പ്രധാനമായും പിശാചിനെ പ്രീണിപ്പിച്ചു കൊണ്ടും പ്രീതിപ്പെടുത്തിയുമാണ് ആഭിചാരക്രിയകൾ നടക്കുന്നത്. അക്കാരണത്താൽ തന്നെ സിഹ്ർ ചെയ്യുന്ന സാഹിർ (മാരണക്കാരൻ) ശിർക്ക് ചെയ്യുകയും കുഫ്‌റിൽ അകപ്പെടുകയും ചെയ്യുന്നു. ശിർക്കും കുഫ്‌റുമടക്കം പല വിധത്തിലും രൂപത്തിലുമുള്ള വിനാശകരവും അനിഷ്ടകരവുമായ പരിണിതികൾ ഉണ്ടായിത്തീരുന്നത് കൊണ്ടാണ് സിഹ്ർ ചെയ്യുന്നതും അതുമായി പ്രത്യക്ഷമോ പരോക്ഷമോ ആയ നിലക്ക് പോലും ഇടപെടുന്നതും ഇസ്‌ലാം ശക്തമായി എതിർക്കുകയും വിലക്കുകയും ചെയ്തത്. എന്നാൽ, സിഹ്ർ എന്ന പ്രക്രിയ ഉണ്ടെന്നും പൗരാണിക കാലത്തു തന്നെ ദുഷ്ട മനസ്സിന്റെ ആളുകൾ അതുമായി ഇടപെട്ടിരുന്നുവെന്നും ഖുർആൻ തന്നെ പറയുന്നുണ്ട്. സൂറത്തുൽ ബഖറയിൽ 102 -മത്തെ വചനത്തിൽ അല്ലാഹു അക്കാര്യം വ്യക്തമാക്കുന്നുണ്ട്. പക്ഷെ, സിഹ്ർ എന്നത് തന്നെ യാഥാർഥ്യമില്ലാത്തതും വെറും ഭാവനയുമാണെന്നും അതിനു യാഥാർഥ്യമോ ഫലമോ ഇല്ലെന്നും വാദിക്കുന്ന ആളുകൾ മുമ്പുമുണ്ടായിട്ടുണ്ട്; ഇപ്പോഴുമുണ്ട്. പഴയ കാലത്തു പ്രമാണങ്ങളെ യുക്തി കൊണ്ട് വ്യാഖ്യാനിക്കുന്ന മുഅതസില, ഖദരിയ്യ തുടങ്ങിയ കക്ഷികളായിരുന്നുവെങ്കിൽ ആധുനിക ലോകത്തു അതിന്റെ അനന്തരാവകാശികളായ അഖലാനികളാണ് അതിന്റെ ആളുകൾ. സിഹ്റിനെ നിഷേധിക്കുകയും നബി സ്വല്ലല്ലാഹു അലൈഹി വ സല്ലമക്ക് സിഹ്ർ ബാധിച്ചു എന്ന ഹദീസ് നിരാകരിക്കുകയും ചെയ്യുന്നവരാണ് മർകസ് ദഅവ കേന്ദ്രീകരിച്ചു പ്രവർത്തിക്കുന്ന മുജാഹിദ് വിഭാഗം. "നബിക്കു സിഹ്ർ ബാധിച്ചുവെന്ന് ഞങ്ങൾ വിശ്വസിക്കുന്നില്ല; അത് മക്കാ മുശ്‌രിക്കുകളുടെ വിശ്വാസമാണ്" എന്ന് അവർ പരസ്യമായി പ്രചരിപ്പിച്ചു കൊണ്ടിരിക്കുന്നു. ഈയൊരു പരിതസ്ഥിതിയിൽ ഇന്റെ നിജസ്ഥിതി പരിശോധിക്കുകയും പ്രാമാണികരായ പൂർവ്വീക പണ്ഡിതന്മാരുടെ അഭിപ്രായങ്ങളും നിലപാടുകളും വിശകലനം ചെയ്യുന്നത് അനിവാര്യമാണ്. സ്വഹീഹുൽ ബുഖാരിയുടെ ശറഹായ ഫത്ഹുൽ ബാരിയിൽ ഇമാം ഇബ്നു ഹജറിൽ അസ്ഖലാനി റഹിമഹുല്ലാഹ് ഇമാം നവവിയെ ഉദ്ധരിച്ചു പറയുന്നു وَالصَّحِيحُ أَنَّ لَهُ حَقِيقَةً كَمَا قَدَّمْنَاهُ، وَبِهِ قَطَعَ الْجُمْهُورُ، وَعَلَيْهِ عَامَّةُ الْعُلَمَاءِ وَيَدُلُّ عَلَيْهِ الْكِتَابُ وَالسُّنَّةُ الصَّحِيحَةُ الْمَشْهُورَة "ശെരിയായിട്ടുള്ളത്, നാം നേരത്തെ സൂചിപ്പിച്ചത് പോലെ, തീർച്ചയായും അതിന് (സിഹ്‌റിന്) യദ്ധാർഥ്യമുണ്ട്. അത് തന്നെയാണ് ഭൂരിപക്ഷം ഉലമാക്കളും ഖണ്ഡിതമായി പറഞ്ഞതും, പൊതുവെ ഉലമാക്കളുടെ നിലപാടും. ഖുർആനും സുവിദിതമായ സ്വഹീഹായ ഹദീസും അത് തന്നെയാണ് അറിയിക്കുന്നത്" - ഫത്ഹുൽ ബാരി -10-22 ശറഹു മുസ്‌ലിമിൽ ഇമാം മാസിരി പറയുന്നു مذهب أهل السنة وجمهور علماء الأمة على إثبات السحر وأن له حقيقة "അഹ്‌ലുസ്സുന്നയുടെയും ഉമ്മത്തിലെ ഉലമാക്കളുടെയും വീക്ഷണം, സിഹ്‌റിന് യാഥാർഥ്യവും സ്ഥിരീകരണവുമുണ്ടെന്നാണ്." ശറഹു മുസ്‌ലിം 14/174 ഇമാം ഇബ്നുൽ ഖയ്യിം റഹിമഹുള്ളാ പറയുന്നു. فصل هَدْيِهِ ﷺ في عِلاجِ السِّحْرِ الَّذِي سَحَرَتْهُ اليَهُودُ بِهِ] * فَصْلٌ في هَدْيِهِ ﷺ في عِلاجِ السِّحْرِ الَّذِي سَحَرَتْهُ اليَهُودُ بِهِ قَدْ أنْكَرَ هَذا طائِفَةٌ مِنَ النّاسِ وقالُوا: لا يَجُوزُ هَذا عَلَيْهِ، وظَنُّوهُ نَقْصًا وعَيْبًا، ولَيْسَ الأمْرُ كَما زَعَمُوا، بَلْ هو مِن جِنْسِ ما كانَ يَعْتَرِيهِ ﷺ مِنَ الأسْقامِ والأوْجاعِ، وهو مَرَضٌ مِنَ الأمْراضِ، وإصابَتُهُ بِهِ كَإصابَتِهِ بِالسُّمِّ لا فَرْقَ بَيْنَهُما، وقَدْ ثَبَتَ في " الصَّحِيحَيْنِ " عَنْ عائشة رَضِيَ اللَّهُ عَنْها "ജൂതന്മാർ ചെയ്ത സിഹ്‌റിന്റെ ചികിത്സയിൽ നബി സ്വല്ലല്ലാഹു അലൈഹി വ സല്ലമയുടെ നടപടിക്രമം" ഒരു വിഭാഗം ആളുകൾ ഇത് (നബിക്ക് സിഹ്ർ ബാധിച്ചു എന്നത്) നിഷേധിച്ചിട്ടുണ്ട്. അദ്ദേഹത്തിന് (നബിക്ക്) അത് ബാധിക്കുകയില്ലെന്നാണ് അവർ പറയുന്നത്. അതൊരു ന്യുനതയും പോരായ്മയുമായാണ് അവർ കരുതുന്നത്. കാര്യം അവർ വാദിക്കുന്നത് പോലെയല്ല. അത് രോഗവും, വേദനയും പോലെ ഒരു കാര്യം മാത്രമാണ്. വിഷം തീണ്ടുന്നത് പോലെയുള്ള ഒരു കാര്യം. ആയിഷ റദിയള്ളാഹു അൻഹയിൽ നിന്നു രണ്ട് സ്വഹീഹുകളിലുമായി ഇക്കാര്യം സ്ഥിരപ്പെട്ടിട്ടുണ്ട് (ത്വിബ്ബുന്നബവി - ഇബ്നുൽ ഖയ്യിം-93) അദ്ദേഹം തുടർന്ന് പറയുന്നു. وقد اتفق أصحاب الصحيحين على تصحيح هذا الحديث، ولم يتكلم فيه أحد من أهل الحديث بكلمة واحدة، والقصة مشهورة عند أهل التفسير، والسنن والحديث، والتاريخ والفقهاء، وهؤلاء أعلم بأحوال رسول الله - صلى الله عليه وسلم - وأيامه من غيرهم "ഇരു സ്വഹീഹുകളുടെയും ആളുകൾ ഈ ഹദീസ് (നബിക്ക് സിഹ്ർ ബാധിച്ചു എന്ന ഹദീസ് ) സ്വഹീഹാണെന്ന് ഏകോപിച്ചിട്ടുണ്ട്. ഹദീസ് പണ്ഡിതന്മാരിൽ ഒരാൾ പോലും ഇതിനെ ആക്ഷേപിച്ചു കൊണ്ട് ഒരു വാക്കു പോലും പറഞ്ഞിട്ടില്ല. ഫുഖഹാക്കളും ചരിത്രകാരന്മാരും ഹദീസിന്റെയും തഫ്സീറിന്റെയും ഉലമാക്കളുടെ അരികിൽ ഈ സംഭവം പ്രസിദ്ധമാണ്. അവരാണ് നബി സ്വല്ലല്ലാഹു അലൈഹി വ സല്ലമയുടെ ജീവിതത്തെക്കുറിച്ചും ദൈനംദിന സംഭവങ്ങളെക്കുറിച്ചും മറ്റാരേക്കാളും അറിയുന്നവർ - ( ബദാഇഉൽ ഫവാഇദ്) ഇമാം ഖാദീ ഇയാദ് റഹിമഹുള്ളാ പറയുന്നു. قالَ القاضِي عِياضٌ: والسِّحْرُ مَرَضٌ مِنَ الأمْراضِ، وعارِضٌ مِنَ العِلَلِ، يَجُوزُ عَلَيْهِ ﷺ كَأنْواعِ الأمْراضِ مِمّا لا يُنْكَرُ، ولا يَقْدَحُ في نُبُوَّتِهِ "സിഹ്ർ എന്നത് ഒരു രോഗമാണ്. അത് നബി സ്വല്ലല്ലാഹു അലൈഹി വ സല്ലമക്കും ബാധിക്കാം. അത് അദ്ദേഹത്തിന്റെ പ്രവാചകത്വത്തിനു ദോഷം വരുത്തുന്നതല്ല" (ത്വിബ്ബുന്നബവി - ഇബ്നുൽ ഖയ്യിം-93)
ഈ വിഷയത്തിൽ അഹ്ലുസ്സുന്നയുടെ പ്രഗത്ഭരായ ഉലമാക്കളുടെ വേറെയും ഒരുപാട് ഉദ്ധരണികൾ കാണാം. ദൈർഘ്യം ഭയന്ന് ചുരുക്കുകയാണ്. സിഹ്ർ ബാധിക്കുമെന്നും അത് നബി സ്വല്ലല്ലാഹു അലൈഹി വ സല്ലമയെ ബാധിച്ചിട്ടുണ്ടെന്നുമുള്ള കാര്യം അഹ്‌ലുസ്സുന്നയുടെ സർവ്വഅംഗീകൃതമായ അഖീദയാണ്. ആരെങ്കിലും അതിനെ നിഷേധിക്കുകയോ നിരാകരിക്കുകയോ ചെയ്യുന്നുവെങ്കിൽ അവർ പ്രമാണത്തെക്കാൾ യുക്തിക്ക് പ്രാധാന്യം നൽകുന്ന അഖ്ലാനിയ്യത്തിന്റെ ആളുകളാണ്. അവരുടെ മുൻഗാമികൾ മുഅതസികളും ബാത്വിലിന്റെ ആളുകളുമാണ്. - ബശീർ പുത്തൂർ
0 Comments
ഒരു വശത്ത് പോപ്പുലർ ഫ്രണ്ടിനെയും സമാന കക്ഷികളെയും തീവ്രവാദവും അനിസ്‌ലാമിക നിലപാടുകളും ചൂണ്ടിക്കാണിച്ച് നഖ ശിഖാന്തം വിമർശിക്കുകയും ശക്തിയുക്തം എതിർക്കുകയും ചെയ്യുക. അതേ സമയം, മറുവശത്ത് ആഗോളതലത്തിൽ അറബ് ഇസ്‌ലാമിക രാജ്യങ്ങളിൽ മുസ്‌ലിം ഭരണാധികാരികൾക്കെതിരിൽ തദ്ദേശീയരായ മുസ്‌ലിം പൊതുജനങ്ങളെ ജിഹാദിന്റെ പേര് പറഞ്ഞ് കലാപങ്ങൾക്ക് ആഹ്വാനം ചെയ്ത ഖർദാവിയെപ്പോലുള്ള ഇഖ്‌വാനീ ദാർശനികരെ മഹാ പണ്ഡിതന്മാരായി അവരോധിക്കുകയും അവരുടെ മരണത്തിൽ ദുഃഖം രേഖപ്പെടുത്തുകയും അവരുടെ മരണം മുസ്‌ലിം ഉമ്മത്തിന് വമ്പിച്ച നഷ്ടമാണെന്നും പറഞ്ഞു വിലപിക്കുകയും കണ്ണീർ വാർക്കുകയും ചെയ്യുക ! ഒരേ വിഷയത്തോടുള്ള സീഡീ ടവർ മുജാഹിഡുകളുടെ ഇരട്ട മുഖം ഇതിൽ കാണാം. ഇന്ത്യയിൽ ഇസ്‌ലാമിനും മുസ്‌ലിംകൾക്കും സുഡാപ്പികൾ എത്ര കണ്ട് അപകടകരമാണോ അതിനേക്കാൾ പതിന്മടങ്ങു പ്രഹരശേഷിയാണ് ഇഖ്വാനികൾക്ക് ! എന്നിട്ടും ഹുസൈൻ മടവൂരും ആരിഫ് സൈനും മജീദ് സ്വലാഹിയും ജാബിർ അമാനിയും നെടുനീളൻ അനുശോചനക്കുറിപ്പുകളെഴുതി "പ്രാസ്ഥാനിക കൂറ്" കാണിച്ചു !
