പ്രദർശനപരത ഒരു വിപത്താണ്. ഇത് ഒരു സാമൂഹിക രോഗമാണെങ്കിൽ, ആ രോഗം മത പ്രബോധകരുടെ ഇടയിലേക്കും അതിഗുരുതരമായ വിധത്തിൽ പടർന്നിട്ടുണ്ട് എന്ന വസ്തുത അന്ഗീകരിച്ചേ മതിയാകൂ. ഒരു മതം, വിശിഷ്യ ഇസ്ലാം മതം, അതിന്റെ അസ്ഥിവാരം നിലനിൽക്കുന്നത് അതി വിശിഷ്ടമായ മൂല്യങ്ങളിലാണ്. ഇഖ്‌ലാസ്, തഖ്‌വ, അമാനത്ത്, സ്വിദ്ഖു് തുടങ്ങി നിലവിലുള്ള ഏതെങ്കിലും സംവിധാനങ്ങൾ കൊണ്ട് അളന്നു തിട്ടപ്പെടുത്താവുന്നതോ, നിജപ്പെടുത്താവുന്നതോ അല്ലാത്ത ഉത്തമ ഗുണങ്ങൾ അതിൽ പ്രധാനമായവയാണ്. എന്നാൽ ഒരാളുടെ ബാഹ്യമായ രീതികളും ശരീരഭാഷയും അടിസ്ഥാനമാക്കുമ്പോൾ അത്തരം മൂല്യങ്ങളുടെ തോതിനെ വിലയിരുത്താൻ സാധിക്കും എന്നതാണ് വസ്തുത.
മറ്റുള്ളവരെ കാണിക്കാൻ വേണ്ടി നമസ്കാരം നിർവ്വഹിക്കുന്നവരെ മതത്തെ കളവാക്കുന്നവർ എന്ന് വിശേഷിപ്പിച്ചു കൊണ്ട് ഖുർആനിലൂടെ അത്തരക്കാരെ അള്ളാഹു കണക്കറ്റു ശാസിക്കുന്നതായി കാണാം. ഇത് ഒരു നമസ്കാരത്തിന്റെ കാര്യത്തിൽ മാത്രം പരിമിതമല്ല. മറിച്ചു പാരത്രിക മോക്ഷം പ്രതീക്ഷിച്ചു കൊണ്ട് ചെയ്യേണ്ട കർമങ്ങൾ, അതല്ലാത്ത മറ്റു ലക്ഷ്യങ്ങളിലേക്ക് വഴി മാറുമ്പോൾ സംഭവിക്കുന്ന സ്വാഭാവിക പരിണിതിയാണിത്. ഈദൃശ കർമങ്ങളെ ചെറിയ ശിർക്കിലാണ് നബി സ്വല്ലള്ളാഹു അലൈഹി വ സല്ലം വർഗീഗരിച്ചതു എന്ന് കാണാം. ഞാനിക്കാര്യം ഇവിടെ പരാമർശിക്കാൻ കാരണം, ഇന്ന് ഇസ്ലാമിക മത പ്രചാരണ രംഗത്ത് ഉള്ള ആളുകളിൽ ഈ പ്രകടനപരത വല്ലാതെയുണ്ട് എന്ന ബോധ്യമാണ്. കാൽ നൂറ്റാണ്ട് മുമ്പ് കേരളത്തിലെ സാമൂഹികാന്തരീഷം ഇത്ര മലിനമായിരുന്നില്ല. അതായത്, ഇസ്ലാം മതത്തെക്കുറിച്ച് പ്രാമാണികമായി സംസാരിക്കുന്നവരിൽ സത്യസന്ധതയും ഇഖ്ലാസും ഒരു പരിധി വരെ അനുഭവ വേദ്യമായിരുന്നു. ഇന്ന് മറ്റ് മേഖലകളിൽ സംഭവിച്ച മൂല്യച്യുതി മത രംഗത്തും അനിതരസാധാരണമായ വിധത്തിൽ സംഭവിച്ചു എന്നതാണ് അനിഷേധ്യമായ വസ്തുത. സമ്മേളനങ്ങൾക്കും സംഘടനകൾക്കും പഞ്ഞമില്ലാത്ത നാടാണ് നമ്മുടേത്. എല്ലാ ഈർക്കിലി സംഘടനകൾക്കും മോശമല്ലാത്ത ആൾക്കൂട്ടവും ആസ്തിയുമുണ്ട്. പരസ്പരം പോരടിക്കുകയും പോർവിളിക്കുകയും ചെയ്തു ഓരോ വിഭാഗവും തങ്ങളുടെ പക്ഷമാണ് ശെരി എന്ന് ബോധ്യപ്പെടുത്താൻ മത്സരിക്കുന്ന കാഴ്ച പുതിയതല്ല. പ്രമാണങ്ങളിലേക്ക് സത്യസന്ധമായ ഒരു തിരിച്ചു പോക്കിന് അത് അവകാശപ്പെടുന്നവർ തന്നെ ഒരുക്കമല്ല. ഇത് നിസ്സാരമായി വിലയിരുത്തേണ്ട ഒരു ദുരന്തമല്ല.