0 Comments
കൃത്രിമത്വം (تَكَلُّف) വല്ലാത്തൊരു വിനയാണ്. അതുമൂലമാണ് ഇങ്ങനെ ഒരു സംശയം ഉടലെടുക്കുന്നത്. മുൻവിധിയില്ലാതെ, പക്ഷപാതമില്ലാതെ, സത്യം കണ്ടെത്തണം എന്ന സൽബുദ്ധിയോടെ, സഹൃദയത്വത്തോടെ, ശാന്തമായി കാര്യം വിലയിരുത്തൂ.
ഹിലാലിനെ കുറിച്ച് അവർ താങ്കളോട് ആരായും. പറഞ്ഞേക്കുക അത് ജനങ്ങൾക്ക് കാലവും ഹജ്ജും നിർണ്ണയിക്കാനുള്ളതാണ്. (ബഖറഃ 189) ദുൽഹിജ്ജ 8 യൗമുത്തർവിയഃ, ദുൽഹിജ്ജ 9 അറഫാ ദിനം, ദുൽഹിജ്ജ 10 യൗമുന്നഹ്ർ, തുടന്നുള്ള ദിനങ്ങൾ അയ്യാമുത്തശ്‌രീഖ്.. ഇങ്ങനെ ഹജ്ജിന്റെ കർമ്മങ്ങളും കാലവും നിർണ്ണയിക്കാനാണ് ഹിലാൽ. ഹാജിമാര്‍ അറഫയിൽ നിൽക്കുന്ന ദിവസമാണ് അറഫാ ദിനം. അത് ദുൽഹിജ്ജ ഒമ്പതിനാണ്. അറബി മാസം തീരുമാനിക്കുന്നത് മാസപ്പിറവി കാണുന്നതിനെ അടിസ്ഥാനപ്പെടുത്തിയാണ്. മാസപ്പിറവി ഒരോ വീട്ടിലും നാട്ടിലും പാടത്തും പറമ്പിലും മഹല്ലിലും ഫർഖയിലും ജില്ലയിലും സംസ്ഥാനത്തും രാജ്യത്തും പ്രത്യേകം പ്രത്യേകം കാണേണ്ടതില്ല. ലോകത്ത് എവിടെയെങ്കിലും ഒരിടത്ത് കാണുകയും, ആ കാഴ്ച ഒരു മുസ്ലിം ഭരണാധികാരി അംഗീകരിച്ച് പ്രഖ്യാപിക്കുകയും ചെയ്താൽ ആ വിവരം യഥാസമായം ലഭിക്കുന്ന ഏതൊരാള്‍ക്കും അത് ബാധാകമായിരിക്കും. ഹജ്ജിൻെറ കർമ്മങ്ങൾ നടക്കുന്നത് മക്കയിലാണ്. അവിടുത്തെ ഭരണാധികാരി, ദുൽഹിജ്ജ മാസപ്പിറവി കണ്ടത് അംഗീകരിച്ച് പ്രഖ്യാപിക്കുകയും തദടിസ്ഥാനത്തില്‍ ദുൽഹിജ്ജ ഒമ്പതിന്ന് അറഫാ ദിനം നിശ്ചയിക്കുകയും ചെയ്യുന്നു. അന്നാണ് ഹാജിമാര്‍ അറഫയില്‍ നിൽക്കുന്നത്. മക്കയിലെ ഭരണാധികാരി മക്കയിലെ പ്രാദേശികമായ കാഴ്ച മാത്രമല്ല പരിഗണിക്കുക. ലോകത്ത് എവിടെ കണ്ടാലും, യോഗ്യരായ ആളുകള്‍ സാക്ഷ്യപ്പെടുത്തുന്ന പക്ഷം, അദ്ദേഹത്തിന് അത് അംഗീകരിച്ച് പ്രഖ്യാപിക്കാവുന്നതാണ്. ഉമര്‍ رضي الله عنه അങ്ങനെ ചെയ്തിരുന്നു എന്നത് സുവിദിതമാണല്ലോ. ഇത് സ്വാഭാവിക നടപടി. അതിൽ കൃത്രിമത്വം ഒട്ടുമില്ല ഇല്ല. അത് ഇസ്‌ലാമിന്റെ വഴി. നബിയും സ്വഹാബിമാരും പിന്തുടർന്ന മാർഗ്ഗം. ഇതിൽ തൃപ്തി വരാത്ത കുറേ റുവൈബിളമാർ കാലാകാലങ്ങളിൽ വന്നു പോയിക്കൊണ്ടിരിക്കും. കുനിഷ്ഠും കുന്നായ്മയും കൃത്രിമത്വവും കാട്ടിക്കൂട്ടലാദികളുമായി ജനങ്ങളെ സമീപിക്കും. മുന്നിലൂടെ വരും. പിന്നിലൂടെ വരും. ഇടതു ഭാഗത്തിലൂടെയും വലതു ഭാഗത്തിലൂടെയും സമീപിക്കും. അവസാനം പാവങ്ങളെ പറഞ്ഞു പറ്റിച്ച് നാശത്തിൽ വീഴ്‌ത്തിക്കളയും. ഇത് കൃത്രിമത്വമാണെന്ന് പറയാൻ കാരണം, അങ്ങനെ അറഫാ ദിനം അറിയിച്ചു കൊണ്ട് മക്കയിൽനിന്ന് മദീനയിലേക്കെങ്കിലും ഒരു ദൂതനെ അയക്കണമായിരുന്നുവത്രെ. മദീനയിലേക്ക് മാത്രം അയച്ചാൽ മതിയോ? പോരാ. എല്ലായിടങ്ങളിലേക്കും അയക്കേണ്ടി വരില്ലേ? അത്തരം ഒരു കൃത്രിമത്വം നബി യും സ്വഹാബിമാരും കാണിച്ചിട്ടില്ല. അതു തന്നെ മതി. പകരം അവർ കാണിച്ചു തന്നത് ഒട്ടും കൃത്രിമത്വമില്ലാത്ത സ്വാഭാവിക നടപടിയാണ്. അഥവാ ലോകത്ത് എവിടെയെങ്കിലും ഒരിടത്ത് കാണുകയും, ആ കാഴ്ച ഒരു മുസ്ലിം ഭരണാധികാരി അംഗീകരിച്ച് പ്രഖ്യാപിക്കുകയും ചെയ്താൽ ആ വിവരം യഥാസമായം ലഭിക്കുന്ന ഏതൊരാള്‍ക്കും അത് സ്വീകരിക്കണമെന്നുള്ളതാണ്. യഥാസമയം ആ വിവരം ലഭിക്കാത്തവർ വിട്ടുവീഴ്‌ച ലഭിച്ചവർ (مَعْذُور) ആണ്. ഈ വിട്ടു വീഴ്ച അറഫാ ദിനത്തിന്റെ കാര്യത്തിൽ മാത്രമല്ല, എല്ലാ വിഷയങ്ങളിലും അല്ലാഹു അനുവദിച്ചിട്ടുള്ളതുമാണ്. ഈ സ്വാഭാവികത മനസ്സിലാക്കാനും കൃത്രിമത്വം വെടിയാനും വലിയ തൗഫീഖ് വേണം. തൗഫീഖ് ലഭിക്കണമെങ്കിൽ صِدْق വേണം. പേരിനും പ്രശസ്തിക്കും വേണ്ടി നിലകൊള്ളരുത് ദീനു കൊണ്ട് ചെലവ് കഴിക്കാമെന്ന് കരുതുകയും അരുത്. - അബൂ ത്വാരിഖ് സുബൈര്‍ മുഹമ്മദ് അറഫാ നോമ്പ് സംബന്ധിച്ച് ചായക്കോപ്പയിൽ കൊടുങ്കാറ്റ് സൃഷ്ടിക്കാൻ വെമ്പുന്നവർക്കായി ബുഖാരി ഉദ്ധരിച്ച ഒരു ഹദീസിന്റെ അല്പഭാഗം വിനീതമായി ഒന്നു പകർത്തട്ടെ. പകരം അവർക്ക് എന്ത് വേണമെങ്കിലും തിരിച്ചുപറയാം. അതിനുള്ള സംസ്കാരവും സ്വാതന്ത്ര്യവും അവരുടേതാണല്ലോ.
അപ്പോൾ ചാരിയിരിക്കുകയായിരുന്ന ഇബ്നു മസ്ഊദ് رضي الله عنه എഴുന്നേറ്റിരിക്കുകയും കോപത്തോടു കൂടി ഇങ്ങനെ പറയുകയും ചെയ്തു: "അറിവുള്ളവൻ സംസാരിക്കട്ടെ, അറിവില്ലാത്തവൻ അല്ലാഹുവിന്നറിയാം എന്നു പറയട്ടെ. തനിക്ക് അറിയാത്ത കാര്യം എനിക്ക് അറിയില്ല എന്നു പറയുന്നത് തീർച്ചയായും അറിവിൽ പെട്ടതാണ്." അറിയാത്തവന് തനിക്ക് അറിവില്ലെന്ന അറിവെങ്കിലും ഉണ്ടായിരിക്കണം. അതിലും താഴേക്ക് പോയാലുള്ള ദുരവസ്ഥയാണ് ഇപ്പോൾ നാം അനുഭവിച്ചുകൊണ്ടിരിക്കുന്നത്. ദയവായി ജനങ്ങളെ വിഡ്ഢിയാക്കുന്നത് അവസാനിപ്പിക്കൂ. അറഫാ നോമ്പ് ഹാജിമാർ അറഫയിൽ നിൽക്കുന്ന അതേ സമയം തന്നെ എടുക്കണമെന്ന് നബി ﷺ പറഞ്ഞിട്ടില്ല. അറഫ ദിവസം നോമ്പെടുക്കാനാ ണ് അവിടുന്ന് കൽപിച്ചിട്ടുള്ളത്. അറഫാ ദിവസം ദുൽഹിജ്ജ ഒമ്പതിനാണെന്ന് അറിയാത്ത ആരെങ്കിലുമുണ്ടോ? ഉണ്ടെങ്കിൽ അവർ മൗനം പാലിക്കട്ടെ. ദുൽഹിജ്ജ ഒമ്പതിന് നബി നോമ്പെടുത്തു എന്നു തന്നെയും ഹദീസുകളിൽ വന്നിട്ടുണ്ട്. ദുൽഹിജ്ജ മാസം ഒമ്പത് ഒന്നേയുള്ളു. അത് പറമ്പും പാടവും മഹല്ലും പ്രദേശവും മാറുന്നതിനനുസരിച്ച് മാറണം എന്ന് പറയുന്നവർ അറഫാ നോമ്പ് മാറി മാറി പിടിക്കേണ്ടി വരും. മോന്തായം വളഞ്ഞത് നിവർത്തി വെക്കൂ. അതുവരെ മന്ദബുദ്ധികളുടെ സംവാദങ്ങ ളെല്ലാം ഒന്ന് നിർത്തിവെക്കൂ. - അബൂ ത്വാരിഖ് സുബൈർ മുഹമ്മദ് അടുത്തിടെ വായിച്ച പുസ്തകങ്ങളിൽ ഏറെ ഹൃദ്യവും ആകർഷണീയവുമായ കൈപ്പുസ്തകമാണ്, അബൂ ത്വാരിഖ് സുബൈർ മുഹമ്മദ് എഴുതിയ "മാസപ്പിറവി, മന്‍ഹജും മസ്അലയും" എന്ന കൊച്ചു കൃതി.
