സൂറത്തുൽ ഇസ്‌റാഇലെ 47-മത്തെ വചനവും സൂറത്തുൽ ഫുർഖാനിലെ എട്ടാമത്തെ വചനവും ചിലയാളുകൾ മനപ്പൂർവ്വം തെറ്റായി വ്യാഖ്യാനിക്കുകയും തൽഫലമായി സാധാരണ ജനങ്ങളെ തെറ്റിദ്ധരിപ്പിക്കുകയും ചെയ്തു കൊണ്ടിരിക്കുന്നു. ആദ്യം ആ ആയത്തുകളുടെ അർത്ഥവും അതിന്റെ ശെരിയായ വ്യാഖ്യാനവും ഒന്ന് പരിശോധിക്കാം. സൂറത്തുൽ ഇസ്‌റാഇൽ അല്ലാഹു പറയുന്നു. نَّحْنُ أَعْلَمُ بِمَا يَسْتَمِعُونَ بِهِ إِذْ يَسْتَمِعُونَ إِلَيْكَ وَإِذْ هُمْ نَجْوَىٰ إِذْ يَقُولُ الظَّالِمُونَ إِن تَتَّبِعُونَ إِلَّا رَجُلًا مَّسْحُورًا- سورة الإسراء4 " നീ പറയുന്നത് അവർ സശ്രദ്ധം കേൾക്കുന്ന സന്ദർഭത്തിൽ എന്തൊന്നാണ് അവർ കേട്ട് കൊണ്ടിരിക്കുന്നത് എന്ന് നമുക്ക് നന്നായി അറിയാം. അവർ സ്വകാര്യമായി പറയുന്ന സന്ദർഭത്തിൽ മാരണം ബാധിച്ച ഒരാളെ മാത്രമാണ് നിങ്ങൾ പിന്തുടരുന്നത് എന്ന് അക്രമകാരികളായ ആളുകൾ പറയുന്ന സന്ദർഭവും (നമുക്കറിയാം) സൂറത്തുൽ ഇസ്‌റാഉ -47 സൂറത്തുൽ ഫുർഖാനിൽ അല്ലാഹു പറയുന്നു. وَقَالُوا مَالِ هَٰذَا الرَّسُولِ يَأْكُلُ الطَّعَامَ وَيَمْشِي فِي الْأَسْوَاقِ ۙ لَوْلَا أُنزِلَ إِلَيْهِ مَلَكٌ فَيَكُونَ مَعَهُ نَذِيرًا أَوْ يُلْقَىٰ إِلَيْهِ كَنزٌ أَوْ تَكُونُ لَهُ جَنَّةٌ يَأْكُلُ مِنْهَا ۚ وَقَالَ الظَّالِمُونَ إِن تَتَّبِعُونَ إِلَّا رَجُلًا مَّسْحُورًا - سورة الفرقان 7 -8 അവർ പറയുകയും ചെയ്തു. : ഈ ദൂതൻ എന്താണിങ്ങനെ? ഇയാൾ ഭക്ഷണം കഴിക്കുന്നു, അങ്ങാടികളിലൂടെ നടക്കുന്നു. ഇയാളുടെ കൂടെ ഒരു താക്കീതുകാരനായിട്ട് എന്ത് കൊണ്ടാണ് ഇയാളുടെ അടുത്തേക്ക് ഒരു മലക്ക് ഇറക്കപ്പെടാത്തത്? അതല്ലെങ്കിൽ, അയാൾക്കൊരു നിധി ഇട്ടു കൊടുക്കപ്പെടുന്നില്ല? അല്ലെങ്കിൽ ഇയാൾക്ക് കായ് കനികൾ തിന്നാൻ പറ്റുന്ന രൂപത്തിൽ ഒരു തോട്ടമുണ്ടാകുന്നില്ല? അക്രമികൾ പറഞ്ഞു " മാരണം ബാധിച്ച ഒരാളെ മാത്രമാകുന്നു നിങ്ങൾ പിൻപറ്റുന്നത്" സൂറത്തുൽ ഫുർഖാൻ 7-8
