പ്രമാണങ്ങൾക്ക് ബുദ്ധിപരമായ വ്യാഖ്യാനങ്ങൾ നൽകിയ ആളുകളും കക്ഷികളും സ്വഹാബികളുടെ കാലത്ത് തന്നെ ഉദയം ചെയ്തിട്ടുണ്ട്. അത്തരത്തിലുള്ള പാർട്ടികളും പുതിയ ഗ്രൂപ്പുകളും ഇന്നും ഉണ്ടായിക്കൊണ്ടിരിക്കുന്നു. സ്വഹാബികൾ ജീവിച്ചിരുന്നപ്പോൾ, അവർ അതരക്കാരോട് യുദ്ധം ചെയ്യുകയും അവരുടെ തെറ്റായ വ്യാഖ്യാനങ്ങളെ അതിശക്തമായി നേരിടുകയും ചെയ്തു. അക്കൂട്ടത്തിൽ എടുത്തു പറയേണ്ട ഒന്നാണ് ഖവാരിജുകളുടെ രംഗപ്രവേശം. إن الحكم إلا لله എന്ന ആയത്ത് സ്വന്തമായി വ്യാഖ്യാനിച്ചു അലി റദിയള്ളാഹു അൻഹുവിനെതിരിൽ അവർ പട നയിച്ചു. സത്യത്തിൽ, അവർക്കിടയിൽ സ്വഹാബികൾ ജീവിച്ചിരുന്നിട്ട് പോലും ഈ ആയത്തിന്റെ ശെരിയായ വ്യാഖ്യാനം എന്തെന്ന് അവർ അന്വേഷിക്കുകയോ അവരുടെ വ്യാഖ്യാനത്തിൽ തൃപ്തി കാണിക്കുകയോ ചെയ്തില്ല. അലി റദിയള്ളാഹു അൻഹു അവരിലേക്ക് അബ്ദുള്ളാഹി ബിന് അബ്ബാസ് റദിയള്ളാഹു അൻഹുവിനെ അയക്കുകയും അവരോടു അദ്ദേഹം ആശയപരമായി സംവദിക്കുകയും പലരും അവരുടെ തെറ്റായ വാദങ്ങളിൽ നിന്ന് പിൻവാങ്ങുകയും ചെയ്തു. ബാക്കിയുള്ളവരുമായി നഹ് റുവാൻ എന്ന സ്ഥലത്ത് പൊരിഞ്ഞ യുദ്ധം നടന്നു. അതെല്ലാം ചരിത്രം. ഖവാരിജുകളെ, അവരുടെ തെറ്റായ വാദങ്ങൾ അവിടെ അവസാനിച്ചില്ല. അതിനു പുതിയ അനന്തരാവകാശികൾ ഉണ്ടായി. അവരുടെ അതേ ചിന്ത പൊടി തട്ടിയെടുത്തു ഊതിക്കാച്ചി സത്യമതമായി പ്രചരിപ്പിക്കുന്നവർ പല സ്ഥലങ്ങളിലും ജന്മമെടുത്തു. പല ലക്ഷ്യത്തിന്റെ പേരിലും പ്രമാണങ്ങൾ തെറ്റായ നിലക്ക് വ്യാഖ്യാനിക്കപ്പെട്ടു. ഇസ്ലാമിക ദഅവത്തിനു വേണ്ടി എന്ന് പറഞ്ഞു സംഘടനകൾ ഉണ്ടാക്കിയപ്പോൾ അതിനു തെളിവായി ഓതിയ ആയത്ത് സൂറത്തു ആലു ഇംറാനിലെ ولتكن منكم أمة يدعون إلى الخير എന്ന് തുടങ്ങുന്ന വചനമായിരുന്നു. ഖുർആനിന്റെ, ഇന്നോളം രചിക്കപ്പെട്ട, പൌരാണികവും ആധുനികവുമായ പ്രാമാണിക തഫ്സീറുകളിൽ ഏതെങ്കിലും ഒന്നിൽ പോലും, ഒറ്റപ്പെട്ട നിലക്കെങ്കിലും ഈയൊരു വ്യാഖ്യാനം കാണുക സാധ്യമല്ല. അത് പോലെ വേറെ ഒരു കൂട്ടർ, അള്ളാഹു അല്ലാത്തവരെ വിളിച്ചു ദുആ ചെയ്യാൻ തെളിവായി ഖുർആനിൽ നിന്ന് ഉദ്ധരിച്ചത് സൂറത്തു സുഖ് റുഫിലെ واسأل من أرسلنا من قبلك من رسلنا എന്ന വചനമായിരുന്നു. മറ്റൊരു കൂട്ടർ, മുസ്‌ലിം ഭരണാധികാരികളെ മുഴുവൻ കാഫിർ ആക്കാനും അവർക്കെതിരിൽ യുദ്ധത്തിനു ആഹ്വാനം ചെയ്യാനും വേണ്ടി തെളിവ് പിടിച്ചത് സൂറത്തു മാഇദയിലെ ومن لم يحكم بما أنزل الله فأولئك هم الكافرون എന്ന ആയത്തായിരുന്നു. ഇങ്ങിനെ വേറെയും ഒരുപാട് ഒരുപാട് ആളുകളും പാർട്ടികളും ആശയക്കാരും. അവരുടെ സദുദ്ദേശത്തെയോ തഖ് വയെയോ ഞാൻ കുറ്റപ്പെടുത്തുന്നില്ല. എന്നല്ല, നമസ്കരിക്കാൻ വേണ്ടി പള്ളികൾ ഉണ്ടാക്കുകയും നോമ്പ് നോൽക്കുകയും സതാചാര ധാർമിക മൂല്യങ്ങൾ അനുസരിച്ച് ജീവിക്കുകയും, ജീവിതത്തിൽ സത്യസന്തത പുലർത്തുകയും ചെയ്യുന്നവരാണ് ഇവരിൽ മിക്കവരും. പക്ഷെ പ്രമാണങ്ങളെ വ്യാഖ്യാനിക്കുന്നതിൽ, അവർ സലഫുകളുടെ മാർഗം അഥവാ മൻഹജ് സ്വീകരിച്ചില്ല. നേരത്തെ പറഞ്ഞ ഖവാരിജുകളും ജീവിതത്തിൽ വിശുദ്ധി പുലർത്തിയവരും, അങ്ങേയറ്റം ഭക്തി നിലനിർത്തിയവരുമായിരുന്നു. അവരതിൽ സ്വഹാബത്തിനെപോലും പിന്നിലാക്കി. പക്ഷെ, അവരുടെ ആത്മാർത്ഥതയോ സത്യസന്തതയോ അവർക്കൊരു ഗുണവും ചെയ്തില്ല. അവരെയാണ് നബി സ്വല്ലള്ളാഹു അലൈഹി വസല്ലം നരഗത്തിലെ നായകൾ എന്ന് വിശേഷിപ്പിച്ചത്. പ്രമാണങ്ങളെ ബുദ്ധിപരമായി വ്യാഖ്യാനിക്കുന്നവർ യഥാർത്ഥത്തിൽ ആരാണ് എന്ന് ബോധ്യപ്പെടുത്താൻ വേണ്ടിയാണ് ഇത്രയും എഴുതിയത്. ഖുർആനും സുന്നത്തും പിന്തുടരേണ്ടത് അവ സ്വഹാബതു എങ്ങിനെ മനസ്സിലാക്കുകയും അമൽ ചെയ്യുകയും ചെയ്തു എന്ന് പരിശോധിച്ച് കൊണ്ടാണ്. അവർ എങ്ങിനെ മനസ്സിലാക്കിയോ അങ്ങിനെതന്നെ നമ്മളും മനസ്സിലാക്കണം. അവർ എങ്ങിനെ അമൽ ചെയ്തോ അങ്ങിനെതന്നെയാകണം നമ്മുടെ അമലും. അപ്പോൾ മാത്രമേ നമ്മൾ " അൽ ജമാഅ" എന്ന് നബി സ്വല്ലള്ളാഹു അലൈഹി വ സല്ലം വിശേഷിപ്പിച്ച വിജയിച്ച കക്ഷി ആവുകയുള്ളൂ. ശൈഖുൽ ഇസ്‌ലാം ഇബ്ൻ തീമിയ റഹിമഹുള്ളാ പറയുന്നു. ومن خالف قولهم ، وفسر القرآن بخلاف تفسيرهم ، فقد أخطأ في الدليل والمدلول جميعا- (التفسير الكبير 2/229 " ആരെങ്കിലും, അവരുടെ ( സ്വഹാബത്തിന്റെ) വാക്കിനു എതിരായാൽ, ഖുർആനിനു അവർ നൽകിയ വ്യാഖ്യാനത്തിനു വിരുദ്ധമായ വ്യാഖ്യാനം നൽകിയാൽ, അവനു തെളിവിലും തെളിവ് പിടിക്കപ്പെടുന്ന കാര്യത്തിലും തെറ്റ് പറ്റി" ഇബ്നു അബ്ദിൽ ഹാദി പറയുന്നു لا يجوز إحداث تأويل في أية أو سنة، لم يكن على عهد السلف ، ولا عرفوه ولا بينوه للأمة - الصارم المنكي 42 സലഫുകൾ, (സ്വഹാബത്ത്) അറിയുകയോ ഉമ്മത്തിനു വിശദീകരിക്കുകയോ ചെയ്യാത്ത ഒരു വ്യാഖ്യാനം ഖുർആനിനോ സുന്നത്തിനോ പുതുതായി നൽകാൻ പാടില്ല.
ഗവേഷണങ്ങൾ നടത്തി,പ്രമാണങ്ങൾക്ക് ബുദ്ധിപരമായ പുതിയ വ്യാഖ്യാനങ്ങൾ നൽകുന്ന ആളുകൾക്കും കക്ഷികൾക്കും എന്ത് പറയാനുണ്ട് ? ഇസ്‌ലാം ദീനിനെക്കുറിച്ചു പറയാൻ യോഗ്യരായ ആളുകൾ മനസ്സിലാക്കിയത് നിങ്ങൾ മനസ്സിലാക്കിയത് പോലെയല്ല. അവരാരും പ്രമാണങ്ങൾക്ക് സ്വന്തമായ വ്യാഖ്യാനങ്ങൾ നൽകിയിട്ടുമില്ല. - ബഷീർ പുത്തൂർ
0 Comments
Your comment will be posted after it is approved.
Leave a Reply. |
IslamBooks.inBooks and Articles on Islam, correct and pure. Archives
August 2024
Categories
All
|