0 Comments
(( ഇൽമുസ്സലഫ്)) ഇരുൾ മുറ്റിയ വഴിയിലെ വിളക്കുമാടം:
പല ശബ്ദങ്ങളിൽ ഒരു ശബ്ദം വേറിട്ട് നിൽക്കുമ്പോൾ അതൊരു ആകർഷണമാണ്. വിവിധ വർണങ്ങളിൽ ഒരു വർണം വേറിട്ട് നിൽക്കുന്നത് ഒരു കൌതുകമാണ്. പല രുചികളിൽ ഒരു രുചി വിത്യസ്ഥത പുലർത്തുന്നത് ആസ്വാദ്യകരമാണ്. വെളിച്ചം ലഭിക്കാൻ വേണ്ടി തെളിച്ചു വെച്ച ഒരു പാട് തിരികൾ. പലതും വേണ്ട വിധം വെളിച്ചം നൽകുന്നില്ല. ചിലതെല്ലാം കത്തി തീർന്നിരിക്കുന്നു. വേറെ ചിലത് ഇന്ധനം തീർന്നു പോയവയാണ്. ഇനിയും ചിലത് മുനിഞ്ഞു കത്തുന്നുണ്ടെങ്കിലും അതിൽ നിന്ന് ബഹിർഗമിക്കുന്ന കരിമ്പുക കാരണം വെളിച്ചത്തിന്റെ ഗുണം അതിനു നഷ്ടപ്പെടുന്നു. ഇതിന്നിടയിൽ ചെറിയ ഒരു തിരി നല്ല തെളിഞ്ഞ വെളിച്ചം പ്രദാനം ചെയ്തു ജാജ്വല്ല്യ ശോഭയോടെ വെട്ടിത്തിളങ്ങുന്നു. ആ വെളിച്ചത്തിന്റെ പ്രഭവ കേന്ദ്രമാണ് (( ഇൽമുസ്സലഫ്)). മലയാള സംവേദനത്തിന് പുതിയ ഒരു നാഴികക്കല്ലു തീർക്കുന്ന ഇൽമുസ്സലഫിന്റെ ലക്‌ഷ്യം സത്യത്തിൽ, അടിസ്ഥാനപരമായി വിത്യസ്ഥത പുലർത്തലല്ല. മറിച്ചു വെളിച്ചം അഥവാ ഖുർആനിന്റെയും സുന്നത്തിന്റെയും ശുഭ്രമായ രാജപാത അന്വേഷിക്കുന്ന ഒരു സാധാരണ മുസ്ലിമിനെ കൈപിടിച്ചു സ്വര്ഗത്തിന്റെ വഴിയിലേക്ക് വിരൽ ചൂണ്ടുന്ന ഒരു കൈ വിളക്കാണത്. പുകഴ്ത്തിപ്പറയാനും പെരുമ നടിക്കാനും ഏറെയൊന്നും ഇല്ലെങ്കിലും, സമകാലിക സാമൂഹിക ചുറ്റുപാടിൽ ഇസ്ലാമിക പ്രബോധന രംഗത്ത് നിലനിൽക്കുന്ന അപകടകരമായ ശുന്യത നികത്താൻ ഒരു പരിധി വരെയെങ്കിലും പര്യാപ്തമാണ് എന്നതാണ് കൃതാർത്ഥത പകരുന്ന കാര്യം. കേരളത്തിലെ മുസ്ലിം നവോഥാനത്തിന്റെതെന്നു അവകാശപ്പെടാറുള്ള കഴിഞ്ഞ ഒരു ശതാബ്ദം നിരീക്ഷണ വിധേയമാക്കിയാൽ ഉരുത്തിരിഞ്ഞു വരുന്ന ഒരു ഉത്ഘണ്ടയുണ്ട്. നവോത്ഥാനമെന്നത് ആത്യന്തികമായി വിദ്യാഭ്യാസപരമോ സാമ്പത്തിക-രാഷ്ട്രീയ തലങ്ങളിലുള്ളതോ, ഇനി അതിനെല്ലാം പുറമേ സാമൂഹികമോ ആയ ഉൽകർഷ മാത്രമല്ല. മറിച്ചു, അത് മുസ്ലിംകളെ സംബന്ധിച്ചേടത്തോളം വിശ്വാസ വിമലീകരണത്തിലും സുന്നത്തിന്റെ സംസ്ഥാപനത്തിലും വ്യാപനത്തിലും ഊന്നിയ വളർച്ചയാണ്. ഉലമാക്കളുടെ ശ്രദ്ധയും സേവനവും പതിയേണ്ടത് ഈ മേഖലയിലാണ്. കഴിഞ്ഞ നൂറു കൊല്ലക്കാലയളവിൽ ഇസ്ലാമിക മത ശാക്തീകരണ രംഗത്ത് നടന്നിട്ടുള്ള നവീകരണ യത്നങ്ങൾ, ഖുർആനും സുന്നത്തും സലഫുകൾ ഗ്രഹിച്ച മുറപ്രകാരം ഗ്രഹിക്കാനും ഉൾക്കൊള്ളാനും എത്ര മാത്രം പര്യാപ്തമായിട്ടുണ്ട്? കഴിഞ്ഞു പോയ നവോഥാന സാരഥികളെയോ, മഹത്തുക്കളേയോ കുറ്റപ്പെടുത്തുകയോ ചെറുതായി കാണുകയോ ചെയ്യുന്നില്ല. മറിച്ചു അവർ ജീവിച്ച ചുറ്റുപാടിന്റെ തിക്തതകൾ അനുഭവിക്കുകയും അവർ അറിയുകയും ഉൾക്കൊള്ളുകയും