ഈ രണ്ട് ആയത്തുകൾ ദുർവ്യാഖ്യാനിച്ചു കൊണ്ട് വളരെ വ്യാപകമായി മർകസ് ദഅവ മുജാഹിദുകൾ നബി സ്വല്ലല്ലാഹു അലൈഹി വ സല്ലമക്ക് സിഹ്ർ ബാധിച്ചു എന്നത് മക്കാ മുശ്‌രിക്കുകളുടെ അടിസ്ഥാന രഹിതമായ ആരോപണമാണെന്നും, അത് വിശ്വസിക്കാൻ പാടില്ലെന്നുമാണ് പ്രചരിപ്പിക്കുന്നത്. യഥാർത്ഥത്തിൽ ഖുർആനിലെ ആയത്തുകളെയും ഹദീസുകളെയും വ്യാഖ്യാനിക്കുന്നതിന് കേവല യുക്തിയും ബുദ്ധിയും മാത്രം അവലംബിച്ചപ്പോൾ സംഭവിച്ച അബദ്ധമാണിത്. മറിച്ച് വിശ്വാസയോഗ്യവും സത്യസന്ധവുമായ പ്രാമാണിക തഫ്സീറുകളെ അവലംബിക്കുകയും സലഫുകളായ ഉലമാക്കളും മുഫസ്സിറും ഈ ആയത്തുകൾക്കു നൽകിയ വ്യാഖ്യാനം പരിശോധിക്കുകയും സ്വീകരിക്കുകയും ചെയ്തിരുന്നെങ്കിൽ ഇവർ ഈ അബദ്ധത്തിൽ ചെന്ന് ചാടുമായിരുന്നില്ല. മുകളിലെ ആയത്തുകൾ വിശതീകരിക്കുകയും വ്യാഖ്യാനിക്കുകയും ചെയ്യുന്ന ഒരു തഫ്സീർ ഗ്രന്ഥത്തിലും പ്രാമാണികരായ മുഫസ്സിറുകളാരും ഇവിടെയുള്ള ഉദ്ദേശം നബിക്ക് സിഹ്ർ ബാധിച്ചു എന്ന വിഷയമാണ് ഇതെന്ന് രേഖപ്പെടുത്തുകയോ അതിന്റെയടിസ്ഥാനത്തിൽ നബിക്കു സിഹ്ർ ബാധിച്ചു എന്ന ഹദീസിന്റെ സ്വീകാര്യതയിൽ സംശയം രേഖപ്പെടുത്തുകയോ ചെയ്തിട്ടില്ല. മറിച്ച് മക്കാ മുശ്‌രിക്കുകളുടെ ആരോപണം നബി സ്വല്ലല്ലാഹു അലൈഹി വ സല്ലമക്ക് സിഹ്ർ മൂലം ബുദ്ധിഭ്രമം സംഭവിക്കുകയും, അങ്ങിനെ വഹ്‌യ് എന്ന് പറഞ്ഞു കൊണ്ട് പിച്ചും പേയും പറയുകയാണ് എന്നായിരുന്നു. യഥാർത്ഥത്തിൽ നബിയെ പരിഹസിക്കുകയും കൊച്ചാക്കുകയും അപഹസിക്കുകയും ചെയ്യുക മാത്രമായിരുന്നു അവരുടെ ലക്ഷ്യം. നബി സ്വല്ലല്ലാഹു അലൈഹി വ സല്ലമ പുറത്തിറങ്ങി അങ്ങാടികളിലൂടെ നടക്കുന്നതും ഭക്ഷണം കഴിക്കുന്നത് പോലും അവർ പ്രവാചകത്വത്തിനു യോജിക്കാത്ത കാര്യമായാണ് കണക്കാക്കിയത്. സിഹ്ർ ബാധിച്ചുവെന്നത് അതിൽ ഒരാരോപണം മാത്രമാണ്. കൂടാതെ, ഭ്രാന്തൻ, മാരണക്കാരൻ, ജ്യോൽസ്യൻ, തുടങ്ങിയ പല ആരോപണങ്ങളും അതിന്റെ പുറമെയുണ്ട്. വഹ്‌യിനെക്കുറിച്ചുള്ള അവരുടെ ആ ആരോപണത്തെയാണ് അല്ലാഹു ഈ ആയത്തുകളിലൂടെ ഖണ്ഡിക്കുന്നത്. ഇക്കാര്യമാണ് പ്രാമാണിക വ്യാഖ്യാനഗ്രന്ഥങ്ങളിലെല്ലാം ഖുർആൻ വ്യാഖ്യാതാക്കൾ രേഖപ്പെടുത്തിയായത്. എന്നാൽ ഖുർആനും ഹദീസും സ്വന്തം നിലക്ക് വ്യാഖ്യാനിക്കുന്ന പ്രവണത വ്യാപകമായി