സത്യം പറഞ്ഞാൽ ഇത്തരം വിഷയങ്ങളിലൊക്കെ ഒരു മുസ്‌ലിം സ്വീകരിക്കേണ്ട നിലപാടുകൾ എന്തായിരിക്കണമെന്ന് മഹാ ഭൂരിപക്ഷം സംഘടനക്കാർക്കുക്കും അറിയില്ല. അത് കൊണ്ട് തന്നെ ആദർശപരമായ അടിസ്ഥാന വിഷയങ്ങളിൽ, ജീവിച്ചിരുന്നപ്പോൾ ശക്തമായ വിയോജിപ്പ് പുലർത്തുകയും അത് പരസ്യമായി തന്നെ പ്രകടിപ്പിക്കുകയും ചെയ്ത ആളുകൾ തന്നെ, എതിരാളി മരണപ്പെട്ടു കഴിഞ്ഞാൽ വലിയ നേതാവും മഹാ പണ്ഡിതനും പോരാളിയുമായി വാഴ്ത്തപ്പെടുന്നു ! രാഷ്ട്രീയത്തിൽ മാത്രം കണ്ടു വന്നിരുന്ന ഈ ചുവടുമാറ്റം മുജാഹിദ് പ്രസ്ഥാനത്തിൽ ഈയിടെയായി വ്യാപകമാണ്. നബിയിൽ വിശ്വസിച്ചില്ലെങ്കിലും, നബി സ്വല്ലള്ളാഹു അലൈഹി വ സല്ലമക്ക് ഏറെ സഹായം ചെയ്യുകയും സംരക്ഷണ കവചം തീർക്കുകയും ചെയ്ത, നബി സ്വല്ലള്ളാഹു അലൈഹി വ സല്ലമയുടെ പിതൃവ്യൻ അബൂ ത്വാ ലിബ് മരണപ്പെട്ട വിവരം അലി റദിയള്ളാഹു അൻഹു പറഞ്ഞപ്പോൾ അദ്ദേഹം പറഞ്ഞ മറുപടി : "ِاِنْطَلِقْ فَوَارِه" എന്നാണ്. ആവതുള്ള കാലത്ത് ശത്രുക്കളിൽ നിന്ന് പോറലേൽക്കാതെ കാത്തു രക്ഷിച്ച സ്വന്തം പിതൃവ്യനാണ്, അദ്ദേഹം മുസ്‌ലിമായെങ്കിൽ എന്നാഗ്രഹിക്കുകയും നേരിട്ട് അക്കാര്യം നബി അവതരിപ്പിക്കുകയും ചെയ്തിട്ടുണ്ട്. റസൂലിന്റെ കരളിന്റെ കഷ്ണമായ മകൾ ഫാത്വിമ റദിയള്ളാഹു അൻഹയുടെ ഭർത്താവിന്റെ പിതാവാണ്, നാട്ടിലെ പ്രമാണിയും പൗരമുഖ്യനുമാണ് ! ഖുറൈശി തറവാട്ടിലെ കാരണവരാണ് .... ഇതൊന്നും തന്റെ ബറാഉ പരസ്യമായി പ്രഖ്യാപിക്കുന്നതിൽ അദ്ദേഹത്തിന് തടസ്സമായില്ല! അത് കൊണ്ടാണ് യാതൊരു സങ്കോചവുമില്ലാതെ " നീ പോയി കുഴിച്ചിട്ടേക്ക്" എന്ന് പറയാൻ സാധിച്ചത്. ഖവാരിജുകളായ അഹ്‌ലുൽ ബിദ്അയുടെ പ്രചാരകരുടെ കാര്യത്തിൽ സലഫുകൾക്കു കൃത്യവും വ്യക്തവുമായ നിലപാടുകളുണ്ടായിരുന്നു എന്ന കാര്യത്തിൽ സംശയമേയില്ല. - ബഷീർ പുത്തൂർ അരീക്കോടുകാരനായ എൻ വീ സക്കരിയയുടെ "മാസപ്പിറവി - മതവും ശാസ്ത്രവും" എന്ന വിഷയത്തിലുള്ള ഒരു ഓഡിയോ കുറച്ചു നേരമായി സോഷ്യൽ മീഡിയയിൽ കറങ്ങി നടക്കുന്നുണ്ട്. കാര്യമായ ചർച്ചയോ ഗൗരവമർഹിക്കുന്ന നിരീക്ഷണങ്ങളോ ഒന്നും അതിലടങ്ങിയിട്ടില്ലെങ്കിലും മാസപ്പിറവിയുമായി ബന്ധപ്പെട്ട് ഹിലാൽ കമ്മറ്റിയുടെ കീഴ്ക്കാംതൂക്കായ നിലപാടിനെ സാമാന്യവൽക്കരിച്ചു അതാണ് ശെരിയായ നിലപാട് എന്ന് വിശതീകരിക്കാൻ നിന്ന് വിയർക്കുന്നത് കാണുമ്പോൾ സഹതാപം തോന്നുകയാണ്. അരീക്കോട് നല്ല ഒരു പ്രദേശമാണ്. ഒരുപാട് നല്ല മുസ്‌ലിംകൾ ജീവിച്ചു മരിച്ചുപോയ ഒരു നാട്. പക്ഷെ, എപ്പോഴും അങ്ങിനെതന്നെ ആയിക്കൊള്ളണമെന്നില്ല.
മാസപ്പിറവിയുമായി ബന്ധപ്പെട്ട വിഷയത്തിൽ കണക്കിനല്ല കാഴ്ചക്കാണ് പ്രസക്തിയും പരിഗണനയുമെന്ന കാര്യം പ്രമാണങ്ങളെക്കുറിച്ചു ശരാശരി ധാരണയുള്ള എല്ലാവർക്കുമറിയാവുന്നതാണ്. നദ്‌വത്തുൽ മുജാഹിദീന്റെ പഴയ കാല നിലപാടുകൾ അത് ശെരിവെക്കുന്നതുമാണ്. ആ നിലപാടിന്റെ ആധാരം നബി സ്വല്ലള്ളാഹു അലൈഹി വ സല്ലമയിൽ നിന്ന് മാസപ്പിറവിയുമായി ബന്ധപ്പെട്ട് വന്നിട്ടുള്ള സ്വഹീഹായ ധാരാളം ഹദീസുകളും നബിയും സ്വഹാബതുമടങ്ങുന്ന സലഫുകളുടെ നടപടിക്രമവും താബിഉകളും തബഉൽ അത്ബാഉമടക്കം ഇന്നോളമുള്ള മുസ്‌ലിം ഉമ്മത്തിന്റെയും പ്രാമാണികരായ ഉലമാക്കളുമാണ്. മറിച്ചു നിലപാടുകളുള്ള ഒറ്റപ്പെട്ട വ്യക്തികളും പണ്ഡിതന്മാരുമുണ്ടാകാം. അത് നിഷേധിക്കുന്നില്ല. എന്നാൽ അത്തരം വീക്ഷണഗതികളോടുള്ള സമീപനം അവർ ആ നിലപാടുകൾ സ്വീകരിക്കാൻ അവലംബിച്ച ദലീലിന്റെ പ്രാമാണികത പരിശോധിച്ച് കൊണ്ടായിരിക്കും. അല്ലാതെ , ഒരു വിഷയത്തിൽ എതിരഭിപ്രായം കാണുമ്പോഴേക്ക് "കിട്ടിപ്പോയി" എന്ന് പറഞ്ഞു കൊണ്ട് "വീക്ഷണ വ്യത്യാസമുള്ള" മസ്അലയായി വിലയിരുത്തുകയും, രണ്ടഭിപ്രായത്തിൽ ശെരിയെന്നു തോന്നുന്ന ഏതെങ്കിലുമൊന്ന് ഓരോരുത്തരുടെയും സൗകര്യം പോലെ ഏറ്റെടുത്തു പ്രചരിപ്പിക്കുകയും ചെയ്യുന്ന രീതി സുരക്ഷിതമോ പ്രോത്സാഹനാർഹമോ അല്ല. എന്നാൽ ഇവിടെ സകരിയ മൗലവി ആ നിലപാടാണ് സ്വീകരിച്ചു കാണുന്നത്. അദ്ദേഹം "കാഴ്ചക്ക് പരിഗണന നൽകുകയും കണക്കിനെ അവഗണിക്കുകയും ചെയ്യുന്ന രീതി ഇസ്‌ലാമികമല്ല എന്നാണാവകാശപ്പെടുന്നത്. അതായത് ഗോളശാസ്ത്ര കണക്കിന്റെ അടിസ്ഥാനത്തിൽ ഒരു നിലക്കും പിറവി ദർശനം സാധ്യമല്ലായെന്നു അതിന്റെ ആളുകൾ കട്ടായം പറയുന്ന ദിവസം, വിശ്വസ്തനും സത്യസന്ധനുമായ ഒരാൾ പിറവി ദർശനം സാക്ഷ്യപ്പെടുത്തിയാൽ അത് സ്വീകാര്യമല്ലായെന്നും അപ്പോൾ കണക്കിന് മാത്രമാണ് പരിഗണനയെന്നും അതാണ് ഇസ്‌ലാമിക നിലപാടെന്നും സ്ഥാപിക്കാനാണ് ശ്രമിക്കുന്നത്. അതിന് യാതൊരു ദലീലും അദ്ദേഹത്തിന് മുന്നോട്ട് വെക്കാനില്ല! മുജാഹിദ് പ്രസ്ഥാനത്തിന്റെ പരിണാമ ഘട്ടത്തിലെ മറ്റൊരു പേറ്റുനോവായി മാത്രമേ നമുക്കിതിനെ കാണാൻ കഴിയൂ. മാസപ്പിറവി നിർണ്ണയിക്കാൻ ദർശനം കൂടിയേ തീരൂവെന്ന് ബോധ്യപ്പെടുത്തുന്ന സ്വഹീഹായ ഹദീസുകളും സ്വഹാബികൾ അടക്കമുള്ള സലഫുകളുടെ ഫഹമും അമലും പൗരാണികരും ആധുനികരുമായ പ്രാമാണികരായ ഉലമാക്കളുടെ നിലപാടുകളും അരുക്കാക്കാൻ സുബുകിയുടെ ഒറ്റപ്പെട്ട അഭിപ്രായത്തിനു പരിഗണന നൽകുന്ന എൻവീ, താങ്കൾ വീണത് പടുകുഴിയിലാണ് ! സഹതാപമർഹിക്കാത്ത വീഴ്ച! സ്വഹാബത്തും അഹ്‌ലുസ്സുന്നത്തിന്റെ പ്രാമാണികരായ ഉലമാക്കളും ഒരു ഭാഗത്തു നിൽക്കുമ്പോൾ മറുഭാഗത്തു സുബുകിയുടെ ഒറ്റപ്പെട്ട വീക്ഷണവുമായി അങ്കത്തിനിറങ്ങാൻ നിങ്ങൾക്കെങ്ങനെ ധൈര്യം വന്നു !! ചുരുക്കത്തിൽ മാസപ്പിറവി കാണുക എന്നത് അഭിപ്രായ വ്യത്യാസമുള്ള ഒരു മസ്അലയാക്കി ചുരുട്ടിക്കെട്ടാൻ നിങ്ങൾക്ക് കഴിഞ്ഞുവെന്നാശ്വസിക്കാം ! പക്ഷെ അരീക്കോടിന്റെ ഓരോ മൺതരിയും നിങ്ങൾക്കെതിരെ എഴുനേറ്റു നിൽക്കും ! നിങ്ങൾ സംരക്ഷിക്കാൻ പാടുപെടുന്ന സർക്കുലർ എന്ന് തൊട്ടാണ് മതനിയമ സ്രോദസ്സായി പവിത്രമായിത്തീർന്നത് ? മാസപ്പിറവിയുടെ കാര്യം തീരുമാനമായ സ്ഥിതിക്ക് ഇനി തറാവീഹിന്റെ റക്അത്തിന്റെ കാര്യം കൂടി കട്ടപ്പുറത്താക്കാം. എന്തേ പറ്റില്ലേ ? മാസപ്പിറവിയുടേതിനേക്കാൾ കൂടുതൽ "തെളിവുകൾ" അതിനുണ്ട്. നബിയും സ്വഹാബികളും പതിനൊന്നിൽ കൂടുതൽ രാത്രി നമസ്കാരം നിർവ്വഹിച്ചതായി വിശ്വാസയോഗ്യമായ ഒരു രേഖയുമില്ല. എന്നാൽ, ഒരു അബ്ദുള്ള അൽ മനീഉ മാത്രമല്ല ശൈഖുൽ ഇസ്‌ലാം ഇബ്നുതീമിയ, ഇബ്നുൽഖയ്യിം തൊട്ട് ശൈഖ് ഇബ്നു ബാസ്, സ്വാലിഹുൽ ഉസൈമീൻ അടക്കം സൗദിയിലുള്ള മിക്ക പണ്ഡിതരും പതിനൊന്നിലധികം ആകാമെന്ന വീക്ഷണക്കാരാണ്. അപ്പോൾ തറാവീഹും അഭിപ്രായ വ്യത്യാസമുള്ള വിഷയമായി ! ഇങ്ങിനെ ഒറ്റപ്പെട്ട അഭിപ്രായങ്ങൾ ചികയുകയും വഴിയിൽ കിട്ടിയതെല്ലാം