'ലാ ഇലാഹ ഇല്ലല്ലാഹ്' എന്നത് അല്ലാഹുവിന്റെ ഏകത്വം ഉദ്ഘോഷിക്കാനുള്ള സത്യസാക്ഷ്യത്തിന്റെ വചനം. ദൃഢബോധ്യത്തോടെ ഇത് പ്രഖ്യാപിക്കുമ്പോൾ മാത്രമാണ് ഒരാൾ സത്യവിശ്വാസിയാകുന്നത്. അല്ലാഹു അല്ലാതെ ന്യായമായും ആരാധിക്കപ്പെടേണ്ടവനായി ആരുമില്ല എന്നാണ് അതിന്റെ അർത്ഥം. സാക്ഷ്യവചനം كلمة الشهادة എന്നു പറയാൻ രണ്ട് കാര്യം: (ഒന്ന്) ഇതിന്റെ സാക്ഷികളുടെ വലിപ്പം തന്നെ. ഇത് സാക്ഷ്യപ്പെടുത്തിയത് അല്ലാഹു; പിന്നെ മലക്കുകളും നീതിയുടെ നിർവ്വാഹകരായ പണ്ഡിതന്മാരും. (രണ്ട്) സാക്ഷ്യപ്പെടുത്തപ്പെട്ട ഉള്ളടക്കത്തിന്റെ മഹത്വം. ഏകനായ അല്ലാഹു മാത്രമാണ് മുഴുലോകങ്ങളുടെയും ലോകരുടെയും സ്രഷ്ടാവും ഉടമസ്ഥനും നിയന്താവും ആയിട്ടുള്ളവൻ. അതിനാൽ ന്യായമായും ആരാധിക്കപ്പെടേണ്ടത് അവനെ മാത്രം , അവനു പുറമെ ആരാധിക്കപ്പെടുന്നവയെല്ലാം വ്യാജന്മാർ. മറ്റുള്ളവരെ ആരാധിക്കുന്നത് കടുത്ത അന്യായവും അപരാധവുമാണ്. സമസ്ത ലോകങ്ങളിലും വാഴ്ത്തപ്പെട്ട, ദിഗന്തങ്ങളിൽ മുഴങ്ങിക്കേട്ട, ചിരന്തനമായി നിലനിന്നുപോന്ന, അഖില പ്രവാചകന്മാരും പ്രബോധനം ചെയ്തതിൽ സർവ്വോൽകൃഷ്ടമായ വചനം. അല്ലാഹുവിനെ സ്മരിക്കാൻ, അവനോട് പ്രാർത്ഥിക്കാൻ ഇതിനെക്കാൾ ശ്രഷ്ഠമായ മറ്റൊന്നു വേറെയില്ല. ഈ സാക്ഷ്യവചനത്തിന് രണ്ടു ഭാഗങ്ങളുണ്ട് . 1. 'ലാ ഇലാഹ' – ആരാധിക്കപ്പെടേണ്ടവനായി ആരുമില്ലെന്ന സമ്പൂർണ്ണ നിരാസത്തിന്റെ ഭാഗം. 2. 'ഇല്ലല്ലാഹ് '– അല്ലാഹു ഒഴികെ, ന്യായമായി ആരാധിക്കപ്പെടേണ്ടവൻ അവൻ മാത്രമെന്ന സ്ഥിരീകരണത്തിന്റെ ഭാഗം. ആദ്യഭാഗം മനസ്സിൽ പ്രതിഷ്ഠിച്ചിട്ടുള്ള മുഴുദൈവങ്ങളെയും കുടിയിറക്കി ഹൃദയം ശുദ്ധീകരിക്കുന്നു. രണ്ടാമത്തെ ഭാഗം വ്യാജദൈവങ്ങളിൽനിന്നെല്ലാം തീർത്തും മുക്തമായ ആ ഹൃദയവിശുദ്ധിയിൽ അല്ലാഹുവിനെ മാത്രം സ്ഥാപിക്കുന്നു. ആ സംസ്ഥാപനം യഥാവിധമാണെങ്കിൽ ഇനി ഒരു വ്യാജദൈവത്തിനും