ദശാബ്ദങ്ങളായി കേരളത്തിലെ മുസ്‌ലിംകൾക്കിടയിൽ കുറഞ്ഞത്, വർഷത്തിൽ രണ്ടു തവണയെങ്കിലും വാഗ്‌പോരിനും സംവാദങ്ങൾക്കും വഴിമരുന്നിടാറുള്ള മാസപ്പിറവി നിർണ്ണയവുമായി ബന്ധപ്പെട്ട വിഷയത്തിൽ ഈ കൊച്ചു പുസ്തകം സമഗ്രമാണ്; വൈജ്ഞാനികമാണ്. പിറവി ദർശനം സ്ഥിരീകരിക്കാനും പ്രയോഗവൽക്കരിക്കാനുമുള്ള മാനദണ്ഡങ്ങൾ എന്താണെന്ന് അതി സൂക്ഷ്മവും കൃത്യവുമായ പ്രമാണങ്ങൾ കൊണ്ട് സ്ഥാപിക്കുന്ന പ്രസ്തുത കൃതി, ഇവ്വിഷയകമായി സത്യം എന്താണെന്ന് അറിയാൻ ആഗ്രഹിക്കുന്ന ഏതൊരു നിഷ്പക്ഷമതിയായ ഏതൊരു അന്വേഷകനും വ്യക്തമായ അവബോധം നൽകാൻ പര്യാപ്തമാണെന്ന് നിസ്സംശയം പറയാം. മാസപ്പിറവി നിർണ്ണയവുമായി ബന്ധപ്പെട്ട് പാർട്ടീ താൽപര്യങ്ങളും സംഘടനാ സങ്കുചിതത്വവും തൊട്ടു തീണ്ടാത്ത, തികച്ചും നബി സ്വല്ലള്ളാഹു അലൈഹി വ സല്ലമയുടെയും സ്വഹാബത്തിന്റെയും നിലപാട് പച്ചയായി പ്രതിഫലിപ്പിക്കുകയും, അത് പ്രയോഗവൽക്കരിക്കുന്നതിൽ സ്വീകരിക്കേണ്ട നടപടിക്രമങ്ങൾ വരച്ചു കാണിക്കുകയും ചെയ്യുന്നതിൽ ലേഖകൻ വിജയിച്ചിട്ടുണ്ട് എന്ന കാര്യത്തിൽ തർക്കമില്ല. ഓരോ ദേശക്കാർക്കും പ്രത്യേകം പ്രത്യേകം പിറവി ദർശനം വേണം എന്ന അതിരുവിട്ട നിലപാടിനെയും , പിറവി ദർശനം നിർണ്ണയിക്കാൻ, കാഴ്ചക്ക് പകരം കണക്കിനെ അവലംബിക്കാമെന്ന വികല വാദത്തെയും വ്യക്തമായ പ്രമാണങ്ങൾ കൊണ്ട് ഖണ്ഡിക്കുകയും, ലോകത്ത് എവിടെ പിറവി ദർശനം സ്ഥിരീകരിക്കപ്പെടുകയും ഒരു മുസ്ലിം ഭരണാധികാരി അത് തുല്യം ചാർത്തുകയും ചെയ്‌താൽ ആ വിവരമറിയുന്ന എല്ലാവരും തദടിസ്ഥാനത്തിലുള്ള അമല് ചെയ്യാൻ നിർബന്ധിതരാണെന്ന വസ്തുത തെളിവുകൾ സഹിതം പ്രസ്തുത ഗ്രന്ഥത്തിൽ പ്രസ്താവിക്കുന്നു. കുറൈബ് റദിയള്ളാഹു അൻഹുവിന്റെ ഹദീസിൽ വന്ന ഇബ്നു അബ്ബാസ് റദിയള്ളാഹു അൻഹുവിന്റെ വാക്ക് മനസ്സിലാക്കുന്നതിൽ നവവിക്ക് സംഭവിച്ച അബദ്ധം ഈ വിഷയത്തിലെ സങ്കീർണ്ണതക്ക് ആക്കം കൂട്ടി എന്ന ലേഖകന്റെ നിരീക്ഷണം പക്വവും അതിലേറെ സംഗതവുമാണ്. മുസ്‌ലിം പണ്ഡിതന്മാർക്കിടയിലും വിശിഷ്യാ ശാഫിഈ മദ്ഹബിലും അപനിർമാണത്തിനു വലിയ പങ്കു വഹിച്ച പ്രസ്തുത നിലപാട് അസ്വീകാര്യവും പ്രമാണങ്ങളോട് പൊരുത്തപ്പെടാത്തതുമാണ് എന്ന് ഈ കൃതി വിളിച്ചോതുന്നു. ചുരുക്കത്തിൽ മാസപ്പിറവി നിർണ്ണയവുമായി ബന്ധപ്പെട്ട് കേരള മുസ്ലിംകളിൽ നിലനിൽക്കുന്ന ആശയക്കുഴപ്പങ്ങൾ ദുരീകരിക്കാനും, ഈ വിഷയത്തിൽ ഏറ്റവും കുറ്റമറ്റതും സത്യസന്ധവും പ്രമാണബദ്ധവുമായ നിലപാട് ഏതെന്ന് തിരിച്ചറിയാനും ഈ ലഘു കൃതി സഹായിക്കും എന്നതിൽ രണ്ടു പക്ഷമില്ല. - ബശീർ പുത്തൂർ وَالْمُرَادُ بِالْحِسَابِ هُنَا حِسَابُ النُّجُومِ وَتَسْييرِهَا وَلَمْ يَكُونُوا يَعْرِفُونَ مِنْ ذَلِكَ أَيْضًا إِلَّا النَّزْرَ الْيَسِيرَ فَعَلَّقَ الْحُكْمَ بِالصَّوْمِ وَغَيْرِهِ بِالرُّويَةِ لِرَفْعِ الْحَرَجِ عَنْهُمْ فِي مُعَانَاةِ حِسَابِ التَّسْييرِ وَاسْتَمَرَّ الْحَكْمُ فِي الصَّوْمِ وَلَوْ حَدَثَ بَعْدَهُمْ مَنْ يَعْرِفُ ذَلِكَ بَلْ ظَاهِرُ السياق يُشْعِرُ بِنَفْيِ تَعْلِيقِ الْحُكْمِ بِالْحِسَابِ أَصْلًا وَيُوَضَحَهُ قَولُهُ فِي الْحَدِيثِ الْمَاضِي فَإِنْ غُمَّ عَلَيْكُمْ فَأَكْمِلُوا الْعِدَّةَ ثَلَاثِينَ. وَلَمْ يَقُلْ فَسَلُوا أَهْلَ الْحِسَابِ وَالْحِكْمَةُ فِيهِ كَوْنُ الْعَدَدِ عِنْدَ الْإِغْمَاءِ يَسْتَوِي فِيهِ الْمُكَلَّفُونَ فَيَرْتَفِعُ الاخْتِلَافُ وَالنِّزَاعُ عَنْهُمْ. وَقَدْ ذَهَبَ قَوْمُ إِلَى الرُّجُوعِ إِلَى أَهْلِ التَّسْييرِ فِي ذَلِكَ وَهُمُ الرَّوَافِضُ وَنُقِلَ عَنْ بَعْضِ الْفُقَهَاءِ مُوَافَقَتُهُمْ قَالَ الْبَاحِيُّ وَإِجْمَاعُ السَّلَفِ الصَّالِحِ حجة عَلَيْهِم وَقَالَ بن بَزِيزَةَ وَهُوَ مَذَهَبٌ بَاطِلُ فَقَدْ نَهَتِ الشَّرِيعَةُ عَنِ الْخَوْضِ فِي عِلْمِ النُّجُومِ لِأَنَّهَا حَدسٌ وَتَخمِينُ لَيْسَ فِيهَا قَطع وَلَا ظَن غَالِب مَعَ أَنَّهُ لَوِ ارْتَبَطَ الْأَمْرُ بِهَا لَضَاقَ إِذْ لَا يَعْرِفُهَا إِلَّا الْقَلِيلُ. ( الجزء ٤- صفحة ١٢٧) ഫത്ഹുൽ ബാരിയിൽ ഇമാം ഇബ്നു ഹജർ റഹിമഹുള്ള മാസപ്പിറവിയുടെ ഹദീസിനെ ശറഹ് ചെയ്യുന്നേടത്ത് പറയുന്നു ".......ഹിസാബ് എന്നതിന്റെ ഉദ്ദേശം ഇവിടെ, ഗോള ശാസ്ത്ര കണക്കും അതിന്റെ സഞ്ചാരവുമാണ്. വളരെക്കുറച്ചു മാത്രമേ അവർക്കതിനെക്കുറിച്ചു അറിവുണ്ടായിരുന്നുള്ളൂ. അതിനാൽ തന്നെ, ഗോളശാസ്ത്ര സംബന്ധമായ വൈഷമ്യങ്ങൾ ദൂരീകരിക്കാൻ നോമ്പും അല്ലാത്തതുമായവയിൽ 'കാണുക' എന്നതിലേക്ക് ബന്ധിപ്പിച്ചു. പിൽക്കാലത്തു ഗോളശാസ്ത്രപരിജ്ഞാനമുള്ളവർ ഉണ്ടായാൽ പോലും, നോമ്പിന്റെ വിധി അതേ അവസ്ഥയിൽ തുടർന്നു പോന്നു. എന്നല്ല, പ്രത്യക്ഷത്തിൽ (ഹദീസിന്റെ) സന്ദർഭം, അടിസ്ഥാനപരമായി അതിന്റെ (നോമ്പിന്റെ) വിധി ഗോളശാസ്ത്ര കണക്കുമായി ബന്ധം നിരാകരിക്കുന്നതിനെ ദ്യോതിപ്പിക്കുന്നുണ്ട്. 