ദീനായി പ്രചരിപ്പിക്കുകയും ചെയ്‌താൽ പിന്നെയെവിടെയാണ് മൗലവി ആദർശനിഷ്ഠ നിലനിൽക്കുക ? പല കാരണങ്ങളാലും തെറ്റായ അഭിപ്രായങ്ങളും വീക്ഷണഗതികളും പ്രകടിപ്പിക്കുകയും രേഖപ്പെടുത്തുകയും ചെയ്ത എത്രയെത്ര കിടയറ്റ ഉലമാക്കൾ കഴിഞ്ഞുപോയിട്ടുണ്ട് ? അവരുടെ വീക്ഷണഗതികളോടുള്ള നിലപാട് സ്വീകാര്യവും അസ്വീകാര്യവുമാകുന്നത്, അവരുടെ നിലപാടുകളുടെ ആധാരം എന്ത് എന്ന് പരിശോധിച്ച് കൊണ്ടാണ്. അല്ലാതെ സർക്കുലറിനൊപ്പിച്ചു പറഞ്ഞു പരത്തലല്ല. അത് കൊണ്ട് തന്നെ മാസപ്പിറവി വിഷയത്തിൽ സുബുക്കിയും അബ്ദുള്ള മനീഉം പറഞ്ഞതും നദ്‌വത്തുൽ മുജാഹിദീൻ സ്വീകരിച്ച പുതിയ നിലപാടും സ്വീകാര്യമോ സ്വാഗതാർഹമോ അല്ല ! ഹോം കൊറണ്ടൈനിൽ നടത്തിയ " ഓൺലൈൻ ഖുതുബ" പോലെ മറ്റൊരു പോഴത്തപ്പണിയാണ് മാസപ്പവിയുമായി ബന്ധപ്പെട്ട നിങ്ങളുടെ ഈ പുതിയ ക്ലിപ്പ് ! - ബഷീർ പുത്തൂർ വരണ്ട വേനലിനു ശേഷം കനത്ത ഒരു മഴ പെയ്താൽ എന്തെല്ലാം ക്ഷുദ്ര ജീവികളാണ് വെള്ളത്തോടൊപ്പം ഒലിച്ചു വരിക? പാമ്പ്, തേള്, പഴുതാര, തേരട്ട, എലി തുടങ്ങി ഒരുപാടൊരുപാട് ജന്തുക്കൾ ചപ്പുചവറുകൾക്കൊപ്പം ഒലിച്ചു അടിഞ്ഞു കൂടും! അപ്പോഴാണ് നമുക്ക് ചുറ്റിലും ഇത്രയും കാലം ഇവയെല്ലാം ജീവിച്ചിരുന്നുവല്ലോ എന്നോർത്ത് വേവലാതിപ്പെടുക! ഒരു മഴ പെയ്യാനുള്ള അവസരത്തിനായി ഇവയെല്ലാം നമ്മെ ഭയപ്പെടുത്താനായി കാത്തിരിക്കുകയായിരുന്നു എന്ന് ആരുമപ്പോൾ ചിന്തിച്ചു പോകും.
അത് പോലെ ചില അവസരങ്ങൾ വീണു കിട്ടാൻ കാത്തിരിരിക്കുന്ന ചില ക്ഷുദ്ര ജീവികളുണ്ട് മനുഷ്യരിൽ. ഒരു വഷളൻ ഡോക്റ്റർ പൊതു സമൂഹത്തിന്റ മുമ്പിൽ തീവ്ര മതേതരനും മാനവികനുമാണെന്നു വരുത്താൻ ഒരഭ്യാസം കാണിക്കുന്നു. അതോടെ നവോദ്ധാനം അവകാശപ്പെട്ട് തോട്ടിപ്പണിയുമായി നടക്കുന്ന മർകസ് ദഅവ സൈബർ പോരാളികൾ വിഷയം ഏറ്റെടുക്കുന്നു. ഖുർആനും സുന്നത്തുമാണ് പ്രമാണമെന്ന് പറയുകയും അതിന് വേണ്ടി, നമസ്കാരത്തിൽ കൈ എവിടേക്കെട്ടണമെന്ന പേരിൽ പോലും ഖണ്ഡനമണ്ഡനങ്ങൾ നടത്തുകയും ചെയ്ത ഒരു തലമുറയുടെ പിന്മുറക്കാരാണ് ഇവർ. നബിചര്യയിൽ സ്ഥിരപ്പെട്ട ഒരുപാട് സുന്നത്തുകളെ ദുർവ്യാഖ്യാനിക്കുകയോ നിഷേധിക്കുകയോ ചെയ്യുന്നതിൽ ഒരു മനസ്താപവുമില്ലാത്ത ഇവർ ഇപ്പോഴും ഖുർആനും സുന്നത്തുമാണ് പ്രമാണമെന്ന് അവകാശപ്പെടുന്നു എന്നതാണ് വിരോധാഭാസം. ഒരു കാലത്തു യുക്തിക്ക് യോജിക്കാത്ത ഹദീസുകൾ നിഷേധിക്കുന്ന രീതി ജമാഅത്തുകാരുടേതായിരുന്നു. അവരൊക്കെ കളം വിട്ടു. ഇന്ന് ആ അധമത്വം ഏറ്റെടുത്തത് ഹുസൈൻ മടവൂർ സാഹിബ് വളർത്തിയ മർകസ് ദഅവക്കാരാണ്. കെ എൻ എം ഔദ്യോഗിക വിഭാഗം വിഷയത്തോട് പ്രതികരിക്കാതെ അർത്ഥഗർഭമായ മൗനവാൽമീകത്തിൽ അടയിരുന്നഭിരമിക്കുകയാണ്. പ്രത്യക്ഷത്തിൽ ശത്രുതയിലാണെങ്കിലും നല്ലൊരു വിഭാഗം അണികളും ഇവരുമായി ഉള്ള അന്തർധാര ശക്തമായതിനാൽ അവരോട് ചാഞ്ഞു നിൽക്കാൻ തന്നെയാണ് സാധ്യത. ഏതായാലും സുന്നത്തിന്റെ ശത്രുക്കൾ സമുദായത്തിന്റ പുറത്തുള്ളവരല്ല. അത് പ്രമാണങ്ങളെ തെറ്റായി വ്യാഖ്യാനിച്ചു ചാവേറാക്രമണത്തിലൂടെ നിരപരാധികളെ കൊല്ലുന്ന തീവ്രവാദികളായിരുന്നാലും, സുന്നത്തിനെ നിഷേധിച്ചു അൾട്രാ മതേതരന്മാരാകാൻ ശ്രമിക്കുന്ന പുരോഗമന പുങ്കവന്മാരായിരുന്നാലും ! - ബഷീർ പുത്തൂർ ഒരു പത്രസമ്മേളനത്തിൽ ഇന്ത്യയിലെ മുസ്ലിംകൾ അഭിമുഖീകരിക്കുന്ന ഏറ്റവും വലിയ പ്രശ്നം എന്താണെന്ന് ഒരു പത്രപ്രവർത്തകൻ ചോദിച്ചപ്പോൾ, ആഗ്രഹസഫലീകരണത്തിനു ജനങ്ങൾ ശവകുടീരങ്ങളിൽ അഭയം തേടുന്നതാണ് എന്ന് ഉത്തരം നൽകിയതിനു 'ശ്മാശാന വിപ്ലവക്കാർ' എന്ന് ആക്ഷേപിക്കപ്പെട്ട ഒരു ഗതകാല ചരിത്രമുണ്ട് മുജാഹിദ് പ്രസ്ഥാനത്തിന്. ആദർശം മുറുകെപ്പിടിക്കുകയും അത് ആരുടെ മുമ്പിലും ഭയമേതുമന്യേ വെട്ടിത്തുറന്നു പറയുകയും ചെയ്യുന്ന ധീരരും ധിഷണാശാലികളുമായ പണ്ഡിതന്മാർ നേതൃത്വം നൽകിയ ഒരു പ്രബോധന സംഘമായിരുന്നു നദ് വത്തുൽ മുജാഹിദീൻ എന്ന സംഘടന.
ഖുർആനിന്റെയും സുന്നത്തിന്റെയും അടിസ്ഥാനത്തിൽ ജനങ്ങളെ പ്രബോധനം നടത്തുകയും തൗഹീദ് ജന മനസ്സുകളിൽ വിത്ത് പാകുകയും സുന്നതിനെക്കുറിച്ചു ബോധവൽക്കരിക്കുകയും ശിർക്കിനും ബിദ്അത്തിനുമെതിരിൽ സന്ധിയില്ലാ സമരം നയിക്കുകയും ചെയ്തവരായിരുന്നു ആദ്യകാല മുജാഹിദുകൾ. എന്ത് ന്യുനതകൾ പറയാനുണ്ടെങ്കിലും, ഇസ്‌ലാമിക വിശ്വാസത്തിന്റെ അതിപ്രധാനമായ വശം കേരളക്കരയിൽ വിത്തു പാകുന്നതിൽ മുജാഹിദ് പ്രസ്ഥാനത്തിന് അനിഷേധ്യമായ സ്ഥാനമാണുള്ളത്. ഇക്കാര്യം, ഇവിടെ അനുസ്മരിക്കാൻ കാരണം, നാലു ദിവസങ്ങളിലായി കൂരിയാട് വെച്ച് നടന്ന മുജാഹിദ് ഒമ്പതാം സംസ്ഥാന സമ്മേളനം ബാക്കി വെച്ച ചില ദുസ്സുചനകൾ അനാവരണം ചെയ്യാൻ വേണ്ടിയാണ്. കേരളത്തിൽ ഇസ്‌ലാമിക മത പ്രബോധന രംഗത്ത് നബിചര്യ പിന്തുടർന്ന് കൊണ്ട് പ്രവർത്തിക്കുന്ന ഏക സംഘടന എന്ന ഖ്യാദി അവകാശപ്പെടുന്ന നദ് വത്തുൽ മുജാഹിദീന്റെ കൂരിയാട് സമ്മേളനം സത്യത്തിൽ ആ അവകാശവാദത്തെ തന്നെയാണ് നിഷേധിച്ചിരിക്കുന്നത്. ലോകത്ത് നിയുക്തരായ മുഴുവൻ പ്രവാചകന്മാരും അവരുടെ ജനതയോട് പറഞ്ഞ അതിപ്രധാന വിഷയം, ഇബാദത്ത് അള്ളാഹുവിനു മാത്രമേ പാടുള്ളു എന്നതാണ്. വിവിധവും വിത്യസ്ഥവും വിഭിന്നവുമായ സാമൂഹ്യ ജീവിതതലങ്ങളിൽ ആയിരുന്നിട്ടു കൂടി അള്ളാഹുവിനു മാത്രം ഇബാദത്ത് ചെയ്യുക എന്ന സന്ദേശത്തിൽ ഒരു വിട്ടുവീഴ്ചയും ഉണ്ടായിരുന്നില്ല. മുഹമ്മദ് നബി സ്വല്ലള്ളാഹു അലൈഹി വസല്ലമയുടെ ചരിത്രവും ഇതിൽ നിന്ന് ഭിന്നമല്ല. ബഹുദൈവ വിശ്വാസികളായ കൊടിയ ശത്രുക്കളുടെ അതിക്രമം അതി ശക്തമായിരുന്നിട്ടും, പലിശയും, ചൂതാട്ടവും,വ്യഭിചാരവും അധാർമ്മികതയും കൊടി കുത്തി വാണിരുന്ന സാമൂഹിക സാഹചര്യം നിലനിൽക്കെത്തന്നെയാണ് നബി സ്വല്ലള്ളാഹു അലൈഹി വസല്ലം, മക്കാ മുശ്‌രിക്കുകളോട് അള്ളാഹുവിനെ മാത്രമേ ഇബാദത്ത് ചെയ്യാൻ പാടുള്ളൂ എന്ന് പ്രഖ്യാപിച്ചത്. കേരളത്തിൽ, മത സാമൂഹ്യ വിദ്യാഭ്യാസ രംഗത്ത് മുസ്ലിംകൾ ഒന്നുമില്ലാതിരുന്ന കാലത്ത് ഇസ്‌ലാമിക പ്രബോധനത്തിന് പ്രവാചക മാതൃക പിന്തുടർന്ന മുജാഹിദ് പ്രസ്ഥാനം, വിദ്യാഭ്യാസ സാമൂഹ്യ രംഗത്തൊക്കെ പ്രശോഭിതമായ വർത്തമാന കാലത്തിലൂടെ കേരള മുസ്ലിംകൾ കടന്നു പോകുന്ന ആനുകാലിക സാഹചര്യത്തിൽ, തങ്ങളുടെ ദൗത്യത്തിൽ നിന്ന് പിന്നാക്കം പോയി എന്നത് തികച്ചും ദുസ്സുചന തന്നെയാണ് പ്രദാനം ചെയ്യുന്നത്. കേരളത്തിലെ വിദ്യാഭ്യാസ സാമൂഹിക സാമ്പത്തിക ആദുര രംഗത്തെല്ലാം സേവനങ്ങൾ അർപ്പിക്കാനും മാർഗ നിർദ്ദേശങ്ങൾ നൽകാനും മുസ്ലിം സാമൂഹ്യ രാഷ്ട്രീയ സംഘടനകൾ എത്രയോ ഉണ്ട് എന്ന കാര്യം