പ്രധാനമായും പിശാചിനെ പ്രീണിപ്പിച്ചു കൊണ്ടും പ്രീതിപ്പെടുത്തിയുമാണ് ആഭിചാരക്രിയകൾ നടക്കുന്നത്. അക്കാരണത്താൽ തന്നെ സിഹ്ർ ചെയ്യുന്ന സാഹിർ (മാരണക്കാരൻ) ശിർക്ക് ചെയ്യുകയും കുഫ്‌റിൽ അകപ്പെടുകയും ചെയ്യുന്നു. ശിർക്കും കുഫ്‌റുമടക്കം പല വിധത്തിലും രൂപത്തിലുമുള്ള വിനാശകരവും അനിഷ്ടകരവുമായ പരിണിതികൾ ഉണ്ടായിത്തീരുന്നത് കൊണ്ടാണ് സിഹ്ർ ചെയ്യുന്നതും അതുമായി പ്രത്യക്ഷമോ പരോക്ഷമോ ആയ നിലക്ക് പോലും ഇടപെടുന്നതും ഇസ്‌ലാം ശക്തമായി എതിർക്കുകയും വിലക്കുകയും ചെയ്തത്. എന്നാൽ, സിഹ്ർ എന്ന പ്രക്രിയ ഉണ്ടെന്നും പൗരാണിക കാലത്തു തന്നെ ദുഷ്ട മനസ്സിന്റെ ആളുകൾ അതുമായി ഇടപെട്ടിരുന്നുവെന്നും ഖുർആൻ തന്നെ പറയുന്നുണ്ട്. സൂറത്തുൽ ബഖറയിൽ 102 -മത്തെ വചനത്തിൽ അല്ലാഹു അക്കാര്യം വ്യക്തമാക്കുന്നുണ്ട്. പക്ഷെ, സിഹ്ർ എന്നത് തന്നെ യാഥാർഥ്യമില്ലാത്തതും വെറും ഭാവനയുമാണെന്നും അതിനു യാഥാർഥ്യമോ ഫലമോ ഇല്ലെന്നും വാദിക്കുന്ന ആളുകൾ മുമ്പുമുണ്ടായിട്ടുണ്ട്; ഇപ്പോഴുമുണ്ട്. പഴയ കാലത്തു പ്രമാണങ്ങളെ യുക്തി കൊണ്ട് വ്യാഖ്യാനിക്കുന്ന മുഅതസില, ഖദരിയ്യ തുടങ്ങിയ കക്ഷികളായിരുന്നുവെങ്കിൽ ആധുനിക ലോകത്തു അതിന്റെ അനന്തരാവകാശികളായ അഖലാനികളാണ് അതിന്റെ ആളുകൾ. സിഹ്റിനെ നിഷേധിക്കുകയും നബി സ്വല്ലല്ലാഹു അലൈഹി വ സല്ലമക്ക് സിഹ്ർ ബാധിച്ചു എന്ന ഹദീസ് നിരാകരിക്കുകയും ചെയ്യുന്നവരാണ് മർകസ് ദഅവ കേന്ദ്രീകരിച്ചു പ്രവർത്തിക്കുന്ന മുജാഹിദ് വിഭാഗം. "നബിക്കു സിഹ്ർ ബാധിച്ചുവെന്ന് ഞങ്ങൾ വിശ്വസിക്കുന്നില്ല; അത് മക്കാ മുശ്‌രിക്കുകളുടെ വിശ്വാസമാണ്" എന്ന് അവർ പരസ്യമായി പ്രചരിപ്പിച്ചു കൊണ്ടിരിക്കുന്നു. ഈയൊരു പരിതസ്ഥിതിയിൽ ഇന്റെ നിജസ്ഥിതി പരിശോധിക്കുകയും പ്രാമാണികരായ പൂർവ്വീക പണ്ഡിതന്മാരുടെ അഭിപ്രായങ്ങളും നിലപാടുകളും വിശകലനം ചെയ്യുന്നത് അനിവാര്യമാണ്. സ്വഹീഹുൽ ബുഖാരിയുടെ ശറഹായ ഫത്ഹുൽ ബാരിയിൽ ഇമാം ഇബ്നു ഹജറിൽ അസ്ഖലാനി റഹിമഹുല്ലാഹ് ഇമാം നവവിയെ ഉദ്ധരിച്ചു പറയുന്നു وَالصَّحِيحُ أَنَّ لَهُ حَقِيقَةً كَمَا قَدَّمْنَاهُ، وَبِهِ قَطَعَ الْجُمْهُورُ، وَعَلَيْهِ عَامَّةُ الْعُلَمَاءِ وَيَدُلُّ عَلَيْهِ الْكِتَابُ وَالسُّنَّةُ الصَّحِيحَةُ الْمَشْهُورَة "ശെരിയായിട്ടുള്ളത്, നാം നേരത്തെ സൂചിപ്പിച്ചത് പോലെ, തീർച്ചയായും അതിന് (സിഹ്‌റിന്) യദ്ധാർഥ്യമുണ്ട്. അത് തന്നെയാണ് ഭൂരിപക്ഷം ഉലമാക്കളും ഖണ്ഡിതമായി പറഞ്ഞതും, പൊതുവെ ഉലമാക്കളുടെ നിലപാടും. ഖുർആനും സുവിദിതമായ സ്വഹീഹായ ഹദീസും അത് തന്നെയാണ് അറിയിക്കുന്നത്" - ഫത്ഹുൽ ബാരി -10-22 ശറഹു മുസ്‌ലിമിൽ ഇമാം മാസിരി പറയുന്നു مذهب أهل السنة وجمهور علماء الأمة على إثبات السحر وأن له حقيقة "അഹ്‌ലുസ്സുന്നയുടെയും ഉമ്മത്തിലെ ഉലമാക്കളുടെയും വീക്ഷണം, സിഹ്‌റിന് യാഥാർഥ്യവും സ്ഥിരീകരണവുമുണ്ടെന്നാണ്." ശറഹു മുസ്‌ലിം 14/174 ഇമാം ഇബ്നുൽ ഖയ്യിം റഹിമഹുള്ളാ പറയുന്നു. فصل هَدْيِهِ ﷺ في عِلاجِ السِّحْرِ الَّذِي سَحَرَتْهُ اليَهُودُ بِهِ] * فَصْلٌ في هَدْيِهِ ﷺ في عِلاجِ السِّحْرِ الَّذِي سَحَرَتْهُ اليَهُودُ بِهِ قَدْ أنْكَرَ هَذا طائِفَةٌ مِنَ النّاسِ وقالُوا: لا يَجُوزُ هَذا عَلَيْهِ، وظَنُّوهُ نَقْصًا وعَيْبًا، ولَيْسَ الأمْرُ كَما زَعَمُوا، بَلْ هو مِن جِنْسِ ما كانَ يَعْتَرِيهِ ﷺ مِنَ الأسْقامِ والأوْجاعِ، وهو مَرَضٌ مِنَ الأمْراضِ، وإصابَتُهُ بِهِ كَإصابَتِهِ بِالسُّمِّ لا فَرْقَ بَيْنَهُما، وقَدْ ثَبَتَ في " الصَّحِيحَيْنِ " عَنْ عائشة رَضِيَ اللَّهُ عَنْها "ജൂതന്മാർ ചെയ്ത സിഹ്‌റിന്റെ ചികിത്സയിൽ നബി സ്വല്ലല്ലാഹു അലൈഹി വ സല്ലമയുടെ നടപടിക്രമം" ഒരു വിഭാഗം ആളുകൾ ഇത് (നബിക്ക് സിഹ്ർ ബാധിച്ചു എന്നത്) നിഷേധിച്ചിട്ടുണ്ട്. അദ്ദേഹത്തിന് (നബിക്ക്) അത് ബാധിക്കുകയില്ലെന്നാണ് അവർ പറയുന്നത്. അതൊരു ന്യുനതയും പോരായ്മയുമായാണ് അവർ കരുതുന്നത്. കാര്യം അവർ വാദിക്കുന്നത് പോലെയല്ല. അത് രോഗവും, വേദനയും പോലെ ഒരു കാര്യം മാത്രമാണ്. വിഷം തീണ്ടുന്നത് പോലെയുള്ള ഒരു കാര്യം. ആയിഷ റദിയള്ളാഹു അൻഹയിൽ നിന്നു രണ്ട് സ്വഹീഹുകളിലുമായി ഇക്കാര്യം സ്ഥിരപ്പെട്ടിട്ടുണ്ട് (ത്വിബ്ബുന്നബവി - ഇബ്നുൽ ഖയ്യിം-93) അദ്ദേഹം തുടർന്ന് പറയുന്നു. وقد اتفق أصحاب الصحيحين على تصحيح هذا الحديث، ولم يتكلم فيه أحد من أهل الحديث بكلمة واحدة، والقصة مشهورة عند أهل التفسير، والسنن والحديث، والتاريخ والفقهاء، وهؤلاء أعلم بأحوال رسول الله - صلى الله عليه وسلم - وأيامه من غيرهم "ഇരു സ്വഹീഹുകളുടെയും ആളുകൾ ഈ ഹദീസ് (നബിക്ക് സിഹ്ർ ബാധിച്ചു എന്ന ഹദീസ് ) സ്വഹീഹാണെന്ന് ഏകോപിച്ചിട്ടുണ്ട്. ഹദീസ് പണ്ഡിതന്മാരിൽ ഒരാൾ പോലും ഇതിനെ ആക്ഷേപിച്ചു കൊണ്ട് ഒരു വാക്കു പോലും പറഞ്ഞിട്ടില്ല. ഫുഖഹാക്കളും ചരിത്രകാരന്മാരും ഹദീസിന്റെയും തഫ്സീറിന്റെയും ഉലമാക്കളുടെ അരികിൽ ഈ സംഭവം പ്രസിദ്ധമാണ്. അവരാണ് നബി