ذَهَبَ الظَّمَأُ، وابْتَلَّتِ الْعُرُوقُ، وَثَبَتَ الْأَجْرُ إِنْ شَاءَ اللّٰهُ (رواه أبو داود عن ابن عمر وحسنه الألباني) "ദാഹപരവേശം പോയി, നാഡികൾ നനഞ്ഞു, അല്ലാഹു ഉദ്ദേശിച്ചാൽ പ്രതിഫലം ഉറപ്പായി". ആരാധനകൾക്കുള്ള ആവേശമാണീ വാക്കുകൾ.ആരാധനയുടെ യഥാർത്ഥ ആസ്വാദനം അനുഭവിച്ചറിഞ്ഞതിന്റെ ആവിഷ്കരണം.അല്ലാഹുവിന്റെ വാഗ്ദാനത്തിലുള്ള അടിയുറച്ച വിശ്വാസത്തിന്റെ പ്രകാശനം. ''ദാഹപരവേശം പോയി" എത്ര നശ്വരമാണ് നാം അനുഭവിക്കേണ്ടിവന്ന ത്യാഗങ്ങളും പ്രയാസങ്ങളും.അതൊക്ക ഇതാ ഇവിടെ തീർന്നു. "നാഡികൾ നനഞ്ഞു" ശരീരം അതിന്റെ കുളിരറിഞ്ഞു, സന്തോഷമനുഭവിച്ചു. നബി ﷺ പറയുന്നു: للصائم فرحتان يفرحهما ؛ إذا أفطر فرح، وإذا لقي ربه فرح بصومه (رواه البخاري ومسلم عن أبي هريرة "നോമ്പുകാരന് അനുഭവിക്കാൻ രണ്ടു സന്തോഷങ്ങളുണ്ട്. നോമ്പു തുറക്കുമ്പോൾ അവൻ സന്തോഷിക്കുന്നു. തന്റെ റബ്ബിനെ കണ്ടുമുട്ടമ്പോൾ നോമ്പിനാൽ അവൻ സന്തോഷിക്കുന്നു". (ബുഖാരിയും മുസ്ലിമും അബൂ ഹുറെയ്റയിൽ നിന്നു നിവേദനം ചെയ്തത്) പകൽ മുഴുവൻ അനുഭവിച്ച ദാഹവും വിശപ്പും ആത്മനിയന്ത്രണവും ത്യാഗവുമൊന്നും ഒന്നുമല്ലാതാക്കിത്തീർക്കുന്നതാണ് അടുത്ത വാചകത്തിലടങ്ങിയിരിക്കുന്ന ആഹ്ലാദഭരിതമായ പ്രതീക്ഷ: "അല്ലാഹു ഉദ്ദേശിച്ചാൽ പ്രതിഫലം ഉറപ്പായി". "ദാഹം തീർന്നു .... പ്രതിഫലം ഉറപ്പായി". അനുഭവിച്ചത് എത്ര നശ്വരം! ലഭിക്കാനുള്ളത് അനശ്വരവും അനന്തവുമായ കണക്കില്ലാത്ത പ്രതിഫലം!! എത്ര ആനന്ദകരമാണീ വാക്കുകൾ. നബി ﷺ പറയുന്നു: كل عمل ابن آدم يضاعف الحسنة عشر أمثالها إلى سبعمائة ضعف، قال الله عز وجل : إلا الصوم، فإنه لي، وأنا أجزي به، يدع شهوته، وطعامه من أجلي.. (رواه البخاري ومسلم عن أبي هريرة "ആദം സന്തതിയുടെ എല്ലാ സൽപ്രവർത്തിക്കും ഇരട്ടിയായി പ്രതിഫലം നൽകപ്പെടും.ഒരു നന്മക്ക് പത്തു മുതൽ എഴുന്നൂറിരട്ടിവരെ. അല്ലാഹു عز وجل പറയുന്നു: നൊമ്പൊഴികെ അത് എനിക്കുള്ളതാണ്, ഞാനാണ് അതിന് പ്രതിഫലം നൽകുന്നത്, അവൻ തന്റെ ഇച്ഛകളും ഭക്ഷണവും വെടിയുന്നത് എനിക്കുവേണ്ടിയാണ്..." (ബുഖാരിയും മുസ്ലിമും അബൂ ഹുറെയ്റയിൽ നിന്നു നിവേദനം ചെയ്തത്) താൻ ആഗ്രഹിക്കുന്ന ഒരു ലക്ഷ്യം പ്രാപിക്കാൻ അതിലേക്ക് നയിക്കുന്ന മാർഗം എത്ര ദുർഘടമായിരുന്നാലും അവയെല്ലാം സഹിക്കാൻ മനുഷ്യൻ തയ്യാറാകുന്നു. ലക്ഷ്യം പ്രാപിക്കുന്ന ആ അനർഘനിമിഷത്തിലെ സന്തോഷം അവനനുഭവിച്ച എല്ലാ പ്രയാസത്തെയും വിസ്മൃതിയിലാഴ്ത്തുന്നു. പ്രസവസമയത്ത് ഒരു മാതാവ് അനുഭവിക്കുന്ന സന്തോഷം ഒരു ഉദാഹരണമാണ്. "അല്ലാഹു ഉദ്ദേശിച്ചാൽ പ്രതിഫലം ഉറപ്പായി" തന്റെ ദാഹവും വിശപ്പുമെല്ലാം അതിന്റെ മുന്നിൽ എത്ര നിസ്സാരം. മാത്രമല്ല, പ്രതിഫലം ലഭിക്കുന്ന സന്ദർഭത്തിൽ ചെന്നണഞ്ഞ ലക്ഷ്യത്തിലേക്കുള്ള വഴിയിലെ പ്രയാസങ്ങളെക്കുറിച്ച് ഓർക്കുന്നത് ആ നിമിഷത്തിലെ ആസ്വാദനത്തിന്റെ മാധുര്യം ഏറെ വർദ്ധിപ്പിക്കുന്നതാണ്. "ദാഹം തീർന്നു... പ്രതിഫലം ഉറപ്പായി". സ്വർഗ്ഗത്തിലണയുന്ന നേരത്ത് സത്യവിശ്വാസികൾ പറയുന്നതുപോലെ; وَقَالُوا الْحَمْدُ لِلَّهِ الَّذِي أَذْهَبَ عَنَّا الْحَزَنَ إِنَّ رَبَّنَا لَغَفُورٌ شَكُورٌ(فاطر ٣٤) ''അവർ പറയും: ഞങ്ങളിൽ നിന്നു സകല ദുഃഖവും നീക്കിത്തന്നവനായ അല്ലാഹുവിനാകുന്നു സർവ്വ സ്തുതി.തീർച്ചയായും നമ്മുടെ റബ്ബ് അങ്ങേയറ്റം പൊറുക്കുന്നവനും ഏറെ നന്ദിയുള്ളവനുമാകുന്നു". (ഫാത്വിർ 34) പ്രതിഫലം അനുഭവവേദ്യമാകുമ്പോൾ ത്യാഗവും പ്രയാസവും ഒന്നുമല്ലാതാകും.ശിക്ഷ അനുഭവിക്കുന്ന നേരം അതുവരെയുണ്ടായിരുന്ന സകല സുഖസുഷുപ്തിയുടെയും ആസ്വാദനങ്ങളുടെയും സ്ഥിതി അങ്ങനെ തന്നെയാണ്.നിമിഷനേരം കൊണ്ട് എല്ലാം മറന്നുപോകും. عن أنس بن مالك قال: قال رسول الله ﷺ: "يؤتى بأنعم أهل الدنيا من أهل النار يوم القيامة، فيصبغ في النار صبغة، ثم يقال: يا ابن آدم هل رأيت خيرا قط؟ هل مر بك نعيم قط؟ فيقول: لا، والله يا رب ويؤتى بأشد الناس بؤسا في الدنيا، من أهل الجنة، فيصبغ صبغة في الجنة، فيقال له: يا ابن آدم هل رأيت بؤسا قط؟ هل مر بك شدَّةٌ قَطُّ؟ فيَقولُ: لا، واللَّهِ يا رَبِّ ما مَرَّ بي بُؤْسٌ قَطُّ، ولا رَأَيْتُ شِدَّةً قَطُّ".(رواه مسلم) അനസ് ബിൻ മാലിക് رضي الله عنه നിവേദനം: അല്ലാഹുവിന്റെ റസൂൽ ﷺ പറയുന്നു: "ദുനിയാവിൽ ഏറ്റവും സുഖലോലുപനായിരുന്ന നരകാവകാശികളിലൊരുത്തനെ അന്ത്യനാളിൽ കൊണ്ടുവരപ്പെടും.നരകത്തിലൊന്ന് മുക്കിയെടുത്തിട്ട് അവനോട് ചോദിക്കും: ആദമിന്റെ പുത്രാ, നീ വല്ല സുഖവും അനുഭവിച്ചിരുന്നുവോ? നിന്റെ ജീവിതത്തിൽ വല്ല സന്തോഷവും കടന്നുപോയിരുന്നുവോ? അപ്പോൾ അവൻ പറയും: അല്ലാഹുവാണ, ഒരിക്കലുമില്ല റബ്ബേ.ദുനിയാവിൽ ഏറ്റവും ദുരിതമനുഭവിച്ചിരുന്ന സ്വർഗ്ഗാവകാശികളിൽ പ്പെട്ട ഒരാളെ കൊണ്ടുവരപ്പെടും.സ്വർഗ്ഗത്തിലൊന്നു മുക്കിയെടുത്തിട്ട് അവനോട് ചോദിക്കും: ആദമിന്റെ പുത്രാ, നീ വല്ല ദുരിതവും അനുഭവിച്ചിരുന്നുവോ? നിന്റെ ജീവിതത്തിൽ വല്ല പ്രയാസവും കടന്നുപോയിരുന്നുവോ? അപ്പോൾ അവൻ പറയും: അല്ലാഹുവാണ്, ഒരിക്കലുമില്ല റബ്ബേ.ഒരു ദുരിതവും എന്റെ ജീവിതത്തിൽ കടന്നുപോയിട്ടില്ല, ഒരു പ്രയാസവും ഞാൻ അനുഭവിച്ചിട്ടില്ല". (മുസ്ലിം സ്വഹീഹിൽ ഉദ്ധരിച്ചത്) റയ്യാൻ എന്ന കവാടത്തിലൂടെ സ്വർഗ്ഗത്തിലേക്കു കടന്നുപോകുന്നതോർക്കുമ്പോൾ തന്നെ നോമ്പുകാരന് അവൻ അനുഭവിച്ച വിശപ്പും ദാഹവും ത്യാഗവുമെല്ലാം മധുരം നിറഞ്ഞ ആസ്വാദനമായിത്തീരുന്നു. ദാഹപരവേശം അൽപ നേരത്തേക്കു മാത്രം. അത് ഇതാ തീർന്നിരിക്കുന്നു. അല്ലാഹു അനുവദിച്ച നേരത്ത് അവന്റെ റസൂലിന്റെ മഹത്തായ മാതൃക പിന്തുടർന്ന് നോമ്പു തുറന്നു കഴിഞ്ഞപ്പോൾ നാഡികൾക്ക് നനവും ശരീരത്തിന് ആശ്വാസവുമായി. പ്രതിഫലം മാത്രമാണ് ഇനി ബാക്കിയുള്ളത് എന്നെന്നേക്കും ബാക്കിയാകുന്നതും.പക്ഷേ, ഓരോ വ്യക്തിയുടെയും കാര്യം അല്ലാഹുവിന്റെ കൈയ്യിലാണ്.അതു കൊണ്ടാണ് അവന്റെ ഉദ്ദേശത്തിലേക്ക് ബന്ധിപ്പിച്ചു പറയുന്നത്. "അല്ലാഹു ഉദ്ദേശിച്ചാൽ പ്രതിഫലം ഉറപ്പായി". والله أعلم، وصلى الله وسلم على نبينا محمد وعلى آله وصحبه أجمعين، والحمد لله رب العالمي - അബൂ തൈമിയ്യ ഹനീഫ് ബാവ
0 Comments
Your comment will be posted after it is approved.
Leave a Reply. |
IslamBooks.inBooks and Articles on Islam, correct and pure. Archives
August 2024
Categories
All
|