക് മാറാൻ നിർബന്ധിച്ചു. അപ്പോഴേക്കും മതത്തെക്കാൾ മദം വലുതായിക്കഴിഞ്ഞിരുന്നു.അങ്ങനെ അയാളും പ്രതിലോമകാരിയായി. ഖാരിജിയായി.അലി ബിൻ അബീ ത്വാലിബി رضي الله عنه നെ വധിച്ച ഇബ്നു മുൽജിമിനെ കുറിച്ച് പാടി, ആ പുകഴ്ത്തു പാട്ട് ചരിത്രത്താളുകളിൽ കിടപ്പുണ്ട്. അല്ലാഹുവിന്റെ മുഖാമുഖമുള്ള വിചാരണയിൽ ഇനി എന്തു പറയും? പാഠം: മേലിൽ ആരും കെട്ടിക്കുടുങ്ങാതിരിക്കാൻ സൂക്ഷിക്കുക. - അബൂ താരിഖ് സുബൈർ മുഹമ്മദ് ഉദ്ധരണികളുടെ ആധിക്യം കൊണ്ടോ, അധികരിച്ച വാദമുഖങ്ങൾ കൊണ്ടോ ഉണ്ടാകുന്ന ഒന്നല്ല അറിവ്. മറിച്ച്, ഹൃദയത്തിലേക്ക് ഇട്ടുകൊടുക്കുന്ന ഒരു പ്രകാശമാണത്. അതു മുഖേന ആ അടിമ സത്യം ഗ്രഹിക്കുന്നു, സത്യാസത്യങ്ങൾ വേർതിരിക്കുന്നു, സംക്ഷിപ്തമായ വാക്യങ്ങളിലൂടെ ഉദ്ദിഷ്ടകാര്യം ആവിഷ്‌കരിക്കുന്നു. [ഇബ്നു റജബ് | ഫദ്ലു ഇല്മിസ്സലഫ്] - അബൂ ത്വാരിഖ് സുബൈർ മുഹമ്മദ് فليس العلم بكثرة الرواية ولا بكثرة المقال ولكنه نور يقذف في القلب يفهم به العبد الحقَّ ويميِّز به بينه وبين الباطل ويعبِّر عن ذلك بعباراتٍ وجيزة محصلة للمقاصد
[ابن رجب | فضل علم السلف على الخلف] قَالَ رَسُولُ اللهِ صَلَّى اللهُ عَلَيْهِ وَسَلَّمَ إِنَّ السَّعِيدَ لَمَنْ جُنَّبَ الْفِتَنَ، إِنَّ السَّعِيدَ لَمَنْ جُنَّبَ الْفِتَنَ، إِنَّ السَّعِيدَ لَمَنْ جُنَّبَ الْفِتَنَ، وَلَمَنِ ابْتِي فَصَبَرَ فَوَاهَا നബി ﷺ പറയുന്നു: ഫിത്നഃകളിൽ നിന്ന് അകറ്റപ്പെട്ടവൻ തന്നെയാണു ഭാഗ്യവാൻ! ഫിത്നഃകളിൽ നിന്ന് അകറ്റപ്പെട്ടവൻ തന്നെയാണു ഭാഗ്യവാൻ! ഫിത്നഃകളിൽ നിന്ന് അകറ്റപ്പെട്ടവൻ തന്നെയാണു ഭാഗ്യവാൻ! പരീക്ഷിക്കപ്പെട്ടിട്ട് ക്ഷമിച്ചവനും; അവനു സബാഷ്!! "ولمن ابتلي" "പരീക്ഷിക്കപ്പെട്ടവനും" എന്ന വചനം അർത്ഥമാക്കുന്നത്: അല്ലാഹു അവനെ പരീക്ഷിക്കുമെന്നത് മുൻനിർണ്ണയം ചെയ്തിട്ടുള്ളതും, അത് അവനു കണക്കാക്കപ്പെട്ടു കഴിഞ്ഞിട്ടുള്ളതാണ് എന്നത്രെ. അതിനാൽ അവൻ സത്യമാർഗ്ഗത്തിൽ ഉറച്ചുനിന്നു. ഫിത്നഃ സർവ്വനാശമാണ്; അവൻ അത് സൂക്ഷിക്കുകയും എല്ലാം ക്ഷമിക്കുകയും ചെയ്തു. ഫിത്നഃയിൽ അകപ്പെട്ടവരുടെ കൂടെപോയില്ല. ഫിത് നയുടെ ചെളിയിൽ വീണതുമില്ല. തിന്മ ഇളക്കിവിട്ടുകൊണ്ടോ, അതിനു പ്രചാരം നൽകിക്കൊണ്ടോ ഫിത് നയിൽ ഭാഗഭാക്കായതുമില്ല. എല്ലാം സഹിച്ചു, താൻ ഇരയായ അന്യായങ്ങ ളൊക്കെയും ക്ഷമിച്ചു, അങ്ങനെ രക്ഷപ്പെട്ടു. "فواها" "അപ്പോൾ സബാഷ്!" എന്ന വചനത്തിന്റെ അർത്ഥമോ? അത് അത്ഭുതം പ്രകടിപ്പിക്കാനുള്ള വാക്കാണ്. സത്യമാർഗ്ഗത്തിൽ ക്ഷമിച്ചു നിന്നവൻ, അണുഅളവ് വ്യതിചലിക്കാതിരുന്നവൻ, ഫിത്നഃയിൽ നിന്ന് രക്ഷപ്പെട്ടവൻ, അവന്റെ ധാതു വൈശിഷ്ട്യം അത്ഭുതകരം തന്നെ എന്നു സാരം.
മറ്റൊരു ഉദാഹരണം പറയാം: പാപങ്ങളിൽനിന്ന് സ്ഫുടം ചെയ്യപ്പെട്ട ഹൃദയങ്ങളേ, സബാഷ്! റഹ്മാനായ അല്ലാഹുവിന് വഴിപ്പെടാൻ ധൃതിപ്പെടുന്ന ശരീരാവയവങ്ങളേ, സബാഷ്! ഇതു പോലെ... അല്ലാഹുവേ, ഫിത്നഃകളിൽനിന്ന്, പ്രത്യക്ഷവും പരോക്ഷവുമായ എല്ലാ ഫിത്നഃകളിൽനിന്നും ഞങ്ങളെ നീ അകറ്റേണമേ, ഒരു ജനതക്ക് നീ ഫിത്നഃ ഉദ്ദേശിക്കുന്നുവെങ്കിൽ, ഫിത്നഃക്കാരാവാതെ, ഫിത്നഃക്ക് വിധേയരാവാതെ ഞങ്ങളെ നീയങ്ങ് എടുക്കണേ... - ശൈഖ് അബൂ ഉസ്മാൻ അൽ അൻജരി വിവ: അബൂ ത്വാരിഖ് സുബൈർ മുഹമ്മദ് یَعۡلَمُونَ ظَـٰهِرࣰا مِّنَ ٱلۡحَیَوٰةِ ٱلدُّنۡیَا وَهُمۡ عَنِ ٱلۡـَٔاخِرَةِ هُمۡ غَـٰفِلُونَ- الروم ٧ "ദുൻയവിയായ ജീവിതത്തിൽ നിന്ന് പ്രത്യക്ഷമായവയിൽ അവർ അറിവുള്ളവരും അവർ പാരത്രിക ജീവിതത്തെക്കുറിച്ചാകട്ടെ, അവർ ശ്രദ്ധയില്ലാത്തവരുമാണ്" റൂം -7 സത്യ നിഷേധികളായ ആളുകളെക്കുറിച്ചാണ് ഈ വചനത്തിലെ പരാമർശമെങ്കിലും മനുഷ്യവർഗ്ഗം മൊത്തത്തിൽ ഇതിന്റെ പരിധിയിൽ വരുന്നുവെന്നതാണ് വസ്തുത. ഭൗതിക ജീവിതത്തിലെ സുഖങ്ങളും നേട്ടങ്ങളും മാത്രം അന്വേഷിക്കുകയും, അതിലെ വിഭവങ്ങളും സമ്പാദ്യവും സൗകര്യങ്ങളും നേടിയെടുക്കാൻ അവിശ്രമം പ്രയത്നിക്കുകയും, കൃഷിയിലും കച്ചവടത്തിലും മറ്റു ജീവിതായോധന മാർഗ്ഗങ്ങളിൽ വ്യാപൃതരാവുകയും, സൂക്ഷ്മമായി ലാഭനഷ്ടങ്ങളെക്കുറിച്ചു ബോധവാനാവുകയും ചെയ്യുന്ന മനുഷ്യൻ, പരലോകത്തെക്കുറിച്ചു അറിവില്ലാത്തവനും അശ്രദ്ധനുമായിത്തീരുന്ന അവസ്ഥ എത്ര ശോചനീയമാണെന്ന് ഈ വചനം അനാവരണം ചെയ്യുന്നുണ്ട്. ഇബ്നു കസീർ رحمه الله ഈ ആയത്തിന്റെ തഫ്സീറിൽ പറയുന്നു : أَكْثَرُ النَّاسِ لَيْسَ لهم علم إلا بالدنيا وأكسابها وشؤونها وَمَا فِيهَا، فَهُمْ حُذَّاقٌ أَذْكِيَاءُ فِي تَحْصِيلِهَا وَوُجُوهِ مَكَاسِبِهَا، وَهُمْ غَافِلُونَ عَمَّا يَنْفَعُهُمْ فِي الدَّارِ الْآخِرَةِ، كَأَنَّ أَحَدَهُمْ مُغَفّل لَا ذِهْنَ لَهُ وَلَا فِكْرَةَ "ഭൂരിഭാഗം ആളുകൾക്കും ദുനിയാവിനെക്കുറിച്ചും അതിന്റെ സമ്പാദനത്തെക്കുറിച്ചും അതിലുള്ള മറ്റു വിഭവത്തെക്കുറിച്ചുമല്ലാതെ മറ്റു യാതൊരു വിവരവുമില്ല. അത് സ്വരുക്കൂട്ടുന്നതിലും വെട്ടിപ്പിടിക്കുന്നതിന്റെ മാർഗ്ഗങ്ങളെക്കുറിച്ചും അവർ ജാഗരൂകരും അതിസമർത്ഥരുമാണ്. പരലോക ജീവിതത്തിനു ഗുണം ലഭിക്കുന്ന കാര്യങ്ങളിൽ അവർ തികഞ്ഞ അശ്രദ്ധയിലാണ്. ബുദ്ധിയും ചിന്താശേഷിയുമില്ലാത്ത ഒരുവനെപ്പോലെ" قَالَ الْحَسَنُ الْبَصْرِيُّ: وَاللَّهِ لَبَلَغَ مِنْ أَحَدِهِمْ بِدُنْيَاهُ أَنَّهُ يَقْلِبُ الدِّرْهَمَ عَلَى ظُفْرِهِ، فَيُخْبِرُكَ بِوَزْنِهِ، وَمَا يُحْسِنُ أَنْ يُصَلِّيَ ഹസനുൽ ബസ്വരി رحمه الله പറഞ്ഞു :- "അല്ലാഹുവാണ് സത്യം, ദുനിയാവുമായി ബന്ധപ്പെട്ട് ഒരാളുടെ (അറിവും പാടവവും ഏത് വരെ) എത്തി നിൽക്കുന്നുവെന്ന് നോക്കിയാൽ, തന്റെ വിരൽത്തുമ്പിൽ നാണയം വെച്ച് കറക്കി അതിന്റെ തൂക്കം പറയും ! പക്ഷെ അവന് നമസ്കരിക്കാനറിയില്ല !! قال ابن عباس يعني : الْكُفَّارُ، يَعْرِفُونَ عُمْرَانَ الدُّنْيَا، وَهُمْ فِي أَمْرِ الدِّينِ جُهَّالٌ ഇബ്നു അബ്ബാസ് رضي الله عنه പറയുന്നു : "അവർ സത്യനിഷേധികളാണ്. ഭൗതിക ജീവിതത്തിന്റെ നാഗരിക വിജ്ഞാനത്തിൽ അവർ അറിവുള്ളവരാണ്. ദീനിന്റെ കാര്യത്തിലാകട്ടെ അവർ അജ്ഞരുമാണ്" (തഫ്സീർ ഇബ്നു കസീർ) ഇമാം ബഗവി رحمه الله പറയുന്നു :- "سَاهُونَ عَنْهَا جَاهِلُونَ بِهَا، لَا يَتَفَكَّرُونَ فِيهَا وَلَا يَعْمَلُونَ لَهَا" "അതിനെക്കുറിച്ച് (പരലോകത്തെക്കുറിച്ച്) അവർ അജ്ഞരും അശ്രദ്ധരുമാണ്, അതിനെക്കുറിച്ചവർ ഉറ്റാലോചിക്കുകയോ അതിന് വേണ്ടി പണിയെടുക്കുകയോ ചെയ്യുന്നില്ല" ( തഫ്സീറുൽ ബഗവി)
മാനവരാശി ആകമാനമായാലും സത്യനിഷേധികൾ സവിശേഷമായാലും , ഏതൊരാളുടെയും ചിന്താമണ്ഡലത്തിൽ ഒരു നിമിഷമെങ്കിലും കോളിളക്കം സൃഷ്ട്ടിക്കാൻ ഈ വചനം പര്യാപ്തമത്രെ. - ബശീർ പുത്തൂർ പരിഹസിക്കരുത്, ഒരു കിളവനെയും വിളിക്കാതെ വരും, വാർദ്ധക്യം വില കൊടുക്കാതെ കിട്ടും, 'ബഹുമാനം' ഇരുട്ടി വെളുക്കുമ്പോൾ, വൃദ്ധരായിക്കഴിഞ്ഞിരിക്കും കൊണ്ടേ പോകൂ, വന്നുകേറിയാൽ പിന്നെ എത്തില്ല ശരീരം, മനസ്സ് എത്തുന്നിടത്ത് പോവണമെന്നുണ്ട്, പക്ഷെ എണ്ണിത്തീർന്നില്ല