Your browser does not support viewing this document. Click here to download the document.
0 Comments
അടുത്തിടെ വായിച്ച പുസ്തകങ്ങളിൽ ഏറെ ഹൃദ്യവും ആകർഷണീയവുമായ കൈപ്പുസ്തകമാണ്, അബൂ ത്വാരിഖ് സുബൈർ മുഹമ്മദ് എഴുതിയ "മാസപ്പിറവി, മന്‍ഹജും മസ്അലയും" എന്ന കൊച്ചു കൃതി.
ദശാബ്ദങ്ങളായി കേരളത്തിലെ മുസ്‌ലിംകൾക്കിടയിൽ കുറഞ്ഞത്, വർഷത്തിൽ രണ്ടു തവണയെങ്കിലും വാഗ്‌പോരിനും സംവാദങ്ങൾക്കും വഴിമരുന്നിടാറുള്ള മാസപ്പിറവി നിർണ്ണയവുമായി ബന്ധപ്പെട്ട വിഷയത്തിൽ ഈ കൊച്ചു പുസ്തകം സമഗ്രമാണ്; വൈജ്ഞാനികമാണ്. പിറവി ദർശനം സ്ഥിരീകരിക്കാനും പ്രയോഗവൽക്കരിക്കാനുമുള്ള മാനദണ്ഡങ്ങൾ എന്താണെന്ന് അതി സൂക്ഷ്മവും കൃത്യവുമായ പ്രമാണങ്ങൾ കൊണ്ട് സ്ഥാപിക്കുന്ന പ്രസ്തുത കൃതി, ഇവ്വിഷയകമായി സത്യം എന്താണെന്ന് അറിയാൻ ആഗ്രഹിക്കുന്ന ഏതൊരു നിഷ്പക്ഷമതിയായ ഏതൊരു അന്വേഷകനും വ്യക്തമായ അവബോധം നൽകാൻ പര്യാപ്തമാണെന്ന് നിസ്സംശയം പറയാം. മാസപ്പിറവി നിർണ്ണയവുമായി ബന്ധപ്പെട്ട് പാർട്ടീ താൽപര്യങ്ങളും സംഘടനാ സങ്കുചിതത്വവും തൊട്ടു തീണ്ടാത്ത, തികച്ചും നബി സ്വല്ലള്ളാഹു അലൈഹി വ സല്ലമയുടെയും സ്വഹാബത്തിന്റെയും നിലപാട് പച്ചയായി പ്രതിഫലിപ്പിക്കുകയും, അത് പ്രയോഗവൽക്കരിക്കുന്നതിൽ സ്വീകരിക്കേണ്ട നടപടിക്രമങ്ങൾ വരച്ചു കാണിക്കുകയും ചെയ്യുന്നതിൽ ലേഖകൻ വിജയിച്ചിട്ടുണ്ട് എന്ന കാര്യത്തിൽ തർക്കമില്ല. ഓരോ ദേശക്കാർക്കും പ്രത്യേകം പ്രത്യേകം പിറവി ദർശനം വേണം എന്ന അതിരുവിട്ട നിലപാടിനെയും , പിറവി ദർശനം നിർണ്ണയിക്കാൻ, കാഴ്ചക്ക് പകരം കണക്കിനെ അവലംബിക്കാമെന്ന വികല വാദത്തെയും വ്യക്തമായ പ്രമാണങ്ങൾ കൊണ്ട് ഖണ്ഡിക്കുകയും, ലോകത്ത് എവിടെ പിറവി ദർശനം സ്ഥിരീകരിക്കപ്പെടുകയും ഒരു മുസ്‌ലിം ഭരണാധികാരി അത് തുല്യം ചാർത്തുകയും ചെയ്‌താൽ ആ വിവരമറിയുന്ന എല്ലാവരും തദടിസ്ഥാനത്തിലുള്ള അമല് ചെയ്യാൻ നിർബന്ധിതരാണെന്ന വസ്തുത തെളിവുകൾ സഹിതം പ്രസ്തുത ഗ്രന്ഥത്തിൽ പ്രസ്താവിക്കുന്നു. കുറൈബ് റദിയള്ളാഹു അൻഹുവിന്റെ ഹദീസിൽ വന്ന ഇബ്നു അബ്ബാസ് റദിയള്ളാഹു അൻഹുവിന്റെ വാക്ക് മനസ്സിലാക്കുന്നതിൽ നവവിക്ക് സംഭവിച്ച അബദ്ധം ഈ വിഷയത്തിലെ സങ്കീർണ്ണതക്ക് ആക്കം കൂട്ടി എന്ന ലേഖകന്റെ നിരീക്ഷണം പക്വവും അതിലേറെ സംഗതവുമാണ്. മുസ്‌ലിം പണ്ഡിതന്മാർക്കിടയിലും വിശിഷ്യാ ശാഫിഈ മദ്ഹബിലും അപനിർമാണത്തിനു വലിയ പങ്കു വഹിച്ച പ്രസ്തുത നിലപാട് അസ്വീകാര്യവും പ്രമാണങ്ങളോട് പൊരുത്തപ്പെടാത്തതുമാണ് എന്ന് ഈ കൃതി വിളിച്ചോതുന്നു. ചുരുക്കത്തിൽ മാസപ്പിറവി നിർണ്ണയവുമായി ബന്ധപ്പെട്ട് കേരള മുസ്ലിംകളിൽ നിലനിൽക്കുന്ന ആശയക്കുഴപ്പങ്ങൾ ദുരീകരിക്കാനും, ഈ വിഷയത്തിൽ ഏറ്റവും കുറ്റമറ്റതും സത്യസന്ധവും പ്രമാണബദ്ധവുമായ നിലപാട് ഏതെന്ന് തിരിച്ചറിയാനും ഈ ലഘു കൃതി സഹായിക്കും എന്നതിൽ രണ്ടു പക്ഷമില്ല. - ബശീർ പുത്തൂർ
