വിധിവിശ്വാസത്തോളം വരില്ല, ഉഹ്ദുമല പോലും...
അല്ലാഹു ഉദ്ദേശിച്ചവരൊഴികെ മുഴുവൻ മനുഷ്യരും അല്ലാഹുവിനെ കുറിച്ച് അന്യായമായി, ദുർവിചാരങ്ങളും അധമചിന്തകളും വെച്ചുപുലർത്തുന്നവരാണ്. താൻ സത്യത്തിന്റെ തടവറയിലാണ്, ഭാഗ്യം കെട്ടവനാണ്, അല്ലാഹു വിധിച്ചതിലധികം കിട്ടാൻ യോഗ്യനാണ്... ഇങ്ങനെയൊക്കെയാണ് ഭൂരിഭാഗം മനുഷ്യരും വിശ്വസിക്കുന്നത്. അവന്റെ മാനസികാവസ്ഥ വിളിച്ചോതുന്നത് അല്ലാഹു അവനോട് എന്തോ അന്യായം കാണിക്കുകയും അവന് അർഹിക്കുന്നത് പോലും മുടക്കുകയും ചെയ്തിരിക്കുന്നു എന്നാണ്. ഇക്കാര്യം അവന്റെ നാവ് നിഷേധിക്കുമെങ്കിലും മനസ്സ് സാക്ഷ്യ പ്പെടുത്തുന്നു; തുറന്നുപറയാൻ ധൈര്യപ്പെടുന്നില്ലെന്നു മാത്രം. മനുഷ്യാ, നീ മനസ്സിന്റെ സ്വകാര്യ അറകളിലും അടരുകളിലും ആഴ്ന്നിറങ്ങി ഒരു ആത്മപരിശോധന നടത്തു. വെടിമരുന്നിൽ തീ ഒളിഞ്ഞിരിക്കുന്ന പോലെ ഈ ദുഷിച്ച ചിന്ത തന്നിലും ഒളിഞ്ഞിരിക്കുന്നത് കാണാം. താനുദ്ദേശിക്കുന്നവരെയൊക്കെ ഉരസി നോക്കൂ. അവരുടെയൊക്കെ ആത്മങ്ങളിൽ ഒളിഞ്ഞിരിക്കുന്ന വിനാശകാരിയായ ഈ തീജ്വാല അപ്പോൾ നിനക്ക് ബോധ്യമാകും. ആരെ നീ പരിശോധിച്ച് നോക്കിയാലും അവൻ വിധിയെ കുറിച്ച് പഴിയും ആക്ഷേപവും ചൊരിയുന്നതു കാണാം. സംഭവിച്ച തൊന്നുമല്ല വേണ്ടിയിരുന്നത്. മറിച്ച് ഇങ്ങനെയായിരുന്നു നടക്കേണ്ടിയിരുന്നത്... അവന്റെ ഒരു മാതിരി നിർദ്ദേശങ്ങളുടെ പെയ്ത്തു കണ്ട് നീ അന്ധാളിച്ചുപോകും. ഇങ്ങനെ കുറച്ചോ കൂടുതലോ പറയാത്തവരായി ആരുമുണ്ടാവില്ല. ഇനി നീ നിന്നെ തന്നെ ഒരു ആത്മപരിശോധനക്ക് വിധേയമാക്കുക. താൻ അതിൽ നിന്ന് മുക്തനാണോ? രക്ഷപ്പെട്ടുവെങ്കിൽ മാരകമായ ഒരു പാതകത്തിൽ നിന്നാണ് താങ്കൾ രക്ഷനേടിയത്. എന്നാൽ നീ രക്ഷപ്പെട്ടു എന്ന് താങ്കളെ കുറിച്ച് ഞാൻ കരുതുന്നുമില്ല. സ്വന്തത്തോട് ഗുണകാംക്ഷയുള്ള ഒരു ബുദ്ധിശാലി ഈ മാനസികാവസ്ഥ ഗൗരവപൂർവ്വം കണക്കിലെടുക്കട്ടെ. റബ്ബിനെ കുറിച്ച് അധമവിചാരങ്ങൾ വെച്ചുപുലർത്തിയതിന് യഥാവിധി പശ്ചാത്തപിക്കട്ടെ. പാപമോചനത്തിനായി മുഴുസമയവും അവനോട് യാചിക്കട്ടെ. തന്റെ ആത്മം എല്ലാ തിന്മകളുടെയും സങ്കേതമാണ്. സർവ്വ ഹീനതകളുടെയും പ്രഭവസ്ഥാനമാണ്. എന്നിരിക്കെ, അഭിജ്ഞനും അധികാരസ്ഥനുമായ, നീതിമാന്മാരിൽ നീതിമാനായ, കാരുണ്യവാന്മാരിൽ കരുണാമയനായ അല്ലാഹുവിനെ കുറിച്ച് ദുർവിചാരങ്ങൾ വെച്ചുപുലർത്തുന്നതിനെക്കാൾ തന്റെ ആത്മത്തെ കുറിച്ചല്ലേ അവൻ മോശമായി ചിന്തിക്കേണ്ടത് ?! (ഇബ്നുൽ ഖയ്യിമിന്റെ സാദുൽ മആദിനെ ഉപജീവിച്ച് തയ്യാറാക്കിയത്) - അബൂ ത്വാരിഖ് സുബൈർ മുഹമ്മദ്
0 Comments
Your comment will be posted after it is approved.
Leave a Reply. |
IslamBooks.inBooks and Articles on Islam, correct and pure. Archives
August 2024
Categories
All
|