ചെയ്ത കാര്യങ്ങൾ ജനങ്ങളെ അവർ പഠിപ്പിക്കുകയും ചെയ്തിട്ടുണ്ട് എന്നതാണ് നേര്. അവർക്ക് അജ്ഞാതമാവുകയോ, കിട്ടാതെ പോവുകയോ ചെയ്ത കാര്യത്തിന്റെ പേരിൽ അവർ ആക്ഷേപാർഹരല്ലാത്തത് പോലെ, അവർക്ക് വസ്തുനിഷ്ടമായി കിട്ടിയിരുന്നുവെങ്കിൽ അത് സ്വീകരിക്കാൻ അവർ സന്നധരാവുമായിരുന്നു എന്ന സദ്‌വിചാരം മാത്രമേ അവരോടു നമുക്കുള്ളൂ. ഇമാം അഹ്മദ്, ഇമാം ലാലകാഇ, ഇമാം ബർബഹാരീ, ശൈഖുൽ ഇസ്ലാം ഇബ്ൻതീമിയ, ഇമാം മുഹമ്മദ്‌ബിന്അബ്ദിൽ വഹാബ്, ഷെയ്ഖ് നാസിറുദ്ധീൻ അൽബാനി തുടങ്ങിയ ആധുനികരും പൌരാണികരുമായ അഹ്ലുസ്സുന്നത്തിന്റെ തലയെടുപ്പുള്ള ഉലമാക്കളാൽ വിരചിതമായ അഖീദയുമായി ബന്ധപ്പെട്ടതും അല്ലാത്തതുമായ മഹൽ ഗ്രന്ഥങ്ങൾ മലയാള സംവേദനത്തിന് പരിചയപ്പെടുത്തി എന്നത് എടുത്തു പറയേണ്ട നേട്ടം തന്നെയാണ്. കേരളത്തിലെ നവോഥാന ചരിത്രത്തിൽ ഇടം പിടിക്കാതെ പോയ അഖീദതുൽ വാസിതിയ്യ, ശറഹു ഉസ്വൂലി അഹ്ലിസ്സുന്ന, ശറഹുസുന്ന, ഉസ്വൂലുസുന്ന തുടങ്ങിയവ അവയിൽ ചിലത് മാത്രം. ഷെയ്ഖ് അൽബാനി റഹമത്തുള്ളാഹി അലൈഹിയുടെ സ്വിഫത്-സ്വലാത്തിന്നബിയ്യിസ്വല്ലള്ളാഹു അലൈഹിവസല്ലം എന്ന ഒരു കര്മാശാസ്ത്ര ഗ്രന്ഥം മാത്രം മതി, ഇൽമുസ്സലഫിനെ സമ്പന്നമാക്കാൻ. നമസ്കാരവുമായി ബന്ധപ്പെട്ടു ഒരു മനുഷ്യൻ അറിഞ്ഞിരിക്കേണ്ട മുഴുവൻ കാര്യങ്ങളും കൃത്യമായ പ്രമാണങ്ങളുടെ പിൻബലത്തിൽ വിലയിരുത്തപ്പെടുന്ന മറ്റൊരു ഗ്രന്ഥം വേറെ ഇല്ലായെന്ന് തന്നെ പറയാം. ഏതൊരു സാധാരണക്കാരനും തന്റെ വിരൽ തുമ്പിൽ അത് സജ്ജീകരിച്ചു നൽകാൻ സാധിച്ചുവെന്നത് തികച്ചും ശ്ലാഖനീയം തന്നെ. ഇതിനെല്ലാം പുറമേ വൈജ്ഞാനികമായ വിത്യസ്ഥത പുലർത്തുന്ന ഒത്തിരി പ്രഭാഷണ സമാഹാരങ്ങൾ. തികച്ചും സുന്നത്തിന്റെ മിടിപ്പും തുടിപ്പും ഒപ്പിയെടുത്ത ശബ്ദശേഖരങ്ങൾ പതിവ് പ്രഭാഷണങ്ങളിൽ നിന്ന് ഇൽമുസ്സലഫിനെ വേർതിരിച്ചു നിർത്തുന്നു. കേരള മുസ്ലിംകൾക്ക് പരിചയമുള്ള സംഘടനയുടെയും പാർട്ടിയുടേയും അടിസ്ഥാനത്തിൽ ആളുകളെ വർഗീഗരിക്കുകയും കോളം വരച്ചു മാറ്റി നിർത്തുകയും ചെയ്യുന്ന രീതിയിൽ നിന്ന് മാറി, തീർത്തും സുന്നത്ത് അനുസരിച്ച് എങ്ങിനെ ജീവിതം കരുപ്പിടിപ്പിക്കാമെന്നും, പരലോകത്ത് രക്ഷ കിട്ടാൻ (( ഞാനും എന്റെ സ്വഹാബത്തും ഏതൊന്നിലായിരുന്നോ)) അതിനെ അവലംബിക്കണമെന്ന് അള്ളാഹുവിന്റെ റസൂൽ മുന്നറിയിപ്പ് നൽകിയ മാർഗം ഏതെന്നും വിശദീകരിക്കുന്ന, ശാന്തമായി ഒഴുകുന്ന ഒരു തെളിനീർധാര പോലെ ഇൽമുസ്സലഫ് അതിന്റെ വാതായനം പൊതുജനത്തിന് മുമ്പിൽ തുറക്കുകയാണ്. അതെ, ആർഭാടങ്ങളോ അലങ്കാരങ്ങളോ കുത്തി നിറക്കാത്ത ലളിതമായ ഒരു വെബ്സൈറ്റ്. ഏതു വഴിപോക്കനെയും ഒന്ന് കയറിയിറങ്ങിപ്പോകാൻ പ്രേരിപ്പിക്കുന്ന തരത്തിലുള്ള ചാരുതയോ ആകാരഭംഗിയോ അതിനില്ല. പക്ഷെ, ((ഇൽമുസ്സലഫി))നു ചില അതിഥികളും അന്വേഷകരുമുണ്ട്. ക്ഷണികമായ ഭൗദിക ജീവിതത്തിനു ശേഷമുള്ള ശാശ്വതമായ പാരത്രിക വിജയം തേടുന്നവരുടെ തുരുത്തും വിഹാരകേന്ദ്രവുമാണത്. ഇൽമിന്റെ, സുന്നത്തിന്റെ സത്യസന്ധരായ വാഹകർക്കു സഹായികൾ എന്നും കുറവായിരുന്നു. അവർ ആൾക്കൂട്ടത്തിൽ ഒറ്റപ്പെടുകയും അപരിചിതരായിത്തീരുകയും ചെയ്യും.അത് അവരുടെ ന്യൂനതയല്ല. മറിച്ചു ജന മനസ്സുകൾ " കമഴ്ത്തി വെച്ച കൂജ" പോലെ സത്യം സ്വീകരിക്കാൻ തയ്യാറല്ലാത്തത് കൊണ്ടാണ്. മുനിഞ്ഞു കത്തുന്ന ഈ അറിവിന്റെ തിരി, നാലുഭാഗത്തു നിന്നുമുള്ള വെളിച്ചത്തിന്റെ ശത്രുക്കളിൽ നിന്ന് അണയാതെ പൊത്തിപ്പിടിച്ചു നിൽക്കുന്ന അതിന്റെ അണിയറ ശി ൽപികൾ, രണ്ടു പേരുകൾ ചരിത്രത്തിനു വേണ്ടി എടുത്തു പറയൽ അനിവാര്യമാണ്. ശൈഖ് അബു ത്വാരിഖ് സുബൈര് മുഹമ്മദ് ഹഫിദഹുള്ളാ, ശൈഖ് അബുതീമിയ ഹനീഫ്ബിന് വാവ ഹഫിദഹുള്ളാ - അള്ളാഹു അവർക്ക് സ്വാലിഹായ അമലോട് കൂടിയ ദീർഘായുസ്സ് പ്രദാനം ചെയ്യട്ടെ. ആമീൻ. www.ilmusSalaf.com - ബശീർ പുത്തൂർ മാന്യരെ,
السلام عليكم ورحمة الله وبركاته അറഫാ ദിവസത്തെ നോമ്പുകൊണ്ട് കഴിഞ്ഞ ഒരു വർഷത്തെയും വരാനിരിക്കുന്ന ഒരു വർഷത്തെയും പാപങ്ങൾ പൊറുക്കപ്പെടും. ഹാജിമാര്‍ അറഫയിൽ നിൽക്കുന്ന ദിവസമാണ് അറഫാ ദിനം. അത് ദുൽഹിജ്ജ ഒമ്പതിനാണ്. അറബി മാസം തീരുമാനിക്കുന്നത് മാസപ്പിറവി കാണുന്നതിനെ അടിസ്ഥാനപ്പെടുത്തിയാണ്. മാസപ്പിറവി ഒരോ വീട്ടിലും പറമ്പിലും മഹല്ലിലും നാട്ടിലും രാജ്യത്തും പ്രത്യേകം പ്രത്യേകം കാണേണ്ടതില്ല. ലോകത്ത് എവിടെയെങ്കിലും ഒരിടത്ത് കാണുകയും, ആ കാഴ്ച ഒരു മുസ്‌ലിം ഭരണാധികാരി അംഗീകരിച്ച് പ്രഖ്യാപിക്കുകയും ചെയ്താൽ ആ വിവരം യഥാസമായം ലഭിക്കുന്ന ഏതൊരാള്‍ക്കും അത് ബാധാകമായിരിക്കും. ഹജ്ജിൻെറ കർമ്മങ്ങൾ നടക്കുന്നത് മക്കയിലാണ്. അവിടുത്തെ ഭരണാധികാരി, ദുൽഹിജ്ജ മാസപ്പിറവി കണ്ടത് അംഗീകരിച്ച് പ്രഖ്യാപിക്കുകയും തദടിസ്ഥാനത്തില്‍ ദുൽഹിജ്ജ ഒമ്പതിന്ന് അറഫാ ദിനം നിശ്ചയിക്കുകയും ചെയ്യുന്നു. അന്നാണ് ഹാജിമാര്‍ അറഫയില്‍ നിൽക്കുന്നത്. മക്കയിലെ ഭരണാധികാരി മക്കയിലെ പ്രാദേശികമായ കാഴ്ച മാത്രമല്ല പരിഗണിക്കുക. ലോകത്ത് എവിടെ കണ്ടാലും, യോഗ്യരായ ആളുകള്‍ സാക്ഷ്യപ്പെടുത്തുന്ന പക്ഷം, അദ്ദേഹത്തിന് അത് അംഗീകരിച്ച് പ്രഖ്യാപിക്കാവുന്നതാണ്. ഉമര്‍ رضي الله عنه അങ്ങനെ ചെയ്തിരുന്നു എന്നത് സുവിദിതമാണല്ലോ. ബലിപെരുന്നാൾ വിഷയത്തിൽ മറ്റു നാട്ടുകാരെല്ലാം മക്കക്കാരെ പിന്തുടരുകയാണ് വേണ്ടതെന്ന് ഇമാം അഹ് മദ്. ശൈഖുൽ ഇസ്‌ലാം ഇബ്‌നു തൈമിയ്യഃ പോലുള്ളവര്‍ പറഞ്ഞതിൻെറ സാംഗത്യവും അതു തന്നെയാണ്. അഥവാ ദുൽഹിജ്ജ മാസം എന്ന് തുടങ്ങുന്നു, അറഫയും ബലി പെരുന്നാളും ഏതു ദിവസമാണ് എന്ന കാര്യത്തിൽ മറ്റു നാട്ടുകാരെല്ലാം യഥാസമയം അവർക്ക് ആ വിവരം ലഭിക്കുന്ന പക്ഷം മക്കക്കാരെ പിന്തുടരണം. അല്ലാതെ ഹാജിമാര്‍ അറഫയിൽ നിൽക്കുന്ന "സമയത്ത് തന്നെ" അറഫാ നോമ്പ് പിടിക്കണം എന്നല്ല. അങ്ങനെ പറയാന്‍ തെളിവൊന്നുമില്ല. പരിഗണനീയരായ പണ്ഡിതന്മാരാരും അങ്ങനെ പറഞ്ഞിട്ടുമില്ല. അത് പ്രായോഗികവുമല്ല. ഈ വർഷം ജൂലായ് 19 തിങ്കളാഴ്ചയാണ് ലോകത്തെങ്ങുമുള്ള മുസ്‌ലിംകൾ അറഫാ നോമ്പ് പിടിക്കേണ്ടത്. കേരളത്തിൽ ചില സംഘടനാ പക്ഷപാതികൾ ജൂലായ് 20 ചൊവ്വാഴ്ചയാണ് അറഫാ ദിനം എന്ന് പ്രചരിപ്പിക്കുന്നുണ്ട്. അത് ശരിയല്ല. അത് തെറ്റാണ്. അന്ധമായ അനുകരണമോ, സംഘടനാപരമായ പക്ഷപാതമോ അല്ലാതെ മറ്റൊരടിസ്ഥാനവും അതിനില്ല. ജൂലായ് 9 വെള്ളിയാഴ്ച സൂര്യനസ്തമിച്ച ശേഷം ദുൽഹിജ്ജ മാസപ്പിറവി കാണാൻ കഴിഞ്ഞില്ല. അതിനാൽ ജൂലായ് 10 ശനിയാഴ്ച ദുൽഖഅദ 30 ആയി കണക്കാക്കുകയും ജൂലായ് 11ഞായറാഴ്ച ദുൽഹിജ്ജ ഒന്നായി മക്കയിലെ ഭരണാധികാരികൾ അംഗീകരിച്ച് പ്രഖ്യാപിക്കുകയും ചെയ്തിട്ടുള്ളതാണ്. തടദിസ്ഥാനത്തില്‍ ജൂലായ് 19 തിങ്കളാഴ്ചയാണ് ഈ വർഷത്തെ അറഫാ ദിനമായി നിശ്ചയിച്ചിട്ടുള്ളത്. തൊട്ടടുത്ത ദിവസം അഥവാ ജൂലായ് 20 ചൊവ്വാഴ്ച മുസ്‌ലിം ലോകം ബലിപെരുന്നാൾ ആഘോഷിക്കുകയുമാണ്. അക്കാര്യം യഥാസമയത്ത് അറിഞ്ഞിട്ടും അത് അംഗീകരിക്കാതെ, കേരളത്തിലുള്ള ചിലര്‍ അവരുടെ പറമ്പില്‍ തന്നെ മാസപ്പിറവി കാണണമെന്നും അവരുടെ കമ്മിറ്റിക്കാണ് മാസപ്പിറവിയും പെരുന്നാളും തീരുമാനിക്കാൻ അവകാശമെന്നും വാശിപിടിക്കുന്നതു കൊണ്ടാണ് ഇങ്ങനെ ഒരു അബദ്ധം സംഭവിക്കുന്നത്. ഈ വങ്കത്തം മറച്ചു പിടിക്കാന്‍ വേണ്ടി അവർ ഉന്നയിക്കുന്ന ഒരു ദുർന്യായമാണ് മക്കയുടെ എതിര്‍ ദിശയിൽ സ്ഥിതിചെയ്യുന്ന നാടുകളിലുള്ളവർക്ക് എങ്ങനെയാണ് ഹാജിമാർ അറഫയിൽ നിൽക്കുന്ന "സമയത്ത് തന്നെ" അറഫാ നോമ്പ് പിടിക്കാന്‍ കഴിയുക എന്നുള്ളത്. ശുദ്ധമായ ഒരു അസംബന്ധം മാത്രമാണിത്. രണ്ടു കാര്യങ്ങള്‍ ഓർക്കുക: 1. ഹാജിമാര്‍ അറഫയിൽ നിൽക്കുന്ന "സമയത്ത് തന്നെ" അറഫാ നോമ്പ് പിടിക്കണമെന്ന് അഹ് ലുസ്സുന്നത്തിൽപെട്ട ആരും പറയുന്നില്ല. അതിനു പ്രമാണ രേഖകളുടെ പിൻബലമില്ല, പരിഗണനീയമായ പണ്ഡിതാഭിപ്രായങ്ങള്‍ പോലുമില്ല. അത് ഒട്ടും പ്രായോഗികവുമല്ല. മറിച്ച്, അറഫാ ദിവസം ഒന്നേയുള്ളു. അത് ദുൽഹിജ്ജ ഒമ്പതിനാണ്. ദുൽഹിജ്ജ ഒമ്പത് ഓരോ പറമ്പും പ്രദേശവും മാറുന്നതിനുസരിച്ച് മാറ്റേണ്ട ഒന്നല്ല. ഇങ്ങനെയാണ് മഹാന്മാരായ ഇമാമുകളും മുഹഖിഖുകളായ ഉലമാക്കളും പറഞ്ഞിട്ടുള്ളത്. 