മുസ്‌ലിം ഭരണാധികാരിയും യുദ്ധം ചെയ്തു കൊണ്ടിരിക്കുന്നതും അല്ലാത്തതുമായ ശത്രുക്കളുമായും കരാറും വെടി നിർത്തലും സന്ധിയും ഉടമ്പടിയും ഒക്കെ അനുവദനീയമായ കാര്യമാണ്.
അള്ളാഹു പറയുന്നു. "നിങ്ങൾ മസ്ജിദുൽ ഹറാമിന്റെ അടുക്കൽ വെച്ച് കരാർ നടത്തിയവർക്കല്ലാതെ എങ്ങിനെയാണ് മുശ്രിക്കുകൾക്ക് അല്ലാഹുവിന്റെ അടുക്കലും അവന്റെ റസൂലിന്റെ അടുക്കലും ഒരു കരാർ നിലവിലുണ്ടാവുക? എന്നാൽ അവർ നിങ്ങളോട് നല്ല നിലയിൽ വർത്തിക്കുമ്പോൾ നിങ്ങൾ അവരോടും നല്ല നിലയിൽ വർത്തിക്കുക. തീർച്ചയായും അള്ളാഹു സൂക്ഷ്മത പുലർത്തുന്നവരെ ഇഷ്ട്ടപ്പെടുന്നു. ഇബ്‌നു തൈമിയ رحمه الله പറയുന്നു. "അവ അനുവദനീയമായ ഉടമ്പടികളാണ്" അള്ളാഹു പറയുന്നു"നിങ്ങൾ ദുർബലരാകരുത്, നിങ്ങൾ ഉന്നതിയിലായിരിക്കെ (ശത്രുക്കളെ) സന്ധിക്കു ക്ഷണിക്കുകയും ചെയ്യരുത്. ഇബ്നു ഹജർ رحمه الله പറയുന്നു. " ആ ആയത്തിൽ പറയുന്ന ശർത്തിന്റെ അർത്ഥം തീർച്ചയായും സന്ധിക്കുള്ള കൽപന, സന്ധി ചെയ്യുന്നതിൽ ഏറ്റവും ഗുണകരം ഇസ്‌ലാമിന് ആയിത്തീരുക എന്ന നിബന്ധനയുടെ അടിസ്ഥാനത്തിലാണ്. യുദ്ധത്തിലുള്ളതോ അല്ലാത്തതോ ആയ ശത്രുവുമായി ഉടമ്പടിയിലും കരാറിലും ഏർപ്പെടുന്നതിന്റെ ലക്ഷ്യം, അല്ലെങ്കിൽ കാരണം നന്മ ഉണ്ടാകലും ഉപദ്രവം തടയലുമാണ്. സമാധാനത്തിന്റെ ആഹ്വാനം മുസ്‌ലിം ഭരണാധികാരിയിൽ നിന്നാണ് പ്രാഥമികമായി ഉണ്ടാകുന്നതെങ്കിൽ, അത് ഭരണാധികാരിയുടെ വിവേചനാധികാരത്തിൽ പെട്ട കാര്യമാണ്. ഇബ്‌നു ഹജർ رحمه الله പറയുന്നു. " സന്ധിക്കു അറിയപ്പെട്ട പരിധിയില്ല. മറിച്ച് അത് മുസ്‌ലിംകൾക്ക് ഏറ്റവും അനുയോജ്യമായ നിലക്കുള്ളതും ഗുണകരവുമായതും എന്ന നിലയിൽ ഭരണാധികാരി കാണുന്ന അഭിപ്രായത്തെ ആശ്രയിച്ചു നിൽക്കുന്നതാണ്." വ്യക്തികൾക്കോ സംഘടനകൾക്കോ പാർട്ടികൾക്കോ അതിൽ ഒരു പങ്കുമില്ല. പൊതു നന്മ നിലനിർത്തലും ഉപദ്രവം തടുക്കലും അള്ളാഹുവിന്റെ ദീനിന്റെ താൽപര്യമാണ്. മുസ്‌ലിംകൾക്കു വന്നു പെടാൻ സാധ്യതയുള്ള അപകടാവസ്ഥകളെ സാധിക്കുമെങ്കിൽ തടഞ്ഞു നിർത്തേണ്ട മതപരമായ ബാധ്യത ഭരണാധികാരികൾക്കുണ്ട്. അതിന് പൂർണ്ണമായി കഴിയാത്ത പക്ഷം സാധിക്കുന്ന വിധത്തിൽ പരമാവധി കഴിവും പ്രാപ്തിയും വിനിയോഗിച്ചു കൊണ്ട് കൂടുതൽ അപകടം നിറഞ്ഞ അവസ്ഥകൾ സംജാതമാകാതിരിക്കാൻ പരിശ്രമിക്കേണ്ട ബാധ്യത ഭരണാധികാരിക്കുണ്ട്. അള്ളാഹു പറയുന്നു. " നിങ്ങൾക്ക് കഴിയുന്ന വിധത്തിൽ നിങ്ങൾ അള്ളാഹുവിനെ സൂക്ഷിക്കുക" അള്ളാഹു പറയുന്നു. " ഒരു ആത്മാവിനെയും അതിന്റെ കഴിവിൽ പെടാത്തത് ചെയ്യാൻ അള്ളാഹു നിർബന്ധിക്കുന്നില്ല. അത് സമ്പാദിച്ചത് അതിന് തന്നെയുള്ളതാണ്. അത് സമ്പാദിച്ച തിന്മകളും അതിനു തന്നെ. സന്ധിയിലൂടെയും സമാധാനമാർഗ്ഗത്തിലൂടെയും ഉപദ്രവങ്ങൾ തടുക്കാനുള്ള ശ്രമങ്ങൾ ഭരണാധികാരിയുടെ ഭാഗത്തു നിന്നുമുണ്ടാകണം. അബു ഹുറൈറرضي الله عنهനിന്ന് ഇബ്‌നു ഹിബ്ബാൻ حمه الله രിവായത്തു ചെയ്യുന്നു. നബി ﷺ യുടെ അരികിൽ ഹാരിഥ് അൽ ഗതഃഫാനി വന്നിട്ട് ഇങ്ങിനെ പറഞ്ഞു: "മുഹമ്മദേ, മദീനയിലെ കാരക്ക ഞങ്ങൾക്ക് നീ പകുത്തു നൽകണം. അപ്പോൾ അദ്ദേഹം പറഞ്ഞു "ഞാൻ സുഊദുമാരോട് കുടിയാലോചിക്കട്ടെ" എന്നിട്ടദ്ദേഹം സഅദ് ബിൻ മുആദ്, സഅദ് ബിൻ ഉബാദ, സഅദ് ബിൻ റബീഉ, സഅദ് ബിൻ ഖൈതമ, സഅദ് ബിൻ മസ്ഊദ് എന്നിവരോട് അന്വേഷിച്ചു. അദ്ദേഹം അവരോടു ചോദിച്ചു. "അറബികൾ ഒറ്റക്കെട്ടായി നിങ്ങളെ ആക്രമിച്ചിട്ടുണ്ട് എന്ന കാര്യം എനിക്കറിയാം. ഹാരിഥ് നിങ്ങളോട് മദീനയിലെ കാരക്ക അവർക്കു കൂടി പകുത്തു നൽകാൻ ആവശ്യപ്പെടുന്നു. ഈ വർഷത്തിലേത് നിങ്ങൾ അങ്ങിനെ ഉദ്ദേശിക്കുന്നുവെങ്കിൽ ആകാവുന്നതാണ്. അപ്പോൾ അവർ ചോദിച്ചു "അല്ലാഹുവിന്റെ റസൂലേ, ഇത് അല്ലാഹുവിൽ നിന്നുള്ള വഹ്‌യ് ആണെങ്കിൽ അല്ലാഹുവിന്റെ കൽപന ഞങ്ങൾ സ്വീകരിക്കാം. ഇനി അതല്ല, താങ്കളുടെ ഇഷ്ടവും അഭിപ്രായവുമാണെങ്കിൽ അതും ഞങ്ങൾ സ്വീകരിക്കാം. അത് രണ്ടുമല്ലെങ്കിൽ, ഞങ്ങൾ അവരെയും ഞങ്ങളെയും