ഇസ്ലാമിക പ്രബോധനം നിർവഹിക്കാനെന്ന പേരിൽ കേരളത്തിൽ എത്രയെത്ര സംഘടനകളാണ് പ്രവർത്തിച്ചു കൊണ്ടിരിക്കുന്നത് ? എല്ലാ സംഘടനകൾക്കും പ്രത്യേകം പ്രത്യേകം നേതൃത്വവും ഭരണഘടനയും, നയങ്ങളും നിലപാടുകളുമുണ്ട്. ഒരൊറ്റ സംഘടനയും നബി സ്വല്ലള്ളാഹു അലൈഹി വ സല്ലം പഠിപ്പിച്ച മൻഹജ് പ്രബോധനത്തിനായി പിന്തുടരുന്നില്ലെങ്കിലും പരമാവധി ആളുകളെ സംഘടിപ്പിച്ചു തങ്ങളാണ് ഇസ്ലാമിനെ വേണ്ടവിധം പ്രതിനിധീകരിക്കുന്നവർ എന്ന് സ്ഥാപിക്കാൻ കിണഞ്ഞു പരിശ്രമിച്ചു കൊണ്ടിരിക്കുന്നു.
മതപരമായി കാര്യമായ അറിവില്ലെങ്കിലും സംഘടനാ നേതൃത്വം തെളിക്കുന്ന വഴിയിൽ ചോദ്യം ചെയ്യാതെ ഗമിക്കുന്ന അണികൾ എല്ലാ സംഘടനകൾക്കുമുണ്ട്. മുകളിൽ നിന്നുള്ള നിർദേശങ്ങൾ അന്ഗീകരിക്കുകയും അനുസരിക്കുകയും അത് കൽപിച്ച മുറപ്രകാരം നടപ്പിൽ വരുത്തുകയും ചെയ്യുകയെന്നതാണ് അണികളുടെ ബാധ്യത. സ്വയം ബോദ്യപ്പെട്ടാലും ഇല്ലെങ്കിലും അങ്ങിനെതന്നെ. അതിനാൽ തന്നെ പലപ്പോഴും ദീനുമായി കാര്യമായ ബന്ധമൊന്നുമില്ലാത്ത പലതും അനുയായികൾ ദീനെന്ന പോലെ ഭംഗിയായി നടപ്പിലാക്കുന്നു. യഥാർത്ഥത്തിൽ നബി സ്വല്ലള്ളാഹു അലൈഹി വസല്ലം നിയുക്തനായത് ജനങ്ങളെ അല്ലാഹുവിലേക്ക് ക്ഷണിക്കുക എന്ന ദൗത്യ നിർവഹണത്തിനാണ്. അത് എവിടെ തുടങ്ങി എവിടെ അവസാനിക്കണമെന്ന് അല്ലാഹുവിന്റെ നിശ്ചയമനുസരിച്ച് നബി സ്വല്ലള്ളാഹു അലൈഹി വസല്ലം തന്നെ സ്വഹാബതിനു കാണിച്ചു കൊടുക്കുകയും അവരതു അക്ഷരം പ്രതി സ്വീകരിക്കുകയും സർവാത്മനാ പിന്തുടരുകയും ചെയ്തു. ഇസ്ലാമിക പ്രബോധനത്തിന്റെ ആധാരങ്ങൾ നില കൊള്ളുന്നത് ഖുർആനിന്റെയും നബിചര്യയുടെയും താല്പര്യങ്ങളിലാണ്. അതിനെയാണ് സ്വഹാബതു അവലംബിച്ചത്. നബി സ്വല്ലള്ളാഹു അലൈഹി വ സല്ലം പഠിപ്പിക്കുകയോ സ്വഹാബതു അവലംബിക്കുകയോ ചെയ്യാത്ത ഒരു മാർഗമോ രീതിയോ പ്രബോധനത്തിന് വേണ്ടി നമുക്ക് സ്വീകരിക്കാവതല്ല. ഇന്ന് നിലവിലുള്ള മുസ്ലിം മത പ്രബോധക സംഘടനകൾ, പ്രബോധനത്തിന് വേണ്ടി