മാന്യരേ, السلام عليكم ورحمة الله وبركاته റമളാൻ കഴിഞ്ഞു, ഖുർആൻ പഠനവും പാരായണവും, തൌബയും ഇസ്തിഗ്‌ഫാറും, രാത്രി നമസ്കാരവും സദഖഃയും... അങ്ങനെയുള്ള പുണ്യകർമ്മങ്ങളുടെ മുപ്പത് രാപ്പകലുകൾ കൂടി മറഞ്ഞുപോയി. ഒപ്പം ആയുസ്സിൽ ഒരു റമളാൻ കൂടി രേഖപ്പെടുത്തപ്പെട്ടു. അൽഹംദു ലില്ലാഹ്! നമ്മുടെ നിയ്യത്തുകളും കർമ്മങ്ങളും അല്ലാഹു സ്വീകരിക്കട്ടെ. പിറകോട്ട് നോക്കുമ്പോൾ പ്രതീക്ഷകളുണ്ട്. പക്ഷെ, മനസ്സിനെ വല്ലാതെ അസ്വസ്ഥമാക്കാൻ കുറവുകളുടെ കൂമ്പാരങ്ങളുമുണ്ട്. വ്യക്തിപരമായ പരിമിതികൾ കാരണമോ, കൊറോണ മഹാമാരിയുമായി ബന്ധപ്പെട്ട നിയന്ത്രണങ്ങൾ മൂലമോ റമളാനിൽ പതിവായി ചെയ്തിരുന്ന കാര്യങ്ങൾ പലതും ചെയ്യാനായില്ല. അല്ലാഹുവേ, ഞങ്ങൾ പാപികളാണ്, ഒട്ടനവധി കുറ്റങ്ങളും കുറവുകളുമുള്ള പാപികൾ. നിൻറെ റഹ്‌മത്തിലും മഗ്‌ഫിറത്തിലുമാണ് ഇനി ഞങ്ങളുടെ പ്രതീക്ഷ. ഈദുഗാഹുകളിലോ പള്ളികളിലോ പെരുന്നാൾ നമസ്കാരം നടത്താൻ അനുവാദമില്ല. മുഖ്യമന്ത്രിയും ഖാളിമാരും സംഘടനാ നേതാക്കളും കമ്മിറ്റിക്കാരും ഒരുമിച്ച് നൽകുന്ന ഫത്‌വഃ വ്യക്തികൾ വീടുകളിൽ പെരുന്നാൾ നമസ്കരിക്കട്ടെ എന്നാണ്. ഈ രീതി ഇസ്‌ലാമിൽ സ്ഥിരപ്പെട്ടതല്ല. അതു കൊണ്ട് നിവൃത്തിയില്ല എന്ന് പറയാതെ വയ്യ. ദീനിൽ നൂതനമായ കാര്യങ്ങളുണ്ടാക്കി അത്തരം അപനിർമ്മിതികളുമായി അല്ലാഹുവിനെ കണ്ടുമുട്ടാൽ കഴിയില്ല. അപ്പോൾ ഈ ഫത്‌വഃ നൽകിയ ആരും നമ്മെ രക്ഷിക്കാൻ വരികയില്ലല്ലോ. മുസ്‌ലിംകൾ ഭരണാധികാരികളെ ബോധ്യപ്പെടുത്തേണ്ടിയിരുന്നതും ഭരണാധികാരികൾ മുസ്‌ലിംകളോട് കനിയേണ്ടിയിരുന്നതുമായ കാര്യം ഓരോ പട്ടണത്തിലും ഓരോ മുസ്വല്ല, ആളുകളുടെ എണ്ണം പരിമിതപ്പെടുത്തിയിട്ടെങ്കിലും, അനുവദിക്കുക എന്നതായിരുന്നു. അനിവാര്യ സാഹചര്യങ്ങളിൽ പ്രോട്ടോകോൾ പാലിച്ചു കൊണ്ട് പലതിനും അനുവാദം നൽകുന്നുണ്ടല്ലോ. അക്കൂട്ടത്തിൽ മുസ്‌ലിംകൾക്ക് അവരുടെ സാമൂഹ്യ ബാധ്യത (فرض كفاية) നിറവേറ്റാൻ അവസരം നൽകാമായിരുന്നു. ഞാൻ വ്യക്തിപരമായി പല വാതിലുകളും മുട്ടിനോക്കി. പക്ഷെ ശ്രമങ്ങളൊന്നും ഫലവത്തായില്ല. والله المستعان സകാതുൽ ഫിത്ർ കൊടുത്തു തീർക്കുക, പ്രഭാത ഭക്ഷണം കഴിക്കുക, കുളിക്കുക, സുഗന്ധം ഉപയോഗിക്കുക, തക്ബീർ ചൊല്ലുക, അനുവദനീയമായ മാർഗ്ഗങ്ങളിലൂടെ ബന്ധുക്കളുമായും സുഹൃത്തുക്കളുമായും സമ്പർക്കം പുലർത്തുക, അനുമോദനങ്ങൾ കൈമാറുക, റമളാനിൽ നാം ചെയ്ത കർമ്മങ്ങൾ സ്വീകരിക്കാൻ അല്ലാഹുവിനോട് കേഴുക... ഇതൊന്നും വിട്ടുകളയരുത്. മഹാമാരിയെ പ്രതിരോധിക്കാൻ ഭൌതികമായ മാർഗ്ഗങ്ങൾ അവലംബിക്കേണ്ടതാണ്. പക്ഷെ, വിശ്വാസികൾ അതു മാത്രം ചെയ്താൽ പോരാ. അല്ലാഹു പറയുന്നു: وَأَنِ اسْتَغْفِرُوا رَبَّكُمْ ثُمَّ تُوبُوا إِلَيْهِ يُمَتِّعْكُم مَّتَاعًا حَسَنًا إِلَىٰ أَجَلٍ مُّسَمًّى وَيُؤْتِ كُلَّ ذِي فَضْلٍ فَضْلَهُ ۖ وَإِن تَوَلَّوْا فَإِنِّي أَخَافُ عَلَيْكُمْ عَذَابَ يَوْمٍ كَبِيرٍ[هود 3] നിങ്ങള്‍ റബ്ബിനോട് പാപമോചനത്തിനായി കേഴൂ. എന്നിട്ട് അവനിലേക്ക് ഖേദിച്ചുമടങ്ങൂ. എങ്കില്‍ നിശ്ചിതമായ അവധി (മരണം) വരെ അവൻ നിങ്ങൾക്ക് നല്ല വിധത്തിൽ സൌഖ്യമേകും. ഉദാരമനസ്ക്കരായ എല്ലാവർക്കും അവരുടെ ഔദാര്യത്തിനുള്ള പ്രതിഫലം നൽകുകയും ചെയ്യും. മറിച്ച് തിരിഞ്ഞുകളയാനാണു ഭാവമെങ്കിൽ ഭയാനകമായ ഒരു ദിനത്തിലെ ശിക്ഷയെ ഞാൻ നിങ്ങളുടെ മേൽ ഭയപ്പെടുന്നു. (ഹൂദ് 3) തൌബഃയും ഇസ്തിഗ്‌ഫാറുമല്ലാതെ മറ്റൊരു പോംവഴിയില്ല. മഹാമാരിക്ക് എന്നല്ല, ഒന്നിനും. تقبل الله طاعتكم، عيدكم مبارك، عساكم من عواده والمقبولين فيه - അബൂ ത്വാരിഖ് സുബൈർ മുഹമ്മദ്
0 Comments
Your comment will be posted after it is approved.
Leave a Reply. |
IslamBooks.inBooks and Articles on Islam, correct and pure. Archives
August 2024
Categories
All
|