കണ്ടു വരുന്നു. പണ്ടൊക്കെ രാഷ്ട്രീയക്കാരിലായിരുന്നു ഇത്തരം പ്രവണതകൾ ഉണ്ടായിരുന്നത്. എന്നാൽ ഇന്ന് മതരംഗത്തു പ്രവർത്തിക്കുന്നവരും യാതൊരു തത്വദീക്ഷയുമില്ലാതെ സ്വന്തം യുക്തിയെ അടിസ്ഥാനമാക്കി ഖുർആൻ വ്യാഖ്യാനിക്കുന്നു. പണ്ട് മൗലാനാ മൗദൂദിയും കാന്തപുരവുമൊക്കെ അവരുടെ തെറ്റായ വാദങ്ങളെ സ്ഥാപിക്കാൻ സ്വീകരിക്കുന്ന കുതന്ത്രമാണ് ഖുർആനിന്റെ ആയത്തുകളെ തങ്ങളുടെ താല്പര്യങ്ങൾക്ക് അനുസൃതമായി ദുർവ്യാഖ്യാനിക്കുകയെന്നത്. കൊട്ടപ്പുറത്തു വെച്ച് നടന്ന വാദപ്രതിവാതത്തിൽ മരിച്ചു പോയവരോട് വിളിച്ചു പ്രാർത്ഥിക്കാൻ ഖുർആനിൽ തെളിവുണ്ടോയെന്ന് ചോദിച്ചപ്പോൾ, സൂറത്തു സുഖ്‌റുഫിലെ "വസ്അൽ മൻ അർസൽനാ ....." എന്ന് തുടങ്ങുന്ന തൗഹീദിന്റെ ആയത്ത് ഓതി തെറ്റിദ്ധരിപ്പിച്ചാണ് കാന്തപുരം രക്ഷപ്പെട്ടത്. വാസ്തവത്തിൽ അയാൾക്ക് എവിടെ നിന്നാണ് ഈ വ്യാഖ്യാനം കിട്ടിയത്? അതിന്റെ ആധാരം എന്താണ് ? ഈ ചോദ്യത്തിന്റെ ഉത്തരത്തിൽ ആ വ്യാഖ്യാനം തെറ്റാണെന്ന് സ്ഥാപിക്കാൻ കഴിയും. ലോകത്തു ഇന്നേ വരെയുള്ള ഒരൊറ്റ മുഫസ്സിറും ആ ആയതിന് കാന്തപുരം നൽകിയ വ്യാഖ്യാനം നൽകുകയോ സലഫുകൾ അങ്ങിനെ മനസ്സിലാക്കുകയോ ചെയ്തിട്ടില്ല. മറിച്ച് അയാൾ സ്വയംകൃതമായി കെട്ടിച്ചമച്ചതാണ് ആ വ്യാഖ്യാനം. അക്കാരണം കൊണ്ട് തന്നെ അത് ദുർവ്യാഖ്യാനവും അസ്വീകാര്യവുമായി. മറ്റൊരു ലക്ഷ്യത്തിനു വേണ്ടിയാണെങ്കിലും മുകളിൽ കൊടുത്ത ആയത്തുകൾ വ്യാഖ്യാനിക്കുന്നതിൽ മർകസ് ദഅവ മുജാഹിദുകൾ സ്വീകരിച്ചത് കാന്തപുരത്തിന്റെ അതേ അടവ് തന്നെയാണ്. മക്കാ മുശ്‌രിക്കുകൾ നബി സ്വല്ലല്ലാഹു അലൈഹി വ സല്ലമക്കെതിരിൽ പല ആക്ഷേപങ്ങളും ആരോപണങ്ങളും പരിഹാസങ്ങളും നടത്താറുണ്ടായിരുന്നു. അക്കൂട്ടത്തിൽ ഒന്നാണ് നബി സ്വല്ലല്ലാഹു അലൈഹി വസല്ലമക്ക് സിഹ്ർ ബാധിച്ചുവെന്നത്. എന്നാൽ സിഹ്ർ ബാധിക്കുകയെന്നത് പ്രവാചകത്വത്തിന് എതിരാവുകയോ നബി സ്വല്ലല്ലാഹു അലൈഹി വ സല്ലമയുടെ ദൗത്യനിർവഹണത്തിന് തടസ്സമാകുന്ന രൂപത്തിൽ പരിണമിക്കുകയോ ചെയ്തിട്ടില്ല. അക്കാര്യങ്ങളെല്ലാം തന്നെ പ്രാമാണികരായ പണ്ഡിതന്മാർ ഈ വിഷയം ചർച്ച