എന്ന പേരിൽ സംഘടനകളുണ്ടാക്കുകയും, നബി ചര്യയിൽ സ്ഥിരപ്പെടുകയോ മുസ്ലിം ലോകത്തെ സ്വീകാര്യരും പ്രാമാണികരുമായ ഉലമാക്കൾ അന്ഗീകരിക്കുകയോ ചെയ്യാത്ത രീതികളും മാർഗങ്ങളും കണ്ടെത്തുകയും ചെയ്യുന്നു. ഈ രീതികൾ ആസ്വീകാര്യമാണെന്നും നാം പിന്തുടരേണ്ടത് സലഫുകൾ ആയ സ്വഹാബതു സ്വീകരിച്ച ശെരിയായ മാർഗം അഥവാ മൻഹജ് ആണെന്നും മാത്രമാണ് നമുക്ക് ആനുകാലിക മുസ്ലിം സമൂഹത്തോട് പറയാനുള്ളത്. അതാണ് സലഫിയ്യതിന്റെ ആകത്തുക. മതപരമായ വിഷയങ്ങളിൽ സ്വഹാബതു എവിടെ നിന്നോ അവിടെ നിൽക്കുകയും അവർ പറഞ്ഞതെന്തോ അത് മാത്രം പറയുകയും ചെയ്യുക. നമ്മുടെ വകയായി ഇസ്ലാം ദീനിൽ ഗവേഷണം നടത്തുകയും സ്വന്തമായി കണ്ടെത്തലുകൾ നടത്താതിരിക്കുകയും ചെയ്യുക. അടിസ്ഥാനപരമായി നാം മനസ്സിലാക്കിയിരിക്കേണ്ട കാര്യമാണിത്. ഇവിടെയുള്ള സംഘടനക്കാരുമായി വിയോജിപ്പുള്ള പ്രധാന പോയിന്റും ഇത് തന്നെയാണ്. എണ്ണമറ്റ സംഘടനകൾക്ക് നടുവിൽ ജീവിക്കുന്ന ഒരു മുസ്ലിമിനെ സംബന്ധിച്ചേടത്തോളം അവരോടു കൃത്യമായ അകലം പാലിക്കുകയും സലഫിയ്യത് മൻഹജ് ആയി സ്വീകരിക്കുകയും ചെയ്യുക നിസ്സാര കാര്യമല്ല. അല്ലാഹുവിന്റെ പ്രത്യേകമായ സംരക്ഷണവും അനുഗ്രഹവും ലഭിച്ചവർക്കല്ലാതെ അതിൽ നിരതരായി മുന്നോട്ടു നീങ്ങാൻ സാധിക്കുകയുമില്ല. പല രൂപത്തിലുള്ള പരീക്ഷണങ്ങളിൽ പതറാതെ പിടിച്ചു നിൽക്കാൻ കരുത്തു നൽകാൻ നാം അല്ലാഹുവിനോട് സദാ തേടിക്കൊണ്ടിരിക്കണം. ശൈഖ് നാസിറുദ്ധീൻ അൽബാനി രഹ്മതുല്ലാഹി അലൈഹി പറഞ്ഞത് പോലെ ലക്ഷ്യത്തിൽ എത്തിച്ചേരുക എന്നതിൽ അധികം, യഥാർത്ഥ മൻഹജിൽ ആയിരിക്കെ മരണം പുൽകുകയെന്നതാണ്. വഴി തെറ്റിപ്പോവുകയെന്നത് എളുപ്പം സംഭവിക്കുന്ന കാര്യമാണ്. സലഫിയ്യത്തിൽ പ്രവേശിച്ചതിന് ശേഷം ശൈത്താൻ റാഞ്ചിക്കൊണ്ട് പോകുന്ന ആളുകളുടെ കാര്യമാണ് മഹാ കഷ്ടം. സത്യം അറിയുകയും അതിന്റെ വാഹകാരാവുകയും ചെയ്യുന്ന ആളുകൾക്ക് ഇഖ്ലാസ് നഷ്ടപ്പെടുമ്പോൾ ഉണ്ടാകുന്ന നഷ്ടം ചില്ലറയല്ല. ദുനിയാവ് ആരെയും