മുന്നൂറ്റി അൻപതിലധികം മനുഷ്യർ ! നിരപരാധികളും നിരായുധരുമായ ആബാലവൃന്ദം ജനങ്ങൾ ! തങ്ങളെന്തിന്റെ പേരിലാണ് കൊല്ലപ്പെട്ടതെന്ന് അവരിലാരും ഒരു പക്ഷെ അറിഞ്ഞിട്ടു പോലുമുണ്ടാകില്ല.
മനുഷ്യത്വത്തോട് ഇത്രയും ക്രൂരത ചെയ്യാൻ ഒരു മനുഷ്യ ഹൃദയമുള്ളവന് കഴിയുമോ? മതത്തിന്റെ പേരിൽ സ്വർഗം പറഞ്ഞു പ്രലോഭിപ്പിച്ചു ബ്രെയിൻ വാഷ് ചെയ്ത് യുവാക്കളെ വഴിതെറ്റിക്കുകയും അങ്ങിനെ ശെരിയായ മതത്തിന്റെ അധ്യാപനങ്ങളിൽ നിന്ന് അകന്നു പോവുകയും ചെയ്ത ഒരു പറ്റം മനുഷ്യ ജീവികൾ ! ഇസ്‌ലാമിലെ ജിഹാദെന്ന അതി വിശിഷ്ടമായ ഒരാരാധന കർമ്മത്തെ തെറ്റായി മനസ്സിലാക്കുകയും തെറ്റായി വ്യാഖ്യാനിക്കുകയും തെറ്റായി പ്രയോഗവൽക്കരിക്കുകയും ചെയ്ത നരാധമന്മാർ. മുഹമ്മദ് നബി സ്വല്ലള്ളാഹു അലൈഹി വ സല്ലം യുദ്ധാർജ്ജിത സമ്പത്തു വിഹിതം വെച്ച് നൽകുന്ന വേളയിൽ, " മുഹമ്മദേ, നിങ്ങൾ നീതി പാലിക്കുക, നിങ്ങൾ നീതി പാലിച്ചില്ല" എന്ന മുറവിളിയിലൂടെ നീതിക്കു വേണ്ടിയെന്ന പേരിൽ ഉയർത്തപ്പെട്ട ആദ്യ ശബ്ദം. അവിടെ നിന്ന് തുടങ്ങി, ഖലീഫയായ ഉസ്മാൻ റദിയള്ളാഹു അൻഹുവിന്റെ വധം വരെ. പിന്നീട് അലി റദിയള്ളാഹു അൻഹുവിനെതിരിൽ ഖുർആനിൽ നിന്ന് ഒരു ആയത് എടുത്തു ഉദ്ധരിച്ചാണ് അവർ യുദ്ധം നടത്തിയത്. അവരുടെ പിന്മുറക്കാർ ലോകത്ത്, വിത്യസ്ത രാജ്യങ്ങളിൽ, ഭാഷകളിൽ, വർണ്ണങ്ങളിൽ നരമേധങ്ങൾ നടത്തി രക്തപ്പുഴകൾ സൃഷ്ട്ടിച്ചു കൊണ്ടിരിക്കുന്നു ! എല്ലാം ഇസ്‌ലാമിന് വേണ്ടി ഇസ്‌ലാമിന്റെ പേരിൽ !! ഇറാഖ്, യെമൻ, സിറിയ, ഫ്രാൻസ്, ബെൽജിയം, ഇന്ന് ശ്രീലങ്ക ! ശ്രീലങ്കയിൽ ദേശീയ തൗഹീദ് ഗ്രൂപ്പ് എന്ന പേരിൽ ഇസ്‌ലാമിന് വേണ്ടി ! സ്വന്തം വ്യക്തി ജീവിതത്തിലും കുടുംബത്തിലും സഹ ജീവികളിലും മതാധ്യാപനങ്ങൾ പ്രയോഗവൽക്കരിച്ചു കാണിച്ചു കൊടുക്കുന്നതിന് പകരം, മുസ്‌ലിം നാടുകളിലും ഭരണാധികാരികളിലും അനീതികളും അതിക്രമങ്ങളും അധാർമ്മികതയും അസാന്മാർഗിക പ്രവണതകളും സ്വജന പക്ഷപാതവും ആരോപിക്കുകയും നിരന്തരമായ ആവർത്തനങ്ങളിലൂടെ സാത്വിക മനസ്സുകളെ വശീകരിച്ചെടുക്കുകയും ഇസ്‌ലാമികമായ ആത്മരോഷം വളർത്തിയെടുക്കുകയും ചെയ്യലാണ് ഇതിന്റെ ആദ്യപടി. വൈകാരികമായി പ്രലോഭിതരായിക്കഴിഞ്ഞാൽ പിന്നെ കാര്യം എളുപ്പമായി. ഖുർആനിൽ നിന്നും ഹദീസിൽ നിന്നും ചരിത്രത്തിൽ നിന്നും വിത്യസ്ത സാഹചര്യങ്ങളിലെ പ്രമാണ വാക്യങ്ങൾ അടർത്തി മാറ്റി തെറ്റായ വ്യാഖ്യാനങ്ങളും വിശതീകരണങ്ങളും നൽകി പ്രകോപിതരാക്കുകയും അവസാനം വെടിമരുന്നുമായി അനുഗ്രഹിച്ചു യാത്രയയക്കുകയും