ചെയ്യുന്ന ഇടങ്ങളിൽ വിശദമായി പ്രതിപാദിച്ചിട്ടുണ്ട്. ചുരുക്കത്തിൽ, ഖുർആനിലെ ആയത്തുകൾ ദുർവ്യാഖ്യാനം ചെയ്യുകയും, അതു വഴി മുസ്‌ലിം ലോകത്തു അഹ്‌ലുസ്സുന്നയുടെ പ്രാമാണിക പണ്ഡിതന്മാർക്കിടയിൽ യാതൊരഭിപ്രായ വിത്യാസവുമില്ലാത്ത നബിക്ക് സിഹ്ർ ബാധിച്ചുവെന്നു പറയുന്ന സ്വഹീഹുൽ ബുഖാരിയിലടക്കം വന്നിട്ടുള്ള സ്വഹീഹായ ഹദീസിനെ നിഷേധിക്കുകയും ചെയ്യുക. ഇതാണിപ്പോൾ വലിയ വിശ്വാസ വിപ്ലവമായി കൊണ്ടാടുന്ന ഇവരുടെ ദഅവത്. " മുഹമ്മദ് നബി സ്വല്ലല്ലാഹു അലൈഹി വ സല്ലമക്ക് സിഹ്ർ ബാധിച്ചുവെന്ന് ഞങ്ങൾ വിശ്വസിക്കുന്നില്ല, അത് മക്കാ മുശ്‌രിക്കുകളുടെ വിശ്വാസമാണ്' എന്ന് മൈക്കിന്റെ മുമ്പിൽ വന്ന് പറയുന്ന ഒരു കാഥികനോട് നമുക്ക് ഏറ്റവും ലളിതമായി ചോദിക്കാനുള്ളത് "എവിടെ നിന്ന് കിട്ടി നിങ്ങൾക്കീ വാദം"? ആരാണ് ഈ വിഷയത്തിൽ നിങ്ങളുടെ പൂർവ്വീകർ? ഖുർആൻ ദുർവ്യാഖ്യാനിച്ചിട്ടല്ലാതെ സ്വീകാര്യമായ ഒരുദ്ധരണി കൊണ്ടെങ്കിലും നിങ്ങൾക്ക് ഈ വാദം സ്ഥാപിക്കാൻ കഴിയുമോ? നബി സ്വല്ലല്ലാഹു അലൈഹി വ സല്ലം കൊണ്ട് വന്ന സത്യ സന്ദേശത്തെ നേരിടാൻ ഒരു കോപ്പും കയ്യിലില്ലാതെ വിഷമിച്ച മുശ്‌രിക്കുകൾ ഉന്നയിച്ച വെറും പോയിവെടികളായിരുന്നു ആ ആക്ഷേപങ്ങളെല്ലാം. രോഗം, മനോവിഷമം, വിശപ്പ്, ദാഹം, സന്തോഷം, ദുഃഖം, സങ്കടം തുടങ്ങി ഒരു മനുഷ്യന് ഉണ്ടാകുന്ന എല്ലാം നബി സ്വല്ലല്ലാഹു അലൈഹി വ സല്ലമയെയും ബാധിക്കാം. സിഹ്ർ അതിൽ ഒന്ന് മാത്രം. അത് നുബുവ്വത്തിനെ ഒരു നിലക്കും ബാധിച്ചിട്ടില്ല. നബി സ്വല്ലല്ലാഹു അലൈഹി വ സല്ലമക്ക് സിഹ്ർ ബാധിച്ചു എന്ന സംഭവം ഹദീസ് ഗ്രന്ഥങ്ങളിൽ സുവിദിതമായി രേഖപ്പെട്ടു കിടക്കുന്ന കാര്യമാണ്. ബുദ്ധിയെ പ്രമാണങ്ങൾക്ക് മുമ്പിൽ നാട്ടി വെക്കലാണ് പുരോഗമനം എന്ന് കരുതുന്ന ആളുകൾ സത്യം ഗ്രഹിക്കുകയും പ്രമാണങ്ങളിലേക്ക് മടങ്ങുകയുമാണ് വേണ്ടത്. - ബശീർ പുത്തൂർ
0 Comments
Your comment will be posted after it is approved.
Leave a Reply. |
IslamBooks.inBooks and Articles on Islam, correct and pure. Archives
August 2024
Categories
All
|