മാന്യരേ, السلام عليكم ورحمة الله وبركاته റമളാൻ കഴിഞ്ഞു, ഖുർആൻ പഠനവും പാരായണവും, തൌബയും ഇസ്തിഗ്‌ഫാറും, രാത്രി നമസ്കാരവും സദഖഃയും... അങ്ങനെയുള്ള പുണ്യകർമ്മങ്ങളുടെ മുപ്പത് രാപ്പകലുകൾ കൂടി മറഞ്ഞുപോയി. ഒപ്പം ആയുസ്സിൽ ഒരു റമളാൻ കൂടി രേഖപ്പെടുത്തപ്പെട്ടു. അൽഹംദു ലില്ലാഹ്! നമ്മുടെ നിയ്യത്തുകളും കർമ്മങ്ങളും അല്ലാഹു സ്വീകരിക്കട്ടെ. പിറകോട്ട് നോക്കുമ്പോൾ പ്രതീക്ഷകളുണ്ട്. പക്ഷെ, മനസ്സിനെ വല്ലാതെ അസ്വസ്ഥമാക്കാൻ കുറവുകളുടെ കൂമ്പാരങ്ങളുമുണ്ട്. വ്യക്തിപരമായ പരിമിതികൾ കാരണമോ, കൊറോണ മഹാമാരിയുമായി ബന്ധപ്പെട്ട നിയന്ത്രണങ്ങൾ മൂലമോ റമളാനിൽ പതിവായി ചെയ്തിരുന്ന കാര്യങ്ങൾ പലതും ചെയ്യാനായില്ല. അല്ലാഹുവേ, ഞങ്ങൾ പാപികളാണ്, ഒട്ടനവധി കുറ്റങ്ങളും കുറവുകളുമുള്ള പാപികൾ. നിൻറെ റഹ്‌മത്തിലും മഗ്‌ഫിറത്തിലുമാണ് ഇനി ഞങ്ങളുടെ പ്രതീക്ഷ. ഈദുഗാഹുകളിലോ പള്ളികളിലോ പെരുന്നാൾ നമസ്കാരം നടത്താൻ അനുവാദമില്ല. മുഖ്യമന്ത്രിയും ഖാളിമാരും സംഘടനാ നേതാക്കളും കമ്മിറ്റിക്കാരും ഒരുമിച്ച് നൽകുന്ന ഫത്‌വഃ വ്യക്തികൾ വീടുകളിൽ പെരുന്നാൾ നമസ്കരിക്കട്ടെ എന്നാണ്. ഈ രീതി ഇസ്‌ലാമിൽ സ്ഥിരപ്പെട്ടതല്ല. അതു കൊണ്ട് നിവൃത്തിയില്ല എന്ന് പറയാതെ വയ്യ. ദീനിൽ നൂതനമായ കാര്യങ്ങളുണ്ടാക്കി അത്തരം അപനിർമ്മിതികളുമായി അല്ലാഹുവിനെ കണ്ടുമുട്ടാൽ കഴിയില്ല. അപ്പോൾ ഈ ഫത്‌വഃ നൽകിയ ആരും നമ്മെ രക്ഷിക്കാൻ വരികയില്ലല്ലോ. മുസ്‌ലിംകൾ ഭരണാധികാരികളെ ബോധ്യപ്പെടുത്തേണ്ടിയിരുന്നതും ഭരണാധികാരികൾ മുസ്‌ലിംകളോട് കനിയേണ്ടിയിരുന്നതുമായ കാര്യം ഓരോ പട്ടണത്തിലും ഓരോ മുസ്വല്ല, ആളുകളുടെ എണ്ണം പരിമിതപ്പെടുത്തിയിട്ടെങ്കിലും, അനുവദിക്കുക എന്നതായിരുന്നു. അനിവാര്യ സാഹചര്യങ്ങളിൽ പ്രോട്ടോകോൾ പാലിച്ചു കൊണ്ട് പലതിനും അനുവാദം നൽകുന്നുണ്ടല്ലോ. അക്കൂട്ടത്തിൽ മുസ്‌ലിംകൾക്ക് അവരുടെ സാമൂഹ്യ ബാധ്യത (فرض كفاية) നിറവേറ്റാൻ അവസരം നൽകാമായിരുന്നു. ഞാൻ വ്യക്തിപരമായി പല വാതിലുകളും മുട്ടിനോക്കി. പക്ഷെ ശ്രമങ്ങളൊന്നും ഫലവത്തായില്ല. والله المستعان സകാതുൽ ഫിത്ർ കൊടുത്തു തീർക്കുക, പ്രഭാത ഭക്ഷണം കഴിക്കുക, കുളിക്കുക, സുഗന്ധം ഉപയോഗിക്കുക, തക്ബീർ ചൊല്ലുക, അനുവദനീയമായ മാർഗ്ഗങ്ങളിലൂടെ ബന്ധുക്കളുമായും സുഹൃത്തുക്കളുമായും സമ്പർക്കം പുലർത്തുക, അനുമോദനങ്ങൾ കൈമാറുക, റമളാനിൽ നാം ചെയ്ത കർമ്മങ്ങൾ സ്വീകരിക്കാൻ അല്ലാഹുവിനോട് കേഴുക... ഇതൊന്നും വിട്ടുകളയരുത്. മഹാമാരിയെ പ്രതിരോധിക്കാൻ ഭൌതികമായ മാർഗ്ഗങ്ങൾ അവലംബിക്കേണ്ടതാണ്. പക്ഷെ, വിശ്വാസികൾ അതു മാത്രം ചെയ്താൽ പോരാ. അല്ലാഹു പറയുന്നു: وَأَنِ اسْتَغْفِرُوا رَبَّكُمْ ثُمَّ تُوبُوا إِلَيْهِ يُمَتِّعْكُم مَّتَاعًا حَسَنًا إِلَىٰ أَجَلٍ مُّسَمًّى وَيُؤْتِ كُلَّ ذِي فَضْلٍ فَضْلَهُ ۖ وَإِن تَوَلَّوْا فَإِنِّي أَخَافُ عَلَيْكُمْ عَذَابَ يَوْمٍ كَبِيرٍ[هود 3] നിങ്ങള്‍ റബ്ബിനോട് പാപമോചനത്തിനായി കേഴൂ. എന്നിട്ട് അവനിലേക്ക് ഖേദിച്ചുമടങ്ങൂ. എങ്കില്‍ നിശ്ചിതമായ അവധി (മരണം) വരെ അവൻ നിങ്ങൾക്ക് നല്ല വിധത്തിൽ സൌഖ്യമേകും. ഉദാരമനസ്ക്കരായ എല്ലാവർക്കും അവരുടെ ഔദാര്യത്തിനുള്ള പ്രതിഫലം നൽകുകയും ചെയ്യും. മറിച്ച് തിരിഞ്ഞുകളയാനാണു ഭാവമെങ്കിൽ ഭയാനകമായ ഒരു ദിനത്തിലെ ശിക്ഷയെ ഞാൻ നിങ്ങളുടെ മേൽ ഭയപ്പെടുന്നു. (ഹൂദ് 3) തൌബഃയും ഇസ്തിഗ്‌ഫാറുമല്ലാതെ മറ്റൊരു പോംവഴിയില്ല. മഹാമാരിക്ക് എന്നല്ല, ഒന്നിനും. تقبل الله طاعتكم، عيدكم مبارك، عساكم من عواده والمقبولين فيه - അബൂ ത്വാരിഖ് സുബൈർ മുഹമ്മദ്
അല്ലാഹുവിൻറെ ദീൻ, ദീനുൽ ഇസ്‌ലാമിൻറെ നാലാമത്തെ സ്തംഭമായ റമളാനിലെ നോമ്പ്, റമളാൻ മാസം നിർണ്ണയിക്കേണ്ടത് എങ്ങനെ? ഇതൊന്നും തന്നെ
• രാഷ്ട്രീയക്കാർ അവരുടെ നിക്ഷിപ്ത താൽപര്യം സംരക്ഷിക്കാനുപയോഗിക്കേണ്ട വിഷയങ്ങളല്ല. • സംഘടനക്കാർ അവരുടെ സങ്കുചിതമായ പക്ഷപാതം കാണിക്കേണ്ട മേഖലയല്ല. • ഖാളിമാർ അവരുടെ മൂപ്പിളമ തർക്കത്തിന് ഉപയോഗിക്കേണ്ട കാര്യമല്ല. • ഗ്രൂപ്പ് കളിക്കാർക്കും റുവൈബിളമാർക്കും കൊട്ടിപ്പാടാനുള്ള തപ്പല്ല. മേൽ പറഞ്ഞത് നിങ്ങളുടെ മനഃസാക്ഷി തന്നെ നിങ്ങളോട് ഒരിക്കലെങ്കിലും സ്വകാര്യമായി പറഞ്ഞിട്ടുണ്ടായിരിക്കും. സത്യത്തിൻറെ ആ ഉൾവിളിയെ നിങ്ങൾ നിഷേധിക്കരുതായിരുന്നു. സത്യം നിങ്ങൾ ചുട്ടു ചാമ്പലാക്കിയെങ്കിൽ തന്നെ, ആ ചാരത്തിലെവിടെയോ ഒരു ചെറു കനൽ അവശേഷിക്കുന്നുണ്ടാവാം. എങ്കിൽ താഴെ പറയുന്ന കാര്യങ്ങളെ കുറിച്ച് ഒന്ന് പര്യാലോചിക്കൂ, സഹോദരാ! റമളാൻ നിർണ്ണയിക്കേണ്ടത് മാസപ്പിറവിയുടെ കാഴ്ചയെ അടിസ്ഥാനപ്പെടുത്തിയാണ്. ഗണിതശാസ്ത്രമല്ല, ഗോളശാസ്ത്രമല്ല, കലണ്ടറല്ല, രാഷ്ട്രീയമായ നീക്കുപോക്കുകളല്ല മാസം നിർണ്ണയിക്കാൻ അടിസ്ഥാനമാക്കേണ്ടത്. നബി ﷺ പറയുന്നു (മാസപ്പിറവി കണ്ടാൽ നിങ്ങൾ നോമ്പ് പിടിക്കുക, മാസപ്പിറവി കണ്ടാൽ നിങ്ങൾ നോമ്പ് അവസാനിപ്പിക്കുക – ബുഖാരി) ഒരു മുസ്‌ലിമായ വ്യക്തി മാസപ്പിറവി കണ്ടാൽ അത് ഒരു മുസ്‌ലിം ഭരണാധികാരിയുടെ മുന്നിൽ സാക്ഷ്യപ്പെടുത്തണം. ഭരണാധികാരി ആ സാക്ഷ്യം അംഗീകരിച്ച് പ്രഖ്യാപിച്ചാൽ ആ വിവരം ലഭിക്കുന്നവർ, പ്രാദേശികമായ അതിർ വരമ്പുകളില്ലാതെ എല്ലാവരും, അത് അംഗീകരിച്ച് നോമ്പ് തുടങ്ങണം. നബി ﷺ പറയുന്നു. (നോമ്പ് നിങ്ങൾ നോമ്പ് പിടിക്കുന്ന ദിവസമാണ് – തിർമുദി, അബൂദാവൂദ്) പരാമൃഷ്ട സന്ദർഭത്തിലെ നിങ്ങൾ, ജനം, പ്രജ എന്നൊക്കെയുള്ള പരാമർശത്തിൻറെ വിവക്ഷ ഭരണാധികാരിയും പ്രജകളുമാണ്. ഒരു മുസ്‌ലിം ഭരണാധികാരിയുടെ നിയന്ത്രണത്തിലല്ലാത്ത കക്ഷികളും വിഭാഗങ്ങളും ഇതിൻറെ പരിധിയിൽ പെടില്ല. തലയില്ലാത്ത തെങ്ങിൽ കേറുന്നത് നന്നല്ല എന്ന് പറയേണ്ടതുണ്ടോ?! വർഷാവർഷങ്ങളിൽ മാസപ്പിറവി സംബന്ധിച്ച് ആശയക്കുഴപ്പങ്ങൾ ഉടലെടുക്കുന്നു. ഓരോ വർഷവും ആശയക്കുഴപ്പങ്ങളുടെ പുതിയ പുതിയ പതിപ്പുകൾ അവതരിപ്പിക്കപ്പെടുന്നു. എന്നാൽ അഹ്‌ലുസ്സുന്നഃ ഫിത്നകളുടെയും ആശയക്കുഴപ്പങ്ങളുടെയും കൊടുങ്കാറ്റുകളിൽ ആടാതെ, ഉലയാതെ, വ്യക്തതയോടെ ഒരു പർവ്വതം കണക്കെ ഉറച്ചു നിൽക്കുന്നു. മാസം കണ്ടുവോ? കണ്ടു. ശാസനാധികാരമുള്ള ഒരു മുസ്‌ലിം