അവിടേക്ക് പ്രവേശിക്കാനാവില്ല. അവിടം വാഴാൻ ഏകനായ അല്ലാഹു മാത്രം. അവനു പങ്കുകാരില്ല. എല്ലാം അവന്റേത് മാത്രം. അവന്നുള്ള വണക്കം സമ്പൂർണ്ണമാകുമ്പോഴാണ് ആ ഹൃദയം അതിന്റെ മഹത്വം കൈവരിക്കുന്നത്. ആരാധന മുഴുവനായും അല്ലാഹുവിനു മാത്രം അവകാശപ്പെട്ടതാണ്. അത് നിറവേറ്റൽ അടിയാന്മാരുടെ കടമയും. അല്ലാഹുവിനെ ആരാധിക്കാൻ മടികാണിക്കുന്ന ഒരു അഹങ്കാരി, അല്ലാഹുവിനു മാത്രം അർഹതപ്പെട്ടതും അടിയാന്മാരുടെ മേൽ ബാധ്യതപ്പെട്ടതുമായ മൗലിക കർത്തവ്യം നിറവേറ്റാത്ത അവിശ്വാസിയായിത്തീരുന്നു. ആരാധനയിൽ നിന്ന് എന്തെങ്കിലുമൊന്ന് മറ്റാർക്കെങ്കിലും വീതിച്ചുകൊടുക്കുന്നവൻ മുശ്‌രിക്ക്. വീതംവെക്കുന്ന ഒന്നും അല്ലാഹുവിന്ന് ആവശ്യമില്ല. അവൻ ധന്യനാണ്. പങ്കുവെക്കുന്ന മുശ്‌രിക്കിനെയും അവൻ സമർപ്പിക്കുന്ന വിഹിതത്തെയും ഒരു പോലെ അല്ലാഹു പരിവർജ്ജിക്കുന്നു. മുഴുവനായി, യാതൊരു കലർപ്പുമില്ലാതെ, അവനു മാത്രം സമർപ്പിക്കുന്നതേ അവൻ സ്വീകരിക്കുകയുള്ളൂ. ഈ വചനം ഒരു മനോഗതമായി കൊണ്ടു നടന്നാൽ പോരാ, ഉഛൈസ്തരം ഉദ്ഘോഷിച്ചാൽ പോരാ, അതു പ്രകാരം അല്ലാഹുവിനെ ആരാധിച്ചാൽ പോരാ, മറ്റാരെയും ആരാധിക്കാതിരുന്നാലും പോരാ, അല്ലാഹുവിനു പുറമെ ആരാധിക്കപ്പെടുന്ന കള്ളദൈവങ്ങളിൽ അവിശ്വാസം രേഖപ്പെടുത്തുക കൂടി വേണം. ത്വാഗൂത്തുകളുടെ കാര്യത്തിൽ നിലപാടില്ലാത്ത ഷണ്ഡന്മാരായ മൗനികൾക്കുള്ളതല്ല ഈ വചനം. ഇതു സത്യാസത്യത്തിന്റെ വിവേചനമാണ്, സ്വർഗ്ഗനരകങ്ങൾക്കിടയിലെ വിഭജനരേഖയാണ്. സാക്ഷ്യവചനമാണ് സ്വർഗ്ഗത്തിന്റെ താക്കോൽ. അതിന് ഏഴ് പല്ലുകളുണ്ട്. അതിലൊന്നിനെങ്കിലും വല്ല ന്യൂനതയും സംഭവിച്ചാൽ സ്വർഗ്ഗം തുറക്കാനാവില്ല. ഈ വചനത്തെ കുറിച്ച് അജ്ഞത പൂർണ്ണമായും ഇല്ലാതാക്കുന്ന അറിവ്, സർവ്വ സന്ദേഹങ്ങളും അകറ്റുന്ന ദൃഢബോധ്യം, എല്ലാവിധ പങ്കാളിത്തവും നിരാകരിച്ചുള്ള എകത്വം, കള്ളത്തരങ്ങളെല്ലാം തള്ളുന്ന