എല്ലാവർക്കുമറിയാം. എന്നാൽ, നബി സ്വല്ലള്ളാഹു അലൈഹി വ സല്ലമയെയും സ്വഹാബത്തിനെയും മാതൃകയായി സ്വീകരിച്ചു കൊണ്ട് അല്ലാഹുവിലേക്ക് ക്ഷണിക്കുന്ന, ശെരിയായ ദഅവത്ത് നിർവ്വഹിക്കുന്ന ആളുകൾ ലക്ഷ്യം വിസ്മരിക്കുമ്പോൾ ഗുരുതരമായ അനന്തര ഫലങ്ങൾ ഭയപ്പെടേണ്ടതുണ്ട്. ഇസ്‌ലാമിക ദഅവത്തിനു വേണ്ടിയാണ് മുജാഹിദ് പ്രസ്ഥാനം സ്ഥാപിക്കപ്പെട്ടത് എന്ന കാര്യം ആർക്കും നിഷേധിക്കുക സാധ്യമല്ല. ആധികാരികമായ കണക്കുകൾ പ്രകാരം, 10 വേദികളിലായി, 100 സെഷനുകളിലായി 400 പ്രബന്ധങ്ങൾ അവതരിപ്പിക്കപ്പെട്ടു. കോടിക്കണക്കിനു രൂപയും പതിനായിരങ്ങളുടെ കായിക ശേഷിയും ഒരുപാട് ദിവസങ്ങളുടെ അദ്ധ്വാനവും വ്യയം ചെയ്ത സമ്മേളനത്തിൽ, ഇസ്‌ലാമിക വിശ്വാസത്തിന്റെ ആധാരമായ തൗഹീദും സുന്നത്തും എത്ര ശതമാനം ചർച്ച ചെയ്തു? ദീനിന്റെ പേരിൽ ക്ഷണിക്കുകയും കേരളത്തിന്റെ അഷ്ട ദിക്കുകളിൽ നിന്ന് പ്രതീക്ഷയോടെ വന്നു ചേരുകയും ചെയ്ത ലക്ഷക്കണക്കിന് സാധാരണ ജനങ്ങൾക്ക് എന്താണ് ഈ സമ്മേളനം കൊണ്ട് ലഭിച്ച മെച്ചം? ഒരു പത്തോ ഇരുപതോ മിനുട്ടു കൊണ്ട് പറഞ്ഞു തീർക്കാവുന്ന സഹിഷ്ണുതയും സഹവർത്തിത്വവും ഒരു മത സംഘടനയുടെ അജണ്ടയാവുകയും, അതിപ്രധാനമായ തൗഹീദും സുന്നത്തും ചോർന്നു പോവുകയും ചെയ്യുക !! ഇതല്ലേ ദുരന്തം? ഇതിലും വലിയ മറ്റെന്തു ദുരന്തം? ശിർക്കും ബിദ്അത്തും അനുദിനം തഴച്ചു വളരുകയും, അതിനെ ഖുർആൻ കൊണ്ടും സുന്നത്തു കൊണ്ടും പ്രതിരോധിക്കേണ്ട ആളുകൾ മറ്റു പല ഏടാകൂടങ്ങൾക്കും പിന്നാലെ പോവുകയും അടിസ്ഥാനവിഷയത്തിൽ വെള്ളം ചേർക്കുകയും ചെയ്യുമ്പോൾ, സാധാരണ ജനങ്ങളിൽ എങ്ങിനെയാണ് പരിവർത്തനം സംഭവിക്കുക? ഇസ്‌ലാം സാഹോദര്യവും സഹവർത്തിത്വവും പ്രധാനം ചെയ്യുന്നു. അതിന്റെ രീതികൾ സഹിഷ്ണുതയുടേതാണ്. പക്ഷെ, ഏതു പ്രവാചകനാണ് മതം സഹിഷ്ണുതയും സഹവർത്തിതവുമാണ് എന്ന് പ്രബോധനം ചെയ്തത്? ഇസ്‌ലാമിക പ്രബോധനത്തിന്റെ അടിസ്ഥാന വിഷയം ഇത്തരം കാര്യങ്ങളാണോ? ചില ക്ഷണിതാക്കളുടെ സാന്നിധ്യവും മറ്റു ചിലരുടെ അസാന്നിധ്യവും ആഘോഷിക്കുന്ന തിരക്ക് കഴിയുമ്പോൾ മുജാഹിദ് പ്രവർത്തകർ സ്വന്തം മനസ്സാക്ഷിയോട് ചോദിക്കേണ്ട ചോദ്യമാണിത്. നാട്ടിലുള്ള നാനാ ജാതി മതസ്ഥരായ, ദീനും ദുനിയാവുമറിയാത്ത ആളുകളെ ആദര പൂർവ്വം ക്ഷണിച്ചു വരുത്തി അവരുടെ ബഡായികൾ സാധാരണക്കാരായ മുസ്ലിം പൊതു ജനങ്ങളെ കേൾപ്പിക്കുന്നതിനു പറയുന്ന പേരാണോ ദഅവത്ത് ? എങ്കിൽ നിങ്ങൾക്ക് പലവട്ടം തെറ്റി. കേരളത്തിൽ, രാഷ്ട്രീയപരമായി മുസ്‌ലിം ലീഗും, സുന്നിയും ജമാഅത്തെ ഇസ്‌ലാമിയും അതിന്നിടയിൽ ഒരു മുജാഹിദ് പ്രസ്ഥാനത്തിന്റെ അസ്തിത്വത്തിന്റെ ആവശ്യകത തന്നെ ചോദ്യം ചെയ്യപ്പെടുന്ന ഒരു സാഹചര്യമാണ് കൂരിയാട് സമ്മേളനം ബാക്കി വെക്കുന്നത്. ഖുബൂരികൾ എന്ന വിശേഷണം കൂടി ഒഴിവാക്കിയാൽ നന്നായി എന്ന് സുന്നികളും, വിശാല മുസ്ലീം ഐക്യത്തെ വാനോളം പുകഴ്ത്തി ജമാഅത്തെ ഇസ്‌ലാമിയും വെണ്ടയ്ക്ക നിരത്തുമ്പോൾ, ഓർക്കുക; അപകടം അടുത്തെത്തിയെന്ന് ! കാരണം, ശത്രുക്കൾ നിങ്ങളെ പ്രശംസിക്കാൻ തുടങ്ങിയിട്ടുണ്ട്. - ബശീർ പുത്തൂർ നോമ്പും പെരുന്നാളും അനുഷ്ടിക്കുന്നതിന് അല്ലാഹുവിന്റെ റസൂൽ നിശ്ചയിച്ച അടിസ്ഥാനം ചന്ദ്രപ്പിറവി ദർശ്ശിക്കലും അധികാരമുള്ള ഒരു അതോറിറ്റി ആ സാക്ഷ്യം സ്വീകരിച്ച് പ്രഖ്യാപിക്കലുമാണ്. എവിടെ കണ്ടാൽ എവിടെ വരെയുള്ളവർക്ക് സ്വീകരിക്കാം എന്ന പരിധി റസൂലുല്ലാഹി വെച്ചിട്ടില്ല.
പിന്നെ അതിന്റെ മാനദണ്ഡമെന്ത് ? ശൈഖുൽ ഇസ്ലാം ഇബ്നു തൈമിയ്യയെപ്പോലുള്ള മുഹഖിഖുകൾ സുന്നത്തിൽ നിന്നും സ്വഹാബത്തിന്റെ നടപടിക്രമത്തിൽ നിന്നും മനസ്സിലാക്കിപ്പറഞ്ഞതാണ് അതിന്റെ മാനദണ്ഡം : "പരിഗണിക്കേണ്ട കാര്യം ; ഉപകരിക്കുന്ന സമയത്തിനുള്ളിൽ വിവരം എത്തുക എന്നതാണ്." റസൂലുല്ലയും സ്വഹാബത്തും മദീനയിൽ നോമ്പു മുപ്പതു പൂർത്തിയാക്കാൻ അൽപ്പനേരം മാത്രം ബാക്കി നിൽക്കുന്ന നേരത്ത് , മദീനയുടെ പുറത്തുനിന്ന് വന്ന യാത്രാസംഘം തെലേന്ന് രാത്രി മാസപ്പിറവി കണ്ട വിവരം അറിയിച്ചപ്പോൾ , ദൂരപരിധിയുടെ അളവുചോദിക്കാതെ സ്വീകരിക്കുകയും തന്റെ സ്വഹാബത്തിനെ വിളിച്ച് നോംമ്പ് അവസാനിപ്പിക്കാൻ നിർദ്ദേശിക്കുകയും ചെയ്ത കാര്യം സ്ഥിരപ്പെട്ട സുന്നത്താണ്. ഇതു തന്നെയാണ് ഖലീഫ ഉമർ ഹജ്ജിന്റെ ദിവസങ്ങൾ നിശ്ചയിക്കാനും അറഫയും നഹ്‌റും തീരുമാനിക്കാനും സ്വീകരിച്ച മാനദണ്ഡം. ദൂരെ നിന്നു വരുന്ന ഹാജിമാരോട് മാസപ്പിറവി കണ്ട വിവരം അന്വേഷിക്കും , അവരിൽ ആദ്യം കണ്ട കാഴ്ചക്കാരുടേത് പരിഗണിച്ച് തീരുമാനമെടുക്കും , ദൂരവും രാജ്യവും പരിധിയും ചോദിക്കാറുണ്ടായിരുന്നില്ല. അന്നു കിട്ടിയ വിവര സാങ്കേതികതയുടെ അടിസ്ഥാനത്തിൽ ലഭിച്ച വിവരം സ്വീകരിച്ച് നബിയും ഖലീഫമാരുമെടുത്ത തീരുമാനം ബിദ്-അത്തായിരുന്നില്ല; മറിച്ച് അതാണ് സുന്നത്ത് . "പരിഗണിച്ച കാര്യം; ഉപകരിക്കുന്ന സമയത്തിനുള്ളിൽ വിവരം എത്തുക എന്നതാണ്." ഒരു കാര്യം റസൂലുല്ലയും സ്വഹാബത്തും കാണിച്ചു തന്നാൽ അതേ കാര്യത്തിന് അതാതു കാലത്തു കിട്ടാവുന്ന സൗകര്യങ്ങൾ ഉപയോഗിച്ചാൽ ബിദ്-അത്തായി തീരുമെന്ന് കണ്ടെത്തിയ ജാഹിലുകൾക്ക് ബിദ്-അത്ത് എന്താണെന്ന തിരിച്ചറിവില്ല എന്നതാണു യാഥാർത്ഥ്യം . ഇരുപതാം നൂറ്റാണ്ടിന്റെ തുടക്കത്തിലില്ലാത്ത ചില മാറ്റങ്ങൾ കേരള മഹാരാജ്യത്തെ മുസ്‌ലിമീങ്ങളിൽ ഇപ്പോൾ സംഭവിച്ചുകൊണ്ടിരിക്കുന്നത് ബോധപൂർവ്വം ചിലർ മറന്നുപോകുന്നുണ്ട് . 968 വരെ കൊളച്ചിൽ ( തിരുവനന്ത പുരം ) മുതൽ ചേറ്റുവ ( ചാവക്കാടിനിപ്പുറം ) വരെയായിരുന്നു ഒരു മർഹല , 974 മുതൽ ഏതാണ്ട് 84 വരെ അത് തലശ്ശേരി വരെ നീണ്ടു. കൊച്ചുകേരളക്കാർ തന്നെ രണ്ട് അറഫാ നോമ്പും മൂന്ന് പെരുന്നാളുമൊക്കെ കഴിച്ചിരുന്ന ദൂരപരിധി അമേരിക്കയിലെ രാത്രിയുടേതായിരുന്നുവോ ?! ഇപ്പോൾ ഇരുപതാം നൂറ്റാണ്ടല്ല പ്രശ്നക്കാരനെന്ന് തിരിച്ചറിയാൻ ഒന്നു കൂടി ആലോചിച്ചോളൂ : തമിഴ് നാട്ടിലെ നീലഗിരി ജില്ലയിൽ കിടക്കുന്ന ഗൂഡല്ലൂർ , പന്തല്ലൂർ , ചേരമ്പാടി പോലുള്ളിടങ്ങളിലും, കോയമ്പത്തൂരിലും, കർണ്ണാടകത്തിലെ മംഗലാപുരത്തുമൊക്കെ അൽപ്പം മലയാളം മനസ്സിലാകുന്ന കെ.എൻ.എം - എസ്.എസ്.