ഭരണാധികാരി അത് അംഗീകരിച്ച് പ്രഖ്യാപിച്ചുവോ? അതെ, പ്രഖ്യാപിച്ചു. മുസ്‌ലിം ഭരണാധികാരികളിൽ ഒരാളുടെ (സൌദി ഭരണാധികാരി) പ്രഖ്യാപനം വന്നു. നോമ്പ് പിടിക്കാൻ തക്ക സമയത്ത് ആ വിവരം കിട്ടിയോ കിട്ടി, ഏതാണ്ട് രാത്രി ഒമ്പത് മണിക്കു തന്നെ വിവരം കിട്ടി. എന്നാൽ നോമ്പ് തുടങ്ങാം. സംശയങ്ങളും പുകമറകളുമില്ല. എല്ലാം വ്യക്തം. കാപ്പാട്ടെ കാഴ്ചയോ? കാണാം, കാണാതിരിക്കാം. ശരിക്കും കണ്ടതോ അതോ കള്ളക്കാഴ്ചയോ തീർച്ചപ്പെടുത്താനാവില്ല. ഒരു മുസ്‌ലിം ഭരണാധികാരി അത് അംഗീകരിച്ച് പ്രഖ്യാപിച്ചോ? ഇവിടെ ശാസനാധികാരമുള്ള ഒരു മുസ്‌ലിം ഭരണാധികാരിയില്ലല്ലോ. ഖാളിമാരും കമ്മിറ്റിക്കാരും ഗ്രൂപ്പുകാരും ഒക്കെ പ്രഖ്യാപിച്ചല്ലോ? അവർ പ്രഖ്യാപിക്കാം, പ്രഖ്യാപിക്കാതിരിക്കാം. അതിനെന്തു വില?! അവരിൽ ആർക്കും ശാസനാധികാരമില്ലല്ലോ. അതിനാൽ അവരിൽ ഒരാൾ പ്രഖ്യാപിച്ചാൽ അത് മറ്റൊരാൾ സ്വീകരിക്കുകയുമില്ല. ഐക്യത്തിനു പകരം അവർ ഭിന്നിപ്പിനും കക്ഷിത്വത്തിനുമാണ് കാരണമാകുന്നതും. അവരെയെല്ലാം വെടിയുക. ശാസനാധികാരമുള്ള ഒരു മുസ്‌ലിം ഭരണാധികാരിയുടെ പ്രഖ്യാപനം ചെവിക്കൊള്ളുക. അല്ലാഹു അൽജമാഅഃയുടെ കൂടെയാണ്. അബൂ ത്വാരിഖ് സുബൈർ മുഹമ്മദ് ഇത് ഇജ്തിഹാദിയായ മസ്അലയാണ്. യോഗ്യരായ പ്രാമാണികരായ ഉലമാക്കൾ ഇജ്തിഹാദ് നടത്തി നിവൃത്തി വരുത്തേണ്ട വിഷയമാണ്. കക്ഷിത്വവും താൻപ്രമാണിത്തവും സ്വന്തം യുക്തിയും അഖലും കൊണ്ട് വന്ന് ദീനിന്റെ മുമ്പിൽ വെക്കരുത്.
കിബാറുൽ ഉലമ പറഞ്ഞാൽ അത് മാത്രമാണ് ദീൻ എന്ന് കരുതിയാൽ കഥ കഴിഞ്ഞു ! അവർ ഏതൊരു ദലീലിന്റെ അടിസ്ഥാനത്തിലാണോ വിധി പറഞ്ഞത് എന്ന് പരിശോധിച്ച് കൊണ്ടാണ് അതിന്റെ സ്വീകാര്യതയും അസ്വീകാര്യതയും നിശ്ചയിക്കുന്നത്. അതായത്, കിബാറുൽ ഉലമ പറഞ്ഞു എന്നത് കൊണ്ട് അത് മാത്രമാണ് ദീൻ എന്ന് പറയരുത്. ഉദാഹരണത്തിന് തറാവീഹിന്റെ റക്അത്തുകളുടെ എണ്ണത്തിന്റെ വിഷയത്തിൽ സൗദിയിലെ കിബാറുകളുടെയും ലജ്‌നയുടെയും ഫത്‍വ പതിനൊന്നിലധികം ആകാമെന്നാണ്. അതിനോട് യോജിക്കുന്നവരുണ്ടാകാം. പക്ഷെഈ വിഷയത്തിൽ ദലീൽ എവിടെയാണ് ? അതുപോലെ ഏത് മസ്അലയിലും ദലീൽ എവിടെയാണ് എന്നതാണ് വിഷയം. അതാണ് പരിഗണിക്കേണ്ടത്. ഞാൻ പിടിച്ച മുയലിനു രണ്ട് കൊമ്പ് എന്ന നിലയിൽ വാഗ്വാദങ്ങളുടെ കവാടം തുറക്കേണ്ടതില്ല. ഇത് അള്ളാഹുവിന്റെ ദീൻ ആണെന്ന് മനസ്സിലാക്കുക.അഭിപ്രായ വൈരുധ്യങ്ങളിൽ സഹിഷ്ണുത പുലർത്തുക ! — ബഷീർ പുത്തൂർ ശൈഖ് ഇബ്നു ബാസ് رحمه الله പറഞ്ഞു:
"ഫിതര്‍ സകാത് നമ്മുടെ സ്വാഇന്റെ കണക്കില്‍ ഇപ്പോള്‍ ഏതാണ്ട് മൂന്ന് കിലോയോളം വരും, ഒരൽപ്പം കുറയും. സൂക്ഷമതക്കുവേണ്ടി മൂന്ന് കിലോ കൊടുത്താൽ പൂര്‍ണ്ണമായ സ്വാഅ് കൊടുത്തതാകും." - അബൂ തൈമിയ്യ ഹനീഫ്
بِسمِ اللهِ وَاللهُ أكبر اللّٰهُمَّ إنَّ هذا مِنْكَ وَلَكَ اللّٰهُمَّ تَقَبَّلْ مِنِّي (مناسك الحج والعمرة للعلامة الألباني) അല്ലാഹുവിന്റെ മുഴുവൻ നാമങ്ങളും കൊണ്ട് (അവന്റെ സഹായവും ബറകതും തേടിക്കൊണ്ട് ഞാൻ ആരംഭിക്കുന്നു).
