"സ്ത്രീകൾ മുഖം മറക്കണമെന്നു അള്ളാഹുവോ റസൂലോ പറഞ്ഞിട്ടില്ല. ചില വ്യാഖ്യാനമോ അഭിപ്രായമോ മാത്രമാണിത്." മുഖത്ത് കർട്ടനിടുന്ന പെണ്ണുങ്ങൾ എന്ന തലക്കെട്ടിൽ "ചിന്താ പ്രഭാതം" എന്ന പരമ്പരയിൽ മടവൂരി സഹയാത്രികൻ ശംസുദ്ധീൻ പാലക്കോട് എന്ന മൊയന്തു ( എല്ലാ മൊയന്തുകളും ക്ഷമിക്കുക) എഴുതിയ "ചിന്തകളിലെ" വരികളാണ് മുകളിൽ കൊടുത്തത്. സ്ത്രീകൾ മുഖം മറക്കുന്ന വിഷയത്തിൽ ആ വിഷയത്തിൽ സുന്നത്തിനെ പരിഹസിക്കുന്ന കൂട്ടത്തിൽ എഴുതിയതാണ്.
ഖുർആനും ഹദീസുമാണ് പ്രമാണമെന്നു പറയുകയും മരം നട്ടും പിച്ചയെടുത്തും നടക്കുന്ന മടവൂർ മുജാഹിദുകളോട് ഖുർആനും ഹദീസും തെളിവായി പറഞ്ഞാൽ അനുഷ്ഠാന തീവ്രതയെന്നു ആക്ഷേപിക്കുകയും സ്വന്തം അഭിപ്രായങ്ങൾ ദീനായി പ്രചരിപ്പിക്കുകയും ചെയ്യും. സുന്നത്തിൽ സ്ഥിരപ്പെട്ട പല കാര്യങ്ങളോടും അവർക്കു വെറുപ്പും അനിഷ്ടവുമാണ്. സ്വന്തം താൽപര്യങ്ങൾക്കു അനുസൃതമായി അവരുടെ സംഘടനാ ആചാര്യന്മാരും എടവണ്ണക്കാരൻ ഒരു സലാം സുല്ലമിയുമാണ് ഇവരുടെ ആദർശ സ്രോദസ്സുകൾ. ആനുകാലികമായി കൂടുതൽ ചർച്ച ചെയ്യപ്പെട്ട തീവ്രവാദ ചർച്ചകളുടെ മറ പിടിച്ചു മുഖം മറക്കുന്നതടക്കമുള്ള സുന്നത്തുകളെ മൃഗീയമായി തമസ്കരിക്കുക എന്നതാണ് അവരുടെ ലക്ഷ്യം. കേരളത്തിൽ മുജാഹിദ് പ്രസ്ഥാനം അതിന്റെ ദ്രംഷ്ടങ്ങൾ മുസ്‌ലിം സമൂഹത്തിൽ അടിച്ചേൽപ്പിക്കുന്നതിനു മുമ്പ് മുസ്‌ലിം സ്ത്രീകൾ മുഖം മറക്കുന്നവരായിരുന്നു എന്ന് കേട്ടിട്ടുണ്ട്. അരീക്കോട് സുല്ലമുസ്സലാം അറബി കോളേജിൽ ആദ്യ കാലത്തു സ്ത്രീകൾ പഠിച്ചിരുന്നത് മുഖം മറച്ചു കൊണ്ടായിരുന്നുവെന്നു അനുഭവസ്ഥർ പറഞ്ഞു കേട്ടിട്ടുണ്ട്. താടി വളർത്തലും സ്ത്രീകൾ മുഖം മറക്കലുമൊക്കെ തീവ്രവാദത്തിന്റെ ബ്രാൻഡ് സിമ്പൽ ആയതു, മുജാഹിദ് പ്രസ്ഥാനത്തിന്റെ പിളർപ്പിന് ശേഷം മടവൂർ മുജാഹിദുകളിലെ രണ്ടാം തലമുറ സംഘടനയിൽ പിടിമുറുക്കുകയും സലാം സുല്ലമിയെ ആസ്ഥാന പണ്ഡിതനായി വാഴിക്കുകയും ചെയ്തതിനു ശേഷമാണ്. മുസ്‌ലിം ലോകം പരക്കെ അംഗീകരിക്കുന്നതും തെളിവുകളുടെ സാന്നിധ്യം കൊണ്ട് സമ്പന്നവുമായ ഏതാണ്ടെല്ലാ മസ് അലകളിലും അവർ വേർപിരിയുകയും സ്വന്തം "ഒരു മത"മായി വേറിട്ട് നിൽക്കാൻ മത്സരിക്കുകയും ചെയ്യുന്നു. അനുഷ്ഠാന തീവ്രത, പ്രമാണങ്ങളുടെ അക്ഷരവായന, നവ സലഫിസം, മത തീവ്രത, അക്ഷരപൂജ തുടങ്ങിയ വിശേഷണങ്ങളിലൂടെ ഇവർ ആക്ഷേപിക്കുന്നത് നബി സ്വല്ലള്ളാഹു അലൈഹി വ സല്ലമയിൽ നിന്ന് സ്ഥിരപ്പെട്ട സുന്നത്തുകളെത്തന്നെയാണ്. മതത്തിൽ മൊത്തത്തിൽ വിലക്കപ്പെട്ട 'ഗുലുവ്വ്' അഥവാ അതിവായനകൾ അല്ലെങ്കിൽ അതിരു കവിയലുകളാണ് അത് കൊണ്ട് ഉദ്ദേശം എന്ന് വരുത്തിതീർത്തു പിന്തുണ നേടാൻ ചില ചോട്ടാ മൊല്ലകൾ ശ്രമിക്കുന്നുണ്ട്. നബി സ്വല്ലള്ളാഹു അലൈഹി വ സല്ലമയുടെ സുന്നത്തിനു അതീതമായ രൂപത്തിൽ പ്രമാണങ്ങളുടെ മുൻകാല മാതൃകയില്ലാതെ, കൽപനക്കു വിരുദ്ധമായ നിലയിൽ വ്യാഖ്യാനിക്കപ്പെട്ട വ( ഗുലുവ്വ്) ആയിരുന്നു ഉദ്ദേശമെങ്കിൽ, താടി വളർത്തുന്നതും, നെരിയാണിക്കു മുകളിൽ വസ്ത്രമാകുന്നതും, സ്ത്രീകൾ മുഖം മറക്കുന്നതും, അറാക് കൊണ്ട് ദന്തശുദ്ധി വരുത്തുന്നതുമൊന്നും പ്രാമാണികമായി സ്ഥിരപ്പെട്ടതിനാൽ ഈ ഗണത്തിൽ വരുമായിരുന്നില്ല. ചുരുക്കത്തിൽ, മുജാഹിദ് പ്രസ്ഥാനത്തിൽ നിന്ന് വേറിട്ട് പോയ മടവൂർ വിഭാഗം വ്യക്തമായ അജണ്ടകളോടെയാണ് കരുക്കൾ നീക്കുന്നത് എന്ന് വ്യക്തം. സുന്നത്തിന്റെയും ഇസ്‌ലാമിന്റെയും ശത്രുക്കൾ ഇസ്‌ലാമിന് പുറത്തുള്ള ഹൈന്ദവ തീവ്രവാദികളോ മീഡിയയോ ഒന്നുമല്ല. മറിച്ചു സുന്നത്തിനെ തെറ്റായി വ്യാഖ്യാനിക്കുകയും പരിഹസിക്കുകയും പ്രാമാണികത ചോദ്യം ചെയ്യുകയും ചെയ്യുന്ന ഒറ്റുകാരാണ്. മുജാഹിദ് പ്രസ്ഥാനത്തിന്റെ നേതൃത്വം കയ്യാളുകയും അതി വിദഗ്ദമായി അതിന്റെ ദിശ മാറ്റുകയും ചെയ്ത ഹുസൈൻ മടവൂർ സാഹിബ് അനുയായികളുടെ അമ്പരപ്പിക്കുന്ന പരിണാമം കണ്ടു എവിടെയോ ഇരുന്നു ഊറിച്ചിരിക്കുന്നുണ്ടാകണം. ! - ബഷീർ പുത്തൂർ
0 Comments
Your comment will be posted after it is approved.
Leave a Reply. |
IslamBooks.inBooks and Articles on Islam, correct and pure. Archives
August 2024
Categories
All
|