ഒരുപോലെയാണ് കാണുന്നത്. കാശ് നൽകി വാങ്ങിയാലല്ലാതെ ഞങ്ങളിൽ നിന്ന് അവർക്ക് ഒരു ചുള കാരക്കയും ലഭിക്കില്ല. അപ്പോൾ നബി ﷺ (ഹാരിഥിനോട്) പറഞ്ഞു. "അവർ പറയുന്നത് എങ്ങിനെയാണെന്ന് നിങ്ങൾ കേട്ടല്ലോ" അപ്പോഴവർ പറഞ്ഞു "മുഹമ്മദേ, നീ ചെയ്തത് ചതിയാണ്" അപ്പോൾ ഹസ്സാൻ ബിൻ താബിത് رضي الله عنه നബി ﷺ യെ പ്രകീർത്തിച്ചു കൊണ്ട് കവിത പാടുകയും അദ്ദേഹത്തിന്റെ മഹത്വം വർണ്ണിക്കുകയും ചെയ്തു. നബി ﷺ ഖൈബറുകാരോടും നജ്‌റാൻ കാരോടും അല്ലാത്തവരോടും സന്ധി ചെയ്തിട്ടുണ്ട്. ഖുറൈശികളോട് അവർ സന്ധി ലംഘിക്കുന്നത് വരെ കരാറിലേർപ്പെടുകയും ഉടമ്പടി രേഖയിൽ തുല്യം ചാർത്തുകയും ചെയ്തിട്ടുണ്ട്. ശൈഖ് ഇബ്‌നു ബാസ് رحمه الله പറയുന്നു. “ജൂതന്മാരും അല്ലാത്തവരുമായ സത്യനിഷേധികളോട് മുസ്‌ലിം ഭരണാധികാരികൾ ഉടമ്പടിയിലേർപ്പെടുന്നത് അവരോടുള്ള മതപരമായ ബന്ധത്തെയോ മൈത്രിയെയോ അനിവാര്യമാക്കുന്നില്ല. മറിച്ച് ഇരു ഭാഗത്തും സമാധാനം പുലരാനും പരസ്പര ആക്രമത്തിന് അറുതി വരുത്താനും ക്രയ വിക്രയം, വാണിജ്യം ഉഭയകക്ഷി ബന്ധങ്ങൾ എന്നിവ മെച്ചപ്പെടുത്താനുമാണ്. അവിശ്വാസികളുമായുള്ള ഇത്തരം സമാധാന ഉടമ്പടികൾ സ്വഹാബികളുടെ കാലം തൊട്ടു തന്നെ ചരിത്രത്തിൽ ഒരുപാടുണ്ടായിട്ടുണ്ട്. ഇബ്നുൽ അറബി رحمه الله തന്റെ തഫ്സീറിൽ പറയുന്നു. സന്ധി ചെയ്യുന്നതിലൂടെ മുസ്‌ലിംകൾക്ക് പൊതുവെ ഗുണവും നന്മയും സംജാതമാവുമെന്നുണ്ടെങ്കിൽ മുസ്‌ലിംകൾ തന്നെ അതിനു മുൻകൈയെടുക്കുന്നതിൽ തെറ്റില്ല. നജ്‌റാൻകാരും ഖൈബർകാരുമൊക്കെയായി നബി ﷺ സന്ധി ചെയ്തിട്ടുണ്ട്. ഖുറൈശികളുമായി പത്തു കൊല്ലത്തോളം സമാധാന ഉടമ്പടി ഉണ്ടായിട്ടുണ്ട്. അവസാനം അവർ കരാർ ലംഘിക്കുകയാണുണ്ടായത്. അതേ പാത തന്നെയാണ് ഖലീഫമാരും സ്വഹാബികളും പിന്തുടർന്നത്. ഇന്ന് ❖ ഇന്നലെകളിൽ, മുസ്‌ലിം ഭരണാധികാരികൾ സിയോണിസ്റ്റുകളുമായി സമാധാന കരാറുണ്ടാക്കുന്നതിനെ എതിർക്കുകയും, അത് മതപരമായി നിഷിദ്ധവും മഹാ പാതകവുമായി