നബി സ്വല്ലല്ലാഹു അലൈഹി വ സല്ലമക്ക് സിഹ്ർ ബാധിച്ചു എന്ന സംഭവം നിഷേധിക്കുന്നവർക്കുള്ള ന്യായം എന്താണ്? ഈ വിഷയം പരിശോധനക്ക് വിധേയമാക്കുന്നത് അനിവാര്യമാണ്. പ്രധാനമായും നബി സ്വല്ലല്ലാഹു അലൈഹി വ സല്ലമക്ക് സിഹ്ർ ബാധിച്ചു എന്ന ഹദീസിനെ നിഷേധിക്കുന്നവർക്ക് അതിനു പറയാനുള്ള ന്യായം, ആ ഹദീസിന്റെ സനദിൽ ഹിഷാം ബിൻ ഉർവ റദിയള്ളാഹു അൻഹു ഉണ്ട്. അദ്ദേഹത്തിന് ജീവിതാവസാന കാലത്ത് ഓർമ്മപ്പിശക് സംഭവിക്കുകയും പല കാര്യങ്ങളും തെറ്റായി രിവായത് ചെയ്യുകയും ചെയ്തിട്ടുണ്ട് എന്നതാണ്. ഇവിടെ വിശതീകരണം ആവശ്യമാണ്. ഹിശാം ബിൻ ഉർവ വിശ്വസ്തനും സത്യസന്ധനും നീതിമാനുമാണ്. അദ്ദേഹത്തിന് ഓർമ്മപ്പിശക് സംഭവിച്ചു എന്ന കാര്യം വാസ്തവവിരുദ്ധവും യാഥാർഥ്യങ്ങൾക്കു നിരക്കാത്തതുമാണ്. ഇമാം ദഹബി റഹിമഹുള്ളാ തന്റെ സിയറിൽ ഹിശാം ബിൻ ഉർവയുടെ തർജമയിൽ അക്കാര്യം അർത്ഥശങ്കക്കിടയില്ലാത്ത വിധത്തിൽ വ്യക്തമാക്കിയിട്ടുണ്ട്. ഇനി വാദത്തിന് വേണ്ടി അദ്ദേഹം അസ്വീകാര്യനാണെന്ന് സമ്മതിച്ചാൽ തന്നെ, ഹിശാം ഇല്ലാത്ത സനദിലൂടെ ഈ ഹദീസ് രിവായത് ചെയ്യപ്പെട്ടിട്ടുണ്ട്. അതിനാൽ തന്നെ ഈ ഹദീസ് ഒരു നിലക്കും തള്ളിക്കളയാൻ കഴിയാത്തതാണെന്ന് വ്യക്തം.
രണ്ടാമത്തെ കാര്യം, ഈ ഹദീസിന്റെ പരമ്പരയിൽ ഹിശാം ഉള്ളതിനാൽ അത് അസ്വീകാര്യമാണെന്നു പ്രാമാണികരായ പൗരാണികരോ ആധുനികരോ ആയ മുഹദിസുകളാരും രേഖപ്പെടുത്തിയിട്ടില്ല. പിന്നെ എന്തിന്റെ അടിസ്ഥാനത്തിലാണ് ഇവർ ഈ വാദമുന്നയിക്കുന്നത്? വാസ്തവത്തിൽ, ഈ വിഷയത്തെ സ്വന്തം യുക്തിയുടെയും ബുദ്ധിയുടെയും നിഗമനത്തിന്റെയും അടിസ്ഥാനത്തിൽ സമീപിക്കുകയും വ്യാഖ്യാനിക്കുകയുമാണ് ഇവർ ചെയ്യുന്നത്. നബി സ്വല്ലള്ളാഹു അലൈഹി വ സല്ലമക്ക് സിഹ്ർ ബാധിച്ചു എന്ന് കേൾക്കുമ്പോൾ അക്കാര്യം അവരുടെ യുക്തിക്ക് നിരക്കാത്തതും ഇവർ മനസ്സിലാക്കിയ പുരോഗമന ചിന്തക്കും, നവോദ്ധാന ആശയങ്ങൾക്കും എതിരായതുമായി തോന്നുകയും ചെയ്തു. അതിനാൽ തന്നെ ഈ ഹദീസിനെ നിഷേധിക്കാൻ അവർ നിർബന്ധിതരായി. പ്രമാണങ്ങൾ, അവ ഖുർആനാകട്ടെ, ഹദീസാകട്ടെ, വ്യാഖ്യാനിക്കുന്നതിന് സർവ്വാംഗീകൃതമായ നിയമങ്ങളുണ്ട്. ഓരോരുത്തർക്കും തോന്നുന്ന പോലെ അവ വ്യാഖ്യാനിക്കാൻ പാടില്ല.എത്ര കഴിവും അറിവും സാമർഥ്യവും ബുദ്ധി കൂർമതയും പ്രാവീണ്യവും പ്രാഗൽഭ്യവുമുള്ള ആളാണെങ്കിലും സലഫുകളുടെ വ്യാഖ്യാനവും അവരുടെ നിലപാടുകളും അവരുടെ അഭിപ്രായങ്ങളും പരിശോധിക്കുകയും തെളിവിന്റെ മുൻതൂക്കം പരിഗണിച്ചു കൊണ്ട് നിലപാടുകൾ രൂപപ്പെടുത്തുകയും ചെയ്യുകയാണ് വേണ്ടത്. പക്ഷെ, ദുഖകരമായ കാര്യം പല വിഷയങ്ങളിലും തങ്ങളുടെ യുക്തിക്ക് ശെരിയെന്ന് തോന്നുന്ന ആയത്തുകൾ ഖുർആനിൽ നിന്ന് അടർത്തിയെടുക്കുകയും പൂർവ്വീകരുടെ വ്യാഖ്യാനങ്ങളും ഉദ്ധരണികളും തെളിവുകളും പരിശോധിക്കാതെ സ്വതന്ത്രമായ വ്യാഖ്യാനം ചമച്ചു കൊണ്ട് പ്രചരിപ്പിക്കുന്ന തെറ്റായ കീഴ്വഴക്കമാണ് ഇവർ പിന്തുടരുന്നത്. ഇവരുടെ പ്രസംഗങ്ങളിലും പ്രസിദ്ധീകരണങ്ങളിലും ലേഖനങ്ങളിലും ഖുതുബകളിൽ പോലും യുക്തിയെ മാത്രം ആശ്രയിച്ചു കൊണ്ടുള്ള വ്യാഖ്യാനങ്ങൾ എമ്പാടും ഇടം പിടിക്കാറുണ്ട്. അതിനാൽ തന്നെ, ഇവിടെ ചർച്ചക്ക് വിധേയമായ പ്രസ്തുത ഹദീസിനെക്കുറിച്ചു പൂർവ്വീകരായ പ്രാമാണിക മുഹദ്ധിസുകളും ഉലമാക്കളും എന്ത് രേഖപ്പെടുത്തി എന്ന വസ്തുത കൂടി നമുക്ക് വിലയിരുത്തേണ്ടതുണ്ട്. - ബശീർ പുത്തൂർ
0 Comments
Your comment will be posted after it is approved.
Leave a Reply. |
IslamBooks.inBooks and Articles on Islam, correct and pure. Archives
October 2024
Categories
All
|