എന്ത് കൊണ്ട് കെ എൻ എം സലഫീ മൻഹജിൽ അല്ല എന്ന് പറയുന്നു?
First Published by Basheer Puthur on December 2018 |
ഭാഗം 1കേരളത്തിലെ മത സംഘടനകൾക്കിടയിൽ കേരള നദ് വത്തുൽ മുജാഹിദീൻ (സീഡീ ടവർ) വിഭാഗം മുജാഹിദുകൾ ഞങ്ങൾ സലഫികളാണ്, സലഫീ മൻഹജാണ് ഞങ്ങൾ പിന്തുടരുന്നത് എന്ന് അവകാശപ്പെടുന്നവരാണ്. മറ്റു മത സംഘടനകളൊന്നും കെ എൻ എം അവകാശപ്പെടുന്നത് പോലെ സലഫിയ്യത്തു അവകാശപ്പെടാറില്ല. പലപ്പോഴും അവരുടെ ഈ അവകാശവാദം സാധാരണക്കാരായ ആളുകളെ ആശയക്കുഴപ്പത്തിൽ വീഴ്ത്താറുണ്ട്. സലഫീ മൻഹജുമായി ബന്ധപ്പെട്ട ചില അടിസ്ഥാന വിഷയങ്ങളിൽ അവർ പൊരുത്തപ്പെടാറുണ്ടെങ്കിലും വേറെ പല വിഷയങ്ങളിലും സലഫിയ്യത്തുമായി വൈരുധ്യം പുലർത്തുന്നതായി കാണാം. അഭിപ്രായ വ്യത്യാസത്തിന് സാധ്യതകളുള്ള ഏതെങ്കിലും കർമ്മശാസ്ത്രപരമായ വിഷയങ്ങളിലുള്ള വിത്യസ്ത വീക്ഷണഗതിയെയോ, ഒരു മസ്അലയിൽ തെറ്റായ ധാരണ മൂലം സംഭവിക്കുന്ന അബദ്ധങ്ങളെയോ കുറിച്ചല്ല ഇവിടെ പ്രതിപാദിക്കുന്നത്. മറിച്ച്, മുസ്‌ലിം ലോകത്തു ചിരപ്രതിഷ്ട്ടവും അഹ്‌ലുസ്സുന്നത്തിന്റെ ഉലമാക്കൾ തർക്കമില്ലാതെ സ്വീകരിച്ചതുമായ ഉസ്വൂലീ (അടിസ്ഥാന വിശ്വാസവുമായി ബന്ധപ്പെട്ട) വിഷയങ്ങളിൽ നദ് വത്തുൽ മുജാഹിദ് വീക്ഷണ വൈജാത്യം പുലർത്തുന്ന പല കാര്യങ്ങളുമുണ്ട്. അവ ചുണ്ടിക്കാണിക്കുകയോ ഗുണകാംക്ഷയോടെ വിമർശിക്കുകയോ ചെയ്യുമ്പോൾ "കാലങ്ങളായി മുജാഹിദ് പ്രസ്ഥാനം പുലർത്തിപ്പോരുന്ന ആശയാദർശങ്ങൾ" എന്ന പുക മറ സൃഷ്ട്ടിച്ചു ആളുകളെ തെറ്റിദ്ധരിപ്പിക്കുകയോ യഥാർത്ഥ വസ്തുതയിൽ നിന്ന് ശ്രദ്ധ തിരിപ്പിക്കുകയോ ചെയ്യാറാണ് പതിവ്. ഒരാൾ സത്യസന്ധനാണെങ്കിൽ, അയാൾക്ക് അള്ളാഹുവിന്റെ ദീനിനോടും റസൂലിന്റെ സുന്നത്തിനോടുമാണ് കൂറെങ്കിൽ "കാലങ്ങളായി മുജാഹിദ് പ്രസ്ഥാനം ആദർശമായി കൊണ്ട് നടന്നത് ഹദീസിന് എതിരാണെന്ന് ബോധ്യപ്പെട്ടാൽ അത് തിരുത്തുന്നതിന് എന്താണ് തടസ്സം? ഒരാൾ പിന്തുടരേണ്ടത് സുന്നത്തിനെയല്ലേ? പ്രസ്ഥാനത്തെയല്ലല്ലോ? ഇക്കാര്യം എല്ലാവരും അംഗീകരിക്കുകയും ചെയ്യുന്നു.
ഒരു മുസ്‌ലിമായ മനുഷ്യനെ സംബന്ധിച്ചേടത്തോളം, ഒരു വിഷയത്തിൽ നബി സ്വല്ലള്ളാഹു അലൈഹി വ സല്ലമയിൽ നിന്ന് സ്ഥിരപ്പെട്ടു വന്നത് ഇന്ന കാര്യമാണ് എന്ന് ബോധ്യമുണ്ടെങ്കിൽ പിന്നെ അക്കാര്യം സംഘടന തീരുമാനിച്ചു സർക്കുലർ വരാൻ കാത്തിരിക്കണോ? എന്നാൽ മാത്രമേ അത് പ്രമാണമാകൂ എന്നുണ്ടോ? പ്രമാണങ്ങൾക്ക് പ്രാധാന്യവും പരിഗണനയും നൽകുകയെന്ന് പറഞ്ഞാൽ, അവയുടെ താൽപര്യം ഉൾക്കൊണ്ട് ജീവിക്കലാണ്. ഏതൊരു വിഷയം ചർച്ച ചെയ്യുമ്പോഴും, പ്രസ്ഥാനം, പ്രസ്ഥാനത്തിന്റെ നിലപാട് തുടങ്ങിയ സ്രോതസ്സുകളിലേക്കു ചുരുക്കുന്നതിനു പകരം, നബി സ്വല്ലള്ളാഹു അലൈഹി വ സല്ലമയുടെ സുന്നത്ത് എന്നതിലേക്ക് നമ്മുടെ ചിന്തകളും താൽപര്യങ്ങളും ഉയരേണ്ടതുണ്ട്. കാരണം, പ്രാമാണികത എപ്പോഴും ഖുർആനിനും സുന്നത്തിനുമാണ്. അവ റസൂലിൽ നിന്ന് കേൾക്കുകയും ജീവിതത്തിൽ പ്രയോഗവൽക്കരിക്കുകയും ചെയ്ത സ്വഹാബത്തിനാണ്. സംഘടനക്കും അതിന്റെ നേതാക്കൾക്കും പ്രാമാണികതയില്ല; ഒരിക്കലും. ഉലമാക്കൾക്ക് പോലും പ്രസക്തി കൈവരുന്നത് അവർ ഖുർആനും സുന്നത്തും സലഫുകളുടെ ധാരണ അനുസരിച്ചു സംസാരിക്കുമ്പോൾ മാത്രമാണ്. ഭാഗം 2
അള്ളാഹുവും അവന്റെ റസൂലും ഒരാൾക്ക് ഏറ്റവും ഇഷ്ട്ടപ്പെട്ടതായാൽ മാത്രമേ അയാൾക്ക് ഈമാനിന്റെ മാധുര്യം അനുഭവിക്കാൻ കഴിയൂ എന്നാണ് നബി സ്വല്ലള്ളാഹു അലൈഹി വ സല്ലം പറഞ്ഞത്. അപ്പോൾ ഒരാൾ അള്ളാഹുവിനേക്കാൾ, അവന്റെ റസൂലിനേക്കാൾ തന്റെ സംഘടനക്കോ പ്രസ്ഥാനത്തിനോ പാർട്ടിക്കോ പ്രാമുഖ്യം നൽകിയാൽ അത് അവന്റെ ഈമാനിനെയാണ് ബാധിക്കുന്നത്. ഖുർആനിനും സുന്നത്തിനും എതിരായ നിലക്ക് ഒരാൾ മദ്ഹബിനെ പിൻപറ്റുകയും തഖ് ലീദ് ചെയ്യുകയും ചെയ്യുന്നുവെങ്കിൽ അത് തെറ്റും പാടില്ലാത്തതുമാണെന്ന് നമുക്കെല്ലാം അറിയാം. മദ്ഹബിന്റെ ഇമാമുമാർ മഹാന്മാരായ ഉലമാക്കളായിട്ടു പോലും ഹദീസിന്റെ പിൻബലമില്ലാത്തതോ ഹദീസിന് എതിരായതോ ആയ നിലപാടുകളെ വിമർശിക്കാനും അവയെ നിരാകരിക്കാനും നമുക്ക് തടസ്സമുണ്ടായിട്ടില്ല. അതിലും വലുതല്ലല്ലോ സംഘടനയും അതിന്റെ നേതൃസ്ഥാനം അലങ്കരിക്കുന്ന വ്യക്തികളും?
"ഞങ്ങൾ അങ്ങിനെയല്ല" "ഞങ്ങൾക്ക് സംഘടനാ പക്ഷപാതിത്വമില്ല" എന്നൊക്കെ പറയാൻ വെമ്പുന്നവർ രണ്ടു വട്ടം ആലോചിക്കണം. കാരണം, ഏതൊരു സംഘടനയെ പ്രതിനിധീകരിക്കുന്ന ആളാണെന്ന് അവരുടെ ആദ്യ വാചകത്തിൽ നിന്ന് തന്നെ വ്യക്തമാകും. മുജാഹിദ് ( മർകസ് ദഅവാ വിഭാഗം) നബിക്ക് സിഹ്ർ ബാധിച്ചു എന്ന ഹദീസിനെ നിഷേധിക്കുന്നവരാണ്. അത് ഖുർആനിന് എതിരാണെന്നായിരിക്കും ഒരിക്കലവർ പറയുക. മറ്റൊരിക്കൽ അത് ബുദ്ധിക്കും യുക്തിക്കും എതിരാണെന്ന് പറയും. മറ്റൊരിക്കൽ പറയുക ആ ഹദീസ് ദുർബലമാണ്. കാരണം അതിന്റെ സനദിൽ ദുർബലലനായ ഒരു റാവി (നിവേദകൻ )ഉണ്ട് എന്നൊക്കെയായിരിക്കും. വിഷയം അതല്ല. ആ വിഷയത്തിൽ അവരുടെ ശക്തരായ എതിരാളികളാണ് കെ എൻ എമ്മുകാർ. എന്നാൽ, വിത്‌റിലെ ഖുനൂത് ഹദീസിൽ സ്ഥിരപ്പെട്ടതല്ലേ? ആണ്. എന്നിട്ടോ? അതെന്താ നിങ്ങൾ പ്രയോഗവൽക്കരിക്കാത്തത് ? അതോ ? അത് "മുജാഹിദ് പ്രസ്ഥാനത്തിന്റെ ആശയാദർശങ്ങൾ ..." എന്ന് പറഞ്ഞു തുടങ്ങും. അതായത് പ്രസ്ഥാനം അത് സ്വീകരിക്കുന്നില്ല.!! അത് തന്നെ കാരണം. പ്രസ്ഥാനത്തിനു അങ്ങിനെ ഒരു നിലപാടില്ലാത്തതിനാൽ ഞങ്ങളത് സ്വീകരിക്കില്ല. അപ്പോൾ ഖുർആനിന്റെയും സുന്നത്തിനെയും പ്രമാണമായി സ്വീകരിക്കുന്നുവെന്നത് കേവലം അവകാശവാദം മാത്രമായി. പറയന് അടി കിട്ടിയ പോലെ അതൊന്നല്ലേ എന്ന് ചോദിക്കേണ്ട. സിഹ്‌റിന്റെ വിഷയത്തിൽ ഒന്നല്ലേ എന്ന വാദം മറ്റേ ഗ്രുപ്പുകാർക്ക് നിങ്ങൾ വക വെച്ച് കൊടുക്കുമോ? ഇനി ഒന്നാണെങ്കിൽ അത് അങ്ങിനെ ആവാമെന്നാണോ? ഹദീസിന്റെ കാര്യത്തിൽ ഒന്നും പത്തും നൂറുമൊക്കെ കണക്കാണ്. ജംഇയ്യത്തുൽ ഉലമയിലെ ഒരു നേതാവിനോട് വളരെ മുമ്പ് നേരിട്ട് ചോദിച്ചപ്പോൾ അദ്ദേഹത്തിൽ നിന്ന് കിട്ടിയ ഉത്തരം " ആ ഹദീസ് റിവായതു വന്നത് ബാലനായ ഹസൻ റദിയള്ളാഹു അൻഹുവിൽ നിന്നാണ്. അബുബക്കർ ഉമർ -റദിയള്ളാഹു അൻഹുമാ- പോലുള്ള വലിയ സ്വഹാബിമാരിൽ നിന്നൊന്നും അത് രിവായതു ചെയ്യപ്പെട്ടിട്ടില്ല !!" ഇത് വായിക്കുന്ന സാധാരണക്കാരന് കാര്യം ബോധ്യമാവാൻ വേണ്ടി വിശദീകരിക്കാം. ഉസൂലുൽ ഹദീസിൽ കുട്ടികളുടെ രിവായത് സ്വീകാര്യമല്ല എന്ന ഒരു നിബന്ധനയുണ്ടോ? അല്ലെങ്കിൽ വലിയ പ്രമുഖ സ്വഹാബിമാരിൽ നിന്നുള്ള രിവായതു മാത്രമേ സ്വീകരിക്കാവൂ എന്നുണ്ടോ? അങ്ങിനെയൊന്നുമില്ലല്ലോ ? ഒരു ഉദാഹരണം പറയാം. നമസ്കാരത്തിൽ കൈ കെട്ടേണ്ടത് നെഞ്ചിലാണ്. ആ വിഷയത്തിൽ ആകെ സ്ഥിരപ്പെട്ടു വന്നത് ഇബ്‌നു ഖുസൈമ ഉദ്ധരിക്കുന്ന വാഇലു ബിൻ ഹുജർ റദിയള്ളാഹു അന്ഹുവിൽ നിന്നുള്ള ഹസൻ ആയ ഒരേ ഒരു ഹദീസ് മാത്രം. അബൂബക്കർ റദിയള്ളാഹു അൻഹുവോ ഉമർ റദിയള്ളാഹു അൻഹുവോ ഒന്നും ഈ ഹദീസ് രിവായതു ചെയ്തിട്ടില്ല. സ്വഹീഹുൽ ബുഖാരിയിലും മുസ്‌ലിമിലും ഒന്നുമില്ല. എന്ന് കരുതി ഈ ഹദീസ് നിഷേധിക്കാൻ കഴിയുമോ? ഇല്ല ഒരിക്കലുമില്ല. സലാം സുല്ലമിയുടെ ഭാഷയിൽ പറഞ്ഞാൽ ഖബറുൽ വാഹിദ് (ഏക നിവേദക പരമ്പര) ആയ ഹദീസാണ്. !! ഇതിന് വേണ്ടി എത്ര വാദപ്രതിവാദങ്ങൾ നടത്തി എന്ന് മുജാഹിദ് ചരിത്രങ്ങൾപരിശോധിച്ചാൽ കാണാൻ പറ്റും. പറഞ്ഞു വന്നത്, വിത്‌റിലെ ഖുനൂത്തിനു ഇല്ലാത്ത എന്ത് പ്രാധാന്യമാണ് നെഞ്ചത്ത് കൈ കെട്ടുന്ന ഹദീസിനുള്ളത്? ഇതിന് രണ്ടിനുമില്ലാത്ത എന്ത് പ്രത്യേകതയാണ് സിഹ്‌റിന്റെ ഹദീസിനുള്ളത്? അപ്പോൾ വിഷയം സിഹ്‌റിന്റെ ഒരു ഹദീസ് സ്വീകരിക്കുകയോ നിരാകരിക്കുകയോ ചെയ്യുന്നതല്ല, മറിച്ച്, നബിയിൽ നിന്ന് സ്വഹീഹായ പരമ്പരയിലൂടെ രിവായത് ചെയ്യപ്പെട്ട ഹദീസുകളോടുള്ള നമ്മുടെ സമീപനം എന്ത് എന്നുള്ളതാണ്. അത് കേവല വിഷയാധിഷ്ഠിതമല്ല; മറിച്ച്, നമ്മുടെ നിലപാടുമായി ബന്ധപ്പെട്ടതാണ്; മൻഹജാണ് ! ഭാഗം 3ഖുർആനും സുന്നത്തുമാണ് പ്രമാണം എന്ന് പറയാൻ എളുപ്പമാണ്. പക്ഷെ അവ സലഫുകൾ അഥവാ സ്വഹാബത്ത് മനസ്സിലാക്കുകയും ഉൾക്കൊള്ളുകയും അമല് ചെയ്യുകയും ചെയ്തത് പോലെയാണ് എന്നോ അത് പോലെയാവണം എന്നോ പറയുമ്പോൾ വിഷയം കുറച്ചു പ്രയാസകരമാവും. കാരണം സലഫിന്റെ ഫഹ്‌മു അഥവാ സ്വഹാബത്തിന്റെ ധാരണ പിൻപറ്റുക എന്നത് എളുപ്പമാവില്ല. അത് എല്ലാവർക്കും ചേരുന്ന കുപ്പായമല്ല. സലഫിയ്യത് ഒരു സംഘടനയുടെ പേരല്ലായെന്നു മാതൃഭൂമിയിൽ എഴുതിയ തന്റെ ലേഖനത്തിലൂടെ ടീപ്പിക്കു തന്നെ അത് സമ്മതിക്കേണ്ടി വന്നു. ഒരു മെമ്പർഷിപ്പിന്റെ ബലത്തിൽ ഉണ്ടായിത്തീരുന്നതല്ല സലഫിയ്യത്. ( ആ ഭാഗം ഞാൻ വഴിയേ വിശതീകരിക്കാം).
