തക്ഫീർ ആധാരങ്ങളും വ്യവസ്ഥകളും
--------------------------------------------------------- ആദ്യമായിട്ടാണ് മലയാളത്തിൽ ഈ വിഷയത്തിൽ സമഗ്രമായി താളുകളിൽ മഷി പുരളുന്നത്. --------------------------------------------------------- മുസ്ലിം ലോകത്ത് സ്വഹാബത്തിന്റെ കാലം തൊട്ട് ഗഹനമായി ചർച്ച ചെയ്യപ്പെട്ട മസ്അലയാണിത്. അതീവ ഗുരുതരവും സൂക്ഷമതയോടെ കൈകാര്യം ചെയ്യേണ്ടതുമായ ഈ വിഷയത്തിൽ, അവധാനതയില്ലാത്ത ഇടപെടൽ കാരണം പലരും കാലിടറി വീണിട്ടുണ്ട്. --------------------------------------------------------- ഓരോ വീട്ടിലും ഇതിന്റെ ഒരു കോപ്പി ഉണ്ടെന്ന് ഉറപ്പു വരുത്താൻ മാത്രം വൈകാരികമാണ് ഈ ലഘു കൃതിയുടെ ഇതിവൃത്തം. --------------------------------------------------------- ആധുനിക മുസ്ലിം സമൂഹത്തിൽ ഖുറൂജിന്റെയും തക്ഫീറിന്റെയും വളർച്ചയും സ്വാധീനവും അഭുതപൂർവ്വമാണ്. അതിന്റെ സ്രോദസ്സുകളും കൈവഴികളും വ്യത്യസ്തവും വിചിത്രവുമാണ്. സോഷ്യൽ മീഡിയയുടെ ഇരുട്ടു മുറികളിൽ തലയും താഴ്ത്തി വെച്ച് തക്ഫീരി ചിന്തയുടെ വിഷം പ്രസരിപ്പിക്കാൻ ഊഴം കാത്തിരിക്കുന്ന ചെന്നായ്ക്കൾ --------------------------------------------------------- തക്ഫീറിന്റെ കരകാണാക്കയത്തിൽ പെട്ട് നമസ്കാരത്തിൽ പിന്തുടരാത്തവർ, വിവാഹത്തിൽ പങ്കെടുക്കാത്തവർ, അറുത്തത് കഴിക്കാത്തവർ, ഹോട്ടലുകളിൽ നിന്ന് മാംസ വിഭവങ്ങൾ ഭക്ഷിക്കാത്തവർ, മാർക്കറ്റിൽ നിന്ന് ബീഫും മട്ടനും ചിക്കനും വാങ്ങാത്തവർ .... വിശേഷണങ്ങൾ തീരുന്നില്ല --------------------------------------------------------- അവർ ഇന്ന് ഒരു ന്യുനപക്ഷമാകാം ... പക്ഷെ അവരുടെ കാഴ്ചപ്പാട് അപകടം പിടിച്ചതും ദൂരവ്യാപകവുമാണ്. ഇസ്ലാമിക പ്രമാണങ്ങളോട് പൊരുത്തപ്പെടാത്തതാണ്. അവർ നമുക്കിടയിലുണ്ട് ; നമ്മിൽ ഒരാളായി ഉണ്ട്; ആശയ സംവേദനത്തിൽ അപനിർമ്മിതികൾ അവരുടെ മനസ്സിനെ മലിനമാക്കിയിട്ടുണ്ട്. അതൊരു മഹാമാരിയാണ്. നാശത്തിന്റെ പടുകുഴിയിലേക്ക് ഏതൊരു സാധാരണക്കാരനേയും ആപതിപ്പിക്കാൻ മാത്രമുള്ള മഹാമാരി. അറിയാത്തവനായി, അന്യനായി, അബദ്ധധാരണയും തലയിലേറ്റി നടക്കുന്ന മൂഡൻ മുസ്ലിം പൊതു സമൂഹത്തിന് ബാധ്യതയാവരുത്. ജാഗ്രതയാണ് വേണ്ടത്. ഉണ്ടാകേണ്ടത് തിരിച്ചറിവാണ്. പ്രമാണങ്ങളോടുള്ള അന്ധമായ അഭിനിവേശമല്ല; മറിച്ച് ക്രിയാത്മകവും വസ്തുതാപരവുമായ പ്രയോഗവൽക്കരണമാണ്. --------------------------------------------------------- രചന നിർവ്വഹിച്ചത് അബൂ ത്വാരിഖ് സുബൈർ മുഹമ്മദ് ഹഫിദഹുള്ളാ ഉള്ളടക്കം അങ്ങേയറ്റം ആകർഷകവും പുതുമയുള്ളതുമാണ്. വേറിട്ടതും ഹൃദ്യവുമായ വായനാനുഭവം പ്രദാനം ചെയ്യുന്ന ഈ കൃതി വായനക്കാരിലേക്ക് സമർപ്പിക്കുകയാണ്. - ബശീർ പുത്തൂർ
0 Comments