സ്വല്ലല്ലാഹു അലൈഹി വ സല്ലമയുടെ ജീവിതത്തെക്കുറിച്ചും ദൈനംദിന സംഭവങ്ങളെക്കുറിച്ചും മറ്റാരേക്കാളും അറിയുന്നവർ - ( ബദാഇഉൽ ഫവാഇദ്) ഇമാം ഖാദീ ഇയാദ് റഹിമഹുള്ളാ പറയുന്നു. قالَ القاضِي عِياضٌ: والسِّحْرُ مَرَضٌ مِنَ الأمْراضِ، وعارِضٌ مِنَ العِلَلِ، يَجُوزُ عَلَيْهِ ﷺ كَأنْواعِ الأمْراضِ مِمّا لا يُنْكَرُ، ولا يَقْدَحُ في نُبُوَّتِهِ "സിഹ്ർ എന്നത് ഒരു രോഗമാണ്. അത് നബി സ്വല്ലല്ലാഹു അലൈഹി വ സല്ലമക്കും ബാധിക്കാം. അത് അദ്ദേഹത്തിന്റെ പ്രവാചകത്വത്തിനു ദോഷം വരുത്തുന്നതല്ല" (ത്വിബ്ബുന്നബവി - ഇബ്നുൽ ഖയ്യിം-93)
ഈ വിഷയത്തിൽ അഹ്ലുസ്സുന്നയുടെ പ്രഗത്ഭരായ ഉലമാക്കളുടെ വേറെയും ഒരുപാട് ഉദ്ധരണികൾ കാണാം. ദൈർഘ്യം ഭയന്ന് ചുരുക്കുകയാണ്. സിഹ്ർ ബാധിക്കുമെന്നും അത് നബി സ്വല്ലല്ലാഹു അലൈഹി വ സല്ലമയെ ബാധിച്ചിട്ടുണ്ടെന്നുമുള്ള കാര്യം അഹ്‌ലുസ്സുന്നയുടെ സർവ്വഅംഗീകൃതമായ അഖീദയാണ്. ആരെങ്കിലും അതിനെ നിഷേധിക്കുകയോ നിരാകരിക്കുകയോ ചെയ്യുന്നുവെങ്കിൽ അവർ പ്രമാണത്തെക്കാൾ യുക്തിക്ക് പ്രാധാന്യം നൽകുന്ന അഖ്ലാനിയ്യത്തിന്റെ ആളുകളാണ്. അവരുടെ മുൻഗാമികൾ മുഅതസികളും ബാത്വിലിന്റെ ആളുകളുമാണ്. - ബശീർ പുത്തൂർ
0 Comments
നബി സ്വല്ലല്ലാഹു അലൈഹി വ സല്ലമക്ക് സിഹ്ർ ബാധിച്ചു എന്ന സംഭവം നിഷേധിക്കുന്നവർക്കുള്ള ന്യായം എന്താണ്? ഈ വിഷയം പരിശോധനക്ക് വിധേയമാക്കുന്നത് അനിവാര്യമാണ്. പ്രധാനമായും നബി സ്വല്ലല്ലാഹു അലൈഹി വ സല്ലമക്ക് സിഹ്ർ ബാധിച്ചു എന്ന ഹദീസിനെ നിഷേധിക്കുന്നവർക്ക് അതിനു പറയാനുള്ള ന്യായം, ആ ഹദീസിന്റെ സനദിൽ ഹിഷാം ബിൻ ഉർവ റദിയള്ളാഹു അൻഹു ഉണ്ട്. അദ്ദേഹത്തിന് ജീവിതാവസാന കാലത്ത് ഓർമ്മപ്പിശക് സംഭവിക്കുകയും പല കാര്യങ്ങളും തെറ്റായി രിവായത് ചെയ്യുകയും ചെയ്തിട്ടുണ്ട് എന്നതാണ്. ഇവിടെ വിശതീകരണം ആവശ്യമാണ്. ഹിശാം ബിൻ ഉർവ വിശ്വസ്തനും സത്യസന്ധനും നീതിമാനുമാണ്. അദ്ദേഹത്തിന് ഓർമ്മപ്പിശക് സംഭവിച്ചു എന്ന കാര്യം വാസ്തവവിരുദ്ധവും യാഥാർഥ്യങ്ങൾക്കു നിരക്കാത്തതുമാണ്. ഇമാം ദഹബി റഹിമഹുള്ളാ തന്റെ സിയറിൽ ഹിശാം ബിൻ ഉർവയുടെ തർജമയിൽ അക്കാര്യം അർത്ഥശങ്കക്കിടയില്ലാത്ത വിധത്തിൽ വ്യക്തമാക്കിയിട്ടുണ്ട്. ഇനി വാദത്തിന് വേണ്ടി അദ്ദേഹം അസ്വീകാര്യനാണെന്ന് സമ്മതിച്ചാൽ തന്നെ, ഹിശാം ഇല്ലാത്ത സനദിലൂടെ ഈ ഹദീസ് രിവായത് ചെയ്യപ്പെട്ടിട്ടുണ്ട്. അതിനാൽ തന്നെ ഈ ഹദീസ് ഒരു നിലക്കും തള്ളിക്കളയാൻ കഴിയാത്തതാണെന്ന് വ്യക്തം.
