മാന്യരെ,
السلام عليكم ورحمة الله وبركاته അറഫാ ദിവസത്തെ നോമ്പുകൊണ്ട് കഴിഞ്ഞ ഒരു വർഷത്തെയും വരാനിരിക്കുന്ന ഒരു വർഷത്തെയും പാപങ്ങൾ പൊറുക്കപ്പെടും. ഹാജിമാര്‍ അറഫയിൽ നിൽക്കുന്ന ദിവസമാണ് അറഫാ ദിനം. അത് ദുൽഹിജ്ജ ഒമ്പതിനാണ്. അറബി മാസം തീരുമാനിക്കുന്നത് മാസപ്പിറവി കാണുന്നതിനെ അടിസ്ഥാനപ്പെടുത്തിയാണ്. മാസപ്പിറവി ഒരോ വീട്ടിലും പറമ്പിലും മഹല്ലിലും നാട്ടിലും രാജ്യത്തും പ്രത്യേകം പ്രത്യേകം കാണേണ്ടതില്ല. ലോകത്ത് എവിടെയെങ്കിലും ഒരിടത്ത് കാണുകയും, ആ കാഴ്ച ഒരു മുസ്‌ലിം ഭരണാധികാരി അംഗീകരിച്ച് പ്രഖ്യാപിക്കുകയും ചെയ്താൽ ആ വിവരം യഥാസമായം ലഭിക്കുന്ന ഏതൊരാള്‍ക്കും അത് ബാധാകമായിരിക്കും. ഹജ്ജിൻെറ കർമ്മങ്ങൾ നടക്കുന്നത് മക്കയിലാണ്. അവിടുത്തെ ഭരണാധികാരി, ദുൽഹിജ്ജ മാസപ്പിറവി കണ്ടത് അംഗീകരിച്ച് പ്രഖ്യാപിക്കുകയും തദടിസ്ഥാനത്തില്‍ ദുൽഹിജ്ജ ഒമ്പതിന്ന് അറഫാ ദിനം നിശ്ചയിക്കുകയും ചെയ്യുന്നു. അന്നാണ് ഹാജിമാര്‍ അറഫയില്‍ നിൽക്കുന്നത്. മക്കയിലെ ഭരണാധികാരി മക്കയിലെ പ്രാദേശികമായ കാഴ്ച മാത്രമല്ല പരിഗണിക്കുക. ലോകത്ത് എവിടെ കണ്ടാലും, യോഗ്യരായ ആളുകള്‍ സാക്ഷ്യപ്പെടുത്തുന്ന പക്ഷം, അദ്ദേഹത്തിന് അത് അംഗീകരിച്ച് പ്രഖ്യാപിക്കാവുന്നതാണ്. ഉമര്‍ رضي الله عنه അങ്ങനെ ചെയ്തിരുന്നു എന്നത് സുവിദിതമാണല്ലോ. ബലിപെരുന്നാൾ വിഷയത്തിൽ മറ്റു നാട്ടുകാരെല്ലാം മക്കക്കാരെ പിന്തുടരുകയാണ് വേണ്ടതെന്ന് ഇമാം അഹ് മദ്. ശൈഖുൽ ഇസ്‌ലാം ഇബ്‌നു തൈമിയ്യഃ പോലുള്ളവര്‍ പറഞ്ഞതിൻെറ സാംഗത്യവും അതു തന്നെയാണ്. അഥവാ ദുൽഹിജ്ജ മാസം എന്ന് തുടങ്ങുന്നു, അറഫയും ബലി പെരുന്നാളും ഏതു ദിവസമാണ് എന്ന കാര്യത്തിൽ മറ്റു നാട്ടുകാരെല്ലാം യഥാസമയം അവർക്ക് ആ വിവരം ലഭിക്കുന്ന പക്ഷം മക്കക്കാരെ പിന്തുടരണം. അല്ലാതെ ഹാജിമാര്‍ അറഫയിൽ നിൽക്കുന്ന "സമയത്ത് തന്നെ" അറഫാ നോമ്പ് പിടിക്കണം എന്നല്ല. അങ്ങനെ പറയാന്‍ തെളിവൊന്നുമില്ല. പരിഗണനീയരായ പണ്ഡിതന്മാരാരും അങ്ങനെ പറഞ്ഞിട്ടുമില്ല. അത് പ്രായോഗികവുമല്ല. ഈ വർഷം ജൂലായ് 19 തിങ്കളാഴ്ചയാണ് ലോകത്തെങ്ങുമുള്ള മുസ്‌ലിംകൾ അറഫാ നോമ്പ് പിടിക്കേണ്ടത്. കേരളത്തിൽ ചില സംഘടനാ പക്ഷപാതികൾ ജൂലായ് 20 ചൊവ്വാഴ്ചയാണ് അറഫാ ദിനം എന്ന് പ്രചരിപ്പിക്കുന്നുണ്ട്. അത് ശരിയല്ല. അത് തെറ്റാണ്. അന്ധമായ അനുകരണമോ, സംഘടനാപരമായ പക്ഷപാതമോ അല്ലാതെ മറ്റൊരടിസ്ഥാനവും അതിനില്ല. ജൂലായ് 9 വെള്ളിയാഴ്ച സൂര്യനസ്തമിച്ച ശേഷം ദുൽഹിജ്ജ മാസപ്പിറവി കാണാൻ കഴിഞ്ഞില്ല. അതിനാൽ ജൂലായ് 10 ശനിയാഴ്ച ദുൽഖഅദ 30 ആയി കണക്കാക്കുകയും ജൂലായ് 11ഞായറാഴ്ച ദുൽഹിജ്ജ ഒന്നായി മക്കയിലെ ഭരണാധികാരികൾ അംഗീകരിച്ച് പ്രഖ്യാപിക്കുകയും ചെയ്തിട്ടുള്ളതാണ്. തടദിസ്ഥാനത്തില്‍ ജൂലായ് 19 തിങ്കളാഴ്ചയാണ് ഈ വർഷത്തെ അറഫാ ദിനമായി നിശ്ചയിച്ചിട്ടുള്ളത്. തൊട്ടടുത്ത ദിവസം അഥവാ ജൂലായ് 20 ചൊവ്വാഴ്ച മുസ്‌ലിം ലോകം ബലിപെരുന്നാൾ ആഘോഷിക്കുകയുമാണ്. അക്കാര്യം യഥാസമയത്ത് അറിഞ്ഞിട്ടും അത് അംഗീകരിക്കാതെ, കേരളത്തിലുള്ള ചിലര്‍ അവരുടെ പറമ്പില്‍ തന്നെ മാസപ്പിറവി കാണണമെന്നും അവരുടെ കമ്മിറ്റിക്കാണ് മാസപ്പിറവിയും പെരുന്നാളും തീരുമാനിക്കാൻ അവകാശമെന്നും വാശിപിടിക്കുന്നതു കൊണ്ടാണ് ഇങ്ങനെ ഒരു അബദ്ധം സംഭവിക്കുന്നത്. ഈ വങ്കത്തം മറച്ചു പിടിക്കാന്‍ വേണ്ടി അവർ ഉന്നയിക്കുന്ന ഒരു ദുർന്യായമാണ് മക്കയുടെ എതിര്‍ ദിശയിൽ സ്ഥിതിചെയ്യുന്ന നാടുകളിലുള്ളവർക്ക് എങ്ങനെയാണ് ഹാജിമാർ അറഫയിൽ നിൽക്കുന്ന "സമയത്ത് തന്നെ" അറഫാ നോമ്പ് പിടിക്കാന്‍ കഴിയുക എന്നുള്ളത്. ശുദ്ധമായ ഒരു അസംബന്ധം മാത്രമാണിത്. രണ്ടു കാര്യങ്ങള്‍ ഓർക്കുക: 1. ഹാജിമാര്‍ അറഫയിൽ നിൽക്കുന്ന "സമയത്ത് തന്നെ" അറഫാ നോമ്പ് പിടിക്കണമെന്ന് അഹ് ലുസ്സുന്നത്തിൽപെട്ട ആരും പറയുന്നില്ല. അതിനു പ്രമാണ രേഖകളുടെ പിൻബലമില്ല, പരിഗണനീയമായ പണ്ഡിതാഭിപ്രായങ്ങള്‍ പോലുമില്ല. അത് ഒട്ടും പ്രായോഗികവുമല്ല. മറിച്ച്, അറഫാ ദിവസം ഒന്നേയുള്ളു. അത് ദുൽഹിജ്ജ ഒമ്പതിനാണ്. ദുൽഹിജ്ജ ഒമ്പത് ഓരോ പറമ്പും പ്രദേശവും മാറുന്നതിനുസരിച്ച് മാറ്റേണ്ട ഒന്നല്ല. ഇങ്ങനെയാണ് മഹാന്മാരായ ഇമാമുകളും മുഹഖിഖുകളായ ഉലമാക്കളും പറഞ്ഞിട്ടുള്ളത്. 