മതപരമായമതപരമായ വിഷയങ്ങളിൽ സംസാരിക്കുമ്പോൾ വളരെ സൂക്ഷ്മത പുലർത്തേണ്ടതുണ്ട്. നമ്മുടെ അറിവ് കേടു കൊണ്ടോ അവിവേകം കൊണ്ടോ വിഷയങ്ങളിലുള്ള ധാരണപ്പിശക് മൂലമോ അബദ്ധം സംഭവിക്കാൻ പാടില്ല. കാരണം നമ്മൾ സംസാരിക്കുന്നതു അള്ളാഹുവിന്റെ ദീനിനെക്കുറിച്ചാണ് എന്ന ബോധം എപ്പോഴും നമുക്കുണ്ടാവണം. അള്ളാഹുവിന്റെ ദീനിനെക്കുറിച്ചു സംസാരിക്കുന്നതിൽ സലഫുകൾ അങ്ങേയറ്റം ഭയപ്പെട്ടിരുന്നു. അത് കൊണ്ട് തന്നെ അവരുടെ സംസാരം വളരെ കുറവായിരുന്നു. ഇനി ഒരു വിഷയത്തിൽ സംസാരിക്കേണ്ട ഘട്ടം വരുമ്പോൾ ആ വിഷയത്തിൽ അറിവുള്ള ആളുകൾ ആരെങ്കിലുമുണ്ടോ എന്നവർ അന്ന്വേഷിച്ചു ഉറപ്പു വരുത്താറുണ്ടായിരുന്നു. ഒരു ഉദാഹരണം പറയാം : ഉമർ റദിയള്ളാഹു അൻഹു സ്വഹാബികളോട് കൂടെ ശാമിലേക്കു യാത്ര പോവുകയാണ്. വഴി മദ്ധ്യേ ശാമിലാകെ പകർച്ചവ്യാധി പിടിപെട്ടുവെന്ന വാർത്ത ലഭിക്കുന്നു. ഉടൻ തന്നെ അദ്ദേഹം ആദ്യകാല മുഹാജിറുകളെ വിളിച്ചു ഇക്കാര്യത്തിൽ നബിയിൽ നിന്ന് അവരാരെങ്കിലും വല്ലതും കേട്ടതായി ഉണ്ടോ എന്നാരാഞ്ഞു. പലരും പല അഭിപ്രായങ്ങളും പറഞ്ഞു. പക്ഷെ തൃപ്തികരമായ ഒരു നിലപാടിലെത്താൻ കഴിഞ്ഞില്ല. അടുത്തത് അൻസ്വാരികളുടെ ഊഴമായിരുന്നു. അവരും പ്രത്യേകിച്ച് ഒന്നും കേട്ടിട്ടില്ല. ആ ദിവസം അങ്ങിനെ കഴിഞ്ഞു. യാത്രയിൽ അൽപം പിന്നിലായിരുന്ന അബ്ദുറഹ്മാൻ ഇബ്ൻ ഔഫ് റദിയള്ളാഹു അൻഹു അടുത്ത ദിവസം തന്റെ ഒട്ടകപ്പുറത്തു അതിവേഗം ഉമർ ബിൻ ഖത്താബ് റദിയള്ളാഹു അൻഹുവിന്റെ അടുത്തെത്തി ഈ വിഷയത്തിൽ എന്റെയടുത്തു ഒരു ഇൽമ് ഉണ്ട് എന്നറിയിച്ചു.താങ്കൾ നമുക്ക് വിശ്വസ്തനും സത്യസന്ധനുമാണ്. എന്താണ് താങ്കൾക്കു ഈ വിഷയത്തിൽ പറയാനുള്ളത് ? അദ്ദേഹം പറഞ്ഞു " നബി സ്വല്ലള്ളാഹു അലൈഹി വ സല്ലം പറയുന്നത് ഞാൻ കേട്ടു إذَا سَمِعْتُمْ بِهِ بِأرْضٍ، فلاَ تَقْدمُوا عَلَيْهِ، وإذَا وَقَعَ بِأَرْضٍ وَأَنْتُمْ بِهَا، فَلا تخْرُجُوا فِرَارًا مِنْهُ» فَحَمِدَ اللَّه تَعَالى عُمَرُر رضيه الله عنه وَانْصَرَفَ، متفقٌ عَلَيْهِ
വല്ല നാട്ടിലും അതുണ്ടെന്നു (പകർച്ചവ്യാധി) നിങ്ങൾ കേട്ടാൽ, പിന്നെ അങ്ങോട്ട് നിങ്ങൾ പോകരുത്. നിങ്ങൾ ഉള്ള നാട്ടിൽ അതുണ്ടായാൽ, രക്ഷ പ്രതീക്ഷിച്ചു കൊണ്ട് പുറത്തേക്കു പോവുകയും ചെയ്യരുത്." ഇത് കേട്ട് ഉമർ റദിയള്ളാഹു അൻഹു അള്ളാഹുവിനെ സ്തുതിച്ചു, പിന്തിരിഞ്ഞു പോന്നു.
എത്ര നിസ്സാരമെന്നു തോന്നുന്ന വിഷയത്തിലും സ്വഹാബികൾ സുന്നത്തു എന്തെന്ന് അന്വേഷിക്കുകയും അതിൽ തൃപ്തി കണ്ടെത്തുകയും ചെയ്തിരുന്നു. അബു ഹുസ്സൈൻ അൽ അസ്ദീ റദിയള്ളാഹു അൻഹു ഫത്‍വ (മതവിധി) പറയാൻ തിടുക്കം കൂട്ടുന്നവരെക്കുറിച്ചു പറയുന്നു " അവർ മത വിധി പറയുന്ന പല മസ് അലകളും ഉമർ റദിയള്ളാഹു അൻഹുവിനോടായിരുന്നു ചോദിച്ചിരുന്നതെങ്കിൽ അദ്ദേഹം ബദറിൽ പങ്കെടുത്തവരെ മുഴുവൻ ഒരുമിച്ചു കൂട്ടുമായിരുന്നു." അള്ളാഹുവിന്റെ ദീനിൽ അറിവില്ലാതെ സംസാരിക്കുന്നത് ശിർക്കിനെക്കാൾ വലിയ പാപമാണ് എന്ന് പറയുന്നത് അതിന്റെ ഗൗരവം കണക്കിലെടുത്താണ്. ഇതിവിടെപറയാൻ കാരണം, മത സംഘടനകളിൽ ഉന്നത ശ്രേണിയിൽ വിരാചിക്കുന്ന പല പ്രാസംഗികരും, ഖതീബുമാരും നേതാക്കളും ദീനിനെക്കുറിച്ചു സംസാരിക്കുമ്പോൾ പുലർത്തേണ്ട അടിസ്ഥാനപരമായ ഈ അദബ് കാണിക്കുന്നവരോ അതിൽ തൽപരരോ അല്ല എന്നുള്ളതാണ്. ഇമാം ഇബ്നുൽ ഖയ്യിം റഹിമഹുള്ളായുടെ إعلام الموقعين عن رب العالمين എന്ന ഗ്രന്ഥം ദീനിൽ സംസാരിക്കുമ്പോൾ പുലർത്തേണ്ട അദബിനെക്കുറിച്ചു ചർച്ച ചെയ്യുന്നതാണ്. അള്ളാഹുവിനെക്കുറിച്ചും അവന്റെ ദീനിനെക്കുറിച്ചും സംസാരിക്കുകയും ജനങ്ങൾക്കും അള്ളാഹുവിനും ഇടയിൽ നിന്ന് കൊണ്ട് മതവിധികളായി കയ്യൊപ്പു ചാർത്തി നൽകുന്നവരെയും അറിയിക്കാൻ എന്നാണ് ആ ഗ്രന്ഥത്തിന്റെ പേരു തന്നെ. വേറെയും ഒരുപാട് ഗ്രന്ഥങ്ങളിലായി ധാരാളം ഉദ്ധരണികൾ. ഇങ്ങനെയൊക്കെയാണെങ്കിലും പഠിക്കുന്ന കാലത്ത് പരീക്ഷക്ക് വേണ്ടി മറിച്ചു നോക്കിയിട്ടുണ്ടെങ്കിൽ അതിനു ശേഷം പിന്നീടൊരിക്കലും കിതാബുകൾ കാണാത്ത/പരിശോധിക്കാത്ത നൂറു കണക്കിന് ഖത്വീബുമാരും പണ്ഡിതന്മാരും പ്രാസംഗികരുമുള്ള "അനുഗ്രഹീത" സുന്ദര നാടാണ് കേരളം. അള്ളാഹുവിന്റെ അനുഗ്രഹം ലഭിച്ച വളരെ കുറച്ചാളുകൾ അപവാദമായി ഉണ്ടാകാം. ഞാൻ അത് നിഷേധിക്കുന്നില്ല. പക്ഷെ മൃഗീയ ഭൂരിപക്ഷത്തിന്റെയും അവസ്ഥ മുകളിൽ പറഞ്ഞതാണ്. കടന്നു പോയാൽ അമാനി മൗലവിയുടെ തഫ്‌സീറും പിന്നെ സലാം സുല്ലമിയുടെ കുറച്ചു പുസ്തകങ്ങളും അല്ലാതെ വൈജ്ഞാനികമായ അഭിവൃദ്ധിക്ക് വേണ്ടിയോ ഒരു മസ്അല തഹ്ഖീഖ് നടത്താൻ വേണ്ടിയോ സമയം മെനക്കെടുത്താനില്ലാത്ത ജംഇയ്യത്തുൽ ഉലമാക്കൾ ! എന്താണ് ഈയൊരവസ്ഥക്കു കാരണമെന്നോ വൈജ്ഞാനിക മുന്നേറ്റത്തിന് വിലങ്ങു തടിയായി നിൽക്കുന്ന കീറാമുട്ടി എന്താണെന്നോ ചിന്തിച്ചവർ എത്ര പേരുണ്ട്? ഭാഗം 4കേരള നദ് വത്തുൽ മുജാഹിദീൻ അതിന്റെ ആദർശാടിത്തറ ക്രമപ്പെടുത്തിയത് ഇൽമിന്റെയും സുന്നത്തിന്റെയും അടിസ്ഥാനത്തിലല്ല. മുജാഹിദ് പ്രസ്ഥാന ചരിത്രത്തിലെവിടെയും ഇബ്‌നു തീമിയയും മുഹമ്മദ് ബിൻ അബ്ദുൽ വഹാബ് (റഹിമഹുമുള്ള ) പ്രമേയമായിട്ടില്ല എന്നല്ല ഇപ്പറഞ്ഞതിനർത്ഥം. മറിച്ചു സലഫീ മൻഹജിന്റെ ഏഴയലത്തു പോലും വരാൻ ഒരു സാധ്യതയുമില്ലാത്ത മുഹമ്മദ് അബ്ദ, റഷീദ് രിദ- ജമാലുദ്ധീൻ അഫ്‌ഗാനി കൂട്ടുകെട്ട് എന്നും മുജാഹിദ് പ്രസ്ഥാനത്തിന്റെ ആവേശവും ആശയ സ്രോദസ്സുകളുമായിരുന്നു. അതിന്റെ അനന്തര ഫലം മുജാഹിദ് പ്രസ്ഥാനത്തിൽ മൊത്തം ഇന്ന് അലയടിക്കുകയും ചെയ്യുന്നു.
