یَعۡلَمُونَ ظَـٰهِرࣰا مِّنَ ٱلۡحَیَوٰةِ ٱلدُّنۡیَا وَهُمۡ عَنِ ٱلۡـَٔاخِرَةِ هُمۡ غَـٰفِلُونَ- الروم ٧ "ദുൻയവിയായ ജീവിതത്തിൽ നിന്ന് പ്രത്യക്ഷമായവയിൽ അവർ അറിവുള്ളവരും അവർ പാരത്രിക ജീവിതത്തെക്കുറിച്ചാകട്ടെ, അവർ ശ്രദ്ധയില്ലാത്തവരുമാണ്" റൂം -7 സത്യ നിഷേധികളായ ആളുകളെക്കുറിച്ചാണ് ഈ വചനത്തിലെ പരാമർശമെങ്കിലും മനുഷ്യവർഗ്ഗം മൊത്തത്തിൽ ഇതിന്റെ പരിധിയിൽ വരുന്നുവെന്നതാണ് വസ്തുത. ഭൗതിക ജീവിതത്തിലെ സുഖങ്ങളും നേട്ടങ്ങളും മാത്രം അന്വേഷിക്കുകയും, അതിലെ വിഭവങ്ങളും സമ്പാദ്യവും സൗകര്യങ്ങളും നേടിയെടുക്കാൻ അവിശ്രമം പ്രയത്നിക്കുകയും, കൃഷിയിലും കച്ചവടത്തിലും മറ്റു ജീവിതായോധന മാർഗ്ഗങ്ങളിൽ വ്യാപൃതരാവുകയും, സൂക്ഷ്മമായി ലാഭനഷ്ടങ്ങളെക്കുറിച്ചു ബോധവാനാവുകയും ചെയ്യുന്ന മനുഷ്യൻ, പരലോകത്തെക്കുറിച്ചു അറിവില്ലാത്തവനും അശ്രദ്ധനുമായിത്തീരുന്ന അവസ്ഥ എത്ര ശോചനീയമാണെന്ന് ഈ വചനം അനാവരണം ചെയ്യുന്നുണ്ട്. ഇബ്നു കസീർ رحمه الله ഈ ആയത്തിന്റെ തഫ്സീറിൽ പറയുന്നു : أَكْثَرُ النَّاسِ لَيْسَ لهم علم إلا بالدنيا وأكسابها وشؤونها وَمَا فِيهَا، فَهُمْ حُذَّاقٌ أَذْكِيَاءُ فِي تَحْصِيلِهَا وَوُجُوهِ مَكَاسِبِهَا، وَهُمْ غَافِلُونَ عَمَّا يَنْفَعُهُمْ فِي الدَّارِ الْآخِرَةِ، كَأَنَّ أَحَدَهُمْ مُغَفّل لَا ذِهْنَ لَهُ وَلَا فِكْرَةَ "ഭൂരിഭാഗം ആളുകൾക്കും ദുനിയാവിനെക്കുറിച്ചും അതിന്റെ സമ്പാദനത്തെക്കുറിച്ചും അതിലുള്ള മറ്റു വിഭവത്തെക്കുറിച്ചുമല്ലാതെ മറ്റു യാതൊരു വിവരവുമില്ല. അത് സ്വരുക്കൂട്ടുന്നതിലും വെട്ടിപ്പിടിക്കുന്നതിന്റെ മാർഗ്ഗങ്ങളെക്കുറിച്ചും അവർ ജാഗരൂകരും അതിസമർത്ഥരുമാണ്. പരലോക ജീവിതത്തിനു ഗുണം ലഭിക്കുന്ന കാര്യങ്ങളിൽ അവർ തികഞ്ഞ അശ്രദ്ധയിലാണ്. ബുദ്ധിയും ചിന്താശേഷിയുമില്ലാത്ത ഒരുവനെപ്പോലെ" قَالَ الْحَسَنُ الْبَصْرِيُّ: وَاللَّهِ لَبَلَغَ مِنْ أَحَدِهِمْ بِدُنْيَاهُ أَنَّهُ يَقْلِبُ الدِّرْهَمَ عَلَى ظُفْرِهِ، فَيُخْبِرُكَ بِوَزْنِهِ، وَمَا يُحْسِنُ أَنْ يُصَلِّيَ ഹസനുൽ ബസ്വരി رحمه الله പറഞ്ഞു :- "അല്ലാഹുവാണ് സത്യം, ദുനിയാവുമായി ബന്ധപ്പെട്ട് ഒരാളുടെ (അറിവും പാടവവും ഏത് വരെ) എത്തി നിൽക്കുന്നുവെന്ന് നോക്കിയാൽ, തന്റെ വിരൽത്തുമ്പിൽ നാണയം വെച്ച് കറക്കി അതിന്റെ തൂക്കം പറയും ! പക്ഷെ അവന് നമസ്കരിക്കാനറിയില്ല !! قال ابن عباس يعني : الْكُفَّارُ، يَعْرِفُونَ عُمْرَانَ الدُّنْيَا، وَهُمْ فِي أَمْرِ الدِّينِ جُهَّالٌ ഇബ്നു അബ്ബാസ് رضي الله عنه പറയുന്നു : "അവർ സത്യനിഷേധികളാണ്. ഭൗതിക ജീവിതത്തിന്റെ നാഗരിക വിജ്ഞാനത്തിൽ അവർ അറിവുള്ളവരാണ്. ദീനിന്റെ കാര്യത്തിലാകട്ടെ അവർ അജ്ഞരുമാണ്" (തഫ്സീർ ഇബ്നു കസീർ) ഇമാം ബഗവി رحمه الله പറയുന്നു :- "سَاهُونَ عَنْهَا جَاهِلُونَ بِهَا، لَا يَتَفَكَّرُونَ فِيهَا وَلَا يَعْمَلُونَ لَهَا" "അതിനെക്കുറിച്ച് (പരലോകത്തെക്കുറിച്ച്) അവർ അജ്ഞരും അശ്രദ്ധരുമാണ്, അതിനെക്കുറിച്ചവർ ഉറ്റാലോചിക്കുകയോ അതിന് വേണ്ടി പണിയെടുക്കുകയോ ചെയ്യുന്നില്ല" ( തഫ്സീറുൽ ബഗവി)
മാനവരാശി ആകമാനമായാലും സത്യനിഷേധികൾ സവിശേഷമായാലും , ഏതൊരാളുടെയും ചിന്താമണ്ഡലത്തിൽ ഒരു നിമിഷമെങ്കിലും കോളിളക്കം സൃഷ്ട്ടിക്കാൻ ഈ വചനം പര്യാപ്തമത്രെ. - ബശീർ പുത്തൂർ
0 Comments
Your comment will be posted after it is approved.
Leave a Reply. |
IslamBooks.inBooks and Articles on Islam, correct and pure. Archives
August 2024
Categories
All
|