'ഇനി നിങ്ങൾക്കത് മറക്കപ്പെട്ടാൽ, അപ്പോൾ മുപ്പത് എണ്ണം നിങ്ങൾ പൂർത്തീകരിച്ചു കൊള്ളുക' എന്ന കഴിഞ്ഞ ഹദീസിലെ അദ്ദേഹത്തിന്റെ (നബിയുടെ) വാക്ക് അത് വ്യക്തമാക്കുകയും ചെയ്യുന്നു. 'അപ്പോൾ നിങ്ങൾ ഗോളശാസ്ത്രക്കാരോട് ചോദിച്ചോളൂ എന്നദ്ദേഹം (നബി) പറഞ്ഞുമില്ല.' അതിലെ ഹിക്മത് 'മറക്കപ്പെടുന്ന സമയത്ത് അതിലെ എണ്ണം എല്ലാവർക്കും ഒരു പോലെയാകാൻ വേണ്ടിയാണ്. അപ്പോൾ പിന്നെ അതിൽ തർക്കവും അഭിപ്രായ വ്യത്യാസവും നിലനിൽക്കുകയുമില്ല. എന്നാൽ വേറെ കുറച്ചാളുകൾ ഈ വിഷയത്തിൽ ഗോളശാസ്ത്ര കണക്കുകളുടെ പിന്നാലെ പോയിട്ടുണ്ട്. അവർ റാഫിദികളാണ്. ചില ഫുഖഹാക്കൾ അവരെ പിന്തുടർന്നതായി റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുമുണ്ട്. ബാജി പറയുന്നു: സലഫുകളുടെ ഇജ്മാഉ അവർക്കെതിരായ തെളിവാണ്. ഇബ്നു ബസീസ പറഞ്ഞു : അവരുടേത് തെറ്റായ നിലപാടാണ്. ഗോളശാസ്ത്രത്തിലേക്കുള്ള പോക്ക് ശർഉ വിലക്കിയ കാര്യമാണ്. കാരണം അത് ഊഹവും ഖണ്ഡിതമല്ലാത്തതുമായ പ്രാഥമിക നിഗമനങ്ങളുമാണ്. എന്ന് മാത്രമല്ല അതുമായി വിഷയത്തെ ബന്ധിപ്പിച്ചു കഴിഞ്ഞാൽ അതിനെക്കുറിച്ചു ധാരണയില്ലാത്തവർക്കെല്ലാം പ്രയാസമായിത്തീരുകയും ചെയ്യും" (ഫത്ഹുൽ ബാരി, വോള്യം 4, പേജ് 127 ഇബ്നു ഹജർ അസ്ഖലാനി റഹിമഹുള്ളാ) — ബഷീർ പുത്തൂർ الْمُعْتَمِدُ عَلَى الْحِسَابِ فِي الْهِلَالِ كَمَا أَنَّهُ ضَالٌّ فِي الشَّرِيعَةِ، مُبْتَدِعٌ فِي الدِّينِ، فَهُوَ مُخْطِئُ فِي الْعَقْلِ وَعِلْمِ الْحِسَابِ مجموع فتاوى شيخ الإسلام ابن تيمية[٢٥/ ٢٠٧] "മാസപ്പിറവിയിൽ കണക്കിനെ അവലംബമാക്കിയവൻ ഷർഇൽ പിഴച്ചവനെപ്പോലെയാണ്. അവൻ ദീനിൽ ബിദ്അത് ഉണ്ടാക്കുന്നവനും ബുദ്ധിയുടെ കാര്യത്തിലും ഗോളശാസ്ത്രത്തിലും അബദ്ധം പിണഞ്ഞവനുമാണ്" ഫതാവാ ശൈഖുൽ ഇസ്ലാം ഇബ്നു തീമിയ റഹിമഹുള്ള (25/207) — ബഷീർ പുത്തൂർ വെള്ളിയാഴ്ച (1-04-2022) സൂര്യനസ്തമിച്ച ശേഷം റമളാൻ മാസപ്പിറവി കണ്ടതായി സാക്ഷ്യപ്പെടുത്തപ്പെടുകയും, അത് മുസ്‌ലിം ഭരണാധികാരികൾ അംഗീകരിച്ച് പ്രഖ്യാപിക്കുകയും ചെയ്തതിനാൽ സൌദി അറേബ്യ മുതൽ ഇന്തോനേഷ്യ വരെയുള്ള മുസ്‌ലിം രാജ്യങ്ങൾ ശനിയാഴ്ച (2-04-2022) റമളാൻ നോമ്പ് ആരംഭിക്കുകയാണ്.
ഇബാളി, സമസ്ത, കേ.ന.മു, പ്രാദേശിക വിഭാഗീയവാദികൾ, കണക്കുകാഴ്ചക്കാർ ഒക്കെയും പാവപ്പെട്ട മുസ്‌ലിംകളുടെ ഒരു നോമ്പ് നഷ്ടപ്പെടുത്തി റമളാൻ ഞായറാഴ്ചത്തേക്ക് നീട്ടിവെച്ചിരിക്കുന്നു. പ്രിയ മുസ്‌ലിംകളേ, റമളാൻ നോമ്പ് റമളാൻ ഒന്നിനു തന്നെ ആരംഭിക്കുക. രണ്ടിലേക്ക് നീട്ടിവെക്കാതിരിക്കുക — അബൂ ത്വാരിഖ് സുബൈർ മാന്യരെ,
السلام عليكم ورحمة الله وبركاته അറഫാ ദിവസത്തെ നോമ്പുകൊണ്ട് കഴിഞ്ഞ ഒരു വർഷത്തെയും വരാനിരിക്കുന്ന ഒരു വർഷത്തെയും പാപങ്ങൾ പൊറുക്കപ്പെടും. ഹാജിമാര്‍ അറഫയിൽ നിൽക്കുന്ന ദിവസമാണ് അറഫാ ദിനം. അത് ദുൽഹിജ്ജ ഒമ്പതിനാണ്. അറബി മാസം തീരുമാനിക്കുന്നത് മാസപ്പിറവി കാണുന്നതിനെ അടിസ്ഥാനപ്പെടുത്തിയാണ്. മാസപ്പിറവി ഒരോ വീട്ടിലും പറമ്പിലും മഹല്ലിലും നാട്ടിലും രാജ്യത്തും പ്രത്യേകം പ്രത്യേകം കാണേണ്ടതില്ല. ലോകത്ത് എവിടെയെങ്കിലും ഒരിടത്ത് കാണുകയും, ആ കാഴ്ച ഒരു മുസ്ലിം ഭരണാധികാരി അംഗീകരിച്ച് പ്രഖ്യാപിക്കുകയും ചെയ്താൽ ആ വിവരം യഥാസമായം ലഭിക്കുന്ന ഏതൊരാള്‍ക്കും അത് ബാധാകമായിരിക്കും. ഹജ്ജിൻെറ കർമ്മങ്ങൾ നടക്കുന്നത് മക്കയിലാണ്. അവിടുത്തെ ഭരണാധികാരി, ദുൽഹിജ്ജ മാസപ്പിറവി കണ്ടത് അംഗീകരിച്ച് പ്രഖ്യാപിക്കുകയും തദടിസ്ഥാനത്തില്‍ ദുൽഹിജ്ജ ഒമ്പതിന്ന് അറഫാ ദിനം നിശ്ചയിക്കുകയും ചെയ്യുന്നു. അന്നാണ് ഹാജിമാര്‍ അറഫയില്‍ നിൽക്കുന്നത്. മക്കയിലെ ഭരണാധികാരി മക്കയിലെ പ്രാദേശികമായ കാഴ്ച മാത്രമല്ല പരിഗണിക്കുക. ലോകത്ത് എവിടെ കണ്ടാലും, യോഗ്യരായ ആളുകള്‍ സാക്ഷ്യപ്പെടുത്തുന്ന പക്ഷം, അദ്ദേഹത്തിന് അത് അംഗീകരിച്ച് പ്രഖ്യാപിക്കാവുന്നതാണ്. ഉമര്‍ رضي الله عنه അങ്ങനെ ചെയ്തിരുന്നു എന്നത് സുവിദിതമാണല്ലോ. ബലിപെരുന്നാൾ വിഷയത്തിൽ മറ്റു നാട്ടുകാരെല്ലാം മക്കക്കാരെ പിന്തുടരുകയാണ് വേണ്ടതെന്ന് ഇമാം അഹ് മദ്. ശൈഖുൽ ഇസ്ലാം ഇബ്‌നു തൈമിയ്യഃ പോലുള്ളവര്‍ പറഞ്ഞതിൻെറ സാംഗത്യവും അതു തന്നെയാണ്. അഥവാ ദുൽഹിജ്ജ മാസം എന്ന് തുടങ്ങുന്നു, അറഫയും ബലി പെരുന്നാളും ഏതു ദിവസമാണ് എന്ന കാര്യത്തിൽ മറ്റു നാട്ടുകാരെല്ലാം യഥാസമയം അവർക്ക് ആ വിവരം ലഭിക്കുന്ന പക്ഷം മക്കക്കാരെ പിന്തുടരണം. അല്ലാതെ ഹാജിമാര്‍ അറഫയിൽ നിൽക്കുന്ന "സമയത്ത് തന്നെ" അറഫാ നോമ്പ് പിടിക്കണം എന്നല്ല. അങ്ങനെ പറയാന്‍ തെളിവൊന്നുമില്ല. പരിഗണനീയരായ പണ്ഡിതന്മാരാരും അങ്ങനെ പറഞ്ഞിട്ടുമില്ല. അത് പ്രായോഗികവുമല്ല. ഈ വർഷം ജൂലായ് 19 തിങ്കളാഴ്ചയാണ് ലോകത്തെങ്ങുമുള്ള മുസ്‌ലിംകൾ അറഫാ നോമ്പ് പിടിക്കേണ്ടത്. കേരളത്തിൽ ചില സംഘടനാ പക്ഷപാതികൾ ജൂലായ് 20 ചൊവ്വാഴ്ചയാണ് അറഫാ ദിനം എന്ന് പ്രചരിപ്പിക്കുന്നുണ്ട്. അത് ശരിയല്ല. അത് തെറ്റാണ്. അന്ധമായ അനുകരണമോ, സംഘടനാപരമായ പക്ഷപാതമോ അല്ലാതെ മറ്റൊരടിസ്ഥാനവും അതിനില്ല. ജൂലായ് 9 വെള്ളിയാഴ്ച സൂര്യനസ്തമിച്ച ശേഷം ദുൽഹിജ്ജ മാസപ്പിറവി കാണാൻ കഴിഞ്ഞില്ല. അതിനാൽ ജൂലായ് 10 ശനിയാഴ്ച ദുൽഖഅദ 30 ആയി കണക്കാക്കുകയും ജൂലായ് 11ഞായറാഴ്ച ദുൽഹിജ്ജ ഒന്നായി മക്കയിലെ ഭരണാധികാരികൾ അംഗീകരിച്ച് പ്രഖ്യാപിക്കുകയും ചെയ്തിട്ടുള്ളതാണ്. തടദിസ്ഥാനത്തില്‍ ജൂലായ് 19 തിങ്കളാഴ്ചയാണ് ഈ വർഷത്തെ അറഫാ ദിനമായി നിശ്ചയിച്ചിട്ടുള്ളത്. തൊട്ടടുത്ത ദിവസം അഥവാ ജൂലായ് 20 ചൊവ്വാഴ്ച മുസ്‌ലിം ലോകം ബലിപെരുന്നാൾ ആഘോഷിക്കുകയുമാണ്. അക്കാര്യം യഥാസമയത്ത് അറിഞ്ഞിട്ടും അത് അംഗീകരിക്കാതെ, കേരളത്തിലുള്ള ചിലര്‍ അവരുടെ പറമ്പില്‍ തന്നെ മാസപ്പിറവി കാണണമെന്നും അവരുടെ കമ്മിറ്റിക്കാണ് മാസപ്പിറവിയും പെരുന്നാളും തീരുമാനിക്കാൻ അവകാശമെന്നും വാശിപിടിക്കുന്നതു കൊണ്ടാണ് ഇങ്ങനെ ഒരു അബദ്ധം സംഭവിക്കുന്നത്. ഈ വങ്കത്തം മറച്ചു പിടിക്കാന്‍ വേണ്ടി അവർ ഉന്നയിക്കുന്ന ഒരു ദുർന്യായമാണ് മക്കയുടെ എതിര്‍ ദിശയിൽ സ്ഥിതിചെയ്യുന്ന നാടുകളിലുള്ളവർക്ക് എങ്ങനെയാണ് ഹാജിമാർ അറഫയിൽ നിൽക്കുന്ന "സമയത്ത് തന്നെ" അറഫാ നോമ്പ് പിടിക്കാന്‍ കഴിയുക എന്നുള്ളത്. ശുദ്ധമായ ഒരു അസംബന്ധം മാത്രമാണിത്. രണ്ടു കാര്യങ്ങള്‍ ഓർക്കുക: 1. ഹാജിമാര്‍ അറഫയിൽ നിൽക്കുന്ന "സമയത്ത് തന്നെ" അറഫാ നോമ്പ് പിടിക്കണമെന്ന് അഹ് ലുസ്സുന്നത്തിൽപെട്ട ആരും പറയുന്നില്ല. അതിനു പ്രമാണ രേഖകളുടെ പിൻബലമില്ല, പരിഗണനീയമായ പണ്ഡിതാഭിപ്രായങ്ങള്‍ പോലുമില്ല. അത് ഒട്ടും പ്രായോഗികവുമല്ല. മറിച്ച്, അറഫാ ദിവസം ഒന്നേയുള്ളു. അത് ദുൽഹിജ്ജ ഒമ്പതിനാണ്. ദുൽഹിജ്ജ ഒമ്പത് ഓരോ പറമ്പും പ്രദേശവും മാറുന്നതിനുസരിച്ച് മാറ്റേണ്ട ഒന്നല്ല. ഇങ്ങനെയാണ് മഹാന്മാരായ ഇമാമുകളും മുഹഖിഖുകളായ ഉലമാക്കളും പറഞ്ഞിട്ടുള്ളത്. 2. മക്ക മനുഷ്യാധിവാസ കേന്ദ്രങ്ങളുടെ മധ്യത്തിലാണ് സ്ഥിതിചെയ്യുന്നത്. അവിടെ നിന്ന് കിഴക്കോട്ട് 12 മണിക്കൂറും, പടിഞ്ഞാറോട്ട് 12 മണിക്കൂറും ചേരുന്നതാണ് ഭൂമിയിലെ ഒരു ദിവസം. അതു കൊണ്ട് തന്നെ, ലോകത്തിൻെറ ഏത് കോണിൽ വസിക്കുന്നവനും അറഫാ ദിവസം തന്നെ അറഫാ നോമ്പ് പിടിക്കാന്‍ കഴിയും. മാസപ്പിറവി പ്രാദേശികമായി തന്നെ കാണണമെന്നും, തദടിസ്ഥാനത്തില്‍ പ്രാദേശികമായി ദുൽഹിജ്ജ 9 എന്നാണോ വരുന്നത് അന്നാണ് അറഫാ നോമ്പ് പിടിക്കേണ്ടതെന്ന് ജൽപിക്കുകയും ചെയ്യുന്നവർ അറഫാ ദിവസം തന്നെ അറഫാ നോമ്പ് പിടിക്കാനുള്ള തൌഫീഖ് സ്വയം നഷ്ടപ്പെടുത്തുകയാണ് ചെയ്യുന്നത്. പ്രമാണ രേഖകളാണ്, യുക്തിയല്ല മതകാര്യങ്ങൾക്ക് അടിസ്ഥാനമെന്ന് വിശ്വസിക്കുന്ന ഒരാളും ഹാജിമാര്‍ അറഫയിൽ നിൽക്കുന്ന "സമയത്ത് തന്നെ" അറഫാ നോമ്പ് പിടിക്കണമെന്നോ, എങ്ങനെയാണ് അതിനു സാധിക്കുകയെന്നോ ഉള്ള സംശയം ഉന്നയിക്കാനിടയില്ല. മറിച്ച്, യുക്തി പ്രമാണ രേഖകൾക്കും അതീതമാണെന്ന് കരുതുന്ന ചില അൽപബുദ്ധികളാണ് ഈ അസംബന്ധം എഴുന്നള്ളിക്കാറുള്ളത്. മാസപ്പിറവി ലോകത്ത് എവിടെ കണ്ടാലും പരിഗണിക്കേണ്ടതാണ്. പ്രാദേശികമായ കാഴ്ച നിർബ്ബന്ധമില്ലാത്തതാണ്. പ്രമാണബദ്ധവും പ്രായോഗികവുമായ ഈ നിലപാടിനെ ഖണ്ഡിക്കാന്‍ കഴിയാതെ വരുമ്പോൾ ഇല്ലാത്ത ആരോപണങ്ങളുന്നയിച്ച് മറുപടി പറഞ്ഞ് ആത്മസംതൃപ്തി നേടാന്‍ ചില അൽപന്മാരുടെ കുബുദ്ധിയിൽ ഉദിക്കുന്ന കാര്യമാണ് 'മക്കയുടെ ഏതിര്‍ ദിശയിൽ സ്ഥിതിചെയ്യുന്ന നാടുകളിലുള്ളവർ ഹാജിമാർ അറഫയിൽ നിൽക്കുന്ന "സമയത്ത് തന്നെ" എങ്ങനെ അറഫാ നോമ്പ് പിടിക്കും' എന്നുള്ള ചോദ്യം. ഇന്ന് പുതിയ ചില അപസ്വരങ്ങൾ കൂടി കേൾക്കാൻ സാധിക്കുന്നുണ്ട്. പെരുന്നാൾ ആഘോഷിക്കേണ്ടത് ഭൂരിപക്ഷത്തിൻറെ കൂടെയാണ്. അതിനാൽ ഈ വർഷം ബുധനാഴ്ചയാണ് പെരുന്നാൾ ആഘോഷിക്കേണ്ടത് എന്ന് ഇവിടെ കേരളത്തിൽ ചിലർ വാദിക്കുന്നു. അതിനു വേണ്ടി അവർ ഒരു ഹദീസിനെ ദുർവ്യാഖ്യാനിക്കുക കൂടി ചെയ്യുന്നു. നോമ്പും പെരുന്നാളും (الناس، عظم الناس) ൻെറ കൂടെയായിരിക്കണം എന്നു നിർദ്ദേശിക്കുന്ന ഹദീസുകളാണവ. ഹദീസുകളിൽ വന്നിട്ടുള്ള (الناس، عظم الناس، الجماعة) എന്നതിൻെറ വിവക്ഷ മുസ്‌ലിം ഭരണാധികാരിയും അദ്ദേഹത്തിനു ബൈഅത്ത് ചെയ്തിട്ടുള്ള പ്രജകളുമാണ്. അല്ലാതെ തലയില്ലാത്ത തെങ്ങിൽ കേറാനുള്ള ഉപദേശമല്ല അതിലുള്ളത്. അത്തരം ഹദീസുകൾ ഖുലഫാക്കളും സ്വഹാബത്തും എങ്ങനെ മനസ്സിലാക്കി എന്നു നോക്കണം. ഭരണാധികാരിയും പ്രജകളുമാണ് അതിൻെറ വിവക്ഷയെന്നത് സലഫുകളുടെ നടപടികളിൽനിന്നും പണ്ഡിതന്മാരുടെ വ്യാഖ്യാനങ്ങളിൽനിന്നും അനായാസം ഗ്രഹിക്കാവുന്നതാണ്. സങ്കടകരമെന്നു പറയട്ടെ, കേരളത്തിൽ കാര്യങ്ങൾ ശരിയായ വിധത്തിൽ ചിന്തിക്കാനും സത്യമായ മാർഗ്ഗം ഉപദേശിക്കാനും ആരുമില്ലാതായിരിക്കുകയാണ്. والله المستعان ഈ വർഷം, ജൂലായ് 19 തിങ്കളാഴ്ചയാണ് അറഫാ ദിനം. അന്ന് തന്നെ അറഫാ നോമ്പ് പിടിക്കലാണ് സുന്നത്ത്. പെരുന്നാൾ ആഘോഷിക്കേണ്ടത് മുസ്ലിം ലോകത്തോടൊപ്പം ചൊവ്വാഴ്ചയും. ചൊവ്വാഴ്ച പെരുന്നാള്‍ ആഘോഷിക്കാൻ സാഹചര്യം ലഭിക്കാത്തവർ, ഏതു നാട്ടിലാണോ അവരുള്ളത് ആ നാട്ടിലെ മുസ്‌ലിംകളോടൊപ്പം പെരുന്നാൾ ആഘോഷിക്കട്ടെ. അങ്ങനെ ബുധനാഴ്ച പെരുന്നാള്‍ ആഘോഷിക്കേണ്ടി വന്നാല്‍ ഹദീസുർ റഹ്ത്വിൻറെ അടിസ്ഥാനത്തിൽ ചൊവ്വാഴ്ച ശൂന്യദിനമായി കണക്കാക്കാവുന്നതുമാണ്. والله أعلم - അബൂ ത്വാരിഖ് സുബൈര്‍ മുഹമ്മദ് അല്ലാഹുവിൻറെ ദീൻ, ദീനുൽ ഇസ്‌ലാമിൻറെ നാലാമത്തെ സ്തംഭമായ റമളാനിലെ നോമ്പ്, റമളാൻ മാസം നിർണ്ണയിക്കേണ്ടത് എങ്ങനെ? ഇതൊന്നും തന്നെ
• രാഷ്ട്രീയക്കാർ അവരുടെ നിക്ഷിപ്ത താൽപര്യം സംരക്ഷിക്കാനുപയോഗിക്കേണ്ട വിഷയങ്ങളല്ല. • സംഘടനക്കാർ അവരുടെ സങ്കുചിതമായ പക്ഷപാതം കാണിക്കേണ്ട മേഖലയല്ല. • ഖാളിമാർ അവരുടെ മൂപ്പിളമ തർക്കത്തിന് ഉപയോഗിക്കേണ്ട കാര്യമല്ല. • ഗ്രൂപ്പ് കളിക്കാർക്കും റുവൈബിളമാർക്കും കൊട്ടിപ്പാടാനുള്ള തപ്പല്ല. മേൽ പറഞ്ഞത് നിങ്ങളുടെ മനഃസാക്ഷി തന്നെ നിങ്ങളോട് ഒരിക്കലെങ്കിലും സ്വകാര്യമായി പറഞ്ഞിട്ടുണ്ടായിരിക്കും. സത്യത്തിൻറെ ആ ഉൾവിളിയെ നിങ്ങൾ നിഷേധിക്കരുതായിരുന്നു. സത്യം നിങ്ങൾ ചുട്ടു ചാമ്പലാക്കിയെങ്കിൽ തന്നെ, ആ ചാരത്തിലെവിടെയോ ഒരു ചെറു കനൽ അവശേഷിക്കുന്നുണ്ടാവാം. എങ്കിൽ താഴെ പറയുന്ന കാര്യങ്ങളെ കുറിച്ച് ഒന്ന് പര്യാലോചിക്കൂ, സഹോദരാ! റമളാൻ നിർണ്ണയിക്കേണ്ടത് മാസപ്പിറവിയുടെ കാഴ്ചയെ അടിസ്ഥാനപ്പെടുത്തിയാണ്. ഗണിതശാസ്ത്രമല്ല, ഗോളശാസ്ത്രമല്ല, കലണ്ടറല്ല, രാഷ്ട്രീയമായ നീക്കുപോക്കുകളല്ല മാസം നിർണ്ണയിക്കാൻ അടിസ്ഥാനമാക്കേണ്ടത്. നബി ﷺ പറയുന്നു (മാസപ്പിറവി കണ്ടാൽ നിങ്ങൾ നോമ്പ് പിടിക്കുക, മാസപ്പിറവി കണ്ടാൽ നിങ്ങൾ നോമ്പ് അവസാനിപ്പിക്കുക – ബുഖാരി) ഒരു മുസ്‌ലിമായ വ്യക്തി മാസപ്പിറവി കണ്ടാൽ അത് ഒരു മുസ്‌ലിം ഭരണാധികാരിയുടെ മുന്നിൽ സാക്ഷ്യപ്പെടുത്തണം. ഭരണാധികാരി ആ സാക്ഷ്യം അംഗീകരിച്ച് പ്രഖ്യാപിച്ചാൽ ആ വിവരം ലഭിക്കുന്നവർ, പ്രാദേശികമായ അതിർ വരമ്പുകളില്ലാതെ എല്ലാവരും, അത് അംഗീകരിച്ച് നോമ്പ് തുടങ്ങണം. നബി ﷺ പറയുന്നു. (നോമ്പ് നിങ്ങൾ നോമ്പ് പിടിക്കുന്ന ദിവസമാണ് – തിർമുദി, അബൂദാവൂദ്) പരാമൃഷ്ട സന്ദർഭത്തിലെ നിങ്ങൾ, ജനം, പ്രജ എന്നൊക്കെയുള്ള പരാമർശത്തിൻറെ വിവക്ഷ ഭരണാധികാരിയും പ്രജകളുമാണ്. ഒരു മുസ്‌ലിം ഭരണാധികാരിയുടെ നിയന്ത്രണത്തിലല്ലാത്ത കക്ഷികളും വിഭാഗങ്ങളും ഇതിൻറെ പരിധിയിൽ പെടില്ല. തലയില്ലാത്ത തെങ്ങിൽ കേറുന്നത് നന്നല്ല എന്ന് പറയേണ്ടതുണ്ടോ?! വർഷാവർഷങ്ങളിൽ മാസപ്പിറവി സംബന്ധിച്ച് ആശയക്കുഴപ്പങ്ങൾ ഉടലെടുക്കുന്നു. ഓരോ വർഷവും ആശയക്കുഴപ്പങ്ങളുടെ പുതിയ പുതിയ പതിപ്പുകൾ അവതരിപ്പിക്കപ്പെടുന്നു. എന്നാൽ അഹ്‌ലുസ്സുന്നഃ ഫിത്നകളുടെയും ആശയക്കുഴപ്പങ്ങളുടെയും കൊടുങ്കാറ്റുകളിൽ ആടാതെ, ഉലയാതെ, വ്യക്തതയോടെ ഒരു പർവ്വതം കണക്കെ ഉറച്ചു നിൽക്കുന്നു. മാസം കണ്ടുവോ? കണ്ടു. ശാസനാധികാരമുള്ള ഒരു മുസ്ലിം ഭരണാധികാരി അത് അംഗീകരിച്ച് പ്രഖ്യാപിച്ചുവോ? അതെ, പ്രഖ്യാപിച്ചു. മുസ്‌ലിം ഭരണാധികാരികളിൽ ഒരാളുടെ (സൌദി ഭരണാധികാരി) പ്രഖ്യാപനം വന്നു. നോമ്പ് പിടിക്കാൻ തക്ക സമയത്ത് ആ വിവരം കിട്ടിയോ കിട്ടി, ഏതാണ്ട് രാത്രി ഒമ്പത് മണിക്കു തന്നെ വിവരം കിട്ടി. എന്നാൽ നോമ്പ് തുടങ്ങാം. സംശയങ്ങളും പുകമറകളുമില്ല. എല്ലാം വ്യക്തം. കാപ്പാട്ടെ കാഴ്ചയോ? കാണാം, കാണാതിരിക്കാം. ശരിക്കും കണ്ടതോ അതോ കള്ളക്കാഴ്ചയോ തീർച്ചപ്പെടുത്താനാവില്ല. ഒരു മുസ്ലിം ഭരണാധികാരി അത് അംഗീകരിച്ച് പ്രഖ്യാപിച്ചോ? ഇവിടെ ശാസനാധികാരമുള്ള ഒരു മുസ്‌ലിം ഭരണാധികാരിയില്ലല്ലോ. ഖാളിമാരും കമ്മിറ്റിക്കാരും ഗ്രൂപ്പുകാരും ഒക്കെ പ്രഖ്യാപിച്ചല്ലോ? അവർ പ്രഖ്യാപിക്കാം, പ്രഖ്യാപിക്കാതിരിക്കാം. അതിനെന്തു വില?! അവരിൽ ആർക്കും ശാസനാധികാരമില്ലല്ലോ. അതിനാൽ അവരിൽ ഒരാൾ പ്രഖ്യാപിച്ചാൽ അത് മറ്റൊരാൾ സ്വീകരിക്കുകയുമില്ല. ഐക്യത്തിനു പകരം അവർ ഭിന്നിപ്പിനും കക്ഷിത്വത്തിനുമാണ് കാരണമാകുന്നതും. അവരെയെല്ലാം വെടിയുക. ശാസനാധികാരമുള്ള ഒരു മുസ്‌ലിം ഭരണാധികാരിയുടെ പ്രഖ്യാപനം ചെവിക്കൊള്ളുക. അല്ലാഹു അൽജമാഅഃയുടെ കൂടെയാണ്. അബൂ ത്വാരിഖ് സുബൈർ മുഹമ്മദ്
— ബഷീർ പുത്തൂർ
അരീക്കോടുകാരനായ എൻ വീ സക്കരിയയുടെ "മാസപ്പിറവി - മതവും ശാസ്ത്രവും" എന്ന വിഷയത്തിലുള്ള ഒരു ഓഡിയോ കുറച്ചു നേരമായി സോഷ്യൽ മീഡിയയിൽ കറങ്ങി നടക്കുന്നുണ്ട്. കാര്യമായ ചർച്ചയോ ഗൗരവമർഹിക്കുന്ന നിരീക്ഷണങ്ങളോ ഒന്നും അതിലടങ്ങിയിട്ടില്ലെങ്കിലും മാസപ്പിറവിയുമായി ബന്ധപ്പെട്ട് ഹിലാൽ കമ്മറ്റിയുടെ കീഴ്ക്കാംതൂക്കായ നിലപാടിനെ സാമാന്യവൽക്കരിച്ചു അതാണ് ശെരിയായ നിലപാട് എന്ന് വിശതീകരിക്കാൻ നിന്ന് വിയർക്കുന്നത് കാണുമ്പോൾ സഹതാപം തോന്നുകയാണ്. അരീക്കോട് നല്ല ഒരു പ്രദേശമാണ്. ഒരുപാട് നല്ല മുസ്‌ലിംകൾ ജീവിച്ചു മരിച്ചുപോയ ഒരു നാട്. പക്ഷെ, എപ്പോഴും അങ്ങിനെതന്നെ ആയിക്കൊള്ളണമെന്നില്ല.