അഹ്‌ലുസ്സുന്നത്തിന്റെ ഉലമാക്കൾ ഇൽമിനെ സ്നേഹിക്കുന്നവരും അതിനു വേണ്ടി പ്രയത്നിക്കുന്നവരും അതിന്റെ വ്യാപനത്തിന് വേണ്ടി അത്യദ്ധ്വാനം ചെയ്യുന്നവരുമാണ്. അഹ്‌ലുസ്സുന്ന എന്ന് കേൾക്കുമ്പോൾ തന്നെ വിറളി എടുക്കുന്നവരാണ് പലരും. ലോകത്തു മുസ്‌ലിംകൾ മൊത്തമായി അഹ്‌ലുൽ ഖിബ്‌ല (ഖിബ്‌ലയിലേക്കു തിരിഞ്ഞു നമസ്കരിക്കുന്നവർ) എന്ന പേരിലാണ് അറിയപ്പെടുന്നത്. അതിൽ നിന്ന് സവിശേഷരായ ആളുകളാണ് അഹ്‌ലുസ്സുന്നത്തി വൽ ജമാഅ (സുന്നത്തിൽ ഒരുമിച്ചു കൂടിയ ആളുകൾ). അതിന് എതിര് നിൽക്കുന്ന ശിർക്കും ബിദ്അത്തും ഖുറാഫാത്തും കൊണ്ട് നടക്കുകയും അത് പ്രചരിപ്പിക്കുകയും ചെയ്യുന്ന ശീഅ, മുഅതസില, മുർജിഅ, ഖവാരിജ്, റാഫിദീ, സൂഫീ, ഖുബൂരി,തക്ഫീരീ ഗ്രുപ്പുകളെല്ലാം അഹ്‌ലുൽ അഹ് വാഇ വൽ ബിദഉ എന്ന വിശാല കുടക്കീഴിൽ സുന്നത്തിനോട് മുഖത്തോടു മുഖമായി എതിർചേരിയിൽ നിന്ന് കൊണ്ട് പോർ വിളിക്കുകയാണ്. (കേരളത്തിൽ അഹ്ലുസ്സുന്നതി വൽ ജമാഅ എന്ന പേരിൽ ശിർക്കും ബിദ്അത്തും ഖുറാഫാത്തും പ്രചരിപ്പിക്കുന്ന, സമസ്‌ത ഖുബൂരിക്കുട്ടം ഈ പേര് മാത്രമേ സ്വീകരിച്ചിട്ടുള്ളൂ എന്ന കാര്യം പ്രത്യേകം ഓർക്കുക - ലോകത്തു ഈ പേരിൽ ശിർക്കും ബിദ്അത്തും പ്രചരിപ്പിക്കുന്ന വേറെയും ഗ്രുപ്പുകളുണ്ട് ) അഹ്‌ലുസ്സുന്നതു തന്നെയാണ് സലഫിയ്യത്. ഒരാൾ മുകളിൽ പറഞ്ഞ സലഫിയ്യത്തിന് അഥവാ അഹ്ലുസ്സുന്നത്തിനു എതിരാണെന്ന് പറഞ്ഞാൽ, അതിനോട് അനിഷ്ടവും അതൃപ്തിയും കാണിച്ചാൽ പിന്നെ അവന് സുന്നത്തിനു എതിരായി നിൽക്കുന്നു എന്ന് മാത്രമേ മനസ്സിലാക്കാൻ പറ്റൂ. ഇമാം അഹ്മദ്, ശൈഖുൽ ഇസ്‌ലാം ഇബ്നു തീമിയ, ഇമാം ലാലക്കായ്, ഇബ്നുൽ ഖയ്യിം, ഇബ്‌നു ബത്വ, ഇബ്‌നു മന്ദ, ഇബ്‌നു അബീ സമനൈൻ, ഇമാം ഔസായ്, ഇമാം ഷാത്വബ്ബി, സുഫ്‌യാൻ അൽ തൗരി, അബു ഹാതിം അൽ റാസി, അബു സുർഅ അൽ റാസി, ഇമാം ആജൂരി, തുടങ്ങി ഇമാം ഇബ്‌നു ബാസ്, ഷെയ്ഖ് അൽബാനി, ഷെയ്ഖ് സ്വാലിഹുൽ ഉസൈമീൻ, ഷെയ്ഖ് മുഖ്‌ബിൽ, ഷെയ്ഖ് അമാനുൽ ജാമി, ഷെയ്ഖ് അഹ്മദ് അന്നജ്മി റഹിമഹുമുള്ള അജ് മഈൻ - വരെയുള്ള പൗരാണികരും ആധുനികരുമായ അഹ്‌ലുസ്സുന്നത്തിന്റെ ഉലമാക്കളും ഇന്ന് ജീവിച്ചിരിക്കുന്ന ഷെയ്ഖ് റബീഉ, ഷെയ്ഖ് മുഹമ്മദ് ബിൻ ഹാദി, ഷെയ്ഖ് സ്വാലിഹുൽ ഫൗസാൻ, ഷെയ്ഖ് ഉബൈദ്, ഷെയ്ഖ് അഹ്‌മദ് ബാ സമോൾ, ഷെയ്ഖ് ത്വാരിഖ് അൽ സുബൈഇ തുടങ്ങിയ അഹ്‌ലുസ്സുന്നത്തിന്റെ ഉലമാക്കളും മുകളിൽ പറഞ്ഞ നിലപാടുകാരാണ്. കെ എൻ എം അടക്കമുള്ള സംഘടനക്കാർക്ക് ഇൽമിനോടും അത് പറയുന്നവരോടും അതിനു പ്രാധാന്യം നൽകുന്നവരോടും എന്നും തികഞ്ഞ പുച്ഛവും നീരസവുമായിരിക്കും. "നീ മാത്രം ഒരു ഇൽമുള്ളവൻ" "നിനക്ക് മാത്രമേ ഇൽമുള്ളു" തുടങ്ങി പല രൂപത്തിലുമുള്ള പരിഹാസ ഭാവങ്ങളുടെ പദപ്രയോഗങ്ങൾ കൊണ്ട് നിശബ്ദമാക്കാൻ അല്ലാതെ, ഒരിക്കലും, ഞാൻ ആവർത്തിച്ചു പറയുന്നു, ഒരിക്കലും സംഘടന അംഗീകരിക്കാത്ത ഒരു സുന്നത്ത് പറയാനോ അത് പ്രയോഗവൽക്കരിക്കാനോ പ്രചരിപ്പിക്കാനോ ഏറ്റവും കുറഞ്ഞത് പരിശോധിക്കാൻ പോലുമോ അവർ സന്നദ്ധരാകാറില്ല. ഇൽമുള്ള ആളുകൾ അഥവാ ഉലമാക്കൾ, അവരിലൂടെയാണ് ദീൻ നിലനിൽക്കുന്നത്. അള്ളാഹുവിന്റെ ദീനിൽ ഇൽമുള്ള ആളുകളെക്കുറിച്ചു അള്ളാഹു ഖുർആനിൽ പലയിടത്തായി പ്രശംസിക്കുന്നത് കാണാം. സൂറത്തുൽ മുജാദിലയിൽ അള്ളാഹു പറയുന്നു. يَرْفَعِ اللَّهُ الَّذِينَ آمَنُوا مِنْكُمْ وَالَّذِينَ أُوتُوا الْعِلْمَ دَرَجَاتٍ "നിങ്ങളിൽ നിന്ന് വിശ്വസിച്ചവരെയും അറിവ് നല്കപ്പെട്ടവരെയും അവൻ ദറജകൾ നൽകി ഉയർത്തിയിരിക്കുന്നു " രണ്ടിടത്തായി അള്ളാഹു പറയുന്നു. فَاسْأَلُوا أَهْلَ الذِّكْرِ إِن كُنتُمْ لَا تَعْلَمُونَ " നിങ്ങൾ അറിയാത്ത കാര്യങ്ങൾ അറിവുള്ളവരോട് ചോദിക്കുക " يَا أَيُّهَا الَّذِينَ آمَنُوا أَطِيعُوا اللَّهَ وَأَطِيعُوا الرَّسُولَ وَأُولِي الْأَمْرِ مِنكُمْ സത്യവിശ്വാസികളേ, നിങ്ങൾ അള്ളാഹുവിനെ അനുസരിക്കുവിൻ, അവന്റെ റസൂലിനെയും നിങ്ങളിൽ നിന്നുള്ള കൈകാര്യ കർത്താക്കളെയും അനുസരിക്കുവിൻ" ഈ ആയത്തിൽ "ഉലുൽ അംറ്" എന്ന് പറഞ്ഞതിൽ ഭരണാധികാരികൾ, ഉലമാക്കൾ എന്നീ രണ്ടു വ്യാഖ്യാനങ്ങൾ കാണാം. അത് രണ്ടായാലും ശെരിയാണ്. അവ വൈരുധ്യമല്ല; വൈവിധ്യമാണ്. നബി സ്വല്ലള്ളാഹു അലൈഹി വ സല്ലം പറഞ്ഞു " فإنما شفاء العي السؤال അറിവ് കേടിന്റെ പ്രതിവിധി ചോദിച്ചു മനസ്സിലാക്കലാണ്". ഇത്രയും പറഞ്ഞത്, അറിവിന്റെ കാര്യത്തിൽ എല്ലാവരും ഒരേ തോതിലല്ല. പലർക്കും പല കാര്യങ്ങളും അജ്ഞമായിരിക്കും. അപ്പോൾ എന്ത് ചെയ്യണം? അറിവില്ലാത്ത കാര്യങ്ങൾ അറിവുള്ള ആളുകളോട് ചോദിക്കണം. ഒരു ഉദാഹരണം പറയാം. സ്വഹാബികളുടെ അവസാന കാലത്തു തന്നെ ബസ്വറയിൽ ഖദരിയ്യത്തിന്റെ ഫിത്‌ന പൊട്ടിപ്പുറപ്പെട്ട സമയം ! യഹ്‌യ ബിൻ യഉമുറും ഹുമൈദ് ബിൻ അൽ ഹിംയരിയും മക്കയിലേക്ക് പുറപ്പെടുകയും ഹറമിൽ വെച്ച് അബ്ദുള്ളാഹിബിനു ഉമർ റദിയള്ളാഹു അൻഹുവിനോട് വിഷയം അവതരിപ്പിച്ചു ചോദിക്കുകയും ചെയ്യുന്നു. ബസറക്കാരായ മുകളിൽ പറഞ്ഞ രണ്ടു പേരും പണ്ഡിതന്മാർ തന്നെയാണ്. എന്നിട്ടും അവർ തങ്ങളേക്കാൾ അറിവുള്ള ആളുകളോട് ചോദിച്ചു നിവൃത്തി വരുത്താൻ മക്കയിലേക്ക് പുറപ്പെട്ടു. ഇനി മറ്റൊരു സംഭവം - ഇതും സ്വഹാബത്തിന്റെ കാലത്തു തന്നെ. സുബ്ഹ് നമസ്കാരത്തിന് തൊട്ടു മുമ്പ് കൂഫയിലെ പള്ളിയിൽ ഒരു കൂട്ടം ആളുകൾ വട്ടം വളഞ്ഞിരുന്നു കൊണ്ട് ദിക്ർ ചൊല്ലുകയും നൂറു തികയുമ്പോൾ ഒരു കല്ലെടുത്തു വെച്ച് എണ്ണം പിടിക്കുകയും ചെയ്യുന്നു. ഇത് കണ്ട സ്വഹാബിയായ അബു മൂസൽ അശ്അരി റദിയള്ളാഹു അൻഹു ഉടനെ തന്നെ അബ്ദുള്ളാഹിബ്‌നു മസ്ഊദ് റദിയള്ളാഹു അൻഹുവിന്റെ വീട്ടിലേക്കു പോവുകയും അദ്ദേഹം സുബ്ഹ് നമസ്കാരത്തിന് പുറത്തു വരുന്ന സമയം വരെ വാതിൽപ്പടിയിൽ കാത്തു നിൽക്കുകയും ചെയ്യുന്നു. പള്ളിയിൽ കണ്ട കാര്യത്തെക്കുറിച്ചു ചോദിക്കാൻ ! അബു മൂസൽ അശ്അരി റദിയള്ളാഹു അൻഹു ഇൽമ് കുറഞ്ഞ ആളല്ല. എന്നിട്ടും തന്നെക്കാൾ നബിയോട് സഹവാസം കൂടുതലുള്ള അബ്ദുല്ലാഹിബ്‌നു മസ്ഊദ് റദിയള്ളാഹു അൻഹു വരുന്നത് വരെ കാത്തിരിക്കുകയും വിഷയം ചോദിക്കുകയും ചെയ്യുന്നു. ഇതാണ് സലഫുകളുടെ ഈ വിഷയത്തിലുള്ള രീതി. ഞാനിത് ഇവിടെ പറയാൻ കാരണം ഇക്കണ്ട കാലമത്രയും കേരളത്തിൽ ദഅവത്തിനു നേതൃത്വം നൽകി എന്നവകാശപ്പെടുന്ന നദ് വത്തിന്റെ ഏതെങ്കിലും പണ്ഡിതന്മാരോ നേതാക്കളോ മതപരമായ ഏതെങ്കിലും ഒരു വിഷയത്തിൽ തങ്ങളേക്കാൾ ഇൽമും ധാരണയുമുള്ള ഉലമാക്കളെ സമീപിക്കുകയും സംശയ നിവൃത്തി വരുത്തുകയും ചെയ്‌തതായി കേട്ടിട്ടുണ്ടോ? ഹജ്ജിനും ഉംറക്കും അല്ലാതെ പരിപാടികൾക്കും പിരിവിനുമായി പോകുമ്പോഴും മക്കയിലോ മദീനയിലോ ജിദ്ദയിലോ റിയാദിലോ എവിടെയെങ്കിലുമുള്ള പ്രാമാണികരായ ഉലമാക്കളെ കാണാനോ അവരുടെ മജ്‌ലിസിൽ ഒരൽപനേരമിരിക്കാനോ ശ്രമിച്ചതായി ആർക്കെങ്കിലുമറിയുമോ? സലഫീ ദഅവത്തിനു ഇൽമുമായി അവിഭാജ്യമായ ബന്ധമുണ്ട്. അതിൽ എത്ര കണ്ട് അകലുന്നുവോ അത്ര കണ്ട് സലഫീ മൻഹജിൽ നിന്ന് അകലുന്നു. അപ്പോൾ കേരള നദ് വത്തുൽ മുജാഹിദീന് ഇൽമുമായി എന്ത് ബന്ധമുണ്ട് എന്ന് വായനക്കാർക്ക് ബോധ്യപ്പെടാനാണ് ഇത്രയും എഴുതിയത്. നദ് വത്തിന്റെ സെക്രട്ടറി പണ്ഡിതനായിരിക്കണം എന്നാൽ പ്രസിഡണ്ട് പാമരനായിരിക്കണം (പൈസക്കാരാനായിരിക്കണം എന്നുണ്ടോ എന്നറിയില്ല ) എന്ന് അലിഖിത നിയമമുള്ള സംഘടനയാണല്ലോ കേരള നദ് വത്തുൽ മുജാഹിദീൻ ! ഒരു വിഷയത്തിൽ എപ്പോഴാണോ ശെരിയായ അറിവ് കിട്ടുന്നത് അപ്പോഴത് തിരുത്തണം. മറ്റുള്ളവരോട് തെറ്റായ വിവരം പറഞ്ഞു പോയിട്ടുണ്ടെങ്കിൽ അവരെ വിളിച്ചു കൂട്ടി തിരുത്തിയതായി അറിയിക്കണം. അറിയിക്കാൻ കഴിയാത്തവർ അറിഞ്ഞവരോട് മറ്റുള്ളവരെ അറിയിക്കാൻ വസ്വിയ്യത്തു ചെയ്യണം. പരസ്യമായി പറഞ്ഞ അബദ്ധം പരസ്യമായി തിരുത്തണം. അതിനെല്ലാം പുറമെ അള്ളാഹുവിനോട് തൗബ ചെയ്യണം. അതൊന്നും ഒരു കുറച്ചിലല്ല, മറിച്ച് അതാണ് മാന്യമായ, സത്യസന്ധമായ രീതി. സ്വഹാബികളുടെ എത്രയെത്ര നിലപാടുകൾ ആദരപൂർവ്വം മഹതിയായ ആയിഷ റദിയള്ളാഹു അൻഹ തിരുത്തിയിട്ടുണ്ട്? ഇമാം സുയൂഥ്വി റഹിമഹുള്ളയുടെ استدراكات عائشة على الصحابة (സ്വഹാബത്തിന്റെ ധാരണകൾക്കുള്ള ആയിഷയുടെ തിരുത്തലുകൾ) എന്ന ഗ്രന്ഥം അത്തരം സംഭവങ്ങൾ മാത്രം ക്രോഡീകരിച്ചതാണ്. ഭാഗം 5സംഘടനകളിൽ, അതിന്റെ പ്രവർത്തകരിൽ കാണപ്പെടുന്ന മറ്റൊരു പ്രവണതയാണ് വിമർശനങ്ങളെ അത് തെറ്റോ ശെരിയോ എന്ന് പരിശോധിക്കാതെ പ്രതിരോധം തീർക്കുക എന്നത്.
ഒരു വിഷയത്തിൽ നിങ്ങളുടെ നിലപാട് പ്രമാണങ്ങൾക്ക് നിരക്കുന്നതല്ല എന്ന് ചൂണ്ടിക്കാട്ടിയാൽ, അതിന്റെ വസ്തുത പരിശോധിക്കുകയോ, പ്രാമാണികമായി എന്താണ് നിജസ്ഥിതിയെന്ന് ഖുർആനും സുന്നത്തും സലഫുകളുടെ ധാരണയും പ്രാമാണിക പണ്ഡിതന്മാരുടെ അഭിപ്രായങ്ങളും പരിശോധിച്ച് ഉറപ്പു വരുത്തുകയോ നിജസ്ഥിതി വിശതീകരിക്കുകയോ ചെയ്യുന്നതിന് പകരം, വിഷയം ഉന്നയിച്ചവർക്കെതിരെ തിരിച്ചു മറ്റൊരു ആരോപണം (ഉള്ളതോ ഇല്ലാത്തതോ) ഉന്നയിച്ചു തടിയെടുക്കുക. കെ എൻ എമ്മിനും നന്നായി ഈ അസുഖമുണ്ട്. ഇതാണോ പ്രാമാണികമായ രീതി? സ്വന്തം സംഘടനയെ വിമർശനങ്ങളിൽ നിന്ന് എങ്ങിനെ പ്രതിരോധിച്ചു നിർത്താം എന്ന മിനിമം അജണ്ടയിലാണ് ഓരോ പ്രവർത്തകന്റെയും ടാർഗറ്റ്. അതല്ലെങ്കിൽ അതിനെ ന്യായീകരിച്ചു ന്യായീകരിച്ചു ഒപ്പിക്കുകയല്ലാതെ, ഒരിക്കലും തെറ്റ് തിരുത്താൻ ശ്രമിക്കാറില്ല. ഇത് ഒരു തരം സംഘടനാ അടിമത്വവും അധമത്വവുമാണ്. ആ സംസ്കാരത്തിലാണ് അതിന്റെ പ്രവർത്തകർ ജീവിക്കുന്നതും വളരുന്നതും. ഒരു പക്ഷെ, ഒരു സുന്നത്തായ കാര്യത്തിന് വേണ്ടി പ്രതിരോധിക്കുന്നതിനേക്കാൾ വീറും വാശിയുമായിരിക്കും സ്വന്തം സംഘടനയെ പ്രതിരോധിച്ചു നിർത്താൻ വേണ്ടി അതിന്റെ ആളുകൾ കാണിക്കുന്നത്. ഇതൊക്കെ ദീനിന്റെ ഭാഗമാണെന്ന് അവർ പറയുമോ? അറിവുള്ള ഒരാളും അങ്ങിനെ പറയുമെന്ന് തോന്നുന്നില്ല. ചില ഉദാഹരണങ്ങൾ പറയാം. നബി ദിനാഘോഷവുമായി ബന്ധപ്പെട്ടു ഹുസ്സൈൻ മടവൂർ സാഹിബ് തിരുവനന്തപുരത്തു ഒരു നബിദിന പരിയാടിയിൽ പങ്കെടുത്തു. (കഴിഞ്ഞ വർഷവും ഈ വർഷവും). രണ്ടു വർഷവും മാതൃഭൂമിയിൽ അതേ ദിവസം ലേഖനവുമെഴുതി. ലോകത്തു, അഹ്‌ലുസ്സുന്നത്തിന്റെ ഉലമാക്കൾ ഏക സ്വരത്തിൽ ബിദ്അത്താണെന്നു പറയുന്ന ഒരാഘോഷമാണ് നബിദിനാഘോഷം. അത് മടവൂർ സാഹിബിനുമറിയാം. അവിടെ എന്ത് പ്രസംഗിച്ചു / ആ ദിവസം എന്തെഴുതി പ്രസിദ്ധീകരിച്ചു എന്നതല്ല വിഷയം. ആ ആഘോഷത്തോടുള്ള നമ്മുടെ നിലപാടിലാണ് പ്രശ്നം. പ്രസംഗിക്കുന്നത് ബിദ്അത്തിനു എതിരെയാണെങ്കിൽ പോലും ആ ദിവസം, ആ ആഘോഷവുമായി ബന്ധപ്പെട്ട സദസ്സിൽ പങ്കെടുത്തു എന്നുള്ളതാണ്. നബിയുടെ മഹത്വമായിരിക്കാം എഴുതിയത് മുഴുക്കെ ! പക്ഷെ, ആ ഒരു ദിവസത്തിന് പ്രത്യേകത കൽപ്പിക്കുന്ന ഒരു നാടും നഗരവുമൊക്കെ ഉള്ളപ്പോൾ സുന്നത്തിന്റെ കരുത്തും ബിദ്അത്തിന്റെ വെറുപ്പും കാരണം അതിൽ നിന്ന് വിട്ടു നിൽക്കുമ്പോഴല്ലേ നമ്മൾ സുന്നത്തിന്റെ ആളുകളാവുക? വിഷയത്തിന്റെ മർമ്മം അവിടെയുമല്ല. കെ എൻ എമ്മിന്റെ വിരൽ ചുണ്ടപ്പെടുന്ന ഒരു വ്യക്തി നബി ദിനാഘോഷ പരിപാടിയിൽ പങ്കെടുത്തിട്ട് സംഘടന എന്ത് നിലപാടെടുത്തു? പ്രസംഗിക്കുന്നത് ബിദ്അത്തല്ല; നബിദിനത്തിന്റെ ചോറ് തിന്നുന്നതാണോ ബിദ്അത് ? ആ ദിവസം ലേഖനമെഴുതി പ്രസിദ്ധീകരിക്കാം, പക്ഷെ തോരണം തൂക്കാൻ പാടില്ല; അപ്പോൾ ബിദ്അത്താകും, എന്നാണോ? ഈ കീഴ്ക്കാംതൂക്കായ അളവുകോലുമായി നടക്കുന്ന കെ എൻ എം പറയുന്നു ; അവർ സലഫീ മൻഹജിലാണെന്ന് ! ഇനി വേറെ ഒരു വിഷയം പറയാം :-- ഒരു മുസ്‌ലിം മരണപ്പെട്ടാൽ, ഖബറടക്കിക്കഴിഞ്ഞാൽ അയാൾക്ക് വേണ്ടി തസ്ബീത് നടത്തൽ സുന്നത്തിൽ സ്ഥിരപ്പെട്ട കാര്യമാണ്. ഇസ്തിഗ്ഫാറും തസ്ബീതും ചൊല്ലാൻ പറഞ്ഞതല്ലാതെ തസ്ബീത്തിന്റെ രൂപം, അതിലെ പദങ്ങൾ ഒന്നും ഹദീസിലെവിടെയും കാണുന്നില്ല. അപ്പോൾ ഏറ്റവും കുറഞ്ഞത് اللهم اغفر له اللهم ثبت له എന്ന് ദുആ ചെയ്യാം എന്നാണ് ഈ വിഷയത്തിൽ ഉലമാക്കൾ പറഞ്ഞു കണ്ടിട്ടുള്ളത്. ഒരു ദുആ ഏറ്റവും കുറഞ്ഞത് മൂന്ന് തവണ പറയാവുന്നത് കൊണ്ട് മൂന്നിൽ ചുരുക്കുന്നതാണ് നല്ലത് എന്നും പറയാറുണ്ട്. എന്നാൽ നമ്മുടെ നാട്ടിൽ തൽഖീൻ ചൊല്ലുന്ന ഖുറാഫി രീതി തെറ്റാണെന്ന നിലക്ക് ഒഴിവാക്കുകയും പകരമായി اللهم ثبته عند السؤال എന്ന് തുടങ്ങുന്ന ഒരു ദുആ പ്രചാരത്തിലായിട്ടുണ്ട്. കൊല്ലങ്ങളായി കേരള നദ് വത്തുൽ മുജാഹിദീൻ അവരുടെ മദ്രസകളിൽ ഈ ദുആ പഠിപ്പിക്കുന്നു. (ഇപ്പോഴുണ്ടോ എന്നെനിക്കറിയില്ല) ഒരു ഹദീസ് / ഫിഖ്ഹ് ഗ്രന്ഥത്തിലും ഈ ദുആ കാണുക സാധ്യമല്ല. ഒരു ദുർബലമായ സനദ് പോലും കാണിക്കാൻ ആർക്കും സാധ്യവുമല്ല. പിന്നെ ഇത് എവിടെ നിന്നുണ്ടായി? ഇത് ദീനിന്റെ ഭാഗം എന്ന നിലയിൽ ചൊല്ലിപ്പറഞ്ഞു ആചരിക്കുന്നതിന്റെ മതപരമായ വിധിയെന്താണ് ? നബി ദിനം ഏതൊരു അസ്വ്‌ൽ കൊണ്ട് ബിദ്അത്താകുമോ അതെ അസ്വ്‌ൽ കൊണ്ട് ഇതും ബിദ്അതാവില്ലേ ? ഈ അടുത്ത ദിവസം ഒരു മൗലവി ഈ വിഷയത്തിന്റെ ആധികാരികത വിശതീകരിച്ചു വിയർക്കുന്ന ഒരു ക്ലിപ്പ് കണ്ടു. ( ന്യായീകരിച്ചു മാത്രമല്ലേ ശീലമുള്ളൂ) നബി ദിനാഘോഷം ബിദ്അത്താണെന്ന് വിശ്വസിക്കുന്നവർക്ക് എങ്ങിനെ ഈ തസ്ബീത്തിന്റെ ഇബാറത്തുകൾ ചൊല്ലാൻ സാധിക്കും? ഏറ്റവും ചുരുങ്ങിയത് 40 വർഷമായി മുജാഹിദുകൾ ഇത് അഭംഗുരം പഠിപ്പിക്കുകയും അമല് ചെയ്യുകയും ആചരിച്ചു വരികയും ചെയ്യുന്നു. (ഒരു ഒട്ടകത്തിനെ അറുത്തു അതിന്റെ മാംസം വിതരണം ചെയ്യുന്ന സമയം വരെ അത് തുടരണമെന്നുമാണ് കണക്ക്. അതിനും വ്യക്തതയില്ല) ഒരു ഉദാഹരണം കൂടി പറയാം : താടി വളർത്തൽ വാജിബും വടിക്കൽ ഹറാമുമാണ്. ഞെട്ടണ്ട ! സ്വഹീഹായ പരശ്ശതം ഹദീസുകളുടെ അടിസ്ഥാനത്തിൽ നാല് മദ്ഹബിന്റെ ഇമാമുമാർ അടക്കം അഹ്‌ലുസ്സുന്നത്തിന്റെ ഉലമാക്കൾക്കിടയിൽ ഇജ്മാഉ ഉള്ള കാര്യമാണിത്. താടിയില്ലാത്ത ഒരു സ്വഹാബി പോലും ഉണ്ടായിരുന്നില്ല എന്ന് മുഹഖിഖുകളായ ചരിത്രകാരന്മാർ രേഖപ്പെടുത്തുന്നു. ഇക്കാര്യം വെള്ളിയാഴ്ച കെ എൻ എമ്മിന്റെ മിമ്പറിൽ കയറി പറയാൻ ധൈര്യമുള്ള എത്ര മൗലവിമാർ കാണും? ഇത് പറഞ്ഞാൽ മൊബൈലിൽ " അടുത്ത ആഴ്ച ബുദ്ധിമുട്ടി വരണ്ട " എന്ന സെക്രട്ടറിയുടെ മെസ്സേജ് വരും ! ഇങ്ങിനെ ഒരുപാടൊരുപാട് വിഷയങ്ങൾ. കെ എൻ എം പോലുള്ള ഒരു നവോദ്ധാന പ്രസ്ഥാനത്തെ ഏതാനും കർമ്മശാസ്ത്ര മസ്അലകൾ കാണിച്ചു വിരട്ടി അരുക്കാക്കാമെന്നു വിചാരിക്കുന്നവരെ അങ്ങിനെയാക്കും ഇങ്ങിനെയാക്കുമെന്നൊന്നും ഭീഷണിപ്പെടുത്തണ്ട. ഈ മസ്അലകൾ ഉദാഹരണത്തിന് മാത്രം എഴുതിയതാണ്. സുന്നത്തുകൾ സ്വീകരിക്കുന്നതിലും ബിദ്‌അത്തുകൾ വെടിയുന്നതിലും കെ എൻ എമ്മിന് മുൻവിധികളും മുൻധാരണകളുമുണ്ടെന്ന് എല്ലാവരും അറിയാൻ വേണ്ടി മാത്രം. കെ എൻ എമ്മിന്റെ നിലപാടുകളിലാണ് പ്രശ്നങ്ങളുള്ളത്. ഏതെങ്കിലും ഒരു മസ്അലയുടെ പ്രശ്നമല്ല. പ്രശ്നം സമീപന രീതിയിലാണ്. ഒരു വിഷയത്തിൽ അത് ഏത് വിഷയമാകട്ടെ, സുന്നത്തിൽ സ്ഥിരപ്പെട്ടു എന്ന് ബോധ്യമുണ്ടെങ്കിൽ, ഇരട്ടത്താപ്പില്ലാതെ അത് പറയാനും പ്രയോഗവൽക്കരിക്കാനും ആ സുന്നത്തിനു വേണ്ടി നില കൊള്ളാനും എന്ന് നിങ്ങൾക്ക് സാധിക്കുന്നുവോ, അന്ന് നിങ്ങളെക്കുറിച്ചു നല്ലതു പ്രതീക്ഷിക്കാം. ഇതൊക്കെ സാധാരണക്കാർ വായിക്കുകയും മനസ്സിലാക്കുകയും ചെയ്യുന്നത് ഓരോ കെ എൻ എമ്മുകാരനും ഭയപ്പെടുന്നു. അത് പലരുടെയും പ്രതികരണത്തിൽ നിന്ന് അറിയാൻ കഴിയുന്നു. പക്ഷെ, പറയാതിരിക്കാൻ നിവൃത്തിയില്ല. പലരും സംപൂജ്യമായി കരുതുന്ന ഈ പ്രസ്ഥാനങ്ങളെക്കാൾ വലുത് എപ്പോഴും അള്ളാഹുവിന്റെ ദീൻ തന്നെയാണ്. അത് കൊണ്ട് തന്നെ, പറഞ്ഞു കൊണ്ടേയിരിക്കും; അള്ളാഹുവിന് വേണ്ടി; അവന്റെ ദീനിന് വേണ്ടി !! ഭാഗം 6കേരളാ നദ് വത്തുൽ മുജാഹിദീൻ, സലഫുകളുടെ മൻഹജിലാണ് നില കൊള്ളുന്നത് എന്നും ഖുർആനും സുന്നത്തും സലഫുകളുടെ ധാരണ അംഗീകരിച്ചു കൊണ്ടാണ് അവർ ദഅവത്ത് നടത്തുന്നതെന്നും അതിന്റെ പ്രവർത്തകർ അവകാശപ്പെടുന്നു. ഇത് വെറും അവകാശ വാദം മാത്രമാണെന്നും ജമാഅത്തെ ഇസ്‌ലാമിയുടെയും ഇതര മുജാഹിദ് സംഘടനകളുടെയും മൻഹജിൽ നിന്നും ഒട്ടും ഭിന്നമല്ലാത്ത ഒരു "സങ്കര" മൻഹജിലാണ് അവർ യഥാർത്ഥത്തിൽ നിലകൊള്ളുന്നത് എന്നും സൂക്ഷ്മമായ നിരീക്ഷണത്തിൽ മനസ്സിലാകും.
