0 Comments
വ്യക്തിശുചിത്വത്തിന്‍റെ (Personal Hygiene) കാര്യത്തില്‍ ഏറ്റവും ഉന്നതമായ നിലവാരമാണ് ഇസ് ലാം അനുശാസിക്കുന്നത്. മൂത്രമൊഴിച്ചാല്‍ ശുചീകരിക്കുക എന്നത് ആധുനിക ജീവിത രീതികള്‍ പിന്തുടരുന്നവര്‍ പോലും നിര്‍ബന്ധമായി കാണാറില്ല. അത് അവര്‍ക്ക് ഐച്ഛികം മാത്രമാണ്. പക്ഷെ, മുസ് ലിംകള്‍ക്ക് അത് നിര്‍ബ്ബന്ധമാണ്. വ്യക്തിഗതമായ വിശുദ്ധി വിട്ടുവീഴ്ചയില്ലാത്ത കാര്യമാണ്. എന്നാല്‍ വിക്തിശുചിത്വത്തില്‍ അതിരുവിടുന്ന ചിലരുണ്ട്, പ്രത്യേകിച്ച് എന്നെപ്പോലെയുള്ള ചില മധ്യവയസ്കര്‍!! അവരുടെ ശ്രദ്ധയിലേക്കായി പച്ചയായ ചില കാര്യങ്ങള്‍ കുറിക്കട്ടെ.
മൂത്രമൊഴിച്ച ശേഷം ശുചിയാക്കുന്നതിനെ കുറിച്ച് ഇബ്നു തൈമിയ്യയോട് ചോദിക്കുകയുണ്ടായി: താന്‍ ചലിച്ചു തുടങ്ങിയാലുടനെ വല്ലതും പുറത്തു വരുമോ എന്ന തോന്നല്‍ കാരണം, ഒരാള്‍ എഴുന്നേല്‍ക്കുകയും നടക്കുകയും കാര്‍ക്കിക്കുകയും കല്ലുകളോ മറ്റോ ഉപയോഗിച്ച് ശുചീകരിക്കുകയും ചെയ്യേണ്ടതുണ്ടോ? പൂര്‍വ്വസൂരികള്‍ അപ്രകാരം ചെയ്യാറുണ്ടായിരുന്നോ? ഇത് ബിദ്അത്താകുമോ, അതോ അനുവദനീയമോ? അദ്ദേഹം നല്‍കിയ ഉത്തരം: അല്ലാഹുവിന്ന് സ്തുതി. മൂത്രമൊഴിച്ച ശേഷം കാര്‍ക്കിച്ച് ശബ്ദമുണ്ടാക്കുക, എഴുന്നേറ്റു നടക്കുക, മേലോട്ട് കുതിക്കുക, പടികള്‍ കേറുക, കയറില്‍ തൂങ്ങുക, ലിംഗം കിനിയുന്നവോ എന്ന് പരിശോധിക്കുക, മുതലായവയെല്ലാം തന്നെ ബിദ്അത്താണ്. ഇമാമുകളാരും അത് നിര്‍ബ്ബന്ധമായോ അഭിലഷണീയമായോ കാണുന്നില്ല. കൂടാതെ, ലിംഗം പിടിച്ചുവലിക്കുന്നതും നബി صلى الله عليه وسلم നിയമമായി നിശ്ചയിച്ചിട്ടില്ലാത്തതിനാല്‍ ശരിയായ പക്ഷമനുസരിച്ച് ബിദ്അത്താണ്. അപ്രകാരം തന്നെ മൂത്രം വലിച്ചൂറ്റിക്കളയുന്നതും ബിദ്അത്താണ്. അതും നബി صلى الله عليه وسلم നിയമമായി നിശ്ചയിച്ചിട്ടില്ല. തദ്വിഷയകമായി ഉദ്ധരിക്കപ്പെടാറുള്ള ഹദീസ് ദുര്‍ബ്ബലവും അടിസ്ഥാന രഹിതവുമാണ്. മൂത്രം സ്വാഭാവികമായി പുറത്തുവരും. വിരമിച്ചാല്‍ സ്വാഭാവികമായിതന്നെ നില്‍ക്കുകയും ചെയ്യും. “വിട്ടാല്‍ നിലച്ചുപോവുകയും കറക്കുന്തോറും ചുരത്തുകയും ചെയ്യുന്ന അകിടു പോലെ” എന്ന് പറയാറുള്ളതു പോലെയാണ് അതിന്‍റെ കാര്യം. ഒരാള്‍ തന്‍റെ ലിംഗം തുറന്നുവെക്കുമ്പോഴെല്ലാം എന്തെങ്കിലും പുറത്തുവരും. അതിനെ വെറുതെ വിട്ടാല്‍ ഒന്നും പുറത്ത് വരികയുമില്ല. ചിലപ്പോള്‍ വല്ലതും പുറത്തുവന്നോ എന്നു തോന്നും. അത് വസ് വാസാണ്. ലിംഗാഗ്രം സ്പര്‍ശിക്കുന്നതു മൂലം നനവ് അനുഭവപ്പെടുമ്പോള്‍ എന്തോ പുറത്ത് വന്നിരിക്കുന്നു എന്ന് ചിലപ്പോള്‍ തോന്നിയേക്കാം. എന്നാല്‍ ഒന്നും