ഒരു മുസ്‌ലിമായ മനുഷ്യൻ മരണപ്പെട്ടാൽ അവനോട് മറ്റു മുസ്‌ലിംകൾക്ക് ചില കടമകളുണ്ട്. അതിൽ പ്രധാനപ്പെട്ടതാണ് അവന്റെ മയ്യിത്ത് കുളിപ്പിക്കുകയും മറമാടുകയും ചെയ്യുകയെന്നുള്ളത്. മയ്യിത്ത് മറമാടിക്കഴിഞ്ഞാൽ നബി സ്വല്ലള്ളാഹു അലൈഹി വസല്ലം ഖബറിന്റെ അടുത്ത് നിന്ന് കൊണ്ട് മയ്യിത്തിന് തസ്ബീത്തിനു വേണ്ടി (മലക്കുകൾ ചോദ്യം ചെയ്യുമ്പോൾ സ്ഥൈര്യം ലഭിക്കാൻ) ദുആ ചെയ്യാറുണ്ടായിരുന്നു. ഇമാം അബുദാവൂദ് ഉദ്ധരിക്കുകയും ശൈഖ് അൽബാനി റഹിമഹുള്ളാ സ്വഹീഹ് എന്ന് വിധി പറയുകയും ചെയ്ത ഉസ്‌മാൻ ബിൻ അഫ്ഫാൻ റദിയള്ളാഹു അൻഹുവിൽ നിന്നുള്ള ഹദീസിൽ ഇങ്ങിനെ കാണാം. عثمان بن عفان رضي الله عنه قال : كان النبي صلى الله عليه وسلم : (إِذَا فَرَغَ مِنْ دَفْنِ الْمَيِّتِ وَقَفَ عَلَيْهِ ، فَقَالَ : اسْتَغْفِرُوا لِأَخِيكُمْ ، وَسَلُوا لَهُ بِالتَّثْبِيتِ فَإِنَّهُ الْآنَ يُسْأَلُ) وصححه الشيخ الألباني في صحيح أبي داود മയ്യിത്ത് മറമാടിക്കഴിഞ്ഞാൽ നബി സ്വല്ലള്ളാഹു അലൈഹി വസല്ലം ഖബറിന്റെ അടുത്ത് നിന്ന് പറയാറുണ്ടായിരുന്നു " നിങ്ങൾ നിങ്ങളുടെ സഹോദരന് വേണ്ടി ഇസ്തിഗ്ഫാർ (പാപമോചനത്തിന് തേടുക ) നടത്തുകയും അവനു തസ്ബീത് (സ്ഥൈര്യം ) ലഭിക്കാൻ അപേക്ഷിക്കുകയും ചെയ്യുക; കാരണം അവനിപ്പോൾ ചോദ്യം ചെയ്യപ്പെട്ടു കൊണ്ടിരിക്കുകയാണ്" അള്ളാഹു നമുക്കെല്ലാവർക്കും സ്ഥൈര്യം പ്രദാനം ചെയ്യട്ടെ. ഇതാണ് തസ്ബീതുമായി ബന്ധപ്പെട്ടു നബി സ്വല്ലള്ളാഹു അലൈഹി വസല്ലമയിൽ നിന്ന് സ്ഥിരപ്പെട്ടു വന്നത്. ഇക്കാര്യത്തിൽ ആർക്കും അഭിപ്രായ വ്യത്യാസവുമില്ല. മരിച്ച വ്യക്തിക്ക് വേണ്ടി ഇസ്തിഗ്ഫാറു നടത്തുകയും തസ്ബീത്തിനു വേണ്ടി അള്ളാഹുവിനോട് ചോദിക്കുകയും ചെയ്യുന്നത് സുന്നത്തായ കാര്യമാണ്. എന്നാൽ തസ്ബീത്തിന്റെ രൂപം എങ്ങിനെയെന്ന് ഹദീസുകളിൽ കാണുന്നില്ല. പ്രത്യേകമായ ഒരു ദുആയും ഈ വിഷയത്തിൽ സ്വഹീഹ് ആയ നിലയിൽ രിവായതു ചെയ്യപ്പെട്ടിട്ടില്ല. പ്രസ്തുത വിഷയവുമായി ബന്ധപ്പെട്ട് മുകളിലെ ഹദീസ് വ്യാഖ്യാനിച്ചു കൊണ്ട് ഉലമാക്കൾ പറഞ്ഞത്, തസ്ബീത്തിന്റെ രൂപം