രണ്ടാമത്തെ കാര്യം, ഈ ഹദീസിന്റെ പരമ്പരയിൽ ഹിശാം ഉള്ളതിനാൽ അത് അസ്വീകാര്യമാണെന്നു പ്രാമാണികരായ പൗരാണികരോ ആധുനികരോ ആയ മുഹദിസുകളാരും രേഖപ്പെടുത്തിയിട്ടില്ല. പിന്നെ എന്തിന്റെ അടിസ്ഥാനത്തിലാണ് ഇവർ ഈ വാദമുന്നയിക്കുന്നത്? വാസ്തവത്തിൽ, ഈ വിഷയത്തെ സ്വന്തം യുക്തിയുടെയും ബുദ്ധിയുടെയും നിഗമനത്തിന്റെയും അടിസ്ഥാനത്തിൽ സമീപിക്കുകയും വ്യാഖ്യാനിക്കുകയുമാണ് ഇവർ ചെയ്യുന്നത്. നബി സ്വല്ലള്ളാഹു അലൈഹി വ സല്ലമക്ക് സിഹ്ർ ബാധിച്ചു എന്ന് കേൾക്കുമ്പോൾ അക്കാര്യം അവരുടെ യുക്തിക്ക് നിരക്കാത്തതും ഇവർ മനസ്സിലാക്കിയ പുരോഗമന ചിന്തക്കും, നവോദ്ധാന ആശയങ്ങൾക്കും എതിരായതുമായി തോന്നുകയും ചെയ്തു. അതിനാൽ തന്നെ ഈ ഹദീസിനെ നിഷേധിക്കാൻ അവർ നിർബന്ധിതരായി. പ്രമാണങ്ങൾ, അവ ഖുർആനാകട്ടെ, ഹദീസാകട്ടെ, വ്യാഖ്യാനിക്കുന്നതിന് സർവ്വാംഗീകൃതമായ നിയമങ്ങളുണ്ട്. ഓരോരുത്തർക്കും തോന്നുന്ന പോലെ അവ വ്യാഖ്യാനിക്കാൻ പാടില്ല.എത്ര കഴിവും അറിവും സാമർഥ്യവും ബുദ്ധി കൂർമതയും പ്രാവീണ്യവും പ്രാഗൽഭ്യവുമുള്ള ആളാണെങ്കിലും സലഫുകളുടെ വ്യാഖ്യാനവും അവരുടെ നിലപാടുകളും അവരുടെ അഭിപ്രായങ്ങളും പരിശോധിക്കുകയും തെളിവിന്റെ മുൻതൂക്കം പരിഗണിച്ചു കൊണ്ട് നിലപാടുകൾ രൂപപ്പെടുത്തുകയും ചെയ്യുകയാണ് വേണ്ടത്. പക്ഷെ, ദുഖകരമായ കാര്യം പല വിഷയങ്ങളിലും തങ്ങളുടെ യുക്തിക്ക് ശെരിയെന്ന് തോന്നുന്ന ആയത്തുകൾ ഖുർആനിൽ നിന്ന് അടർത്തിയെടുക്കുകയും പൂർവ്വീകരുടെ വ്യാഖ്യാനങ്ങളും ഉദ്ധരണികളും തെളിവുകളും പരിശോധിക്കാതെ സ്വതന്ത്രമായ വ്യാഖ്യാനം ചമച്ചു കൊണ്ട് പ്രചരിപ്പിക്കുന്ന തെറ്റായ കീഴ്വഴക്കമാണ് ഇവർ പിന്തുടരുന്നത്. ഇവരുടെ പ്രസംഗങ്ങളിലും പ്രസിദ്ധീകരണങ്ങളിലും ലേഖനങ്ങളിലും ഖുതുബകളിൽ പോലും യുക്തിയെ മാത്രം ആശ്രയിച്ചു കൊണ്ടുള്ള വ്യാഖ്യാനങ്ങൾ എമ്പാടും ഇടം പിടിക്കാറുണ്ട്. അതിനാൽ തന്നെ, ഇവിടെ ചർച്ചക്ക് വിധേയമായ പ്രസ്തുത ഹദീസിനെക്കുറിച്ചു പൂർവ്വീകരായ പ്രാമാണിക മുഹദ്ധിസുകളും ഉലമാക്കളും എന്ത് രേഖപ്പെടുത്തി എന്ന വസ്തുത കൂടി നമുക്ക് വിലയിരുത്തേണ്ടതുണ്ട്. - ബശീർ പുത്തൂർ സൂറത്തുൽ ഇസ്‌റാഇലെ 47-മത്തെ വചനവും സൂറത്തുൽ ഫുർഖാനിലെ എട്ടാമത്തെ വചനവും ചിലയാളുകൾ മനപ്പൂർവ്വം തെറ്റായി വ്യാഖ്യാനിക്കുകയും തൽഫലമായി സാധാരണ ജനങ്ങളെ തെറ്റിദ്ധരിപ്പിക്കുകയും ചെയ്തു കൊണ്ടിരിക്കുന്നു. ആദ്യം ആ ആയത്തുകളുടെ അർത്ഥവും അതിന്റെ ശെരിയായ വ്യാഖ്യാനവും ഒന്ന് പരിശോധിക്കാം. സൂറത്തുൽ ഇസ്‌റാഇൽ അല്ലാഹു പറയുന്നു. نَّحْنُ أَعْلَمُ بِمَا يَسْتَمِعُونَ بِهِ إِذْ يَسْتَمِعُونَ إِلَيْكَ وَإِذْ هُمْ نَجْوَىٰ إِذْ يَقُولُ الظَّالِمُونَ إِن تَتَّبِعُونَ إِلَّا رَجُلًا مَّسْحُورًا- سورة الإسراء4 " നീ പറയുന്നത് അവർ സശ്രദ്ധം കേൾക്കുന്ന സന്ദർഭത്തിൽ എന്തൊന്നാണ് അവർ കേട്ട് കൊണ്ടിരിക്കുന്നത് എന്ന് നമുക്ക് നന്നായി അറിയാം. അവർ സ്വകാര്യമായി പറയുന്ന സന്ദർഭത്തിൽ മാരണം ബാധിച്ച ഒരാളെ മാത്രമാണ് നിങ്ങൾ പിന്തുടരുന്നത് എന്ന് അക്രമകാരികളായ ആളുകൾ പറയുന്ന സന്ദർഭവും (നമുക്കറിയാം) സൂറത്തുൽ ഇസ്‌റാഉ -47 സൂറത്തുൽ ഫുർഖാനിൽ അല്ലാഹു പറയുന്നു. وَقَالُوا مَالِ هَٰذَا الرَّسُولِ يَأْكُلُ الطَّعَامَ وَيَمْشِي فِي الْأَسْوَاقِ ۙ لَوْلَا أُنزِلَ إِلَيْهِ مَلَكٌ فَيَكُونَ مَعَهُ نَذِيرًا أَوْ يُلْقَىٰ إِلَيْهِ كَنزٌ أَوْ تَكُونُ لَهُ جَنَّةٌ يَأْكُلُ مِنْهَا ۚ وَقَالَ الظَّالِمُونَ إِن تَتَّبِعُونَ إِلَّا رَجُلًا مَّسْحُورًا - سورة الفرقان 7 -8 അവർ പറയുകയും ചെയ്തു. : ഈ ദൂതൻ എന്താണിങ്ങനെ? ഇയാൾ ഭക്ഷണം കഴിക്കുന്നു, അങ്ങാടികളിലൂടെ നടക്കുന്നു. ഇയാളുടെ കൂടെ ഒരു താക്കീതുകാരനായിട്ട് എന്ത് കൊണ്ടാണ് ഇയാളുടെ അടുത്തേക്ക് ഒരു മലക്ക് ഇറക്കപ്പെടാത്തത്? അതല്ലെങ്കിൽ, അയാൾക്കൊരു നിധി ഇട്ടു കൊടുക്കപ്പെടുന്നില്ല? അല്ലെങ്കിൽ ഇയാൾക്ക് കായ് കനികൾ തിന്നാൻ പറ്റുന്ന രൂപത്തിൽ ഒരു തോട്ടമുണ്ടാകുന്നില്ല? അക്രമികൾ പറഞ്ഞു " മാരണം ബാധിച്ച ഒരാളെ മാത്രമാകുന്നു നിങ്ങൾ പിൻപറ്റുന്നത്" സൂറത്തുൽ ഫുർഖാൻ 7-8