അല്ലാഹുവാണ് ഏറ്റവും വലിയവൻ (മഹോന്നതൻ). അല്ലാഹുവേ തീർച്ചയായും ഇത് നിന്നിൽ നിന്നുള്ള(അനുഗ്രഹമാണ്). നിനക്കുവേണ്ടി മാത്രം (നിർവ്വഹിക്കുന്നതാണ്). അല്ലാഹുവേ എന്നിൽ നിന്ന് സ്വീകരിക്കണേ. - അബൂ തൈമിയ്യ ഹനീഫ്
ഇബ്നു ഉഥൈമീൻ മാത്രമല്ല മറ്റു പലരും ഈ അഭിപ്രായക്കാരുണ്ട്, എന്നാൽ അദ്ദേഹം പറഞ്ഞതുപോലെ തന്നെ മറിച്ച് അഭിപ്രായം പറഞ്ഞ പണ്ഡിതന്മാരുമുണ്ട്.
അങ്ങനെ പണ്ഡിതന്മാർ അഭിപ്രായ വ്യത്യാസത്തിലായാൽ നമ്മൾ അതിൽ നമ്മുടെ ബുദ്ധിക്ക് യോജിക്കുന്നതോ, ഭൂരിപക്ഷത്തിനനുസരിച്ചോ ഒന്നുമല്ല നിലപാടെടുക്കേണ്ടത്. പണ്ഡിതന്മാർ നിരത്തിയ പ്രമാണങ്ങളിലാണ് ശ്രദ്ധ പതിപ്പിക്കേണ്ടത്. അല്ലാഹുവിന്റെ കിതാബിലേക്കും റസൂലുല്ലയുടെ സുന്നത്തിലേക്കും മടക്കുന്നതിൽ ശരിയായത് ആരുടേതോ അതാണ് പിന്തുടരേണ്ടത്. അത് ഒരുപക്ഷേ ന്യൂനപക്ഷമാകാം പക്ഷേ അവരായിരിക്കും അപ്പോൾ സത്യത്തിന്റെ പക്ഷം. പണ്ഡിതന്മാരുടെ വാക്കുകളെ പ്രമാണമാക്കുകയല്ല; മറിച്ച് പണ്ഡിതന്മാരുടെ വാക്കുകളിൽ പ്രമാണത്തെ തിരയുകയാണ് നമ്മുടെ കർത്തവ്യം. പണ്ഡിതവചനങ്ങളിൽ നമ്മളാഗ്രഹിക്കുന്ന ഇളവുകൾ ലക്ഷ്യം പരതി, യോജിച്ചതു മാത്രം തെരഞ്ഞു നടക്കുന്നവൻ അറിയാതെ മതവിരോധത്തിലെത്തുമെന്നാണ് ഇമാം ഇബ്നുൽ ഖയ്യിമും മറ്റു പലരും പറഞ്ഞിട്ടുള്ളത്. മേൽ വിഷയത്തിലും ഇതു തന്നെയാണ് സ്ഥിതി. അല്ലാമാ ഇബ്നു ഉഥൈമീൻ പറഞ്ഞ അഭിപ്രായമല്ല, ശൈഖുൽ ഇസ്ലാം ഇബ്നു തൈമിയ്യ, അല്ലാമാ സ്വിദ്ദീഖ് ഹസൻ ഖാൻ, അല്ലാമാ അൽബാനി തുടങ്ങിയവർ നിരത്തിയ പ്രമാണങ്ങളാണ് ബലപ്പെട്ടവ. വിശദമായി അവയുടെ ബലാബലം മനസ്സിലാക്കാൻ അബൂത്വാരിഖിന്റെ വിവരണം അവലംബിക്കുക. അല്ലാഹു നമ്മെ ഹിദായത്തിലാക്കട്ടെ. - അബു തൈമിയ്യ ഹനീഫ് നമസ്കാര ശേഷമുള്ള കൂട്ട പ്രാർത്ഥന ബിദ്'അത്താണ് (കൂട്ട തക്'ബീറോ ?!)
