അലിയ്യു ബ്നു അബീ ത്വാലിബ് റളിയള്ളാഹു അൻഹു - നബി സ്വല്ലള്ളാഹു അലൈഹി വ സല്ലമയുടെ പിതൃവ്യ പുത്രൻ - കുട്ടികളിൽ ആദ്യം ഇസ്ലാം സ്വീകരിച്ച ആൾ. നാലാം ഖലീഫ - അബൂ തുറാബ് - നബിയുടെ മരുമകൻ... ജീവിച്ചിരിക്കെത്തന്നെ സ്വർഗം വാഗ്ദത്വം ചെയ്യപ്പെട്ട പത്തിലൊരാൾ …വിശേഷണങ്ങൾ തീരുന്നില്ല.
അദ്ദേഹം, തന്റെ സന്തത സഹചാരിയായ കുമൈൽ ബിൻ സിയാദ് അൽ-നഖഇക്ക് നൽകുന്ന നസ്വീഹത്ത് ! സ്വർണ്ണ ലിപികളാൽ രേഖപ്പെടുത്തേണ്ട മുത്തു മൊഴികൾ കുമൈൽ ഇബ്ൻ സിയാദ് പറഞ്ഞു " അലിയ്യുബ്നു അബീ ത്വാലിബ് റദിയള്ളാഹു അൻഹു എന്റെ കൈ പിടിച്ചു മരുപ്രദേശത്തേക്ക് നടന്നു. അവിടെയെത്തിയപ്പോൾ, ഒരു നിശ്ശ്വാസത്തോടെ അദ്ദേഹം പറഞ്ഞു, . " അല്ലയോ കുമൈൽ ഇബ്ൻ സിയാദ്" ! "ഹൃദയങ്ങൾ പാത്രങ്ങളാണ്. അതിൽ മുന്തിയത് നന്മയെ ആവാഹിച്ചവയാണ്. ഞാൻ പറയുന്നത്നീ മനപാഠമാക്കണം;! ജനങ്ങൾ മൂന്നു തരമാണ്. (ജനങ്ങളെ അതിസൂക്ഷ്മവും സമഗ്രവുമായി അദ്ദേഹം വർഗീകരിക്കുന്നു.) 1- റബ്ബാനിയായ ആലിം, തൗഹീദും സുന്നത്തും അതിന്റെ അഹ്ലുകാരിൽ നിന്ന് ക്രമപ്രവൃതമായി പഠിക്കുകയും അത് ജീവിതത്തിൽ പകർത്തുകയും, ഭൗതികമായ യാതൊരു പ്രതിഫലേഛയും കൂടാതെ മറ്റുള്ളവരെ പഠിപ്പിക്കുകയും ചെയ്യുന്ന മാതൃകാ യോഗ്യനായ പണ്ഡിതൻ. വിരസതയോ മടുപ്പോ അങ്ങിനെയുള്ളവരെ വേട്ടയാടുന്നില്ല. താൻ പ്രമാണിത്തമോ അഹംഭാവമോ അവർക്കില്ല. 2- മോക്ഷ മാർഗത്തിലെ പഠിതാവ്, അതെ, അറിവ് വിമോചനത്തിന്റെ വാതായനമാണ്. അത് നേടുന്നതിലൂടെ ഒരാൾക്ക് വിമോചനമുണ്ടാവണം. വെറും വിമോചനമല്ല. വിശ്വാസവിമലീകരണം, ശിർക്കിന്റെ കോമരം തുള്ളുന്ന തട്ടകങ്ങളിൽ നിന്ന് തൗഹീദിന്റെ വചസ്സുകളിലേക്കുള്ള പലായനം. നബിചര്യ വഴികാട്ടിയായി സലഫുകൾ സഞ്ചരിച്ച വഴികൾ തേടിയുള്ള പ്രയാണം. അതിലേക്കുള്ള ചൂണ്ടു പലകയും പാഥേയവുമാണ് അറിവ്. അത് സ്വായത്തമാക്കാൻ രാപകൽ ഭേദമില്ലാതെ പണിയെടുക്കുന്നവൻ. അറിവിലൂടെ അവൻ മോക്ഷമാഗ്രഹിക്കുന്നു. അതിന്റെ വഴി അവൻ അന്വേഷിച്ചു കണ്ടെത്തുന്നു. ദുർഘടം പിടിച്ച കൂടുതലാരും പ്രവേശിക്കാൻ മെനക്കെടാത്ത ആ വിശുദ്ധ വഴിയിൽ അവൻ സധൈര്യം കടന്നു ചെല്ലുന്നു. 