എഫ് കാർക്കും കേരളീയക്കാഴ്ചമതിയാകാറുണ്ട് . ഈ പരിധികൾ ആരുടെ സുന്നത്തിൽ നിന്ന് സ്വീകരിച്ചു ഇവർ ?! നിലവിലുള്ള വിവര സാങ്കേതികതകൾ കൊണ്ട് കേരളത്തെ - ഒപ്പം അൽപ്പം അയൽ പ്രദേശങ്ങളെയും - കൂട്ടിപ്പിടിക്കാൻ നടത്തിയ ശ്രമങ്ങളേക്കാൾ വിജയകരമായി സുന്നത്ത് മുറുകെ പിടിച്ചാൽ ലോക മുസ്‌ലിമീങ്ങളുടെ നോമ്പും പെരുന്നാളും ഒന്നിക്കും , ഇൻ ശാ അല്ലാ.. കഴിയുന്നതിനനുസരിച്ച് അല്ലാഹുവിനെ സൂക്ഷിച്ചാൽ ഭിന്നിപ്പുകൾ ഒഴിവാകും. കഴിയാത്ത അവസ്ഥവരുമ്പോൾ മാത്രമേ അതിലുള്ള ഇളവുകൾ സ്വീകരിക്കേണ്ടതുള്ളൂ . പിന്നെ അമേരിക്ക ഒരു തുരുപ്പുചീട്ടായി പറയാൻ നല്ല രസമാണ്. ഒരു ദിവസം ലോകത്തെല്ലായിടത്തും ഒന്നു തന്നെയായി വരുന്നതിന് മണിക്കൂറുകളുടെവ്യത്യാസം തടസ്സമല്ല. ഗൾഫ് രാജ്യങ്ങളുടെ കൂടെ വർഷങ്ങളായി നോമ്പും പെരുന്നാളും ഒന്നിച്ചനുഷ്ടിക്കുന്ന അമേരിക്കക്കാർക്കില്ലാത്ത കൺഫ്‌യൂഷ്യനുകളാണ് ഇവിടുത്തെ ചില അൽപ്പ ബുദ്ധികളുടെ പ്രധാന പ്രശ്നം !! ന്യൂ ഇയർ ദിനം ലോകത്ത് ഒന്നിച്ചാഘോഷിക്കുമ്പോൾ ഇങ്ങനെ ഒരു പ്രശ്നം ഇവർക്കാർക്കുമില്ലല്ലോ ?! അത് അമേരിക്കയിലും ഇന്ത്യയിലും ആഫ്രിക്കയിലും ചൈനയിലും ഒരു ദിവസം തന്നെയാണല്ലോ ?!! അറഫാ ദിവസം നോമ്പ് പിടിക്കാനാണ് നാം കൽപ്പിക്കപ്പെട്ടിട്ടുള്ളത് , അറഫാ ദിവസം അറഫയിൽ ഹാജിമാർ സമ്മേളിക്കുന്ന ദിവസമാണ്. ഹാജിമാർ ആ ദിവസത്തിൽ നിൽക്കുന്ന മിനുട്ട് കണക്കാക്കാൻ കൽപ്പനയില്ല. അല്ലാഹുവിന്റെ ശറ-അ് മനസ്സിലാക്കി പ്രമാണങ്ങളുടെ കൂടെ നിൽക്കാൻ ഉദ്ദേശിക്കുന്നവർക്ക് കാര്യം എളുപ്പത്തിൽ മനസ്സിലാക്കം . കുതർക്കികൾക്ക് മനസ്സിലായാലും അംഗീകരിക്കാൻ അവരുടെ അഹങ്കാരവും പക്ഷപാതവും അനുവദിക്കില്ല. അല്ലാഹുവാണ് തൗഫീഖ് നൽകുന്നവൻ . - അബു തൈമിയ്യ ഹനീഫ് നബി സ്വല്ലള്ളാഹു അലൈഹി വ സല്ലമക്ക് സിഹ്ർ ബാധിച്ചു എന്ന സ്വഹീഹുൽ ബുഖാരിയിലെ ഹദീസ് നിഷേധിക്കുന്നവരോട്
"ജനങ്ങളിൽ നിന്ന് അള്ളാഹു താങ്കളെ രക്ഷിക്കുന്നതാണ്" എന്ന സൂറത്തുൽ മാഇദയിലെ ആയത്ത് വിശദീകരിച്ചു കൊണ്ട് ശൈഖ് അൽബാനി റഹിമഹുള്ളാ പറയുന്നു. " ....പിന്നെ അവർ ഈ തെറ്റായ ധാരണ കൊണ്ട് ഇമാം ബുഖാരിയും മുസ്‌ലിമും രിവായത് ചെയ്ത മുതഫഖുൻ അലൈഹി ആയ, മുസ്‌ലിം ഉമ്മത്ത് അഭിപ്രായ വിത്യാസമില്ലാതെ സ്വീകരിച്ച സ്വഹീഹായ ഹദീസിനെ ബാത്വിലാക്കുകയാണ് ചെയ്യുന്നത്. ഹിഷാം ബിൻ ഉർവ തന്റെ പിതാവ് ഉർവയിൽ നിന്നും അദ്ദേഹം ആയിഷ റദിയള്ളാഹു അൻഹയിൽ നിന്നും അങ്ങേയറ്റം സ്വഹീഹായ സനദിലൂടെ വിത്യസ്ഥ പരമ്പരകളിലൂടെ ഈ ഹദീസ് വന്നിട്ടുണ്ട്. ഹിഷാം ബിൻ ഉർവ തന്റെ പിതാവായ ഉർവയിൽ നിന്നും അദ്ദേഹം തന്റെ ഭാര്യയായ(അസ്മാ റദിയള്ളാഹു അൻഹയുടെ) സഹോദരി ആയിഷ റദിയള്ളാഹു അൻഹയിൽ നിന്നും ഉദ്ധരിക്കുന്ന ഈ ഹദീസ് സ്വിഹത്തിന്റെ കാര്യത്തിൽ വളരെ വളരെ അറിയപ്പെട്ടതാണ്. അതിനാൽ ഈ സംഭവം ശെരിയാവാതിരിക്കുകയെന്നത് വളരെ വിദൂരമായ കാര്യമാണ്. പക്ഷെ ഹവയുടെ ആളുകൾ വാസ്തവത്തിൽ..., ഇവിടെ വിഷയം നിങ്ങൾക്ക് അറിയാവുന്ന പോലെ ഈജിപ്തുകാരനായ ഷെയ്ഖ് ഗസ്സാലിയെപ്പോലുള്ളവർ, സുന്നത്തിനെ സംരക്ഷിക്കാനും, അതിലില്ലാത്തത് അതിലേക്കു കടന്നു കൂടാതിരിക്കാനും ഹദീസ് പണ്ഡിതന്മാർ സുദീർഘമായ കാലയളവിൽ അർപ്പിച്ച സേവനത്തിനും പ്രയത്നത്തിനും യാതൊരു വിലയും കൽപ്പിക്കാത്തവരാണ്. ഇവർ മുസ്ലിംകളുടെ പാതയിൽ നിന്ന് പുറത്തു പോയിരിക്കുന്നു. അതിൽ ഫിഖ്ഹ്, ഹദീസ്, തഫ്സീർ എന്ന വിത്യാസമൊന്നുമില്ലാതെ, എല്ലാവരോടും വൈരുദ്ധ്യം പുലർത്തുന്നു. കാരണം, ഈ ഹദീസ് ഇമാം ബുഖാരിയും മുസ്‌ലിമും അവരുടെ സ്വഹീഹുകളിൽ കൊണ്ട് വന്നതാണ്. മാത്രമല്ല, മുഴുവൻ തലങ്ങളിലുള്ള- തഫ്സീർ, ഫിഖ്ഹ് - മുസ്‌ലിം ഉമ്മത്തിലെ ഉലമാക്കൾ ഇത് സ്വീകരിക്കുകയും ചെയ്തിട്ടുണ്ട്. എന്നിട്ടാണ് നേരത്തെ പറഞ്ഞത് പോലെയുള്ള ചിലയാളുകൾ വ്യതിയാനവുമായി വരുന്നത്. അവർ സത്യവിശ്വാസികളുടെ മാർഗത്തോട് വിയോജിപ്പ് കാണിക്കുന്നു. അവർ അള്ളാഹുവിന്റെ ഈ താക്കീതിൽ ഉൾപ്പെടുമോ എന്ന് ഞാൻ ഭയപ്പെടുന്നു. {وَمَـــن يُشَاقِــــقِ الرَّسُـــولَ مِـــن بَعْــــدِ مَــــا تَبَيَّـــنَ لَــــهُ الْهُــــدَى وَيَتَّبِــــعْ غَيْــــرَ سَبِيــــلِ الْمُؤْمِنِيــــنَ نُوَلِّــــهِ مَــــا تَوَلَّــــى وَنُصْلِــــهِ جَهَنَّـــمَ وَسَـــــاءتْ مَصِيــــرًا} (115) سورة النساء] തനിക്കു സന്മാർഗം വ്യക്തമായതിനു ശേഷവും ആരെങ്കിലും റസൂലുമായി എതിർത്ത് നിൽക്കുകയും സത്യവിശ്വാസികളുടെതല്ലാത്ത മാർഗം പിന്തുടരുകയും ചെയ്യുന്ന പക്ഷം അവൻ തിരിഞ്ഞ വഴിക്ക് തന്നെ നാം അവനെ തിരിച്ചു വിടുന്നതും നരകത്തിലിട്ടു നാമവനെ കരിക്കുന്നതുമാണ്. അത് മോശമായ മടക്കസ്ഥാനം തന്നെ." അത് കൊണ്ട് തന്നെ തഫ്സീറിന്റെ ഉലമാക്കൾ അവരിലെ പ്രധാനിയായ ശൈഖുൽ ഇസ്ലാം ഇബ്നു തീമിയയെപ്പോലുള്ളവർ പറഞ്ഞത്, ((إذا كــــان هنــــاك آية وفـــي تفسيرهــــا قــــولان، فــــلا يـــجوز لـــمن جــــاء فــــي آخـــر الزمــــان أنْ يأتــــي بقــــول ثالــــث)) ഒരു ആയത്തിന്റെ തഫ്സീറിൽ രണ്ടു തരം അഭിപ്രായമുണ്ടെങ്കിൽ, പിൽക്കാലക്കാർക്ക് അത് രണ്ടും ഒഴിവാക്കി മൂന്നാമതൊരു അഭിപ്രായം കൊണ്ട് വരാൻ പാടില്ല" എന്ന്. കാരണം ഈ മൂന്നാമത്തെ വീക്ഷണം ബിദ്അത്തും, സത്യ വിശ്വാസികളുടെ മാർഗത്തിന് എതിരും ആയിരിക്കും. ഒരു ആയത്തിനു രണ്ടു വ്യാഖ്യാനങ്ങൾ ഉണ്ടെന്നു സങ്കൽപ്പിച്ചാൽ തന്നെ, മൂന്നാമത്തെ വ്യാഖ്യാനം ഇയാൾക്ക് എവിടെ നിന്ന് കിട്ടി? ഈ വാതിൽ തുറക്കാൻ നാം അനുവദിച്ചാൽ, പ്രമാണ വാക്യങ്ങൾ കൊണ്ട് കളിച്ചപ്പോൾ ജൂതന്മാർക്കും നസാറാക്കൾക്കും സംഭവിച്ചത് തന്നെ ഇസ്‌ലാം മതത്തിനും സംഭവിക്കും....." ( ഷെയ്ഖ് അൽബാനിയോടുള്ള ചോദ്യോത്തര ഭാഗത്തിൽ നിന്ന് ആശയ വിവർത്തനം) إن الشيطان يجري من الإنسان مجرى الدم - متفق عليه، واللفظ للبخاري മനുഷ്യനിൽ രക്തം സഞ്ചരിക്കുന്നേടത്തെല്ലാം ശൈത്താൻ സഞ്ചരിക്കും - മുത്തഫഖുൻ അലൈഹി العين تدخل الرجل القبر و الجمل القدر - قال الألباني في " السلسلة الصحيحة " 3 : 250 "കണ്ണ് (കണ്ണേറ്) മനുഷ്യനെ ഖബറിലും ഒട്ടകത്തെ ചട്ടിയിലും പ്രവേശിപ്പിക്കും."
സിഹ്ർ, കണ്ണേർ, ജിന്നുബാധ തുടങ്ങിയവ സംഭവ്യവും മനുഷ്യന്റെ മരണത്തിനു പോലും കാരണമായിത്തീരുമെന്നു സൂചിപ്പിക്കുന്ന സ്വഹീഹായ ഹദീസുകൾ. ഇക്കാര്യം അഹ്ലുസ്സുന്നത്തിന്റെ പ്രാമാണിക പണ്ഡിതന്മാർ അഭിപ്രായാന്തരമില്ലാതെ സ്വീകരിച്ചതും അംഗീകരിച്ചതുമാണ്. ഇതിനു വിരുദ്ധമായ പ്രാമാണികമായ ഒരഭിപ്രായം കൊണ്ട് വരാൻ ആർക്കും സാധ്യമല്ല. — ബഷീർ പുത്തൂർ നബി സ്വല്ലള്ളാഹു അലൈഹി വ സല്ലമക്ക് സിഹ്ർ ബാധിച്ചു എന്ന സ്വഹീഹുൽ ബുഖാരിയിലെ ഹദീസിനെ നിഷേധിക്കാൻ സാധാരണ ഗതിയിൽ മടവൂരികൾ ഉദ്ധരിക്കാറുള്ള ഒരു ഹദീസാണ് ... " മൂന്നു വിഭാഗം ആളുകൾ സ്വർഗത്തിൽ പ്രവേശിക്കുകയില്ല. മുഴുക്കുടിയൻ, കുടുംബബന്ധം മുറിച്ചവൻ, സിഹ്റിൽ വിശ്വസിച്ചവൻ " എന്നത്.
ഈ ഹദീസിൽ പരാമർശിച്ച "സിഹ്റിൽ വിശ്വസിക്കുക" എന്നത് കൊണ്ട് ഉദേശിക്കുന്നത് ജ്യോതിഷത്തിലുള്ള വിശ്വാസമാണ് എന്നാണു അഹ് ലുസ്സുന്നത്തിന്റെ ഉലമാക്കൾ പറഞ്ഞിട്ടുള്ളത്. ഭാവിയിൽ സംഭവിക്കുന്ന പലതും അറിയുമെന്ന് അവകാശപ്പെടുന്ന ആളുകളാണ് ജോൽസ്യന്മാരും മാരണക്കാരുമെല്ലാം. അവർ പറയുന്ന കാര്യങ്ങൾ വിശ്വസിക്കാൻ പാടില്ലായെന്നതാണ് ഈ ഹദീസിലെ താൽപര്യം. മുസ്‌ലിം ഉമ്മത്ത് ഇജ്മാഓടെ സ്വീകരിച്ച ഒരു ഹദീസിനെ നിഷേധിക്കാൻ മറ്റൊരു ഹദീസിനെ ദുർവ്യാഖ്യാനിക്കുക എന്ന നീചമായ പ്രവൃത്തിയാണ് ഇവർ ചെയ്തത്. കാര്യബോധമില്ലാത്ത കെ എന്നെമ്മുകാരെ വിരട്ടാൻ ഇത്തരം ഓലപ്പാമ്പുകൾ ഉപകരിച്ചേക്കാം. പക്ഷെ ഈ തട്ടിപ്പുകൾ എല്ലാവരുടെ അടുത്തും നടക്കില്ല. മടവൂരികളുടെ മുഴുവൻ വാദഗതികളുടെയും അവസ്ഥ ഇത് തന്നെയാണ്. - ബഷീർ പുത്തൂർ അവരിലൊരു കൂട്ടം ആളുകൾ പറഞ്ഞു:
"അള്ളാഹു അവരെ നശിപ്പിക്കുകയോ കഠിനമായി ശിക്ഷിക്കുകയോ ചെയ്യട്ടെ, നിങ്ങളെന്തിനാണ് അവരെ ഗുണദോഷിക്കുന്നത്? അവർ പറഞ്ഞു" നിങ്ങളുടെ രക്ഷിതാവിലേക്കു ഒഴിവു കഴിവ് പറയുന്നതിനായിട്ട്, ഒരു പക്ഷെ അവർ സൂക്ഷ്മത പുലർത്തുന്നവർ ആയെങ്കിലോ? (അഅറാഫ് 164) സത്യത്തിനു എപ്പോഴും തെളിമയുള്ളതു പോലെ മൂർച്ചയും കൂടുതലാണ്. ഊതിക്കെടുത്താനുള്ള ശ്രമങ്ങളെ അത് പലപ്പോഴും പരാജയപ്പെടുത്തും. ഇരുട്ടിന്റെ സഹയാത്രികരുടെ വിജയത്തിനു ആയുസ്സ് തുലോം കുറവായിരിക്കും. ആളുകളുടെയും അനുയായികളുടെയും ബാഹുല്യം, സത്യത്തിന്റെ അടയാളമല്ല. സഹായികളുടെ എണ്ണക്കുറവ് സത്യത്തിനു ഒരു ദോഷവും വരുത്തുകയുമില്ല. എന്നല്ല; എക്കാലത്തും സത്യത്തിന്റെ സഹായികൾ എണ്ണത്തിൽ കുറവായിരുന്നു. ചുരുക്കത്തിൽ, അളക്കാനുള്ള മാനദണ്ഡം എപ്പോഴും, സലഫുകൾ എവിടെ നിന്നോ, അത് മാത്രമാണ്. നബി സ്വല്ലള്ളാഹു അലൈഹി വ സല്ലം പറഞ്ഞു " ജനങ്ങൾക്ക് ഒരു കാലം വരാനുണ്ട്. ഒരാൾ തന്റെ ദീനിൽ ക്ഷമയോടെ നില കൊള്ളുന്നത്, തീക്കനൽ മുറുകെപ്പിടിച്ചവനെപ്പോലെയായിരിക്കും." ഇന്നത്തേതിനേക്കാൾ പ്രയാസകരമായിരിക്കും നാളത്തെ അവസ്ഥ. അതിനേക്കാൾ പ്രയാസകരമാവും പിന്നീടുള്ള ദിവസങ്ങൾ. ഒരു സത്യവിശ്വാസിയെ സംബന്ധിച്ചേടത്തോളം ജീവിതത്തിൽ അങ്ങേയറ്റം നിരാശയോ, തികഞ്ഞ പ്രതീക്ഷയോ വെച്ച് പുലർത്തേണ്ടതില്ലായെന്നർത്ഥം. ഇത്, അള്ളാഹു അവന്റെ അടിമകളിൽ നിശ്ചയിച്ച അവന്റെ നടപടിക്രമമാണ്. അത് കൊണ്ട് തന്നെ 'ഗുർബത്തു' പൂർണമാവാതെ അന്ത്യനാൾ പ്രതീക്ഷിക്കേണ്ടതില്ല. ഷെയ്ഖ് നാസ്വിറുദ്ധീൻ അൽബാനി റഹിമഹുള്ളാ പറഞ്ഞത് പോലെ, "ലക്ഷ്യത്തിലെത്തുകയെന്നതല്ല, ഈ മാർഗത്തിലായിരിക്കെ മരണം പുൽകുകയെന്നതാണ്". സലഫിയ്യത്തു അവകാശപ്പെടുന്ന പലരും അതിന്റെ ഉത്തമരായ യഥാർത്ഥ വാഹകരായിരുന്നില്ലായെന്നതാണ് സമീപകാല സംഭവങ്ങൾ അടയാളപ്പെടുത്തുന്നത്. സലഫിയ്യത്തു എല്ലാവർക്കും യഥേഷ്ടം എടുത്തണിയാൻ പറ്റുന്ന അങ്കിയല്ല. അതിനു ചില അവകാശികളുണ്ട്. അവർക്കല്ലാതെ അത് ചേരുകയുമില്ല. ഇന്നലെ വരെ, മൻഹജിൽ വ്യതിയാനം സംഭവിച്ചതിന്റെ പേരിൽ പുറത്തു നിന്നവൻ ഒരു പത്രസമ്മേളനത്തിലൂടെ സലഫിയ്യത്തിൽ എത്തിച്ചേരുന്നു. ശത്രുപാളയത്തിൽ നിർത്തി കല്ലെറിഞ്ഞവനെ കെട്ടിപ്പിടിച്ചു സ്വീകരിക്കുന്നു. നേരം ഇരുട്ടി വെളുത്തപ്പോഴേക്കു മെമ്പർഷിപ്പിന്റെ ബലത്തിൽ എല്ലാവരും സലഫീ പാളയത്തിൽ എത്തിച്ചേരുന്നു! ഇത് വരെ ഉണ്ടെന്നു പറഞ്ഞ ആദർശത്തിന്റെ അർത്ഥമില്ലായ്മ സാധാരണക്കാരിൽ പോലും ചിരി പടർത്തുന്നു. "സലഫിയ്യത്തു ഒരു സംഘടനയുടെ പേരല്ല" എന്ന് ലേഖനമെഴുതിപ്പറഞ്ഞ ആൾ, മുജാഹിദ് എന്ന് പേരുള്ളവരെല്ലാം ഒന്നിച്ചു എന്നാണു പറഞ്ഞത്. അത് നൂറു ശതമാനവും ശെരിയാണ്. കാരണം, തെറ്റിപ്പിരിഞ്ഞ മുജാഹിദുകൾക്ക് ഒരുമിക്കാൻ ഒരു പത്രസമ്മേളനം മതി. എന്നാൽ സലഫിയ്യത്തും ഇഖ് വാനിയ്യത്തും ഒരിക്കലും ഒന്നിച്ചു ചേരുകയില്ല. കാരണം, ഒന്ന് സുന്നത്തിലും മറ്റേതു ബിദ്അത്തിലുമാണ്. ബിദ്അത്തുകളോട് വിട ചൊല്ലുകയും സലഫുകളുടെ മൻഹജിൽ പൂർണമായി പ്രവേശിക്കുകയും ചെയ്യാതെ ഒരാൾക്ക് സലഫിയ്യത്തു അവകാശപ്പെടാൻ കഴിയില്ല. പിന്നെ, ഖുർആനും ഹദീസും ഉദ്ധരിച്ചു സലഫീ മൻഹജ് വിശദീകരിക്കുകയും ആദർശവ്യതിയാനത്തിന്റെ ആഴം ജനങ്ങളെ പഠിപ്പിക്കാൻ വാ തോരാതെ പ്രസംഗിച്ചു അന്തരീക്ഷ മലിനീകരണം സൃഷ്ടിക്കുകയും ചെയ്ത "മൗലവി"മാരേ, നാളെ അള്ളാഹുവിന്റെ കോടതിയിൽ ഉത്തരം പറയേണ്ട ഒരു സമയം വരാനുണ്ട് എന്ന കാര്യം നിങ്ങൾ മറക്കാതിരിക്കുക. - ബശീർ പുത്തൂർ അങ്ങിനെ, സലാം സുല്ലമിക്ക് വക്കം മൗലവി അവാർഡ് കിട്ടിയ പത്ര വാർത്ത പോസ്റ്റ് ചെയ്ത താജുദ്ധീൻ പള്ളിപ്പുറത്, പോസ്റ്റ് പിൻവലിക്കുക മാത്രമല്ല, എന്നെ ബ്ലോക്ക് ചെയ്യുക കൂടി ചെയ്തു. ഓണാഘോഷം നടത്തി മാനവികത പൊലിപ്പിക്കുന്ന ആൾക്കാരുടെ മനസ്സ് എത്ര സങ്കുചിതം !!
------------------------------- സ്വഹീഹായ ഹദീസുകളെ യുക്തിയുടെ അടിസ്ഥാനത്തിൽ നിഷേധിക്കുക, ഒറ്റയാൾ പരമ്പരയിലൂടെ വന്ന (ഖബറുൽ വാഹിദ്) ആയ ഹദീസുകൾ വിശ്വാസ കാര്യങ്ങളിൽ സ്വീകാര്യമല്ലായെന്നു പറയുക, ഹദീസുകൾക്കു തന്നിഷ്ടപ്രകാരം വ്യാഖ്യാനം നൽകുക, ഉസൂലുൽ ഹദീസിന്റെപരക്കെ അംഗീകരിക്കപ്പെട്ട നിലപാടിന് എതിരായ നിലപാടുകൾ സ്വീകരിക്കുക, പ്രമാണങ്ങളിൽ സ്ഥിരപ്പെട്ട പല സുന്നത്തുകളെയും നിഷേധിക്കുക...തുടങ്ങി അനേകം മൻഹജിയായ ഗുരുതര വൈരുധ്യങ്ങൾ വെച്ച് പുലർത്തുന്ന സലാം സുല്ലമിക്ക്, വക്കം മൗലവിയുടെ പേരിലുള്ള അവാർഡ് ലഭിക്കാൻ യാതൊരു അർഹതയും കാണുന്നില്ല. അത് കൊണ്ടാണ് എന്തിന്റെ പേരിലാണ് അയാൾക്ക് അവാർഡ് നൽകിയത് എന്ന് ചോദിച്ചത്. ഉത്തരം ഉണ്ടായില്ലെന്ന് മാത്രമല്ല, വിഷയവുമായി ബന്ധമില്ലാത്ത മറ്റു പല വിഷയങ്ങളിലും ഉപന്യസിക്കാനും പരിഹസിക്കാനുമാണ് നീ എപ്പോഴും ശ്രമിച്ചത്. കുറിക്കു കൊള്ളുന്ന ചോദ്യങ്ങൾ ഉന്നയിക്കുകയും വിഷയത്തിൽ പിടിച്ചു നിർത്തുകയും ചെയ്തപ്പോൾ, നിനക്ക് പിടിച്ചു നിൽക്കാൻ കഴിയാതെയായി. തിരക്കാണ് എന്ന ഉപായം, ഇരുട്ട് കൊണ്ട് ഓട്ടയടക്കുന്ന പ്രതീതിയാണ് ഉണ്ടാക്കുക. അത് കൊണ്ട്, എനിക്ക് പറയാനുള്ളത്, ഏതെങ്കിലും കുഞ്ഞാപ്പുകൾ എഴുതി വിടുന്നത് വിശ്വസിച്ചു മത പരമായ വിഷയങ്ങളിൽ ആധികാരികത അവകാശപ്പെടരുത്. ഇയാൾ സൗദിയിലാണ് ജനിച്ചതെങ്കിൽ അവിടെ മുഫ്തിയാകുമായിരുന്നു എന്ന് ഒരാൾ പറയണമെങ്കിൽ എന്ത് മാത്രം തെറ്റിധാരണയുണ്ടാകണം? മുഫ്തി എന്ന് പറയുമ്പോൾ അതിനു ഒരു നിലവാരമില്ലേ? ചുരുക്കത്തിൽ, ഒരു അവാർഡ് കൊടുക്കണമെങ്കിൽ കൊടുത്തോളൂ. അതിലാർക്കും എതിർപ്പില്ല. പക്ഷെ, ഇസ്ലാമിന് സേവനം ചെയ്തതിന്റെ പേരിലാണെന്ന് പറയരുതെന്ന് മാത്രം.! - ബശീർ പുത്തൂർ നബിദിനാഘോഷം ബിദ്അത് ആയതിനാൽ അത് ആഘോഷിക്കുകയോ, അതിനോട് സഹകരിക്കുകയോ, നബിദിനാഘോഷത്തിൽ വേദി പങ്കിടുകയോ, അതിന്റെ ഭക്ഷണം കഴിക്കുകയോ ചെയ്യുന്നത് മതപരമായി തെറ്റും നൂതനാചാരവുമാണെന്ന് വിശ്വസിക്കുകയും പ്രചരിപ്പിക്കുകയും ചെയ്യുന്ന മടവൂർ മുജാഹിദുകൾക്ക്, തികച്ചും തെറ്റും ബഹുദൈവ (ശിർക്ക്) വിശ്വാസത്തിൽ അധിഷ്ഠിതവും, കെട്ടുകഥകളിൽ നിലനിൽക്കുന്നതുമായ ഓണാഘോഷം മാനവികതയുടെയും ബഹുസ്വരതയുടെയും പേരിൽ അനുവദനീയവും അതിനോട് സഹകരിക്കൽ അഭിലഷണനീയവും ആയിത്തീരുന്നു. എന്തൊരു വിരോധാഭാസം !!
