ഒരു 'അറിവ്' (ഇൽമ്) ആണെന്നു തോന്നാവുന്നതൊക്കെ എവിടെനിന്ന് കിട്ടിയാലും കണ്ണും പൂട്ടി പെറുക്കിയെടുത്ത് തലയിൽ കയറ്റണമെന്നാണ് അധികമാളുകളും കരുതുന്നത്. ഇമാം മുഹമ്മദ് ബ്നു സീരീൻ رحمه الله പഠിപ്പിച്ചുതന്നത് നോക്കൂ: عن محمد بن سيرين، قال: إن هذا العلم دين، فانظروا عمن تأخذون دينكم (مسلم في مقدمة صحيحه) "നിശ്ചയം ഈ അറിവ് (ഇൽമ്) നിങ്ങളുടെ ദീനാണ്. അതിനാൽ ആരിൽ നിന്നാണ് നിങ്ങളുടെ ദീൻ സ്വീകരിക്കുന്നതെന്ന് ശരിക്കു പരിശോധിക്കണം."
പളപളപ്പുള്ള അലംകൃത വാചകങ്ങളാൽ കൗതുകമുണർത്തുന്നതിൽ മുഴുവൻ അന്ധാളിച്ച് കണ്ണുമഞ്ഞളിക്കുന്നവനല്ല വിശ്വാസി. രാത്രിയുടെ ഇരുട്ടിൽ വിറക് പെറുക്കുന്നവൻ അബദ്ധത്തിൽ തന്റെ കൈകൊണ്ടുതന്നെ പാമ്പിനെ എടുത്ത് സ്വയം നാശത്തിലകപ്പെട്ടേക്കും. പ്രാമാണ്യ യോഗ്യരും സത്യസന്ധരും അമാനത്തുള്ളവരുമായ അറിവിന്റെ അഹ്ലുകാരിൽ നിന്നു മാത്രമേ ദീൻ പഠിക്കാവു. അതു മാത്രമാണ് സുരക്ഷിതമായ മാർഗം. വഴിക്കൊള്ളക്കാരെയും കള്ളനാണയങ്ങളെയും തിരിച്ചറിയാൻ അല്ലാഹുവിന്റെ തൗഫീഖു തന്നെ വേണം. ശൈഖ് സ്വാലിഹ് അൽ ഫൗസാൻ حفظه الله പറയുന്നു: ഇൽമ് എന്നത് വായനയുടെ ആധിക്യം കൊണ്ടോ, പുസ്തകങ്ങളുടെ ആധിക്യം കൊണ്ടോ ലഭ്യമാവില്ല. അല്ലെങ്കിൽ കുറേ ഏടുകൾ മറിച്ചു നോക്കലുമല്ല. അതുകൊണ്ടൊന്നും ഇൽമ് ലഭിക്കില്ല. അഹ് ലുൽ ഇൽമിന്റെ അടുക്കലിരുന്ന് പഠിക്കുന്നതിലൂടെ മാത്രമേ ഇൽമ് ലഭിക്കുകയുള്ളൂ. ഉലമാക്കളിൽ നിന്ന് മുഖദാവിൽ സ്വീകരിക്കുന്നതിലൂടെ മാത്രമാണ് ഇൽമുണ്ടാവുക. നേർക്കുനേർ പണ്ഡിതനിൽ നിന്ന് ഏറ്റുവാങ്ങുന്നതാണ് ഇൽമ്. ഇന്ന് ചിലർ കരുതുന്നപോലെ; സ്വയം സഹജമാകുന്നതല്ല. ഇപ്പോൾ ചിലരുണ്ട്, കുറച്ച് കിതാബുകൾ സംഘടിപ്പിക്കും, എന്നിട്ട് ഹദീസിന്റെയും ജർഹ് തഅ'ദീലിന്റെയും ഗ്രന്ഥങ്ങളും തഫ്സീറുമൊക്കെ സ്വന്തമായി വായിക്കും, അതിലൂടെ അവർക്ക് ഇൽമ് ലഭിച്ചു എന്ന് ജൽപ്പിക്കുകയും ചെയ്യും. ഇല്ല, അത് അടിസ്ഥാനമില്ലാത്തതും അടിത്തറയില്ലാതെ പടുത്തുയർത്തിയതുമായ അറിവുമാത്രമാണ്; കാരണം അത് പണ്ഡിതന്മാരിൽ നിന്ന് ഏറ്റുവാങ്ങിയതല്ല. അതിനാൽ ഇൽമിന്റെ സദസ്സുകളിലും ക്ലാസ്സ് റൂമുകളിലും, അദ്ധ്യാപകരും ഫുഖഹാക്കളും ഉലമാക്കളുമായവരുടെകൂടെ ഇരിക്കൽ അനിവാര്യമാണ്. ഇൽമ് അന്വേഷിക്കുന്നതിൽ ക്ഷമ അനിവാര്യമാണ് ". ( അൽ ഫിഖ്ഹു ഫിദ്ദീൻ ഇസ്മതുൻ മിനൽ ഫിതൻ പേ:21 ) - അബു തൈമിയ്യ ഹനീഫ്
0 Comments
Your comment will be posted after it is approved.
Leave a Reply. |
IslamBooks.inBooks and Articles on Islam, correct and pure. Archives
August 2024
Categories
All
|