പുറത്ത് വന്നിട്ടുണ്ടാവില്ല. മൂത്രനാളിയുടെ ആരംഭത്തില്‍ തന്നെ മൂത്രം മുടങ്ങി നിന്നുപോയിട്ടുണ്ടാകും; ഒട്ടും പൊടിയുന്നുണ്ടാവില്ല. എന്നാല്‍, ലിംഗത്തിലോ മൂത്രനാളിയിലോ ദ്വാരത്തിലോ വിരല്‍ കൊണ്ടോ കല്ലു കൊണ്ടോ മര്‍ദ്ദംചെലുത്തിയാല്‍ നനവ് പുറപ്പെടുകയും ചെയ്യും. ഇങ്ങനെ ചെയ്യുന്നതും ബിദ്അത്താണ്. കല്ലോ വിരലോ മറ്റു വസ്തുക്കളോ ഉപയോഗിച്ച് നിന്നുകഴിഞ്ഞ മൂത്രം പുറത്തെടുക്കേണ്ട ആവശ്യമില്ല എന്നത് പണ്ഡിതന്മാര്‍ക്കിടയില്‍ യോജിപ്പുള്ള കാര്യമാണ്. മാത്രമല്ല, പുറത്തെടുക്കുന്തോറും അത് കൂടുതല്‍ കൂടുതല്‍ ഉല്‍സര്‍ജ്ജിച്ചുകൊണ്ടേയിരിക്കും. കല്ലു കൊണ്ട് ശുചീകരിച്ചാല്‍ അതുമതി. പിന്നെ വെള്ളം കൊണ്ട് ലിംഗം കഴുകേണ്ട ആവശ്യമില്ല. ശുചീകരിക്കുന്നതിന് ഗുഹ്യഭാഗത്ത് വെള്ളം ഒഴിക്കുന്നതാണ് അഭിലഷണീയം. പിന്നീട് വല്ല നനവും അനുഭവപ്പെട്ടാല്‍ അത് ആ വെള്ളം മൂലമാണെന്ന് ഗണിക്കാവുന്നതാണ്. എന്നാല്‍ മൂത്രവാര്‍ച്ചയുള്ളവര്‍, അഥവാ ഉദ്ദേശ്യപൂര്‍വ്വമല്ലാതെയുള്ള നിലക്കാത്ത ഒഴുക്ക്, അത് തടയാനുള്ള മാര്‍ഗ്ഗങ്ങള്‍ അവലംബിക്കണം. ശുദ്ധിവരുത്തി നമസ്കരിക്കാനാവശ്യമായ സമയം നിന്നുകിട്ടുമെങ്കില്‍ അങ്ങനെയും, അല്ലാത്ത പക്ഷം മൂത്രം പോയിക്കൊണ്ടിരിക്കുന്ന അവസ്ഥയാണെങ്കില്‍ പോലും നമസ്കാരം നിര്‍വ്വഹിക്കുകയും ചെയ്യണം - രക്തസ്രാവമുള്ള സ്ത്രീ ഒരോ നമസ്കാരത്തിനും വുളുചെയ്തു നമസ്കരിക്കുന്നതു പോലെ. (ഇബ്നു തൈമിയ്യഃ, ഫതാവാ, വാള്യം 21, പുറം 106-107) - അബു ത്വാരിഖ് സുബൈർ ഇത് ശാസ്ത്രമല്ല, ശാസ്ത്രധര്‍മ്മവുമല്ല...
മധ്യകാലഘട്ടങ്ങളില്‍ ശാസ്ത്ര ഗവേഷകന്മാര്‍ പീഡിപ്പിക്കപ്പെട്ടിരുന്നു എന്നാണ് ചരിത്രം. ഉത്തരാധുനിക കാലഘട്ടത്തിന്റെ നേര് അനുഭവം മറിച്ചും. എന്താണ് ശാത്രം? ശാസ്ത്രത്തിന്‍റെ ആധികാരികത എത്രത്തോളം? ഇങ്ങനെ ഒരു പ്രമേയം അവതരിപ്പിക്കാന്‍ തന്നെ പേടിയുണ്ട്. ട്രോളാം, പൊങ്കാലയിടാം, ബഹുവിധ ചലഞ്ചുകള്‍ നടത്താം, വീട്ടിലേക്ക് മാര്‍ച്ച് ചെയ്യാം, നിയമനടപടികളെടുക്കാം. എല്ലാവിധ വീരന്മാരോടും മുന്‍കൂറായി മാപ്പപേക്ഷിക്കുന്നു. ഇഷ്ടമായില്ലെങ്കില്‍ ക്ഷമിക്കുക, മറക്കുക, വെറുതെ വിട്ടേക്കുക. ആരെയും അടിച്ചേല്‍പിക്കുന്നില്ല, കേറിപ്പിടിക്കുന്നുമില്ല. ചിന്താസ്വാതന്ത്ര്യവും അഭിപ്രായ സ്വാതന്ത്ര്യവും അല്‍പം എനിക്കും അനുവദിക്കാമെങ്കില്‍ പറയാം. എന്‍റെ വീര്‍പ്പുമുട്ടലിന് തെല്ലൊരാശ്വാസമാവട്ടെ. കേള്‍ക്കണമെന്ന് പോലും നിര്‍ബ്ബന്ധമില്ല. ശാസ്ത്രം ദൈവമല്ല, ശാസ്ത്രത്തിന് അപ്രമാദിത്വവുമില്ല, ആധികാരികത പോലും അവകാശപ്പെടാനുമാവില്ല. മനുഷ്യന്‍ നടത്തുന്ന പരീക്ഷണ നിരീക്ഷണങ്ങളുടെ ഫലം. തെറ്റിയും തിരുത്തിയുമുള്ള മുന്നേറ്റം. മനുഷ്യന്‍റെയും മനുഷ്യബുദ്ധിയുടെയും മുഴുവന്‍ പരിമിതകള്‍ക്കും വിധേയം. നാം ജീവിക്കുന്ന ലോകം! അനന്തമജ്ഞാതമവര്‍ണ്ണനീയം! ദൃശ്യാദൃശ്യ പ്രപഞ്ചങ്ങള്‍!! അറിവിലും അനുഭവത്തിലും വരാത്ത പ്രവിശാലമായ മേഖലകള്‍!! മൂര്‍ത്തവും അമൂര്‍ത്തവുമായ കാര്യങ്ങള്‍!! ഈ മേഖലകളില്‍ മുഴുവനും ശാസ്ത്രത്തിനു കടന്നു ചെല്ലാനാവില്ല. അവയില്‍ ശാസ്ത്രത്തിനു സാധ്യതയുള്ളത് അല്‍പം ചില മേഖലകളില്‍ മാത്രം. അമൂര്‍ത്തമോ അഭൌതികമോ അതിഭൌതികമോ ആയ മേഖലകളില്‍ ശാസ്ത്രത്തിന് എത്തിനോക്കാനാവില്ല. കൃത്യമായി പറഞ്ഞാല്‍, ഭൌതിക ലോകത്ത് മനുഷ്യന്‍റെ പഞ്ചേന്ദ്രിയങ്ങള്‍ക്ക് ഗോചരമാകുന്ന വസ്തുക്കളെ കുറിച്ച് അവന്‍ നടത്തുന്ന പരീക്ഷണ നിരീക്ഷണങ്ങളില്‍ നിന്ന് ലഭിക്കുന്ന ഏറ്റവും ഒടുവിലത്തെ നിഗമനം മാത്രം. അതാണ് ശാസ്ത്രം. അല്ലാതെ, ശാസ്ത്രത്തിന് സമസ്ത മേഖലകളിലും കൈവെക്കാനാവില്ല. ശാസ്ത്ര നിരീക്ഷണങ്ങളെ കുറിച്ച് പരമസത്യമെന്നോ ആത്യന്തിക യാഥാര്‍ത്ഥ്യമെന്നോ പറയാനും പറ്റില്ല. യാഥാര്‍ത്ഥ്യബോധമുള്ള ശാസ്ത്ര ഗവേഷകന്മാര്‍ അങ്ങനെ അവകാശപ്പെടാറുമില്ല. ശാസ്ത്രം കൊണ്ട് ചെലവ് കഴിയുന്ന ബുദ്ധിജീകള്‍ വീരവാദം മുഴക്കാറുണ്ടെങ്കിലും. ശാസ്ത്രത്തിന്‍റെ പേരില്‍ വിറ്റഴിക്കപ്പെടുന്നവയെല്ലാം ഒരു പോലെയല്ല. അവയില്‍ പരികല്‍പനകളും സിദ്ധാന്തങ്ങളും നിയമങ്ങളുണ്ട് (Hypothesis, Theories and Laws). തുടര്‍ന്നുള്ള നിരീക്ഷണ പരീക്ഷണങ്ങള്‍ക്കു വേണ്ടി നിര്‍ദ്ദേശിക്കപ്പെടുന്ന കേവല നിഗമനങ്ങള്‍ മാത്രമാണ് പരികല്‍പനകള്‍. കുറേയേറെ പരീക്ഷണങ്ങളില്‍ തെളിഞ്ഞിട്ടുണ്ടെങ്കിലും തെറ്റാനുള്ള സാധ്യത തള്ളിക്കളയാനാവത്തവയാണ് സിദ്ധാന്തങ്ങള്‍. ഭൌതിക പ്രതിഭാസങ്ങളെ കുറിച്ച് ആവര്‍ത്തിച്ചുള്ള പരീക്ഷണങ്ങളിലൂടെ തെളിയിച്ചെടുത്ത വസ്തുതകളാണ് ശാസ്ത്ര നിയമങ്ങള്‍. പരികല്‍പനകളുടെയും സിദ്ധാന്തങ്ങളുടെയും കാര്യം വിട്ടേക്കുക. നൂറ്റാണ്ടുകളോളം അലംഘനീയം എന്ന് വിശ്വസിച്ച് പിന്തുടര്‍ന്നു പോന്നിരുന്ന ശാസ്ത്ര നിയമങ്ങള്‍ തന്നെ ഇടക്കിടെ ചോദ്യം ചെയ്യപ്പെടുന്നതും തകര്‍ന്നടിയുന്നതും നാം കണ്ടുകൊണ്ടിരിക്കുകയാണ്. ശാസ്ത്രത്തിനും ശാസ്ത്രീയതക്കും അതൊരു കളങ്കമല്ല. മറിച്ച്, ശാസ്ത്രം മുന്നേറുന്നു എന്നതിന്‍റെ ലക്ഷണമാണത്. ഭൌതിക വസ്തുക്കളുടെയും പ്രതിഭാസങ്ങളുടെയും ഘടനയെയും പ്രവര്‍ത്തന രീതിയെയും സംബന്ധിച്ച് നിരീക്ഷണ പരീക്ഷണങ്ങളിലൂടെ ലഭിക്കുന്ന ഏറ്റവും ഒടുവിലത്തെ പരിശോധനാ ഫലമായിട്ടാണ് ശാസ്ത്രകുതുകികള്‍ ശാസ്ത്രത്തെ കാണുന്നത്, അല്ലാതെ ആത്യന്തിക