- ബഷീർ പുത്തൂർ ചിന്താ പ്രഭാത"ത്തിന്റെ സുന്നത്തിനോടുള്ള കലിപ്പ് തീരുന്നില്ല. *സുന്നത്തിനെ പ്രഹരിക്കാൻ കിട്ടിയ അവസരം മുതലാക്കുകയാണ് മടമൂരിക്കുട്ടന്മാർ.*** സ്ത്രീകൾ മുഖം* മറക്കുന്നത് മതവിരുദ്ധമെന്നു ഒരുത്തൻ മൈക്ക് കെട്ടിപ്പറഞ്ഞപ്പോൾ ^ചിന്താ പ്രഭാതക്കാരൻ ^എഴുതിപ്രചരിപ്പിക്കുകയാണ്. ചുരുക്കത്തിൽ സുന്നത്തിനെതിരെ തുറന്ന യുദ്ധത്തിലാണ് മർക്കസുദ്ദഅവയിലെ മുറിവൈദ്യന്മാർ.
>ചിന്താ പ്രഭാതമെന്നാൽ നേരം വെളുക്കുമ്പോൾ തലയിൽ തെളിയുന്ന ഒരുത്തന്റെ ചിന്ത മാത്രമാണ്. അതിനു എരിവും പുളിയും കൂട്ടി ഓരോന്ന് എഴുതി വിടുന്ന കൂട്ടത്തിൽ മുസ്ലിം സ്ത്രീകൾ മുഖം മറക്കുന്നതിനെ പരിഹസിച്ചു കൊണ്ട് രണ്ടു പെൺകുട്ടികൾ തന്നെ കാണാൻ വന്ന അനുഭവം പങ്കു വെക്കുന്നുണ്ട്. തന്റെ ശിഷ്യയുടെ മുഖമടക്കം ആകാര വടിവും ശരീര മുഴുപ്പും കാണാൻ കഴിയാത്തതിലുള്ള പരിഭവം അതിൽ മുഴുക്കെ പറഞ്ഞു അരിശം തീർക്കുകയാണ്. പോരാത്തതിന് പുനത്തിൽ കുഞ്ഞബ്ദുള്ളയുടെ ഇതുപോലുള്ള മറ്റൊരനുഭവവും ചേർത്തിട്ടുണ്ട്. കേരളത്തിൽ ഇസ്‌ലാമിക പ്രബോധന രംഗത്ത് മഹത്തായ സംഭാവനകൾ അർപ്പിച്ച ആളൊന്നുമല്ലല്ലോ അയാൾ. പക്ഷെ, ഇവിടെ രണ്ടു പേരുടെയും ലക്ഷ്യം ഒന്ന് തന്നെ. അതിനു എരിവ് കൂട്ടാൻ പറ്റിയത് എന്ന നിലയിൽ കൊടുത്തതാണ്. ഏറ്റവും പുതിയതായി ടീപിയുടെ മാതൃഭൂമി ലേഖനവുമായി ബന്ധപ്പെട്ടു എഴുതിയ കൂട്ടത്തിൽ എഴുതിയത് ഇങ്ങിനെ :- " ജിന്ന് ബാധ, സിഹ്ർ ബാധ, വിരലനക്കൽ, കാൽ വിരൽ കൊണ്ട് നമസ്കാരത്തിൽ ചവിട്ടൽ(മുട്ടൽ), താടി ക്രമാതീതമായി വളർത്തൽ, തുണിയും പാന്റും കാൽമുട്ടിനു തൊട്ടു താഴെ വെച്ച് മുറിക്കൽ, സ്ത്രീകൾ മുഖം മറക്കൽ, ആട് ജീവിതം തുടങ്ങിയ എത്രയെത്ര അറബി വേഷപ്പകർച്ചകൾ" 1 - ജിന്ന് മനുഷ്യ ശരീരത്തിൽ പ്രവേശിക്കും. 2 - സിഹ്ർ ബാധ സംഭവിക്കും. 3 - അത്തഹിയ്യാത്തിൽ വിരൽ അനക്കണമെന്ന സുന്നത്ത് 4 - നമസ്കാരത്തിൽ കാൽ മടമ്പു ചേർത്ത് വെക്കണമെന്ന ഹദീസ്. 5 - താടി വളർത്താനുള്ള കൽപന. 6 - നെരിയാണിക്കു മുകളിൽ വസ്ത്രം ആക്കൽ. 7 - സ്ത്രീകൾ മുഖം മറക്കൽ. സ്വഹീഹ് ആയ ഹദീസുകൾ കൊണ്ട് വ്യക്തമായി സ്ഥിരപ്പെട്ട അഞ്ചോളം സുന്നത്തുകളെ ഒറ്റശ്വാസത്തിൽ വെട്ടി നിരത്തുന്ന ഇവൻ മടവൂരിയല്ല, ഇഖ് വാനികൾക്കു കഞ്ഞി വെച്ച കള്ളനാണ്. അനിഷേധ്യമായ തെളിവുകൾ കൊണ്ട് മുകളിലുള്ള ഏഴു കാര്യവും ഖണ്ഡന ഭയമില്ലാതെ സ്ഥാപിക്കാൻ സാധിക്കും. പക്ഷെ, പോത്തിനോട് വേദമോതിയിട്ടു എന്ത് കാര്യം? നബി സ്വല്ലള്ളാഹു അലൈഹി വ സല്ലമയെ സ്നേഹിക്കുകയെന്നത് ഒരു മുസ്ലിമിന്റെ നിർബന്ധ ബാധ്യതയാണ്. അത് പോലെ നബി സ്വല്ലള്ളാഹു അലൈഹി വസല്ലം ദീൻ എന്ന നിലയിൽ കൊണ്ട് വന്ന കാര്യങ്ങൾ സ്വീകരിക്കുകയും അനുഷ്ഠിക്കുകയും ചെയ്യാൻ ഓരോ മുസ്‌ലിമും ബാധ്യസ്ഥനാണ്. അതിനു പകരം പരിഹസിക്കുകയും കൊച്ചാക്കുകയും ചെയ്യുന്നത് കുഫ്റിലേക്കു പോലും എത്തിച്ചേരുമെന്ന് നാം അറിയുക. "താടി ക്രമാതീതമായി വളർത്തൽ" എന്ന് പറഞ്ഞാൽ എന്താണ് ?താടിയുടെ ക്രമം എങ്ങിനെയാണ്? സലാഹുദ്ധീൻ മദനിയും സലാം സുല്ലമിയുമൊക്കെ വെച്ച ഉമിക്കരി താടി ക്രമപ്രകാരമാണോ? ഇനി അതല്ല മടവൂരും ഹമീദ് മദീനിയുമൊക്കെ വെച്ച ഒരിഞ്ചു താടി മതിയോ? അതുമല്ല ഉമർ സുല്ലമിയുടെ ഒരു ചാൺ താടി? സയീദ്-ജമാലുദ്ധീൻ ഫാറൂഖിമാരുടെ നെഞ്ചിലേക്ക് പടർന്നിറങ്ങിയ താടി ക്രമാതീതമാവുമോ? ഒന്ന് വിശതീകരിച്ചു തരണം! ഇനി ഇവരൊക്കെ ഈ അറബി വേഷപ്പകർച്ചകൾ കെട്ടിയാടുന്നത് അറബികളുടെ കീശ കണ്ടിട്ടാണോ? പാലക്കോടുംപാറക്കടവുമൊക്കെയാണ് ഇപ്പോൾ മത കാര്യങ്ങൾ നിശ്ചയിക്കുന്നത്. പൊതു സമൂഹത്തിൽ ലയിച്ചു ചേർന്ന് ബഹുസ്വരത ഉണ്ടാക്കാൻ സുന്നത്തു (ചേലാകർമ്മം) ചെയ്യാൻ പാടില്ലെന്നും മൂത്രമൊഴിച്ചാൽ ശുദ്ധി വരുത്തരുതെന്നുമൊക്കെ ചിലപ്പോൾ ഇവർ ഫത് വ ഇറക്കിക്കളയും !! അറബി ആചാരങ്ങൾ ഇഷ്ടമില്ലാത്ത 'പരുഷ്കാരി'കളാണ്. ആനുകാലിക ചർച്ചകളുടെ കൂട്ടത്തിൽ, മുജാഹിദ് പ്രസ്ഥാനവും, മർകസ് ദഅവയും മടവൂരുമൊക്കെ മുസ്ലിം കൈരളിക്കു ഇനിയും ഒരു ബാധ്യതയായി ആവശ്യമുണ്ടോ എന്ന് കൂടി ഗൗരവപൂർവ്വം ആലോചിക്കേണ്ടതുണ്ട്. കള്ളനാണയങ്ങൾ തിരിച്ചറിയപ്പെടണം. സാധാരണ ജനങ്ങൾ വഞ്ചിക്കപ്പെടരുത്. മുസ്ലിംകളുടെ ശത്രുക്കൾ ഹൈന്ദവ തീവ്രവാദികളോ മാധ്യമങ്ങളോ അല്ല. അവരാരും ഒരു ആയത്തോ ഹദീസോ ദുർവ്യാഖ്യാനിച്ചിട്ടില്ല. മറിച്ചു മുസ്ലിമിന്റെ യഥാർത്ഥ ശത്രു, പ്രമാണങ്ങളെ ദുർവ്യാഖ്യാനിക്കുകയും തെറ്റായി പ്രചരിപ്പിക്കുകയും ചെയ്യുന്ന കൂട്ടിക്കൊടുപ്പുകാരാണ്. കാരണം, പുറത്തുള്ള ശത്രുക്കൾക്കു പിൻവാതിൽ തുറന്നു കൊടുക്കുന്നത് ഉള്ളിലുള്ള ശത്രുക്കളാണ്. ഉള്ളിലുള്ള ചതിയന്മാരായ കള്ളന്മാരെ തിരിച്ചറിഞ്ഞില്ലെങ്കിൽ പുറത്തുള്ളവരെ തിരിച്ചറിയാൻ കഴിയില്ല. - ബഷീർ പുത്തൂർ തീവ്രവാദ ആരോപണത്തിന്റെയും മാധ്യമ വിചാരണയുടെയും സീസൺ ഏതാണ്ട് കഴിഞ്ഞെന്നു തോന്നുന്നു. അസ്തിത്വ ഭീഷണി നേരിടുന്ന നവോഥാന പ്രസ്ഥാനങ്ങൾ അജണ്ടകൾ പൊടിതട്ടിയെടുക്കുകയാണ്, മുഖം മിനുക്കാൻ.
