ഫുളൈൽ ബിൻ ഇയാദ് -رَحِمَهُ اللهُ- പറയുന്നു:
സ്വന്തം നിലയും വിലയും അറിയുക എന്നതാണ് അദബിന്റെ തലക്കെട്ട്. [ഹിൽയഃ 10-168] ഇബ്‌നുൽ മുബാറക് -رَحِمَهُ اللهُ- യോട് ഒരാൾ ആവശ്യപ്പെട്ടു: എനിക്ക് ഒരു സദുപദേശം (വസ്വിയ്യത്) നൽകാമോ? അദ്ദേഹം പറഞ്ഞു: നീ നിന്റെ നിലയും വിലയുമറിയുക. [അൽ ജർഹു വത്തഅ്ദീൽ 1-280] അർത്ഥപൂർണ്ണമായ ഈ രണ്ടു വാക്യങ്ങളും ഉദ്ധരിച്ചത് ശൈഖ് അബുൽ ഫദ്ൽ മുഹമ്മദ് സ്സ്വുവൈഇയാണ്. ഞാൻ ചോദിച്ചു: എങ്ങനെയാണ് ഒരു മനുഷ്യൻ തന്റെ നിലയും വിലയും മനസ്സിലാക്കുക? ഈ ആശയത്തിന് വല്ല വിശദീകരണവുമുണ്ടോ? ഉത്തരം: - നിനക്ക് ഭവിക്കുന്നത് നന്മയോ തിന്മയോ ആവട്ടെ, ഇവിടെ പുലരുന്ന എല്ലാം അല്ലാഹുവിന്റെ മുൻനിർണ്ണയമനുസരിച്ചാണെന്ന വിധിവിശ്വാസം നീ സ്വീകരിക്കുക. - അദ്ധ്വാനം, ഉൽപാദനപരമായ പ്രയത്നം, വൈദഗ്ധ്യം പോലുള്ള അനിവാര്യവും നിയമാനുസൃതവുമായ നിമിത്തങ്ങളും കാരണങ്ങളും അനുവർത്തിക്കുന്നതിൽ ഉപേക്ഷവരുത്തുക എന്നത് അഖീദഃയിലുള്ള വീഴ്ചയാണെന്ന് നീ വിശ്വസിക്കുക. - നിയമാനുസൃതമായ നിമിത്തങ്ങളെയും കാരണങ്ങളെയും സർവ്വാശ്രയമായി കാണുക എന്നത് അല്ലാഹുവിൽ പങ്കുചേർക്കലാണെന്ന് നീ വിശ്വസിക്കുക. അപ്പോൾ നിനക്ക് നിന്റെ നിലയും വിലയും അറിയാൻ കഴിയും. ഒരു മുസ്‌ലിം നിയമാനുസൃതമായ നിമിത്തങ്ങളും കാരണങ്ങളും അനുവർത്തിക്കുന്നത് അല്ലാഹുവിന്റെ പ്രീതി നേടാനാണ്. മീതയുള്ള കൈയിന് കീഴിലുള്ള കൈയിനെക്കാൾ നബി -صَلَى اللهُ عَلَيْهِ وَسَلَّمَ- കൽപിച്ച ഒരു മികവില്ലേ? ആ മേന്മ കരസ്ഥമാക്കാനാണ്. ഇബ്‌നുൽ ഖയ്യിം -رَحِمَهُ اللهُ- പറയുന്നു: "അല്ലാഹു നിശ്ചയിച്ച നിമിത്തങ്ങൾ അനുവർത്തിക്കുന്നതിലൂടെയല്ലാതെ തൗഹീദിൻറെ യാഥാർത്ഥ്യം പൂർണ്ണമാവില്ല. അവയെ അസാധുവാക്കുക എന്നത് തവക്കുലിനു തന്നെ ഭംഗം വരുത്തുകയേയുള്ളു". അതു കൊണ്ടാണ് അല്ലാഹു ഇപ്രകാരം നമ്മെ അഭിസംബോധന ചെയ്തത്: "വിശ്വാസികളേ, നിങ്ങൾ നിങ്ങളുടെ ജാഗ്രത കൈക്കൊള്ളുവീൻ". അപ്പോൾ സ്വന്തം നിലയും വിലയുമറിയാൻ കഴിയുക, ആത്മത്തെ ഒട്ടും വിലകുറച്ചു കാണാതെ അതിന്റെ ഘനം ശരിയാം വിധം കണക്കാക്കുമ്പോൾ മാത്രമാണ്. അതേ പോലെ അതിനു താങ്ങാനാവാത്തത് അതിനെ വഹിപ്പിക്കാതിരിക്കലും നിർബ്ബന്ധമാണ്. ഇങ്ങനെയാണ് അബൂദർ -رَضِيَ اللهُ عَنْهُ- നിവേദനം ചെയ്യുന്ന ഹദീസിലുള്ളത്. അദ്ദേഹം പറയുന്നു, നബി -صَلَى اللهُ عَلَيْهِ وَسَلَّمَ- എന്നോട് പറഞ്ഞു: "അബൂ ദർ, താങ്കളെ ഒരു ദുർബ്ബലനായിട്ടാണ് എനിക്ക് കാണാൻ കഴിയുന്നത്. ഞാൻ എനിക്ക് ഇഷ്ടപ്പെടുന്നതെന്തോ അതു തന്നെയാണ് താങ്കൾക്കും ഇഷ്ടപ്പെടുന്നത്. താങ്കൾ രണ്ടുപേരുടെ നേതൃത്വം പോലും ഏറ്റെടുക്കരുത്. ഒരു അനാഥയുടെയും ധനം കൈകാര്യം ചെയ്യാൻ ഏൽക്കുകയുമരുത്". ഒരു നിവേദനത്തിൽ ഇങ്ങനെ കാണാം: ഒരിക്കൽ അബൂ ദർ -رَضِيَ اللهُ عَنْهُ- ചോദിച്ചു: അല്ലാഹുവിന്റെ ദൂതരേ, അവിടുന്ന് എന്നെ ഒരു സ്ഥാനപതിയായി നിയമിക്കുന്നില്ലേ? അപ്പോൾ തന്റെ കൈകൊണ്ട് എന്റെ ചുമലിൽ തട്ടിയിട്ട് പറഞ്ഞു: "അബൂ ദർ, താങ്കൾ ദുർബ്ബലനാണ്. നിശ്ചയമായും അത് ഒരു അമാനത്താണ്. അന്ത്യനാളിൽ അപമാനത്തിനും ഖേദത്തിനും ഹേതുവാണത് - അർഹത പ്രകാരം ഏറ്റെടുക്കുകയും തന്റെ കടമകൾ കൃത്യമായി നിവേറ്റുകയും ചെയ്തവനൊഴികെ". നിൽക്കൂ, ഒരു നിമിഷം! അബൂ ദർ -رَضِيَ اللهُ عَنْهُ- ന്റെ മഹത്വം, ത്യാഗം, നിസ്വാർത്ഥത, മതപരമായ അറിവ്, മൂപ്പുമുറ, സത്യസന്ധത എന്നിവയെ കുറിച്ച് ഒരു മുസ്‌ലിമും സംശയിക്കുകയില്ല. തന്നിഷ്ടം പറയാത്ത നബി -صَلَى اللهُ عَلَيْهِ وَسَلَّمَ- തന്നെ അക്കാര്യം വ്യക്തമാക്കിയിട്ടുള്ളതാണ്. അബ്ദുല്ലാഹ് ബിൻ അംറ് -رَضِيَ اللهُ عَنْهُ- നിവേദനം. നബി -صَلَى اللهُ عَلَيْهِ وَسَلَّمَ- പറയുന്നത് ഞാൻ കേട്ടു: "ഭൂമി വഹിച്ചവരിൽ, ആകാശം വിരിച്ചവരിൽ അബൂ ദർറിനെക്കാൾ ശുദ്ധ സാത്വികനായ ഒരു മനുഷ്യൻ വേറെയില്ല". തനിക്ക് ശർഅ് കൽപിച്ച ഈ ഉന്നതസ്ഥാനത്തിനു പുറമെ, സത്യസന്ധത, മതപരമായ പരിജ്ഞാനം, മൂപ്പുമുറ, ജനതതികളുടെ ഗുരുഭൂതനായ അല്ലാഹുവിന്റെ ദൂതൻ മുഹമ്മദ് -صَلَى اللهُ عَلَيْهِ وَسَلَّمَ-യോടൊപ്പമുള്ള ദീർഘസഹവാസം മുതലായ യോഗ്യതകൾ ഉള്ളപ്പോൾ തന്നെ അദ്ദേഹം നബി -صَلَى اللهُ عَلَيْهِ وَسَلَّمَ- പറഞ്ഞതു പോലെയാണ്: "താങ്കൾ ദുർബ്ബലനാണ്". അതിനാൽ ഒരു മുസ്‌ലിം സ്വന്തം നിലയും വിലയും അറിഞ്ഞിരിക്കണം. ഒട്ടും അഹങ്കാരമോ വിലോപമോ വരുത്താതെ അത് കണക്കാക്കണം. സ്വന്തം നിലയും വിലയും അറിഞ്ഞവന് അല്ലാഹു റഹ്‌മത് ചൊരിയട്ടെ. -ശൈഖ് മുഹമ്മദ് അൽഅൻജരി മൊഴിമാറ്റം: അബൂ ത്വാരിഖ് സുബൈർ മുഹമ്മദ്
0 Comments
Your comment will be posted after it is approved.
Leave a Reply. |
IslamBooks.inBooks and Articles on Islam, correct and pure. Archives
August 2024
Categories
All
|