യാഥാര്‍ത്ഥ്യമായിട്ടല്ല എന്ന് നടേ സൂചിപ്പിച്ചുവല്ലോ. (Present verification of structure and behavior of the physical world through observation and experiment without ultimate reality) ശാസ്ത്രമെന്നോ ശാസ്ത്രീയമെന്നോ കേള്‍ക്കുന്ന മാത്രയില്‍ ഏവരും പഞ്ചപുച്ഛമടക്കി സാഷ്ടാംഗം നമിക്കണം. ശാസ്ത്രത്തിന്‍റെ പേരില്‍ എഴുന്നള്ളിക്കുന്നതെന്തും വാ തൊടാതെ വിഴുങ്ങണം. ഇല്ലെങ്കില്‍ ഈ ശാസ്ത്ര യുഗത്തില്‍ ജീവിക്കാന്‍ നിങ്ങള്‍ അര്‍ഹരല്ല. മണ്ണിനടിയിലേക്ക് പൊയ്ക്കൊള്ളണം. ഇതാണ് ഇന്ന് ശാസ്ത്രത്തിന്‍റെ മുഖംമൂടിയണിഞ്ഞ് പാമരജനങ്ങളുടെ രക്തം ഊറ്റിക്കുടിക്കുന്ന ശാസ്ത്ര കൊതുകുകളുടെ നിലപാട്!! അന്വേഷിക്കാനും ചോദ്യംചെയ്യാനും തെറ്റാനും തിരുത്താനുമുള്ള വേദിയാണ് ശാസ്ത്രം, അല്ലാതെ എതിര്‍ ശബ്ദങ്ങളെ അടക്കി നിര്‍ത്താനുള്ള മര്‍ദ്ദകോപകരണമല്ല. ചില ആര്‍ത്തിപ്പണ്ടങ്ങള്‍ ശാസ്ത്രത്തിന്‍റെ മുഖംമൂടിയണിഞ്ഞ് അധികാരികളെ സ്വാധീനിക്കുന്നു. ശാസ്ത്രത്തിന്‍റെ പേരും പറഞ്ഞ് നിയമത്തിന്‍റെ പിന്‍ബലത്തോടെ ജനങ്ങളെ കൊന്ന് രക്തമൂറ്റിക്കുടിക്കുന്നു. ഇത് മനസ്സിലാക്കാന്‍ കഴിയുന്ന വല്ല വൈദ്യന്മാരോ ചികിത്സാരികളോ ഉണ്ടെങ്കില്‍ കണ്ണടച്ചുകൊള്ളണം. മിണ്ടിപ്പോവരുത്. മിണ്ടിയാല്‍ ടിക്കറ്റ് കയ്യില്‍ തരും. അധികാരികളെല്ലാവരും വരും. ‘പൂര്‍ണ്ണ ബഹുമതികളോടെ’ യമപുരിയിലേക്കയക്കും. നിയമത്തിന്‍റെ പിന്‍ബലത്തോടെ നടക്കുന്ന ഈ കൊള്ളയും കൊലയും കണ്ടാല്‍ ഒരു ഗുരുവും വൈദികനും വാ തുറക്കരുത്. തുറന്നാല്‍ എട്ടിന്‍റെ മുട്ടന്‍പണി നിങ്ങളെ കാത്തു നില്‍ക്കുന്നുണ്ടാവും. അമ്പടാ ! രാജ്യദ്രോഹീ.. ശാസ്ത്രവിരുദ്ധാ.. പിന്തിരിപ്പാ.. ഭീകരവാദി.. അത്രക്കായോ നീ..!! നിനക്കെതിരില്‍ ചുമത്താന്‍ വകുപ്പുകള്‍ എത്ര!! ഇസ്ലാംമതവിശ്വാസികള്‍ ശ്രദ്ധിക്കുക. നിങ്ങളുടെ വിശ്വാസ പ്രമാണങ്ങള്‍ ശാസ്ത്രീയമായി പരിഷ്കരിച്ചിരിക്കുന്നു. നിങ്ങളുടെ കലിമയുടെ, അഥവാ സത്യസാക്ഷ്യവചനത്തിന്‍റെ പുനരാവിഷ്കരണം ഇങ്ങനെയാണ്: “ ശാസ്ത്രമല്ലാതെ മറ്റൊരു ആരാധ്യനുമേയില്ല. ശാസ്ത്ര കൊതുകുകള്‍ ദൈവദുതന്മാരാകുന്നു.” ഇത് മനസ്സിലുറപ്പിച്ച് നാവു കൊണ്ട് വെളിവാക്കി ഉറക്കെ പ്രഖ്യാപിച്ച് ജീവിതം കൊണ്ട് സാക്ഷ്യപ്പെടുത്തുക. അതിനു തയ്യാറല്ലെങ്കില്‍ റബ്ബര്‍ ബോട്ടില്‍ കേറി ഏതെങ്കിലും ഇരുണ്ട രാജ്യത്തേക്കോ അറിയപ്പെടാത്ത ദ്വീപിലേക്കോ അഭയാര്‍ത്ഥികളായി ദേശാടനം ചെയ്യുക. നിങ്ങള്‍ ശാസ്ത്രവിരുദ്ധരും രാജ്യദ്രോഹികളുമാണ്!! ഇതൊരു മുഖവുരയാണ്. ഇനി കാര്യം പറയാം. നൂറ്റാണ്ടിലെ ഏറ്റവും വലിയ പ്രളയത്തിനു കേരളം