2. മക്ക മനുഷ്യാധിവാസ കേന്ദ്രങ്ങളുടെ മധ്യത്തിലാണ് സ്ഥിതിചെയ്യുന്നത്. അവിടെ നിന്ന് കിഴക്കോട്ട് 12 മണിക്കൂറും, പടിഞ്ഞാറോട്ട് 12 മണിക്കൂറും ചേരുന്നതാണ് ഭൂമിയിലെ ഒരു ദിവസം. അതു കൊണ്ട് തന്നെ, ലോകത്തിൻെറ ഏത് കോണിൽ വസിക്കുന്നവനും അറഫാ ദിവസം തന്നെ അറഫാ നോമ്പ് പിടിക്കാന്‍ കഴിയും. മാസപ്പിറവി പ്രാദേശികമായി തന്നെ കാണണമെന്നും, തദടിസ്ഥാനത്തില്‍ പ്രാദേശികമായി ദുൽഹിജ്ജ 9 എന്നാണോ വരുന്നത് അന്നാണ് അറഫാ നോമ്പ് പിടിക്കേണ്ടതെന്ന് ജൽപിക്കുകയും ചെയ്യുന്നവർ അറഫാ ദിവസം തന്നെ അറഫാ നോമ്പ് പിടിക്കാനുള്ള തൌഫീഖ് സ്വയം നഷ്ടപ്പെടുത്തുകയാണ് ചെയ്യുന്നത്. പ്രമാണ രേഖകളാണ്, യുക്തിയല്ല മതകാര്യങ്ങൾക്ക് അടിസ്ഥാനമെന്ന് വിശ്വസിക്കുന്ന ഒരാളും ഹാജിമാര്‍ അറഫയിൽ നിൽക്കുന്ന "സമയത്ത് തന്നെ" അറഫാ നോമ്പ് പിടിക്കണമെന്നോ, എങ്ങനെയാണ് അതിനു സാധിക്കുകയെന്നോ ഉള്ള സംശയം ഉന്നയിക്കാനിടയില്ല. മറിച്ച്, യുക്തി പ്രമാണ രേഖകൾക്കും അതീതമാണെന്ന് കരുതുന്ന ചില അൽപബുദ്ധികളാണ് ഈ അസംബന്ധം എഴുന്നള്ളിക്കാറുള്ളത്. മാസപ്പിറവി ലോകത്ത് എവിടെ കണ്ടാലും പരിഗണിക്കേണ്ടതാണ്. പ്രാദേശികമായ കാഴ്ച നിർബ്ബന്ധമില്ലാത്തതാണ്. പ്രമാണബദ്ധവും പ്രായോഗികവുമായ ഈ നിലപാടിനെ ഖണ്ഡിക്കാന്‍ കഴിയാതെ വരുമ്പോൾ ഇല്ലാത്ത ആരോപണങ്ങളുന്നയിച്ച് മറുപടി പറഞ്ഞ് ആത്മസംതൃപ്തി നേടാന്‍ ചില അൽപന്മാരുടെ കുബുദ്ധിയിൽ ഉദിക്കുന്ന കാര്യമാണ് 'മക്കയുടെ ഏതിര്‍ ദിശയിൽ സ്ഥിതിചെയ്യുന്ന നാടുകളിലുള്ളവർ ഹാജിമാർ അറഫയിൽ നിൽക്കുന്ന "സമയത്ത് തന്നെ" എങ്ങനെ അറഫാ നോമ്പ് പിടിക്കും' എന്നുള്ള ചോദ്യം. ഇന്ന് പുതിയ ചില അപസ്വരങ്ങൾ കൂടി കേൾക്കാൻ സാധിക്കുന്നുണ്ട്. പെരുന്നാൾ ആഘോഷിക്കേണ്ടത് ഭൂരിപക്ഷത്തിൻറെ കൂടെയാണ്. അതിനാൽ ഈ വർഷം ബുധനാഴ്ചയാണ് പെരുന്നാൾ ആഘോഷിക്കേണ്ടത് എന്ന് ഇവിടെ കേരളത്തിൽ ചിലർ വാദിക്കുന്നു. അതിനു വേണ്ടി അവർ ഒരു ഹദീസിനെ ദുർവ്യാഖ്യാനിക്കുക കൂടി ചെയ്യുന്നു. നോമ്പും പെരുന്നാളും (الناس، عظم الناس) ൻെറ കൂടെയായിരിക്കണം എന്നു നിർദ്ദേശിക്കുന്ന ഹദീസുകളാണവ. ഹദീസുകളിൽ വന്നിട്ടുള്ള (الناس، عظم الناس، الجماعة) എന്നതിൻെറ വിവക്ഷ മുസ്‌ലിം ഭരണാധികാരിയും അദ്ദേഹത്തിനു ബൈഅത്ത് ചെയ്തിട്ടുള്ള പ്രജകളുമാണ്. അല്ലാതെ തലയില്ലാത്ത തെങ്ങിൽ കേറാനുള്ള ഉപദേശമല്ല അതിലുള്ളത്. അത്തരം ഹദീസുകൾ ഖുലഫാക്കളും സ്വഹാബത്തും എങ്ങനെ മനസ്സിലാക്കി എന്നു നോക്കണം. ഭരണാധികാരിയും പ്രജകളുമാണ് അതിൻെറ വിവക്ഷയെന്നത് സലഫുകളുടെ നടപടികളിൽനിന്നും പണ്ഡിതന്മാരുടെ വ്യാഖ്യാനങ്ങളിൽനിന്നും അനായാസം