സത്യത, ലവലേശം വെറുപ്പ് അവശേഷിപ്പിക്കാത്ത പരമമായ സ്നേഹം, യാതൊരു ഉപേക്ഷയുമില്ലാതെയുള്ള കീഴ്പ്പെടൽ, തിരസ്കാരമൊട്ടുമില്ലാത്ത സ്വീകാരം, അല്ലാഹുവിന് പുറമെ, ആരാധിക്കപ്പെടുന്ന മുഴുവൻ ത്വാഗൂത്തുകളിലുമുള്ള അവിശ്വാസം ഇവയാണ് സാക്ഷ്യവചനത്തിന്റെ നിബന്ധനകൾ. സത്യസാക്ഷ്യത്തെ റദ്ദ്‌ചെയ്യുന്ന കാര്യങ്ങൾ പലതാണ്. ചിലതു മാത്രം പറയാം. ആരാധനയിൽ പങ്കുചേർക്കുക, അല്ലാഹുവിന് മധ്യവർത്തികളെ നിശ്ചയിക്കുക, മുശ്‌രിക്കുകൾ അവിശ്വാസികളല്ലെന്നോ അവരുടെ പക്ഷം ശരിയാണെന്നോ വെക്കുകയോ അതിൽ സംശയിക്കുകയോ ചെയ്യുക, മുഹമ്മദ് നബി صلى الله عليه وسلم കാണിച്ച സാന്മാർഗ്ഗിക ദർശനങ്ങളെക്കാൾ പൂർണ്ണവും ഉത്തമവും മറ്റുള്ളവയാണെന്ന് വിശ്വസിക്കുക, അവിടുന്ന് കാണിച്ച് തന്ന ഏതെങ്കിലും ഒരു കാര്യത്തെ വെറുക്കുക, അവിടുന്ന് കൊണ്ടുവന്ന ദീനിനെ പരിഹസിക്കുക, സിഹ്ർ ചെയ്യുകയോ ചെയ്യിപ്പിക്കുകയോ അതിൽ തൃപ്തിപ്പെടുകയോ ചെയ്യുക, സത്യവിശ്വാസത്തിനെതിരിൽ അവിശ്വാസത്തോടൊപ്പം ചേർന്ന് പോരാടുക, ചിലർക്ക് മുഹമ്മദ് നബി صلى الله عليه وسلم-യുടെ ശരീഅത്ത് ബാധകമല്ലെന്ന് വിശ്വസിക്കുക, ദീനിൽനിന്ന് പൂർണ്ണമായി വിമുഖത കാണിക്കുക. സത്യസാക്ഷ്യം അംഗീകരിക്കാതെയോ അത് റദ്ദ് ചെയ്തവനായോ മരിക്കുന്നവൻ നരകത്തിൽ ശാശ്വതനാണ്. ശിർക്ക് ചെയ്യാതെ സത്യസാക്ഷ്യത്തോടെ ഒരാൾ മരണപ്പെട്ടാൽ അവൻ സ്വർഗ്ഗത്തിലുമാണ്; മറ്റു പാപങ്ങൾ അല്ലാഹുവിന്റെ വേണ്ടുകയാൽ പൊറുക്കപ്പെടാം. പാപമോചനം ലഭിക്കാത്ത വല്ലതുമുണ്ടെങ്കിൽ തന്നെ അതിനുള്ള ശിക്ഷ കഴിഞ്ഞ് അവൻ സ്വർഗ്ഗത്തിൽ പ്രവേശിക്കുകയും ചെയ്യും, — അബൂ ത്വാരിഖ് സുബൈർ മുഹമ്മദ്
0 Comments
Your comment will be posted after it is approved.
Leave a Reply. |
IslamBooks.inBooks and Articles on Islam, correct and pure. Archives
August 2024
Categories
All
|