സാക്ഷ്യംവഹിച്ചിരിക്കുകയാണ്. അത് മനുഷ്യ നിര്‍മ്മിതമാണെന്നും അല്ലെന്നും രണ്ടു പക്ഷം. ഡാം മാനേജ്മെന്‍റിലെ അശാസ്ത്രീയതയും തുറന്നുവിട്ടതിലെ അപാകവുമാണ് കാരണം എന്ന് ഒരു വിഭാഗം. കാലാവസ്ഥാ മുന്നറിയിപ്പുകള്‍ നല്‍കുന്നതിലുണ്ടായ പരാജയമാണെന്ന് മറ്റൊരു വിഭാഗം. മലയും പുഴയും കയ്യേറി പരിസ്ഥിതി സൌഹൃദമല്ലാത്ത നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ നടത്തി വികസന ആക്രോശവുമായി മുന്നോട്ടു പോയതാണ് കാരണം എന്ന് മറ്റൊരു വാദം. കസ്തൂരി രംഗനും മാധവ് ഗാഡ് ഗിലും പറഞ്ഞത് നടപ്പിലാക്കാത്തു കൊണ്ടാണെന്ന് പറയുന്നവര്‍ വേറെയും. ഘ്രാണശക്തി കൂടുതലുള്ളവര്‍ ഇതിലെല്ലാം രാഷ്ട്രീയം മണക്കുന്നു. 1924 ല്‍ ഇതു പോലൊരു പ്രളയമുണ്ടായി. ഇന്നത്തെ പോലെ പഴിചാരാന്‍ അന്ന് ഡാമുകളില്ല, അന്ന് ഒന്നു മാത്രമേ ഉണ്ടായിരുന്നുള്ളു. ഇപ്പോള്‍ തൊണ്ണൂറോളം ചെറുതും വലുതുമായ ഡാമുകളുണ്ട്. അന്ന് പരിസ്ഥിതി സൌഹൃദമല്ലാത്ത നിര്‍മ്മാണ പ്രവര്‍ത്തനങ്ങളില്ല. മലയും പുഴയും കയ്യേറി പ്രകൃതിയുടെ സ്വാഭാവിക പ്രവാഹങ്ങള്‍ക്ക് മുമ്പില്‍ ആരും തടസ്സം സൃഷ്ടിച്ചിരുന്നില്ല. ഇന്ന് മെനഞ്ഞുണ്ടാക്കുന്ന കാരണങ്ങളൊന്നും അന്ന് പറയാനുണ്ടായിരുന്നില്ല. എന്നിട്ടും അത് സംഭവിച്ചു. അന്നത്തെ പ്രളയത്തില്‍ കരിന്തിരി മല തന്നെ കുത്തിയൊലിച്ചു പോയി. ദുരന്തങ്ങള്‍ സംഭവിച്ചുകൊണ്ടേയിരിക്കുന്നു, നാം മെനഞ്ഞുണ്ടാക്കി പറയുന്ന കാരണങ്ങള്‍ ഉള്ളപ്പോഴും ഇല്ലാത്തപ്പോഴും. എന്തിനു വേണ്ടി ദുരന്തങ്ങള്‍ ആവര്‍ത്തിക്കുന്നു എന്ന് വിശകലനം ചെയ്യാന്‍ ഭൌതിക ശാസ്ത്രത്തന്‍റെ സങ്കേതങ്ങളും സമവാക്യങ്ങളും മതിയാവില്ല. എന്ത്, എങ്ങനെ (What and How) എന്ന് പരിശോധിക്കാനേ ഭൌതിക ശാസ്ത്രത്തിനു നിര്‍വ്വാഹമുള്ളു. എന്തിനു വേണ്ടി (Why) എന്ന ചോദ്യത്തിന് ഉത്തരം കണ്ടെത്താന്‍ ഭൌതിക ശാസ്ത്രം പര്യാപ്തമല്ല. എന്ത്, എങ്ങനെ എന്ന ചോദ്യവും ഉത്തരവും ശാസ്ത്രീയമായ അറിവ് വര്‍ദ്ധിപ്പിക്കാം. എന്നാല്‍ എന്തിനു വേണ്ടി എന്ന ചോദ്യവും ഉത്തരവും അതിജീവനത്തിലേക്ക് വഴി തെളിയിക്കും. അതാണ് കൂടുതല്‍ ജീവിത സ്പര്‍ശിയായിട്ടുള്ളത്. ദുരന്തങ്ങള്‍ പരീക്ഷണങ്ങളാണ്. പരീക്ഷണങ്ങള്‍ കുറിമാനങ്ങളാണ്. കുറിമാനങ്ങളില്‍നിന്ന് കാര്യങ്ങളുടെ പരിണിതി മുന്‍കൂട്ടി മനസ്സിലാക്കാന്‍ കഴിയുന്നവന്‍ ബുദ്ധിശാലി. കണ്ടറിയാത്തവന്‍ കൊണ്ടറിയും. എല്ലാ പരിധികളും ലംഘിച്ച് ലക്കും ലഗാനുമില്ലാതെ മുന്നോട്ടു കുതിക്കുന്ന അഹങ്കാരിയായ മനുഷ്യന്‍റെ മനസ്സില്‍ ഭീതി വിതച്ച് അവനെ പിടിച്ചു നിര്‍ത്തി വിവേകത്തിന്‍റെ വഴിയിലേക്ക് തിരിച്ചുവിടാന്‍ അല്ലാഹു ഇറക്കുന്ന പരീക്ഷണങ്ങളാണ് പ്രകൃതി ദുരന്തങ്ങള്‍. മനുഷ്യാ, നീ ആരുമല്ല, നിന്‍റെ കഴിവുകളും ശാസ്ത്രീയ നേട്ടങ്ങളും അല്ലാഹുവിന്‍റെ തീരുമാനങ്ങള്‍ക്ക് മുന്നില്‍ ഒന്നുമല്ല, നീ ആരെയൊക്കെ കൂട്ടുപിടിച്ചാലും അവയെ തടുക്കാന്‍ നിനക്കാവില്ല എന്ന് അവനെ ബോധ്യപ്പെടുത്തുകയാണ് ദുരന്തങ്ങള്‍ ചെയ്യുന്നത്. അല്ലാഹു പറയുന്നു: “ഭീതിപ്പെടുത്താനല്ലാതെ നാം ദൃഷ്ടാന്തങ്ങള്‍ ഇറക്കുന്നില്ല” (വി.ഖു. 17:59). ദുരന്തങ്ങള്‍ ആവത്തിച്ചാലും പരീക്ഷണങ്ങള്‍ ഇറങ്ങിക്കൊണ്ടിരുന്നാലും വിവേകത്തിന്‍റെ പാതയിലേക്ക് തിരിച്ചു വരാന്‍ പിശാച് മനുഷ്യനെ സമ്മതിക്കില്ല. ദുരന്തങ്ങള്‍ എന്തിനുവേണ്ടി എന്ന ചോദ്യം അവന്‍ സമര്‍ത്ഥമായി വളച്ചൊടിക്കും. ദുരന്തങ്ങള്‍ എങ്ങനെയുണ്ടായി എന്നാക്കി മാറ്റും. എന്നിട്ട് കുറേ ഉത്തരങ്ങള്‍ അവന്‍ മെനഞ്ഞുണ്ടാക്കി ശാസ്ത്ര കൊതുകുകള്‍ക്ക് നല്‍കും. “നൂറ്റാണ്ടിലെ മഹാപ്രളയം എന്തുകൊണ്ട്, എന്തുകൊണ്ട്, എന്തുകൊണ്ട്? ബംഗാള്‍ ഉള്‍ക്കടലില്‍ രൂപം കൊണ്ട ന്യൂനമര്‍ദ്ദം (Law Pressure) കൊണ്ട്, മേഘവിസ്ഫോടനം (Cloud Explosion) കൊണ്ട്, മാധവ് ഗാഡ് ഗിലിന്‍റെയും കസ്തൂരി രംഗന്‍റെയും റിപ്പോര്‍ട്ടുകള്‍ നടപ്പിലാക്കത്തതു കൊണ്ട്...” അവര്‍ ദൈവസ്ഥാനത്ത് ശാസ്ത്രത്തെ പ്രതിഷ്ഠിക്കും. പിശാച് പഠിപ്പിച്ച മണ്ടത്തരങ്ങള്‍ സംപൂജ്യനായ ശാസ്ത്ര ദൈവത്തിന്‍റെ തിരുമൊഴികാളായി പ്രബോധനം ചെയ്യും. അതോടെ ശാസ്ത്രത്തിനും ശാസ്ത്ര കൊതുകുകള്‍ക്കും അപ്രമാദിത്വം കൈവരും. അവര്‍ പറയുന്നത് ലംഘിക്കാനോ ചോദ്യം ചെയ്യാനോ പാടില്ലാത്ത ദിവ്യവചനങ്ങളായി മാറും. അത് വാ തൊടാതെ വിഴുങ്ങാന്‍ പാവം ജനം നിര്‍ബ്ബന്ധിതരാവും. രണ്ടു ഇംഗ്ലീഷ് വാക്കുകളും മൂന്ന് മുറിന്യായങ്ങളും നാലു ശാസ്ത്ര കൊതുകുകളും ഉണ്ടായാല്‍ മനുഷ്യബുദ്ധിയെ തട്ടിക്കൊണ്ടുപോയി വഴിതെറ്റിക്കാന്‍ പിശാചിനൊട്ടും ബുദ്ധിമുട്ട് വരില്ല. പ്രളയം അവസാനിച്ചു. നമുക്ക് കിട്ടിയത്ത രണ്ട് ഇംഗ്ലീഷ് വാക്കുകള്‍. മറ്റൊരു പാഠവും നാം പഠിച്ചില്ല. നമ്മുടെ മനസ്സില്‍ തോന്നിത്തുടങ്ങിയ ഭീതി പിശാച് ശാസ്ത്രത്തെയും ശാസ്ത്രീയ വിശദീകരണങ്ങളെയും കൂട്ടുപിടിച്ച് മായ്ച്ചു കളഞ്ഞു. പേടിക്കേണ്ടതില്ല, അത് Law Pressure, Cloud Explosion എന്നീ പ്രതിഭാസങ്ങള്‍ മൂലം ഉണ്ടായതാണ്. അതിനെ നമുക്ക് ശാസ്ത്രീയമായി നേരിടാവുന്നതേയുള്ളു. ഇതോടെ വിവേകത്തിലേക്ക് തിരിച്ചു പോകാനുള്ള ഉള്‍പ്രേരണയും ഇല്ലാതായി. ശാസ്ത്രത്തെ വളച്ചൊടിക്കുകയും ദുരുപയോഗം ചെയ്യുകയുമാണിവിടെ.ഞാന്‍ ഉറക്കെ വിളിച്ചു പറയും. ഇത് ശാസ്ത്രമല്ല, ശാസ്ത്ര ധര്‍മ്മവുമല്ല. നിങ്ങള്‍ എന്നെ കല്ലെറിയൂ. പക്ഷെ എനിക്ക് രാജാവ് നഗ്നനാണെന്ന് പറയാതിരിക്കാന്‍ കഴിയില്ല. - അബു ത്വാരിഖ് സുബൈർ മാതാപിതാക്കളോടുള്ള എറ്റവും വലിയ നന്മകളിൽ പെട്ടതാണ് അവരെ തൌഹീദിലേക്ക് ക്ഷണിക്കൽ