ഇറങ്ങിക്കിടക്കണം, പക്ഷെ താണ്ടിക്കഴിഞ്ഞില്ല. ഇറക്കിവെക്കാൻ വെമ്പുന്നു, അത്താണിയില്ലാ ഭാണ്ഡമോ ഭാരമോ, തിരിച്ചറിയാനാവുന്നില്ല. പരിഭവമേയുള്ളു... എന്തിനോടെന്നറിയില്ല ദുർബ്ബലം, ദുർബ്ബലം, എല്ലാം ദുർബ്ബലം മനോമസ്തിഷ്ക നേത്രഹസ്തങ്ങൾ ഒന്നുമേ വഴങ്ങില്ല ഒന്നിനുമൊന്നിനും കൊതിയൂറുന്നു, കാരുണ്യച്ചിറകുകൾക്കായ് കേറാൻ വിസമ്മതിക്കും, എത്ര താഴ്ന്നുവന്നാലും കൊതിക്കുന്നു ഞാൻ, സ്വയം നഷ്ടപ്പെടാൻ കൊതിക്കുന്നു ഞാൻ, ശൂന്യതക്കായ്..
- അബൂ ത്വാരിഖ് സുബൈര്‍ മുഹമ്മദ് മുന്നോട്ട് നോക്കുമ്പോൾ പേടിയാവുന്നു, വഴിയിൽ തങ്ങുമോ വരാനുള്ളതൊക്കെയും?
പിന്നോട്ട് നോക്കല്ലേ, കാർന്നുതിന്നുന്ന വേദന.. അനുഭവങ്ങൾ വിസമ്മതിക്കുന്നു ഓർമ്മകളായിടാൻ. ഒന്നേയുള്ളു പരിഹാരം, മേലോട്ട് നോക്കുക.. തോൽക്കില്ലൊരിക്കലും ഉപരിയിലുള്ളവന്റെ സഹായം. - അബൂ ത്വാരിഖ് സുബൈർ മുഹമ്മദ് വിധിവിശ്വാസത്തോളം വരില്ല, ഉഹ്ദുമല പോലും...
അല്ലാഹു ഉദ്ദേശിച്ചവരൊഴികെ മുഴുവൻ മനുഷ്യരും അല്ലാഹുവിനെ കുറിച്ച് അന്യായമായി, ദുർവിചാരങ്ങളും അധമചിന്തകളും വെച്ചുപുലർത്തുന്നവരാണ്. താൻ സത്യത്തിന്റെ തടവറയിലാണ്, ഭാഗ്യം കെട്ടവനാണ്, അല്ലാഹു വിധിച്ചതിലധികം കിട്ടാൻ യോഗ്യനാണ്... ഇങ്ങനെയൊക്കെയാണ് ഭൂരിഭാഗം മനുഷ്യരും വിശ്വസിക്കുന്നത്. അവന്റെ മാനസികാവസ്ഥ വിളിച്ചോതുന്നത് അല്ലാഹു അവനോട് എന്തോ അന്യായം കാണിക്കുകയും അവന് അർഹിക്കുന്നത് പോലും മുടക്കുകയും ചെയ്തിരിക്കുന്നു എന്നാണ്. ഇക്കാര്യം അവന്റെ നാവ് നിഷേധിക്കുമെങ്കിലും മനസ്സ് സാക്ഷ്യ പ്പെടുത്തുന്നു; തുറന്നുപറയാൻ ധൈര്യപ്പെടുന്നില്ലെന്നു മാത്രം. മനുഷ്യാ, നീ മനസ്സിന്റെ സ്വകാര്യ അറകളിലും അടരുകളിലും ആഴ്ന്നിറങ്ങി ഒരു ആത്മപരിശോധന നടത്തു. വെടിമരുന്നിൽ തീ ഒളിഞ്ഞിരിക്കുന്ന പോലെ ഈ ദുഷിച്ച ചിന്ത തന്നിലും ഒളിഞ്ഞിരിക്കുന്നത് കാണാം. താനുദ്ദേശിക്കുന്നവരെയൊക്കെ ഉരസി നോക്കൂ. അവരുടെയൊക്കെ ആത്മങ്ങളിൽ ഒളിഞ്ഞിരിക്കുന്ന വിനാശകാരിയായ ഈ തീജ്വാല അപ്പോൾ നിനക്ക് ബോധ്യമാകും. ആരെ നീ പരിശോധിച്ച് നോക്കിയാലും അവൻ വിധിയെ കുറിച്ച് പഴിയും ആക്ഷേപവും ചൊരിയുന്നതു കാണാം. സംഭവിച്ച തൊന്നുമല്ല വേണ്ടിയിരുന്നത്. മറിച്ച് ഇങ്ങനെയായിരുന്നു നടക്കേണ്ടിയിരുന്നത്... അവന്റെ ഒരു മാതിരി നിർദ്ദേശങ്ങളുടെ പെയ്ത്തു കണ്ട് നീ അന്ധാളിച്ചുപോകും. ഇങ്ങനെ കുറച്ചോ കൂടുതലോ പറയാത്തവരായി ആരുമുണ്ടാവില്ല. ഇനി നീ നിന്നെ തന്നെ ഒരു ആത്മപരിശോധനക്ക് വിധേയമാക്കുക. താൻ അതിൽ നിന്ന് മുക്തനാണോ? രക്ഷപ്പെട്ടുവെങ്കിൽ മാരകമായ ഒരു പാതകത്തിൽ നിന്നാണ് താങ്കൾ രക്ഷനേടിയത്. എന്നാൽ നീ രക്ഷപ്പെട്ടു എന്ന് താങ്കളെ കുറിച്ച് ഞാൻ കരുതുന്നുമില്ല. സ്വന്തത്തോട് ഗുണകാംക്ഷയുള്ള ഒരു ബുദ്ധിശാലി ഈ മാനസികാവസ്ഥ ഗൗരവപൂർവ്വം കണക്കിലെടുക്കട്ടെ. റബ്ബിനെ കുറിച്ച് അധമവിചാരങ്ങൾ വെച്ചുപുലർത്തിയതിന് യഥാവിധി പശ്ചാത്തപിക്കട്ടെ. പാപമോചനത്തിനായി മുഴുസമയവും അവനോട് യാചിക്കട്ടെ. തന്റെ ആത്മം എല്ലാ തിന്മകളുടെയും സങ്കേതമാണ്. സർവ്വ ഹീനതകളുടെയും പ്രഭവസ്ഥാനമാണ്. എന്നിരിക്കെ, അഭിജ്ഞനും അധികാരസ്ഥനുമായ, നീതിമാന്മാരിൽ നീതിമാനായ, കാരുണ്യവാന്മാരിൽ കരുണാമയനായ അല്ലാഹുവിനെ കുറിച്ച് ദുർവിചാരങ്ങൾ വെച്ചുപുലർത്തുന്നതിനെക്കാൾ തന്റെ ആത്മത്തെ കുറിച്ചല്ലേ അവൻ മോശമായി ചിന്തിക്കേണ്ടത് ?! (ഇബ്നുൽ ഖയ്യിമിന്റെ സാദുൽ മആദിനെ ഉപജീവിച്ച് തയ്യാറാക്കിയത്) - അബൂ ത്വാരിഖ് സുബൈർ മുഹമ്മദ് സമയവാറായി, ഞാൻ പോണ് ... നബി ﷺ പറയുന്നു: അല്ലാഹു ഒരു അടിയന് നന്മ ഉദ്ദേശിച്ചാൽ മധു പകർന്ന് അവനെ മധുരിക്കുന്നവനാക്കും. അപ്പോൾ ചോദിക്കപ്പെട്ടു: മധുരിക്കുന്നവനാക്കുക എന്നാൽ എന്താണ്? അവിടുന്ന് പറഞ്ഞു: മരണത്തിനു മുമ്പ് ഒരു സുകൃതം ചെയ്യാൻ അവന്റെ മുന്നിൽ അവസരം തുറക്കും. പിന്നീട് അതിലായിരിക്കും അവന്റെ ആത്മാവ് പിടിക്കുക. (ഉദ്ധരണം: അൽബാനി | അൽജാമിഉ സ്വഗീർ) - അബൂ ത്വാരിഖ് സുബൈർ മുഹമ്മദ് قال رسول الله ﷺ: إذا أرادَ اللهُ بعبدٍ خيرًا عَسلَهُ، قِيلَ: وما عَسلَهُ؟ قال: يَفتحُ لهُ عملًا صالِحًا قبلَ مَوتِه، ثمَّ يَقبِضُهُ عليهِ
(الألباني في صحيح الجامع الصغير وزيادته) പോണ്ടേ.. നമുക്കും?
യഹ്‌യാ ബിൻ ഔൻ പറയുന്നു: ഇബ്‌നുൽ ഖസ്സ്വാർ രോഗിയായിരിക്കെ സഹ്‌നൂനിന്റെ കൂടെ ഞാൻ അദ്ദേഹത്തെ സന്ദർശിച്ചു. സഹ്‌നൂൻ ചോദിച്ചു: എന്താണ് ഈ വെപ്രാളമൊക്കെ? ഇബ്‌നുൽ ഖസ്സ്വാർ പറഞ്ഞു: മരണം, അല്ലാഹുവിലേക്കുള്ള യാത്ര.. സഹ്‌നൂൻ ചോദിച്ചു: താങ്കൾ വിശ്വാസപൂർവ്വം സത്യപ്പെടുത്തുന്നില്ലേ:- – നബിമാർ, പുനരുത്ഥാനം, വിചാരണ, സ്വർഗ്ഗം, നരകം.. – ഈ സമുദായത്തിലെ ഏറ്റവും ശ്രേഷ്ഠർ അബൂ ബക്റും പിന്നെ ഉമറും ആണെന്ന്, – ഖുർആൻ അല്ലാഹുവിന്റെ വചനമാണ്, സൃഷ്ടിയ ല്ലെന്ന്, – അന്ത്യനാളിൽ അല്ലാഹുവിനെ കാണുമെന്ന്, – അവൻ അർശിനുപരിയിൽ ഇസ്‌തിവാഅ് ചെയ്‌തി രിക്കുന്നുവെന്ന്, – ഭരണാധികാരികൾ അക്രമം കാണിച്ചാലും ആയുധ മേന്തി കലാപമുണ്ടാക്കാൻ പാടില്ലെന്ന്.. അദ്ദേഹം പറഞ്ഞു: തീർച്ചയായും, അല്ലാഹു സത്യം! സഹ്‌നൂൻ പറഞ്ഞു: എന്നാൽ താങ്കൾ ഇഷ്ടാനുസാരം, സമാധാനമായി, മരിച്ചോളൂ, മരിച്ചോളൂ.. ഉദ്ധരണം: ദഹബി | സിയറു അഅ്ലമിന്നുബലാ - അബൂ ത്വാരിഖ് സുബൈര്‍ |
IslamBooks.inBooks and Articles on Islam, correct and pure. Archives
December 2022
Categories
All
|
ഇസ്ലാം ബുക്ക്സ്
ഖുർആനും സുന്നത്തും സലഫുകളുടെ മൻഹജ് അനുസരിച്ചു മനസ്സിലാക്കാനും പഠിക്കാനും മലയാളികൾക്ക് അവസരമൊരുക്കുക എന്നതാണ് ഇത് കൊണ്ട് ലക്ഷ്യമാക്കുന്നത്. വിശ്വസ്തരായ സലഫീ ഉലമാക്കളുടെ ഗ്രന്ഥങ്ങളും കഴമ്പുള്ള ലേഖന സമാഹാരങ്ങളും മൊഴിമാറ്റം ചെയ്ത് കേരളീയ മുസ്‌ലിം സംവേദനത്തിനു പരിചയപ്പെടുത്താനുള്ള എളിയ ശ്രമമാണിവിടെ. സാധാരണക്കാരായ മുസ്‌ലിം യുവതക്ക് സലഫുകളുടെ ഫഹമു അനുസരിച്ച് ഇസ്‌ലാമിക വിഷയങ്ങളിലുള്ള നിലപാടുകൾ മനസ്സിലാക്കാനും അവ പഠിക്കാനും ജീവിതത്തിൽ പ്രയോഗവൽക്കരിക്കാനും സാധിച്ചാൽ ഞങ്ങൾ കൃതാർത്ഥരായി. |
© 2022. IslamBooks.in - All Rights Reserved.
|