ചെയ്യുന്നു. ! എന്തൊരു വിഷലിപ്തമായ മനസ്സും എത്രമാത്രം തെറ്റായി വ്യാഖ്യാനിക്കപ്പെട്ട പരിശുദ്ധ വചനങ്ങളും ! വെറുതെയല്ല, നബി സ്വല്ലള്ളാഹു അലൈഹി വ സല്ലം ഇവനൊരു പിൻമുറക്കാർ വരാനുണ്ടെന്ന് പറഞ്ഞത്. വെറുതെയല്ല അദ്ദേഹത്തിന്റെ പരിശുദ്ധമായ നാവിലൂടെ " നരകത്തിലെ നായകൾ " എന്ന് ഇവരെ വിശേഷിപ്പിച്ചത്. വെറുതെയല്ല, ഇവരെ കണ്ടു മുട്ടുകയാണെങ്കിൽ " ആദ് സമൂഹത്തെ നശിപ്പിച്ചത് പോലെ നശിപ്പിക്കുമെന്ന് " അദ്ദേഹം പറഞ്ഞത്. ഇതേ ചിന്താഗതിയുള്ള മുപ്പതിലധികം ആളുകൾക്ക് കഴിഞ്ഞ ദിവസം സൗദി അറേബ്യ വധ ശിക്ഷ നടപ്പാക്കുകയുണ്ടായി. ഇവർ നാടിന്റെ ശാപമാണ്. മാനവരാശിക്ക് തന്നെ ഭീഷണിയാണ്. ഇസ്‌ലാമും ജിഹാദുമായും ഒന്നും ഇവർക്ക് യാതൊരു ബന്ധവുമില്ല. ഇതൊരു വിശ്വാസമാണ്. പിഴച്ച, ദുഷിച്ച ഒരു വിശ്വാസം. ഈ വിശ്വാസം പേറുന്നവർ നമുക്ക് ചുറ്റിലുമുണ്ടാകാം, നമ്മുടെ ഭാഷ സംസാരിക്കുന്നവരിലുണ്ടാകാം. ജനാധിപത്യവും മതേതരത്വവും കുഫ്‌റും ശിർക്കുമാണെന്ന് പറയുകയും അത് പ്രചരിപ്പിക്കുകയും ചെയ്യുകയും, ഹിജ്‌റ (പലായനം) യെക്കുറിച്ചു സംസാരിക്കുകയും അള്ളാഹുവിന്റെ ഭരണവും ശരീഅത്തും നടപ്പാക്കണമെന്ന് വാദിക്കുകയും വോട്ട് ചെയ്യാതിരിക്കുകയും വോട്ട് ചെയ്യുന്നത് ഹറാമാണെന്ന് പറയുകയും ചെയ്യുന്ന ആളുകളെ കരുതിയിരിക്കുക. ഈ ചിന്തകളും അടയാളങ്ങളും സഹവർത്തിത്വത്തിന്റേതും സഹിഷ്ണുതയുടേതുമല്ല. ഈ ചിന്തകളാണ് അവസാനം മനുഷ്യബോമ്പുകളായി പൊട്ടിത്തെറിച്ചു നിരപരാധികളായ മനുഷ്യരെ കൊന്നൊടുക്കുന്നത്. ഈ ചിന്തകളെയാണ് ദായിഷും സമാന ചിന്താഗതിക്കാരും കണ്ടുപിടിച്ചു അവരുടെ ആശയം നടപ്പാക്കാൻ പാകത്തിലുള്ള ഉപകരണമായി കയ്യിൽ ആയുധം വെച്ച് കൊടുക്കുന്നത്. ' ഇസ്‌ലാം തീവ്രവാദമല്ല' എന്ന ഒരു പ്രസ്താവന നടത്തി കണ്ണും പുട്ടിയിരുന്നാൽ, നാളെ ശ്രീലങ്ക ഇന്നാട്ടിലും സംഭവിക്കും. അതിനു മുമ്പേ, മുകളിൽ പറഞ്ഞ വിധത്തിലുള്ള ചിന്തകൾ വഹിക്കുകയും , സോഷ്യൽ മീഡിയകളിൽ പോലും പ്രചരിപ്പിക്കുകയും ചെയ്യുന്ന ഒറ്റപ്പെട്ട ശബ്ദങ്ങളെ കണ്ടെത്തുകയും അവരെ തിരുത്തുകയും ചെയ്യാൻ സാധിച്ചാൽ അത് മാനവരാശിയോടും സർവ്വോപരി ഇസ്‌ലാമിനോടും നാം ചെയ്യുന്ന വലിയ സേവനമായിരിക്കും; ഓർക്കുക ഉമിക്കടിയിൽ എരിയുന്ന തീയുണ്ടെന്ന് ! ബഷീർ പുത്തൂർ
0 Comments
Your comment will be posted after it is approved.
Leave a Reply. |
IslamBooks.inBooks and Articles on Islam, correct and pure. Archives
August 2024
Categories
All
|