അടുത്ത ശനിയാഴ്ച, ഇൻശാ അല്ലാഹ്, ബുക്ക് പ്രകാശനം ചെയ്യാനുദ്ദേശിക്കുന്നു. ബുക്കിന്റെ ഡിജിറ്റൽ പതിപ്പ് അന്ന് മുതൽ ഗ്രൂപ്പിൽ ലഭ്യമായിരിക്കും.
“മനുഷ്യരുടെ കഴിവിൽപെട്ട കാര്യങ്ങൾ അവരോട് ചോദിക്കുന്നതു പോലെയാണ് ജിന്നുകളുടെ കഴിവിൽപെട്ട കാര്യം അവരോട് ചോദിക്കുന്നത്. അത് അനുവദനീയമാണ്. അത് അഭൗതികമായ മാർഗ്ഗത്തിലുള്ള ചോദ്യമല്ലാത്തതിനാൽ ശിർക്കല്ല.” ഇങ്ങനെ ഒരു വാദഗതി സമൂഹത്തിൽ നിലനിൽക്കുന്നു. ഇത് പ്രചരിപ്പിക്കുന്നവരുണ്ട്. അത് ശരിയാണെന്ന് അംഗീരിക്കുന്നവരുണ്ട്. അതിനു നേരെ കുറ്റകരമായ മൗനം പാലിക്കുന്നവരുണ്ട്. അത് തെറ്റാണെന്ന് അറിയാമെങ്കിലും ഫലപ്രദമായി ഖണ്ഡിക്കാൻ കഴിയാത്തവരുണ്ട്. ഇരുട്ടിന്റെ വൈതാളികർക്ക് പാമരജനങ്ങളെ എളുപ്പത്തിൽ ആശയക്കുഴപ്പത്തിലാക്കാൻ കഴിയുന്ന വിഷയം. ജിന്നുകളോടുള്ള ചോദ്യം മനുഷ്യരോടുള്ള ചോദ്യം പോലെയല്ലേ? അൽപം താർക്കികമായി സംസാരിച്ചാൽ, ശക്തമായ ഭാഷയിൽ സംശയമുന്നയിച്ചാൽ കൃത്യമായി മറുപടി പറയാൻ കഴിയാതെ പോകുന്ന ഇടത്തരം പണ്ഡിതന്മാർ പോലുമുണ്ട്. ആകയാൽ, ഇത് സംബന്ധിച്ച് സംശയമുണ്ടെങ്കിൽ അറിവുള്ളവരോട് ചോദിക്കൂ. ഈ ഗ്രൂപ്പിൽ അമാനി മൗലവി, അബൂ തൈമിയ്യ, ബഷീർ പുത്തൂൽ പോലുള്ളവരുണ്ട്. അവരോടോ എന്നോടോ നേരിട്ട് സംസാരിച്ച് സംശയം ദൂരീകരിക്കുന്നതായിരിക്കും ഉചിതം. സംശയങ്ങൾ ഉണ്ടാകുമ്പോൾ അത് ചോദിക്കേണ്ടവരോട് ചോദിക്കാൻ മടികാണിക്കുന്ന ചിലരുണ്ട്. അവർ സാധാരണക്കാരോട് ചോദിക്കുകയും ചർച്ച നടത്തുകയും ചെയ്യും. നിങ്ങൾ നിഷ്‌പക്ഷരാണ്, അതുകൊണ്ടാണ് നിങ്ങളോട് പറയുന്നത് എന്നൊരു മുഖവുരയും ചേർക്കും. അങ്ങനെ സംശയരോഗം അവരുമായി പങ്കുവെക്കും. ഇത് ഒരു തെറ്റായ പ്രവണതയാണ്. അതിലൂടെ സംശയം ദൂരീകരിക്കാനാവില്ല. മറ്റൊരാളെ കൂടി സംശയത്തിലും ഇരുട്ടിലും തളച്ചിടാനേ ഉതകൂ. പുറമെ, ഗ്രൂപ്പിലുള്ളവർ കക്ഷിത്വമുള്ളവരാണ് എന്ന ഒരു ധ്വനി വേറെയും. തീർച്ചയായും ഈ നിലപാട് വേദനയുണ്ടാക്കുന്നതാണ്. ജിന്നിനോടുള്ള സഹായം തേടൽ ഇത്തരം രോഗങ്ങൾ ധാരാളം ഉടലെടുക്കാൻ സാധ്യതയുള്ള വിഷയമായതിനാൽ മുൻകൂട്ടി തന്നെ പറയട്ടെ, ചോദിക്കേണ്ടവരോട് ചോദിക്കൂ. ദയവായി മറ്റുള്ളവർക്ക് സംശയരോഗം കൈമാറാതിരിക്കൂ. സൗദിയിലുള്ള ഒരു ഇടത്തരം പണ്ഡിതനോട് ജിന്നിനോട് സഹായം തേടുന്നതിനെ കുറിച്ച് ഒരു മലയാളി സംശയം ചോദിച്ചു. അതിന് അദ്ദേഹം ഒരു മറുപടി നൽകി. ഇക്കാര്യം ശൈഖ് റബീഅ് -حَفِظَهُ اللهُ- യോട് ഒരാൾ ഉദ്ധരിച്ചു. അപ്പോൾ ഈ എളിയവനും ആ സദസ്സിലുണ്ടായിരുന്നു. ശൈഖ് വളരെയധികം ക്ഷോഭിച്ചു. ഇത്തരക്കാരോടാണോ ഇങ്ങനെയുള്ള സങ്കീർണ്ണമായ വിഷയങ്ങൾ ചോദിക്കേണ്ടത്? അത് നിങ്ങൾ മുതിർന്നവരോടല്ലേ ചോദിക്കേണ്ടത്? നിങ്ങൾ ബഹു. മുഫതിയോട് ചോദിക്കൂ, ശൈഖ് ഫൗസാനോട് ചോദിക്കൂ, ശൈഖ് ലുഹൈദാനോട് ചോദിക്കൂ.. അല്ലാതെ ഇത്തരം വിഷയങ്ങൾ ഇതു പോലുള്ളവരോടല്ല ചോദിക്കേണ്ടത് എന്ന് വളരെ ഗൗരവപൂർവ്വം താക്കീത് നൽകുകയും ചെയ്തു. ഇതൊരു ഗുണപാഠമാണ്. ഹൃദയമുള്ളവർക്ക് അത് ഉൾക്കൊള്ളാൻ കഴിയും. ഹൃദയശൂന്യർക്ക് കടിപിടി കൂടാൻ പിന്നെയും ഒരു വാൽക്കഷ്‌ണം ബാക്കിയുണ്ടാകും. വഴിതെറ്റാൻ ഉദ്ദശിക്കുന്നവർക്ക് അവരുടെ മുന്നിൽ ധാരാളം പഴുതകൾ കാണാനാകും എന്ന് ആദ്യമേ ഉണർത്തുന്നു. ഇത് ഒരു നസ്വീഹത്തായി കണ്ടാൽ മതി. വരികളിൽ തെളിയുന്ന വ്യക്തമായ ആശയങ്ങളേ ഇതിലുള്ളു. വരികൾക്കിടയിൽ ചികയാനൊന്നുമില്ല. നമുക്ക് ഏവർക്കും അല്ലാഹു തൗഫീഖ് നൽകട്ടെ. (സുബൈർ. എം)
0 Comments
Your comment will be posted after it is approved.
Leave a Reply. |
IslamBooks.inBooks and Articles on Islam, correct and pure. Archives
August 2024
Categories
All
|