2. മക്ക മനുഷ്യാധിവാസ കേന്ദ്രങ്ങളുടെ മധ്യത്തിലാണ് സ്ഥിതിചെയ്യുന്നത്. അവിടെ നിന്ന് കിഴക്കോട്ട് 12 മണിക്കൂറും, പടിഞ്ഞാറോട്ട് 12 മണിക്കൂറും ചേരുന്നതാണ് ഭൂമിയിലെ ഒരു ദിവസം. അതു കൊണ്ട് തന്നെ, ലോകത്തിൻെറ ഏത് കോണിൽ വസിക്കുന്നവനും അറഫാ ദിവസം തന്നെ അറഫാ നോമ്പ് പിടിക്കാന്‍ കഴിയും. മാസപ്പിറവി പ്രാദേശികമായി തന്നെ കാണണമെന്നും, തദടിസ്ഥാനത്തില്‍ പ്രാദേശികമായി ദുൽഹിജ്ജ 9 എന്നാണോ വരുന്നത് അന്നാണ് അറഫാ നോമ്പ് പിടിക്കേണ്ടതെന്ന് ജൽപിക്കുകയും ചെയ്യുന്നവർ അറഫാ ദിവസം തന്നെ അറഫാ നോമ്പ് പിടിക്കാനുള്ള തൌഫീഖ് സ്വയം നഷ്ടപ്പെടുത്തുകയാണ് ചെയ്യുന്നത്. പ്രമാണ രേഖകളാണ്, യുക്തിയല്ല മതകാര്യങ്ങൾക്ക് അടിസ്ഥാനമെന്ന് വിശ്വസിക്കുന്ന ഒരാളും ഹാജിമാര്‍ അറഫയിൽ നിൽക്കുന്ന "സമയത്ത് തന്നെ" അറഫാ നോമ്പ് പിടിക്കണമെന്നോ, എങ്ങനെയാണ് അതിനു സാധിക്കുകയെന്നോ ഉള്ള സംശയം ഉന്നയിക്കാനിടയില്ല. മറിച്ച്, യുക്തി പ്രമാണ രേഖകൾക്കും അതീതമാണെന്ന് കരുതുന്ന ചില അൽപബുദ്ധികളാണ് ഈ അസംബന്ധം എഴുന്നള്ളിക്കാറുള്ളത്. മാസപ്പിറവി ലോകത്ത് എവിടെ കണ്ടാലും പരിഗണിക്കേണ്ടതാണ്. പ്രാദേശികമായ കാഴ്ച നിർബ്ബന്ധമില്ലാത്തതാണ്. പ്രമാണബദ്ധവും പ്രായോഗികവുമായ ഈ നിലപാടിനെ ഖണ്ഡിക്കാന്‍ കഴിയാതെ വരുമ്പോൾ ഇല്ലാത്ത ആരോപണങ്ങളുന്നയിച്ച് മറുപടി പറഞ്ഞ് ആത്മസംതൃപ്തി നേടാന്‍ ചില അൽപന്മാരുടെ കുബുദ്ധിയിൽ ഉദിക്കുന്ന കാര്യമാണ് 'മക്കയുടെ ഏതിര്‍ ദിശയിൽ സ്ഥിതിചെയ്യുന്ന നാടുകളിലുള്ളവർ ഹാജിമാർ അറഫയിൽ നിൽക്കുന്ന "സമയത്ത് തന്നെ" എങ്ങനെ അറഫാ നോമ്പ് പിടിക്കും' എന്നുള്ള ചോദ്യം. ഇന്ന് പുതിയ ചില അപസ്വരങ്ങൾ കൂടി കേൾക്കാൻ സാധിക്കുന്നുണ്ട്. പെരുന്നാൾ ആഘോഷിക്കേണ്ടത് ഭൂരിപക്ഷത്തിൻറെ കൂടെയാണ്. അതിനാൽ ഈ വർഷം ബുധനാഴ്ചയാണ് പെരുന്നാൾ ആഘോഷിക്കേണ്ടത് എന്ന് ഇവിടെ കേരളത്തിൽ ചിലർ വാദിക്കുന്നു. അതിനു വേണ്ടി അവർ ഒരു ഹദീസിനെ ദുർവ്യാഖ്യാനിക്കുക കൂടി ചെയ്യുന്നു. നോമ്പും പെരുന്നാളും (الناس، عظم الناس) ൻെറ കൂടെയായിരിക്കണം എന്നു നിർദ്ദേശിക്കുന്ന ഹദീസുകളാണവ. ഹദീസുകളിൽ വന്നിട്ടുള്ള (الناس، عظم الناس، الجماعة) എന്നതിൻെറ വിവക്ഷ മുസ്‌ലിം ഭരണാധികാരിയും അദ്ദേഹത്തിനു ബൈഅത്ത് ചെയ്തിട്ടുള്ള പ്രജകളുമാണ്. അല്ലാതെ തലയില്ലാത്ത തെങ്ങിൽ കേറാനുള്ള ഉപദേശമല്ല അതിലുള്ളത്. അത്തരം ഹദീസുകൾ ഖുലഫാക്കളും സ്വഹാബത്തും എങ്ങനെ മനസ്സിലാക്കി എന്നു നോക്കണം. ഭരണാധികാരിയും പ്രജകളുമാണ് അതിൻെറ വിവക്ഷയെന്നത് സലഫുകളുടെ നടപടികളിൽനിന്നും പണ്ഡിതന്മാരുടെ വ്യാഖ്യാനങ്ങളിൽനിന്നും അനായാസം ഗ്രഹിക്കാവുന്നതാണ്. സങ്കടകരമെന്നു പറയട്ടെ, കേരളത്തിൽ കാര്യങ്ങൾ ശരിയായ വിധത്തിൽ ചിന്തിക്കാനും സത്യമായ മാർഗ്ഗം ഉപദേശിക്കാനും ആരുമില്ലാതായിരിക്കുകയാണ്. والله المستعان ഈ വർഷം, ജൂലായ് 19 തിങ്കളാഴ്ചയാണ് അറഫാ ദിനം. അന്ന് തന്നെ അറഫാ നോമ്പ് പിടിക്കലാണ് സുന്നത്ത്. പെരുന്നാൾ ആഘോഷിക്കേണ്ടത് മുസ്‌ലിം ലോകത്തോടൊപ്പം ചൊവ്വാഴ്ചയും. ചൊവ്വാഴ്ച പെരുന്നാള്‍ ആഘോഷിക്കാൻ സാഹചര്യം ലഭിക്കാത്തവർ, ഏതു നാട്ടിലാണോ അവരുള്ളത് ആ നാട്ടിലെ മുസ്‌ലിംകളോടൊപ്പം പെരുന്നാൾ ആഘോഷിക്കട്ടെ. അങ്ങനെ ബുധനാഴ്ച പെരുന്നാള്‍ ആഘോഷിക്കേണ്ടി വന്നാല്‍ ഹദീസുർ റഹ്ത്വിൻറെ അടിസ്ഥാനത്തിൽ ചൊവ്വാഴ്ച ശൂന്യദിനമായി കണക്കാക്കാവുന്നതുമാണ്. والله أعلم - അബൂ ത്വാരിഖ് സുബൈര്‍ മുഹമ്മദ്
0 Comments
Your comment will be posted after it is approved.
Leave a Reply. |
IslamBooks.inBooks and Articles on Islam, correct and pure. Archives
July 2023
Categories
All
|
ഇസ്ലാം ബുക്ക്സ്
ഖുർആനും സുന്നത്തും സലഫുകളുടെ മൻഹജ് അനുസരിച്ചു മനസ്സിലാക്കാനും പഠിക്കാനും മലയാളികൾക്ക് അവസരമൊരുക്കുക എന്നതാണ് ഇത് കൊണ്ട് ലക്ഷ്യമാക്കുന്നത്. വിശ്വസ്തരായ സലഫീ ഉലമാക്കളുടെ ഗ്രന്ഥങ്ങളും കഴമ്പുള്ള ലേഖന സമാഹാരങ്ങളും മൊഴിമാറ്റം ചെയ്ത് കേരളീയ മുസ്‌ലിം സംവേദനത്തിനു പരിചയപ്പെടുത്താനുള്ള എളിയ ശ്രമമാണിവിടെ. സാധാരണക്കാരായ മുസ്‌ലിം യുവതക്ക് സലഫുകളുടെ ഫഹമു അനുസരിച്ച് ഇസ്‌ലാമിക വിഷയങ്ങളിലുള്ള നിലപാടുകൾ മനസ്സിലാക്കാനും അവ പഠിക്കാനും ജീവിതത്തിൽ പ്രയോഗവൽക്കരിക്കാനും സാധിച്ചാൽ ഞങ്ങൾ കൃതാർത്ഥരായി. |
© 2023. IslamBooks.in - All Rights Reserved.
|