ചിലർക്ക് ഒരു ധാരണയുണ്ട്. വേറെ ചിലരത് സ്നേഹ പൂർവ്വം സൂചിപ്പിക്കാറുമുണ്ട്. എന്തിനാണ് ഇങ്ങിനെ എപ്പോഴും മറ്റുള്ളവരെ വിമർശിച്ചു കൊണ്ടിരിക്കുന്നത്? പറയാൻ വേറെ എന്തെല്ലാം കാര്യങ്ങൾ കിടക്കുന്നു ? ഉദാഹരണത്തിന് നമസ്കാരത്തിന്റെ പ്രാധാന്യം, അതിൽ ഉപേക്ഷ വരുത്തുന്നതിലെ അപകടം, തഖ്‌വ കാണിക്കൽ, താഴ്മയും വിനയവും സത്യസന്ധതയും, അള്ളാഹുവിൽ ഭരമേൽപ്പിക്കൽ തുടങ്ങിയ സർവാംഗീകൃതവും ആർക്കും എതിർപ്പുമില്ലാത്ത, അറിയുകയും പഠിക്കുകയും ചെയ്യേണ്ട എന്തെല്ലാം വിഷയങ്ങൾ !
മുസ്‌ലിം സമൂഹം ബാഹ്യ ശത്രുക്കളിൽ നിന്ന് കൂട്ടമായ കടുത്ത വെല്ലുവിളികൾ നേരിട്ടു കൊണ്ടിരിക്കുന്ന പശ്ചാത്തലം കൂടി പരാമർശിച്ചു കൊണ്ടു, മുസ്‌ലിം ഐക്യത്തിന്റെ അനിവാര്യതയും, അനൈക്യവും ഛിദ്രതയുമുണ്ടാക്കുന്ന പ്രയാസങ്ങൾ കൂടി ഇതിനോട് ചേർത്ത് പറയുമ്പോൾ തീർച്ചയായും, സാത്വികരെന്നു പൊതുവെ കരുതപ്പെടുന്ന ആർക്കും അത് ശെരിയാണല്ലോ എന്ന് തോന്നുക സ്വാഭാവികം. ഇവിടെ, കാര്യങ്ങൾ വളരെ സൂക്ഷ്മമായി കരുതലോടെ വിലയിരുത്തപ്പെടേണ്ടതുണ്ട്. ഇസ്‌ലാം മതം ഒരു തുറന്ന പുസ്തകമാണ്. അതിന്റെ സന്ദേശങ്ങൾ ഏതു സാധാരണക്കാരനും എളുപ്പം മനസ്സിലാകുന്നതും അവക്ര ബുദ്ധിയെ താമസംവിനാ സ്വാധീനിക്കുന്നതുമാണ്. മാനവതയുടെ ജീവിത മോക്ഷമാണ് അതിന്റെ ആത്യന്തിക സന്ദേശം. അതിനു ഉപയുക്തമായ രീതിയിൽ ജീവിതം ക്രമീകരിക്കാൻ സൃഷ്ടാവായ അള്ളാഹു വിശുദ്ധ ഗ്രന്ഥങ്ങൾ അവതരിപ്പിക്കുകയും പ്രവാചകന്മാരെ നിയോഗിക്കുകയും ചെയ്തു. അതിൽ, പരിശുദ്ധ ഖുർആൻ ഖുർആൻ അവസാനത്തെ ഗ്രന്ഥവും മുഹമ്മദ് നബി സ്വല്ലള്ളാഹു അലൈഹി വസല്ലം അന്ത്യപ്രവാചകനുമാണ്. ലളിതസുന്ദരമായ ഇസ്‌ലാമിനെ അതിന്റെ ലാളിത്യത്തോട് കൂടെ കലർപ്പില്ലാതെ, മായം കലർത്താതെ മനുഷ്യ ഹൃദയങ്ങളിൽ മഞ്ഞു തുള്ളി പോലെ വീഴ്ത്താൻ ഒരു ഭിഷഗ്വരന്റെ മെയ് വഴക്കത്തോടെ അവിശ്രമം പ്രയത്നിച്ചു കൊണ്ടിരിക്കുന്നവരാണ് അഹ് ലുസ്സുന്നത്തിന്റെ ഉലമാക്കൾ. ശൈഖുൽ ഇസ്‌ലാം ഇബ്നു തീമിയ റഹിമഹുള്ളാ പറഞ്ഞത് പോലെ, അവർ ഹഖ് ഏറ്റവും നന്നായി അറിയുന്നവരും, സൃഷ്ടികളോട് ഏറ്റവും കരുണയുള്ളവരുമാണ്. ആ പ്രയത്നത്തിന്റെ ഭാഗമാണ്, അള്ളാഹുവിന്റെ ദീനിൽ, അവൻ പഠിപ്പിക്കാത്ത കാര്യങ്ങൾ കൂട്ടിച്ചേർക്കുകയും, നബി സ്വല്ലള്ളാഹു അലൈഹി വസല്ലമയുടെ മാതൃകയില്ലാത്തവ പുതുതായി നിർമ്മിച്ചുണ്ടാക്കുകയും ചെയ്യുന്നത് തടയുകയെന്നത്. ഇസ്‌ലാം മതത്തിന്റെ കരുത്തും വീര്യവും ചോർന്നു പോകുന്ന തരത്തിൽ പലരും പല കാലത്തായി നബിചര്യക്ക് വിരുദ്ധമായ കാര്യങ്ങൾ, മത കൽപനകളെന്ന നിലയിൽ പ്രവർത്തിക്കുകയും എഴുതുകയും പ്രചരിപ്പിക്കുകയും ചെയ്തിട്ടുണ്ട്. അവയെ അതാതു കാലത്തെ അഹ് ലുസ്സുന്നത്തിന്റെ ഉലമാക്കൾ നിശിതമായി വിമർശിക്കുകയും, അതിന്റെ പ്രചാരകരെ സമൂഹ മധ്യത്തിൽ പേരെടുത്തു പറഞ്ഞു കൊണ്ട് തുറന്നു കാട്ടുകയും ചെയ്തിട്ടുണ്ട്. സ്വഹാബത്തിന്റെ കാലശേഷം തൊട്ടു ഇന്നു വരെ അത് അഭംഗുരം തുടർന്ന് കൊണ്ടിരിക്കുന്നു. ഇത് ഇസ്‌ലാമിക ദഅവത്തിന്റെ അവിഭാജ്യ ഘടകമാണ്. കാരണം, നബിചര്യയിൽ സ്ഥിരപ്പെടാത്ത കാര്യങ്ങൾ ഖണ്‍ഠിക്കപെടാതെ പോയാൽ അത് ഇസ്‌ലാം ദീനിന്റെ അസ്തിത്വത്തിനു തന്നെ സാരമായ പോറലേൽപിക്കും. ഉലമാക്കൾ നടത്തുന്ന ഈ ഖണ്‍ഠനം പോലും, മുസ്‌ലിം പൊതു സമൂഹത്തോടുള്ള അവരുടെ കാരുണ്യത്തിന്റെ ഭാഗമാണ്. കാരണം, ഒരാൾ പോലും സത്യമറിയാതെ വഴി തെറ്റി, പിഴച്ച മാർഗത്തിലകപ്പെട്ടു പാരത്രിക മോക്ഷം ലഭിക്കാത്തവരിലാവരുതെന്ന അകമഴിഞ്ഞ ആഗ്രഹം. എല്ലാവരും സന്മാർഗത്തിലാവുകയും, പ്രവാചക ചര്യ പിന്തുടർന്നു, ഹൗദുൽ കൌസറിൽ നിന്ന് പാനം ചെയ്യട്ടെയെന്ന ആഗ്രഹം. അത് കാരുണ്യതിന്റെതല്ലാതെ മറ്റെന്തിന്റെതാണ്? ഈ ആശ അഹ് ലുസ്സുന്നതിന്റെ ഉലമാക്കൾക്കല്ലാതെ മറ്റാർക്കുണ്ട് അവകാശപ്പെടാൻ? ! - ബഷീർ പുത്തൂർ
0 Comments
Your comment will be posted after it is approved.
Leave a Reply. |
IslamBooks.inBooks and Articles on Islam, correct and pure. Archives
August 2024
Categories
All
|