അബൂ ഹുറൈറ رضي الله عنه നിവേദനം : നബി ﷺ പറയുന്നു: "ഉത്തരം ലഭിക്കുമെന്ന ദൃഢതയോടെ നിങ്ങൾ അല്ലാഹുവിനോട് ദുആ ചെയ്യൂ. തീർച്ചയായും അശ്രദ്ധമായതും അലസമായതുമായ ഒരു ഹൃദയത്തിൽ നിന്നുള്ള ദുആക്ക് അല്ലാഹു ഉത്തരം നൽകില്ല എന്ന കാര്യം നിങ്ങൾ മനസ്സിലാക്കുകയും ചെയ്യൂ" - ബഷീർ പുത്തൂർ هُرَيْرَةَ قَالَ : قَالَ رَسُولُ اللَّهِ صَلَّى اللَّهُ عَلَيْهِ وَسَلَّمَ : " ادْعُوا اللَّهَ وَأَنْتُمْ مُوقِنُونَ بِالْإِجَابَةِ، وَاعْلَمُوا أَنَّ اللَّهَ لَا يَسْتَجِيبُ دُعَاءً مِنْ قَلْبٍ غَافِلٍ لَاهٍ
رواه الترمذي (٢ / ٢٦١) والحاكم (١ / ٤٩٣) وأبو بكر الكلاباذي في " مفتاح معاني الآثار " (٦ - ٧) وابن عساكر (٥ / ٦١ / ١) ഇസ്വ്ലാഹിന്റെ മുദ്രാവാക്യവും ഉയർത്തിപ്പിടിച്ചു നടത്തുന്ന ഇഫ്സാദാണ് മനുഷ്യവംശം നേരിടുന്ന ഏറ്റവും അപകടകരമായ ഭീഷണി. {ഭൂമിയിൽ കുഴപ്പമുണ്ടാക്കരുത് എന്ന് അവരോട് പറയപ്പെട്ടാൽ അവർ പറയും, ഞങ്ങൾ ഇസ്വ്ലാഹ് നടത്തുന്നവർ മാത്രമാണെന്ന്} ശൈഖ് അഹ്മദ് അസ്സുബൈഈ حفظه الله - അബൂ തൈമിയ്യ ഹനീഫ് الإفساد تحت شعار الإصلاح أخطر ما يهدّد البشرية
{وإذا قيل لهم لا تفسدوا في الأرض قالوا إنما نحن مصلحون} الشيخ أحمد السبيعي حفظه الله കേരളത്തിൽ റാഫിളികൾക്ക് എത്ര മഹല്ല് പള്ളികളുണ്ട് ?! ഇമാം ഔസാഈ رحمه الله പറയുന്നു: അറിവ് പഠിക്കുന്നതിനു മുമ്പ് നീ സത്യസന്ധത പഠിക്കൂ (ഖത്വീബുൽ ബഗ്ദാദി അൽജാമിഇൽ രേഖപ്പെടുത്തിയത്) - അബൂ ത്വാരിഖ് സുബൈര് മുഹമ്മദ് قال الإمام الأوزاعي رَحِمَهُ اللهُ - تعلم الصدق قبل أن تتعلم العلم
الجامع للخطيب البغدادي നിന്റെ തടി ഖബ്റിൽ വെക്കാനുള്ളതാണെന്ന് കരുതിക്കോ... وَعُدَّ نَفْسَكَ فِي أَهْلِ الْقُبُورِ الراوي: ابن عمر رضي الله عنه المحدث : الزرقاني، وصححه الألباني — അബൂ ത്വാരിഖ് സുബൈർ അലി ബിൻ മുഹമ്മദ് ബിൻ ബശ്ശാർ رحمه الله ചോദിക്കപ്പെട്ടു: كيف الطريق إلى الله؟ അല്ലാഹുവിലേക്കുള്ള വഴി എങ്ങനെയാണ്? അദ്ദേഹം പറഞ്ഞു: كما عصيت الله سرّا تطيعه سرّا، حتى يدخل إلى قلبك طرائف البر നീ രഹസ്യമായി അല്ലാഹുവിനെ ധിക്കരിച്ചപോലെ രഹസ്യമായി അവനെ അനുസരിക്കണം; പുണ്യത്തിന്റെ വിസ്മയങ്ങൾ നിന്റെ ഹൃദയത്തിലേക്ക് അവൻ സന്നിവേശിപ്പിക്കുവോളം. (طبقات الحنابلة)
മൊഴിമാറ്റം: അബൂ തൈമിയ്യ ഹനീഫ് ബാവ ഥാബിത് ബിൻ ഖുർറഃ رحمه الله പറയുന്നു: ശരീരത്തിന്റെ ആശ്വാസം ഭക്ഷണം കുറക്കുന്നതിലാണ്. ആത്മാവിന്റെ ആശ്വാസം പാപങ്ങൾ കുറക്കുന്നതിലാണ്. നാവിന്റെ ആശ്വാസം സംസാരം കുറക്കുന്നതിലാണ്. [ഇബ്നുൽ ഖയ്യിം رحمه الله സാദുൽ മആദിൽ ഉദ്ധരിച്ചത്] - അബൂ തൈമിയ്യ ഹനീഫ് وَقَالَ ثَابِتُ بْنُ قُرَّةَ: رَاحَةُ الْجِسْمِ فِي قِلَّةِ الطَّعَامِ وَرَاحَةُ الرُّوحِ فِي قِلَّةِ الْآثَامِ، وَرَاحَةُ اللِّسَانِ فِي قِلَّةِ الْكَلَامِ.
