മിഖ്ദാം ബിൻ മഅ്ദീകരിബ് അൽ കിന്ദി رضي الله عنه നിവേദനം. തീർച്ചയായും നബി ﷺ പറയുകയുണ്ടായി: ഒരാൾ തന്റെ സോഫയിൽ ചാരിക്കിടന്ന്, എന്റെ വചനങ്ങളിലൊന്ന് അയാളോട് ഉദ്ധരിക്കപ്പെടുന്ന കാലം വരാറായി. അപ്പോൾ അയാൾ പറയും : നമുക്കും നിങ്ങൾക്കുമിടയിൽ അല്ലാഹുവിന്റെ ഗ്രന്ഥമുണ്ടല്ലോ. അതിൽ ഹലാലായി കാണുന്നതിനെ നാം നിയമാനുസാരമായി ഗണിക്കും. അതിൽ ഹറാമായി കാണുന്നതിനെ നാം നിഷിദ്ധമായി കാണുകയും ചെയ്യും. അറിയുക! അല്ലാഹുവിന്റെ ദൂതൻ നിഷിദ്ധമാക്കിയത് അല്ലാഹു നിഷിദ്ധമാക്കിയതിനു തുല്യമാണ്.[ഇബ്നു മാജഃ, സുനനിൽ ഉദ്ധരിച്ചത്] - അബൂ ത്വാരിഖ് സുബൈർ മുഹമ്മദ് عن المقدام بن معدي كرب الكندي، أن رسول الله ﷺ قال : يوشك الرجل متكئا على أريكته، يحدث بحديث من حديثي، فيقول: بيننا وبينكم كتاب الله عز وجل، فما وجدنا فيه من حلال استحللناه، وما وجدنا فيه من حرام حرمناه، ألا وإن ما حرم رسول الله مثل ما حرم الله
[ابن ماجه في سننه، وصححه الألباني]
0 Comments
അഹ്മദ് ബ്നു ശബ്ബൂയ رحمه الله പറഞ്ഞു: ”ആരാണോ ഖബറിലേക്കുള്ള അറിവ് ആഗ്രഹിക്കുന്നത് അവൻ 'അഥർ'(الأثر)* അവലംബിക്കട്ടെ! ആരാണോ അപ്പത്തിനുവേണ്ടിയുള്ള അറിവ് ആഗ്രഹിക്കുന്നത് അവൻ യുക്തിയെ അവലംബിക്കട്ടെ!” *അഥർ = الأثر ما قال الله وقال رسوله صلى الله عليه وسلم وقال الصحابة رضي الله عنهم അല്ലാഹു പറഞ്ഞത്, അവന്റെ റസൂൽ صلى الله عليه وسلم പറഞ്ഞത്, സ്വഹാബത്ത് رضي الله عنهم പറഞ്ഞത്. - അബൂ തൈമിയ്യ ഹനീഫ് عن عَبْد اللَّهِ بْن أَحْمَدَ بْنِ شَبويه، قَالَ: سَمِعْتُ أَبِي يَقُولُ: مَنْ أَرَادَ عِلْمَ الْقَبْرِ فَعَلَيْهِ بِالْأَثَرِ، وَمَنْ أَرَادَ عِلْمَ الْخُبْزِ فَعَلَيْهِ بِالرَّأْيِ (الخطيب البغدادي/شرف أصحاب الحديث)
"ജനങ്ങളിൽ നിന്ന് അള്ളാഹു താങ്കളെ രക്ഷിക്കുന്നതാണ്" എന്ന സൂറത്തുൽ മാഇദയിലെ ആയത്ത് വിശദീകരിച്ചു കൊണ്ട് ശൈഖ് അൽബാനി റഹിമഹുള്ളാ പറയുന്നു. "....പിന്നെ അവർ ഈ തെറ്റായ ധാരണ കൊണ്ട് ഇമാം ബുഖാരിയും മുസ്ലിമും രിവായത് ചെയ്ത മുതഫഖുൻ അലൈഹി ആയ, മുസ്ലിം ഉമ്മത്ത് അഭിപ്രായ വിത്യാസമില്ലാതെ സ്വീകരിച്ച സ്വഹീഹായ ഹദീസിനെ ബാത്വിലാക്കുകയാണ് ചെയ്യുന്നത്. ഹിഷാം ബിൻ ഉർവ തന്റെ പിതാവ് ഉർവയിൽ നിന്നും അദ്ദേഹം ആയിഷ റദിയള്ളാഹു അൻഹയിൽ നിന്നും അങ്ങേയറ്റം സ്വഹീഹായ സനദിലൂടെ വിത്യസ്ഥ പരമ്പരകളിലൂടെ ഈ ഹദീസ് വന്നിട്ടുണ്ട്. ഹിഷാം ബിൻ ഉർവ തന്റെ പിതാവായ ഉർവയിൽ നിന്നും അദ്ദേഹം തന്റെ ഭാര്യയായ(അസ്മാ റദിയള്ളാഹു അൻഹയുടെ) സഹോദരി ആയിഷ റദിയള്ളാഹു അൻഹയിൽ നിന്നും ഉദ്ധരിക്കുന്ന ഈ ഹദീസ് സ്വിഹത്തിന്റെ കാര്യത്തിൽ വളരെ വളരെ അറിയപ്പെട്ടതാണ്. അതിനാൽ ഈ സംഭവം ശെരിയാവാതിരിക്കുകയെന്നത് വളരെ വിദൂരമായ കാര്യമാണ്. പക്ഷെ ഹവയുടെ ആളുകൾ വാസ്തവത്തിൽ..., ഇവിടെ വിഷയം നിങ്ങൾക്ക് അറിയാവുന്ന പോലെ ഈജിപ്തുകാരനായ ഷെയ്ഖ് ഗസ്സാലിയെപ്പോലുള്ളവർ, സുന്നത്തിനെ സംരക്ഷിക്കാനും, അതിലില്ലാത്തത് അതിലേക്കു കടന്നു കൂടാതിരിക്കാനും ഹദീസ് പണ്ഡിതന്മാർ സുദീർഘമായ കാലയളവിൽ അർപ്പിച്ച സേവനത്തിനും പ്രയത്നത്തിനും യാതൊരു വിലയും കൽപ്പിക്കാത്തവരാണ്. ഇവർ മുസ്ലിംകളുടെ പാതയിൽ നിന്ന് പുറത്തു പോയിരിക്കുന്നു. അതിൽ ഫിഖ്ഹ്, ഹദീസ്, തഫ്സീർ എന്ന വിത്യാസമൊന്നുമില്ലാതെ, എല്ലാവരോടും വൈരുദ്ധ്യം പുലർത്തുന്നു. കാരണം, ഈ ഹദീസ് ഇമാം ബുഖാരിയും മുസ്ലിമും അവരുടെ സ്വഹീഹുകളിൽ കൊണ്ട് വന്നതാണ്. മാത്രമല്ല, മുഴുവൻ തലങ്ങളിലുള്ള- തഫ്സീർ, ഫിഖ്ഹ് - മുസ്ലിം ഉമ്മത്തിലെ ഉലമാക്കൾ ഇത് സ്വീകരിക്കുകയും ചെയ്തിട്ടുണ്ട്. എന്നിട്ടാണ് നേരത്തെ പറഞ്ഞത് പോലെയുള്ള ചിലയാളുകൾ വ്യതിയാനവുമായി വരുന്നത്. അവർ സത്യവിശ്വാസികളുടെ മാർഗത്തോട് വിയോജിപ്പ് കാണിക്കുന്നു. അവർ അള്ളാഹുവിന്റെ ഈ താക്കീതിൽ ഉൾപ്പെടുമോ എന്ന് ഞാൻ ഭയപ്പെടുന്നു. {وَمَـــن يُشَاقِــــقِ الرَّسُـــولَ مِـــن بَعْــــدِ مَــــا تَبَيَّـــنَ لَــــهُ الْهُــــدَى وَيَتَّبِــــعْ غَيْــــرَ سَبِيــــلِ الْمُؤْمِنِيــــنَ نُوَلِّــــهِ مَــــا تَوَلَّــــى وَنُصْلِــــهِ جَهَنَّـــمَ وَسَـــــاءتْ مَصِيــــرًا} (115) سورة النساء] തനിക്കു സന്മാർഗം വ്യക്തമായതിനു ശേഷവും ആരെങ്കിലും റസൂലുമായി എതിർത്ത് നിൽക്കുകയും സത്യവിശ്വാസികളുടെതല്ലാത്ത മാർഗം പിന്തുടരുകയും ചെയ്യുന്ന പക്ഷം അവൻ തിരിഞ്ഞ വഴിക്ക് തന്നെ നാം അവനെ തിരിച്ചു വിടുന്നതും നരകത്തിലിട്ടു നാമവനെ കരിക്കുന്നതുമാണ്. അത് മോശമായ മടക്കസ്ഥാനം തന്നെ." അത് കൊണ്ട് തന്നെ തഫ്സീറിന്റെ ഉലമാക്കൾ അവരിലെ പ്രധാനിയായ ശൈഖുൽ ഇസ്ലാം ഇബ്നു തീമിയയെപ്പോലുള്ളവർ പറഞ്ഞത്, ((إذا كــــان هنــــاك آية وفـــي تفسيرهــــا قــــولان، فــــلا يـــجوز لـــمن جــــاء فــــي آخـــر الزمــــان أنْ يأتــــي بقــــول ثالــــث)) ഒരു ആയത്തിന്റെ തഫ്സീറിൽ രണ്ടു തരം അഭിപ്രായമുണ്ടെങ്കിൽ, പിൽക്കാലക്കാർക്ക് അത് രണ്ടും ഒഴിവാക്കി മൂന്നാമതൊരു അഭിപ്രായം കൊണ്ട് വരാൻ പാടില്ല" എന്ന്.
കാരണം ഈ മൂന്നാമത്തെ വീക്ഷണം ബിദ്അത്തും, സത്യ വിശ്വാസികളുടെ മാർഗത്തിന് എതിരും ആയിരിക്കും. ഒരു ആയത്തിനു രണ്ടു വ്യാഖ്യാനങ്ങൾ ഉണ്ടെന്നു സങ്കൽപ്പിച്ചാൽ തന്നെ, മൂന്നാമത്തെ വ്യാഖ്യാനം ഇയാൾക്ക് എവിടെ നിന്ന് കിട്ടി? ഈ വാതിൽ തുറക്കാൻ നാം അനുവദിച്ചാൽ, പ്രമാണ വാക്യങ്ങൾ കൊണ്ട് കളിച്ചപ്പോൾ ജൂതന്മാർക്കും നസാറാക്കൾക്കും സംഭവിച്ചത് തന്നെ ഇസ്ലാം മതത്തിനും സംഭവിക്കും....." ( ഷെയ്ഖ് അൽബാനിയോടുള്ള ചോദ്യോത്തര ഭാഗത്തിൽ നിന്ന് ആശയ വിവർത്തനം) - ബശീർ പുത്തൂർ وعن أبي موسى، قال رسول الله صلى الله عليه وسلم: ((ثلاثة لا يدخلون الجنة: مدمن الخمر، وقاطع الرحم، ومصدق بالسحر)) رواه أحمد وابن حبان في صحيحه അബൂ മൂസ റദിയള്ളാഹു അൻഹുവിൽ നിന്ന് : നബി സ്വല്ലള്ളാഹു അലൈഹി വ സല്ലം പറഞ്ഞു " മൂന്നു വിഭാഗം ആളുകൾ സ്വർഗത്തിൽ പ്രവേശിക്കുകയില്ല. മുഴുക്കുടിയൻ, കുടുംബബന്ധം മുറിച്ചവൻ, സിഹ്റിൽ വിശ്വസിച്ചവൻ " അഹ് മദ്, ഇബ്ൻ ഹിബ്ബാൻ
ഈ ഹദീസിൽ പരാമർശിച്ച " സിഹ്റിൽ വിശ്വസിക്കുക" എന്നത് കൊണ്ട് ഉദേശിക്കുന്നത് ജ്യോതിഷത്തിലുള്ള വിശ്വാസമാണ് എന്നാണു അഹ് ലുസ്സുന്നത്തിന...്റെ ഉലമാക്കൾ പറഞ്ഞിട്ടുള്ളത്. ഭാവിയിൽ സംഭവിക്കുന്ന പലതും അറിയുമെന്ന് അവകാശപ്പെടുന്ന ആളുകളാണ് ജോൽസ്യന്മാരും മാരണക്കാരുമെല്ലാം. അവർ പറയുന്ന കാര്യങ്ങൾ വിശ്വസിക്കാൻ പാടില്ലായെന്നതാണ് ഈ ഹദീസിലെ താൽപര്യം. എന്നാൽ, സിഹ്ർ ബാധിക്കുകയില്ലായെന്നും നബി സ്വല്ലള്ളാഹു അലൈഹി വ സല്ലമക്ക് സിഹ്ർ ബാധിച്ചു എന്ന സ്വഹീഹുൽ ബുഖാരിയിലെ ഹദീസ് അസ്വീകാര്യമാണെന്നും വാദിക്കുന്ന മടവൂർ മുജാഹിദുകൾ ഈ ഹദീസ് തെറ്റായി വ്യാഖ്യാനിച്ചു കൊണ്ട് "സിഹ്റിൽ വിശ്വസിക്കുന്നവർ സ്വർഗത്തിൽ പ്രവേശിക്കുകയില്ല " എന്ന് നബി സ്വല്ലള്ളാഹു അലൈഹി വ സല്ലം പറഞ്ഞിട്ടുണ്ട് എന്ന് പ്രചരിപ്പിച്ചു കൊണ്ടിരിക്കുന്നു. സത്യത്തിൽ ഒരു അബദ്ധം ന്യായീകരിക്കാൻ മറ്റൊരു അബദ്ധം ചെയ്യുകയാണവർ. വാസ്തവത്തിൽ ഈ ഹദീസിന്റെ വിവക്ഷ അവർ മനസ്സിലാക്കിയത് പോലെയല്ല. സിഹ്റിന് സ്വാധീനമില്ലായെന്നൊ അതിനു യാഥാർത്ഥ്യമില്ലായെന്നോ അല്ല ഈ ഹദീസ് കൊണ്ട് മനസ്സിലാവുക. മറിച്ച്, സിഹ്ർ ചെയ്യുന്ന ആൾ, അല്ലെങ്കിൽ ജോത്സ്യൻ ഇങ്ങിനെ ആരായിരുന്നാലും ഇവർ പറയുന്ന മറഞ്ഞ കാര്യങ്ങൾ വിശ്വസിക്കുന്നവരെക്കുറിച്ചാണ്. ഇതാണ് ഇവ്വിഷയകമായി ഈ ഹദീസ്നിന്റെ വ്യാഖ്യാനത്തിൽ ഉലമാക്കൾ പറഞ്ഞിട്ടുള്ളത്. - ബശീർ പുത്തൂർ നബി സ്വല്ലള്ളാഹു അലൈഹി വ സല്ലമക്ക് സിഹ്ർ ബാധിച്ചു എന്ന സ്വഹീഹുൽ ബുഖാരിയിലെ ഹദീസിനെ നിഷേധിക്കാൻ സാധാരണ ഗതിയിൽ മടവൂരികൾ ഉദ്ധരിക്കാറുള്ള ഒരു ഹദീസാണ് ... "മൂന്നു വിഭാഗം ആളുകൾ സ്വർഗത്തിൽ പ്രവേശിക്കുകയില്ല. മുഴുക്കുടിയൻ, കുടുംബബന്ധം മുറിച്ചവൻ, സിഹ്റിൽ വിശ്വസിച്ചവൻ " എന്നത്.
ഈ ഹദീസിൽ പരാമർശിച്ച "സിഹ്റിൽ വിശ്വസിക്കുക" എന്നത് കൊണ്ട് ഉദേശിക്കുന്നത് ജ്യോതിഷത്തിലുള്ള വിശ്വാസമാണ് എന്നാണു അഹ് ലുസ്സുന്നത്തിന്റെ ഉലമാക്കൾ പറഞ്ഞിട്ടുള്ളത്. ഭാവിയിൽ സംഭവിക്കുന്ന പലതും അറിയുമെന്ന് അവകാശപ്പെടുന്ന ആളുകളാണ് ജോൽസ്യന്മാരും മാരണക്കാരുമെല്ലാം. അവർ പറയുന്ന കാര്യങ്ങൾ വിശ്വസിക്കാൻ പാടില്ലായെന്നതാണ് ഈ ഹദീസിലെ താൽപര്യം. മുസ്ലിം ഉമ്മത്ത് ഇജ്മാഓടെ സ്വീകരിച്ച ഒരു ഹദീസിനെ നിഷേധിക്കാൻ മറ്റൊരു ഹദീസിനെ ദുർവ്യാഖ്യാനിക്കുക എന്ന നീചമായ പ്രവൃത്തിയാണ് ഇവർ ചെയ്തത്. 🌬കാര്യബോധമില്ലാത്ത കെ എന്നെമ്മുകാരെ വിരട്ടാൻ ഇത്തരം ഓലപ്പാമ്പുകൾ ഉപകരിച്ചേക്കാം. പക്ഷെ ഈ തട്ടിപ്പുകൾ എല്ലാവരുടെ അടുത്തും നടക്കില്ല. മടവൂരികളുടെ മുഴുവൻ വാദഗതികളുടെയും അവസ്ഥ ഇത് തന്നെയാണ്. - ബശീർ പുത്തൂർ അള്ളാഹു അവന്റെ സൃഷ്ടികളിൽ മനുഷ്യന് മാത്രം കനിഞ്ഞു നൽകിയതാണ് വിശേഷ ബുദ്ധി. കാര്യങ്ങൾ മനസ്സിലാക്കാനും ചിന്തിക്കാനും പുരോഗതി കൈവരിക്കാനും മനുഷ്യൻ എക്കാലവും അതിനെ ആശ്രയിച്ചുപോന്നു. ബുദ്ധിശക്തിയിലും അതിന്റെ കൂർമതയിലും പലരും പല തട്ടിലാണ്. എങ്കിലും മനുഷ്യ ബുദ്ധിയുടെ കൂട്ടായ പരിശ്രമങ്ങളുടെ നേട്ടമാണ് ആധുനിക ലോകത്തിന്റെ പ്രസരിത മുഖം എന്ന കാര്യത്തിൽ തർക്കമില്ല.
കാര്യം ഇങ്ങിനെയൊക്കെയാണെങ്കിലും ഖുർആൻ, സുന്നത്ത് എന്നീ ഇസ്ലാമിക പ്രമാണ വാക്യങ്ങൾക്കു മുമ്പിൽ മനുഷ്യ ബുദ്ധിക്ക് കാര്യമായ റോൾ ഇല്ല. കാരണം, അവ രണ്ടും അള്ളാഹുവിൽ നിന്ന് ഉള്ളതാണ് എന്നത് തന്നെ. പ്രമാണങ്ങൾ നമുക്ക് വിശദീകരിച്ചു തന്നത് മുഹമ്മദ് നബി സ്വല്ലള്ളാഹു അലൈഹി വ സല്ലമയാണ്. അത് നേരിട്ട് കേട്ട നബിയുടെ അനുചരന്മാരാണ് അതിന്റെ പ്രഥമ സംബോധിതർ. ഖുർആനിലോ ഹദീസിലോ പരാമർശിക്കപ്പെട്ട വിഷയങ്ങളിൽ, സ്വഹാബികളിൽ നിന്ന് സ്വഹീഹ് ആയി വന്ന വ്യാഖ്യാനങ്ങളും വിശദീകരണങ്ങളുമാണ് ഏറ്റവും ശെരിയായിട്ടുള്ളത്. അതിൽ തൃപ്തിപ്പെടാതെയോ കൂടുതൽ ആഴങ്ങളിലേക്ക് ഇറങ്ങിച്ചെന്നു കൊണ്ടോ നടത്തപ്പെടുന്ന ഗവേഷണങ്ങളും, സലഫുകളുടെ വ്യാഖ്യാനങ്ങൾക്ക് വിരുദ്ധമായി അതിൽ ഉരുത്തിരിയുന്ന ആശയങ്ങളും സ്വീകാര്യമായിരിക്കില്ലെന്നു മാത്രമല്ല, പ്രാമാണികമായി പരിഗണിക്കപ്പെടുകയുമില്ല. ഇത് പറയുമ്പോൾ, അപ്പോൾ പിന്നെ, ബുദ്ധിക്കു ഇസ്ലാമിൽ ഒരു സ്ഥാനവുമില്ലേ ? ചിന്തിക്കാനും ഉറ്റാലോചിക്കാനും ഖുർആനിലൂടെ അള്ളാഹു ഉൽബോധിപ്പിക്കുന്നില്ലേ? എന്നൊക്കെ ചോദിച്ചു കൊണ്ട് ചിലർ സംശയമുന്നയിക്കുകയും ആശയക്കുഴപ്പം സൃഷ്ടിക്കുകയും ചെയ്യാറുണ്ട്. വാസ്തവത്തിൽ പ്രമാണങ്ങളെ വേണ്ട വിധം മനസ്സിലാക്കാത്തത് കൊണ്ടോ തെറ്റായ നിഗമനത്തിന്റെ അടിസ്ഥാനത്തിലോ ആണ് ഈ ചോദ്യം ഉടലെടുക്കുന്നത്. മനുഷ്യൻ ബൗദ്ധികമായി എത്രമാത്രം വളർന്നാലും, മനുഷ്യ ബുദ്ധിക്കു പരിധികളും പരിമിതികളുമുണ്ട് എന്ന കാര്യം അവിതർക്കിതമാണ്. അള്ളാഹു അവന്റെ ദീനുമായി ബന്ധപ്പെട്ട വിഷയങ്ങളിൽ എന്താണോ നമ്മെ പ്രവാചകന്മാർ മുഖേന അറിയിച്ചത് അതിലപ്പുറം ഒരു വിവരം നമുക്കതിൽ ഇല്ല, എന്നല്ല ഗവേഷണം നടത്തി കണ്ടെത്താൻ സാധിക്കുന്നതുമല്ല. അതായത്, മനുഷ്യ ബുദ്ധിയിൽ ഉരുത്തിരിയുകയും ഉറ കൂടുകയും ചെയ്യുന്ന കാര്യങ്ങൾ എപ്പോൾ പ്രമാണ വാക്യങ്ങളുമായി ഏറ്റുമുട്ടുന്ന അവസ്ഥ സംജാതമാവുന്നോ അവിടെ ബുദ്ധിയുടെ പ്രയാണം അവസാനിക്കുകയും, പരാചയം സമ്മതിച്ചു പ്രാമാണത്തെ സ്വീകരിക്കുകയും ഉൾക്കൊള്ളുകയും ചെയ്യുന്നു. ഇതാണ് അദൃശ്യ കാര്യങ്ങളിൽ വിശ്വസിക്കുക എന്നത് കൊണ്ടുള്ള വിവക്ഷ. ഈയൊരു അടിസ്ഥാന വിഷയത്തിലാണ് മുസ്ലിം ലോകത്ത് ഇന്നേ വരെ ആവിർഭവിച്ച മുഴുവൻ പ്രസ്ഥാനങ്ങൾക്കും ഇടർച്ച സംഭവിച്ചത്. അത് കൊണ്ടാണ്, ബുദ്ധിയെ ആശ്രയിച്ചു കൊണ്ട് സംസാരിക്കാൻ എന്ത് കൊണ്ടും യോഗ്യത ഉണ്ടായിട്ടും, ഒരു ആയത്തിന്റെ ആശയം ചോദിച്ചപ്പോൾ അബൂബക്കർ റദിയള്ളാഹു അൻഹു പറഞ്ഞത് " അള്ളാഹുവിന്റെ കിത്താബിൽ അറിയാത്ത ഒരു കാര്യം ഞാൻ പറഞ്ഞാൽ ഏതൊരാകാശമാണ് എനിക്ക് തണൽ നൽകുകയും ഏതൊരു ഭൂമിയാണ് എന്നെ താങ്ങി നിർത്തുകയും ചെയ്യുക എന്ന് ചോദിച്ചത്. "യുക്തിയാണ്, മതകാര്യങ്ങളുടെ അടിസ്ഥാനമെങ്കിൽ, പാദരക്ഷയുടെ മുകൾഭാഗത്തേക്കാൾ തടവേണ്ടത് അടിഭാഗമായിരുന്നു" എന്ന് അലി റദിയള്ളാഹു അൻഹുവിനെ പറയാൻ പ്രേരിപ്പിച്ചതും ഈയൊരു ബോധ്യം തന്നെയാണ്. അള്ളാഹു ഖുർആനിലൂടെ ചിന്തിക്കാനും ഉറ്റാലോചിക്കാനും ആജ്ഞാപിച്ചത് അവൻ നമുക്ക് വെളിപ്പെടുത്തിത്തന്നിട്ടില്ലാത്ത അദൃശ്യ കാര്യങ്ങളിൽ അല്ല. എന്ന് മാത്രമല്ല, ഏതൊരു പ്രായോഗിക ബുദ്ധിക്കും ഉൾക്കൊള്ളാൻ കഴിയുന്ന കാര്യങ്ങൾ പോലും അംഗീകരിക്കാത്ത കടുത്ത നിഷേധികളെ കുറ്റപ്പെടുത്തിക്കൊണ്ടും " നിങ്ങൾ ചിന്തിക്കുന്നില്ലേ " എന്ന് അള്ളാഹു ചോദിക്കുന്നുണ്ട്. ചുരുക്കത്തിൽ, പ്രമാണങ്ങളിൽ സലഫുകളുടെ വ്യാഖ്യാനങ്ങൾക്ക് വിരുദ്ധമായ വ്യാഖ്യാനങ്ങളും നിരീക്ഷണങ്ങളും നടത്താനുള്ള കൽപനയായി ഇതിനെ കാണാൻ പാടില്ല. സ്വന്തം ബുദ്ധിയെ ആശ്രയിക്കുന്നവർ തന്നെയാണ് ഈ തരത്തിലുള്ള വാദ മുഖങ്ങൾ ഉന്നയിക്കുന്നത്. മനുഷ്യ ബുദ്ധിയുടെ വ്യാപാരങ്ങൾ നടക്കേണ്ടത് ലൌകികമായ പുരോഗതിയും വളർച്ചയും കൈവരിക്കാനുതകുന്ന മേഖലകളിലാണ്. അല്ലാതെ, അള്ളാഹുവിന്റെ ദീനിലല്ല. അള്ളാഹുവിന്റെ ദീൻ അവൻ പ്രവാചകന്മാർ വഴി ജനങ്ങളെ പഠിപ്പിച്ചിട്ടുണ്ട്. അത് സർവാത്മനാ പിൻപറ്റാനാണ് നാം കൽപിക്കപ്പെട്ടത്. ഗവേഷണം നടത്തി പുതിയത് കണ്ടെത്താനല്ല. സയീദ് ബിൻ അൽ മുസയ്യബ് റഹിമഹുള്ളയിൽ നിന്ന് : ഒരാൾ റുകൂഉകളും സുജൂദുകളും അധികരിപ്പിച്ചു കൊണ്ട് ഫജ്റിനു ശേഷം രണ്ടു റക്അത്തിലധികം നമസ്കരിക്കുന്നത് കണ്ടപ്പോൾ അദ്ദേഹം അയാളെ വിലക്കി. അപ്പോളയാൾ ചോദിച്ചു " അല്ലയോ അബൂ മുഹമ്മദ്, നമസ്കരിച്ചതിന്റെ പേരിൽ അള്ളാഹു എന്നെ ശിക്ഷിക്കുമോ? അദ്ദേഹം ( സഈദ് ബിൻ അൽ മുസയ്യബ് ) പറഞ്ഞു : " ഇല്ല, പക്ഷെ, സുന്നത്തിനു എതിര് പ്രവർത്തിച്ചതിന്റെ പേരിൽ അവൻ നിന്നെ ശിക്ഷിക്കും" - ബൈഹഖീ
ഇതിനു അനുബന്ധമായി ശൈഖ് നാസ്വിറുദ്ധീൻ അൽബാനി റഹിമഹുള്ളാ പറയുന്നു "സയീദ് ബിൻ അൽ മുസയ്യബ് റഹിമഹുള്ളയുടെ മനോഹരമായ ഒരു മറുപടിയാണ് ഇത്. ദിക്ർ, നമസ്കാരം എന്നൊക്കെ പറഞ്ഞു കൊണ്ട് ധാരാളം ബിദ്അത്തുകളെ നല്ലതാണെന്ന് കരുതുന്ന ബിദ്അത്തിന്റെ ആളുകൾക്ക് എതിരെയുള്ള ശക്തമായ ഒരായുധമാണ് ഇത്. എന്നിട്ട്, ഇത്തരം കാര്യങ്ങളെ എതിർക്കുന്ന സുന്നത്തിന്റെ ആളുകളെ അവർ നമസ്കാരത്തെയും ദിക്റിനേയും എതിർക്കുന്നവർ എന്ന് കുറ്റപ്പെടുത്തുകയും ചെയ്യും. വാസ്തവത്തിൽ അവർ നമസ്കാരത്തിലും ദിക് റിലുമൊക്കെയുള്ള സുന്നത്തിനു വിരുദ്ധമായ കാര്യങ്ങളെ മാത്രമാണ് എതിർക്കുന്നത് (ഇർവാഉൽ ഗലീൽ 2/236) - ബശീർ പുത്തൂർ പ്രമാണങ്ങൾക്ക് ബുദ്ധിപരമായ വ്യാഖ്യാനങ്ങൾ നൽകിയ ആളുകളും കക്ഷികളും സ്വഹാബികളുടെ കാലത്ത് തന്നെ ഉദയം ചെയ്തിട്ടുണ്ട്. അത്തരത്തിലുള്ള പാർട്ടികളും പുതിയ ഗ്രൂപ്പുകളും ഇന്നും ഉണ്ടായിക്കൊണ്ടിരിക്കുന്നു. സ്വഹാബികൾ ജീവിച്ചിരുന്നപ്പോൾ, അവർ അതരക്കാരോട് യുദ്ധം ചെയ്യുകയും അവരുടെ തെറ്റായ വ്യാഖ്യാനങ്ങളെ അതിശക്തമായി നേരിടുകയും ചെയ്തു. അക്കൂട്ടത്തിൽ എടുത്തു പറയേണ്ട ഒന്നാണ് ഖവാരിജുകളുടെ രംഗപ്രവേശം. إن الحكم إلا لله എന്ന ആയത്ത് സ്വന്തമായി വ്യാഖ്യാനിച്ചു അലി റദിയള്ളാഹു അൻഹുവിനെതിരിൽ അവർ പട നയിച്ചു. സത്യത്തിൽ, അവർക്കിടയിൽ സ്വഹാബികൾ ജീവിച്ചിരുന്നിട്ട് പോലും ഈ ആയത്തിന്റെ ശെരിയായ വ്യാഖ്യാനം എന്തെന്ന് അവർ അന്വേഷിക്കുകയോ അവരുടെ വ്യാഖ്യാനത്തിൽ തൃപ്തി കാണിക്കുകയോ ചെയ്തില്ല. അലി റദിയള്ളാഹു അൻഹു അവരിലേക്ക് അബ്ദുള്ളാഹി ബിന് അബ്ബാസ് റദിയള്ളാഹു അൻഹുവിനെ അയക്കുകയും അവരോടു അദ്ദേഹം ആശയപരമായി സംവദിക്കുകയും പലരും അവരുടെ തെറ്റായ വാദങ്ങളിൽ നിന്ന് പിൻവാങ്ങുകയും ചെയ്തു. ബാക്കിയുള്ളവരുമായി നഹ് റുവാൻ എന്ന സ്ഥലത്ത് പൊരിഞ്ഞ യുദ്ധം നടന്നു. അതെല്ലാം ചരിത്രം. ഖവാരിജുകളെ, അവരുടെ തെറ്റായ വാദങ്ങൾ അവിടെ അവസാനിച്ചില്ല. അതിനു പുതിയ അനന്തരാവകാശികൾ ഉണ്ടായി. അവരുടെ അതേ ചിന്ത പൊടി തട്ടിയെടുത്തു ഊതിക്കാച്ചി സത്യമതമായി പ്രചരിപ്പിക്കുന്നവർ പല സ്ഥലങ്ങളിലും ജന്മമെടുത്തു. പല ലക്ഷ്യത്തിന്റെ പേരിലും പ്രമാണങ്ങൾ തെറ്റായ നിലക്ക് വ്യാഖ്യാനിക്കപ്പെട്ടു. ഇസ്ലാമിക ദഅവത്തിനു വേണ്ടി എന്ന് പറഞ്ഞു സംഘടനകൾ ഉണ്ടാക്കിയപ്പോൾ അതിനു തെളിവായി ഓതിയ ആയത്ത് സൂറത്തു ആലു ഇംറാനിലെ ولتكن منكم أمة يدعون إلى الخير എന്ന് തുടങ്ങുന്ന വചനമായിരുന്നു. ഖുർആനിന്റെ, ഇന്നോളം രചിക്കപ്പെട്ട, പൌരാണികവും ആധുനികവുമായ പ്രാമാണിക തഫ്സീറുകളിൽ ഏതെങ്കിലും ഒന്നിൽ പോലും, ഒറ്റപ്പെട്ട നിലക്കെങ്കിലും ഈയൊരു വ്യാഖ്യാനം കാണുക സാധ്യമല്ല. അത് പോലെ വേറെ ഒരു കൂട്ടർ, അള്ളാഹു അല്ലാത്തവരെ വിളിച്ചു ദുആ ചെയ്യാൻ തെളിവായി ഖുർആനിൽ നിന്ന് ഉദ്ധരിച്ചത് സൂറത്തു സുഖ് റുഫിലെ واسأل من أرسلنا من قبلك من رسلنا എന്ന വചനമായിരുന്നു. മറ്റൊരു കൂട്ടർ, മുസ്ലിം ഭരണാധികാരികളെ മുഴുവൻ കാഫിർ ആക്കാനും അവർക്കെതിരിൽ യുദ്ധത്തിനു ആഹ്വാനം ചെയ്യാനും വേണ്ടി തെളിവ് പിടിച്ചത് സൂറത്തു മാഇദയിലെ ومن لم يحكم بما أنزل الله فأولئك هم الكافرون എന്ന ആയത്തായിരുന്നു. ഇങ്ങിനെ വേറെയും ഒരുപാട് ഒരുപാട് ആളുകളും പാർട്ടികളും ആശയക്കാരും. അവരുടെ സദുദ്ദേശത്തെയോ തഖ് വയെയോ ഞാൻ കുറ്റപ്പെടുത്തുന്നില്ല. എന്നല്ല, നമസ്കരിക്കാൻ വേണ്ടി പള്ളികൾ ഉണ്ടാക്കുകയും നോമ്പ് നോൽക്കുകയും സതാചാര ധാർമിക മൂല്യങ്ങൾ അനുസരിച്ച് ജീവിക്കുകയും, ജീവിതത്തിൽ സത്യസന്തത പുലർത്തുകയും ചെയ്യുന്നവരാണ് ഇവരിൽ മിക്കവരും. പക്ഷെ പ്രമാണങ്ങളെ വ്യാഖ്യാനിക്കുന്നതിൽ, അവർ സലഫുകളുടെ മാർഗം അഥവാ മൻഹജ് സ്വീകരിച്ചില്ല. നേരത്തെ പറഞ്ഞ ഖവാരിജുകളും ജീവിതത്തിൽ വിശുദ്ധി പുലർത്തിയവരും, അങ്ങേയറ്റം ഭക്തി നിലനിർത്തിയവരുമായിരുന്നു. അവരതിൽ സ്വഹാബത്തിനെപോലും പിന്നിലാക്കി. പക്ഷെ, അവരുടെ ആത്മാർത്ഥതയോ സത്യസന്തതയോ അവർക്കൊരു ഗുണവും ചെയ്തില്ല. അവരെയാണ് നബി സ്വല്ലള്ളാഹു അലൈഹി വസല്ലം നരഗത്തിലെ നായകൾ എന്ന് വിശേഷിപ്പിച്ചത്. പ്രമാണങ്ങളെ ബുദ്ധിപരമായി വ്യാഖ്യാനിക്കുന്നവർ യഥാർത്ഥത്തിൽ ആരാണ് എന്ന് ബോധ്യപ്പെടുത്താൻ വേണ്ടിയാണ് ഇത്രയും എഴുതിയത്. ഖുർആനും സുന്നത്തും പിന്തുടരേണ്ടത് അവ സ്വഹാബതു എങ്ങിനെ മനസ്സിലാക്കുകയും അമൽ ചെയ്യുകയും ചെയ്തു എന്ന് പരിശോധിച്ച് കൊണ്ടാണ്. അവർ എങ്ങിനെ മനസ്സിലാക്കിയോ അങ്ങിനെതന്നെ നമ്മളും മനസ്സിലാക്കണം. അവർ എങ്ങിനെ അമൽ ചെയ്തോ അങ്ങിനെതന്നെയാകണം നമ്മുടെ അമലും. അപ്പോൾ മാത്രമേ നമ്മൾ " അൽ ജമാഅ" എന്ന് നബി സ്വല്ലള്ളാഹു അലൈഹി വ സല്ലം വിശേഷിപ്പിച്ച വിജയിച്ച കക്ഷി ആവുകയുള്ളൂ. ശൈഖുൽ ഇസ്ലാം ഇബ്ൻ തീമിയ റഹിമഹുള്ളാ പറയുന്നു. ومن خالف قولهم ، وفسر القرآن بخلاف تفسيرهم ، فقد أخطأ في الدليل والمدلول جميعا- (التفسير الكبير 2/229 " ആരെങ്കിലും, അവരുടെ ( സ്വഹാബത്തിന്റെ) വാക്കിനു എതിരായാൽ, ഖുർആനിനു അവർ നൽകിയ വ്യാഖ്യാനത്തിനു വിരുദ്ധമായ വ്യാഖ്യാനം നൽകിയാൽ, അവനു തെളിവിലും തെളിവ് പിടിക്കപ്പെടുന്ന കാര്യത്തിലും തെറ്റ് പറ്റി" ഇബ്നു അബ്ദിൽ ഹാദി പറയുന്നു لا يجوز إحداث تأويل في أية أو سنة، لم يكن على عهد السلف ، ولا عرفوه ولا بينوه للأمة - الصارم المنكي 42 സലഫുകൾ, (സ്വഹാബത്ത്) അറിയുകയോ ഉമ്മത്തിനു വിശദീകരിക്കുകയോ ചെയ്യാത്ത ഒരു വ്യാഖ്യാനം ഖുർആനിനോ സുന്നത്തിനോ പുതുതായി നൽകാൻ പാടില്ല.
ഗവേഷണങ്ങൾ നടത്തി,പ്രമാണങ്ങൾക്ക് ബുദ്ധിപരമായ പുതിയ വ്യാഖ്യാനങ്ങൾ നൽകുന്ന ആളുകൾക്കും കക്ഷികൾക്കും എന്ത് പറയാനുണ്ട് ? ഇസ്ലാം ദീനിനെക്കുറിച്ചു പറയാൻ യോഗ്യരായ ആളുകൾ മനസ്സിലാക്കിയത് നിങ്ങൾ മനസ്സിലാക്കിയത് പോലെയല്ല. അവരാരും പ്രമാണങ്ങൾക്ക് സ്വന്തമായ വ്യാഖ്യാനങ്ങൾ നൽകിയിട്ടുമില്ല. - ബഷീർ പുത്തൂർ സത്യവിശ്വാസിയുടെ അടിസ്ഥാന വിശ്വാസ പ്രമാണമായ ഖുർആനും, സുന്നത്തും മനസ്സിലാക്കുന്നതിനു വളരെ കൃത്യവും കുറ്റമറ്റതുമായ രീതിയുണ്ട്. പ്രമാണവാക്യങ്ങളെ ഓരോരുത്തരും അവരുടെ ഭാഷാപരമായ പ്രാവീണ്യവും ധൈഷണികമായ ഔന്നിത്യവും ആധാരമാക്കി വിശതീകരിക്കുകയും വ്യാഖ്യാനിക്കുകയും ചെയ്യാൻ പാടില്ല. കാരണം, പ്രധാനമായും അവ വ്യാഖ്യാനിക്കുകയും അതിന്റെ ലക്ഷ്യം എന്തെന്ന് ബോധ്യപ്പെടുത്തുകയും ചെയ്യേണ്ടത് അള്ളാഹുവാണ്. ഖുർആനും സുന്നത്തും അതിന്റെ വ്യാഖ്യാനവും നബി സ്വല്ലള്ളാഹു അലൈഹി വ സല്ലം അള്ളാഹുവിൽ നിന്ന് വഹ് യിലൂടെ സ്വീകരിച്ചതാണ്. അള്ളാഹു നിശ്ചയിച്ചതല്ലാത്ത ഒരു വ്യാഖ്യാനം അവക്ക് നൽകാൻ ആർക്കും അവകാശമില്ല. അവരെത്ര ഉയർന്നവരും ഭാഷാ ശാസ്ത്രത്തിലും ബുദ്ധിശക്തിയിലും വളരെ മികച്ചു നിൽക്കുന്നവരുമായിരുന്നാലും ശെരി. നബി സ്വല്ലള്ളാഹു അലൈഹി വ സല്ലം പറഞ്ഞു عن عقبة بن عامر الجهني، قال: سمعت رسول الله صلى الله عليه وسلم يقول: " هلاك أمتي في الكتاب واللبن ". قالوا: يا رسول الله، ما الكتاب واللبن؟ قال: " يتعلمون القرآن فيتأولونه على غير ما أنزل الله، ويحبون اللبن فيدعون الجماعات والجمع ويبدون رواه أحمد(17415)وصححه الألباني في السلسلة الصحيحة(2778) നബി സ്വല്ലള്ളാഹു അലൈഹി വ സല്ലം പറഞ്ഞു " എന്റെ ഉമ്മത്തിന്റെ നാശം കിതാബിലും പാലിലുമാണ്. സ്വഹാബികൾ ചോദിച്ചു " അള്ളാഹുവിന്റെ ദൂതരേ എന്താണ് കിതാബും പാലും ? അവിടുന്ന് പറഞ്ഞു " അവർ ഖുർആൻ പഠിക്കും, പക്ഷെ, അള്ളാഹു ഏതൊന്നിന് വേണ്ടി ഇറക്കിയോ അതിനല്ലാത്ത വിധത്തിൽ അവരതിന് വ്യാഖ്യാനം നൽകും. അവർ പാല് ഇഷ്ടപ്പെടുകയും ജുമുഅയും ജമാഅതു നമസ്കാരവും ഒഴിവാക്കി മരുഭൂമിയിലേക്ക് പോകും. " സിൽസില സ്വഹീഹ 2778 ഖുർആനിന്റെ വചനങ്ങൾക്ക് അള്ളാഹുവിന്റെ ഉദ്ദേശം എന്തെന്ന് പരിശോധിക്കുകയോ അന്വേഷിക്കുകയോ ചെയ്യാതെ, തന്നിഷ്ടപ്രകാരം അവയെ വ്യാഖ്യാനിക്കുന്നവർ ഏറെയാണിന്നു. ആർക്കും യാതൊരു വ്യസ്ഥയുമില്ലാതെ സംസാരിക്കാനും ഇടപെടാനും സൌകര്യമുള്ള ഒന്നായി അള്ളാഹുവിന്റെ ശറഉ ആയിത്തീർന്നു എന്നത് അതീവ ഗൌരവമർഹിക്കുന്ന കാര്യമാണ് قال رسولُ الله - صلى الله عليه وسلم -: « إنَّ مِنْكُم من يُقَاتِلُ على تأويلِ القرآنِ، كما قاتلتُ على تنزيلِه »، -السلسلة الصحيحة നബി സ്വല്ലള്ളാഹു അലൈഹി വ സല്ലം പറഞ്ഞു " ഖുർആനിന്റെ അവതരണത്തിന് ഞാൻ യുദ്ധം ചെയ്തത് പോലെ, അതിന്റെ വ്യാഖ്യാനത്തിന്റെ പേരിൽ നിങ്ങളിൽ പലർക്കും യുദ്ധം ചെയ്യേണ്ടി വരും " സിൽസില സ്വഹീഹ
ഓരോരുത്തരും അവരുടെ താൽപര്യങ്ങൾ സംരക്ഷിക്കാനും മദ്ഹബീ പക്ഷപാതികളായ പണ്ഡിതന്മാർ അവരുടെ പക്ഷത്തിനു വേണ്ടിയും സംഘടനക്കാർ അവരവരുടെ സംഘടനയെ ന്യായീകരിക്കാനും തെളിവായി കൊണ്ട് വന്നു തെറ്റായ നിലയിൽ വ്യാഖ്യാനിച്ചത് ഖുർആനിൽ നിന്നുള്ള ആയത്തുകൾ ആയിരുന്നു. - ബഷീർ പുത്തൂർ |
IslamBooks.inBooks and Articles on Islam, correct and pure. Archives
July 2023
Categories
All
|
ഇസ്ലാം ബുക്ക്സ്
ഖുർആനും സുന്നത്തും സലഫുകളുടെ മൻഹജ് അനുസരിച്ചു മനസ്സിലാക്കാനും പഠിക്കാനും മലയാളികൾക്ക് അവസരമൊരുക്കുക എന്നതാണ് ഇത് കൊണ്ട് ലക്ഷ്യമാക്കുന്നത്. വിശ്വസ്തരായ സലഫീ ഉലമാക്കളുടെ ഗ്രന്ഥങ്ങളും കഴമ്പുള്ള ലേഖന സമാഹാരങ്ങളും മൊഴിമാറ്റം ചെയ്ത് കേരളീയ മുസ്ലിം സംവേദനത്തിനു പരിചയപ്പെടുത്താനുള്ള എളിയ ശ്രമമാണിവിടെ. സാധാരണക്കാരായ മുസ്ലിം യുവതക്ക് സലഫുകളുടെ ഫഹമു അനുസരിച്ച് ഇസ്ലാമിക വിഷയങ്ങളിലുള്ള നിലപാടുകൾ മനസ്സിലാക്കാനും അവ പഠിക്കാനും ജീവിതത്തിൽ പ്രയോഗവൽക്കരിക്കാനും സാധിച്ചാൽ ഞങ്ങൾ കൃതാർത്ഥരായി. |
© 2023. IslamBooks.in - All Rights Reserved.
|