ഈ രണ്ട് ആയത്തുകൾ ദുർവ്യാഖ്യാനിച്ചു കൊണ്ട് വളരെ വ്യാപകമായി മർകസ് ദഅവ മുജാഹിദുകൾ നബി സ്വല്ലല്ലാഹു അലൈഹി വ സല്ലമക്ക് സിഹ്ർ ബാധിച്ചു എന്നത് മക്കാ മുശ്‌രിക്കുകളുടെ അടിസ്ഥാന രഹിതമായ ആരോപണമാണെന്നും, അത് വിശ്വസിക്കാൻ പാടില്ലെന്നുമാണ് പ്രചരിപ്പിക്കുന്നത്. യഥാർത്ഥത്തിൽ ഖുർആനിലെ ആയത്തുകളെയും ഹദീസുകളെയും വ്യാഖ്യാനിക്കുന്നതിന് കേവല യുക്തിയും ബുദ്ധിയും മാത്രം അവലംബിച്ചപ്പോൾ സംഭവിച്ച അബദ്ധമാണിത്. മറിച്ച് വിശ്വാസയോഗ്യവും സത്യസന്ധവുമായ പ്രാമാണിക തഫ്സീറുകളെ അവലംബിക്കുകയും സലഫുകളായ ഉലമാക്കളും മുഫസ്സിറും ഈ ആയത്തുകൾക്കു നൽകിയ വ്യാഖ്യാനം പരിശോധിക്കുകയും സ്വീകരിക്കുകയും ചെയ്തിരുന്നെങ്കിൽ ഇവർ ഈ അബദ്ധത്തിൽ ചെന്ന് ചാടുമായിരുന്നില്ല. മുകളിലെ ആയത്തുകൾ വിശതീകരിക്കുകയും വ്യാഖ്യാനിക്കുകയും ചെയ്യുന്ന ഒരു തഫ്സീർ ഗ്രന്ഥത്തിലും പ്രാമാണികരായ മുഫസ്സിറുകളാരും ഇവിടെയുള്ള ഉദ്ദേശം നബിക്ക് സിഹ്ർ ബാധിച്ചു എന്ന വിഷയമാണ് ഇതെന്ന് രേഖപ്പെടുത്തുകയോ അതിന്റെയടിസ്ഥാനത്തിൽ നബിക്കു സിഹ്ർ ബാധിച്ചു എന്ന ഹദീസിന്റെ സ്വീകാര്യതയിൽ സംശയം രേഖപ്പെടുത്തുകയോ ചെയ്തിട്ടില്ല. മറിച്ച് മക്കാ മുശ്‌രിക്കുകളുടെ ആരോപണം നബി സ്വല്ലല്ലാഹു അലൈഹി വ സല്ലമക്ക് സിഹ്ർ മൂലം ബുദ്ധിഭ്രമം സംഭവിക്കുകയും, അങ്ങിനെ വഹ്‌യ് എന്ന് പറഞ്ഞു കൊണ്ട് പിച്ചും പേയും പറയുകയാണ് എന്നായിരുന്നു. യഥാർത്ഥത്തിൽ നബിയെ പരിഹസിക്കുകയും കൊച്ചാക്കുകയും അപഹസിക്കുകയും ചെയ്യുക മാത്രമായിരുന്നു അവരുടെ ലക്ഷ്യം. നബി സ്വല്ലല്ലാഹു അലൈഹി വ സല്ലമ പുറത്തിറങ്ങി അങ്ങാടികളിലൂടെ നടക്കുന്നതും ഭക്ഷണം കഴിക്കുന്നത് പോലും അവർ പ്രവാചകത്വത്തിനു യോജിക്കാത്ത കാര്യമായാണ് കണക്കാക്കിയത്. സിഹ്ർ ബാധിച്ചുവെന്നത് അതിൽ ഒരാരോപണം മാത്രമാണ്. കൂടാതെ, ഭ്രാന്തൻ, മാരണക്കാരൻ, ജ്യോൽസ്യൻ, തുടങ്ങിയ പല ആരോപണങ്ങളും അതിന്റെ പുറമെയുണ്ട്. വഹ്‌യിനെക്കുറിച്ചുള്ള അവരുടെ ആ ആരോപണത്തെയാണ് അല്ലാഹു ഈ ആയത്തുകളിലൂടെ ഖണ്ഡിക്കുന്നത്. ഇക്കാര്യമാണ് പ്രാമാണിക വ്യാഖ്യാനഗ്രന്ഥങ്ങളിലെല്ലാം ഖുർആൻ വ്യാഖ്യാതാക്കൾ രേഖപ്പെടുത്തിയായത്. എന്നാൽ ഖുർആനും ഹദീസും