മാസപ്പിറവിയുമായി ബന്ധപ്പെട്ട വിഷയത്തിൽ കണക്കിനല്ല കാഴ്ചക്കാണ് പ്രസക്തിയും പരിഗണനയുമെന്ന കാര്യം പ്രമാണങ്ങളെക്കുറിച്ചു ശരാശരി ധാരണയുള്ള എല്ലാവർക്കുമറിയാവുന്നതാണ്. നദ്‌വത്തുൽ മുജാഹിദീന്റെ പഴയ കാല നിലപാടുകൾ അത് ശെരിവെക്കുന്നതുമാണ്. ആ നിലപാടിന്റെ ആധാരം നബി സ്വല്ലള്ളാഹു അലൈഹി വ സല്ലമയിൽ നിന്ന് മാസപ്പിറവിയുമായി ബന്ധപ്പെട്ട് വന്നിട്ടുള്ള സ്വഹീഹായ ധാരാളം ഹദീസുകളും നബിയും സ്വഹാബതുമടങ്ങുന്ന സലഫുകളുടെ നടപടിക്രമവും താബിഉകളും തബഉൽ അത്ബാഉമടക്കം ഇന്നോളമുള്ള മുസ്‌ലിം ഉമ്മത്തിന്റെയും പ്രാമാണികരായ ഉലമാക്കളുമാണ്. മറിച്ചു നിലപാടുകളുള്ള ഒറ്റപ്പെട്ട വ്യക്തികളും പണ്ഡിതന്മാരുമുണ്ടാകാം. അത് നിഷേധിക്കുന്നില്ല. എന്നാൽ അത്തരം വീക്ഷണഗതികളോടുള്ള സമീപനം അവർ ആ നിലപാടുകൾ സ്വീകരിക്കാൻ അവലംബിച്ച ദലീലിന്റെ പ്രാമാണികത പരിശോധിച്ച് കൊണ്ടായിരിക്കും. അല്ലാതെ , ഒരു വിഷയത്തിൽ എതിരഭിപ്രായം കാണുമ്പോഴേക്ക് "കിട്ടിപ്പോയി" എന്ന് പറഞ്ഞു കൊണ്ട് "വീക്ഷണ വ്യത്യാസമുള്ള" മസ്അലയായി വിലയിരുത്തുകയും, രണ്ടഭിപ്രായത്തിൽ ശെരിയെന്നു തോന്നുന്ന ഏതെങ്കിലുമൊന്ന് ഓരോരുത്തരുടെയും സൗകര്യം പോലെ ഏറ്റെടുത്തു പ്രചരിപ്പിക്കുകയും ചെയ്യുന്ന രീതി സുരക്ഷിതമോ പ്രോത്സാഹനാർഹമോ അല്ല. എന്നാൽ ഇവിടെ സകരിയ മൗലവി ആ നിലപാടാണ് സ്വീകരിച്ചു കാണുന്നത്. അദ്ദേഹം "കാഴ്ചക്ക് പരിഗണന നൽകുകയും കണക്കിനെ അവഗണിക്കുകയും ചെയ്യുന്ന രീതി ഇസ്‌ലാമികമല്ല എന്നാണാവകാശപ്പെടുന്നത്. അതായത് ഗോളശാസ്ത്ര കണക്കിന്റെ അടിസ്ഥാനത്തിൽ ഒരു നിലക്കും പിറവി ദർശനം സാധ്യമല്ലായെന്നു അതിന്റെ ആളുകൾ കട്ടായം പറയുന്ന ദിവസം, വിശ്വസ്തനും സത്യസന്ധനുമായ ഒരാൾ പിറവി ദർശനം സാക്ഷ്യപ്പെടുത്തിയാൽ അത് സ്വീകാര്യമല്ലായെന്നും അപ്പോൾ കണക്കിന് മാത്രമാണ് പരിഗണനയെന്നും അതാണ് ഇസ്‌ലാമിക നിലപാടെന്നും സ്ഥാപിക്കാനാണ് ശ്രമിക്കുന്നത്. അതിന് യാതൊരു ദലീലും അദ്ദേഹത്തിന് മുന്നോട്ട് വെക്കാനില്ല! മുജാഹിദ് പ്രസ്ഥാനത്തിന്റെ പരിണാമ ഘട്ടത്തിലെ മറ്റൊരു പേറ്റുനോവായി മാത്രമേ നമുക്കിതിനെ കാണാൻ കഴിയൂ. മാസപ്പിറവി നിർണ്ണയിക്കാൻ ദർശനം കൂടിയേ തീരൂവെന്ന് ബോധ്യപ്പെടുത്തുന്ന സ്വഹീഹായ ഹദീസുകളും സ്വഹാബികൾ അടക്കമുള്ള സലഫുകളുടെ ഫഹമും അമലും പൗരാണികരും ആധുനികരുമായ പ്രാമാണികരായ ഉലമാക്കളുടെ നിലപാടുകളും അരുക്കാക്കാൻ സുബുകിയുടെ ഒറ്റപ്പെട്ട അഭിപ്രായത്തിനു പരിഗണന നൽകുന്ന എൻവീ, താങ്കൾ വീണത് പടുകുഴിയിലാണ് ! സഹതാപമർഹിക്കാത്ത വീഴ്ച! സ്വഹാബത്തും അഹ്‌ലുസ്സുന്നത്തിന്റെ പ്രാമാണികരായ ഉലമാക്കളും ഒരു ഭാഗത്തു നിൽക്കുമ്പോൾ മറുഭാഗത്തു സുബുകിയുടെ ഒറ്റപ്പെട്ട വീക്ഷണവുമായി അങ്കത്തിനിറങ്ങാൻ നിങ്ങൾക്കെങ്ങനെ ധൈര്യം വന്നു !! ചുരുക്കത്തിൽ മാസപ്പിറവി കാണുക എന്നത് അഭിപ്രായ വ്യത്യാസമുള്ള ഒരു മസ്അലയാക്കി ചുരുട്ടിക്കെട്ടാൻ നിങ്ങൾക്ക് കഴിഞ്ഞുവെന്നാശ്വസിക്കാം ! പക്ഷെ അരീക്കോടിന്റെ ഓരോ മൺതരിയും നിങ്ങൾക്കെതിരെ എഴുനേറ്റു നിൽക്കും ! നിങ്ങൾ സംരക്ഷിക്കാൻ പാടുപെടുന്ന സർക്കുലർ എന്ന് തൊട്ടാണ് മതനിയമ സ്രോദസ്സായി പവിത്രമായിത്തീർന്നത് ? മാസപ്പിറവിയുടെ കാര്യം തീരുമാനമായ സ്ഥിതിക്ക് ഇനി തറാവീഹിന്റെ റക്അത്തിന്റെ കാര്യം കൂടി കട്ടപ്പുറത്താക്കാം. എന്തേ പറ്റില്ലേ ? മാസപ്പിറവിയുടേതിനേക്കാൾ കൂടുതൽ "തെളിവുകൾ" അതിനുണ്ട്. നബിയും സ്വഹാബികളും പതിനൊന്നിൽ കൂടുതൽ രാത്രി നമസ്കാരം നിർവ്വഹിച്ചതായി വിശ്വാസയോഗ്യമായ ഒരു രേഖയുമില്ല. എന്നാൽ, ഒരു അബ്ദുള്ള അൽ മനീഉ മാത്രമല്ല ശൈഖുൽ ഇസ്‌ലാം ഇബ്നുതീമിയ, ഇബ്നുൽഖയ്യിം തൊട്ട് ശൈഖ് ഇബ്നു ബാസ്, സ്വാലിഹുൽ ഉസൈമീൻ അടക്കം സൗദിയിലുള്ള മിക്ക പണ്ഡിതരും പതിനൊന്നിലധികം ആകാമെന്ന വീക്ഷണക്കാരാണ്. അപ്പോൾ തറാവീഹും അഭിപ്രായ വ്യത്യാസമുള്ള വിഷയമായി ! ഇങ്ങിനെ ഒറ്റപ്പെട്ട അഭിപ്രായങ്ങൾ ചികയുകയും വഴിയിൽ കിട്ടിയതെല്ലാം ദീനായി പ്രചരിപ്പിക്കുകയും ചെയ്‌താൽ പിന്നെയെവിടെയാണ് മൗലവി ആദർശനിഷ്ഠ നിലനിൽക്കുക ? പല കാരണങ്ങളാലും തെറ്റായ അഭിപ്രായങ്ങളും വീക്ഷണഗതികളും പ്രകടിപ്പിക്കുകയും രേഖപ്പെടുത്തുകയും ചെയ്ത എത്രയെത്ര കിടയറ്റ ഉലമാക്കൾ കഴിഞ്ഞുപോയിട്ടുണ്ട് ? അവരുടെ വീക്ഷണഗതികളോടുള്ള നിലപാട് സ്വീകാര്യവും അസ്വീകാര്യവുമാകുന്നത്, അവരുടെ നിലപാടുകളുടെ ആധാരം എന്ത് എന്ന് പരിശോധിച്ച് കൊണ്ടാണ്. അല്ലാതെ സർക്കുലറിനൊപ്പിച്ചു പറഞ്ഞു പരത്തലല്ല. അത് കൊണ്ട് തന്നെ മാസപ്പിറവി വിഷയത്തിൽ സുബുക്കിയും അബ്ദുള്ള മനീഉം പറഞ്ഞതും നദ്‌വത്തുൽ മുജാഹിദീൻ സ്വീകരിച്ച പുതിയ നിലപാടും സ്വീകാര്യമോ സ്വാഗതാർഹമോ അല്ല ! ഹോം കൊറണ്ടൈനിൽ നടത്തിയ " ഓൺലൈൻ ഖുതുബ" പോലെ മറ്റൊരു പോഴത്തപ്പണിയാണ് മാസപ്പവിയുമായി ബന്ധപ്പെട്ട നിങ്ങളുടെ ഈ പുതിയ ക്ലിപ്പ് ! - ബഷീർ പുത്തൂർ عَنْ عَبْدِ اللَّهِ بْنِ عُمَرَ رَضِيَ اللَّهُ عَنْهُمَا أَنَّ رَسُولَ اللَّهِ صَلَّى اللَّهُ عَلَيْهِ وَسَلَّمَ ذَكَرَ رَمَضَانَ فَقَالَ : لَا تَصُومُوا حَتَّى تَرَوْا الهلال وَلا تُفْطِرُوا حَتَّى تَرَوْهُ فَإِنْ غُمَّ عَلَيْكُمْ فَاقْدُرُوا لَهُ رواه البخاري (1906) ومسلم 1080 അബ്ദുള്ളാഹിബ്നു ഉമർ റദിയള്ളാഹു അൻഹുമാ യിൽ നിന്ന്: നിശ്ചയമായും നബി സ്വല്ലള്ളാഹു അലൈഹി വ സല്ലം റമദാനിനെക്കുറിച്ചു പറഞ്ഞു: "പിറവി കാണുന്നത് വരെ നിങ്ങൾ നോമ്പെടുക്കരുത്. പിറവി കാണുന്നത് വരെ നിങ്ങൾ നോമ്പ് മുറിക്കുകയുമരുത്. ഇനി നിങ്ങൾക്ക് ( പിറവി ) മറക്കപ്പെട്ടാൽ നിങ്ങൾ കണക്കാക്കിക്കൊള്ളുക" (മാസം മുപ്പത് തികച്ചു കൊള്ളുക) (ബുഖാരി 1906, മുസ്ലിം 1080) — ബഷീർ പുത്തൂർ ഇബ്നു ഉഥൈമീൻ മാത്രമല്ല മറ്റു പലരും ഈ അഭിപ്രായക്കാരുണ്ട്, എന്നാൽ അദ്ദേഹം പറഞ്ഞതുപോലെ തന്നെ മറിച്ച് അഭിപ്രായം പറഞ്ഞ പണ്ഡിതന്മാരുമുണ്ട്.