ഗ്രഹിക്കാവുന്നതാണ്. സങ്കടകരമെന്നു പറയട്ടെ, കേരളത്തിൽ കാര്യങ്ങൾ ശരിയായ വിധത്തിൽ ചിന്തിക്കാനും സത്യമായ മാർഗ്ഗം ഉപദേശിക്കാനും ആരുമില്ലാതായിരിക്കുകയാണ്. والله المستعان ഈ വർഷം, ജൂലായ് 19 തിങ്കളാഴ്ചയാണ് അറഫാ ദിനം. അന്ന് തന്നെ അറഫാ നോമ്പ് പിടിക്കലാണ് സുന്നത്ത്. പെരുന്നാൾ ആഘോഷിക്കേണ്ടത് മുസ്‌ലിം ലോകത്തോടൊപ്പം ചൊവ്വാഴ്ചയും. ചൊവ്വാഴ്ച പെരുന്നാള്‍ ആഘോഷിക്കാൻ സാഹചര്യം ലഭിക്കാത്തവർ, ഏതു നാട്ടിലാണോ അവരുള്ളത് ആ നാട്ടിലെ മുസ്‌ലിംകളോടൊപ്പം പെരുന്നാൾ ആഘോഷിക്കട്ടെ. അങ്ങനെ ബുധനാഴ്ച പെരുന്നാള്‍ ആഘോഷിക്കേണ്ടി വന്നാല്‍ ഹദീസുർ റഹ്ത്വിൻറെ അടിസ്ഥാനത്തിൽ ചൊവ്വാഴ്ച ശൂന്യദിനമായി കണക്കാക്കാവുന്നതുമാണ്. والله أعلم - അബൂ ത്വാരിഖ് സുബൈര് മുഹമ്മദ് സൂറത് യൂസുഫിലെ 67- മത്തെ ആയത്തിന് പ്രസിദ്ധരായ അഞ്ച് മുഫസ്സിറുകൾ നൽകിയ വ്യാഖ്യാനത്തിൽ നിന്ന്3/7/2021 സൂറത് യൂസുഫിലെ 67- മത്തെ ആയത്തിന് പ്രസിദ്ധരായ അഞ്ച് മുഫസ്സിറുകൾ നൽകിയ വ്യാഖ്യാനത്തിൽ നിന്ന്: സൂറത് യുസുഫിലെ 67-മത്തെ വചനം അല്ലാഹു പറയുന്നു: അദ്ദേഹം ( യഅഖൂബ് عليه السلام) പറഞ്ഞു " എന്റെ മക്കളേ നിങ്ങൾ ഒരേ വാതിലിലൂടെ പ്രവേശിക്കാതെ വിത്യസ്ത വാതിലുകളിലൂടെ പ്രവേശിക്കൂ അള്ളാഹുവിൽ നിന്നുണ്ടാകുന്ന യാതൊന്നും നിങ്ങളിൽ നിന്ന് തടുക്കാൻ എനിക്കാവില്ല. വിധികർത്തൃത്വം അല്ലാഹുവിന് മാത്രമാകുന്നു. അവന്റെ മേൽ ഞാൻ ഭരമേൽപ്പിക്കുന്നു. അവന്റെ മേൽ തന്നെയാണ് ഭരമേൽപ്പിക്കുന്നവർ ഭരമേൽപ്പിക്കേണ്ടത്." وَقَالَ يَا بَنِيَّ لَا تَدْخُلُوا مِن بَابٍ وَاحِدٍ وَادْخُلُوا مِنْ أَبْوَابٍ مُّتَفَرِّقَةٍ ۖ وَمَا أُغْنِي عَنكُم مِّنَ اللَّهِ مِن شَيْءٍ ۖ إِنِ الْحُكْمُ إِلَّا لِلَّهِ ۖ عَلَيْهِ تَوَكَّلْتُ ۖ وَعَلَيْهِ فَلْيَتَوَكَّلِ الْمُتَوَكِّلُونَ(يوسف ٦٧) ഈ ആയത്തിന് പ്രമുഖരായ അഞ്ച് മുഫസ്സിറുകൾ നൽകിയ വ്യാഖ്യാനം താഴെ ചേർക്കുന്നു. (1) ആധുനികനും ഹിജ്റ 1376 -ൽ മരണപ്പെട്ടവനുമായ ഇമാം നാസിർ അൽ സഅദി رحمه الله:- .... അത് ( വിത്യസ്ത വാതിലുകളിലൂടെ പ്രവേശിക്കാൻ കൽപ്പിച്ചത്), ഒരാളുടെ മക്കൾ എന്ന നിലക്ക് അവരുടെ ആധിക്യവും പ്രൗഢമായ കാഴ്ചയും നിമിത്തം അവർക്ക് കണ്ണേറ് ബാധിക്കുമോയെന്ന് അദ്ദേഹം (യഅഖുബ് നബി عليه السلام) ഭയപ്പെട്ടു. ഇതൊരു കാരണമാണ് " - തഫ്സീർ സഅദി ثم لما أرسله معهم وصاهم، إذا هم قدموا مصر، أن { لَا تَدْخُلُوا مِنْ بَابٍ وَاحِدٍ وَادْخُلُوا مِنْ أَبْوَابٍ مُتَفَرِّقَةٍ } وذلك أنه خاف عليهم العين، لكثرتهم وبهاء منظرهم، لكونهم أبناء رجل واحد، وهذا سبب (2) ഹിജ്റ 774 - ൽ മരണപ്പെട്ട