സ്വന്തം നിലക്ക് വ്യാഖ്യാനിക്കുന്ന പ്രവണത വ്യാപകമായി കണ്ടു വരുന്നു. പണ്ടൊക്കെ രാഷ്ട്രീയക്കാരിലായിരുന്നു ഇത്തരം പ്രവണതകൾ ഉണ്ടായിരുന്നത്. എന്നാൽ ഇന്ന് മതരംഗത്തു പ്രവർത്തിക്കുന്നവരും യാതൊരു തത്വദീക്ഷയുമില്ലാതെ സ്വന്തം യുക്തിയെ അടിസ്ഥാനമാക്കി ഖുർആൻ വ്യാഖ്യാനിക്കുന്നു. പണ്ട് മൗലാനാ മൗദൂദിയും കാന്തപുരവുമൊക്കെ അവരുടെ തെറ്റായ വാദങ്ങളെ സ്ഥാപിക്കാൻ സ്വീകരിക്കുന്ന കുതന്ത്രമാണ് ഖുർആനിന്റെ ആയത്തുകളെ തങ്ങളുടെ താല്പര്യങ്ങൾക്ക് അനുസൃതമായി ദുർവ്യാഖ്യാനിക്കുകയെന്നത്. കൊട്ടപ്പുറത്തു വെച്ച് നടന്ന വാദപ്രതിവാതത്തിൽ മരിച്ചു പോയവരോട് വിളിച്ചു പ്രാർത്ഥിക്കാൻ ഖുർആനിൽ തെളിവുണ്ടോയെന്ന് ചോദിച്ചപ്പോൾ, സൂറത്തു സുഖ്‌റുഫിലെ "വസ്അൽ മൻ അർസൽനാ ....." എന്ന് തുടങ്ങുന്ന തൗഹീദിന്റെ ആയത്ത് ഓതി തെറ്റിദ്ധരിപ്പിച്ചാണ് കാന്തപുരം രക്ഷപ്പെട്ടത്. വാസ്തവത്തിൽ അയാൾക്ക് എവിടെ നിന്നാണ് ഈ വ്യാഖ്യാനം കിട്ടിയത്? അതിന്റെ ആധാരം എന്താണ് ? ഈ ചോദ്യത്തിന്റെ ഉത്തരത്തിൽ ആ വ്യാഖ്യാനം തെറ്റാണെന്ന് സ്ഥാപിക്കാൻ കഴിയും. ലോകത്തു ഇന്നേ വരെയുള്ള ഒരൊറ്റ മുഫസ്സിറും ആ ആയതിന് കാന്തപുരം നൽകിയ വ്യാഖ്യാനം നൽകുകയോ സലഫുകൾ അങ്ങിനെ മനസ്സിലാക്കുകയോ ചെയ്തിട്ടില്ല. മറിച്ച് അയാൾ സ്വയംകൃതമായി കെട്ടിച്ചമച്ചതാണ് ആ വ്യാഖ്യാനം. അക്കാരണം കൊണ്ട് തന്നെ അത് ദുർവ്യാഖ്യാനവും അസ്വീകാര്യവുമായി. മറ്റൊരു ലക്ഷ്യത്തിനു വേണ്ടിയാണെങ്കിലും മുകളിൽ കൊടുത്ത ആയത്തുകൾ വ്യാഖ്യാനിക്കുന്നതിൽ മർകസ് ദഅവ മുജാഹിദുകൾ സ്വീകരിച്ചത് കാന്തപുരത്തിന്റെ അതേ അടവ് തന്നെയാണ്. മക്കാ മുശ്‌രിക്കുകൾ നബി സ്വല്ലല്ലാഹു അലൈഹി വ സല്ലമക്കെതിരിൽ പല ആക്ഷേപങ്ങളും ആരോപണങ്ങളും പരിഹാസങ്ങളും നടത്താറുണ്ടായിരുന്നു. അക്കൂട്ടത്തിൽ ഒന്നാണ് നബി സ്വല്ലല്ലാഹു അലൈഹി വസല്ലമക്ക് സിഹ്ർ ബാധിച്ചുവെന്നത്. എന്നാൽ സിഹ്ർ ബാധിക്കുകയെന്നത് പ്രവാചകത്വത്തിന് എതിരാവുകയോ നബി സ്വല്ലല്ലാഹു അലൈഹി വ സല്ലമയുടെ ദൗത്യനിർവഹണത്തിന് തടസ്സമാകുന്ന രൂപത്തിൽ പരിണമിക്കുകയോ ചെയ്തിട്ടില്ല. അക്കാര്യങ്ങളെല്ലാം തന്നെ പ്രാമാണികരായ പണ്ഡിതന്മാർ ഈ വിഷയം ചർച്ച ചെയ്യുന്ന ഇടങ്ങളിൽ വിശദമായി പ്രതിപാദിച്ചിട്ടുണ്ട്. ചുരുക്കത്തിൽ, ഖുർആനിലെ ആയത്തുകൾ ദുർവ്യാഖ്യാനം ചെയ്യുകയും, അതു വഴി മുസ്‌ലിം ലോകത്തു അഹ്‌ലുസ്സുന്നയുടെ പ്രാമാണിക പണ്ഡിതന്മാർക്കിടയിൽ യാതൊരഭിപ്രായ വിത്യാസവുമില്ലാത്ത നബിക്ക് സിഹ്ർ ബാധിച്ചുവെന്നു പറയുന്ന സ്വഹീഹുൽ ബുഖാരിയിലടക്കം വന്നിട്ടുള്ള സ്വഹീഹായ ഹദീസിനെ നിഷേധിക്കുകയും ചെയ്യുക. ഇതാണിപ്പോൾ വലിയ വിശ്വാസ വിപ്ലവമായി കൊണ്ടാടുന്ന ഇവരുടെ ദഅവത്. " മുഹമ്മദ് നബി സ്വല്ലല്ലാഹു അലൈഹി വ സല്ലമക്ക് സിഹ്ർ ബാധിച്ചുവെന്ന് ഞങ്ങൾ വിശ്വസിക്കുന്നില്ല, അത് മക്കാ മുശ്‌രിക്കുകളുടെ വിശ്വാസമാണ്' എന്ന് മൈക്കിന്റെ മുമ്പിൽ വന്ന് പറയുന്ന ഒരു കാഥികനോട് നമുക്ക് ഏറ്റവും ലളിതമായി ചോദിക്കാനുള്ളത് "എവിടെ നിന്ന് കിട്ടി നിങ്ങൾക്കീ വാദം"? ആരാണ് ഈ വിഷയത്തിൽ നിങ്ങളുടെ പൂർവ്വീകർ? ഖുർആൻ ദുർവ്യാഖ്യാനിച്ചിട്ടല്ലാതെ സ്വീകാര്യമായ ഒരുദ്ധരണി കൊണ്ടെങ്കിലും നിങ്ങൾക്ക് ഈ വാദം സ്ഥാപിക്കാൻ കഴിയുമോ? നബി സ്വല്ലല്ലാഹു അലൈഹി വ സല്ലം കൊണ്ട് വന്ന സത്യ സന്ദേശത്തെ നേരിടാൻ ഒരു കോപ്പും കയ്യിലില്ലാതെ വിഷമിച്ച മുശ്‌രിക്കുകൾ ഉന്നയിച്ച വെറും പോയിവെടികളായിരുന്നു ആ ആക്ഷേപങ്ങളെല്ലാം. രോഗം, മനോവിഷമം, വിശപ്പ്, ദാഹം, സന്തോഷം, ദുഃഖം, സങ്കടം തുടങ്ങി ഒരു മനുഷ്യന് ഉണ്ടാകുന്ന എല്ലാം നബി സ്വല്ലല്ലാഹു അലൈഹി വ സല്ലമയെയും ബാധിക്കാം. സിഹ്ർ അതിൽ ഒന്ന് മാത്രം. അത് നുബുവ്വത്തിനെ ഒരു നിലക്കും ബാധിച്ചിട്ടില്ല. നബി സ്വല്ലല്ലാഹു അലൈഹി വ സല്ലമക്ക് സിഹ്ർ ബാധിച്ചു എന്ന സംഭവം ഹദീസ് ഗ്രന്ഥങ്ങളിൽ സുവിദിതമായി രേഖപ്പെട്ടു കിടക്കുന്ന കാര്യമാണ്. ബുദ്ധിയെ പ്രമാണങ്ങൾക്ക് മുമ്പിൽ നാട്ടി വെക്കലാണ് പുരോഗമനം എന്ന് കരുതുന്ന ആളുകൾ സത്യം ഗ്രഹിക്കുകയും പ്രമാണങ്ങളിലേക്ക് മടങ്ങുകയുമാണ് വേണ്ടത്. - ബശീർ പുത്തൂർ |
IslamBooks.inBooks and Articles on Islam, correct and pure. Archives
August 2024
Categories
All
|