മുജാഹിദ് പ്രസ്ഥാനത്തിന്റെ നേതൃ നിരയിൽ (സംഘടനാ പരമായും അല്ലാതെയും) വ്യക്തി മുദ്ര പതിപ്പിച്ച മൂന്ന് വ്യക്തിത്വങ്ങളാണ് സലാം സുല്ലമിയും, ഇരുവേറ്റിയും ഹുസൈൻ മടവൂരും. ഈ മൂന്ന് വ്യക്തികളെ ഞാൻ പേരെടുത്തു പറയാൻ കാരണം രണ്ട് തലമുറയിലെ ആദർശത്തിന്റെ ദിശ നിശ്ചയിക്കുന്നതിൽ ചെറുതല്ലാത്ത പങ്കു വഹിച്ചവരിൽ പ്രധാനികളാണ് ഈ മൂവർ സംഘം. മരണപ്പെട്ടു പോയവരെയും പ്രായം ചെന്നവരെയും നേതാക്കന്മാരെയും വകതിരിവില്ലാതെ വ്യക്തി ഹത്യ നടത്തുന്നു എന്ന ആക്ഷേപവുമായി ആരും വരണ്ട. ദീനിന്റെ കാര്യം വ്യക്തമാക്കേണ്ട ഘട്ടങ്ങളിൽ വ്യക്തികളെ പരാമർശിക്കുന്നത് തെറ്റോ ഗീബത്തിന്റെ ഗണത്തിലോ പെടില്ല. സലാം സുല്ലമിയും ഇരുവേറ്റിയും ഞങ്ങളെ ആളല്ല എന്ന് കെ എൻ എമ്മുകാർ പറയരുത്. കാരണം, മുജാഹിദ് പ്രസ്ഥാനം പിളരുന്നതിനു മുമ്പ് ഇവരൊക്കെ ഇവർ തന്നെയാണ്. അതായത്, സലാം സുല്ലമിയുടെ എല്ലാ മുരട്ടു വാദങ്ങളും അട വെച്ച് വിരിയിച്ചതു മുജാഹിദ് പ്രസ്ഥാനത്തിന്റെ തട്ടകത്തിലാണ്. സംസം വെള്ളം, പല്ലിയെ കൊല്ലൽ, അറാക്, താടി, ഖബറുൽ ആഹാദ്, സിഹ്ർ തുടങ്ങിയ വിഷയങ്ങളിലെല്ലാം അദ്ദേഹത്തിന്റെ നിലപാടുകൾ പിളർന്നതിനു ശേഷം ഉണ്ടായതല്ല. അത് പ്രസംഗിക്കാൻ സ്റ്റേജും എഴുതാൻ പേജും അതിന്റെ ആശയപ്രചാരണത്തിനു കെ ജെ യു നേരിട്ട് നടത്തുന്ന കോളേജും അനുവദിച്ചത് മുജാഹിദ് പ്രസ്ഥാനമാണ്. (കെ എൻ എമ്മിന് മൻഹജ് ഒരു കാലത്തും വിഷയമായിട്ടില്ല എന്ന് നിഷ്പക്ഷമായി ചിന്തിക്കാൻ വേണ്ടിയാണ് ഞാനിതു ഇവിടെ പറയുന്നത്) പിളർന്നപ്പോൾ സലാം സുല്ലമി മൻഹജിന് പുറത്തായതല്ല. സംഘടനയുടെ താൽപര്യത്തിന് എതിരായപ്പോൾ അദ്ദേഹം പുറത്തായി. ഇനി, ഇരുവേറ്റിയോ, ഗവണ്മെന്റ് സർവീസിൽ പോസ്‌റ്‌മാസ്റ്റർ ആയി ഔദ്യോഗിക ജീവിതത്തിൽ നിന്ന് റിട്ടയർ ചെയ്ത അബ്ദുൾറഹ്മാൻ ഇരുവേറ്റി എന്ന ഏറനാടൻ രസികൻ 40 കൊല്ലം കെ എൻ എം പള്ളിയിൽ ഖുതുബ പറഞ്ഞിട്ടുണ്ട് (ഇത് അയാൾ തന്നെ പറഞ്ഞതാണ്) ബുഖാരിയിലെ ഏതാണ്ടെല്ലാ ഹദീസുകളും ചവറ്റു കൊട്ടയിടണമെന്ന് പറയുന്ന ഇരുവേറ്റിക്കും മിമ്പറും പാർട്ടിയിൽ കസേരയും ഇട്ടു കൊടുത്തു താങ്ങി നടന്നത് സലഫീ മൻഹജ് അവകാശപ്പെടുന്ന സാക്ഷാൽ കേരള നദ് വത്തുൽ മുജാഹിദീൻ ആണ്. പോരിശകൾ പറയുന്ന കൂട്ടത്തിൽ എ പി അടക്കം പല നേതാക്കളുമായുള്ള സഹവാസവും അവരുമായി നടത്തിയ ചർച്ചകളും അതിൽ ചിലതിൽ എ പി പോലും ഉത്തരം മുട്ടിപ്പോയിട്ടുണ്ട് എന്നൊക്കെ അവകാശപ്പെടാറുണ്ട്. (എന്നെ സംബന്ധിച്ചേടത്തോളം ഇയാളുടെ രിവായതുകൾ ദയീഫും 'മുൻകറുൽ ഹദീസുമാണ്) "മുജാഹിദ് പ്രസ്ഥാനം പിന്നിട്ട പാതകൾ" ബദറും ഉഹ് ദുമൊക്കെ പറയുന്ന പോലെ മഹത്വവൽക്കരിച്ചു പറയലാണ് ഇഷ്ട്ടവിനോദം. ചുരുക്കത്തിൽ ഇയാൾക്ക് കേരള മുസ്ലിംകളുടെ സ്വതമായ ഫിത്വ് റത്തിനെ ഷണ്ഡീകരിക്കാൻ വഴിയൊരുക്കിയത് സലഫീ മൻഹജ് അവകാശപ്പെടുന്ന കെ എൻ എം ആണ് എന്ന കാര്യം ആർക്കാണ് നിഷേധിക്കാൻ കഴിയുക? ഇനി ഹുസൈൻ മടവൂർ സാഹിബ്, ഒരിക്കലും സലഫീ മൻഹജ് പേരിൽ പോലും ഉൾക്കൊള്ളാൻ പ്രയാസമുള്ള വ്യക്തിത്വത്തിന്റെ ഉടമയാണ് അദ്ദേഹം. അന്യ മതസ്ഥരുടെ ആഘോഷങ്ങൾ, സ്ത്രീകളെ പൊതുരംഗത്തു ഇറക്കൽ, സ്ഥിരപ്പെട്ട ഹദീസുകൾ യുക്തിക്കു അനുസരിച്ചു വ്യാഖ്യാനിക്കൽ (ഉദാ : ആയിഷ റദിയള്ളാഹു അൻഹയുടെ വിവാഹ പ്രായം) സർവ്വ മത സമന്വയം, (ഉദാ : ക്രൈസ്തവ മത പരിപാടിയിൽ കുരിശിനു മുമ്പിൽ പങ്കെടുത്തത് ) ബിദ്അത്തിന് നേരെയുള്ള നിസ്സംഗത (ഉദാ : നബിദിനാഘോഷം ) ഇദ്ദേഹം കെ എൻ എമ്മിന്റെ നിലവിലെ ഔദ്യോഗിക ഭാരവാഹിയാണ്. മൻഹജിന്റെ വിഷയത്തിൽ നിലാവെട്ടം കണ്ട കോഴിയെപ്പോലെ നടക്കുന്ന ഇയാളെപ്പോലുള്ള ആളുകൾ നേതൃത്വം നൽകുന്ന കെ എൻ എം പറയുന്നത് സലഫീ മൻഹജ് ആണെന്നോ? ഇയാളുടെ നിലപാടുകൾ പിളർന്നതിനു മുമ്പ് നിലനിന്നതും പിന്നീട് ഐക്യ'പ്പെട്ട'തോടെ ഇല്ലാതായതുമാണോ? എവിടെയാണ് ഹുസൈൻ മടവൂർ തന്റെ പഴയ ആദർശം തിരുത്തിയതായി പറയുന്നത്? കെ എൻ എമ്മിൽ ആരാണ് അദ്ദേഹത്തോട് അതിന് വേണ്ടി ആവശ്യപ്പെട്ടത്? ഐക്യപ്പെട്ടതിന് ശേഷവും അദ്ദേഹം പലയിടത്തും അദ്ദേഹത്തിന്റെ പഴയ നിലപാടുകൾ ആവർത്തിച്ചിട്ടില്ലേ? അപ്പോൾ പ്രശ്‌നം ആദർശമല്ല, അതായത് മൻഹജല്ല. കെ എൻ എമ്മിന്റെ പ്രശ്‌നം മെമ്പർഷിപ്പ് മാത്രമാണ്. ആദർശ വ്യതിയാനം ആരോപിച്ചു തേരാ പേര പ്രസംഗിച്ചു നടന്ന എല്ലാ കൂലി പ്രാസംഗികരും കടപ്പുറത്തു നേരം ഇരുട്ടി വെളുത്തപ്പോഴേക്കും ഹുസൈൻ മടവൂർ സാഹിബിനെ കെട്ടിപ്പിടിച്ചു ആദർശ ബന്ധം അരക്കിട്ടുറപ്പിച്ചു. ഇതല്ലേ ശെരിക്കും കേരളത്തിൽ രാഷ്ട്രീയ പാർട്ടികൾ ചെയ്തു കൊണ്ടിരിക്കുന്നത്? ഇവിടെ എടുത്തു പറയേണ്ട മറ്റൊരു വ്യക്തിയാണ് കെ കെ മുഹമ്മദ് സുല്ലമി. നേരത്തെ പറഞ്ഞ വ്യക്തികളെപ്പോലെ പ്രമാണത്തിന് ബുദ്ധിപരമായ ന്യായങ്ങളും വ്യാഖ്യാനങ്ങളും നൽകാൻ എന്നും ഇയാൾ മുമ്പിലായിരുന്നു. ഇങ്ങിനെ കേരള മുസ്‌ലിംകളുടെ ആദർശത്തിനെ ശെരിയായ വഴിയിൽ നിന്ന് വഴി തിരിച്ചു വിടുന്നതിൽ പല നേതാക്കളും വലിയ പങ്കു വഹിച്ചിട്ടുണ്ട്. ഒരു വശത്തു ശിർക്ക് ബിദ്‌അത്തുകളുടെ കോട്ട കൊത്തളങ്ങൾ കോമരം തുള്ളുകയും മറുവശത്തു പ്രമാണങ്ങൾക്ക് യുക്തിപരമായ വ്യാഖ്യാനങ്ങൾ നൽകി നവോദ്ധാനം തീർത്ത ദുരന്തങ്ങളും ! ഇതിന് രണ്ടിനുമിടയിൽ പിടിച്ചു നിൽക്കാൻ കേരള മുസ്ലിംകൾക്ക് അള്ളാഹു ഏറെ അനുഗ്രഹം ചെയ്തിരുന്നിരിക്കണം ! ഭാഗം 7മൻഹജ് അഥവാ രീതിശാസ്ത്രം എന്നതും മസ്അല അഥവാ കർമ്മപരമായ / ശാഖാപരമായ ഒരു വിഷയം എന്നതും, രണ്ടും വ്യത്യസ്തമായി വേർതിരിച്ചു മനസ്സിലാക്കുന്നതിൽ കെ എൻ എമ്മിന്റെ പണ്ഡിതന്മാരെന്നു പറയപ്പെടുന്ന ആളുകളിൽ പലർക്കും ഒരു ധാരണയുമില്ല.