വീക്ഷിച്ചിരുന്ന ഹമാസ്, അധിനിവേശ സിയോണിസ്റ്റ് ശത്രുക്കളുമായി സ്വയം കരാറിലെത്തി !! അങ്ങിനെ, ഇന്ന്, വെള്ളിയാഴ്ച രാവിലെ തൊട്ട് ഇഖ്‌വാനീ ഹമാസും ശത്രുക്കളായ സിയോണിസ്റ്റുകളും തമ്മിൽ വെടി നിർത്തൽ കരാർ പ്രാബല്യത്തിൽ വന്നു. ഹമാസിന്റെ പക്കലുള്ള 50 ബന്ധികൾക്കു പകരമായി, സ്ത്രീകളും കുട്ടികളുമടക്കം സിയോണിസ്റ്റ് ജയിലുകളിൽ കഴിയുന്ന 150 ഫലസ്തീനി തടവുകാരെ കൈമാറ്റം ചെയ്യാമെന്ന വ്യവസ്ഥയിൽ നാല് ദിവസത്തേക്കാണ് വെടി നിർത്തൽ. കൂടാതെ, ഗാസയിലേക്ക് കൂടുതൽ മാനുഷിക സഹായങ്ങൾ എത്തിക്കാനും ഗാസ നിവാസികൾക്ക് വടക്കു നിന്ന് തെക്കോട്ടുള്ള ഗതാഗത സ്വാതന്ത്ര്യവും വ്യവസ്ഥ ചെയ്യുന്നു.
➤ ഹമാസി പറയുന്നു ▶ ആദ്യമായി, ശത്രു സേനയിലെ 2500 കൊല്ലപ്പെട്ടു !! ♦️ഞാൻ ചോദിക്കുന്നു. " ഗാസയിലെ ആയിരക്കണക്കിന് സ്ത്രീകളെയും കുട്ടികളെയും പ്രായമായവരെയും കൊല്ലുകയും ആയിരങ്ങളെ ബന്ധനസ്ഥരാക്കുകയും ആയിരങ്ങൾ കാണാതാവുകയും ആയിരങ്ങൾ മുറിവേൽക്കപ്പെടുകയും ഒന്നര ലക്ഷം പേർ ആട്ടിയോടിക്കപ്പെടുകയും ചെയ്യപ്പെട്ടതിന് പകരമാവുമോ 2500 പേർ ? ഇത് മതപരമായി അനുവദിക്കപ്പെട്ടതാണോ ? ●ചോദ്യം : ഇതിന് നിങ്ങൾ "അതെ"യെന്ന് ഉത്തരം പറയുകയും "വിജയ"മെന്ന് വിശേഷിപ്പിക്കുകയും ചെയ്യുമോ? ➤ ഹമാസി പറയുന്നു ▶ആദ്യമായി ഉന്നത പദവിയിലിരിക്കുന്ന 300 സിയോണിസ്റ്റ് പട്ടാളക്കാർ ബന്ധനസ്ഥരായി ♦️ ഞാൻ ചോദിക്കുന്നു. " ഗാസയിലെ ആയിരക്കണക്കിന് സ്ത്രീകളെയും കുട്ടികളെയും പ്രായമായവരെയും കൊല്ലുകയും ആയിരങ്ങളെ ബന്ധനസ്ഥരാക്കുകയും ആയിരങ്ങൾ കാണാതാവുകയും ആയിരങ്ങൾ മുറിവേൽക്കപ്പെടുകയും ഒന്നര ലക്ഷം പേർ ആട്ടിയോടിക്കപ്പെടുകയും ചെയ്യപ്പെട്ടതിന് പകരമാവുമോ 300 പേർ? ഇത് മതപരമായി അനുവദിക്കപ്പെട്ടതാണോ ? ●ചോദ്യം : ഇതിന് നിങ്ങൾ "അതെ"യെന്ന് ഉത്തരം പറയുകയും "വിജയ"മെന്ന് വിശേഷിപ്പിക്കുകയും ചെയ്യുമോ? ➤ ഹമാസി പറയുന്നു ▶ അര ലക്ഷം സിയോണിസ്റ്റ് കുടിയേറ്റക്കാർ ആട്ടിയോടിക്കപ്പെട്ടു ♦️ഞാൻ ചോദിക്കുന്നു. " ഗാസയിലെ ആയിരക്കണക്കിന് സ്ത്രീകളെയും കുട്ടികളെയും പ്രായമായവരെയും കൊല്ലുകയും ആയിരങ്ങളെ ബന്ധനസ്ഥരാക്കുകയും ആയിരങ്ങൾ കാണാതാവുകയും ആയിരങ്ങൾ മുറിവേൽക്കപ്പെടുകയും ഒന്നര ലക്ഷം പേർ ആട്ടിയോടിക്കപ്പെടുകയും ചെയ്യപ്പെട്ടതിന് പകരമാവുമോ അര ലക്ഷം സിയോണിസ്റ്റ് കുടിയേറ്റക്കാർ ഭവന രഹിതരാകുന്നത്? ഇത് മതപരമായി അനുവദിക്കപ്പെട്ടതാണോ ? ●ചോദ്യം : ഇതിന് നിങ്ങൾ "അതെ"യെന്ന് ഉത്തരം പറയുകയും "വിജയ"മെന്ന് വിശേഷിപ്പിക്കുകയും ചെയ്യുമോ? ➤ ഹമാസി പറയുന്നു ▶ നിങ്ങളോട് ചോദിക്കുകയാണ് : അല്ലാഹുവിന്റെ തുലാസിൽ മുസ്‌ലിമിനാണോ അതല്ല ഭൂമിക്കാണോ കൂടുതൽ പ്രാധാന്യം ? ♦️ ഞാൻ പറയുന്നു അള്ളാഹുവിന്റെ തുലാസിൽ കൂടുതൽ പ്രാധാന്യം മുസ്‌ലിമിനാണൊ? നബി ﷺ പറയുന്നു. " അല്ലാഹുവിന്റെ പക്കൽ, ദുനിയാവ് തന്നെ നശിച്ചു പോകുന്നതിനേക്കാൾ ഗുരുതരമാണ് അന്യായമായി ഒരു മുസ്‌ലിമിന്റെ രക്തം ചിന്തുന്നത്. ഭൂമിയെക്കാൾ, ഫലസ്തീനി മുസ്‌ലിമിന്റെ ചോരയാണ് ഏറ്റവും സംരക്ഷിക്കപ്പെടേണ്ടത്. അതിനാൽ തന്നെ ബലഹീനതയും അശക്തിയും നിലനിൽക്കുമ്പോൾ യുദ്ധത്തിന് കൽപനയില്ല. അല്ലാഹുവിന്റെ ദീനിൽ യുദ്ധത്തിന് നിബന്ധനകളുണ്ട്. ശക്തിയും ശേഷിയും വ്യക്തമായ മുസ്‌ലിം ഭരണാധികാരിയുടെ നേതൃത്വവും അടക്കം സുന്നത്തിന് അനുസൃതമായ നിബന്ധനകൾ പൂർത്തിയാകുന്ന പക്ഷം അല്ലാഹു പറഞ്ഞ "നിങ്ങൾക്ക് യുദ്ധം നിയമമാക്കപ്പെട്ടു" എന്ന് നാം എല്ലാവരോടും പറയും ഏറ്റു മുട്ടാനുള്ള ശക്തിയും ശേഷിയും ഇല്ലാത്ത ബലഹീന സാഹചര്യങ്ങളിൽ മുസ്‌ലിംകൾ യുദ്ധത്തിൽ നിന്ന് ഒഴിവ് നൽകപ്പെട്ടവരാണ്. അവരപ്പോൾ ദുർബലരാണ് ഇമാം മുസ്‌ലിം رحمه الله തന്റെ സ്വഹീഹിൽ, ഇബ്‌നു മസ്ഊദ് رضي الله عنه നിന്ന് ഉദ്ധരിക്കുന്നു. അദ്ദേഹം പറയുന്നു. "നബി ﷺ കഅബക്കരികിൽ വെച്ച് നമസ്കരിക്കുന്നതിനിടയിൽ, അബു ജഹലും അനുയായികളും അവിടെ ഇരിക്കുന്നു. -കഴിഞ്ഞ ദിവസങ്ങളിൽ ഏതാനും ഒട്ടകങ്ങളെ അറുത്തിട്ടുണ്ട്.