വഞ്ചിക്കും. അത് ഒരു സലഫിക്ക് തിരിച്ചറിയാൻ പറ്റിയില്ലെങ്കിൽ മറ്റാർക്കാണ് തിരിച്ചറിയാൻ കഴിയുക? ഇസ്ലാം ദീനിന്റെ അധ്യാപനങ്ങൾ അതിന്റെ യഥാർത്ഥ സ്രോതസ്സിൽ നിന്ന് സ്വീകരിക്കുകയും അതിന്റെ അഹ്ലുകാരെ അറിയുകയും ചെയ്തവർക്ക് ഉണ്ടാവേണ്ട സവിശേഷതകൾ ഒരു സലഫിക്കില്ലെങ്കിൽ മറ്റാർക്കുണ്ടാവും? നബി സ്വല്ലള്ളാഹു അലൈഹി വസല്ലമയുടെ ശത്രുക്കൾ ആരായിരുന്നു ? നബിയോട് അവർക്ക് ശത്രുത ഉണ്ടാവാനുള്ള കാരണങ്ങൾ എന്തെല്ലാമായിരുന്നു? സത്യം സ്വീകരിക്കുകയും അതുൾക്കൊള്ള്കയും ചെയ്തവർക്ക് സഹായികൾ എക്കാലത്തും വിരളമായിരുന്നു. ശത്രുക്കൾ കൂടുതലും ഒരു കാരണവശാലും സുന്നത്തിന്റെ ശത്രുക്കൾക്ക് ആയുധം നല്കുന്നവരാവരുത് നമ്മൾ. സലഫിയ്യതിന്റെ സത്യസന്ദേശ വാഹകരിൽ ആരോപണം ഉന്നയിക്കുകയും അവരുടെ ആത്മാര്തതയിലും സത്യസന്തതയിലും സംശയം പ്രകടിപ്പിക്കുകയും ചെയ്യുന്നത് ഒരു നിലക്കും ഭൂഷണമല്ല . അത് സുന്നതുമായുള്ള പൊക്കിൾ കൊടി ബന്ധം മുറിക്കുന്നതിനു തുല്യമാണ്. സുന്നത്തിന്റെ അറിവ്, ദീനിന്റെ അറിവാണ്. അത് പകർന്നു തരുന്നവരെക്കുറിച്ചു ദുഷിച്ചു പറയുന്നവർ സത്യസന്ധരല്ല, അവരുടെ ലക്ഷ്യം പരിശുദ്ധവുമല്ല. സുന്നത്തിനെക്കുറിച്ചും അതിന്റെ അഹ്ലുകാരെക്കുറിച്ചും ദുഷിച്ചു പറയുന്ന സ്വiഭാവം ഖവാരിജുകളുടെതാണ്. ഭൌതികവിജ്ഞാനങ്ങളോട് കിട പിടിക്കാൻ പറ്റുന്നതല്ല മതവിജ്ഞാനങ്ങൾ. ഇഴ പിരിക്കാൻ പറ്റാത്ത ഒരാത്മ ബന്ധം ഇൽമുമായി ബന്ധപ്പെടുന്ന ആളുകൾ തമ്മിലുണ്ട്, ഉണ്ടാവണം. അതില്ലെങ്കിൽ, ഇല്മ് ധാതാവിൽ നിന്ന് സ്വീകർത്താവിലേക്ക് നീങ്ങിയാലും അതിന്റെ ഗുണവും ബർകതും ലഭിച്ചു കൊള്ളണമെന്നില്ല. ഇക്കാര്യം എല്ലാവരും മനസ്സിലാക്കുന്നത് നന്ന്. - ബഷീർ പുത്തൂർ
0 Comments
Your comment will be posted after it is approved.
Leave a Reply. |
IslamBooks.inBooks and Articles on Islam, correct and pure. Archives
August 2024
Categories
All
|