ഖുർആനും ഹദീസും ഇസ്‌ലാമിക പ്രമാണങ്ങളുടെ അഥവാ ശറഇന്റെ സ്രോതസ്സുകളാണ്. അതായത് ഇവ രണ്ടിൽ നിന്നുമാണ് മത നിയമങ്ങൾ നിർദ്ധാരണം ചെയ്യപ്പെടുന്നത്. ഇക്കാര്യത്തിൽ അഹ്‌ലുൽ ഖിബ്‌ലയിൽ പെട്ട ഒട്ടുമിക്ക അവാന്തര വിഭാഗങ്ങൾക്കും തർക്കമുണ്ടാവില്ല. പല വിഷയങ്ങളിലും (مسائل)മത വിധികൾ കണ്ടെത്തുന്നതിലും അവ സാംശീകരിക്കുന്നതിലും പല കാരണങ്ങളാലും വീക്ഷണ വൈജാത്യങ്ങൾ ഉണ്ടാകാം. ആ കാരണങ്ങൾ ചിലപ്പോൾ ന്യായവും സ്വീകാര്യവുമായിരിക്കാം. മറ്റു ചിലപ്പോൾ തെറ്റും അസ്വീകാര്യവുമായിരിക്കാം. (ആ ചർച്ച മറ്റൊരിക്കലാകാം). അഹ്‌ലുസ്സുന്ന മറ്റു ഫിറഖുകളിൽ (വിഭാഗങ്ങളിൽ) നിന്ന് വേർപിരിയുന്നത് അടിസ്ഥാനപരമായി മൻഹജിലാണ്; മസ്അലയിൽ അല്ല ! അതായത് ഖുർആനും സുന്നത്തും മതസംഹിതയുടെ നിർദ്ധാരണത്തിന്റെ സ്രോദസ്സ് (مصادر التشريع) എന്നതിൽ എല്ലാവരും യോജിക്കുമ്പോൾ തന്നെ അത് സ്വീകരിക്കേണ്ട രീതിശാസ്ത്രത്തിലാണ് (منهج) എല്ലാവരും വിയോജിക്കുന്നത്. മൻഹജ് അഥവാ രീതിശാസ്ത്രം ശെരിയായതും തെറ്റായതുമുണ്ട്. മത നിയമ സംഹിതയുടെ അടിസ്ഥാന സ്രോദസ്സായ ഖുർആനിനെയും സുന്നത്തിനെയും സലഫുകൾ അഥവാ സ്വഹാബത് എങ്ങിനെയാണോ നബി സ്വല്ലള്ളാഹു അലൈഹി വ സല്ലമയിൽ നിന്ന് നേരിട്ട് കേൾക്കുകയും മനസ്സിലാക്കുകയും ഉൾക്കൊള്ളുകയും അമല് ചെയ്യുകയും കൈമാറുകയും ചെയ്തത്, അത്- അത് പോലെ പൂർണ്ണ പരിശുദ്ധിയിൽ യാതൊരു കലർപ്പും സ്വരഭേദവുമില്ലാതെ സ്വീകരിക്കുകയും സർവ്വാത്മനാ അംഗീകരിക്കുകയും പിൻപറ്റുകയും ചെയ്യുന്നതാണ് ശെരിയായ, ഹഖായ മൻഹജ്. അതിനെക്കുറിച്ചാണ് അള്ളാഹു ഖുർആനിൽ സൂറത്തുൽ ബഖറയിൽ പറയുന്നത് فَإِنْ آمَنُوا بِمِثْلِ مَا آمَنتُم بِهِ فَقَدِ اهْتَدَوا നിങ്ങൾ (സ്വഹാബികൾ) വിശ്വസിച്ചത് പോലെ അവർ (ജൂതന്മാരും ക്രിസ്ത്യാനികളുമായ അവിശ്വാസികൾ) വിശ്വസിച്ചാലേ അവർ സന്മാർഗ്ഗത്തിലാവുകയുള്ളൂ". അവരെക്കുറിച്ചാണ് നബി സ്വല്ലള്ളാഹു അലൈഹി വ സല്ലം "വിജയിച്ച വിഭാഗം" ( الطائفة المنصورة) എന്ന് പറഞ്ഞത്. لَا تَزَالُ طَائِفَةٌ مِنْ أُمَّتِي ظَاهِرِينَ عَلَى الْحَقِّ، لَا يَضُرُّهُمْ مَنْ خَذَلَهُمْ، حَتَّى يَأْتِيَ أَمْرُ اللهِ وَهُمْ كَذَلِكَ» "എന്റെ ഉമ്മത്തിൽ ഒരു വിഭാഗം ആളുകൾ ഹഖുമായി പ്രകടമായിത്തന്നെ ആയിക്കൊണ്ടേയിരിക്കും ആരെല്ലാം അവരെ 'അപമതിച്ചാലും' അതവർക്ക് യാതൊരു ദോഷവും ചെയ്യില്ല; അള്ളാഹുവിന്റെ കൽപന (അന്ത്യ നാൾ) വരുന്നത് വരെ അവർ ആ നിലയിൽ തന്നെയായിരിക്കും" ബുഖാരിയും മുസ്‌ലിമുമടക്കം നിരവധിയനവധി കൈവഴികളിലൂടെ വിവിധ പദങ്ങളിലായി സുവിദിതമായി രിവായതു ചെയ്യപ്പെട്ട സ്വഹീഹ് ആയ ഹദീസ് ആണിത്. ഈ ഹദീസിൽ خذل കാണിക്കുന്ന (المخذلة) എന്ന പ്രയോഗത്തിന് വലിയ അർത്ഥ തലങ്ങളുണ്ട്. ശറഹ് ചെയ്‌ത മുഹദ്ദിസുകൾ അതിനു നൽകിയ വ്യാഖ്യാനം " സത്യം എന്താണെന്നറിഞ്ഞിട്ടും സഹായിക്കാതെ മാറിനിൽക്കുന്നവർ" എന്നാണ്. ദീനിനെക്കുറിച്ചു പഠിക്കുകയും മനസ്സിലാക്കുകയും സത്യം എവിടെയാണെന്ന് ബോധ്യപ്പെടുകയും ചെയ്തിട്ട് സുന്നത്തിന് വേണ്ടി സംസാരിക്കുകയോ അതിന് സംരക്ഷണമൊരുക്കുകയോ പ്രതിരോധം തീർക്കുകയോ ചെയ്യാതെ ഒന്നുമറിയാത്തവനെപ്പോലെ മിണ്ടാതെ മാറി നിൽക്കുന്നവരാണ് ഈ വിഭാഗം. അവർ മറ്റു പല കാര്യങ്ങളിലും വാചാലരും സമർത്ഥരുമായിരിക്കും. ഖുർആനിന്റെയും സുന്നത്തിന്റെയും സംരക്ഷകരാണെന്ന് വീമ്പു പറയും. പക്ഷെ, സുന്നത്തിനെ സഹായിക്കുകയും ബിദ്അത്തിനെ പ്രതിരോധിക്കുകയും ചെയ്യേണ്ട സന്നിഗ്ദ്ധ ഘട്ടങ്ങളിൽ അവരെ രംഗത്ത് കാണില്ല; എന്നല്ല, മുസ്‌ലിം ഉമ്മത്തിലേക്കു ബിദ്‌അത്തു കടന്നു വരാനുള്ള പാലമായി അവർ നിലകൊള്ളും !! അവരാണ് ഹദീസിൽ പറഞ്ഞ "മുഖദ്ദിലകൾ". മറ്റൊരു രിവായത്തിൽ لا يضرهم من خالفهم " അവരോട് എതിര് നിൽക്കുന്നവരും അവർക്കൊരു ദോഷവും ചെയ്യില്ല " എന്ന് കാണാം. ഈ ഹദീസ് മുജാഹിദ് പ്രസ്ഥാനം സംഘടന വളർത്താൻ വേണ്ടി അടുത്ത കാലം വരെ വ്യാപകമായി ഉപയോഗിച്ചിട്ടുണ്ട്. ഈ ഹദീസിലെ പരാമർശം സുന്നത്തിന്റെ ആളുകളെക്കുറിച്ചും അതിന്റെ വാഹകരായ ഉലമാക്കളെക്കുറിച്ചുമാണ്. സലഫുകളുടെ അനന്തര സ്വത്തായ സലഫീ മൻഹജിന്റെ സഹയാത്രികരെക്കുറിച്ചാണ്. നബി സ്വല്ലള്ളാഹു അലൈഹി വ സല്ലം പറഞ്ഞു قد تركتكم على البيضاء ليلها كنهارها لا يزيغ عنها بعدي إلا هالك " വെണ്മയാർന്ന ഒന്നിലാണ് ഞാൻ നിങ്ങളെ വിട്ടേച്ചു പോകുന്നത്. അതിന്റെ രാത്രി പോലും പകൽ പോലെയാണ്. എനിക്ക് ശേഷം സ്വയം നശിക്കാൻ തീരുമാനിച്ചവനല്ലാതെ അതിൽ നിന്ന് തെറ്റിപ്പോവുകയില്ല" ഒരു സത്യാന്വേഷിക്കു ഇരുട്ടിൽ തപ്പേണ്ടതില്ലാത്ത വിധം കൃത്യവും വ്യക്തവും പ്രകാശപൂരിതവുമായ ആ വഴിയാണ് സലഫുകളുടെ വഴി. ആ വഴിയിൽ പ്രവേശിച്ചവരാണ് വിജയിച്ച കക്ഷി. അതൊരു പാർട്ടിയുടേയോ ഗ്രുപ്പിന്റെയോ പേരല്ല. ആളുകളുടെ അംഗ ബലവും ഭൂരിപക്ഷത്തിന്റെ ശക്തിയുമല്ല ഭാഗധേയം നിർണ്ണയിക്കുന്നത്. മറിച്ച്, അബ്ദുള്ളാഹി ബിൻ മസ്ഊദ് റദിയള്ളാഹു അൻഹു الجماعة എന്താണ് എന്ന് ചോദിച്ചപ്പോൾ പറഞ്ഞത് പോലെ, ما وافق الحق ولو كنت وحدك "സത്യവുമായി യോജിച്ചത് ഏതാണോ, അതാണ്; നീ ഒറ്റക്കാണെങ്കിൽ പോലും" ഈ മാർഗ്ഗമല്ലാത്ത, അഥവാ സലഫുകളുടെ 'ഫഹ് മ്' വിട്ട് സ്വന്തം ബുദ്ധിക്കും യുക്തിക്കും സാഹചര്യത്തിന്റെ സമ്മർദ്ദത്തിനും വഴങ്ങി ശാസ്ത്ര നിഗമനങ്ങൾക്കും പൊതുബോധത്തിനും അടിമപ്പെട്ടു ദീനീ പ്രമാണങ്ങളെ വ്യാഖ്യാനിക്കുകയും സ്വീകരിക്കുകയും പിന്തുടരുകയും പ്രബോധനം നടത്തുകയും ചെയ്യുന്നവർ സ്വീകരിച്ചിരിക്കുന്നത് തെറ്റായ മൻഹജിനെയാണ്. അത് പറയുകയും വേർതിരിച്ചു മനസ്സിലാക്കുകയും ചെയ്യുന്നതിൽ നാം പരാചയപ്പെടാൻ പാടില്ല. ഭാഗം 8മസ്അലയും മൻഹജും ഒരാൾക്ക് എത്ര കണ്ട് വേർതിരിച്ചു മനസ്സിലാകുന്നുവോ അത്ര കണ്ട് വിഷയം മനസ്സിലാകും.