ابن القيم في زاد المعاد ഇസ്തിസ്വ്ഹാഇന്റെ ദുആ അഥവാ കരിമുകിൽ നീങ്ങി മാനം തെളിയാനുള്ള പ്രാർത്ഥന (Dua of Isthishaa - Supplication to be made during heavy rains) اللَّهُمَّ حَوَالَيْنَا وَلاَ عَلَيْنَا اللَّهُمَّ عَلَى الآكَامِ وَالظِّرَابِ، وَبُطُونِ الأَوْدِيَةِ، وَمَنَابِتِ الشَّجَرِ • • • • • بسم الله الرحمن الرحيم അല്ലാഹുവിന്റെ അതിമഹത്തായ അനുഗ്രഹമാണ് മഴ എന്നതിൽ നമുക്ക് സംശയമില്ല. അതുകൊണ്ട് മഴ പെയ്തതിനെക്കുറിച്ച് നമുക്ക് പറയാൻ മറ്റു വാക്കുകളില്ല; ഇതു മാത്രം: مُطِرْنَا بِفَضْلِ اللَّهِ وَرَحْمَتِهِ “അല്ലാഹുവിന്റെ ഔദാര്യത്താലും അവന്റെ കാരുണ്യത്താലും നമുക്ക് മഴ കിട്ടി.” ഇതാണ് വിശ്വാസിയുടെ വാക്ക്. അവന്റെ ഉള്ളിലുറച്ച തൗഹീദിന്റെ സ്ഫുരണം. അല്ലാഹുവിനോടുള്ള നന്ദി പ്രകാശനം. അനുഗ്രഹങ്ങൾ നിലനിൽക്കാനും അവയിൽ വർധനവ് ലഭിക്കാനുമുള്ള കാരണം. മഴ അല്ലാഹുവിന്റെ സൃഷ്ടിയാണ്. അതിൽ നിന്നുള്ള ഉപകാരം ലഭിക്കാനും അതുകൊണ്ടുണ്ടായേക്കാവുന്ന ഉപദ്രവം നീങ്ങിപ്പോകാനും അതിന്റെ സ്രഷ്ടാവായ അല്ലാഹുവിനോട് മാത്രം പ്രാർത്ഥിക്കണം. അല്ലാഹുവിന്റെ റസൂൽ പഠിപ്പിച്ചുതന്ന പ്രാർത്ഥന അതിലളിതവും അർത്ഥഗംഭീരവു മാണ്. اللَّهُمَّ صَيِّبًا نَافِعًا “അല്ലാഹുവേ, ഉപകാരമുള്ള ഒരു പെയ്താക്കണേ.” മഴ പെയ്യാതെ അന്തരീക്ഷം ചുട്ടുപഴുത്ത്, ഭൂമി വരണ്ടുണങ്ങി, കൃഷിയും കന്നുകാലികളും നശിച്ചുതുടങ്ങുമ്പോൾ അല്ലാഹുവിനോടല്ലാതെ മറ്റാരോടും തേടാനില്ല. അതിനുവേണ്ടി നബി صلى الله عليه وسلم പഠിപ്പിച്ചുതന്ന വാക്കുകൾ അതീവ ശ്രദ്ധയർഹിക്കുന്നതാണ്. അതിന് ഇസ്തിസ്ഖാഅ് (الاستسقاء) അഥവാ മഴക്കുവേണ്ടിയുള്ള തേട്ടം എന്നു പറയുന്നു: اللَّهُمَّ اسْقِنَا غَيْثًا مُغِيثًا، مَرِيئًا مَرِيعًا، نَافِعًا غَيْرَ ضَارٍّ، عَاجِلًا غَيْرَ آجِلٍ “അല്ലാഹുവേ, സന്തോഷം പകരുന്ന, പച്ചപ്പു നൽകുന്ന, ഉപകാരപ്രദമായ, ഉപദ്രവമില്ലാത്ത, സഹായകമായ ഒരു മഴയാൽ വൈകാതെ അതിവേഗം ഞങ്ങൾക്ക് നീ വെള്ളം നൽകണേ.” എത്ര കൃത്യമാണീ വാക്കുകൾ. നബി صلى الله عليه وسلم യുടെ സുന്നത്ത്. അതാണ് ഏറ്റവും ഉത്തമമായ മാതൃക. അത് കൈവെടിഞ്ഞ് അനാവശ്യമായ വാക്കുകൾ കൊണ്ട് പ്രാർത്ഥനയിൽ അതിലംഘനം നടത്തുന്നവരുടെ അതിരു വിട്ട വികാരപ്രകടനങ്ങൾക്കൊന്നിനും ഇതിന്റെ ഏഴയലത്തെത്താനാവില്ല. അനുഗ്രഹീതമായ മഴയെങ്ങാനും അധികമായാലോ, അല്ലാഹുവിന-ല്ലാതെ മറ്റാർക്കും അത് നിയന്ത്രിക്കാനുമാവില്ല. അതിനുവേണ്ടി അവനോട് തന്നെ കൈയുയർത്തണം. എന്നാൽ അതിലും വേണം വാക്കുകളിൽ സൂക്ഷ്മത. അല്ലാഹുവിന്റെ റസൂൽ صلى الله عليه وسلم അതും നമുക്ക് പഠിപ്പിച്ചു തന്നു. അതിന് ഇസ്തിസ്വാഹ് (الاستصحاء) അഥവാ കരിമുകിൽ നീങ്ങി മാനം തെളിയാനുള്ള പ്രാർത്ഥന എന്നു പറയുന്നു: اللَّهُمَّ حَوَالَيْنَا وَلاَ عَلَيْنَا، اللَّهُمَّ عَلَى الآكَامِ وَالظِّرَابِ، وَبُطُونِ الأَوْدِيَةِ، وَمَنَابِتِ الشَّجَرِ “അല്ലാഹുവേ, ഞങ്ങളുടെ ചുറ്റുപാടുകളിലേക്ക് തിരിക്കണേ, ഞങ്ങളുടെ മേൽ അരുതേ. കുന്നുകളിലും മലകളിലും താഴ്വാരങ്ങൾക്കുള്ളിലും വൃക്ഷ ങ്ങൾ വളരുന്നിടങ്ങളിലും ആക്കണേ.” മഴയെ ശപിക്കാനോ ഇനിയൊരിക്കലും വേണ്ടെന്നു വെക്കാനോ അല്ല. വികാരങ്ങൾക്കടിപ്പെട്ട് അതിരുകടന്ന വാക്കുകൾ പുലമ്പാനുമല്ല. ഉപദ്രവകരമല്ലാത്തവിധം അതിനെയൊന്ന് വഴിതിരിച്ചുവിടാൻ മാത്ര-മാണ് റബ്ബിനോട് അടിമയുടെ തേട്ടം. മനുഷ്യരുടെ വാസസ്ഥലങ്ങളിൽ നിന്ന് അൽപ്പം മാറി, എന്നാൽ അവരുടെ തന്നെ ചുറ്റുപാടിൽ ചുറ്റിപ്പറ്റി ആ ജീവജലം നില നിൽക്കണമെന്ന തേട്ടം. മലകളിലും കുന്നുകളിലും താഴ്വാരങ്ങളിലും കാടുകളിലുമൊക്കെ ആ നീരുറവകൾ ഉണ്ടായിരിക്കട്ടെ. നേർക്കുനേർ നമ്മുടെ വീടുകളും വഴികളും നശിക്കുന്നതിൽ നിന്ന് സംരക്ഷണം നൽകണം. അത്രയേവേണ്ടൂ. കാരണം അത് ഇല്ലാതാകു-മ്പോൾ അനുഭവിക്കേണ്ടിവരുന്ന ദുരിതം അത്രമേൽ വലുതു തന്നെയാണ്. ഈ പ്രാർത്ഥന വിവരിക്കവേ ഇബ്നു ബത്വാൽ رحمه الله പറയുന്ന വാക്കുകൾ ശ്രദ്ധേയമാണ്. وفيه من الفقه: استعمال أدب النبي ﷺ المهذب وخلقه العظيم؛ لأنه لم يدع الله ليرفع الغيث جملة لئلا يرد على الله فضله وبركته وما رغب إليه فيه، وسأله إياه فقال: (اللهم على رءوس الجبال والآكام وبطون الأودية ومنابت الشجر)؛ لأن المطر لا يضر نزوله في هذه الأماكن وقال: (اللهم حوالينا ولا علينا)، فيجب امتثال ذلك في نعم الله إذا كثرت ألا يسأل أحد قطعها وصرفها عن العباد. [شرح صحيح البخاري] ഇതിലടങ്ങിയ പാഠം: നബി صلى الله عليه وسلم യുടെ സ്ഫുടംചെയ്തെടുത്ത മര്യാദയുടെയും അതിമഹത്തായ സ്വഭാവഗുണത്തിന്റെയും പ്രയോഗരീതിയുടെതാണ്. അവിടുന്ന് മഴയെ ഒന്നായി എടുത്തുമാറ്റാൻ പ്രാർത്ഥിച്ചില്ല. അല്ലാഹുവിന്റെ അനുഗ്രഹത്തെയും ഔദാര്യത്തെയും തള്ളിക്കളയുകയോ വെറുപ്പു കാണിക്കുകയോ ചെയ്യാതിരിക്കാനാണത്. മറിച്ച് അവിടുന്ന് പറയുന്നത്: “പർവ്വതങ്ങൾക്കുമേലും കുന്നുകളിലും മലകളിലും താഴ്വാരങ്ങൾക്കുള്ളിലും വൃക്ഷങ്ങൾ വളരുന്നിടങ്ങളിലും ആക്കണേ” എന്നാണ്. ആ സ്ഥലങ്ങളിൽ മഴവർഷിക്കുന്നത് ഉപദ്രവ-മുണ്ടാക്കില്ല എന്നതിനാലാണത്. അവിടുന്ന് പറയുന്നു: “അല്ലാഹുവേ, ഞങ്ങളുടെ ചുറ്റുപാടുകളിലേക്ക് തിരിക്കണേ, ഞങ്ങളുടെ മേൽ അരുതേ.” അതിനാൽ ഇതാണ് അല്ലാഹുവിന്റെ അനുഗ്രഹങ്ങൾ അധികരിക്കു-മ്പോൾ സ്വീകരിക്കേണ്ട മാതൃക. അവ അറ്റുപോകാനോ അടിയരിൽ നിന്ന് തിരിച്ചുകളയാനോ ആരും ആവശ്യപ്പെടരുത്. [ശർഹു സ്വഹീഹിൽ ബുഖാരി] وصلى الله وسلم وبارك على نبينا محمد وعلى آله وصحبه أجمعين، والحمد لله رب العالمين. — അബൂ തൈമിയ്യഃ ഹനീഫ് ബാവ حفظه الله
25 മുഹർറം 1446 / 31 ജൂലൈ 2024 «لا يذهب الليل والنهار حتى تعبد اللات والعزى» فقالت عائشة: يا رسول الله، إن كنت لأظن حين أنزل الله ﴿هُوَ ٱلَّذِىٓ أَرْسَلَ رَسُولَهُ بِٱلْهُدَىٰ وَدِينِ ٱلْحَقِّ لِيُظْهِرَهُ عَلَى ٱلدِّينِ كُلِّهِۦ وَلَوْ كَرِهَ ٱلْمُشْرِكُونَ﴾ (التوبة ٣٣) أن ذلك تاما، قال: «إنه سيكون من ذلك ما شاء الله» الحديث، رواه مسلم وغيره. [الألباني في سلسلة الأحاديث الصحيحة] [«ലാത്തയും ഉസ്സയും ആരാധിക്കപ്പെടുന്നതു വരെ രാപ്പകലുകൾ അവസാനിക്കുകയില്ല» അപ്പോൾ ആയിശഃ رضي الله عنها പറഞ്ഞു: അല്ലാഹുവിന്റെ ദൂതരേ, «അല്ലാഹു, അവനാണ് എല്ലാ മതങ്ങളെയും അതിജയിക്കാൻ വേണ്ടി സന്മാർഗ്ഗവും സത്യദീനുമായി തന്റെ ദൂതനെ അയച്ചത് - മുശ്രിക്കുകൾ അത് എത്ര തന്നെ വെറുത്താലും» എന്ന വചനം അവതരിപ്പിച്ചപ്പോൾ ഞാൻ തീർത്തും കരുതിയിരുന്നത് അത് പൂർത്തീകരിക്കപ്പെട്ടു കഴിഞ്ഞു എന്നാണ്. അവിടുന്ന് صلى الله عليه وسلم പറഞ്ഞു: «അതിൽനിന്ന് അല്ലാഹു ഉദ്ദേശിക്കുന്നത് ഇനിയും ഉണ്ടായിക്കൊണ്ടിരിക്കും, തീർച്ച». (മുസ്ലിമും മറ്റും ഉദ്ധരിച്ച ഹദീസ്] (അൽബാനി സ്വഹീഹഃയിൽ ഉൾപ്പെടുത്തിയത്) ലാത്തയും ഉസ്സയും ആരാധിക്കപ്പെടുന്നതു വരെ ലോകാവസാനം സംഭവിക്കില്ലെന്ന് കേൾക്കുമ്പോൾ ആരും കരുതുക, ഇസ്ലാമിന്റെ നല്ല നാളുകൾ അവസാനിച്ചു എന്നാണ്. «എല്ലാ മതങ്ങളെയും അതിജയിക്കാനായി അല്ലാഹുവാണ് സന്മാർഗ്ഗവും സത്യദീനുമായി തന്റെ ദൂതനെ അയച്ചത് - മുശ്രിക്കുകൾ അതെത്ര വെറുത്താലും» എന്ന ഖുർആൻ സൂക്തം ധ്വനിപ്പിക്കുന്നത്, അത്തരം വിജയങ്ങൾ നബി صلى الله عليه وسلم യുടെയും ഉത്തരാധികാരികളായ ഖുലഫാക്കളുടെയും തുടർന്നു വന്ന നല്ലവരായ രാജാക്കന്മാരുടെയും കാലത്തോടെ തീർന്നു എന്നുമാണ്. ഈ സംശയമാണ് വിശ്വാസികളുടെ മാതാവായ ആയിശഃ رضي الله عنها പങ്കുവെക്കുന്നത്. അപ്പോഴാണ് നബി صلى الله عليه وسلم തിരുത്തുന്നത്. അല്ല, അത്തരം വിജയങ്ങൾ ഇനിയും വരാനുണ്ട്; ഭാവി ഇസ്ലാമിന്റേതാണെന്ന്. അഹ്സാബ് യുദ്ധത്തോടനുബന്ധിച്ച് മദീനക്കു ചുറ്റും കിടങ്ങ് കുഴിക്കുന്ന സന്ദർഭത്തിലാണ് ഇത്തരമൊരു സുവിശേഷം നബി صلى الله عليه وسلم മറ്റൊരിക്കൽ തന്റെ അനുചരന്മാരോട് പങ്കുവെക്കുന്നത്. അവിടുന്ന് പറയുന്നു: «إن الله زوى (أي جمع وضم) لي الأرض، فرأيت مشارقها ومغاربها وإن أمتي سيبلغ ملكها ما زوي لي منها» الحديث، رواه مسلم. [الألباني في سلسلة الأحاديث الصحيحة] [«നിശ്ചയമായും അല്ലാഹു എന്റെ മുന്നിൽ ഭൂമി ചുരുട്ടിക്കാണിച്ചു. അങ്ങനെ ഞാൻ അതിലെ കിഴക്കും പടിഞ്ഞാറുമുള്ള ദേശങ്ങൾ കണ്ടു. തീർച്ചയായും എന്റെ സമുദായത്തിന്റെ ആധിപത്യം അതിൽനിന്ന് എനിക്ക് ചുരുട്ടിക്കാണിച്ചിടങ്ങളിലെല്ലാം എത്തുക തന്നെ ചെയ്യും». മുസ്ലിം ഉദ്ധരിച്ച ഹദീസ്.] (അൽബാനി സ്വഹീഹഃയിൽ ഉൾപ്പെടുത്തിത്) നബി صلى الله عليه وسلم യുടെ കാലശേഷം തന്റെ സമുദായത്തിനു വരാനിരിക്കുന്ന വിജയങ്ങളെ കുറിച്ചാണ് ഈ ഹദീസ് സംസാരിക്കുന്നത്. വിജയങ്ങൾ അവസാനിച്ചിട്ടില്ല, അത് ആവർത്തിച്ചു കൊണ്ടിരിക്കുമെന്ന യാഥാർത്ഥ്യത്തിലേക്കു കൂടി മേൽ വചനം വിരൽ ചൂണ്ടുന്നു. അതിന്റെ വ്യാപ്തിയെ കുറിച്ച് അവിടുന്ന് ഒന്നു കൂടി വ്യക്തമാക്കിയത് ഇപ്രകാരം വായിക്കാം: «ليبلغن هذا الأمر ما بلغ الليل والنهار ولا يترك الله بيت مدر ولا وبر إلا أدخله الله هذا الدين بعز عزيز أو بذل ذليل عزا يعز الله به الإسلام وذلا يذل به الكفر» رواه جماعة ذكرتهم في تحذير الساجد (ص ١٢١) ورواه ابن حبان في صحيحه. [الألباني في سلسلة الأحاديث الصحيحة] [«രാപ്പകലുകൾ എത്തുന്നിടത്തൊക്കെ ഈ സന്ദേശവും ചെന്നെത്തുക തന്നെ ചെയ്യും. മൺകുടിലുകളോ രോമാലംകൃതമായ കൂടാരങ്ങളോ ഒന്നിനെയും, ഈ മതം ഒന്നുകിൽ ഒരു പ്രതാപശാലിയുടെ പ്രതാപത്തിലൂടെ, അല്ലെങ്കിൽ ഒരു അധമൻ പേറുന്ന നിന്ദ്യതയിലൂടെ, അവിടെ പ്രവേശിപ്പിച്ചിട്ടല്ലാതെ അല്ലാഹു വിട്ടുകളയില്ല. അഥവാ ഇത് സ്വീകരിക്കുന്നവർക്ക് നൽകുന്ന പ്രതാപത്തിലൂടെ; അതു മുഖേന ഇസ്ലാമിന് അല്ലാഹു പ്രതാപമേകുന്നു. അല്ലെങ്കിൽ ഇത് നിരസിക്കുന്നവർക്ക് നല്കുന്ന നിന്ദ്യതയിലൂടെ; അതു മുഖേന അല്ലാഹു അവിശ്വാസത്തെ നിന്ദ്യമാക്കുന്നു». ഒരു പറ്റം മുഹദ്ദിസുകൾ ഉദ്ധരിച്ചത്, കൂടാതെ ഇബ്നു ഹിബ്ബാൻ തന്റെ സ്വഹീഹിലും]