പരസ്പരം തർക്കമുള്ള മതപരമായ വിഷയങ്ങളിൽ, അതിന്റെ അഹ് ലുകാരായ ആലിമുകളിലേക്ക് ആണ് മടങ്ങേണ്ടത്. ഇക്കാര്യം ഖുർആനിൽ നിന്നും സുന്നത്തിൽ നിന്നും ബോധ്യപ്പെടുന്ന കാര്യമാണ്. അള്ളാഹു പറയുന്നു. فاسألوا أهل الذكر إن كنتم لا تعلمون നിങ്ങൾ അറിവില്ലാത്തവരാണെങ്കിൽ, അറിവുള്ളവരോട് ചോദിക്കൂ. നബി സ്വല്ലള്ളാഹു അലൈഹി വസല്ലം പറയുന്നു. شفاء العي السؤال അറിവ് കേടിന്റെ ചികിത്സ ചോദിക്കലാണ്. കേരളത്തിലെ മുസ്ലിം വിഭാഗങ്ങൾക്കിടയിൽ നിലനിൽക്കുന്ന തർക്കങ്ങളിൽ അവർ അറിവുള്ള ആളുകളിലേക്ക് മടക്കിയില്ല എന്ന അധർമത്തിന്റെ ദുരന്തഫലം അവരിന്നു അഭിമുഖീകരിക്കുന്നു. പറയുന്ന കാര്യങ്ങളിൽ സ്വിദ്ഖും, ഇഖ് ലാസും അമാനത്തും കേവല ബാഹ്യമായ ജാടകൾക്കപ്പുറം ഒരു വിശ്വാസ സംഹിതയുടെ ഭാഗമെന്ന നിലയിൽ നില നിന്നിരുന്നുവെങ്കിൽ കാര്യങ്ങൾ ഈ രൂപത്തിൽ കൈവിട്ടുപോകുമായിരുന്നില്ല. ഭൂരിഭാഗം ആളുകൾ എവിടെ നിൽക്കുന്നു എന്നത് ഒരു കാര്യം സ്വീകാര്യവും വസ്തുനിഷ്ഠവും ആണെന്നതിന് നിദാനമേയല്ല. കാരണം പ്രവാചകന്മാരുടെ സന്ദേശങ്ങളെ അവരുടെ ജനതയിൽ മഹാ ഭൂരിപക്ഷവും സ്വീകരിച്ചിരുന്നില്ല. അതിനർത്ഥം അത് വാസ്തവിരുദ്ധമാണ് എന്നല്ല. സത്യം എപ്പോഴും അങ്ങിനെത്തന്നെയാണ്. അതിനെ നസ്വ്ർ ചെയ്യുന്നവർ അംഗുലീപരിമിതമായിരിക്കും. അള്ളാഹു പലപ്പോഴായി ഖുർആനിൽ ഭൂരിപക്ഷത്തെ വിമർശിക്കുന്നതായി കാണാം. മുസ്‌ലിം മത സംഘടനകൾ സ്ഥാപനവൽക്കരിക്കപ്പെട്ടതിന്റെ നേർക്കാഴ്ചയാണ് കേരളത്തിന്റെ ആനുകാലിക ചരിത്രം രേഖപ്പെടുത്തുന്നത്. നബി സ്വല്ലള്ളാഹു അലൈഹി വസല്ലമയുടെ ചര്യയും സ്വഹാബത്തിന്റെ മൻഹജും പരിത്യജിച്ചു ബുദ്ധിയുടെ പിന്നാലെ പോയ ആളുകൾക്ക് ഇതിൽപരം മറ്റെന്തു പ്രതീക്ഷിക്കാൻ?