ഖുർആനും സുന്നത്തും സലഫിന്റെ മൻഹജ് പിന്തുടർന്ന് കൊണ്ടാണ് ഞങ്ങൾ മനസ്സിലാക്കുകയും ദഅവത്ത് നടത്തുകയും ചെയ്യുന്നത് എന്ന് അവകാശപ്പെടുന്നവരാണ് കേരള നദ് വത്തുൽ മുജാഹിദീൻ ( സീഡീ ടവർ വിഭാഗം). അവരുടെ പ്രവർത്തകരും പ്രാസംഗികരും പണ്ഡിതന്മാരെന്നു അവകാശപ്പെടുന്നവരും ഇക്കാര്യം മറ്റാരെക്കാളും ആവർത്തിക്കാറുണ്ട്; അവരതിൽ നിന്ന് ഏറെ വിദൂരത്താണെങ്കിലും ! അത് കൊണ്ടാണ് കെ എൻ എം, അവർ അവകാശപ്പെടുന്നത് പോലെ യഥാർത്ഥ സലഫീ മൻഹജിൽ എത്തിയിട്ടില്ല എന്ന് തെളിവുകൾ സഹിതം പറയേണ്ടി വരുന്നത്. അവകാശവാദങ്ങൾ ആർക്കും നടത്താം. സലഫികൾ എന്ന പേര് വെച്ച് കൊണ്ട് തന്നെ രാഷ്ട്രീയ പ്രവർത്തനം നടത്തുകയും തീവ്രവാദ പ്രവർത്തനങ്ങളിൽ ഏർപ്പെടുകയും ചെയ്യുന്ന ഒന്നിലധികം സംഘടനകൾ ലോകത്തുണ്ട്. അവരെല്ലാം സ്വഹാബത്തിന്റെ ഫഹ് മിനെ പിന്തുടരുന്ന യഥാർത്ഥ സലഫികളാണ് എന്ന് പറയാൻ കഴിയില്ല. അത് കൊണ്ട് തന്നെയാണ് ശൈഖ് നാസ്വിറുദ്ധീൻ അൽബാനിയെപ്പോലുള്ള ഉലമാക്കൾ "ഒരാൾ സലഫി എന്ന പേര് ഉപയോഗിച്ചത് കൊണ്ട് അയാൾ യഥാർത്ഥ സലഫിയ്യത്തിൽ ആണ് എന്ന് ഉറപ്പിച്ചു പറയാൻ കഴിയില്ല, മറിച്ച്, നിജസ്ഥിതി / യാഥാർഥ്യം എന്താണോ അതിനനുസരിച്ചാണ് നാമകരണം പരിഗണിക്കപ്പെടുക " എന്ന് പറഞ്ഞത്. നമ്മുടെ നാട്ടിൽ തന്നെ "അഹ്‍ലുസ്സുന്നത്തി വൽ ജമാഅ" എന്ന പേര് വ്യാപകമായി ഉപയോഗിക്കുന്നത് ശിർക്കും ബിദ്അത്തും ഖുറാഫാത്തും ഖുബൂരിയ്യത്തും സുഫിയ്യത്തും ത്വരീഖത്തും പ്രചരിപ്പിക്കുകയും സുന്നത്തിനു വ്യക്തമായി എതിര് നിൽക്കുകയും ചെയ്യുന്ന ആളുകളാണ്. അവർക്കു അവരുടെ ലേബൽ വല്ല ഗുണവും ചെയ്യുമോ? ഒരിക്കലുമില്ല. ഇതേ അവസ്ഥയാണ് കെ എൻ എമ്മിന്റേതും. സലഫുകളുടെ മൻഹജ് അവർ സ്വീകരിക്കുന്നുവെന്ന് അവർ അവകാശപ്പെടുന്നു. പക്ഷെ അത് കടലാസിലാണെന്ന് മാത്രം. ഒരിക്കലും കെ എൻ എമ്മിന് സലഫീ മൻഹജ് അവരുടെ നയ-നിലപാടുകളെ സ്വാധീനിക്കുകയും ജീവൽഗന്ധിയായി പരിവർത്തിപ്പിക്കുകയും ചെയ്യുന്ന ഒരവസ്ഥയിലേക്ക് ഇതുവരെ എത്തിയിട്ടില്ല. ഈ അവസ്ഥയിലാണ് അവർ തുടർന്ന് പോകുന്നതെങ്കിൽ സലഫീ മൻഹജിൽ അവരെത്തുകയുമില്ല. ഇവിടെ, ഞാൻ ആവർത്തിച്ചു വ്യക്തമാക്കാൻ ആഗ്രഹിക്കുന്ന കാര്യം; മൻഹജിയായ വ്യതിയാനം എന്തെന്നും മസ് അലകളുമായി ബന്ധപ്പെട്ട നിലപാടും വേറെയാണെന്നും, അത് പോലെ, ഒരു വ്യക്തിയിൽ സംഭവിക്കുന്ന വീഴ്ചകൾ, ന്യുനതകൾ, തെറ്റുകൾ, പൈശാചിക പ്രേരണയാൽ അയാൾ ചെയ്യുന്ന തിന്മകൾ തുടങ്ങിയവ മൻഹജിയായ വ്യതിയാനമായി കാണരുത് എന്നുമാണ്. കാരണം, അവ ഒരാളുടെ മൻഹജ് നിർണ്ണയിക്കാൻ പര്യാപ്‌തമാവില്ല എന്ന് മാത്രമല്ല മനുഷ്യൻ എന്ന നിലയിൽ ആർക്കും സംഭവിക്കാവുന്നതുമാണ്. ഒരു ഉദാഹരണം പറയാം. നബി സ്വല്ലള്ളാഹു അലൈഹി വ സല്ലമയുടെ സദസ്സിൽ വരികയും ഫലിതം പറഞ്ഞു നബിയെ ചിരിപ്പിക്കുകയും ചെയ്യാറുണ്ടായിരുന്ന ഒരു സ്വഹാബിയെ മദ്യപാനത്തിന്റെ പേരിൽ കൊണ്ട് വന്നു. സ്വഹാബികൾ പലരും കൈ കൊണ്ടും ചെരുപ്പ് കൊണ്ടും വസ്ത്രം കൊണ്ടുമെല്ലാം അദ്ദേഹത്തെ അടിച്ചു. കാരണം മൂന്നാം പ്രാവശ്യമാണ് ഇത് ആവർത്തിക്കുന്നത്. കുട്ടത്തിൽ ഒരാൾ അദ്ദേഹത്തെ മോശമായ ഒരു വാക്കു ഉപയോഗിച്ച് ആക്ഷേപിച്ചു. ഇത് കേട്ടപ്പോൾ നബി സ്വല്ലള്ളാഹു അലൈഹി വ സല്ലം പറഞ്ഞു " അങ്ങിനെ നിങ്ങൾ പറയരുത്. കാരണം അദ്ദേഹം അള്ളാഹുവിനെയും റസൂലിനെയും സ്നേഹിക്കുന്നു " ഇമാം ബുഖാരി ഉദ്ധരിച്ച ഹദീസാണ് ഇത്. ഇത് പോലുള്ള വേറെയും സംഭവങ്ങൾ കാണാം. ഇത് അദ്ദേഹത്തിൽ നിന്ന് സംഭവിച്ച ഒരു പൈശാചിക പ്രവണതയാണ്. ദീനിന്റെ ഭാഗമോ പുണ്യകരമോ ആയി ചെയ്തതല്ല. ദീനിനോട് എതിര് നിൽക്കണം എന്ന ഉദ്ദേശത്തോടെയും ചെയ്തതല്ല. മറിച്ച് പൈശാചികമായ പ്രേരണയാൽ സംഭവിച്ചു പോയതാണ്. ഇത്തരം വീഴ്ചകളുടെ അടിസ്ഥാനത്തിൽ ഒരാളുടെ മൻഹജ് നിശ്ചയിക്കാൻ കഴിയില്ല. അത് പോലെ അബദ്ധമായ നിലക്കോ ശെരിയാണെന്നു തെറ്റിദ്ധരിച്ചു കൊണ്ടോ, ഹദീസിനെക്കുറിച്ചു അറിവില്ലാതെയോ മറ്റു വല്ലവരുടെയും പ്രേരണയാലോ വീഴ്ച സംഭവിക്കുകയോ സുന്നത്തിന് എതിരായ കാര്യം ചെയ്യുകയോ പറയുകയോ ചെയ്താലും ഇതേ വിധി തന്നെയാണ്. എന്നാൽ, കാര്യങ്ങളുടെ നിജസ്ഥിതി മനസ്സിലാക്കാൻ അവസരമുണ്ടായിട്ടും അതിനു ചെവി കൊടുക്കാതെയിരിക്കുകയും സത്യസന്ധമായ നിലക്ക് ഗുണകാംക്ഷയോടെ അറിയിച്ചിട്ടും അത് സ്വീകരിക്കാതെ പഴയ നിലപാടിൽ തന്നെ ഉറച്ചു നിൽക്കുകയും വിഷയത്തിൽ വ്യക്തമായ ഹദീസ് ലഭിച്ചിട്ടും അതിനു നേരെ കണ്ണടക്കുകയും ചെയ്യുന്നുവെങ്കിൽ വിഷയം മൻഹജുമായി ബന്ധപ്പെട്ട വ്യതിയാനമായി. ഭാഗം 9സലഫിയ്യത് ഖുർആനും സുന്നത്തും സലഫുകളുടെ ഫഹ് മ് അനുസരിച്ചു മുൻധാരണകളും മുൻവിധികളും ഇല്ലാതെ മനസ്സിലാക്കുന്നതിനും അമല് ചെയ്യുന്നതിനുമുള്ള മാർഗ രേഖയാണ്. കെ എൻ എം അത് അവകാശപ്പെടുകയല്ലാതെ അക്ഷരാർത്ഥത്തിൽ പിന്തുടരുന്നവരല്ല; പിന്തുടരാൻ സാധിക്കുന്നില്ല.
പലപ്പോഴും അതിന്റെ നേതാക്കൾ തന്നെ പറയാറുള്ളത് പോലെ "ഒരു സംഘടനയാകുമ്പോൾ..പല കാര്യങ്ങൾക്കും പരിമിതികളുണ്ടാകും" ആ പരിമിതികളിൽ പ്രധാനപ്പെട്ട ഒന്നാണ് സംഘടന തന്നെ. കെ എൻ എം സാധാരണ പ്രവർത്തകരോ അതിന്റെ അനുയായികളായി സ്വയം അവരോധിതരായവരോ എന്റെ കുറിപ്പിൽ വിഷയീഭവിക്കുന്നില്ല. അതുപോലെ പ്രവർത്തകരിലും സാധാരണ മെമ്പർമാരിലുമുള്ള മൻഹജിയോ അല്ലാത്തതോ ആയ അബദ്ധങ്ങളോ പോരായ്മകളോ ന്യുനതകളോ ഞാൻ ഉന്നയിച്ചിട്ടുമില്ല. കാരണം, അവരിൽ പലർക്കും പലവിധ കാരണങ്ങളും (أعذار) പറയാനുണ്ടാകും. മറിച്ച് ഞാൻ സൂചിപ്പിക്കുകയും വ്യക്തിപരമായ പരാമർശം നടത്തുകയും ചെയ്തത്, മുജാഹിദ് പ്രസ്ഥാനം അതിന്റെ നേതൃനിരയായി ജനങ്ങൾക്ക് സ്വയം പരിചയപ്പെടുത്തുകയും പ്രസ്ഥാനത്തിന്റെ ജിഹ്വയായി പൊതുജനങ്ങളോട് പറയുകയും പണ്ഡിതന്മാരായി കൊണ്ട് നടക്കുകയും വിരൽ ചൂണ്ടപ്പെടുന്ന നേതാക്കളായി അണികൾ വിശ്വസിക്കുകയും ചെയ്യുന്ന ആളുകളിലുള്ള മൻഹജിയായ (മസ് അലയുമായി ബന്ധപ്പെട്ടോ, അവരുടെ സ്വകാര്യ ജീവിതത്തിൽ സംഭവിച്ച ഏതെങ്കിലും തരത്തിലുള്ള വീഴ്ചയെക്കുറിച്ചോ അല്ല ; അത് മൻഹജ് ചർച്ചയുടെ പരിധിയിൽ വരുന്നതുമല്ല) കാര്യങ്ങൾ മാത്രമാണ്. ഒരു സംഘടനക്കാരന്റെ മനസ്സ് എനിക്ക് വായിക്കാൻ പറ്റും. അതായത് അവന്റെ മാനസികാവസ്ഥ മനസ്സിലാകും. ഒരാൾ എത്രമാത്രം സംഘടനയിൽ സജീവവും അതിന്റെ ഉന്നത ശ്രേണിയിൽ വിരാചിക്കുകയും ചെയ്യുന്നുവോ അത്രയും അവൻ സുന്നത്തിൽ നിന്നും ഇൽമിൽ നിന്നും അകലെയായിരിക്കും. ഇത് വെറുതെ പറയുന്നതല്ല. ഓരോരുത്തരും സ്വന്തം മനസ്സാക്ഷിയോട് ചോദിച്ചു നോക്കുക. ദീനിനേക്കാൾ, സുന്നതിനേക്കാൾ ഒരാൾ അവന്റെ സംഘടനക്കു പ്രാമുഖ്യം നൽകുന്ന അവസ്ഥയുണ്ടോ? "മുജാഹിദ് പ്രസ്ഥാനം കെട്ടിപ്പടുക്കുന്നതിൽ നിർണ്ണായക പങ്കു വഹിച്ച വ്യക്തി" " പ്രസ്ഥാനത്തിന് വേണ്ടി ഉഴിഞ്ഞു വെച്ച ജീവിതം" " പ്രസ്ഥാനം കഴിഞ്ഞിട്ടേ എനിക്കെന്തുമുള്ളൂ" ഇതൊക്കെ എത്ര കേട്ടിട്ടുണ്ട് അല്ലേ ? എന്താ ഇതിന്റെയൊക്കെ അർത്ഥമെന്ന് എപ്പോഴെങ്കിലും ആലോചിച്ചിട്ടുണ്ടോ? ഇതാണോ നബി ചര്യ? ഇതാരുടെ മൻഹജാണ് ? സുന്നത്താണോ അത് കൊണ്ട് ഉദ്ദേശിക്കുന്നത്? അപ്പോൾ ഈ "പ്രത്താനം" ഉണ്ടാവുന്നതിനു മുമ്പ് ജീവിച്ചു മരിച്ചു പോയ സ്വഹാബികൾ തൊട്ടു ഇന്നോളമുള്ള മനുഷ്യരുടെ അവസ്ഥയെന്താണ്? പ്രസ്ഥാനത്തിന് വേണ്ടി ജീവിക്കാനും കെട്ടിപ്പടുക്കാനുമൊക്കെ അള്ളാഹുവും റസൂലും കൽപിച്ചതാണോ ? സഹോദരന്മാരെ, അള്ളാഹുവിനെ മുൻനിർത്തി ഞാൻ ചോദിക്കുന്നു. അള്ളാഹുവിന്റെ ദീനിനും അവന്റെ റസൂലിന്റെ സുന്നത്തിനും മാത്രമേ പ്രാമാണികത കൽപ്പിക്കാൻ പാടുള്ളൂ. അതിനു വേണ്ടി മാത്രമേ പക്ഷം ചേരേണ്ടതുള്ളൂ. നാളെ പരലോകത്തു അതിനെക്കുറിച്ചു മാത്രമേ ചോദിക്കുകയുള്ളൂ. ഇൽമിന്റെയും സുന്നത്തിന്റെയും അടിസ്ഥാനത്തിലല്ലാതെ ജനങ്ങളിൽ മാറ്റമുണ്ടാക്കുക സാധ്യമല്ല. ഇസ്‌ലാമിന്റെ ചരിത്രം പരിശോധിച്ച് നോക്കൂ. ഇമാം അഹ്മദ്, ശൈഖുൽ ഇസ്‌ലാം ഇബ്നു തീമിയ, ഇമാം ബുഖാരി തുടങ്ങി ഷെയ്ഖ് മുഹമ്മദ് ബിൻ അബ്ദുൽ വഹാബ്, ഷെയ്ഖ് അൽബാനി, ഷെയ്ഖ് ഇബ്ൻ ബാസ്, ഷെയ്ഖ് മുഖ്‌ബിൽ റഹിമഹുമുള്ളാഹ് അജ്‌മഈൻ - ഇവരിൽ പൗരാണികരും ആധുനികരുമുണ്ട്. ഇവരുടെയെല്ലാം ജീവിതം തുറന്ന പുസ്തകങ്ങളാണ്. അവരുടെ സേവനങ്ങൾ ലോകം സാക്ഷ്യം വഹിച്ചതാണ്. ഷെയ്ഖ് ഇബ്‌നു ബാസ്, ഷെയ്ഖ് അൽബാനി, ഷെയ്ഖ് മുഖ്‌ബിൽ ലോകത്തിന്റെ മൂന്നു ധ്രുവങ്ങളിൽ ജീവിച്ച മഹാരഥന്മാർ. രാവിലെ സുബ്ഹ് നമസ്കാരം തുടങ്ങി രാത്രി വൈകുന്നത് വരെ നീളുന്ന വൈജ്ഞാനിക സദസ്സുകൾ. ഇടക്ക് ഭക്ഷണം, നമസ്കാരം വിശ്രമം എന്നിവക്ക് വേണ്ടി ചുരുങ്ങിയ ഇടവേള. ലോകത്തിന്റെ പല ഭാഗങ്ങളിൽ നിന്നും വരുന്ന നിവേദക സംഘങ്ങൾ. അവരുടെ പ്രത്യേകമായ ചോദ്യങ്ങളും സംശയ നിവാരണങ്ങളും. ! 100 കൊല്ലത്തെ പ്രസ്ഥാന ചരിത്രത്തിന്റെ മേനി പറയുന്ന ആളുകൾക്ക് അവരുടെ ജീവിതത്തിലെ ഒരു ദിവസവുമായി തുലനം ചെയ്യാനൊക്കുമോ സംഘടനക്കാരന്റെ 100 കൊല്ലം? ലജ്ജ കൊണ്ട് തൊലിയുരിഞ്ഞു പോകും ! അവർ വിട്ടേച്ചു പോയ അറിവിന്റെ സാഗരത്തിൽ മുങ്ങിത്തപ്പി വിജ്ഞാന മുത്തുകൾ പെറുക്കിയെടുക്കുന്ന പതിനായിരങ്ങളുണ്ട് ലോകത്തിന്റെ പല ഭാഗത്തുമായി. ആരവങ്ങളും ആഘോഷവുമില്ലാതെ ! അതാണ് സുന്നത്തിന്റെയും ഇൽമിന്റെയും പ്രസക്തി. അതാണ് പ്രവാചകന്മാരുടെ അനന്തര സ്വത്ത്. ആർക്കെങ്കിലും അത് ലഭിച്ചാൽ അവനു നല്ലൊരു വിഹിതം കിട്ടി എന്ന് റസൂൽ സല്ലള്ളാഹു അലൈഹി വ സല്ലം സാക്ഷ്യപ്പെടുത്തിയ അനന്തര സ്വത്ത്. സംഘടനയുടെ നന്മകൾ പറഞ്ഞില്ല എന്ന് പറഞ്ഞു രോദനം കൊള്ളുന്നവർ ഇതെല്ലാം ഓർത്തു വെക്കണം. ഭാഗം 10സലഫീ മൻഹജിനെക്കുറിച്ചു പറയുമ്പോൾ എടുത്തു പറയേണ്ട അതി പ്രധാനമായ ഒരു അസ്ൽ ആണ് ഇൽമ് നേടുന്നതിന്റെ സ്രോതസ്സുമായി ( مصادر التلقي ) ബന്ധപ്പെട്ടത്.