എന്തുകൊണ്ട് ? നബി صلى الله عليه وسلم അഞ്ചുനേരത്തെ നമസ്കാര ശേഷം ഉച്ചത്തിൽ, ഈണത്തിൽ, നമ്മളിന്ന് പല പള്ളികളിലും കാണുന്ന പോലെ, ദുആ ചെയ്യുകയും സ്വഹാബത്ത് അതിന് ആമീൻ പറയുകയം ചെയ്തതായി സ്വഹീഹായ ഹദീസുകൊണ്ട് സ്ഥിരപ്പെട്ടിട്ടില്ല. കൂട്ട തക്'ബീറിന്റെ സ്ഥിതിയോ ? നബി صلى الله عليه وسلم അഞ്ചുനേരത്തെ നമസ്കാര ശേഷം ഉച്ചത്തിൽ, ഈണത്തിൽ, നമ്മളിന്ന് പല പള്ളികളിലും കാണുന്ന പോലെ, തക'ബീറ് ചൊല്ലുകയും സ്വഹാബത്ത് അതേറ്റുചൊല്ലുകയും ചെസ്തതായി സ്വഹീഹായ ഹദീസുകൊണ്ട് സ്ഥിരപ്പെട്ടിട്ടുണ്ടോ ?!! ദുൽ ഹിജ്ജ പത്തിലും ചെറിയപെരുന്നാൾ രാവിലും, പള്ളിമിനാരങ്ങളിൽ, ലൌഡ് സ്പീക്കറുകൾ വഴി, നമസ്കാരങ്ങൾക്കു ശേഷം കൂട്ടമായി നടത്തുന്ന തക്'ബീറിന്റെ വിധിയെപ്പറ്റി അല്ലാമാ മുഹമ്മദ് ബിൻ സ്വാലിഹ് അൽ ഉഥൈമീൻ رحمه ചോദിക്കപ്പെട്ടു, അപ്പോൾ മഹാനായ അദ്ദേഹം മറുപടി പറഞ്ഞു: ദുൽ ഹിജ്ജ പത്തിലെ തക്'ബീർ നമസ്കാരങ്ങൾക്കുശേഷമെന്ന് ബന്ധിക്കപ്പെട്ടതല്ല. അപ്രകാരം തന്നെ ചെറിയപെരുന്നാൾ രാവിലും, നമസ്കാരങ്ങൾക്കുശേഷമെന്ന് ബന്ധിക്കപ്പെട്ടതല്ല. അവർ അത് നമസ്കാരങ്ങൾക്കുശേഷവുമായി പ്രത്യേകം ബന്ധിപ്പിക്കുന്നത് വിമർശന വിധേയമാണ് . പിന്നെ അവർ അതിനെ കൂട്ടമായിട്ടാക്കിയതും വിമർശന വിധേയമാണ് . കാരണം അത് സലഫുകളുടെ രീതിക്കെതിരാണ് . അവർ അത് പള്ളിമിനാരങ്ങളിലൂടെ ഉയർത്തുന്നതും വിമർശന വിധേയമാണ് . ഈ മൂന്നു കാര്യങ്ങൾ ഇവയൊക്കെയും വിമർശന വിധേയമാണ് . നമസ്കാരങ്ങൾക്കു ശേഷം ശറഇൽ സ്ഥിരപ്പെട്ടിട്ടുള്ളത്, അറിയപ്പെട്ടതും സ്ഥിരമായിട്ടുള്ളതുമായ ദിക്'റുകൾ ചൊല്ലുക, പിന്നെ അതിൽ നിന്ന് വിരമിച്ചാൽ തക്'ബീറ് ചൊല്ലുക എന്നതുമാണ് . അപ്രകാരം തന്നെ അത് എല്ലാവരും കൂട്ടമായി ചെയ്യാതിരിക്കലാണ് ശറഇൽ സ്ഥിരപ്പെട്ടിട്ടുള്ളത്. മറിച്ച് എല്ലാവരും ഒറ്റക്കൊറ്റക്ക് ചൊല്ലുക, അതാണ് ശറഇൽ സ്ഥിരപ്പെട്ടിട്ടുള്ളത്. അനസ് ബിനു മാലികിൽ നിന്നുള്ള ഹദീസിൽ വന്നതുപോലെ; അവർ ഹജ്ജിന്റെ വേളയിൽ നബി صلى الله عليه وسلم യോടൊപ്പമായിരുന്നു , അവരിൽ തഹ്'ലീൽ ( لا إِلٰهَ إلا الله ) ചൊല്ലുന്നവർ ഉണ്ടായിരുന്നു, അവരിൽ തക്'ബീർ ചൊല്ലുന്നവർ ഉണ്ടായിരുന്നു, അവർ എല്ലാവരും ഒരേ അവസ്ഥയിലായിരുന്നില്ല. (ഫതാവാ അർകാനിൽ ഇസ്'ലാം) - അബു തൈമിയ്യ ഹനീഫ് നോമ്പും പെരുന്നാളും അനുഷ്ടിക്കുന്നതിന് അല്ലാഹുവിന്റെ റസൂൽ നിശ്ചയിച്ച അടിസ്ഥാനം ചന്ദ്രപ്പിറവി ദർശ്ശിക്കലും അധികാരമുള്ള ഒരു അതോറിറ്റി ആ സാക്ഷ്യം സ്വീകരിച്ച് പ്രഖ്യാപിക്കലുമാണ്. എവിടെ കണ്ടാൽ എവിടെ വരെയുള്ളവർക്ക് സ്വീകരിക്കാം എന്ന പരിധി റസൂലുല്ലാഹി വെച്ചിട്ടില്ല.
പിന്നെ അതിന്റെ മാനദണ്ഡമെന്ത് ? ശൈഖുൽ ഇസ്ലാം ഇബ്നു തൈമിയ്യയെപ്പോലുള്ള മുഹഖിഖുകൾ സുന്നത്തിൽ നിന്നും സ്വഹാബത്തിന്റെ നടപടിക്രമത്തിൽ നിന്നും മനസ്സിലാക്കിപ്പറഞ്ഞതാണ് അതിന്റെ മാനദണ്ഡം : "പരിഗണിക്കേണ്ട കാര്യം ; ഉപകരിക്കുന്ന സമയത്തിനുള്ളിൽ വിവരം എത്തുക എന്നതാണ്." റസൂലുല്ലയും സ്വഹാബത്തും മദീനയിൽ നോമ്പു മുപ്പതു പൂർത്തിയാക്കാൻ അൽപ്പനേരം മാത്രം ബാക്കി നിൽക്കുന്ന നേരത്ത് , മദീനയുടെ പുറത്തുനിന്ന് വന്ന യാത്രാസംഘം തെലേന്ന് രാത്രി മാസപ്പിറവി കണ്ട വിവരം അറിയിച്ചപ്പോൾ , ദൂരപരിധിയുടെ അളവുചോദിക്കാതെ സ്വീകരിക്കുകയും തന്റെ സ്വഹാബത്തിനെ വിളിച്ച് നോംമ്പ് അവസാനിപ്പിക്കാൻ നിർദ്ദേശിക്കുകയും ചെയ്ത കാര്യം സ്ഥിരപ്പെട്ട സുന്നത്താണ്. ഇതു തന്നെയാണ് ഖലീഫ ഉമർ ഹജ്ജിന്റെ ദിവസങ്ങൾ നിശ്ചയിക്കാനും അറഫയും നഹ്റും തീരുമാനിക്കാനും സ്വീകരിച്ച മാനദണ്ഡം. ദൂരെ നിന്നു വരുന്ന ഹാജിമാരോട് മാസപ്പിറവി കണ്ട വിവരം അന്വേഷിക്കും , അവരിൽ ആദ്യം കണ്ട