നബി സ്വല്ലള്ളാഹു അലൈഹി വ സല്ലമയുടെ ചര്യ, അഥവാ സുന്നത്ത് പിൻപറ്റുകയും അതിനു അനുസൃതമായി ജീവിതം ക്രമീകരിക്കുകയും ചെയ്യാൻ കൽപ്പിക്കപ്പെട്ടവരാണ് മുസ്‌ലിംകൾ.
ഖുർആനും സുന്നത്തും പിൻപറ്റുകയെന്നു പറഞ്ഞാൽ, നമുക്ക് താൽപര്യമുള്ള ചില വിഷയങ്ങൾ സ്വീകരിക്കുകയും മറ്റു വല്ല കാരണങ്ങളാലും അനിഷ്ടകരമായ തോന്നുന്നവ നിരാകരിക്കുകയും ചെയ്യുക എന്നതല്ല. മറിച്ച്, ദീൻ എന്ന നിലയിൽ നബി സ്വല്ലള്ളാഹു അലൈഹി വ സല്ലം മാതൃക കാണിക്കുകയും അനുഷ്ഠിക്കാൻ ആജ്ഞാപിക്കുകയും ചെയ്ത മുഴുവൻ കാര്യങ്ങളും സ്വീകരിക്കുകയും അനുഷ്ഠിക്കുകയും ചെയ്യുകയെന്നതാണ്. കേരളത്തിൽ, അവിഭക്ത മുജാഹിദ് പ്രസ്ഥാനത്തിന്റെ ആദ്യകാല നിലപാടുകൾ ഇതു തന്നെയായിരുന്നുവെന്ന് പഴയ തലമുറയിലെ ആളുകൾക്കറിയാം. തൗഹീദിൽ തുടങ്ങി, നമസ്കാരത്തിൽ നെഞ്ചിൽ കൈ കെട്ടുക, ബിസ്മി പതുക്കെ ഓതുക, ഫജ്‌റിലെ ഖുനുത്ത്, നമസ്കാര ശേഷമുള്ള കൂട്ടുപ്രാർത്ഥന, തറാവീഹിന്റെ റക്അത്തുകളുടെ എണ്ണം, സ്ത്രീ പള്ളിപ്രവേശം തുടങ്ങിയ വിഷയങ്ങളിൽ കൃത്യമായ ധാരണ അവർക്കുണ്ടായിരുന്നുവെന്നത് വസ്തുതയാണ്. ഇതിൽ, മിക്കവയിലും വാദപ്രതിവാദങ്ങൾ നടന്നിട്ടുണ്ടെന്നാണ് അറിവ്. പ്രത്യേകിച്ചു, ബിസ്മി ഉറക്കെയോതുക, സ്ത്രീ പള്ളി പ്രവേശം തുടങ്ങിയ വിഷയങ്ങളിലുള്ള മുജാഹിദുകളുടെ നിലപാടിലെ "തീവ്രത" പരക്കെ പ്രസിദ്ധമാണ്. സ്ത്രീകൾ പള്ളിയിൽ പോകുന്നത് അനുവദനീയം എന്നതിൽ കവിഞ്ഞു, അതു സുന്നത്താണെന്ന് പോലും പ്രാമാണികമായി തെളിയിക്കാൻ സാധ്യമല്ലാതിരുന്നിട്ടു പോലും, കേവല അനുവാദത്തിനു വേണ്ടി നിരന്തര പോരാട്ടങ്ങൾ നടത്തിയ ഒരു പ്രസ്ഥാനം, ഇന്ന് നിലനിൽപ്പിന്നു വേണ്ടി പാടുപെടുകയാണ്. ബിസ്മി പതുക്കെയാണോ ഉറക്കെയാണോ ഓതേണ്ടത് എന്നു വാദപ്രതിവാദം നടത്തുകയും ചേരി തിരിഞ്ഞു പരസ്പരം തല്ലുകയും പള്ളികൾ പൂട്ടിക്കുകയും വരെ ചെയ്ത ഈ പ്രസ്ഥാനത്തിന്, പക്ഷെ, നബി സ്വല്ലള്ളാഹു അലൈഹി വ സല്ലമയുടെ താടി വളർത്താനുള്ള കൽപന, ഒരിക്കലും വാദപ്രതിവാദത്തിനു വിഷയമാവുകയോ ഏറ്റവും ചുരുങ്ങിയത്, നബിചര്യയായി പഠിപ്പിക്കപ്പെടുകയോ ചെയ്തില്ലായെന്നത് ഏറെ ആശ്ചര്യകരമാണ്. എന്നു മാത്രമല്ല, ഇപ്പോൾ താടി വളർത്തൽ "ആത്മീയ തീവ്രത" യുടെ ബ്രാൻഡ് സിമ്പൽ ആയി ചാപ്പ കുത്തുകയും ചെയ്തു. ഈ വരികൾ വായിക്കുന്ന, മുജാഹിദ് പ്രസ്ഥാനത്തിലെ, നേതാക്കളും, അനുയായികളും അണികളും, അഭ്യുദയകാംക്ഷികളും ശാന്തമായി ഒരു ആലോചനക്ക് തയ്യാറാകേണ്ടതുണ്ട്. കാരണം, "ഞങ്ങൾ സമൂഹത്തിനു മുമ്പിൽ നടന്ന പ്രസ്ഥാനമാണെന്നും, വിദ്യാഭ്യാസ സാമൂഹിക പുരോഗതികൾക്കു നാന്ദി കുറിച്ചത് ഞങ്ങളാണെന്നുമുള്ള 