അങ്ങനെ പണ്ഡിതന്മാർ അഭിപ്രായ വ്യത്യാസത്തിലായാൽ നമ്മൾ അതിൽ നമ്മുടെ ബുദ്ധിക്ക് യോജിക്കുന്നതോ, ഭൂരിപക്ഷത്തിനനുസരിച്ചോ ഒന്നുമല്ല നിലപാടെടുക്കേണ്ടത്. പണ്ഡിതന്മാർ നിരത്തിയ പ്രമാണങ്ങളിലാണ് ശ്രദ്ധ പതിപ്പിക്കേണ്ടത്. അല്ലാഹുവിന്റെ കിതാബിലേക്കും റസൂലുല്ലയുടെ സുന്നത്തിലേക്കും മടക്കുന്നതിൽ ശരിയായത് ആരുടേതോ അതാണ് പിന്തുടരേണ്ടത്. അത് ഒരുപക്ഷേ ന്യൂനപക്ഷമാകാം പക്ഷേ അവരായിരിക്കും അപ്പോൾ സത്യത്തിന്റെ പക്ഷം. പണ്ഡിതന്മാരുടെ വാക്കുകളെ പ്രമാണമാക്കുകയല്ല; മറിച്ച് പണ്ഡിതന്മാരുടെ വാക്കുകളിൽ പ്രമാണത്തെ തിരയുകയാണ് നമ്മുടെ കർത്തവ്യം. പണ്ഡിതവചനങ്ങളിൽ നമ്മളാഗ്രഹിക്കുന്ന ഇളവുകൾ ലക്ഷ്യം പരതി, യോജിച്ചതു മാത്രം തെരഞ്ഞു നടക്കുന്നവൻ അറിയാതെ മതവിരോധത്തിലെത്തുമെന്നാണ് ഇമാം ഇബ്നുൽ ഖയ്യിമും മറ്റു പലരും പറഞ്ഞിട്ടുള്ളത്. മേൽ വിഷയത്തിലും ഇതു തന്നെയാണ് സ്ഥിതി. അല്ലാമാ ഇബ്നു ഉഥൈമീൻ പറഞ്ഞ അഭിപ്രായമല്ല, ശൈഖുൽ ഇസ്ലാം ഇബ്നു തൈമിയ്യ, അല്ലാമാ സ്വിദ്ദീഖ് ഹസൻ ഖാൻ, അല്ലാമാ അൽബാനി തുടങ്ങിയവർ നിരത്തിയ പ്രമാണങ്ങളാണ് ബലപ്പെട്ടവ. വിശദമായി അവയുടെ ബലാബലം മനസ്സിലാക്കാൻ അബൂത്വാരിഖിന്റെ വിവരണം അവലംബിക്കുക. അല്ലാഹു നമ്മെ ഹിദായത്തിലാക്കട്ടെ. - അബു തൈമിയ്യ ഹനീഫ് നാളെ (ദുൽഹിജ്ജ 9- ആഗസ്റ്റ് 20) അറഫാ ദിനം. അല്ലാഹുവിന്റെ റസൂൽ പറഞ്ഞു: അറഫാദിനം പോലെ, അല്ലാഹു അവന്റെ അടിമയെ ഇത്രയധികം നരകത്തിൽ നിന്ന് മോചിപ്പിക്കുന്ന മറ്റൊരു നാളുമില്ല. അവൻ അടുത്തുവരും, എന്നിട്ട് അവന്റെ മലക്കുകളോട് അവരെക്കുറിച്ച് അഭിമാനം കൊള്ളും, അവരോടു പറയും: എന്താണ് ഇവർ ആഗ്രഹിക്കുന്നത്. (മുസ്'ലിം) അഥവാ, അല്ലാഹുലിന്റെ റഹ്'മത്തും പാപമോചനവും ആഗ്രഹിച്ച് വന്നവരാണവർ. അവർക്ക് അവൻ അത് നൽകിയിരിക്കുന്നു എന്നർത്ഥം. അറഫാ ദിനത്തിലെ നോമ്പ്: നബി പറഞ്ഞു: അറഫാ ദിനത്തിലെ നോമ്പ്, അല്ലാഹുവിൽ നിന്നു ഞാൻ പ്രതിഫലമായി പ്രതീക്ഷിക്കുന്നത്, കഴിഞ്ഞ വർഷത്തേയും വരുന്ന വർഷത്തേയും പാപങ്ങൾ പൊറുത്തു തരുമെന്നാണ്.(മുസ്'ലിം) അറഫാ ദിനത്തിലെ ദുആ: നബി പറഞ്ഞു: ഏറ്റവും ഉത്തമമായ ദുആ, അറഫാ നാളിലെ ദുആയാണ്. ഞാനും എനിക്കു മുൻപുള്ള നബിമാരും പറഞ്ഞതിൽ ഏറ്റവും ഉത്തമമായത്, لَا إِلَهَ إِلَّا اللَّهُ وَحْدَهُ لَا شَرِيكَ لَهُ، لَهُ المُلْكُ وَلَهُ الحَمْدُ وَهُوَ عَلَى كُلِّ شَيْءٍ قَدِيرٌ (തിർമുദി-അൽബാനി:ഹസൻ)
- അബു തൈമിയ്യ ഹനീഫ് അറഫാ ദിവസത്തെ നോമ്പുകൊണ്ട് കഴിഞ്ഞ ഒരു വര്‍ഷത്തെയും വരാനിരിക്കുന്ന ഒരു വര്‍ഷത്തെയും പാപങ്ങള്‍ പൊറുക്കപ്പെടും. ഹാജിമാര്‍ അറഫയില്‍ നില്‍ക്കുന്ന ദിവസമാണ് അറഫാ ദിനം. അത് ദുല്‍ഹിജ്ജ ഒമ്പതിനാണ്. അറബി മാസം തീരുമാനിക്കുന്നത് മാസപ്പിറവി കാണുന്നതിനെ അടിസ്ഥാനപ്പെടുത്തിയാണ്. മാസപ്പിറവി ഒരോ വീട്ടിലും പറമ്പിലും മഹല്ലിലും നാട്ടിലും രാജ്യത്തും പ്രത്യേകം പ്രത്യേകം കാണേണ്ടതില്ല. ലോകത്ത് എവിടെയെങ്കിലും ഒരിടത്ത് കാണുകയും, ആ കാഴ്ച ഒരു മുസ്ലിം ഭരണാധികാരി അംഗീകരിച്ച് പ്രഖ്യാപിക്കുകയും ചെയ്താല്‍ ആ വിവരം യഥാസമായം ലഭിക്കുന്ന ഏതൊരാള്‍ക്കും അത് ബാധാകമായിരിക്കും.