കാഴ്ചക്കാരുടേത് പരിഗണിച്ച് തീരുമാനമെടുക്കും , ദൂരവും രാജ്യവും പരിധിയും ചോദിക്കാറുണ്ടായിരുന്നില്ല. അന്നു കിട്ടിയ വിവര സാങ്കേതികതയുടെ അടിസ്ഥാനത്തിൽ ലഭിച്ച വിവരം സ്വീകരിച്ച് നബിയും ഖലീഫമാരുമെടുത്ത തീരുമാനം ബിദ്-അത്തായിരുന്നില്ല; മറിച്ച് അതാണ് സുന്നത്ത് . "പരിഗണിച്ച കാര്യം; ഉപകരിക്കുന്ന സമയത്തിനുള്ളിൽ വിവരം എത്തുക എന്നതാണ്." ഒരു കാര്യം റസൂലുല്ലയും സ്വഹാബത്തും കാണിച്ചു തന്നാൽ അതേ കാര്യത്തിന് അതാതു കാലത്തു കിട്ടാവുന്ന സൗകര്യങ്ങൾ ഉപയോഗിച്ചാൽ ബിദ്-അത്തായി തീരുമെന്ന് കണ്ടെത്തിയ ജാഹിലുകൾക്ക് ബിദ്-അത്ത് എന്താണെന്ന തിരിച്ചറിവില്ല എന്നതാണു യാഥാർത്ഥ്യം . ഇരുപതാം നൂറ്റാണ്ടിന്റെ തുടക്കത്തിലില്ലാത്ത ചില മാറ്റങ്ങൾ കേരള മഹാരാജ്യത്തെ മുസ്ലിമീങ്ങളിൽ ഇപ്പോൾ സംഭവിച്ചുകൊണ്ടിരിക്കുന്നത് ബോധപൂർവ്വം ചിലർ മറന്നുപോകുന്നുണ്ട് . 968 വരെ കൊളച്ചിൽ ( തിരുവനന്ത പുരം ) മുതൽ ചേറ്റുവ ( ചാവക്കാടിനിപ്പുറം ) വരെയായിരുന്നു ഒരു മർഹല , 974 മുതൽ ഏതാണ്ട് 84 വരെ അത് തലശ്ശേരി വരെ നീണ്ടു. കൊച്ചുകേരളക്കാർ തന്നെ രണ്ട് അറഫാ നോമ്പും മൂന്ന് പെരുന്നാളുമൊക്കെ കഴിച്ചിരുന്ന ദൂരപരിധി അമേരിക്കയിലെ രാത്രിയുടേതായിരുന്നുവോ ?! ഇപ്പോൾ ഇരുപതാം നൂറ്റാണ്ടല്ല പ്രശ്നക്കാരനെന്ന് തിരിച്ചറിയാൻ ഒന്നു കൂടി ആലോചിച്ചോളൂ : തമിഴ് നാട്ടിലെ നീലഗിരി ജില്ലയിൽ കിടക്കുന്ന ഗൂഡല്ലൂർ , പന്തല്ലൂർ , ചേരമ്പാടി പോലുള്ളിടങ്ങളിലും, കോയമ്പത്തൂരിലും, കർണ്ണാടകത്തിലെ മംഗലാപുരത്തുമൊക്കെ അൽപ്പം മലയാളം മനസ്സിലാകുന്ന കെ.എൻ.എം - എസ്.എസ്.എഫ് കാർക്കും കേരളീയക്കാഴ്ചമതിയാകാറുണ്ട് . ഈ പരിധികൾ ആരുടെ സുന്നത്തിൽ നിന്ന് സ്വീകരിച്ചു ഇവർ ?! നിലവിലുള്ള വിവര സാങ്കേതികതകൾ കൊണ്ട് കേരളത്തെ - ഒപ്പം അൽപ്പം അയൽ പ്രദേശങ്ങളെയും - കൂട്ടിപ്പിടിക്കാൻ നടത്തിയ ശ്രമങ്ങളേക്കാൾ വിജയകരമായി സുന്നത്ത് മുറുകെ പിടിച്ചാൽ ലോക മുസ്ലിമീങ്ങളുടെ നോമ്പും പെരുന്നാളും ഒന്നിക്കും , ഇൻ ശാ അല്ലാ.. കഴിയുന്നതിനനുസരിച്ച് അല്ലാഹുവിനെ സൂക്ഷിച്ചാൽ ഭിന്നിപ്പുകൾ ഒഴിവാകും. കഴിയാത്ത അവസ്ഥവരുമ്പോൾ മാത്രമേ അതിലുള്ള ഇളവുകൾ സ്വീകരിക്കേണ്ടതുള്ളൂ . പിന്നെ അമേരിക്ക ഒരു തുരുപ്പുചീട്ടായി പറയാൻ നല്ല രസമാണ്. ഒരു ദിവസം ലോകത്തെല്ലായിടത്തും ഒന്നു തന്നെയായി വരുന്നതിന് മണിക്കൂറുകളുടെവ്യത്യാസം തടസ്സമല്ല. ഗൾഫ് രാജ്യങ്ങളുടെ കൂടെ വർഷങ്ങളായി നോമ്പും പെരുന്നാളും ഒന്നിച്ചനുഷ്ടിക്കുന്ന അമേരിക്കക്കാർക്കില്ലാത്ത കൺഫ്യൂഷ്യനുകളാണ് ഇവിടുത്തെ ചില അൽപ്പ ബുദ്ധികളുടെ പ്രധാന പ്രശ്നം !! ന്യൂ ഇയർ ദിനം ലോകത്ത് ഒന്നിച്ചാഘോഷിക്കുമ്പോൾ ഇങ്ങനെ ഒരു പ്രശ്നം ഇവർക്കാർക്കുമില്ലല്ലോ ?! അത് അമേരിക്കയിലും ഇന്ത്യയിലും ആഫ്രിക്കയിലും ചൈനയിലും ഒരു ദിവസം തന്നെയാണല്ലോ ?!! അറഫാ ദിവസം നോമ്പ് പിടിക്കാനാണ് നാം കൽപ്പിക്കപ്പെട്ടിട്ടുള്ളത് , അറഫാ ദിവസം അറഫയിൽ ഹാജിമാർ സമ്മേളിക്കുന്ന ദിവസമാണ്. ഹാജിമാർ ആ ദിവസത്തിൽ നിൽക്കുന്ന മിനുട്ട് കണക്കാക്കാൻ കൽപ്പനയില്ല. അല്ലാഹുവിന്റെ ശറ-അ് മനസ്സിലാക്കി പ്രമാണങ്ങളുടെ കൂടെ നിൽക്കാൻ ഉദ്ദേശിക്കുന്നവർക്ക് കാര്യം എളുപ്പത്തിൽ മനസ്സിലാക്കം . കുതർക്കികൾക്ക് മനസ്സിലായാലും അംഗീകരിക്കാൻ അവരുടെ അഹങ്കാരവും പക്ഷപാതവും അനുവദിക്കില്ല. അല്ലാഹുവാണ് തൗഫീഖ് നൽകുന്നവൻ . - അബു തൈമിയ്യ ഹനീഫ് السلام عليكم ورحمة الله وبركاته بسم الله، والحمد لله، والصلاة والسلام على رسول الله، وعلى آله وصحبه ومن والاه، وبعد ശവാൽ മാസപ്പിറവി കാണ്ടതിൻറെ അടിസ്ഥാനത്തിൽ ഒരു മുസ്‌ലിം ഭരണാധികാരി ഈദ് ഉറപ്പിച്ചാൽ പിന്നെ നോന്പ് പിടിക്കാവതല്ല, റമളാൻ അവസാനിച്ചിരിക്കുന്നു.
