സുബൈർ ബ്‌നു അദിയ്യിൽ നിന്ന് നിവേദനം: അദ്ദേഹം പറഞ്ഞു: ഞങ്ങൾ അനസ് ബ്‌നു മാലിക് رضي الله عنه ന്റെ അടുക്കൽ ചെന്ന്, ഹജ്ജാജിൽ നിന്ന് അനുഭവിച്ചുകൊണ്ടിരിക്കുന്നതിനെ സംബന്ധിച്ച് ആവലാതിപ്പെട്ടു. അപ്പോൾ അദ്ദേഹം പറഞ്ഞു:
"നിങ്ങൾ ക്ഷമിക്കുവീൻ, കാരണം നിങ്ങൾക്ക് ഒരുനാളും വരികയില്ല; അതിനു ശേഷമുള്ളത് അതിനേക്കാൾ മോശമായിട്ടല്ലാതെ, നിങ്ങൾ നിങ്ങളുടെ റബ്ബിനെ കണ്ടുമുട്ടുന്നതുവരെ." ഇത് ഞാൻ നിങ്ങളുടെ നബി صلى الله عليه وسلم യിൽ നിന്ന് കേട്ടതാണ്. (ബുഖാരി) ഇബ്‌നു ഹജർ رحمه الله പറഞ്ഞു: സ്വഹാബത്ത് ഉണ്ടായിരുന്ന കാലമാണ് അതിന്റെ ശേഷമുള്ള കാലത്തേക്കാൾ ഉത്തമം; നബി صلى الله عليه وسلم യുടെ വചനം തെളിയിക്കുന്നതാണത് : "ഏറ്റവും ഉത്തമരായവർ എന്റെ ഈ തലമുറയാണ്" (ഇത് രണ്ടു സ്വഹീഹുകളിലും വന്നതാണ്). അതുപോലെത്തന്നെ അദ്ദേഹത്തിന്റെ ഈ വചനവും: "എന്റെ സ്വഹാബത്ത് എന്റെ ഉമ്മത്തിനുള്ള സുരക്ഷയാണ്, എന്റെ സ്വഹാബത്ത് പോയിക്കഴിഞ്ഞാൽ എന്റെ ഉമ്മത്തിനു മുന്നറിയിപ്പു നൽകപ്പെട്ടവ (ഫിത്‌നകൾ) വന്നെത്തുകയായി." (മുസ്‌ലിം ഉദ്ധരിച്ചതാണിത്). പിന്നെ അബ്ദുല്ല ബ്‌നു മസ്‌ഊദിൽ നിന്നുള്ള വിവരണം എനിക്കു കാണാൻ കഴിഞ്ഞു - അത് ഉൾകൊള്ളാൻ ഏറ്റവും അർഹമായതാണ് - ഇതുകൊണ്ട് അർത്ഥമാക്കുന്നതെന്ത് എന്ന് വ്യക്തമാക്കുന്നതുമാണ്. ... അദ്ദേഹം പറഞ്ഞു: "നിങ്ങൾക്ക് ഒരു നാളും വരികയില്ല, അത് അതിന്റെ തൊട്ടുമുൻപുള്ളതിനേക്കാൾ മോശമായിട്ടല്ലാതെ; അന്ത്യനാൾ സംഭവിക്കും വരെ. ഞാൻ ഉദ്ദേശിക്കുന്നത് നിങ്ങൾക്ക് ലഭിക്കുന്ന ജീവിത സൗകര്യങ്ങളോ, സാമ്പത്തിക നേട്ടമോ നഷ്ടമാകുമെന്നല്ല. മറിച്ച്, നിങ്ങൾക്ക് ഒരു നാളും വരികയില്ല