ഇമാം ഇബ്നു കസീർ رحمه الله:- യഅഖൂബ് നബി عليه السلام നെക്കുറിച്ചു പറയുന്ന സ്ഥലത് അല്ലാഹു പറയുന്നു : അവരുടെ സഹോദരനായ ബിൻയാമീന്റെ കൂടെ ഈജിപ്തിലേക്ക് പോകാൻ ഒരുക്കിയപ്പോൾ തന്റെ മക്കളോട് അദ്ദേഹം പറഞ്ഞു നിങ്ങളെല്ലാവരും കൂടി ഒരേ വാതിലിലൂടെ പ്രവേശിക്കുന്നതിന് പകരം വിത്യസ്ത വാതിലുകളിലൂടെ പ്രവേശിക്കൂ എന്ന്. ഇബ്നു അബ്ബാസ് رضي الله عنه, മുഹമ്മദ് ബിൻ കഅബ്, മുജാഹിദ്, ളഹ്വാഖ്, ഖത്താദ, സുദ്ദി തുടങ്ങിയവർ പറഞ്ഞത് പോലെ, "അദ്ദേഹം അവർക്ക് കണ്ണേറ് ബാധിക്കുമെന്ന് ഭയപ്പെട്ടു. കാരണം അവർ സുന്ദരന്മാരും നല്ല കാണാൻ ഭംഗിയുള്ളവരും പ്രൗഢിയും ആഢ്യത്വവുമുള്ളവരായിരുന്നു.നിശ്ചയമായും കണ്ണേറ് സത്യമാണ്. കുതിരപ്പുറത്തിരിക്കുന്നവനെ താഴെ വീഴ്ത്താൻ മാത്രം !" ഇബ്നു കസീർ يقول تعالى ، إخبارا عن يعقوب ، عليه السلام : إنه أمر بنيه لما جهزهم مع أخيهم بنيامين إلى مصر ، ألا يدخلوا كلهم من باب واحد ، وليدخلوا من أبواب متفرقة ، فإنه كما قال ابن عباس ، ومحمد بن كعب ، ومجاهد ، والضحاك ، وقتادة ، والسدي : إنه خشي عليهم العين ، وذلك أنهم كانوا ذوي جمال وهيئة حسنة ، ومنظر وبهاء ، فخشي عليهم أن يصيبهم الناس بعيونهم; فإن العين حق ، تستنزل الفارس عن فرسه. (3) ഹിജ്റ 671- ൽ മരണപ്പെട്ട ഇമാം ഖുർത്വുബി رحمه الله പറയുന്നു: അവർ ( അദ്ദേഹത്തിന്റെ മക്കൾ) പോകാൻ തീരുമാനിച്ചപ്പോൾ അവർക്ക് കണ്ണേറ് ബാധിക്കുമെന്ന് അദ്ദേഹം ഭയപ്പെട്ടു.അത് കൊണ്ട് നിങ്ങൾ ഈജിപ്തിലേക്ക് ഒരേ വാതിലിലൂടെ പ്രവേശിക്കരുതെന്ന് അവരോട് കൽപ്പിച്ചു.ഈജിപ്തിന് നാല് കവാടങ്ങളുണ്ടായിരുന്നു.അവർ സുന്ദരന്മാരും ആരോഗ്യദൃഢഗാത്രരും ഒരാളുടെ പതിനൊന്ന് മക്കളും എന്നതിനാൽ അവർക്ക് കണ്ണേറ് ബാധിക്കുമെന്ന് അദ്ദേഹം ഭയന്നു." ഇതാണ് ഇബ്നു അബ്ബാസ്, ഖതാദ, ദഹാക് തുടങ്ങിയവർ പറഞ്ഞത്.ഈ ആയത്തിന്റെ അർത്ഥം ഇതായതിനാൽ, കണ്ണേറിൽ നിന്ന് ജാഗ്രത പുലർത്തണമെന്നതിന് ഇതിൽ തെളിവുണ്ട്. കാരണം കണ്ണേറ് സത്യമാണ്. നബി ﷺ പറഞ്ഞു തീർച്ചയായും കണ്ണേറ് മനുഷ്യനെ ഖബറിലും ഒട്ടകത്തെ ചട്ടിയിലുമാക്കും" ഖുർത്വുബി فيه سبع مسائل: الأولى: لما عزموا على الخروج خشي عليهم العين ; فأمرهم ألا يدخلوا مصر من باب واحد ، وكانت مصر لها أربعة أبواب ; وإنما خاف عليهم العين لكونهم أحد عشر رجلا لرجل واحد ; وكانوا أهل جمال وكمال وبسطة ; قاله ابن عباس والضحاك وقتادة وغيرهم. الثانية : إذا كان هذا معنى الآية فيكون فيها دليل على التحرز من العين ، والعين حق ; وقد قال رسول الله - صلى الله عليه وسلم - : إن العين لتدخل الرجل القبر ، والجمل القدر. (4) ഹിജ്റ 516 - ൽ മരണപ്പെട്ട ഇമാം ബഗവി رحمه الله പറയുന്നു: യഅഖൂബ് നബി عليه السلام യുടെ അടുത്ത് നിന്ന് അവർ പോകാൻ ഉദ്ദേശിച്ചപ്പോൾ അവരോട് വിത്യസ്ത വാതിലുകളിലൂടെ പ്രവേശിക്കാൻ കൽപ്പിച്ചു. അവർക്ക് കണ്ണേറ് ബാധിക്കുമോ എന്നദ്ദേഹം ഭയപ്പെട്ടു.