ഇസ്ലാം അതിന്റെ പ്രാരംഭ ദശയിൽ, തികച്ചും അന്യമായ അവസ്ഥയിലായിരുന്നു. പിന്നീട് ഇസ്ലാം സുപരിചിതമാവുകയും ഇസ്ലാമിലേക്ക് അറബികളും അനറബികളുമായ ആളുകൾ കൂട്ടം കൂട്ടമായി കടന്നു വരികയും ലോകത്ത് സുപരിചിതമാവുകയും ചെയ്തു.
മുഹമ്മദ് നബി സ്വല്ലള്ളാഹുഅലൈഹി വസല്ലം ഏതു രൂപത്തിലാണോ ഇസ്ലാമിനെ സ്വഹാബത്തിനു പഠിപ്പിക്കുകയും പരിചയപ്പെടുത്തുകയും ചെയ്തത്, അത് അതിന്റെ വിശുദ്ധിയോടെ സ്വീകരിക്കുകയും പ്രയോഗ വൽക്കരിക്കുകയും ചെയ്യുന്ന സന്തോഷദായകമായ അവസ്ഥ അങ്ങിനെ സംജാതമായി. എന്നാൽ, നിലനിന്നിരുന്ന "അന്യത"ക്ക് (غربة) ശേഷം രണ്ടാമതൊരു അന്യത (غربة) കൂടി ഇസ്‌ലാമിന് വരാനുണ്ടെന്ന് നബി സ്വല്ലള്ളാഹുഅലൈഹി വസല്ലം മുന്നറിയിപ്പ് നൽകി. ഇസ്ലാമിന്റെ പ്രാരംഭ കാലത്ത് അനുഭവിച്ച അതേ "അന്യത" (غربة) ഇസ്ലാമിനു വന്നു ചേരുക തന്നെ ചെയ്യും. ആരാലും സഹായിക്കാനില്ലാത്ത അവസ്ഥ. ആൾക്കൂട്ടത്തിൽ തികച്ചും നിസ്സഹായനും ജനങ്ങളിൽ "നിന്ദ്യനും" ആയിപ്പോകുന്ന സാഹചര്യം. അത് എത്ര ഭീകരമായിരിക്കും എന്ന് പറയേണ്ടതില്ലല്ലോ. മുസ്ലിംകളുടെ ജീവിത നിലവാരം കുറവായിരിക്കുമെന്നോ, സാമൂഹിക ചുറ്റുപാടുകൾ സുരക്ഷിതമായിരിക്കില്ല എന്നോ ഒന്നുമല്ല ഈ അന്യത (غربة) കൊണ്ട് അർത്ഥമാക്കുന്നത്. സാമ്പത്തിക നില മോശമാവുമെന്നോ രാഷ്ട്രീയ മണ്ഡലങ്ങളിൽ ഒറ്റപ്പെടുമെന്നോ ഒന്നും ഇതിനെ വ്യാഖ്യാനിക്കാനും പാടില്ല. അതൊന്നുമല്ല ഈ (غربة) അന്യതയുടെ യഥാർത്ഥ അർത്ഥം. ആ രൂപത്തിൽ വ്യാഖ്യാനിക്കുമ്പോൾ, മുകളിൽ പറഞ്ഞ മേഖലയിലെല്ലാം സാമാന്യം മോശമല്ലാത്ത അവസ്ഥയിലാണ് മുസ്ലിംകൾ എന്ന് കാണാൻ പ്രയാസമില്ല. അപ്പോൾ, എന്താണ് നബി സ്വല്ലള്ളാഹുഅലൈഹി വസല്ലം മുന്നറിയിപ്പ് നൽകിയ ആ (غربة) അന്യത? എന്താണ് ആ അപരിചിതത്വം? ഇസ്ലാമിന്റെ രണ്ടാം പാതി എന്ന് പറയാറുള്ള, محمد رسول الله എന്ന സത്യ സാക്ഷ്യത്തിന്റെ സ്വീകാര്യതയുമായി ബന്ധപ്പെട്ടു നിൽക്കുന്നതാണ് ആ അപരിചിതത്വം അഥവാ ആ അന്യത. നബി സ്വല്ലള്ളാഹുഅലൈഹി വസല്ലം പരിചയപ്പെടുത്തിയ ഇസ്ലാമിന്റെ അവിഭാജ്യഭാഗമാണ് നബിചര്യയെന്നു അറിയാത്തവർ വിരളമായിരിക്കും. എന്നാൽ അത്, അതിന്റെ പൂർണ വിശുദ്ധിയോടെ സ്വീകരിക്കുന്നവർ വളരെ വളരെ വിരളമായിരിക്കും. അവരെക്കുറിച്ചാണ് നബി സ്വല്ലള്ളാഹുഅലൈഹി വസല്ലം "അപരിചിതർ" എന്ന് വിശേഷിപ്പിച്ചത്. അവർ അപരിചിതരും അന്യരുമാകുന്നത് സുന്നത്തിനെ അഥവാ നബിചര്യയെ പൂർണ്ണാർത്ഥത്തിൽ സ്വീകരിച്ചതിന്റെ പേരിലാണ് !! നബി സ്വല്ലള്ളാഹുഅലൈഹി വസല്ലം അവരെക്കുറിച്ച് പറഞ്ഞത് "قوم صالحون قليل في ناس سوء كثير، من يعصيهم أكثر ممن يطيعهم ധാരാളം ദുഷിച്ച ആളുകൾക്കിടയിൽ സ്വാലിഹീങ്ങളായ കുറച്ചു പേർ. അവരെ അനുസരിക്കുന്നവരെക്കാൾ ധിക്കരിക്കുന്നവരാണേറെ" മുസ്ലിംകൾ എണ്ണത്തിൽ ഏറെയുണ്ടാകും. ഇസ്ലാമിനെക്കുറിച്ച് സംസാരിക്കുന്നവരും ചർച്ച ചെയ്യുന്നവരും പ്രസംഗിക്കുന്നവരും ഇസ്ലാമിക പ്രവർത്തകരും എമ്പാടുമുണ്ടാവും. എന്നാൽ സുന്നത്തിനെ സ്നേഹിക്കുന്നവരും അത് പഠിച്ചു മനസ്സിലാക്കി നെഞ്ചോടു ചേർത്ത് സ്വജീവിതത്തിൽ പ്രയോഗവൽക്കരിക്കുന്നവരും മറ്റുള്ളവരിലേക്ക് എത്തിക്കുന്നവരും എണ്ണത്തിൽ വളരെ കുറവായിരിക്കും. ദീനിന്റെ പേരിൽ, സുന്നത്തിന്റെ പേരിൽ അവരെ സഹായിക്കുകയും പിന്തുണക്കുകയും ചെയ്യുന്നവർ തുച്ചമായിരിക്കും. ഇസ്ലാമിനെക്കുറിച്ച് വാചാലമാവുന്ന ആളുകളായിരിക്കും മിക്കപ്പോഴും സുന്നത്തിനെ അവലംബിക്കുന്നവരുടെ പ്രത്യക്ഷ ശത്രുക്കൾ !! ഇവിടെയാണ് ഇസ്‌ലാം അപരിചിതമാവുന്നത്. ഇവിടെയാണ് സുന്നത്തിന്റെ ആളുകൾ ഒറ്റപ്പെട്ടു പോകുന്നത്. ആരാലും സഹായിക്കാനില്ലാതെ, എവിടെയും പരിഗണിക്കപ്പെടാതെ, തീർത്തും അവഗണനയുടെ അഗണ്യ കോടിയിൽ തള്ളപ്പെടുന്ന മനുഷ്യപുത്രൻ !! ഇതാണ്, നബി സ്വല്ലള്ളാഹുഅലൈഹി വസല്ലം മുന്നറിയിപ്പ് നൽകിയ അപരിചിതന്റെ ചിത്രം! സ്വജീവിതത്തിൽ സുന്നത്ത് അനുധാവനം ചെയ്യുന്നതിന്റെ പേരിൽ സ്വന്തം കുടുംബത്തിലും കൂട്ടുകാരിലും ഒറ്റപ്പെടുകയും അന്യനായിത്തീരുകയും ചെയ്യുന്ന ദുഖകരമായ അവസ്ഥ! സമൂഹം സംശയ ദൃഷ്ടിയോടെ വീക്ഷിക്കുകയും, സുന്നത്തിനെ തമസ്കരിക്കുകയും അതിന്റെ നിസ്വാർതനായ വാഹകനെ തിരസ്കരിക്കുകയും ചെയ്യുമ്പോൾ, മനസാക്ഷിയുടെ ഓരങ്ങളിലേക്ക് അടിച്ചു വരുന്ന കദനത്തിന്റെ തിരമാലയെക്കുറിച്ചു പറഞ്ഞാൽ മറ്റാർക്കും മനസ്സിലാവില്ല, അനുഭവസ്ഥനായ ആ അപരിചിതനല്ലാതെ!! ഹവയുടെയും ബിദ്അത്തിന്റെയും മഹാ ഭൂരിപക്ഷത്തിനിടയിൽ, ചിലപ്പോൾ ഒരു പത്തോ പതിനഞ്ചോ ആളുകളുണ്ടെങ്കിൽ കൂടുതലായി ! ഒന്നോ രണ്ടോ ആണെങ്കിൽ അതായിരിക്കും ശരാശരി. ചിലപ്പോൾ ഒരു നാട്ടിൽ ഒരാൾ, അല്ലെങ്കിൽ ആരുമുണ്ടാവില്ല !! ഇതാണ് നബി സ്വല്ലള്ളാഹുഅലൈഹി വസല്ലം മുന്നറിയിപ്പ് നൽകിയ അപരിചിതന്റെ അനുപാതം! "ഇസ്‌ലാം ഇസ്‌ലാം" എന്ന് പെരുമ്പറയടിച്ചു നടക്കുന്നവരുടെ കൂട്ടത്തിൽ അവരെ കാണില്ല. മൈക്കും ആൾക്കൂട്ടവും കാണുന്നിടത്തെല്ലാം നാക്കിട്ടടിക്കാൻ അവരെ കിട്ടില്ല. മനസ്സിൽ തോന്നുന്ന തരത്തിലെല്ലാം ഇസ്ലാമിനെ അവതിരിപ്പിക്കുന്നവരുടെ പിന്നിൽ അവരുണ്ടാവില്ല. നബിചര്യയിൽ, ജനങ്ങൾ ദുഷിപ്പിച്ചതിനെ നന്നാക്കുന്നവരായിരിക്കും അവർ. ജനനങ്ങളിൽ നിന്ന് അന്യം നിന്ന് പോയ സുന്നത്തുകൾക്ക് ജീവൻ നൽകുന്നവരായിരിക്കും അവർ. സ്വാഭാവികമായും പ്രമാണങ്ങളിലേക്കുള്ള ഈ തിരിച്ചു നടത്തം ദുഷിച്ച ആളുകളിൽ അപരിചിതത്വം തീർക്കും. ദുഷിച്ച ആളുകളെന്നു പറഞ്ഞാൽ വെടിപ്പില്ലാത്ത വസ്ത്രം ധരിക്കുന്നവരോ കൂരകളിൽ അന്തിയുറങ്ങുന്നവരോ അല്ല. മറിച്ചു അവരുടെ വേഷ ഭൂഷാതികളും ഭാവഹാവാതികളും അത്യന്തം ആകർഷകമാവാം, പക്ഷെ സുന്നത്തിനെക്കുറിച്ച് പറഞ്ഞാൽ നെറ്റി ചുളിക്കുകയും, അതിനു സഹായിക്കേണ്ട സന്നിഗ്ദ്ധ ഘട്ടങ്ങളിൽ തണുത്തു വിറങ്ങലിച്ചു തൂങ്ങി നിൽക്കുകയും ചെയ്യുന്ന മാവിലായിക്കാരനാണ് ദുഷിച്ചവൻ. സുന്നത്തിന്റെ വിത്യസ്തങ്ങളായ ശത്രുക്കൾക്ക് നടുവിൽ ആരാലും ശ്രദ്ധിക്കപ്പെടാതെ, പരാതിയും പരിഭവം പറച്ചിലുമില്ലാതെ തന്റെ ലക്ഷ്യത്തിലേക്ക് പ്രയാണം ചെയ്യുന്ന ആ അപരിചിതനാണ് നബി സ്വല്ലള്ളാഹുഅലൈഹി വസല്ലം മംഗളം നേർന്നത്. ! ഒരു മുസ്ലിമിനെ സംബന്ധിച്ചിടത്തോളം ആത്മനിർവൃതിക്ക് മറ്റെന്തു വേണം? - ബഷീർ പുത്തൂർ
0 Comments
Your comment will be posted after it is approved.
Leave a Reply. |
IslamBooks.inBooks and Articles on Islam, correct and pure. Archives
August 2024
Categories
All
|