അത് അതിന്റെ തൊട്ടുമുൻപുള്ളതിനേക്കാൾ അറിവു കുറഞ്ഞതായിട്ടല്ലാതെ. പണ്ഡിതന്മാർ പോയാൽ പിന്നെ ജനങ്ങൾ എല്ലാരും ഒരുപോലെയായി. പിന്നെ അവർ നന്മ കൽപ്പിക്കില്ല, തിന്മ വിലക്കില്ല, അപ്പോഴാണവർ നശിക്കുക". ... ഒരുകാലവും നിങ്ങൾക്ക് വരികയില്ല; അത് അതിന്റെ മുൻപുള്ളതിനേക്കാൾ വളരെ മോശമായിട്ടല്ലാതെ. എന്നാൽ ഞാൻ ഇതുകൊണ്ട് അർത്ഥമാക്കുന്നത് ഒരു ഭരണാധികാരിയേക്കാൾ നല്ല മറ്റൊരു ഭരണാധികാരി, അല്ലെങ്കിൽ ഒരു വർഷത്തേക്കാൾ മുന്തിയ വർഷമോ അല്ല. മറിച്ച്, നിങ്ങളിലെ ഉലമാക്കളും ഫുഖഹാക്കളും പോയിത്തീരും,പിന്നെ അവർക്ക് പിന്മുറക്കാരെ നിങ്ങൾക്ക് കണ്ടെത്താനാവില്ല, പിന്നെ ഒരു വിഭാഗം വരും; സ്വേച്ഛാനുസാരം മതവിധി പറയുന്നവർ." (ഫത്‌ഹുൽബാരി) - അബൂ തൈമിയ്യ ഹനീഫ്
0 Comments
ഇബ്നുൽ ഖയ്യിം റഹിമഹുള്ള പറയുന്നു "അല്ലാഹുവിലുള്ള തവക്കുൽ രണ്ടു വിധമാണ്. അതിലൊന്ന്: ഒരടിമ അവന്റെ ഭൗതികമായ സൗഭാഗ്യങ്ങളും ആവശ്യങ്ങളും കരഗതമാക്കുന്നതിനും ദുനിയവിയായപ്രയാസങ്ങളും ദുരിദങ്ങളും തടയുന്നതിനും വേണ്ടിയുള്ളത്.
രണ്ടാമത്തേത് : ഈമാൻ, യഖീൻ, ജിഹാദ്, ദഅവത് തുടങ്ങി അവനി(അല്ലാഹു)ഷ്ടപ്പെട്ടതും തൃപ്തിയുള്ളതുമായ കാര്യങ്ങൾ നേടിയെടുക്കാനുള്ളത്. ഈ രണ്ടിനങ്ങൾക്കിടയിലുംഅല്ലാഹുവിനല്ലാതെ മറ്റാർക്കും കണക്കാക്കാൻ കഴിയാത്തത്ര ശ്രേഷ്ടതകളുണ്ട്. രണ്ടാമത് പറഞ്ഞഇനത്തിൽ ഒരടിമ അല്ലാഹുവിനോട് വേണ്ട വിധത്തിൽ എപ്പോഴാണോ തവക്കുൽ ചെയ്യുന്നത്അപ്പോൾ ഒന്നാമത്തെ ഇനത്തിലുള്ളതിന് കൂടി പൂർണ്ണമായ രൂപത്തിൽ തന്നെ അത് മതിയാകും. എന്നാൽ രണ്ടാമത്തേത് ഇല്ലാതെ ഒന്നാമത്തേതിലാണ് ഒരടിമ തവക്കുൽ ചെയ്യുന്നതെങ്കിൽ അതുംഅവന് മതിയാകുന്നതാണ്. പക്ഷെ, അവൻ (അല്ലാഹു) ഇഷ്ടപ്പെടുകയും തൃപ്തിപ്പെടുകയുംചെയ്യുന്നവയിൽ തവക്കുൽ ചെയ്തവന്റെ പരിണിതി അവനുണ്ടാവുകയില്ല. അപ്പോൾ ഏറ്റവുംമഹത്തായ തവക്കുൽ സന്മാർഗത്തിലും തൗഹീദിലും നബിചര്യ പിൻപറ്റുന്നതിലുംധർമ്മയുദ്ധത്തിലുമുള്ള തവക്കുലാണ്. അതാണ് പ്രവാചകന്മാരുടെയും സവിശേഷരായ അവരുടെഅനുയായികളുടേയും തവക്കുൽ" (അൽ ഫവാഇദ് ) - ബഷീർ പുത്തൂർ
ഇബ്നുൽ ഖയ്യിം റഹിമഹുള്ളാ പറയുന്നു: " അശ്രദ്ധ അധികരിക്കുന്നതിനനുസരിച്ചു ഹൃദയത്തിന്റെ പാരുഷ്യവും അധികരിക്കും. അപ്പോൾഅല്ലാഹുവിലുള്ള സ്മരണയാൽ ആ പാരുഷ്യം അലിഞ്ഞു പോകും. തീ ഈയം ഉരുക്കുന്നത് പോലെ. അല്ലാഹുവിനെക്കുറിച്ചുള്ള സ്മരണ കൊണ്ടുള്ള പോലെ ഹൃദയത്തിന്റെ പാരുഷ്യതഅലിയിക്കുന്നതായി മറ്റൊന്നില്ല"
( ഇബ്നുൽ ഖയ്യിം - അൽ വാബിലുസ്സ്വയ്യിബ് - വോള്യം 1, പേജ് 71)
നബി صلى الله عليه وسلم യുടെ ഒട്ടകം അള്ബാ..! മറ്റൊരു മൃഗത്തിനും അതിനെ മറികടക്കാൻ കഴിയുമായിരുന്നില്ല. ഒരു ഗ്രാമീണൻ തൻ്റെ വാഹനവുമായി അതിനെ മറികടന്നു. അനുയായികൾക്ക് അത് വിഷമമായി. നബി صلى الله عليه وسلم പറഞ്ഞു: إن حقا على الله أن لا يرفع شيئا من الدنيا إلا وضعه ഭൂലോകത്ത് ഏതൊന്നിനെ അല്ലാഹു ഉയർത്തിയാലും നിർബന്ധമായും അതിനെ അവൻ ഒന്ന് താഴ്ത്താതിരിക്കില്ല -അബൂ ത്വാരിഖ് സുബൈർ മുഹമ്മദ് സോഷ്യൽ മീഡിയ വഴി കേൾക്കുകയും കാണുകയും ചെയ്യുന്ന കാര്യങ്ങളിൽ കൗതുകമോ അത്ഭുതമോ തോന്നുന്നതെന്തും അപ്പുറത്തേക്ക് എടുത്തുകൊടുക്കുക എന്നത് ദുനിയാവിന്റെ കാര്യങ്ങളിലെന്നപോലെ ദീനിന്റെ കാര്യത്തിലും സർവ്വ സാധാരണമായിരിക്കുന്നു. അവസാനം വാട്സ് ആപ്പ് തീരുമാനിച്ചു ഫോർവേഡിനൊരു ലിമിറ്റുവെക്കാൻ!