'ക്ലിഷേ' ഇനി നടക്കില്ല. അതൊക്കെ ഇവിടെ എല്ലാവരും ഇപ്പോൾ ചെയ്യുന്നു എന്നു മാത്രമല്ല, പ്രസ്ഥാനത്തെ മറ്റു പലരും സൂപ്പർസീഡ് ചെയ്യുകയും ചെയ്തിട്ടുണ്ട്. ഖുർആനും സുന്നത്തും സലഫുകൾ മനസ്സിലാക്കിയ പോലെ മനസ്സിലാക്കുന്നവരാണ് ഞങ്ങൾ എന്നു വാദിക്കാൻ ഇനി നിങ്ങൾക്കു കഴിയില്ല. ഏതാണ്ട്, കാൽ നൂറ്റാണ്ട് മുമ്പ്, ജമാഅത്തെ ഇസ്‌ലാമി " ശാഖാപരമായ വിഷയങ്ങളിൽ തീവ്രത പുലർത്തുന്നവർ" എന്നു ആക്ഷേപിച്ചത്, നെഞ്ചിൽ കൈ കെട്ടുന്ന വിഷയത്തിലും തറാവീഹിന്റെ വിഷയത്തിലും തല്ലുകൂടി കാലം കഴിച്ചു കൊണ്ടിരുന്ന മുജാഹിദ് പ്രസ്ഥാനത്തെയായിരുന്നു. അന്ന്, ഞങ്ങൾ, സുന്നത്തിന്റെ സംരക്ഷകരാണ് എന്നു പറഞ്ഞു അതിനെ ധീരമായി നേരിട്ട പ്രസ്ഥാനത്തിന്റെ പിന്മുറക്കാർ, നേരും നെറിയുമില്ലാത്ത മാധ്യമ ശിഘണ്ടികളുടെ കല്ലു വെച്ച നുണകൾക്ക് മുമ്പിൽ ആയുധം വെച്ചു കീഴടങ്ങിയിരിക്കുന്നു ! താടി വളർത്തുന്നതും നെരിയാണിക്കു മുകളിൽ വസ്ത്രം ആകുന്നതും തീവ്രവാദവും, നെഞ്ചിൽ കൈ കെട്ടുന്ന വിഷയവും ബിസ്മി ഉറക്കെ ഓതുന്നതും തറാവീഹിന്റെ റക്അത്തും ഒക്കെ മിതവാദവും ! ഈ നിലപാടിലെ അസന്തുലിതാവസ്ഥ വളച്ചു കെട്ടില്ലാതെ വിശദീകരിക്കേണ്ട ബാധ്യത മുജാഹിദ് പ്രസ്ഥാനത്തിനുണ്ട്. പിന്നെ, സ്ത്രീകൾ മുഖം മറക്കുന്ന വിഷയം, ഇതു വായിക്കുന്ന മുജാഹിദ് പ്രസ്ഥാനത്തിലെ പണ്ഡിതന്മാരോട് ഈ വിഷയത്തിൽ പ്രാമാണികമായ നിലപാട് എന്താണെന്നു തെളിവുകൾ സഹിതം പരിശോധിച്ചു ഉറപ്പു വരുത്തണമെന്ന് അപേക്ഷിക്കുകയുയാണ്. ഐസിസ് തൊട്ടു എൻഡി എഫ് വരെയുള്ള തീവ്രവാദ സംഘടനകളും സയ്യിദ് ഖുതുബ് തൊട്ടു ബിൻ ലാദൻ വരെയുള്ള അതിന്റെ ദാർശനികാചാര്യന്മാരും വിമർശിക്കപ്പെടണം. ഖാരിജി അഖീദയുടെ അപകടം ജനങ്ങളെ ബോധ്യപ്പെടുത്തുകയും അതിനെതിരിൽ മുഴുവൻ മനുഷ്യരെയും ബോധവൽക്കരിക്കുകയും ചെയ്യണം. പക്ഷെ, അതൊന്നും ആദർശം പണയം വെച്ചു കൊണ്ടും സുന്നത്തിനെ അവഗണിച്ചു കൊണ്ടുമാകരുത്. വിഷയത്തിന്റെ മർമ്മം മനസ്സിലാക്കുന്നതിൽ മുജാഹിദ് പ്രസ്ഥാനത്തിന് വലിയ അബദ്ധം സംഭവിച്ചിട്ടുണ്ട്. സുന്നത്തിനെക്കുറിച്ചുള്ള അറിവും പക്വതയുമില്ലാത്ത നേതാക്കന്മാർ മാധ്യമപ്രചാരണങ്ങൾക്ക് മുന്നിൽ പകച്ചു പോവുകയും മൂലധനം പണയം വെക്കുകയും ചെയ്തു. അങ്ങിനെ കാലങ്ങളായി ജമാഅത്തുകാർ കുഴിച്ച കുഴിയിൽ, അറിഞ്ഞു കൊണ്ടു മടവൂരികളും അറിയാതെ കെ എന്നമ്മുകാരും വീണു എന്നതാണ് വസ്തുത. - ബഷീർ പുത്തൂർ
0 Comments
Your comment will be posted after it is approved.
Leave a Reply. |
IslamBooks.inBooks and Articles on Islam, correct and pure. Archives
August 2024
Categories
All
|