ഇന്നതാണ് എന്ന് വ്യക്തമാക്കുന്ന ഹദീസുകൾ ഇല്ലാത്തതിനാൽ മയ്യിത്തിനു വേണ്ടി ഇസ്തിഗ്ഫാർ നടത്തുകയും തസ്ബീത്തിനു വേണ്ടി ദുആ ചെയ്യുകയുമാണ് വേണ്ടത്. അത് اللهم اغفر له ، اللهم ثبت له എന്ന് മൂന്നു തവണ പറയലാണ്. (നബി സ്വല്ലള്ളാഹു അലൈഹി വ സല്ലമയുടെ ദുആകൾ കുറഞ്ഞത് മൂന്ന് എന്ന ക്രമത്തിലായിരുന്നു) ഹദീസിലെ കൽപന പൊറുക്കലിനും സ്ഥൈര്യത്തിനും വേണ്ടി ആയതിനാൽ ആ രണ്ടു കാര്യവും അതിൽ ഉൾപ്പെടുത്തി എന്നു മാത്രം. ഈ വിഷയത്തിന്റെ നിജസ്ഥിതി ഇതായിരിക്കെ, ഇന്ന് നമ്മുടെ നാടുകളിൽ തസ്ബീത്തിന്റെ ദുആ എന്ന പേരിൽ വ്യാപകമായി ഒരു ദുആ പ്രചരിക്കപ്പെട്ടതായി കാണുന്നു. اللهم ثبته عند السؤال ، اللهم ألهمه الجواب ، اللهم جاف القبر عن جنبيه ، اللهم اغفرله وارحمه ، اللهم آمنه من كل الفزع എന്ന കൃത്യമായ പദങ്ങളും ( ألفاظ ) രൂപവുമുള്ള ഈ ദുആ ദശാബ്ദങ്ങളായി കേരള നദ് വത്തുൽ മുജാഹിദീൻ അവരുടെ പാഠ്യപദ്ധതിയിൽ ഉൾപ്പെടുത്തുകയും കുട്ടികളെ പഠിപ്പിച്ചു കൊണ്ടിരിക്കുകയും ചെയ്യുന്നു. മാത്രമല്ല ഒന്നൊഴിയാതെ എല്ലാ മഹല്ലിലും മയ്യിത്ത് മറമാടിക്കഴിഞ്ഞാൽ ഈ ദുആ കൂട്ടമായി ഉച്ചത്തിൽ ശബ്ദമുയർത്തിക്കൊണ്ട് ചൊല്ലുകയും (ചിലയിടങ്ങളിൽ ചൊല്ലിക്കൊടുക്കുകയും മറ്റുള്ളവർ ഏറ്റു ചൊല്ലുകയും ) ചെയ്യുന്നു. നബി ചര്യയിൽ സ്ഥിരപ്പെട്ട ഒരു അമൽ എന്ന നിലക്കാണ് എല്ലാവരും ഈ ദുആ പഠിക്കുകയും ചൊല്ലുകയും ചെയ്യുന്നത്. സത്യത്തിൽ മുകളിൽ പറഞ്ഞ വിധത്തിലുള്ള ഒരു ദുആ സുന്നത്തിൽ സ്ഥിരപ്പെട്ടിട്ടില്ല. നബി ചര്യയിൽ സ്ഥിരപ്പെട്ടതാണെന്ന് സ്വഹീഹ് ആയ ഹദീസ് കൊണ്ട് തെളിയിക്കപ്പെടാത്ത കാലത്തോളം ഇത് നൂതന നിർമ്മിതി ആയാണ് പരിഗണിക്കപ്പെടുക. തസ്ബീത് സുന്നത്തിൽ സ്ഥിരപ്പെട്ടതാണ് എന്ന കാര്യം ഇവിടെ വായനക്കാർ പ്രത്യേകം ശ്രദ്ധിക്കേണ്ടതാണ്. എന്നാൽ മുകളിൽ സൂചിപ്പിച്ച പദങ്ങൾ അതേ പടി സാർവ്വത്രികമായി അനുഷ്ഠിക്കുകയും ഇബാദത്തായി കരുതുകയും നബിയിൽ നിന്ന് സ്ഥിരപ്പെട്ടു വന്ന തസ്ബീത്തിന്റെ രൂപം എന്ന് വിശ്വസിക്കുകയും ചെയ്യുന്നതിൽ അപകടമുണ്ട്. അത് പോലെ എടുത്തു പറയേണ്ട ഒന്നാണ് തസ്ബീത്തിന്റെ സമയപരിധി. ഒരു ഒട്ടകത്തെ അറുത്തു അതിന്റെ മാംസം ഓഹരി വെക്കുന്ന സമയത്തോളം തസ്ബീത് ചൊല്ലണം എന്ന ധാരണയും പരക്കെ നിലവിലുണ്ട്. യഥാർത്ഥത്തിൽ ഇതിന്റെ ആധാരം അംറ് ബിൻ ആസ്വ് റദിയള്ളാഹു അൻഹുവിൽ നിന്നുള്ള ഒരു ഹദീസാണ്. അദ്ദേഹം മരണാസന്നനായ സമയത്ത് തന്റെ ബന്ധുക്കളെ വിളിച്ചു പറഞ്ഞു " എന്നെ നിങ്ങൾ മറമാടിക്കഴിഞ്ഞാൽ ഒരൊട്ടകത്തെ അറുത്തു അതിന്റെ മാംസം വിഹിതം വെക്കുന്ന അത്രയും സമയം നിങ്ങളെന്റെ ഖബറിന്റെ അടുക്കൽ നിൽക്കണം, അതെനിക്ക് ആശ്വാസം പകർന്നേക്കാം " ഈ ഹദീസിനെക്കുറിച്ചു ഉലമാക്കൾ പറഞ്ഞത് ഈ നിർദ്ദേശം ആ സ്വഹാബിയുടെ ഇജ്‌തിഹാദ് മാത്രമാണ്. അതിന് ശറഇന്റെ പിൻബലമില്ല എന്നാണ്. കാരണം നബി സ്വല്ലള്ളാഹു അലൈഹി വ സല്ലമയിൽ നിന്ന് അങ്ങിനെ ഒരു കൽപനയോ ഒരു അമലോ സ്ഥിരപ്പെട്ടു വന്നിട്ടില്ല. മാത്രമല്ല സ്വഹാബികളിൽ ആരും അങ്ങിനെ ചെയ്‌തതായി രേഖയുമില്ല. ചുരുക്കത്തിൽ, ഇന്ന് പ്രചാരത്തിലുള്ള തസ്ബീത്തിന്റെ രൂപവും അതിന്റെ സമയപരിധിയും സുന്നത്തിന്റെ അടിസ്ഥാനത്തിൽ പരിശോധിക്കപ്പെടേണ്ടതുണ്ട്. ഒരു ബിദ്അത്തും ഒരു സുപ്രഭാതത്തിൽ ബിദ്അത് എന്ന ബോർഡ് വെച്ച് പ്രത്യക്ഷപ്പെടുന്നതല്ല. മറിച്ച്, സുന്നത്തിനോട് അങ്ങേയറ്റം സാദൃശ്യം പുലർത്തുകയും സവിശേഷരായ ആളുകൾക്ക് പോലും ആശയക്കുഴപ്പം (ബിദ്അത് എന്ന് പറയാൻ പറ്റുമോ എന്ന്) സൃഷ്ടിക്കുകയും ചെയ്യുന്ന വിധത്തിൽ അതി സൂക്ഷ്മമായ വിധത്തിലാണ് അത് രംഗപ്രവേശം ചെയ്യുക. അവസാനം എല്ലാവരും അറിഞ്ഞു വരുമ്പോഴേക്ക് അത് ഒരു " സുന്നത്തിന്റെ" രൂപത്തിലേക്ക് വളർന്നു കഴിഞ്ഞിരിക്കും والله المستعان وإليه التكلان ഓർക്കുക ; ഖുർആനും സുന്നത്തും മാത്രമാണ് പ്രമാണമെന്നും അവ സലഫുകൾ എങ്ങിനെ മനസ്സിലാക്കുകയും അമല് ചെയ്യുകയും ചെയ്തുവോ അങ്ങിനെതന്നെ അമല് ചെയ്യുകയും ചെയ്‌താൽ മാത്രമാണ് നാം അവരുടെ മാർഗത്തിൽ ആയിത്തീരുക. — ബഷീർ പുത്തൂർ
0 Comments
Your comment will be posted after it is approved.
Leave a Reply. |
IslamBooks.inBooks and Articles on Islam, correct and pure. Archives
August 2024
Categories
All
|