അത്തരം ഫോർവേഡുകളിൽ ദീനിനെ ബാധിക്കുന്ന ചില കാര്യങ്ങൾ ഉണർത്തൽ അനിവാര്യമാണ്. ദീൻ നസ്വീഹത്താണ്. അല്ലാഹുവിനോടും, അവന്റെ റസൂലിനോടും, അവന്റെ കിതാബിനോടും, മുസ്'ലിംകളെ ഭരിക്കുന്ന ഭരണാധികാരികളോടും, അവരിലെ പൊതുജനങ്ങളോടുമുള്ള നസ്വീഹത്ത്. ദീനിനെക്കുറിച്ചുള്ള അറിവു സ്വീകരിക്കലും നൽകലും അമാനത്താണ്. അമാനത്ത് ഏറ്റെടുക്കുന്നതിലും നിറവേറ്റുന്നതിലും അങ്ങേയറ്റം ദുർബ്ബലനാണു മനുഷ്യൻ. അർഹതയില്ലാത്തതും, അവനവനെക്കൊണ്ട് ആകാത്തതും, ആവശ്യമില്ലാത്തതുമൊക്കെ ഇരന്നുവാങ്ങി അപകടത്തിൽ അകപ്പെടുന്ന അക്രമിയും അജ്ഞനുമാണവൻ. കാതും കണ്ണും ഹൃദയവും കണക്കുബോധിപ്പിക്കേണ്ട സൂക്ഷിപ്പു സ്വത്തുകളാണ്. തലയിൽ കയറ്റുന്നതും വയറിൽ നിറക്കുന്നതുമൊക്കെ സൂക്ഷിക്കേണ്ടത് അല്ലാഹുവിനോടുള്ള ലജ്ജയിൽപെട്ടതാണ്. നാണമില്ലെങ്കിൽ പിന്നെന്ത്! • • • • • നല്ലതേ കേൾക്കാവൂ, നല്ലതേ കാണാവൂ, എങ്കിൽ മാത്രമേ ഹൃദയം നന്നാവൂ. സത്യം മാത്രമേ പറയാവൂ എന്ന് എല്ലാരും പറയും. കേട്ടു നിറക്കുന്നത് മുഴുവൻ കള്ളവും പൊള്ളയും അഭീഷ്ടങ്ങളുമാണെങ്കിൽ പിന്നെ ആ ഹൃദയത്തിൽ നിന്നെങ്ങിനെ സത്യം നാവുകൊണ്ട് പുറത്തെടുക്കാനാവും? ഒരുത്തൻ കള്ളനാകാൻ സാക്ഷാൽ 916 കള്ളനാകണമെന്നില്ല, നാറിയവനെ പേറിയാൽ തന്നെ മതി നാറാൻ. നബി صلى الله عليه وسلم പറഞ്ഞു: عَنْ أَبِي هُرَيْرَةَ قَالَ: قَالَ رَسُولُ اللهِ صَلَّى اللهُ عَلَيْهِ وَسَلَّمَ: «كَفَى بِالْمَرْءِ كَذِبًا أَنْ يُحَدِّثَ بِكُلِّ مَا سَمِعَ» (مسلم) "ഒരു മനുഷ്യന് കളവായി മതിയാകും; കേട്ടതൊക്കെ സംസാരിക്കുക എന്നത്." കേട്ട വാക്കിന്റെ നിജസ്ഥിതി എന്താണെന്നറിയാതെ, അല്ലെങ്കിൽ നിജസ്ഥിതി തിരിച്ചറിയാനുള്ള കഴിവില്ലാതെ, 'കേട്ടപ്പോൾ നല്ലതെന്നു തോന്നി', 'നല്ല ഒരു സന്ദേശം അതിലില്ലേ', 'നല്ല അവതരണശൈലി', 'മനസ്സിനെ ഒന്ന് പിടിച്ചുകുലുക്കി', 'കണ്ണുകളെ ഈറനണിയിച്ചു...' ഇങ്ങനെ പല മണ്ണാങ്കട്ടയുമുണ്ട് എന്നതുമാത്രമാണ് ഫോർവേഡു ചെയ്യുന്നവന്റെ ആവനാഴിയിലെ ആയുധങ്ങളെങ്കിൽ കളവു പ്രചരിപ്പിച്ചതിൽ അറിയാതെ അവനും കൂട്ടുപ്രതിയായി മാറും. സത്യവും അതിലുണ്ടല്ലോ?! കൂട്ടത്തിൽ ഒരു സത്യം, അതിനെ മാർക്കറ്റുചെയ്യാൻ അസത്യങ്ങളുടെയും അധർമങ്ങളുടെയും ഘോഷയാത്ര. സത്യത്തിന് അതിന്റെ അർഹതപ്പെട്ട ഹൃദയങ്ങളിൽ സ്ഥാനം പിടിക്കാൻ അതിന്റെ യാതൊരാവശ്യവുമില്ല. മറിച്ചാണു വസ്തുത. സത്യത്തിന്റെ നേരിയ മറപിടിച്ച് അസത്യമാണ് ചിലവഴിക്കപ്പെടുക. ആയിരം അസത്യങ്ങളെ ആനയിച്ചുകൊണ്ടുവരാനാണ് അസത്യത്തിന്റെ വാഹകർ സത്യത്തെ അവയുമായി കൂട്ടിക്കുഴച്ച് അവതരിപ്പിക്കുന്നത്. സത്യം സ്വയം തന്നെ സ്വതസ്പഷ്ടമാണ്. അഹങ്കാരമില്ലാത്ത ഹൃദയങ്ങൾക്ക് അത് സുവ്യക്തമാണ്. അസത്യത്തിനുമേൽ വിജയം വരിച്ച് നിലനിൽക്കാനും പ്രചരിക്കാനും അർഹതപ്പെട്ട ഹൃദയങ്ങളെ കീഴടക്കാനും അതിന് അസത്യത്തിന്റെയും അധർമത്തിന്റെയും അകമ്പടി ആവശ്യമില്ല. • • • • • ഉദ്ധരണികൾ, സ്രോതസ്സുകൾ... ഗൂഗിളും സോഷ്യൽ മീഡിയയുമല്ല അറിവിന്റെ സ്രോതസ്സുകളും ഉദ്ധരണികളുടെ ഗ്രന്ഥശാലകളും. അറിവ് ഉദ്ധരിക്കുന്നതിൽ ഉത്തരവാദിത്തമുള്ളവരെന്ന് നമ്മൾ നല്ലവിചാരം വെച്ചുപുലർത്തിപ്പോന്നിരുന്ന പലരിൽ നിന്നും അനുഭവിക്കേണ്ടിവന്ന ചില കയ്പുകളുണ്ട്. ഗ്രന്ഥങ്ങളുടെ വാള്യവും പേജു നമ്പറും മാത്രമേ അവരെല്ലാം കണ്ടിട്ടുള്ളൂ, ഗ്രന്ഥങ്ങൾ നേരിൽ കണ്ടവരില്ല. ഓരോരുത്തനും തനിക്ക് മുമ്പ് ഉദ്ധരിച്ചവനെ വിശ്വസിച്ചു. യഥാർത്ഥ ഗ്രന്ഥം തിരഞ്ഞു പോകുന്നവൻ ഉദ്ധരണിയിൽ കുറവും കൂടുതലുമൊക്കെ കണ്ടെത്തും. മഹാന്മാരുടെ പേരും ഏതാണ്ട് അവർ പറഞ്ഞേക്കാൻ സാധ്യതയുള്ള വാക്കുകളുമെന്നു തോന്നിയാൽ സാത്വികരായ ചിലർ അവലംബമാക്കുകയും ഉദ്ധരിക്കുകയും പരിഭാഷപ്പെടുത്തുകയുമൊക്കെ ചെയ്തേക്കും. യഥാർത്ഥത്തിൽ അവരുടെ അവലംബം ഗൂഗിളും സോഷ്യൽ മീഡിയയുമാണ്. അവിടെ വിലസുന്ന കള്ളന്മാരായ അഭീഷ്ടക്കാർ ബോധപൂർവ്വം നടത്തുന്ന കൈക്രിയകൾക്ക് വിധേയമായതായിരിക്കും അവയിൽ പലതും. എടുത്തുദ്ധരിച്ച സാത്വികരെക്കുറിച്ച നല്ലവിചാരത്തിൽ അറിയാതെ അത് ചിലവാകും. എവിടെ അമാനത്ത്?! അത് നഷ്ടപ്പെടുന്നത് അന്ത്യനാളിന്റെ അടയാളത്തിൽ പെട്ടതാണല്ലോ. • • • • • ഇതു പറയുമ്പോൾ പഴയ ഒരു ഓർമ പുത്തനായി ഇന്നും നിലനിൽക്കുന്നു. ഇതു പറയുമ്പോൾ പഴയ ഒരു ഓർമ പുത്തനായി ഇന്നും നിലനിൽക്കുന്നു. അറബിക്കോളേജിലെ അവസാന വർഷത്തിന്റെ തൊട്ടു മുമ്പാണ് സുബൈർ മൗലവിയെ പരിചയപ്പെടുന്നത്. ഖുറാഫികൾക്ക് മറുപടി പ്രസംഗം നടത്താൻ കിതാബുകളിലെ ഉദ്ധരണികൾ ധാരാളം പറഞ്ഞു തന്നിരുന്ന ഒരുപാട് ഉസ്താദുമാരെ അഞ്ചു വർഷത്തോളം പരിചയമുണ്ടായിരുന്നു. അവരിൽ നിന്ന് വേറിട്ട ഒരു രീതി ആദ്യമായി കണ്ടത് അത്ഭുതപ്പെടുത്തി. ഇതുവരെ പ്രസംഗത്തിന് ഉസ്താദുമാർ അവർ കുറിച്ചുവെച്ചിരുന്ന കുറിപ്പുകളിൽ നിന്ന് നോട്ട് തരുന്നതേ ശീലമുണ്ടായിരുന്നുള്ളൂ. അക്കൂട്ടത്തിൽ ഏറെ സഹായിച്ചിരുന്ന വ്യക്തി പലപ്പോഴും അദ്ദേഹം രചിച്ചിട്ടുള്ള കൃതികളിലേക്കാണ് മടക്കുക. ആ മലയാള പുസ്തകങ്ങളിൽ ഉദ്ധരിച്ചിട്ടുള്ളവയും അവർ തരുന്ന നോട്ടുകളും കിതാബുകൾ മുഴുവൻ വായിച്ചു പഠിച്ചവരെപ്പൊലെ ഉദ്ധരിച്ചു പ്രസംഗിക്കാനുള്ള പരിശീലനവും അവർ തന്നെ നൽകിയിരുന്നു. എന്നാൽ ഓരോ ഇബാറത്തും തന്റെ വീട്ടിലെ സ്വീകരണമുറിയിലിരിക്കുന്ന കിതാബുകൾ തുറന്നുവെച്ചു തന്ന് എന്നെക്കൊണ്ടു തന്നെ വായിപ്പിച്ചുകൊണ്ടായിരുന്നു അദ്ദേഹം എനിക്കു പഠിപ്പിച്ചു തന്നത്. عَنِ الْقَاسِمِ، قَالَ: دَخَلَت عَلَى عَائِشَةَ، فَقُلْتُ: يَا أُمَّه اكْشِفِي لِي عَنْ قَبْرِ النَّبِيِّ صَلَّى اللهُ عَلَيْهِ وَسَلَّمَ وَصَاحِبَيْهِ رَضِيَ اللَّهُ عَنْهُمَا، «فَكَشَفَتْ لِي عَنْ ثَلَاثَةِ قُبُورٍ لَا مُشْرِفَةٍ، وَلَا لَاطِئَةٍ مَبْطُوحَةٍ بِبَطْحَاءِ الْعَرْصَةِ الْحَمْرَاءِ» അബൂദാവൂദ് തന്റെ സുനനിൽ ഉദ്ധരിച്ച ഈ സംഭവം അദ്ദേഹം എഴുതിവെച്ച പഴയ ഒരു കടലാസിൽ നിന്നാണ് എനിക്കു വായിച്ചു തന്നത്. അബൂദാവൂദിന്റെ സുനൻ അദ്ദേഹത്തിന്റെ വീട്ടിൽ ഇല്ലായിരുന്നു. ആ സന്ദർഭത്തിൽ അദ്ദേഹം നൽകിയ ഉപദേശം ഹൃദയത്തിൽ ആഴത്തിൽ പതിഞ്ഞു കിടക്കുന്നു. "ഹനീഫാ ജ്ജ് ലൈബ്രറിറീന്ന് കിതാബെടുത്ത് നോക്കി ഉറപ്പിച്ചിട്ടേ ഇത് പറയാവൂ.." جزاه الله خيراً അത് വലിയൊരു വിജ്ഞാനം തന്നെയാണ്. — അബൂ തൈമിയ്യ ഹനീഫ് (അവസാനിച്ചിട്ടില്ല ..