(അൽബാനി സ്വഹീഹഃയിൽ ഉൾപ്പെടുത്തിയത്) നബി صلى الله عليه وسلم യുടെ വിയോഗാനന്തരം ഒരു നൂറ്റാണ്ട് കഴിയുമ്പോൾ കിഴക്ക് ചൈനാ വൻമതിൽ വരെയും പടിഞ്ഞാറ് അറ്റ്ലാൻറിക് സമുദ്രം വരെയും നീണ്ടു കിടക്കുന്ന അനന്ത വിസ്തൃതമായ പ്രദേശങ്ങളിൽ ഇസ്ലാം വ്യപിച്ചു കഴിഞ്ഞിരുന്നു. അഥവാ ദീനും ഭാഷയും സംസ്കാരവും ഒരുമിച്ച് ഇഴപിരിയാതെ അവിടങ്ങളിൽ ആഴത്തിൽ സ്വാധീനമുറപ്പിച്ചിരുന്നു എന്ന് സാരം. അവിടങ്ങളിൽ വസിച്ചിരുന്ന ജനവിഭാഗങ്ങൾ ഇസ്ലാമിന്റെ വിശ്വാസാചാരങ്ങൾ സ്വീകരിച്ചതു പോലെ ഖുർആനിന്റെ ഭാഷയെയും സംസ്കാരത്തെയും കൂടി നെഞ്ചേറ്റിയിരുന്നു. ഒന്നര സഹസ്രാബ്ദം പിന്നിടുമ്പോൾ അതിന്റെ അവശേഷിപ്പുകളും അലയൊലികളും ഇന്നും അവിടങ്ങളിൽ മായാതെ മുദ്രചാർത്തപ്പെട്ടുകിടക്കുന്നത് ചരിത്ര വിദ്യാർത്ഥികൾക്ക് പഠനവിഷയം മാത്രമല്ല വലിയ കൗതുകം കൂടിയാണ്. — അബൂ ത്വാരിഖ് സുബൈർ حفظه الله 02 മുഹർറം 1446 / 08 ജൂലൈ 2024 • • • • • بسم الله الرحمن الرحيم عن نافع أن رجلا سأل ابن عمر عن مسالة فطأطأ ابن عمر رأسه ولم يجبه حتى ظن الناس أنه لم يسمع مسألته. قال فقال له: يرحمك الله أما سمعت مسألتي؟ قال: بلى، ولكنكم كأنكم ترون أن الله ليس بسائلنا عما تسألوننا عنه. اتركنا يرحمك الله حتى نتفهم في مسألتك فإن كان لها جواب عندنا وإلا أعلمناك أنه لا علم لنا به. [الطبقات الكبرى لابن سعد] നാഫിഅ് رحمه الله പറയുന്നു: ഒരു മനുഷ്യൻ ഇബ്നു ഉമർ رضي الله عنهما യോട് ഒരു വിഷയത്തെക്കുറിച്ച് ചോദിച്ചു. അപ്പോൾ ഇബ്നു ഉമർ رضي الله عنهما തന്റെ തലതാഴ്ത്തി നിന്നു, അയാൾക്ക് മറുപടി നൽകിയില്ല.
അയാളുടെ ചോദ്യം അദ്ദേഹം കേട്ടിട്ടില്ലെന്ന് ആളുകൾ കരുതുവോളം അങ്ങനെ നിന്നു. അപ്പോൾ അയാൾ വീണ്ടും ചോദിച്ചു: അല്ലാഹു താങ്കൾക്ക് കരുണ ചൊരിയട്ടെ, എന്റെ ചോദ്യം താങ്കൾ കേട്ടില്ലെയോ? അദ്ദേഹം പ്രതിവചിച്ചു: കേട്ടു, പക്ഷെ നിങ്ങൾ ഞങ്ങളോട് ചോദിക്കുന്ന-തിനെക്കുറിച്ച് അല്ലാഹു നമ്മോട് ചോദിക്കില്ലെന്ന് കരുതുന്ന പോലെയാണ് നിങ്ങളുടെ സ്ഥിതി. നിങ്ങൾ ചോദിച്ച കാര്യത്തെ ശരിക്ക് മനസ്സിലാക്കിയെടുക്കും വരെ നമ്മെ വെറുതെ വിടൂ – അല്ലാഹു നിങ്ങൾക്ക് കരുണചെയ്യട്ടെ – എന്നിട്ട് നമ്മുടെ പക്കൽ അതിന് ഉത്തരമുണ്ടെങ്കിൽ.., അല്ലാത്ത പക്ഷം നമുക്കത് അറിയില്ല എന്ന് നിങ്ങൾക്ക് വിവരം തരാം. [ഇബ്നു സഅ്ദ് ത്വബഖാതിൽ ഉദ്ധരിച്ചത്]