3- തെളിക്കുന്നതിനനുസരിച്ചു നടക്കുന്ന, ഒന്നിനും കൊള്ളാത്ത വിഡ്ഢി കൂശ്മാണ്ടങ്ങൾ, കാറ്റിന്റെ ദിശക്കനുസരിച്ച് അവർ ചെരിയുന്നു. അറിവ് കൊണ്ട് അവർ വെളിച്ചം തേടുകയോ, കെൽപുള്ള ഒരു കോണിൽ ചേക്കേറുകയോ ചെയ്തില്ല. ഈ വിഭാഗം സ്വയം നശിച്ചവരാണ്. ഒരു നിലക്കും പരിഗണനയർഹിക്കാത്ത നരാധമൻമാർ. ജനങ്ങളിലെ വിഡ്ഢികളാണവർ. അവരുടെ ഭൌതിക ജീവിതം കരുപ്പിടിപ്പിക്കാൻ എന്തെല്ലാം ചെയ്യണമെന്നു അവർക്ക് നന്നായി അറിയാം. ദുനിയാവിന്റെ വിഭവങ്ങൾ നേടാനുള്ള എല്ലാ യോഗ്യതകളും അവർ കരഗതമാക്കിയിട്ടുണ്ട്. എന്നാൽ ദീനിന്റെ കാര്യത്തിൽ അവർ പടു വിഡ്ഢികളാണ്. അതിലവർക്ക് വ്യക്തമായ ധാരണകളില്ല, ദിശാബോധമില്ല. വിവരമുള്ളവരെപ്പോലെ സംസാരിക്കുകയും അറിവാളന്മാരായി വേഷം കെട്ടുകയും ചെയ്യും. ദീനിന്റെ പേര് പറഞ്ഞു എങ്ങോട്ട് തെളിച്ചാലും അനുസരണയോടെ അങ്ങോട്ട് നടന്നു കൊള്ളും. രക്ഷയുടെ വഴിയാണോ അതല്ല നാശത്തിന്റെ വഴിയാണോ അതെന്നു യാതൊരു അന്വേഷണവുമില്ല. മുന്നിൽ ഉയർന്നു കാണുന്ന വർണങ്ങൾ, കൊടികൾ അതിന്റെ പിന്നിൽ അവർ അണി നിരക്കുന്നു. ദീനിന്റെ പേര് പറഞ്ഞു ക്ഷണിച്ചു എന്ന കാരണത്താൽ അവർ കുടെ നിൽക്കുന്നു ! ശെരി തെറ്റുകൾ തിരിച്ചറിയുകയും സത്യം പിൻപറ്റുകയും ചെയ്യണമെന്ന യുക്തി ബോധം ഇവരെ അശേഷം സ്വാധീനിക്കുന്നില്ല. മൃഗീയ ഭൂരിപക്ഷമുള്ള ഇവർ ജനങ്ങളിൽ ഏറെ അപകടകാരികളാണ്. ഇവരുടെ നയവൈകല്യം കാരണം അള്ളാഹുവിന്റെ അടുത്ത് ഇവർ നിലവാരം കുറഞ്ഞവരാണ്. എല്ലാ ഫിത്നകളുടേയും തീകൊള്ളികളായിരിക്കും ഇവർ. അത് കത്തിക്കുന്നതും പടർത്തുന്നതും ഇവരായിരിക്കും. ദീനിനെക്കുറിച്ചു അറിവോ ഉൾക്കാഴ്ച്ചയോ ഇല്ലാത്ത ഇവർ നേതാക്കന്മാരായി നിരഞ്ഞാടും. സ്വന്തം കൂട്ടിൽ തന്നെ കാഷ്ടിക്കുന്ന പക്ഷികളായി രൂപാന്തരം പ്രാപിക്കും. അവരുടെ വക്ര ബുദ്ധികൾ സാഹചര്യത്തിന്റെ തേട്ടമനുസരിച്ചു ആടിക്കൊണ്ടിരിക്കും. കൃത്യമായ, വ്യക്തമായ തരത്തിലുള്ള നിലപാടുകൾ അവർക്കുണ്ടാവില്ല. കാരണം അവർ ദീനിന്റെ പ്രമാണങ്ങളെ അവലംബിക്കുന്നില്ല എന്നത് തന്നെ. അല്ലയോ കുമൈൽ ! അറിവ്, ധനത്തെക്കാൾ മുന്തിയതാണ്. കാരണം, ഒരാളെ നാശത്തിൽ നിന്ന് സംരക്ഷിക്കുന്നത്, അയാൾ സ്വായത്തമാക്കിയ ഇൽമു ആണ്. ശിർക്കിന്റെയും കുഫ്റിന്റെയും, ബിദ്അത്തിന്റെയും കരാളഹസ്തങ്ങളിൽ നിന്ന് അതവനു മോചനം നൽകുന്നു. അറിവില്ലാത്തവൻ ചകിതനായി ഇരുട്ടിൽ തപ്പുമ്പോൾ അറിവുള്ളവൻ വെളിച്ചമുള്ള വഴിയിലൂടെ ലക്ഷ്യം പ്രാപിക്കുന്നു. അറിവ് നിന്നെ കാക്കുമ്പോൾ, ധനത്തെ നീ കാക്കുന്നു. അറിവാണ് ഒരാൾക്ക് രക്ഷാകവചമാവുന്നതെങ്കിൽ, സമ്പാദ്യത്തിന്റെ കാവൽക്കാർ അത് ഒരുമിച്ചു കൂട്ടിയവരാണ്. അത് പാഴായിപ്പോകാതിരിക്കാൻ അവൻ ഉറക്കമിളക്കുകയും ജാഗ്രത പുലർത്തുകയും ചെയ്യുന്നു. അറിവ് കൊടുക്കുന്നതിനനുസരിച്ചു, അതിന്റെ തെളിമ കൂടും. ധനം, ചെലവഴിക്കുന്നതിനനുസരിച്ചു തീരും. അറിവ്, വിധി നടത്തുമ്പോൾ, ധനം വിധിക്കപ്പെടുന്നു. അറിവിനെ സ്നേഹിക്കൽ, കീഴ്പെടേണ്ട മതവിധിയത്രേ. അറിവ്, പണ്ഡിതന് അവന്റെ ജീവിതത്തിൽ വിധേയത്വവും, മരണാനന്തരം സൽപേരും പ്രധാനം ചെയ്യുന്നു. ധനം ശേഖരിച്ചു വെച്ചവർ ജീവിച്ചിരിക്കെത്തന്നെ മരിച്ചവരാണ്. (ധനം, അതാർക്കും സമ്പാദിക്കാം. അറിവ് സമ്പാദനവും, ധനസമ്പാദനവും താരതമ്യമർഹിക്കുന്നേയില്ല. അതിന്റെ രണ്ടിന്റെയും ആളുകൾ രണ്ടു തരക്കാർ തന്നെയാണ്. രണ്ടിനും രണ്ടു നിലവാരമാണ്.) ഉലമാക്കൾ, കാലാതിവർത്തികളാണ് പ്രാണൻ വെടിഞ്ഞാലും, ജന ഹൃദയങ്ങളിൽ അവരുടെ മഹിത മാതൃകകൾ നിലനിൽക്കും ഹാ....ഹാ...തീർച്ചയായും ഇവിടെ കുറച്ചു ഇല്മ് ഉണ്ട്. - തന്റെ ഹൃദയത്തിലേക്ക് അദ്ദേഹം വിരൽ ചൂണ്ടി. (പറഞ്ഞു) " അതിനു വാഹകരെ കിട്ടിയിരുന്നെങ്കിൽ !!" (അറിവിന്നു സത്യസന്ധരായ വാഹകരുണ്ട്. അവരാണ് അതിന്റെ യഥാർത്ഥ അവകാശികളും പ്രചാരകരും. ദീനിന്റെ അറിവ് അതിന്റെ അവകാശികൾക്ക് മാത്രമേ കൈമാറാൻ പാടുള്ളൂ, അതിന്റെ അവകാശികളിൽ നിന്ന് മാത്രമേ സ്വീകരിക്കാനും പാടുള്ളൂ. അതിന്റെ യഥാർത്ഥ അവകാശികൾക്ക് വേണ്ടിയുള്ള അന്വേഷണത്തിലെ വേദനയാണ് അലി റളിയള്ളാഹു അൻഹു കുമൈലുമായി പങ്കു വെക്കുന്നത്. അതെ, എനിക്കതിനു കിട്ടിയിട്ടുണ്ട്. അതിനു എനിക്ക് കിട്ടിയ പലരും അർഹരായ അവകാശികളായിരുന്നില്ല.)
