ശ്രദ്ധിക്കുക!
കാര്യം അതീവ രഹസ്യമാണ്. സൂക്ഷിച്ചു വേണം കൈകാര്യം ചെയ്യാൻ. അമേരിക്കൻ ചാര സംഘടനയായ സി.ഐ.എ യുടെ തലപ്പത്തിരിക്കുന്നവർക്കോ, പെൻറഗൺ ആസ്ഥാനത്തുള്ളവർക്കോ അറിയാത്ത രഹസ്യമാണിത്. റഷ്യൻ ചാര സംഘടനയായ കെ.ജി.ബിക്കോ, ഇസ്രയേലിൻറെ മൊസാദിനോ ഇതു വരെ ലഭിച്ചിട്ടില്ലാത്ത രഹസ്യം. ഇന്ത്യയുടെ റോ, ഐ.ബി പോലുള്ള ഏജൻസികൾക്കോ, ചൈന, ജപ്പാൻ, കൊറിയ, നാറ്റോ സഖ്യ രാഷ്ട്രങ്ങൾ തുടങ്ങി... ആർക്കും ഇന്നോളം കിട്ടാത്ത രഹസ്യം. ട്രംപ് മുതൽ പുടിൻ വരെയുള്ളവർക്കും, അലി ഖാംനഈ മുതൽ നെതന്യാഹു വരെയുള്ളവർക്കും, മോദി മുതൽ അമിത് ഷാ വരെയുള്ളവർക്കും ഈ രഹസ്യം മനസ്സിലായിരുന്നുവെങ്കിൽ ലോകത്തിൻറെ ചിത്രം തന്നെ മാറുമായിരുന്നു. കീഴ്ലോകത്തെ, ചെറു ഭൂഖണ്ഡങ്ങളെ കുറിച്ചുള്ള നശ്വരമായ പാഴ്സ്വപ്നങ്ങൾ വിട്ട്, ഉപരിലോകത്തെ, അതിരുകളില്ലാത്ത അനശ്വര സാമ്രാജ്യങ്ങൾ വെട്ടിപ്പിടിക്കാൻ ഏവരെയും പ്രാപ്തരാക്കുന്ന ഈ പ്രപഞ്ച രഹസ്യത്തിനു വേണ്ടി പൊരുതുമായിരുന്നു അവർ. കാര്യം ചുരുക്കിപ്പറയാം: ഏതാണ്ട് ഒന്നര സഹസ്രാബ്ദം മുമ്പ്, ഏഴാകാശങ്ങൾക്കും ഉപരിയിൽനിന്ന് ഒരു ദൂതൻ കനത്ത കാവലിൽ കീഴ് ലോകത്തേക്ക് വരുന്നു. ഭൂലോകത്ത് അന്ന് സർവ്വർക്കും വിശ്വസ്തനായിരുന്ന അൽഅമീനിന് ഒരു ദൂത് കൈമാറുന്നു. വല്ലാത്ത ഒരു പ്രപഞ്ച രഹസ്യം തന്നെയായിരുന്നു അത്. അവിടുന്ന് അത് തൻറെ അനുചരന്മാർക്ക് പകർന്നുകൊടുക്കുന്നു. കൈമോശം സംഭവിക്കാതിരിക്കാനായി ഋജ്ജുമാനസനും ബുദ്ധിമാനുമായിരുന്ന ഇബ് നു മസ്ഊദ് സത്യസന്ധമായ നിലയിൽ തന്നെ അർഹരായ ചിലർക്കത് കൈമാറ്റം ചെയ്യുന്നു. അത് ഇപ്രകാരം സംഗ്രഹിക്കാം: “അല്ലാഹു നിങ്ങൾക്കിടയിൽ വിഭവങ്ങൾ വീതംവെച്ചതു പോലെ സ്വഭാവങ്ങളും വീതംവെച്ചു തന്നിരിക്കുന്നു. നിശ്ചയം, അല്ലാഹു അവൻ സ്നേഹിക്കുന്നവർക്കും സ്നേഹിക്കാത്തവർക്കും ഭൌതിക നേട്ടങ്ങൾ നൽകിക്കൊണ്ടിരിക്കും. എന്നാൽ, അവൻ സ്നേഹിക്കുന്നവർക്ക് മാത്രമേ ഈമാൻ നൽകുകയുള്ളു. ആർക്കെങ്കിലും ധനം ചെലവഴിക്കാൻ പിശുക്ക് തോന്നുന്നുവെങ്കിൽ, ജിഹാദ് ചെയ്യാൻ ശത്രുവിനെ കുറിച്ച് പേടിയാണെങ്കിൽ, പരിത്യാഗം ചെയ്യാൻ രാവിനെ കുറിച്ച് ഭീതിയാണെങ്കിൽ, ഈ അപദാനങ്ങൾ ആവർത്തിച്ച് അധികരിപ്പിച്ച് ഉരുവിട്ടുകൊള്ളട്ടെ: [ سبحان الله ] ഞാൻ അല്ലാഹുവിൻറെ വിശുദ്ധി ഉയർത്തിപ്പിടിച്ച് അവൻറെ മഹത്വം വാഴ്ത്തുന്നു. [ الحمد لله ] സ്തോത്രങ്ങളെല്ലാം അല്ലാഹുവിന് [ لا إله إلا الله ] ന്യായമായും ആരാധിക്കപ്പെടേണ്ടവൻ അല്ലാഹു മാത്രം [ الله أكبر ] ഏറ്റവും വലിയവൻ അല്ലാഹു നിശ്ചയം, ഇവയാണ് സേനാമുഖത്തെ മുന്നണിപ്പോരാളികൾ, ഇടതും വലതുമുള്ള കാവൽ പോരാളികൾ, മാറി മാറി പടപൊരുതുന്ന സേനാ വിഭാഗങ്ങൾ. ഇവ തന്നെയാണ് ഉദാത്തമായ അവശേഷിപ്പുകൾ”. [ ഉദ്ധരണം: അൽബാനി, സ്വഹീഹഃ 6/482 ] - അബൂ ത്വാരിഖ് സുബൈര്‍ മുഹമ്മദ്
0 Comments
Your comment will be posted after it is approved.
Leave a Reply. |
IslamBooks.inBooks and Articles on Islam, correct and pure. Archives
August 2024
Categories
All
|