ഇമാം ഇബ്നു ഉഥൈമീൻ رحمه الله പറഞ്ഞു: തീർച്ചയായും മാതാപിതാക്കളോടുള്ള എറ്റവും വലിയ നന്മകളിൽ പെട്ടതാണ് അവരെ അല്ലാഹുവിന്റെ തൌഹീദിലേക്കും അവന് പുണ്യങ്ങൾ ചെയ്യാനും ക്ഷണിക്കൽ. കാരണം അതിൽ അവരെ രണ്ടു പേരെയും നരകത്തിൽ നിന്ന് രക്ഷപ്പെടുത്തലുണ്ട്. നൂറുൻ അല ദർബ് -കാസറ്റ് നമ്പർ-303 - അബു തൈമിയ്യ ഹനീഫ് ഇമാം ഇബ്നു ഉഥൈമീൻ رحمه الله പറഞ്ഞു: നിങ്ങൾ അറിയുവിൻ! തീർച്ചയായും ഉദ്ഹിയ്യത്താണ് അതിന്റെ വില ദാനം ചെയ്യുന്നതിനേക്കാൾ ശ്രേഷഠം. കാരണം അത് അല്ലാഹുവിന്റെ ചിഹ്നങ്ങളിൽ പെട്ട ഒരു ചിഹ്നമാണ്. ഭക്ഷിക്കാനും വിതരണം ചെയ്യാനുമുള്ള വെറും ഇറച്ചി മാത്രമല്ല അതുകൊണ്ടുള്ള ലക്ഷ്യം. മറിച്ച് അതിന്റെ ഏറ്റവും പ്രധാന ലക്ഷ്യം അതിലുൾകൊണ്ടിരിക്കുന്നതായ, അവനുവേണ്ടി മാത്രം ബലികർമം നിർവ്വഹിച്ചുകൊണ്ടുള്ള അല്ലാഹുവിനോടുള്ള ആദരവും, അവന്റെ നാമം അതിന്മേൽ സ്മരിക്കുകയും ചെയ്യുക എന്നതാണ്. നബി صلى الله عليه وسلم യുടെ കാലത്ത് ചില വർഷങ്ങളിൽ ബലിപെരുന്നാളിന്റെ സമയത്ത് ജനങ്ങൾക്ക് പട്ടിണി ബാധിച്ചിരുന്നു. അന്ന് ഉദ്ഹിയ്യത്ത് ഒഴിവാക്കാനും അതിന്റെ പൈസ പട്ടിണി അനുഭവിക്കുന്നവർക്ക് വിതരണം ചെയ്യാനുമല്ല അദ്ദേഹം അവരോട് കൽപിച്ചത്. നേരെ മറിച്ച് അവർ ഉദ്ഹിയ്യത്ത് നിർവ്വഹിക്കുന്നതിന്നാണ് അംഗീകാരം നൽകിയത്. എന്നിട്ട് അവരോടു പറഞ്ഞു: "നിങ്ങളിലാരാണോ ഉദ്ഹിയ്യത്ത് നിർവ്വഹിച്ചത്, അവന്റെ വീട്ടിൽ മൂന്നു ദിവസത്തിനപ്പുറത്തേക്ക് മാംസമൊന്നും ബാക്കിവെക്കരുത്." അടുത്ത വർഷമായപ്പോൾ അവർ ചോദിച്ചു: "അല്ലാഹുവിന്റെ റസൂലേ, കഴിഞ്ഞ വർഷം ചെയ്തതുപോലെയാണോ ഞങ്ങൾ ചെയ്യേണ്ടത്?" അപ്പോൾ നബി صلى الله عليه وسلم പറഞ്ഞു: "നിങ്ങൾ ഭക്ഷിക്കൂ, പാവങ്ങളെ ഭക്ഷിപ്പിക്കും സൂക്ഷിച്ചുവെക്കുകയും ചെയ്തോളൂ. കാരണം ആ വർഷം ജനങ്ങൾക്ക് ദുരിതമുണ്ടായിരുന്നു. അതിൽ അവരെ സഹായിക്കാനാണ് ഞാൻ ഉദ്ദേശിച്ചത്." ബുഖാരിയും മുസ്ലിമും രിവായത്ത് ചെയ്തതാണിത്. വിവ: അബൂ തൈമിയ്യ ഹനീഫ് حفظه الله قال الإمام ابن عثيمين رحمه الله