ഈദ് അതതു നാട്ടിലെ മുസ്‌ലിം സമൂഹത്തോടൊപ്പം ആഘോഷിക്കുക. എന്നാൽ, ഖഗോളീയരുടെ ഗണിതമനുസരിച്ച് ഈദ് ആഘോഷിക്കുന്നവരുടെ ബിദ്അത്തിലും ഭിന്നിപ്പിലും ചേരാതിരിക്കുക. മറ്റു നാടുകളിലെ ഭരണാധികാരികൾ ഈദ് പ്രഖ്യാപിച്ചിട്ടും പ്രാദേശികമായി മാസപ്പിറവി കാണാത്തതിൻറെ പേരിൽ നോന്പുതുടരുന്ന നാട്ടിലാണെങ്കിൽ ആ ദിവസം നോന്പ് പിടിക്കാതെ ഇംസാക് മാത്രം നടത്തുക; ഫിത് നയും ഭിന്നിപ്പും സൂക്ഷിക്കുക. 'ഇംസാക്' : മറ്റുള്ളവരുടെ മുന്നിൽ നോന്പുകാരനെ പോലെ അന്നപാനീയങ്ങൾ വെടിഞ്ഞു നിൽക്കുന്ന അവസ്ഥ - അബു ത്വാരിഖ് സുബൈര് മുഹമ്മദ് സത്യസന്ധനായ ഏതൊരു മുസ് ലിമിന്റെ കാഴ്ചയും സ്വീകരിക്കാം
കാഴ്ച പരിശേധിച്ച് സ്ഥിരീകരിക്കേണ്ടത് ഒരു മുസ് ലിം ഭരണാധികാരി ഒരു മുസ് ലിം ഭരണാധികാരി മാസപ്പിറിവിയുടെ കാഴ്ച സ്ഥിരീകരിച്ചാല് ആ വിവരം കിട്ടുന്ന ഏവരും അത് സ്വീകരിക്കാന് ബാധ്യസ്ഥര് സംഘടനാ നേതാക്കള്ക്കോ ഗ്രൂപ്പുതലവന്മാര്ക്കോ മാസപ്പിറവി പ്രഖ്യാപിക്കാനവകാശമില്ല നോമ്പും പെരുന്നാളും വ്യക്തിഗതമായി തീരുമാനമെടുക്കാവുന്ന വിഷയമല്ല അവക്ക് സാമൂഹ്യമായ ഒരു മാനമുണ്ട്, അഥവാ ഒരു ഭരണാധികാരി തീരുമാനിച്ച് പ്രഖ്യാപിക്കേണ്ടതുണ്ട്. കാരണം, മുഴുജനങ്ങളും സത്യത്തില് ഏകോപിക്കുക എന്നത് ഇസ് ലാമിന്റെ മൌലിക താല്പര്യങ്ങളില്പെട്ടതാണ്. നാളെ നാം നോമ്പു തുടങ്ങുന്നത്: 1) കാഴ്ചയുടെ അടിസ്ഥാനത്തില് 2) ഒരു മുസ് ലിം ഭരണാധികാരി പരിശോധിച്ച് സ്ഥിരീകരിച്ച് പ്രഖ്യാപിച്ചതിന്റെ അടിസ്ഥാനത്തില് 3) ആഗോള മുസ് ലിം സമൂഹത്തോട് ഐക്യപ്പെട്ടുകൊണ്ട് 4) ഗോളശാസ്‌ത്ര കണക്കിനെ അടിസ്ഥാനപ്പെടുത്തിയല്ല 5) സംഘടനാ നേതാക്കളുടെ പ്രഖ്യാപനത്തിന്റെ അടിസ്ഥാനത്തിലല്ല 6) വ്യക്തിഗതമായ അഭീഷ്ടമനുസരിച്ചല്ല 7) അല്ലാഹുവിനു വഴിപ്പെടാന്, അവന് കല്പിച്ച വിധേന പ്രവര്ത്തിച്ചുകൊണ്ട് ഇതൊരു ചെക് ലിസ്റ്റാണ്, നിങ്ങളുടെ നോമ്പ് ഇങ്ങനെയാണോ എന്നു ആത്മപരിശോധന നടത്തുക. والله الموفق والهادي إلى سبيل الرشاد അബു ത്വാരിഖ് സുബൈര് മുഹമ്മദ് |
IslamBooks.inBooks and Articles on Islam, correct and pure. Archives
August 2024
Categories
All
|