ബാക്കി പറയാം إن شاء الله) ദീനും അറിവും യഥാതഥമായി വിവരിച്ചുകൊടുക്കുക എന്നത് അല്ലാഹുവിന്നുള്ള ഏറ്റവും ശ്രേഷ്ഠമായ ആരാധന21/8/2020 അഹ്‌മദ് ബിൻ ഹൻബൽ رحمه الله യോട് ചോദിച്ചു: ഒരു വ്യക്തി നോമ്പുപിടിക്കുന്നു, നമസ്കരിക്കുന്നു, ഇഅ്തികാഫിരിക്കുന്നു... അതാണോ താങ്കൾ കൂടുതൽ ഇഷ്ടപ്പെടുന്നത്, അതോ ബിദ്അത്തുകാരെ തുറന്നു കാണിക്കുന്നതോ? അദ്ദേഹം പറഞ്ഞു: ഒരാൾ എഴുന്നേറ്റുനിന്നു, നമസ്കരിച്ചു, ഇഅ്തികാഫിരുന്നു... എങ്കിൽ അത് അദ്ദേഹത്തിന് സ്വന്തമായുള്ളതാണ്. ബിദ്അത്തുകാരെ തുറന്നുകാണിച്ചാൽ അത് മുസ്‌ലിംകൾക്കുള്ളതാണ്. അതാണ് ഉത്തമം. (ഇബ്നു തൈമിയ്യ ഫതാവായിൽ ഉദ്ധരിച്ചത്) ജനം അനിശ്ചിതത്വത്തിലും ആശയക്കുഴപ്പങ്ങളിലും അകപ്പെടുമ്പോൾ ദീനും അറിവും യഥാതഥമായി വിവരിച്ചുകൊടുക്കുക എന്നത് അല്ലാഹുവിന്നുള്ള ഏറ്റവും ശ്രേഷ്ഠമായ ആരാധനയാണ്. (ഇബ്നു തൈമിയ്യ, അർറദ്ദു അലസ്സുബൂകി) - അബൂ ത്വാരിഖ് സുബൈർ മുഹമ്മദ് |
IslamBooks.inBooks and Articles on Islam, correct and pure. Archives
December 2020
Categories
All
|
ഇസ്ലാം ബുക്ക്സ്
ഖുർആനും സുന്നത്തും സലഫുകളുടെ മൻഹജ് അനുസരിച്ചു മനസ്സിലാക്കാനും പഠിക്കാനും മലയാളികൾക്ക് അവസരമൊരുക്കുക എന്നതാണ് ഇത് കൊണ്ട് ലക്ഷ്യമാക്കുന്നത്. വിശ്വസ്തരായ സലഫീ ഉലമാക്കളുടെ ഗ്രന്ഥങ്ങളും കഴമ്പുള്ള ലേഖന സമാഹാരങ്ങളും മൊഴിമാറ്റം ചെയ്ത് കേരളീയ മുസ്‌ലിം സംവേദനത്തിനു പരിചയപ്പെടുത്താനുള്ള എളിയ ശ്രമമാണിവിടെ. സാധാരണക്കാരായ മുസ്‌ലിം യുവതക്ക് സലഫുകളുടെ ഫഹമു അനുസരിച്ച് ഇസ്‌ലാമിക വിഷയങ്ങളിലുള്ള നിലപാടുകൾ മനസ്സിലാക്കാനും അവ പഠിക്കാനും ജീവിതത്തിൽ പ്രയോഗവൽക്കരിക്കാനും സാധിച്ചാൽ ഞങ്ങൾ കൃതാർത്ഥരായി. |
© 2020. IslamBooks.in - All Rights Reserved.
|