— അബൂ തൈമിയ്യഃ ഹനീഫ് ബാവ حفظه الله 04 മുഹർറം 1446 / 10 ജൂലൈ 2024 • • • • • സദ് വൃത്തരേ, നിങ്ങളെ കാത്തിരിക്കുന്നു, ഖുആനികാശയങ്ങളുടെ വെള്ളിവെളിച്ചം ഇടതൂർന്ന നടപ്പാതകൾ, അതിലൂടെ ഒരുല്ലാസ യാത്ര! ജ്ഞാനികളുടെ കൂടെ നടക്കാം, അവരെ കേൾക്കാം, അവരോട് സല്ലപിക്കാം, നല്ലതിനെ കുറിച്ചാലോചിക്കാം, നല്ലതു കേട്ട് നല്ലതു പറയാം. ഇബ് നുൽ ഖയ്യിം رحمه الله യുടെ കൂടെ വരൂ.. അല്ലാഹു ഇറക്കിയ ഗ്രന്ഥങ്ങളിൽ ഏറ്റവും ബൃഹത്തായത് ഖുർആൻ. അതിൽ ഏറ്റവും മഹത്തായ അധ്യായം ഫാതിഹഃ. അതിലെ ഏറ്റവും സാരസമ്പൂർണ്ണമായ സൂക്തം ‘ഇയ്യാക്ക നഅ്ബുദു, വ ഇയ്യാക്ക നസ് തഈൻ’. അതിലടങ്ങിയ പ്രൗഢമായ ആശയാവലികളുടെ വിസ് മയാവഹമായ പടികൾ കേറാം, അവയുടെ ഒരു നേർവിവരണം കേൾക്കാം. إنَّ كلَّ آيةٍ في القرآن فهي متضمِّنةٌ للتّوحيد، شاهدةٌ به، داعيةٌ إليه؛ فإنَّ القرآنَ إمّا خبرٌ عن الله وأسمائه وصفاته وأفعاله، فهو التَّوحيدُ العلميُّ الخبريُّ. وإمّا دعوةٌ إلى عبادته وحده لا شريك له، وخلعِ كلِّ ما يُعبَد من دونه، فهو التَّوحيدُ الإراديُّ الطّلبيُّ. وإمّا أمرٌ ونهيٌ وإلزامٌ بطاعته وأمره ونهيه، فهي حقوق التّوحيد ومكمِّلاته. وإمّا خبرٌ عن إكرامه لأهل توحيده وطاعته، وما فعَل بهم في الدُّنيا، وما يُكرمهم به في الآخرة؛ فهو جزاء توحيده. وإمَّا خبرٌ عن أهل الشِّرك، وما فعَلَ بهم في الدُّنيا من النَّكال، وما يحُلُّ بهم في العقبى من العذاب؛ فهو جزاءُ مَن خرج عن حكم التّوحيد، فالقرآن كلُّه في التّوحيد وحقوقه وجزائه. [ابن القيم في مدارج السالكين] [ഖുർആനിലുള്ള സൂക്തികൾ മുഴുവനും തൗഹീദ് ഉൾക്കൊള്ളുന്നവയാണ്, അതിനെ സാക്ഷീകരിക്കുന്നവയാണ്, അതിലേക്ക് ക്ഷണിക്കുന്നവയാണ്.
ഖുർആൻ ഒന്നുകിൽ അല്ലാഹുവിനെ, അവന്റെ നാമങ്ങളെ, ഗുണവിശേഷങ്ങളെ, അപ ദാനങ്ങളെ കുറിച്ചുള്ള വൃത്താന്തങ്ങളാണ് - അത് ജ്ഞാനാത്മകവും വൃത്താന്തപരവുമായ തൗഹീദ്. അല്ലെങ്കിൽ, ഒരു പങ്കാളിയുമില്ലാതെ ഏകനാക്കി, അല്ലാഹുവിനെ മാത്രമേ ആരാധിക്കാവൂ എന്നതിലേക്കുള്ള ക്ഷണമാണ്; അവനു പുറമെ ആരാധിക്കപ്പെടുന്നവയെ എല്ലാം നിരാകരിക്കണം എന്നതിലേക്കുള്ള ക്ഷണമാണ് - അത് ലക്ഷ്യാത്മകവും ശാസനാപരവുമായ തൗഹീദ്. അല്ലെങ്കിൽ, അല്ലാഹുവിനും അവന്റെ കല്പനാവിലക്കുകൾക്കും വഴിപ്പെടാനുള്ള നിർബ്ബന്ധമാണ് - അത് തൗഹീദിന്റെ അവകാശങ്ങളും പൂരകങ്ങളുമാണ്. അല്ലെങ്കിൽ, മുവഹിദുകൾക്കും അവനു വഴിപ്പെടുന്നവർക്കും അവൻ കൽപിക്കുന്ന ആദരവുകളെ കുറിച്ച്, ഇഹലോകത്ത് അവർക്ക് എന്തു ചെയ് തുകൊടുത്തു, പരലോകത്ത് അവർക്ക് എന്ത് ചെയ് തുകൊടുക്കാൻ പോകുന്നു എന്നതിനെ കുറിച്ചുള്ള വൃത്താന്തങ്ങളാണ് - അത് തൗഹീദിനു നൽകുന്ന പ്രതിഫലം. അല്ലെങ്കിൽ, ശിർക്കന്മാരെ കുറിച്ച്, ഇഹത്തിൽ അവർക്കു നൽകിയ ഗുണപാഠത്തെ കുറിച്ച്, പരലോകത്ത് അവർക്ക് വരാനിരിക്കുന്ന ശിക്ഷയെ കുറിച്ച് നൽകുന്ന വൃത്താന്തങ്ങളാണ് - അത് തൗഹീദിൽനിന്ന് പുറത്തു പോയവർക്കുള്ള ശിക്ഷ. അപ്പോൾ ഖുർആൻ മുഴുവനും തൗഹീദിനെയും അതിന്റെ അവകാശങ്ങളെയും അതിനുള്ള പ്രതിഫലത്തെയും സംബന്ധിച്ചാണ്; ശിർക്കിനെയും അതിന്റെ ആളുകളെയും അവർക്കുള്ള ശിക്ഷയെയും സംബന്ധിച്ചാണ്.] — ഇബ് നുൽ ഖയ്യിം | മദാരിജുസ്സാലികീനിൽ വിവ: അബൂ ത്വാരിഖ് സുബൈർ حفظه الله 04 മുഹർറം 1446 / 10 ജൂലൈ 2024 • • • • • ഉലമാക്കൾക്ക് സംഭവിക്കുന്ന വീഴ്ചകളിൽ അവർ പശ്ചാത്തപിക്കുന്നതുമായി ബന്ധപ്പെട്ട് ഇമാം അഹ്മദിനോട് ഒരാൾ ചോദിച്ചു : അപ്പോഴദ്ദേഹം പറഞ്ഞു