واعلموا أن الأضحية أفضل من الصدقة بثمنها لأنها شعيرة من شعائر الله وليس المقصود منها مجرد اللحم الذي يؤكل ويفرق بل أهم مقصود فيها ما تتضمنه من تعظيم الله عز وجل بالذبح له وذكر اسمه عليها ولقد أصاب الناس في عهد النبي صلى الله عليه وسلم في سنة من السنين مجاعة وقت الأضحى ولم يأمرهم النبي صلى الله عليه وسلم بترك الأضحية وصرف ثمنها إلى المحتاجين بل أقرهم على الأضاحي وقال لهم: «من ضحى منكم فلا يصبحن بعد ثالثة في بيته شيء فلما كان العام المقبل قالوا: يا رسول الله نفعل كما فعلنا في العام الماضي فقال النبي صلى الله عليه وسلم: كلوا واطعموا وادخروا فإن ذلك العام كان في الناس جهد فأردت أن تعينوا فيها» (رواه البخاري ومسلم) . (الضياء اللامع ص: ٤٩٠) പൊതുജനം സുന്നത്തുകളോട് വൈരുദ്ധ്യം പുലർത്തുന്നതിൽ അത്ഭുതമില്ല. കാരണം, അവർ സുന്നത്തിൽ നിന്നും എത്രയോ അകലെയാണ്. പക്ഷെ, ശെരിക്കും വിചിത്രമായ കാര്യം സുന്നത്ത് അവകാശപ്പെടുന്നവരും, അതിനുവേണ്ടി പ്രതിരോധം തീർക്കുന്നവരും അതിനുവേണ്ടി അങ്ങേയറ്റം പോരാടുന്നവരും അതിനോട് വൈരുദ്ധ്യം പുലർത്തുന്നതിലാണ്. സിൽസിലതുൽ ഹുദാ വന്നൂർ - (630) ശൈഖ് നാസിറുദ്ദീൻ അൽബാനി - ബഷീർ പുത്തൂർ لا غرابة أن يخالف السنة جماهير الناس لأنهم بعيدون كل البعد عن السنة لكن الغرابة حقاً أن يقع في مخالفة السنة من ينتمي إليها ويدافع عنها ويذب كل الذب في سبيل الدفاع عنها (الشيخ ناصر الدين الألباني - الهدى والنور ٦٣٠) മുഹറം പത്ത് അല്ലാഹു മൂസാ عليه السلام നെയും അനുയായികളെയും ഫറോവയിൽനിന്ന് രക്ഷപ്പെടുത്തിയ ദിവസം. ആ ദിനം ജൂതന്മാർ നോമ്പെടുക്കുമായിരുന്നു. മൂസാ നബിയോട് കൂടുതൽ ആദർശ ബന്ധമുള്ളവർ മുസ് ലിംകളായതിനാൽ ആ ദിനം അവരോട് നോമ്പ് പിടിക്കാൻ നബി صلى الله عليه وسلم കൽപിച്ചു. കൂടാതെ വ്യതിരിക്തതക്കായി ഒമ്പതിനും നോമ്പ് പിടിക്കാൻ പറഞ്ഞു. ഈ നോമ്പ് ഏറെ ശ്രേഷ്ടമാണെന്നും അറിയിച്ചു. ഈ വർഷം ബുധനും വ്യാഴവുമാണ് മുഹറം ഒമ്പതും പത്തും, സംശയം വേണ്ട.
- അബു ത്വാരിഖ് സുബൈർ |
IslamBooks.inBooks and Articles on Islam, correct and pure. Archives
February 2023
Categories
All
|
ഇസ്ലാം ബുക്ക്സ്
ഖുർആനും സുന്നത്തും സലഫുകളുടെ മൻഹജ് അനുസരിച്ചു മനസ്സിലാക്കാനും പഠിക്കാനും മലയാളികൾക്ക് അവസരമൊരുക്കുക എന്നതാണ് ഇത് കൊണ്ട് ലക്ഷ്യമാക്കുന്നത്. വിശ്വസ്തരായ സലഫീ ഉലമാക്കളുടെ ഗ്രന്ഥങ്ങളും കഴമ്പുള്ള ലേഖന സമാഹാരങ്ങളും മൊഴിമാറ്റം ചെയ്ത് കേരളീയ മുസ്‌ലിം സംവേദനത്തിനു പരിചയപ്പെടുത്താനുള്ള എളിയ ശ്രമമാണിവിടെ. സാധാരണക്കാരായ മുസ്‌ലിം യുവതക്ക് സലഫുകളുടെ ഫഹമു അനുസരിച്ച് ഇസ്‌ലാമിക വിഷയങ്ങളിലുള്ള നിലപാടുകൾ മനസ്സിലാക്കാനും അവ പഠിക്കാനും ജീവിതത്തിൽ പ്രയോഗവൽക്കരിക്കാനും സാധിച്ചാൽ ഞങ്ങൾ കൃതാർത്ഥരായി. |
© 2022. IslamBooks.in - All Rights Reserved.
|