ശിർക്കും കുഫ്റും ബിദ്അത്തും കൊടി കുത്തി വളരുന്ന ഒരു നാട്ടിൽ ഖുർആനും സുന്നത്തും അനുസരിച്ച് സലഫുകളുടെ മാർഗം പിന്തുടരുന്ന ഒരു യുവത വളർന്നു വരേണ്ടതുണ്ട്. മുടിയും പൊടിയും ഇപ്പോൾ പാത്രവുമായി ഒരു സമൂഹത്തിന്റെ വിശ്വാസ ദാരിദ്ര്യത്തെ ചൂഷണം ചെയ്യുന്ന പാതിരിമാരുടെ പൊള്ളത്തരങ്ങൾ തുറന്നു കാട്ടി വിശ്വാസ വിമലീകരണത്തിന് നാന്ദി കുറിക്കേണ്ട ആളുകൾ ചില മെഗാ എക്സിബിഷനുകളിൽ ശ്രദ്ധ കേന്ദ്രീകരിച്ചു പബ്ലിസിറ്റി സ്റ്റെണ്ട് നടത്തുമ്പോൾ സഹതാപവും അതിലേറെ സങ്കടവുമാണ് കാര്യബോധമുള്ളവർക്ക് അനുഭവപ്പെടുക. ഈ ആളെക്കൂട്ടി മഹാമഹങ്ങൾ വല്ല സേവനവും പ്രദാനം ചെയ്യുന്നുവെങ്കിൽ, അത് അമുസ്ലിംകൾ പോലും അംഗീകരിക്കുന്ന തർക്കമില്ലാത്ത തൗഹീദുറുബൂബിയ്യത്തിൽ നിന്നപ്പുറം അതിനൊരു ഫലം പ്രതീക്ഷിക്കേണ്ടതില്ല. എന്നല്ല, അതിലെ സുപ്രധാനമെന്നു അതിന്റെ അണിയറ ശിൽപികൾ പോലും അവകാശപ്പെടുന്ന അജണ്ടകൾ കേരള സാമൂഹ്യ പരിപ്രേക്ഷ്യത്തിലെ ആർക്കും വേണ്ടാത്ത ചവറുകളല്ലാതെ, ഇസ്ലാമിക നവോദ്ധാന രംഗത്ത് അതിന്റെ ആളുകൾ പ്രാധാന്യപൂർവ്വം കെട്ടുപൊട്ടിക്കേണ്ട ഒരു സംഭവമൊന്നുമല്ല. ഇക്കാര്യം അതിന്റെ പിന്നണിപ്രവർത്തകർക്ക് നിശ്ചയമില്ലാതിരിക്കാൻ തരമില്ല. പക്ഷെ പൊതു ജനത്തിന്റെ കയ്യടി കിട്ടണമെങ്കിൽ ഇമ്മാതിരി ചെപ്പടി വിദ്യകൾ കാണിക്കണം. മാനവികത എന്ന് പറഞ്ഞാൽ തൗഹീദുമായി യാതൊരു ബന്ധവുമില്ലാത്ത ഒരു സാധനമാണെന്ന് ആർക്കാണറിയാത്തത് ? പൊതുജന ബാഹുല്യം കൊണ്ട് ചരിത്രം സൃഷ്ടിക്കുക എന്നതിൽ കവിഞ്ഞു അള്ളാഹുവിന്റെ പ്രതിഫലമാണ് ഇവർ ആഗ്രഹിക്കുന്നത് എങ്കിൽ അതിനു ചെയ്യേണ്ട പണി ഇതല്ലായെന്നും ഇവരിൽ പലർക്കുമറിയാം. നാടോടുമ്പോൾ നടുവേ ഓടുക എന്ന് പറഞ്ഞ പോലെ പരമാവധി ജനശ്രദ്ധ നേടി മഹാ സംഭവങ്ങൾ സൃഷ്ടിക്കുക. അതൊരു പക്ഷെ ലക്‌ഷ്യം കണ്ടേക്കാം. പക്ഷെ ഇതിനല്ലല്ലൊ അള്ളാഹു പ്രവാചകന്മാരെ നിയോഗിച്ചതും ഖുർആൻ അവതരിപ്പിച്ചതും. !!? - ബഷീർ പുത്തൂർ
0 Comments
Your comment will be posted after it is approved.
Leave a Reply. |
IslamBooks.inBooks and Articles on Islam, correct and pure. Archives
August 2024
Categories
All
|