إِلَّا ٱلَّذِینَ تَابُوا۟ وَأَصۡلَحُوا۟ وَبَیَّنُوا۟ فَأُو۟لَـٰۤىِٕكَ أَتُوبُ عَلَیۡهِمۡ وَأَنَا ٱلتَّوَّابُ ٱلرَّحِیمُ ( البقرة - ١٦٠) ഈ ആയത് പാരായണം ചെയ്തു. "പശ്ചാത്തപിക്കുകയും (പ്രവർത്തനം) നന്നാക്കുകയും (വ്യക്തത വരുത്തുകയും) വിവരിച്ചുകൊടുക്കുകയും ചെയ്തവരെയൊഴികെ. എന്നാല്, അവരാകട്ടെ, അവരുടെ പശ്ചാത്താപം നാം സ്വീകരിക്കുന്നതാണ്. ഞാൻ, കൂടുതൽ പശ്ചാത്താപം സ്വീകരിക്കുന്നവനും, കരുണാനിധിയുമായവൻ " ذيل طبقات الحنابلة ، لابن رجب (1/300) - ബശീർ പുത്തൂർ
ഇബ്നു തീമിയ റഹിമഹുള്ള മരണപ്പെട്ടു. ഞാൻ അദ്ദേഹത്തിന്റെ മുഖത്തെ തുണി നീക്കി അദ്ദേഹത്തെ ചുംബിച്ചു. ഞങ്ങൾ അദ്ദേഹത്തെ അവസാനവട്ടം കണ്ടതിനേക്കാളധികം നരകൾ ഉയർന്നു നിൽക്കുന്നുണ്ടായിരുന്നു. അദ്ദേഹത്തിന് വേണ്ടി ദുആ ചെയ്യുന്ന സ്വാലിഹായ ഒരു മകനെ അദ്ദേഹം ഉപേക്ഷിച്ചു പോയിട്ടില്ല; പക്ഷെ, അദ്ദേഹത്തിന് വേണ്ടി ദുആ ചെയ്യുന്ന സ്വാലിഹായ ഒരു ഉമ്മത്തിനെതന്നെയാണല്ലോ അദ്ദേഹം വിട്ടേച്ച് പോയത്. (അൽബിദായ വന്നിഹായ 18/300) - ബശീർ പുത്തൂർ قال الإمام ابن كثير رحمه الله
ماتَ ابنُ تيمية فكشفتُ عن وجهه وقبَّلتُه وقد علاهُ الشَّيبُ أكثر مما فارقناه ، لم يتركْ ولداً صالحاً يدعو له لكنّه تركَ أُمَّةً صالحةً تدعو له البداية والنهاية : ١٨/٣٠٠ ഇമാം അബ്ദുറഹ്മാൻ അസ്സഅദി رحمه الله പറയുന്നു: ബുദ്ധിമാൻ മനസ്സിലാക്കുന്നു, അവന്റെ ശരിയായ ജീവിതമെന്നാൽ സമാധാനവും സന്തോഷവും നിറഞ്ഞ ജീവിതമാണ്. അതാകട്ടെ വളരെ ഹ്രസ്വമാണ്. വിഷമത്തിലും വ്യഥയിലും മനസ്സിനെ തളച്ചിട്ട് അതിനെ പിന്നെയും വെട്ടിച്ചുരുക്കുന്നത് അവനു ഭൂഷണമല്ല. (الوسائل المفيدة للحياة السعيدة) — അബൂ തൈമിയ്യ ഹനീഫ് ബാവ
مَن رَأَى مُبتَلًى فقال: الحمدُ للهِ الذي عافَانِي مِمَّا ابْتلاكَ به، وفَضَّلَنِي على كَثيرٍ مِمَّنْ خلق تَفضِيلًا، لَمْ يُصِبْهُ ذلكَ البلاءُ ഇബ്നു ഉമർ رضي الله عنه നിവേദനം. നബി صلى الله عليه وسلم പറയുന്നു: ആരെങ്കിലും ഒരു പരീക്ഷിതനെ കാണുമ്പോൾ ഇപ്രകാരം പ്രാർത്ഥിച്ചാൽ അവന് ആ പരീക്ഷണം ബാധിക്കുകയില്ല:
നിനക്ക് നൽകിയ പരീക്ഷണത്തിൽ നിന്ന് എനിക്ക് മുക്തി നൽകുകയും, അവന്റെ മറ്റനേകം സൃഷ്ടികളെക്കാളും എനിക്ക് മികവുറ്റ അവസ്ഥ നൽകുകയും ചെയ്ത അല്ലാഹുവിന്നാണ് സർവ്വസ്തോത്രവും. (അൽബാനി | സ്വഹീഹഃ) കാഴ്ചക്കോ ശരീരത്തിനോ വല്ല പരീക്ഷണവും ബാധിച്ച ഒരാളെ കാണുമ്പോൾ അധിക പേരും മേൽ പറഞ്ഞ ദുആ നടത്താറുണ്ട്. എന്നാൽ, കാഴ്ച്ചപ്പാടിലോ ഗ്രാഹ്യതയിലോ, വിശ്വാസത്തിലോ മൻഹജിലോ, ചിന്താരീതിയിലോ വർത്തനങ്ങളിലോ പരീക്ഷിക്കപ്പെട്ട ഒരാളെ കാണുമ്പോൾ, ഖവാരിജുകളുടെ ചിന്താകുഴപ്പത്തിൽ അകപ്പെട്ട ഒരാളെ കാണുമ്പോൾ പലരും ഈ ദുആ ചെയ്യാറില്ല. ഇത്തരം പരീക്ഷണങ്ങളിലും ഈ ദുആ കൂടുതൽ അർത്ഥവത്താകുന്നു എന്നതാണ് സത്യം. - അന്നഹ്ജുൽ വാളിഹ് എന്ന കുവൈത്ത് സലഫി ചാനലിൽ അബൂ തൈമിയ്യഃ ഹനീഫ് ബാവഃ പറഞ്ഞത് വിവ: അബൂ ത്വാരിഖ് സുബൈർ |
IslamBooks.inBooks and Articles on Islam, correct and pure. Archives
August 2024
Categories
All
|