കാരണം അവർ സുന്ദരന്മാരും ശക്തരും ആജാനു ബാഹുക്കളും ഒരാളുടെ മക്കളുമായിരുന്നു. അവർക്ക് കണ്ണേറ് ബാധിക്കുമെന്ന ഭയത്താൽ വിത്യസ്ത വാതിലുകളിലൂടെ പ്രവേശിക്കാൻ അവരോട് അദ്ദേഹം കൽപ്പിച്ചു. കാരണം കണ്ണേറ് സത്യമാണ്.അത് മനുഷ്യനെ ഖബറിലും ഒട്ടകത്തെ ചട്ടിയിലുമാക്കുമെന്ന് ഹദീസിലുണ്ട്". ( وقال ) لهم يعقوب لما أرادوا الخروج من عنده ( يا بني لا تدخلوا من باب واحد وادخلوا من أبواب متفرقة ) وذلك أنه خاف عليهم العين; لأنهم كانوا أعطوا جمالا وقوة وامتداد قامة ، وكانوا ولد رجل واحد ، فأمرهم أن يتفرقوا في دخولهم لئلا يصابوا بالعين ، فإن العين حق ، وجاء في الأثر : " إن العين تدخل الرجل القبر ، والجمل القدر ". (5) ഹിജ്റ 310 - ൽ മരണപ്പെട്ട ഇമാം ത്വബ്'രി رحمه الله പറയുന്നു: .... കാരണം അവർ സുന്ദരന്മാരും ആകാര സൗഷ്ടവമുള്ളവരുമായിരുന്നു. ഒരാളുടെ മക്കളായ അവരെല്ലാവരും ഒരേ വാതിലിലൂടെ പ്രവേശിച്ചാൽ അവർക്ക് കണ്ണേറ് ബാധിക്കുമെന്ന് അദ്ദേഹം ഭയപ്പെട്ടു. അതിനാൽ അവരോട് വിത്യസ്ത കവാടങ്ങളിലൂടെ പ്രവേശിക്കാൻ കൽപ്പിച്ചു". وذكر أنه قال ذلك لهم,لأنهم كانوا رجالا لهم جمال وهيأة, فخاف عليهم العينَ إذا دخلوا جماعة من طريق واحدٍ، وهم ولد رجل واحد , فأمرهم أن يفترقوا في الدخول إليها സുറത് യുസുഫിലെ 67-മത്തെ വചനത്തിനു മുസ്ലിം ലോകത്തെ തലയെടുപ്പുള്ള അഞ്ചു മുഫസ്സിറുകൾ നൽകിയ വ്യാഖ്യാനമാണ് മുകളിലുള്ളത്. അഞ്ചു പേരും അഞ്ചിടങ്ങളിൽ നൂറ്റാണ്ടുകളുടെ അന്തരത്തിൽ ജീവിച്ചവർ. എന്നിട്ടും അവരുടെ ആശയ തലങ്ങൾ സമാനങ്ങളായി.അവരുടെ വ്യാഖ്യാനങ്ങൾ പരസ്പര പുരകങ്ങളും ആശയസമന്വയങ്ങളുമായി.കാരണം അവരെല്ലാവരും അഹ്ലുസ്സുന്നത്തിന്റെ പ്രാമാണികരായ പണ്ഡിതന്മാരായിരുന്നു. താൻപോരിമയില്ലാതെ ഇസ്ലാം ദീൻ കലർപ്പില്ലാതെ തലമുറകൾക്ക് കൈമാറുക എന്ന ഒറ്റ ലക്ഷ്യം മാത്രമായിരുന്നു അവർക്ക് മുമ്പിലുണ്ടായിരുന്നത്.യുക്തിചിന്തയും ബുദ്ധിപരമായ നിഗമനങ്ങളും അവരുടെ ഉദ്യമത്തിൽ അവരെ സ്വാധീനിച്ചില്ല.സലഫുകൾ എവിടെയാണോ നിന്നത് അവിടെ മാത്രമേ അവർ നിന്നുള്ളൂ. അവർ പറഞ്ഞതെന്തോ അത് മാത്രമേ അവർ പറഞ്ഞുള്ളൂ.
- ബഷീർ പുത്തൂർ |
IslamBooks.inBooks and Articles on Islam, correct and pure. Archives
August 2024
Categories
All
|