അടുത്തിടെ വായിച്ച പുസ്തകങ്ങളിൽ ഏറെ ഹൃദ്യവും ആകർഷണീയവുമായ കൈപ്പുസ്തകമാണ്, അബൂ ത്വാരിഖ് സുബൈർ മുഹമ്മദ് എഴുതിയ "മാസപ്പിറവി, മന്‍ഹജും മസ്അലയും" എന്ന കൊച്ചു കൃതി.
ദശാബ്ദങ്ങളായി കേരളത്തിലെ മുസ്‌ലിംകൾക്കിടയിൽ കുറഞ്ഞത്, വർഷത്തിൽ രണ്ടു തവണയെങ്കിലും വാഗ്‌പോരിനും സംവാദങ്ങൾക്കും വഴിമരുന്നിടാറുള്ള മാസപ്പിറവി നിർണ്ണയവുമായി ബന്ധപ്പെട്ട വിഷയത്തിൽ ഈ കൊച്ചു പുസ്തകം സമഗ്രമാണ്; വൈജ്ഞാനികമാണ്. പിറവി ദർശനം സ്ഥിരീകരിക്കാനും പ്രയോഗവൽക്കരിക്കാനുമുള്ള മാനദണ്ഡങ്ങൾ എന്താണെന്ന് അതി സൂക്ഷ്മവും കൃത്യവുമായ പ്രമാണങ്ങൾ കൊണ്ട് സ്ഥാപിക്കുന്ന പ്രസ്തുത കൃതി, ഇവ്വിഷയകമായി സത്യം എന്താണെന്ന് അറിയാൻ ആഗ്രഹിക്കുന്ന ഏതൊരു നിഷ്പക്ഷമതിയായ ഏതൊരു അന്വേഷകനും വ്യക്തമായ അവബോധം നൽകാൻ പര്യാപ്തമാണെന്ന് നിസ്സംശയം പറയാം. മാസപ്പിറവി നിർണ്ണയവുമായി ബന്ധപ്പെട്ട് പാർട്ടീ താൽപര്യങ്ങളും സംഘടനാ സങ്കുചിതത്വവും തൊട്ടു തീണ്ടാത്ത, തികച്ചും നബി സ്വല്ലള്ളാഹു അലൈഹി വ സല്ലമയുടെയും സ്വഹാബത്തിന്റെയും നിലപാട് പച്ചയായി പ്രതിഫലിപ്പിക്കുകയും, അത് പ്രയോഗവൽക്കരിക്കുന്നതിൽ സ്വീകരിക്കേണ്ട നടപടിക്രമങ്ങൾ വരച്ചു കാണിക്കുകയും ചെയ്യുന്നതിൽ ലേഖകൻ വിജയിച്ചിട്ടുണ്ട് എന്ന കാര്യത്തിൽ തർക്കമില്ല. ഓരോ ദേശക്കാർക്കും പ്രത്യേകം പ്രത്യേകം പിറവി ദർശനം വേണം എന്ന അതിരുവിട്ട നിലപാടിനെയും , പിറവി ദർശനം നിർണ്ണയിക്കാൻ, കാഴ്ചക്ക് പകരം കണക്കിനെ അവലംബിക്കാമെന്ന വികല വാദത്തെയും വ്യക്തമായ പ്രമാണങ്ങൾ കൊണ്ട് ഖണ്ഡിക്കുകയും, ലോകത്ത് എവിടെ പിറവി ദർശനം സ്ഥിരീകരിക്കപ്പെടുകയും ഒരു മുസ്‌ലിം ഭരണാധികാരി അത് തുല്യം ചാർത്തുകയും ചെയ്‌താൽ ആ വിവരമറിയുന്ന എല്ലാവരും തദടിസ്ഥാനത്തിലുള്ള അമല് ചെയ്യാൻ നിർബന്ധിതരാണെന്ന വസ്തുത തെളിവുകൾ സഹിതം പ്രസ്തുത ഗ്രന്ഥത്തിൽ പ്രസ്താവിക്കുന്നു. കുറൈബ് റദിയള്ളാഹു അൻഹുവിന്റെ ഹദീസിൽ വന്ന ഇബ്നു അബ്ബാസ് റദിയള്ളാഹു അൻഹുവിന്റെ വാക്ക് മനസ്സിലാക്കുന്നതിൽ നവവിക്ക് സംഭവിച്ച അബദ്ധം ഈ വിഷയത്തിലെ സങ്കീർണ്ണതക്ക് ആക്കം കൂട്ടി എന്ന ലേഖകന്റെ നിരീക്ഷണം പക്വവും അതിലേറെ സംഗതവുമാണ്. മുസ്‌ലിം പണ്ഡിതന്മാർക്കിടയിലും വിശിഷ്യാ ശാഫിഈ മദ്ഹബിലും അപനിർമാണത്തിനു വലിയ പങ്കു വഹിച്ച പ്രസ്തുത നിലപാട് അസ്വീകാര്യവും പ്രമാണങ്ങളോട് പൊരുത്തപ്പെടാത്തതുമാണ് എന്ന് ഈ കൃതി വിളിച്ചോതുന്നു. ചുരുക്കത്തിൽ മാസപ്പിറവി നിർണ്ണയവുമായി ബന്ധപ്പെട്ട് കേരള മുസ്ലിംകളിൽ നിലനിൽക്കുന്ന ആശയക്കുഴപ്പങ്ങൾ ദുരീകരിക്കാനും, ഈ വിഷയത്തിൽ ഏറ്റവും കുറ്റമറ്റതും സത്യസന്ധവും പ്രമാണബദ്ധവുമായ നിലപാട് ഏതെന്ന് തിരിച്ചറിയാനും ഈ ലഘു കൃതി സഹായിക്കും എന്നതിൽ രണ്ടു പക്ഷമില്ല. - ബശീർ പുത്തൂർ
0 Comments
Your comment will be posted after it is approved.
Leave a Reply. |
IslamBooks.inBooks and Articles on Islam, correct and pure. Archives
August 2024
Categories
All
|