ഹജ്ജിന്‍റെ കര്‍മ്മങ്ങള്‍ നടക്കുന്നത് മക്കയിലാണ്. അവിടുത്തെ ഭരണാധികാരി, ദുല്‍ഹിജ്ജ മാസപ്പിറവി കണ്ടത് അംഗീകരിച്ച് പ്രഖ്യാപിക്കുകയും തദടിസ്ഥാനത്തില്‍ ദുല്‍ഹിജ്ജ ഒമ്പതിന്ന് അറഫാ ദിനം നിശ്ചയിക്കുകയും ചെയ്യുന്നു. അന്നാണ് ഹാജിമാര്‍ അറഫയില്‍ നില്‍ക്കുന്നത്. മക്കയിലെ ഭരണാധികാരി മക്കയിലെ പ്രാദേശികമായ കാഴ്ച മാത്രമല്ല പരിഗണിക്കുക. ലോകത്ത് എവിടെ കണ്ടാലും, യോഗ്യരായ ആളുകള്‍ സാക്ഷ്യപ്പെടുത്തുന്ന പക്ഷം, അദ്ദേഹത്തിന് അത് അംഗീകരിച്ച് പ്രഖ്യാപിക്കാവുന്നതാണ്. ഉമര്‍ رضي الله عنه അങ്ങനെ ചെയ്തിരുന്നു എന്നത് സുവിദിതമാണല്ലോ. ബലിപെരുന്നാള്‍ വിഷയത്തില്‍ മറ്റു നാട്ടുകാരെല്ലാം മക്കക്കാരെ പിന്തുടരുകയാണ് വേണ്ടതെന്ന് ഇമാം അഹ് മദിനെ പോലുള്ളവര്‍ പറഞ്ഞതിന്‍റെ സാംഗത്യവും അതു തന്നെയാണ്. അല്ലാതെ ഹാജിമാര്‍ അറഫയില്‍ നില്‍ക്കുന്ന "സമയത്ത് തന്നെ" അറഫാ നോമ്പ് പിടിക്കണം എന്നല്ല. അങ്ങനെ പറയാന്‍ തെളിവൊന്നുമില്ല. പരിഗണനീയരായ പണ്ഡിതന്മാരാരും അങ്ങനെ പറഞ്ഞിട്ടുമില്ല. അത് പ്രായോഗികവുമല്ല. ഈ വര്‍ഷം [1439/2018] ആഗസ്ത് 21 ചൊവ്വാഴ്ചയാണ് കേരളത്തിലുള്ളവര്‍ അറഫാ നോമ്പ് പിടിക്കേണ്ടത് എന്ന് ചിലര്‍ പ്രചരിപ്പിക്കുന്നുണ്ട്. അത് ശരിയല്ല. അത് തെറ്റാണ്. അന്ധമായ അനുകരണമോ, സംഘടനാപരമായ പക്ഷപാതമോ അല്ലാതെ മറ്റൊരടിസ്ഥാനവും അതിനില്ല. ആഗസ്ത് 11 ശനിയാഴ്ച സൂര്യനസ്തമിച്ച ശേഷം ദുല്‍ഹിജ്ജ മാസപ്പിറവി കാണുകയും, അത് മക്കയിലെ ഭരണാധികാരി അംഗീകരിച്ച്, ആഗസ്ത് 12 ഞായറാഴ്ച ദുല്‍ഹിജ്ജ ഒന്നായി പ്രഖ്യാപിക്കുകയും ചെയ്തിട്ടുള്ളതാണ്. തടദിസ്ഥാനത്തില്‍ ആഗസ്ത് 20 തിങ്കളാഴ്ചയാണ് ഈ വര്‍ഷത്തെ അറഫാ ദിനമായി നിശ്ചയിച്ചിട്ടുള്ളത്. അക്കാര്യം യഥാസമയത്ത് അറിഞ്ഞിട്ടും അത് അംഗീകരിക്കാതെ, കേരളത്തിലുള്ള ചിലര്‍ അവരുടെ പറമ്പില്‍ തന്നെ മാസപ്പിറവി കാണണമെന്ന് വാശിപിടിച്ചതു കൊണ്ടാണ് ഇങ്ങനെ ഒരു അബദ്ധം പിണഞ്ഞത്. ഈ വങ്കത്തം മറച്ചു പിടിക്കാന്‍ വേണ്ടി അവരുന്നയിക്കുന്ന ഒരു ദുര്‍ന്യാായമാണ് മക്കയുടെ എതിര്‍ ദിശയില്‍ സ്ഥിതിചെയ്യുന്ന നാടുകളിലുള്ളവര്‍ക്ക് എങ്ങനെയാണ് ഹാജിമാര്‍ അറഫയില്‍ നില്‍ക്കുന്ന "സമയത്ത് തന്നെ" അറഫാ നോമ്പ് പിടിക്കാന്‍ കഴിയുക എന്നുള്ളത്. ശുദ്ധമായ ഒരു അസംബന്ധം മാത്രമാണിത്. രണ്ടു കാര്യങ്ങള്‍ ഓര്‍ക്കുക: 1. ഹാജിമാര്‍ അറഫയില്‍ നില്‍ക്കുന്ന "സമയത്ത് തന്നെ" അറഫാ നോമ്പ് പിടിക്കണമെന്ന് അഹ് ലുസ്സുന്നത്തില്‍പെട്ട ആരും പറയുന്നില്ല. അതിനു പ്രമാണ രേഖകളുടെ പിന്‍ബലമില്ല, പരിഗണനീയമായ പണ്ഡിതാഭിപ്രായങ്ങള്‍ പോലുമില്ല. അത് ഒട്ടും പ്രായോഗികവുമല്ല. മറിച്ച്, അറഫാ ദിവസം ഒന്നേയുള്ളു. അത് ദുല്‍ഹിജ്ജ ഒമ്പതിനാണ്. ദുല്‍ഹിജ്ജ ഒമ്പത് ഓരോ പറമ്പും പ്രദേശവും മാറുന്നതിനുസരിച്ച് മാറ്റേണ്ട ഒന്നല്ല. ഇങ്ങനെയാണ് മഹാന്മാരായ ഇമാമുകളും മുഹഖിഖുകളായ ഉലമാക്കളും പറഞ്ഞിട്ടുള്ളത്. 2. മക്ക മനുഷ്യാധിവാസ കേന്ദ്രങ്ങളുടെ മധ്യത്തിലാണ് സ്ഥിതിചെയ്യുന്നത്. അവിടെ നിന്ന് കിഴക്കോട്ട് 12 മണിക്കൂറും, പടിഞ്ഞാറോട്ട് 12 മണിക്കൂറും ചേരുന്നതാണ് ഭൂമിയിലെ ഒരു ദിവസം. അതു കൊണ്ട് തന്നെ, ലോകത്തിന്‍റെ ഏത് കോണില്‍ വസിക്കുന്നവനും അറഫാ ദിവസം തന്നെ അറഫാ നോമ്പ് പിടിക്കാന്‍ കഴിയും. മാസപ്പിറവി പ്രാദേശികമായി തന്നെ കാണണമെന്നും, തദടിസ്ഥാനത്തില്‍ പ്രാദേശികമായി ദുല്‍ഹിജ്ജ 9 എന്നാണോ വരുന്നത് അന്നാണ് അറഫാ നോമ്പ് പിടിക്കേണ്ടതെന്ന് ജല്‍പിക്കുകയും ചെയ്യുന്നവര്‍ അറഫാ ദിവസം തന്നെ അറഫാ നോമ്പ് പിടിക്കാനുള്ള തൌഫീഖ് സ്വയം നഷ്ടപ്പെടുത്തുകയാണ് ചെയ്യുന്നത്. പ്രമാണ രേഖകളാണ്, യുക്തിയല്ല മതകാര്യങ്ങള്‍ക്ക് അടിസ്ഥാനമെന്ന് വിശ്വസിക്കുന്ന ഒരാളും ഇങ്ങനെ ഒരു ചോദ്യം ഉന്നയിക്കാനിടയില്ല. മറിച്ച്, യുക്തി പ്രമാണ രേഖകള്‍ക്കും അതീതമാണെന്ന് കരുതുന്ന ചില അല്‍പബുദ്ധികളാണ് ഈ അസംബന്ധം എഴുന്നള്ളിക്കാറുള്ളത്. മാസപ്പിറവി ലോകത്ത് എവിടെ കണ്ടാലും പരിഗണിക്കേണ്ടതാണ്. പ്രാദേശികമായ കാഴ്ച നിര്‍ബന്ധമില്ലാത്തതാണ്. പ്രമാണബദ്ധവും പ്രായോഗികവുമായ ഈ നിലപാടിനെ ഖണ്ഡിക്കാന്‍ കഴിയാതെ വരുമ്പോള്‍ ഇല്ലാത്ത ആരോപണങ്ങളുന്നയിച്ച് മറുപടി പറഞ്ഞ് ആത്മസംതൃപ്തി നേടാന്‍ ചില അല്‍പന്മാരുടെ കുബുദ്ധിയില്‍ ഉദിക്കുന്ന കാര്യമാണ് 'മക്കയുടെ ഏതിര്‍ ദിശയില്‍ സ്ഥിതിചെയ്യുന്ന നാടുകളിലുള്ളവര്‍ ഹാജിമാര്‍ അറഫയില്‍ നില്‍ക്കുന്ന "സമയത്ത് തന്നെ" എങ്ങനെ അറഫാ നോമ്പ് പിടിക്കും' എന്നുള്ള ചോദ്യം. തിങ്കളാഴ്ച അറഫാ നോമ്പ് പിടിച്ച് ബുധനാഴ്ച ബലിപെരുന്നാള്‍ ആഘോഷിക്കുമ്പോള്‍ നോമ്പിനും പെരുന്നാളിനും ഇടയില്‍ ഒരു ദിവസത്തെ വിടവ് വരില്ലേ? ഇങ്ങനെ ഒരു സംശയം സ്വാഭാവികം മാത്രം. അങ്ങനെ ഒരു ശൂന്യദിനം വരുന്നതിന് ഒരു കുഴപ്പവുമില്ല. ദീനില്‍ അതിന് തെളിവുണ്ട് താനും. ഹദീസുര്‍ റഹ്ത്വ് നല്‍കുന്ന രണ്ടാമത്തെ പാഠവും അതു തന്നെയാണ്. റമളാന്‍ 29 ന് മദീനയില്‍ മാസപ്പിറവി ദൃശ്യമായില്ല. അടുത്ത ദിവസം അവര്‍ നോമ്പ് തുടര്‍ന്നു. വൈകുന്നേരം അസ്ര്‍ നമസ്കരിച്ചിരിക്കുമ്പോള്‍ ഒരു യാത്രാ സംഘം വരുന്നു. തലേദിവസം അവര്‍ മാസപ്പിറവി കണ്ടത് നബി صلى الله عليه وسلم യെ ബോധിപ്പിക്കുന്നു. അവിടുന്ന് നോമ്പ് മുറിക്കുന്നു. മറ്റുള്ളവരോട് മുറിക്കാന്‍ കല്‍പിക്കുന്നു. പിറ്റേ ദിവസം കാലത്ത് പെരുന്നാള്‍ ആഘോഷിക്കാന്‍ മുസ്വല്ലയിലേക്ക് പുറപ്പെടാനും നിര്‍ദ്ദേശിക്കുന്നു. റമളാന്‍ 29 ദിവസം മാത്രം. പിന്നെ ഒരു ശൂന്യദിനം. പിറ്റേദിവസം പെരുന്നാള്‍!! ഈ തിങ്കളാഴ്ച (20.08.2018) അറഫാ ദിനം. അന്ന് തന്നെ അറഫാ നോമ്പ് പിടിക്കലാണ് സുന്നത്ത്. പെരുന്നാള്‍ ആഘോഷിക്കേണ്ടത് മുസ്ലിം ലോകത്തോടൊപ്പം ചൊവ്വാഴ്ചയും. സങ്കടകരമെന്ന് പറയട്ടെ, കേരളത്തില്‍ അങ്ങനെ ഒരു തീരുമാനമുണ്ടായില്ല - والله المستعان ചൊവ്വാഴ്ച പെരുന്നാള്‍ ആഘോഷിക്കാന്‍ സാഹചര്യം ലഭിക്കാത്തവര്‍ ഏതു നാട്ടിലാണോ ഉള്ളത് ആ നാട്ടിലെ മുസ്ലിംകളോടൊപ്പം പെരുന്നാള്‍ ആഘോഷിക്കട്ടെ. അതിനാണ് കല്‍പനയുള്ളത്. അങ്ങനെ ബുധനാഴ്ച പെരുന്നാള്‍ ആഘോഷിക്കേണ്ടി വന്നാല്‍ ഹദീസുര്‍ റഹ്ത്വിന്‍െറ അടിസ്ഥാനത്തില്‍ ചൊവ്വാഴ്ച ശൂന്യദിനമായി കണക്കാക്കാവുന്നതുമാണ്. والله أعلم - അബു ത്വാരിഖ് സുബൈർ |
IslamBooks.inBooks and Articles on Islam, correct and pure. Archives
June 2025
Categories
All
|