ബഹുസ്വരത ! മാനവികതയെക്കാൾ പഞ്ചുള്ള പദം! രണ്ടായാലും ഒരു വിധക്കാർക്കൊന്നും തിരിയില്ല. പറഞ്ഞു വരുമ്പോൾ ഇതു മറ്റവൻ തന്നെ. എല്ലാവർക്കും ഒരുമിച്ചിരിക്കാൻ പറ്റിയ ഒരിടം : മർകസുദ്ദഅവ ! ആർക്കും അനിഷ്ടം തോന്നാൻ പാടില്ല : സലഫി എന്ന പേര് തന്നെ ഒഴിവാക്കണം. ശിർക്ക്-ബിദ്അത് തുടങ്ങിയ കാര്യങ്ങൾ പറയുന്നത് ഒഴിവാക്കണം. ഖണ്ഡന-മണ്ഡനമുക്തമായ ദഅവത്ത് ആയിരിക്കണം ലക്ഷ്യം. ആശയ സമന്വയമാവാം; ആദർശ സംവാദമോ ആശയ സംഘട്ടനങ്ങളോ ഒരിക്കലും പാടില്ല. ഓണാഘോഷം, ക്രിസ്മസ് തുടങ്ങിയവയിലൊക്കെ സഹകരിക്കുന്നതിനു വിരോധമില്ല. ഇങ്ങിനെ മറ്റു മതങ്ങളുടെ വിശ്വാസാദർശ കർമ്മങ്ങളിൽ ലയിച്ചു ചേർന്നു ബഹുസ്വര സമൂഹ സാമ്പാറിലെ പരിപ്പായി അലിഞ്ഞു ചേരാം. മരം നടാനും സാമൂഹ്യക്ഷേമ പ്രവർത്തനം നടത്താനും ഭൂതകണ്ണാടി ഉപയോഗിച്ചു ആയതും ഹദീസും ദുർവ്യാഖ്യാനിക്കുന്ന ആളുകൾക്ക്, തെളിവുകൾ സമർപ്പിക്കുമ്പോൾ, അക്ഷര പുജകരാണെന്നു ആക്ഷേപം. നബിചര്യയെക്കുറിച്ചു പറയുമ്പോൾ, അനുഷ്ഠാന തീവ്രതയെന്ന് ആരോപണം. ഉലമാക്കളുടെ വാക്കുകൾ ഉദ്ധരിക്കുമ്പോൾ, ഞങ്ങൾ തഖ് ലീദിന് എതിരാണെന്ന്. ഞങ്ങൾ അക്ഷര പൂജകരോ, അനുഷ്ഠാന തീവ്രതയുള്ളവരോ, തീവ്ര ആത്മീയതയുള്ളവരോ അല്ല. ഖുർആനിന്റെ നിലവിലുള്ള വ്യാഖ്യാനങ്ങളിൽ ഞങ്ങൾ ഒതുങ്ങി നിൽക്കില്ല. സാമൂഹിക-സാഹചര്യങ്ങൾക്കനുസരിച്ചു ഞങ്ങൾ പുതിയ വ്യാഖ്യാനങ്ങൾ നടത്തും. സൗദി അറേബ്യയിലുള്ള ഇസ്ലാം അല്ല ഇവിടെ. ഓരോ നാട്ടുകാർക്കും ഓരോ ഇസ്ലാം ആണ്. അറിവ് നേടാൻ, പുറത്തേക്കൊന്നും പോകാൻ പാടില്ല. പ്രത്യേകിച്ച്, മതപരമായ അറിവ്. അതു ഞങ്ങൾ ഞങ്ങൾ തീരുമാനിക്കും, അനുയായികൾ അനുസരിക്കും. ഞങ്ങൾ വിധിക്കും, നിങ്ങൾ നടപ്പാക്കും. അറബികളുടെ ആദർശം ഞങ്ങളുടെ തലയിൽ കെട്ടി വെക്കാൻ നോക്കരുത്. പക്ഷെ, അറബികളുടെ പണം, എത്ര വേണമെങ്കിലും ഞങ്ങൾ ചുമക്കും. അതിനു സമ്മേളനം, പള്ളി, മദ്രസ തുടങ്ങിയ പേരും പറഞ്ഞു പാട്ടപ്പിരിവിന് വിമാനം കേറി ഞങ്ങൾ വരും. ഇതൊക്കെയാണ് ഞങ്ങൾ പറഞ്ഞ മുജാഹിദ് പ്രസ്ഥാനം.! അതിനു വേറെ ബ്രാഞ്ചുകൾ ഇല്ല !! - ബഷീർ പുത്തൂർ നബി സ്വല്ലള്ളാഹു അലൈഹി വ സല്ലമയുടെ ചര്യ, അഥവാ സുന്നത്ത് പിൻപറ്റുകയും അതിനു അനുസൃതമായി ജീവിതം ക്രമീകരിക്കുകയും ചെയ്യാൻ കൽപ്പിക്കപ്പെട്ടവരാണ് മുസ്ലിംകൾ.
ഖുർആനും സുന്നത്തും പിൻപറ്റുകയെന്നു പറഞ്ഞാൽ, നമുക്ക് താൽപര്യമുള്ള ചില വിഷയങ്ങൾ സ്വീകരിക്കുകയും മറ്റു വല്ല കാരണങ്ങളാലും അനിഷ്ടകരമായ തോന്നുന്നവ നിരാകരിക്കുകയും ചെയ്യുക എന്നതല്ല. മറിച്ച്, ദീൻ എന്ന നിലയിൽ നബി സ്വല്ലള്ളാഹു അലൈഹി വ സല്ലം മാതൃക കാണിക്കുകയും അനുഷ്ഠിക്കാൻ ആജ്ഞാപിക്കുകയും ചെയ്ത മുഴുവൻ കാര്യങ്ങളും സ്വീകരിക്കുകയും അനുഷ്ഠിക്കുകയും ചെയ്യുകയെന്നതാണ്. കേരളത്തിൽ, അവിഭക്ത മുജാഹിദ് പ്രസ്ഥാനത്തിന്റെ ആദ്യകാല നിലപാടുകൾ ഇതു തന്നെയായിരുന്നുവെന്ന് പഴയ തലമുറയിലെ ആളുകൾക്കറിയാം. തൗഹീദിൽ തുടങ്ങി, നമസ്കാരത്തിൽ നെഞ്ചിൽ കൈ കെട്ടുക, ബിസ്മി പതുക്കെ ഓതുക, ഫജ്റിലെ ഖുനുത്ത്, നമസ്കാര ശേഷമുള്ള കൂട്ടുപ്രാർത്ഥന, തറാവീഹിന്റെ റക്അത്തുകളുടെ എണ്ണം, സ്ത്രീ പള്ളിപ്രവേശം തുടങ്ങിയ വിഷയങ്ങളിൽ കൃത്യമായ ധാരണ അവർക്കുണ്ടായിരുന്നുവെന്നത് വസ്തുതയാണ്. ഇതിൽ, മിക്കവയിലും വാദപ്രതിവാദങ്ങൾ നടന്നിട്ടുണ്ടെന്നാണ് അറിവ്. പ്രത്യേകിച്ചു, ബിസ്മി ഉറക്കെയോതുക, സ്ത്രീ പള്ളി പ്രവേശം തുടങ്ങിയ വിഷയങ്ങളിലുള്ള മുജാഹിദുകളുടെ നിലപാടിലെ "തീവ്രത" പരക്കെ പ്രസിദ്ധമാണ്. സ്ത്രീകൾ പള്ളിയിൽ പോകുന്നത് അനുവദനീയം എന്നതിൽ കവിഞ്ഞു, അതു സുന്നത്താണെന്ന് പോലും പ്രാമാണികമായി തെളിയിക്കാൻ സാധ്യമല്ലാതിരുന്നിട്ടു പോലും, കേവല അനുവാദത്തിനു വേണ്ടി നിരന്തര പോരാട്ടങ്ങൾ നടത്തിയ ഒരു പ്രസ്ഥാനം, ഇന്ന് നിലനിൽപ്പിന്നു വേണ്ടി പാടുപെടുകയാണ്. ബിസ്മി പതുക്കെയാണോ ഉറക്കെയാണോ ഓതേണ്ടത് എന്നു വാദപ്രതിവാദം നടത്തുകയും ചേരി തിരിഞ്ഞു പരസ്പരം തല്ലുകയും പള്ളികൾ പൂട്ടിക്കുകയും വരെ ചെയ്ത ഈ പ്രസ്ഥാനത്തിന്, പക്ഷെ, നബി സ്വല്ലള്ളാഹു അലൈഹി വ സല്ലമയുടെ താടി വളർത്താനുള്ള കൽപന, ഒരിക്കലും വാദപ്രതിവാദത്തിനു വിഷയമാവുകയോ ഏറ്റവും ചുരുങ്ങിയത്, നബിചര്യയായി പഠിപ്പിക്കപ്പെടുകയോ ചെയ്തില്ലായെന്നത് ഏറെ ആശ്ചര്യകരമാണ്. എന്നു മാത്രമല്ല, ഇപ്പോൾ താടി വളർത്തൽ "ആത്മീയ തീവ്രത" യുടെ ബ്രാൻഡ് സിമ്പൽ ആയി ചാപ്പ കുത്തുകയും ചെയ്തു. ഈ വരികൾ വായിക്കുന്ന, മുജാഹിദ് പ്രസ്ഥാനത്തിലെ, നേതാക്കളും, അനുയായികളും അണികളും, അഭ്യുദയകാംക്ഷികളും ശാന്തമായി ഒരു ആലോചനക്ക് തയ്യാറാകേണ്ടതുണ്ട്. കാരണം, "ഞങ്ങൾ സമൂഹത്തിനു മുമ്പിൽ നടന്ന പ്രസ്ഥാനമാണെന്നും, വിദ്യാഭ്യാസ സാമൂഹിക പുരോഗതികൾക്കു നാന്ദി കുറിച്ചത് ഞങ്ങളാണെന്നുമുള്ള 'ക്ലിഷേ' ഇനി നടക്കില്ല. അതൊക്കെ ഇവിടെ എല്ലാവരും ഇപ്പോൾ ചെയ്യുന്നു എന്നു മാത്രമല്ല, പ്രസ്ഥാനത്തെ മറ്റു പലരും സൂപ്പർസീഡ് ചെയ്യുകയും ചെയ്തിട്ടുണ്ട്. ഖുർആനും സുന്നത്തും സലഫുകൾ മനസ്സിലാക്കിയ പോലെ മനസ്സിലാക്കുന്നവരാണ് ഞങ്ങൾ എന്നു വാദിക്കാൻ ഇനി നിങ്ങൾക്കു കഴിയില്ല. ഏതാണ്ട്, കാൽ നൂറ്റാണ്ട് മുമ്പ്, ജമാഅത്തെ ഇസ്ലാമി " ശാഖാപരമായ വിഷയങ്ങളിൽ തീവ്രത പുലർത്തുന്നവർ" എന്നു ആക്ഷേപിച്ചത്, നെഞ്ചിൽ കൈ കെട്ടുന്ന വിഷയത്തിലും തറാവീഹിന്റെ വിഷയത്തിലും തല്ലുകൂടി കാലം കഴിച്ചു കൊണ്ടിരുന്ന മുജാഹിദ് പ്രസ്ഥാനത്തെയായിരുന്നു. അന്ന്, ഞങ്ങൾ, സുന്നത്തിന്റെ സംരക്ഷകരാണ് എന്നു പറഞ്ഞു അതിനെ ധീരമായി നേരിട്ട പ്രസ്ഥാനത്തിന്റെ പിന്മുറക്കാർ, നേരും നെറിയുമില്ലാത്ത മാധ്യമ ശിഘണ്ടികളുടെ കല്ലു വെച്ച നുണകൾക്ക് മുമ്പിൽ ആയുധം വെച്ചു കീഴടങ്ങിയിരിക്കുന്നു ! താടി വളർത്തുന്നതും നെരിയാണിക്കു മുകളിൽ വസ്ത്രം ആകുന്നതും തീവ്രവാദവും, നെഞ്ചിൽ കൈ കെട്ടുന്ന വിഷയവും ബിസ്മി ഉറക്കെ ഓതുന്നതും തറാവീഹിന്റെ റക്അത്തും ഒക്കെ മിതവാദവും ! ഈ നിലപാടിലെ അസന്തുലിതാവസ്ഥ വളച്ചു കെട്ടില്ലാതെ വിശദീകരിക്കേണ്ട ബാധ്യത മുജാഹിദ് പ്രസ്ഥാനത്തിനുണ്ട്. പിന്നെ, സ്ത്രീകൾ മുഖം മറക്കുന്ന വിഷയം, ഇതു വായിക്കുന്ന മുജാഹിദ് പ്രസ്ഥാനത്തിലെ പണ്ഡിതന്മാരോട് ഈ വിഷയത്തിൽ പ്രാമാണികമായ നിലപാട് എന്താണെന്നു തെളിവുകൾ സഹിതം പരിശോധിച്ചു ഉറപ്പു വരുത്തണമെന്ന് അപേക്ഷിക്കുകയുയാണ്. ഐസിസ് തൊട്ടു എൻഡി എഫ് വരെയുള്ള തീവ്രവാദ സംഘടനകളും സയ്യിദ് ഖുതുബ് തൊട്ടു ബിൻ ലാദൻ വരെയുള്ള അതിന്റെ ദാർശനികാചാര്യന്മാരും വിമർശിക്കപ്പെടണം. ഖാരിജി അഖീദയുടെ അപകടം ജനങ്ങളെ ബോധ്യപ്പെടുത്തുകയും അതിനെതിരിൽ മുഴുവൻ മനുഷ്യരെയും ബോധവൽക്കരിക്കുകയും ചെയ്യണം. പക്ഷെ, അതൊന്നും ആദർശം പണയം വെച്ചു കൊണ്ടും സുന്നത്തിനെ അവഗണിച്ചു കൊണ്ടുമാകരുത്. വിഷയത്തിന്റെ മർമ്മം മനസ്സിലാക്കുന്നതിൽ മുജാഹിദ് പ്രസ്ഥാനത്തിന് വലിയ അബദ്ധം സംഭവിച്ചിട്ടുണ്ട്. സുന്നത്തിനെക്കുറിച്ചുള്ള അറിവും പക്വതയുമില്ലാത്ത നേതാക്കന്മാർ മാധ്യമപ്രചാരണങ്ങൾക്ക് മുന്നിൽ പകച്ചു പോവുകയും മൂലധനം പണയം വെക്കുകയും ചെയ്തു. അങ്ങിനെ കാലങ്ങളായി ജമാഅത്തുകാർ കുഴിച്ച കുഴിയിൽ, അറിഞ്ഞു കൊണ്ടു മടവൂരികളും അറിയാതെ കെ എന്നമ്മുകാരും വീണു എന്നതാണ് വസ്തുത. - ബഷീർ പുത്തൂർ |
IslamBooks.inBooks and Articles on Islam, correct and pure. Archives
August 2024
Categories
All
|