- അബു ജഹൽ ചോദിച്ചു. "ആരാണ് ആ ഒട്ടകങ്ങളുടെ കുടൽമാലകൾ കൊണ്ട് വന്നു മുഹമ്മദ് സുജൂദ് ചെയ്യുമ്പോൾ അവന്റെ തോളിൽ കൊണ്ട് വന്നിടുക? അപ്പോൾ അവിടെയുണ്ടായിരുന്ന ഏറ്റവും നിർഭാഗ്യവാനായ മനുഷ്യൻ അതിന് മുതിരുകയും നബി ﷺ സുജൂദിലേക്ക് പോയപ്പോൾ അദ്ദേഹത്തിന്റെ ചുമലിൽ ഇടുകയും ചെയ്തു. അപ്പോഴവർ പരസ്പരം ആർത്തട്ടഹസിച്ചു പരിഹസിച്ചു ചിരിച്ചു. ഞാനത് നോക്കിക്കൊണ്ട് നിൽക്കുകയാണ്. എനിക്കത് തടയാൻ കഴിയുമായിരുന്നെങ്കിൽ #റസൂലുള്ളാഹി ﷺ മയുടെ മുതുകിൽ നിന്ന് ഞാനത് തള്ളി മാറ്റുമായിരുന്നു. അങ്ങിനെ നബി ﷺ തന്റെ തല ഉയർത്താൻ കഴിയാതെ സുജൂദിൽ തന്നെ ആയി തുടർന്നു. അംറ് ബിൻ അബസയിൽ നിന്ന് ഇമാം മുസ്‌ലിം رحمه الله രിവായത്തു ചെയ്യുന്ന മറ്റൊരു ഹദീസിൽ, അദ്ദേഹം പറയുന്നു. " ഞാൻ ജാഹിലിയ്യത്തിൽ ആയിരിക്കെ, ജനങ്ങൾ വഴികേടിലാണെന്നും വിഗ്രഹാരാധകരാണെന്നും ഞാൻ ധരിച്ചു വെച്ചിരുന്നു. അപ്പോൾ മക്കയിൽ പല അദൃശ്യ വാർത്തകളും പറയുന്ന ഒരാളെക്കുറിച്ചു കേട്ടു. അങ്ങിനെ ഞാൻ അങ്ങോട്ട് യാത്ര ചെയ്തു. അപ്പോൾ റസൂലുള്ളാഹി ﷺ രഹസ്യപ്രബോധനത്തിലാണെന്ന് ഞാൻ മനസ്സിലാക്കി. അദ്ദേഹത്തിന്റെ ജനത അദ്ദേഹത്തോട് വളരെ കാർക്കശ്യത്തിലുമാണ്. ഞാൻ മക്കയിൽ അദ്ദേഹത്തിന്റെ അടുത്ത് സഹാനുഭൂതിയോടെ ചെന്നു . എന്നിട്ടു അദ്ദേഹത്തോട് ചോദിച്ചു. " എന്താണ് നിങ്ങളുടെ കാര്യം?" അദ്ദേഹം പറഞ്ഞു " ഞാൻ ഒരു നബിയാണ്." അപ്പോൾ ഞാൻ ചോദിച്ചു " എന്ത് നബി " ? അദ്ദേഹം പറഞ്ഞു " എന്നെ അല്ലാഹു അയച്ചതാണ്" എന്തുമായിട്ടാണ് താങ്കളെ അയച്ചതെന്ന് ഞാൻ ചോദിച്ചു അദ്ദേഹം പറഞ്ഞു " കുടുംബ ബന്ധം ചേർക്കാനും വിഗ്രഹങ്ങളെ തകർക്കാനും അല്ലാഹുവിനെ ഇബാദത്തിൽ ഏകനാക്കാനും അവനിൽ യാതൊന്നിനെയും പങ്കുചേർക്കാതിരിക്കാനുമായിട്ട് " ഞാനദ്ദേഹത്തോട് ചോദിച്ചു "ഇക്കാര്യത്തിൽ ആരാണ് താങ്കൾക്കൊപ്പമുള്ളത്" ? അദ്ദേഹം പറഞ്ഞു "ഒരടിമയും ഒരു സ്വതന്ത്രനും" അദ്ദേഹം പറയുന്നു. അന്ന് അദ്ദേഹത്തിന്റെ കൂടെ അബൂബക്കറും ബിലാലും رضي الله عنهما മാത്രമാണ് വിശ്വസിച്ചവരായി ഉണ്ടായിരുന്നത്. അപ്പോൾ ഞാൻ പറഞ്ഞു "ഞാൻ തീർച്ചയായും താങ്കളോടൊപ്പമുണ്ട്." അദ്ദേഹം പറഞ്ഞു ഇന്നത്തെ അവസ്ഥയിൽ നിനക്കതിനു #കഴിയില്ല. എന്റെയും ജനങ്ങളുടെയും അവസ്ഥ നീ കാണുന്നില്ലേ? പക്ഷെ നീ നിന്റെ #കുടുംബത്തിലേക്ക്_മടങ്ങിപ്പോവുക. ഞാൻ മേൽക്കൈ നേടിക്കഴിഞ്ഞുവെന്നറിഞ്ഞാൽ നീ എന്റെ അരികിൽ വരിക. നബി ﷺ അന്ന്, മുസ്‌ലിംകളുടെ ദുർബലാവസ്ഥ അംറിനു ബോധ്യപ്പെടുത്തിക്കൊടുത്തു. ഒരു മുസ്‌ലിം തന്റെ ബാധ്യതകൾ നിറവേറ്റുകയും സൽക്കർമ്മങ്ങൾ ചെയ്യുകയും ചെയ്യുന്ന പക്ഷം ദൗർബല്യം ഒരു ന്യുനതയല്ല. അവിശ്വാസികൾ ഒരു മുസ്‌ലിമായ മനുഷ്യനെ കൊല്ലുന്നത് നബി ﷺ ഭയപ്പെട്ടു. മുസ്‌ലിംകളുടെ അശക്തിയും മുസ്‌ലിംകളോട് ഖുറൈശീ കുഫ്ഫാറുകൾക്കുള്ള ശത്രുതയുടെ കാഠിന്യവും അദ്ദേഹത്തിന് നബി ﷺ വ്യക്തമാക്കിക്കൊടുത്തു. അമ്പും വില്ലും വാളുമുള്ള കാലത്തായിരുന്നു ഇത്. അദ്ദേഹത്തോട് നബി ﷺ ചോദിച്ചു. "ജനങ്ങളുടെ അവസ്ഥയും എന്റെ അവസ്ഥയും നീ കാണുന്നില്ലേ? ഉപസംഹാരം ഇബ്‌നു തൈമിയ്യ رحمه الله പറയുന്നു. ഒരു വീക്ഷണം, ആക്ഷേപാർഹമല്ലെങ്കിൽ അത് സ്വീകരിച്ചവനെ ആക്ഷേപിക്കേണ്ടതില്ല എന്ന കാര്യം സുവിദിതമാണ്. ഇനി അത് ആക്ഷേപാർഹമാണെങ്കിൽ പതിനായിരക്കണക്കിന് മുസ്‌ലിംകളുടെ രക്തം ചൊരിയാൻ കാരണമാകുന്ന അഭിപ്രായത്തേക്കാൾ നല്ലത് ആ വീക്ഷണമാണ്. മനുഷ്യ രക്തം ചിന്തുന്നതിൽ മതപരമോ ഭൗതികപരമോ ആയ ഒരു നന്മയും മുസ്‌ലിംകൾക്കില്ല" (അബു ഉഥ്മാൻ മുഹമ്മദ് അൽ അഞ്ജരി حفظه الله എഴുതിയ ലേഖനത്തിന്റെ ആശയ സംഗ്രഹം) - ബശീർ പുത്തൂർ
0 Comments
Your comment will be posted after it is approved.
Leave a Reply. |
IslamBooks.inBooks and Articles on Islam, correct and pure. Archives
August 2024
Categories
All
|