അറിവ്, അവരിൽ അതിന്റെ തനി രൂപത്തിൽ അനുമതി കാക്കാതെ പ്രവേശിക്കുന്നു. ആഡംബരപ്രിയരെ ചകിതമാക്കുന്നവ അവർ നിസ്സാരമായിക്കാണുന്നു. അറിവില്ലാത്തവരെ അസ്വസ്ഥമാക്കുന്നവ അവർ വിസ്മരിക്കുന്നു. ദുനിയാവുമായി അവരുടെ ശരീരങ്ങൾ സഹവസിക്കുമ്പോഴും, അവരുടെ ആത്മാക്കൾ ഉപരിലോകവുമായി കോർത്തു നിൽക്കുന്നു. അവരാണ്, ഭൂമിയിൽ അള്ളാഹുവിന്റെ ദീൻ ഏറ്റെടുത്ത പിൻഗാമികളും അതിന്റെ പ്രബോധകരും. ആഹ്...ആഹ്...എനിക്കവരെ കാണാൻ കൊതിയുണ്ട്. ഞാൻ അല്ലാഹുവിനോട് എനിക്കും നിനക്കും പാപമോചനത്തെ തേടുന്നു. (ആ ആളുകളെയാണ് അലി റളിയള്ളാഹു അൻഹു അന്വേഷിക്കുന്നത്. അവരെവിടെയെന്നാണ് അദ്ദേഹം കുമൈലിനോട് ചോദിക്കുന്നത്.) വേണമെങ്കിൽ, നിനക്കെഴുന്നേൽക്കാം.
0 Comments
സത്യവിശ്വാസികള്‍ക്ക് സന്തോഷമേകി ദുല്‍ഹിജ്ജ മാസം സമാഗതമായി. പുണ്യങ്ങള്‍ സമ്പാദിക്കുവാന്‍ ഇതിനോളം ശ്രേഷ്ഠമായ സുദിനങ്ങള്‍ ഒരു വിശ്വാസിയുടെ ജീവിതത്തില്‍ വേറെയില്ല. عن جابر بن عبد الله رضي الله عنه، أن رَسُولَ اللَّهِ صلى الله عليه وسلم قَالَ: أفضل أيام الدنيا أيام العشر [ صححه الألباني في صحيح الجامع الصغير، 1133 ] ജാബിര്‍ (റളിയല്ലാഹു അന്‍ഹു) വില്‍ നിന്നും: നബി സല്ലല്ലാഹു അലൈഹിവസല്ലം പറഞ്ഞു: " ദിനങ്ങളില്‍ വെച്ചേറ്റവും ശ്രേഷ്ഠമായത് (ദുല്‍ഹിജ്ജ) പത്തു ദിനങ്ങളാകുന്നു". സൂറത്തുല്‍ ഹജ്ജില്‍ അല്ലാഹു പറഞ്ഞു: [وَيَذْكُرُوا اسْمَ اللَّهِ فِي أَيَّامٍ مَعْلُومَاتٍ] [سورة الحج:28] "അറിയപ്പെട്ട ദിനങ്ങളില്‍ അവര്‍ അല്ലാഹുവിനെ സ്മരിക്കുവാനും വേണ്ടി" ഇബ്നു അബ്ബാസ് റളിയല്ലാഹു അന്‍ഹു പറഞ്ഞു: "അറിയപ്പെട്ട ദിനങ്ങള്‍ എന്നത് ദുല്‍ഹിജ്ജ പത്തു ദിനങ്ങളാകുന്നു". (ബുഖാരി). കൂടാതെ സൂറത്തുല്‍ "ഫജ്റി"ല്‍ അല്ലാഹു ദുല്‍ഹിജ്ജ പത്തിനെ പ്രത്യേകം സത്യം ചെയ്തു പറഞ്ഞുവെന്നതും ഈ ദിനങ്ങളുടെ മഹത്വമറിയിക്കുന്നു. കാരണം തന്റെ സൃഷ്ടികളില്‍ പ്രധാന്യമര്‍ഹിക്കുന്നവയെക്കൊണ്ടാണ് അല്ലാഹു സത്യം ചെയ്തുപറയുക. ദുല്‍ഹിജ്ജ മാസത്തിലെ ആദ്യ പത്തും റമദാന്‍ മാസത്തിലെ അവസാനപത്തും ഏതാണ് ഏറ്റവും ശ്രേഷ്ഠമായത് എന്ന് ചോദിക്കപ്പെട്ടപോള്‍ ശൈഖുല്‍ ഇസ്‌ലാം ഇബ്‌നു തൈമിയ്യ റഹിമഹുല്ലാഹ് പറഞ്ഞു: ദുല്‍ഹിജ്ജയിലെ ആദ്യ പത്തുദിനങ്ങൾ റമദാനിലെ അവസാന പത്തുദിനങ്ങളെക്കാൾ ശ്രേഷ്ഠമാണ്. റമദാനിലെ അവസാന പത്തുരാത്രികള്‍ ദുല്‍ഹിജ്ജയിലെ ആദ്യ പത്തുരാത്രികളേക്കാള്‍ ശ്രേഷ്ഠവും. ഈ ദിനങ്ങളുടെ മറ്റൊരു ശ്രേഷ്ഠത അറഫാദിനം ഇതിലുള്‍പ്പെടുന്നു എന്നതാണ്. അറഫാ നോമ്പിനെക്കുറിച്ച് നബി സല്ലല്ലാഹു അലൈഹിവസല്ലം പറഞ്ഞത്: കഴിഞ്ഞ ഒരു വര്‍ഷത്തെയും വരാന്‍ പോകുന്ന ഒരു വര്‍ഷത്തെയും പാപങ്ങള്‍ പൊറുക്കപ്പെടും എന്നാണല്ലോ. മാത്രമല്ല, ഇസ്ലാമിന്റെ പഞ്ചസ്തംഭങ്ങളിലൊന്നായ ഹജ്ജിന്റെ ഏതാണ്ടെല്ലാ കര്‍മ്മങ്ങളും ഈ ദിനങ്ങളിലാണ് നിര്‍വഹിക്കപ്പെടുന്നത്. മുസ്‌ലിം ലോകം ബലിപെരുന്നാള്‍ ആഘോഷത്തോടനുബന്ധിച്ച് നടത്തുന്ന ബലികര്‍മ്മവും ഈ ദിനങ്ങളില്‍ തന്നെ. ഇമാം ഇബ്നുഹജര്‍ റഹിമഹുല്ലാഹ് പറഞ്ഞു: ദുല്‍ഹിജ്ജയിലെ പത്തുദിനങ്ങൾ ഇത്രയും ശ്രേഷ്ഠമാകാനുള്ള കാരണം അടിസ്ഥാന ആരാധനകളായ നമസ്കാരം, നോമ്പ്, ദാനധര്‍മ്മം, ഹജ്ജ് മുതലായവ ഈ ദിനങ്ങളില്‍ ഒന്നിച്ചുവരുന്നു എന്നതാണ്. മറ്റു യാതൊരു ദിനങ്ങളിലും ഇവയൊന്നിച്ച് വരില്ലതന്നെ. (ഫത്ഹുല്‍ ബാരി) ഈ സുദിനങ്ങളില്‍ സത്യവിശ്വാസികൾ സല്‍കര്‍മ്മങ്ങളനുഷ്ഠിക്കുന്നത് അല്ലാഹുവിന്ന് അതിയായി ഇഷ്ടപെട്ടതാണെന്ന് അബൂദാവൂദ് റിപ്പോർട്ട് ചെയ്യുന്ന ഒരു ഹദീസിൽ നമുക്ക് കാണാം. നബി സല്ലല്ലാഹു അലൈഹിവസല്ലം പറഞ്ഞു: عن ابن عباس قال: قال رسول الله صلى الله عليه وسلم: «ما من أيام العمل الصالح فيها أحب إلى الله من هذه الأيام يعني أيام العشر، فقالوا: يا رسول الله، ولا الجهاد في سبيل الله؟ قال: «ولا الجهاد في سبيل الله، إلا رجل خرج بنفسه وماله فلم يرجع من ذلك بشيء [رواه أبو داود: 2438، وصححه الألباني] ഇബ്നു അബ്ബാസ് (റളിയല്ലാഹു അന്‍ഹു) വില്‍ നിന്നും നിവേദനം: അദ്ദേഹം പറഞ്ഞു: നബി സല്ലല്ലാഹു അലൈഹിവസല്ലം പറഞ്ഞു: "(ദുൽഹിജ്ജയിലെ) പത്തു ദിനങ്ങളോളം സൽകർമ്മങ്ങൾ അനുഷ്ഠിക്കുന്നത് അല്ലാഹുവിന് ഇഷ്ടപ്പെട്ടതായി മറ്റു ദിനങ്ങൾ വേറെയില്ല". അവര്‍ (സഹാബികള്‍) ചോദിച്ചു: അല്ലാഹുവിന്റെ റസൂലേ, അല്ലാഹുവിന്റെ മാര്‍ഗത്തിലുള്ള ജിഹാദുമില്ലേ?! നബി സല്ലല്ലാഹു അലൈഹിവസല്ലം പറഞ്ഞു: "ജിഹാദുമില്ല, സ്വന്തം സമ്പത്തും ശരീരവുമായി ജിഹാദിന് പുറപ്പെട്ട് മടങ്ങിവരാത്തയാളൊഴികെ". ഇത്രയും ശ്രേഷ്ഠവും സൽകര്‍മ്മങ്ങളനുഷ്ഠിക്കുന്നത് അല്ലാഹുവിന് അതിയായി ഇഷ്ടപെട്ടതുമായ ദിനങ്ങളാണ് നമ്മിലേക്ക് കടന്നുവന്നിരിക്കുന്നത് എന്നറിയുമ്പോള്‍ ഒരു സത്യവിശ്വാസിയുടെ അകതാരില്‍ അലതല്ലുന്ന ആഹ്ലാദം അതീവമായിരിക്കും. നന്മ സമ്പാദിക്കുവാന്‍ ഈ സുദിനങ്ങളില്‍ നമുക്ക് ചെയ്യുവാന്‍ കഴിയുന്ന സല്‍കര്‍മ്മങ്ങള്‍ ഒരുപാടാണ്. സുന്നത്ത് നോമ്പ്, ദാനധര്‍മ്മം, സുന്നത്ത് നമസ്കാരങ്ങള്‍, വിശുദ്ധ ഖുര്‍ആന്‍ പാരായണം, തക്ബീര്‍, ഉളുഹിയ്യത്ത്, പ്രാര്‍ത്ഥന, ദിക്‌ര്‍, ഇസ്തിഗ്ഫാര്‍, തുടങ്ങിയവയെല്ലാം ഇതിൽപെടുന്നു. ചില ദിവസങ്ങളെയും മാസങ്ങളെയും മറ്റുള്ളവയെക്കാള്‍ ശ്രേഷ്ഠമാക്കിയെന്നത് യഥാർത്ഥത്തിൽ അല്ലാഹു നമുക്ക് നൽകിയ വലിയൊരനുഗ്രഹമാണ്. ഇത്രയും ശ്രേഷ്ഠത നിറഞ്ഞ ദുൽഹിജ്ജ മാസത്തിലെ ഈ സുദിനങ്ങള്‍ നമുക്ക് വന്നുകിട്ടിയെങ്കില്‍ അതിന്നർത്ഥം അല്ലാഹു നമ്മെ അതിയായി അനുഗ്രഹിച്ചുവെന്നാണല്ലോ. ഈ അനുഗ്രഹത്തിന്റെ മഹത്വം തിരിച്ചറിയുവാനും വേണ്ടവിധം ഉപയോഗപെടുത്തുവാനും അല്ലാഹു നമ്മെ അനുഗ്രഹിക്കട്ടെ, ആമീൻ. - അബൂ ഉസ്മാൻ മുനീബ് |
IslamBooks.inBooks and Articles on Islam, correct and pure. Archives
August 2024
Categories
All
|