ഇസ്‌ലാമിന്റെ അടിസ്ഥാന പ്രമാണമായ ഖുർആനും സുന്നത്തും അവ സലഫുകൾ മനസ്സിലാക്കുകയും ഉൾക്കൊള്ളുകയും അമല് ചെയ്യുകയും ചെയ്ത രൂപത്തിലാണ് നമ്മൾ പിന്പറ്റേണ്ടത് എന്ന കാര്യം നേരത്തെ സൂചിപ്പിച്ചുവല്ലോ. ഇനി അവ ആരിൽ നിന്നെല്ലാമാണ് കേൾക്കുകയും മനസ്സിലാക്കുകയും ചെയ്യേണ്ടത് എന്ന കാര്യം കൂടി അറിയേണ്ടതുണ്ട്.സലഫുകൾ ഇക്കാര്യത്തിൽ വളരെയധികം കണിശത പുലർത്തിയിരുന്നു. പറയുന്ന കാര്യങ്ങൾ ഇസ്‌ലാമിനെക്കുറിച്ചു ആയതു കൊണ്ട് മാത്രം അത് സ്വീകാര്യമാവുന്നില്ല. കാരണം ഇസ്‌ലാമിനെക്കുറിച്ചു സംസാരിക്കുന്ന ആളുകളിൽ പല തരക്കാരുണ്ട് . ഒന്ന് കൂടി വ്യക്തമായി പറഞ്ഞാൽ പണ്ഡിതന്മാർ എന്ന് സാധാരണ ഗതിയിൽ വിളിക്കപ്പെടും വിശേഷിപ്പിക്കപ്പെടുകയും ചെയ്യുന്നവരിൽ നല്ലൊരു ശതമാനം ആളുകളും ആ വിശേഷണത്തിന് യോഗ്യരല്ലാത്തവരോ സുന്നത്തിന്റെ വാഹകരല്ലാത്ത അതിന്റെ ശത്രുക്കളോ ആയിരിക്കും. 'ഖമറുൽ ഉലമയും' 'ശംസുൽ ഉലമ'യുമൊക്കെയായി വാഴ്ത്തപ്പെടുന്ന ആളുകളുടെ നിജസ്ഥിതി എന്താണെന്ന് നമുക്ക് വ്യക്തമായി അറിയാം. അവരെക്കുറിച്ചാണ് സാധാരണ ഗതിയിൽ ദുഷിച്ച പണ്ഡിതന്മാർ (علماء السوء) എന്ന് പറയാറുള്ളത്. അവരും പറയുന്നത് ഇസ്‌ലാമിനെക്കുറിച്ചും ഖുർആനിനെക്കുറിച്ചുമൊക്കെയായിരിക്കും. ഇത്തരക്കാർ എല്ലാ കാലത്തും ഉണ്ടായിട്ടുണ്ട്. ശിർക്കിലേക്കും ബിദ്അത്തിലേക്കും ക്ഷണിക്കുന്ന അതിന്റെ വാഹകരായ ആളുകളിൽ നിന്ന് ദീനിന്റെ ഇൽമ് സ്വീകരിക്കാൻ പാടില്ല. ഖുർആനും സുന്നത്തും അറിയുകയും സലഫുകളുടെ മാർഗം പിന്തുടരുകയും ചെയ്യുന്ന സത്യസന്ധരും വിശ്വസ്തരുമായ ഉലമാക്കളിൽ നിന്നാണ് ദീൻ സ്വീകരിക്കേണ്ടത്. അവർക്കാണ് യഥാർത്ഥത്തിൽ ഉലമാക്കൾ (علماء الخير) എന്ന വിശേഷണം ചേരുക. അപ്പോൾ പറയുന്ന കാര്യങ്ങൾ ശെരിയായാൽ മാത്രം പോരാ, അത് പറയുന്ന ആൾക്ക് അതിനുള്ള ശെരിയായ യോഗ്യത കൂടി വേണം എന്നർത്ഥം. ഇമാം മുസ്‌ലിം റഹ്മത്തുള്ളാഹി അലൈഹി തന്റെ സ്വഹീഹിന്റെ മുഖദ്ദിമയിൽ ഇമാം ഇബ്നു സീരീൻ റഹിമഹുള്ളയിൽ നിന്ന് ഉദ്ധരിക്കുന്ന ഒരു അസർ ഈ വിഷയത്തിൽ സമഗ്രമാണ്. إن هذا العلم دين فانظروا عمن تأخذون دينكم " നിശ്ചയം, ഈ ഇൽമ് ദീനാകുന്നു. അതിനാൽ അതാരിൽ നിന്നാണ് സ്വീകരിക്കുന്നത് എന്ന് നിങ്ങൾ നോക്കേണ്ടതുണ്ട്." ഹദീസ് സ്വീകരിക്കുന്ന വിഷയത്തിലാണ് ഇത് പറഞ്ഞിട്ടുള്ളതെങ്കിൽ പോലും മൊത്തത്തിൽ ദീൻ സ്വീകരിക്കുന്ന കാര്യത്തിൽ ഇത് തെളിവായി ഉദ്ധരിച്ചു പോരുന്നു. ചുരുക്കത്തിൽ മതം എന്ന മേൽവിലാസത്തിൽ സംസാരിക്കുന്ന എല്ലാവർക്കു മുമ്പിലും ചെന്നിരിക്കുകയും അവർ പറയുന്നതെല്ലാം കേൾക്കാൻ ചെവി വെച്ച് കൊടുക്കുകയും ചെയ്യുന്ന രീതി അഹ്‌ലുസ്സുന്നത്തിനില്ല. ഈ വിഷയം ഇവിടെ പ്രത്യേകം പറയാൻ കാരണം, കെ എൻ എം അടക്കമുള്ള ഒരു മത സംഘടനക്കും ഈ വിഷയത്തിൽ ഒരു നിലപാടുമില്ല എന്നതാണ്. ആര് പറയുന്നതും കേൾക്കുകയും പറയുകയും തെളിവായിപ്പോലും ഉദ്ധരിക്കുകയും ചെയ്യും. തങ്ങളുടെ സംഘടനയുടെ നിലപാടുമായി യോജിക്കുന്നത് ആയാൽ മാത്രം മതി. പൗരാണികരായ മദ്ഹബീ പക്ഷപാതികളുടെ വാക്കുകളായാലും ആധുനികരായ ഇഖ് വാനീ സഹയാത്രികരുടെ വാക്കുകളായാലും അനുകൂലമായ രീതിയിലുള്ള ഉദ്ധരണികൾ ആണെങ്കിൽ നിസ്സങ്കോചം അവ പ്രചരിപ്പിക്കുകയും ഉയർത്തിക്കാട്ടുകയും ചെയ്യും. അമാനി മൗലവിയുടെ തഫ്സീറിൽ പോലും സയ്യിദ് ഖുതുബിനെപ്പോലുള്ളവരുടെ ഉദ്ധരണികൾ കടന്ന് കൂടിയത് അതിന്റെ ഏറ്റവും വലിയ തെളിവാണ്. പലപ്പോഴും യൂസുഫുൽ ഖർദാവിയുടെയും അബ്ദുൾറഹ്മാൻ അബ്ദുൽ ഖാലിക്കിന്റെയുമെല്ലാം ഉദ്ധരണികളും ലേഖനങ്ങളും കെ എൻ എമ്മിന്റെ ഔദ്യോഗിക പ്രസിദ്ധീകരണങ്ങളിൽ കാണാറുണ്ട്. സുന്നത്തിന്റെ കാര്യത്തിൽ വ്യക്തതയില്ലാത്ത ആളുകളെ സാധാരണ മുസ്ലിംകൾക്ക് മതപരമായ വിഷയങ്ങൾ പരിചയപ്പെടുത്തുമ്പോൾ ഒരിക്കലും കേൾക്കാനും വായിക്കാനുമുള്ള അവസരം സൃഷ്ട്ടിക്കാൻ പാടില്ല. ദഅവത്തിന്റെ ഭാഗമെന്ന നിലയിൽ നടത്തപ്പെടുന്ന സമ്മേളനങ്ങളിലും വലിയ പരിപാടികളിലും ഇത്തരം ആളുകളെ ബഹുമാനപൂർവ്വം ക്ഷണിച്ചു കൊണ്ട് വരികയും അവരുടെ തെറ്റായതും സുന്നത്തിനു വിരുദ്ധവുമായ ആശയങ്ങൾ കേൾക്കാൻ സാധാരണക്കാരായ മുസ്‌ലിം പൊതുജങ്ങങ്ങൾക്ക് അവസരം സൃഷ്ടിക്കുകയും ചെയ്യുന്നതിൽ കെ എൻ എം ഒന്നാം സ്ഥാനത്ത് നിൽക്കുന്നു. സലഫീ മൻഹജാണ് അവർ പിന്തുടരുന്നത് എന്ന് ആവർത്തിക്കുമ്പോഴാണ് ഇതെല്ലം നടക്കുന്നത് എന്ന കാര്യം മറക്കരുത്. മാത്രമല്ല, ദഅവ പരിപാടികൾ അമുസ്ലിംകൾ പോലും പ്രസംഗിക്കുകയും അവരുടെ ശുബ്ഹത്തുകൾ അവർ അതിലൂടെ സാധാരണക്കാരെ കേൾപ്പിക്കുകയും ചെയ്യുന്നു. എന്ത് ന്യായീകരണം നിരത്താനുണ്ടായാലും ഇതൊക്കെ സലഫുകളുടെ രീതിയാണെന്ന് മാത്രം പറയരുത്. കാരണം സലഫുകളുടെ ശുഭ്രമായ മൻഹജ് നമുക്ക് മുമ്പിൽ രാജ പാത തീർക്കുന്നു. അത് കൊണ്ട് കണ്ണടച്ച് ഇരുട്ടാക്കാതിരിക്കുക. ഭാഗം 11ഇൽമ് അഥവാ അറിവ് രണ്ടു തരമുണ്ട്. ഒന്ന് ഉപകാരപ്രദമായ അറിവ് (علم نافع)
രണ്ടാമത്തേത് ദോഷകരമായ അറിവ് ( علم غير نافع) ശറഇയ്യായ അറിവും മനുഷ്യന് ഐഹിക ലോകത്തു ഗുണം ചെയ്യുന്നതുമായ അറിവിനാണ് ഉപകാരപ്രദമായ അറിവെന്നു പറയുന്നത്. അതിൽ ഏറ്റവും മഹത്തരമായ അറിവ് അള്ളാഹുവിന്റെ ദീനിനെക്കുറിച്ചുള്ള അറിവ്. ഒരു മനുഷ്യൻ എത്ര കണ്ട് മത വിജ്ഞാനം നേടുന്നുവോ അത്ര കണ്ട് അവൻ അള്ളാഹുവിന്റെ സമീപസ്ഥനും ഉന്നത പദവിയുള്ളവനുമായിരിക്കും. അതാണ് അള്ളാഹു പറഞ്ഞത് يرفع الله الذين آمنوا منكم والذين أوتوا العلم درجات " നിങ്ങളിൽ നിന്ന് സത്യവിശ്വാസം ഉൾക്കൊണ്ടവർക്കും അറിവ് നൽകപ്പെട്ടവർക്കും അള്ളാഹു പദവികൾ ഉയർത്തുന്നതാണ്" നബി സ്വല്ലള്ളാഹു അലൈഹി വ സല്ലം പറഞ്ഞു " ആർക്കെങ്കിലും അള്ളാഹു നന്മ ഉദ്ദേശിച്ചിട്ടുണ്ടെങ്കിൽ അവന് അള്ളാഹു ദീനിൽ അറിവ് നൽകും " വേറെയും ഒരുപാട് വചനങ്ങൾ. ഇനി മറ്റൊരു ഉപകാരപ്രദമായ അറിവാണ് മനുഷ്യന്റെ ഭൗതിക ജീവിതത്തിനു ആവശ്യമായ അറിവുകൾ. അത് ഓരോരുത്തരും അവരുടെ കഴിവും സൗകര്യവും സാഹചര്യവും ആവശ്യകതയും അനുസരിച്ചു കൂടിയും കുറഞ്ഞുമൊക്കെയുള്ള അളവിൽ സ്വായത്തമാക്കാം. അവ ഇത്രയേ പാടുള്ളൂ എന്ന് നിർവ്വചിക്കാൻ കഴിയാത്ത പോലെ തന്നെ എത്രയുമാകാം എന്നും പറയാൻ കഴിയില്ല. എന്നാൽ പരലോകത്തു ദോഷം ചെയ്യുന്ന തരത്തിലുള്ള അറിവുകൾ തേടുന്നത് വിലക്കപ്പെട്ടതാണ്. അത് പോലെ ദുനിയാവിൽ ഒരു ഗുണവുമില്ലാത്ത അറിവുകളും നേടേണ്ടതില്ല. അത് പോലെ വായനയും പഠനവും ഗവേഷണവുമൊക്കെത്തന്നെ പരിധിയിൽ നിന്ന് കൊണ്ടാവുമ്പോൾ സ്തുത്യർഹമാവുന്നു. എന്നാൽ പരിധി വിടുമ്പോൾ അനാവശ്യവും അധികപ്പട്ടുമായിത്തീരുന്നു. ഒരാളുടെ വിശ്വാസത്തിനും ( عقيدة) മതത്തിനും ദോഷകരമാവുന്ന കാര്യങ്ങൾ കേൾക്കുകയും അത്തരം വിഷയങ്ങളിൽ പഠന ഗവേഷണങ്ങൾ നടത്തുകയും ചെയ്യുന്നത് ശെരിയായ കാര്യമല്ല. ശുദ്ധമായ ഫിത്വ് റത്തിന് പോറലേൽപ്പിക്കുകയും മതത്തിന്റെ അടിസ്ഥാന വിശ്വാസ കാര്യങ്ങളിൽ സംശയം ( شبهة) ജനിപ്പിക്കുകയും ചെയ്യുന്ന കാര്യങ്ങളിലേക്ക് ചെവി കൊടുക്കരുത്. " എല്ലാം വായിക്കുകയും കേൾക്കുകയും ചെയ്യുകയും അതിൽ നിന്ന് നല്ലതു സ്വീകരിക്കുകയും ചെയ്യുക" എന്ന ആരോ പറഞ്ഞു പ്രചരിപ്പിച്ച ആശയം സുന്നത്തു സ്വീകരിക്കുന്ന ഒരാൾക്ക് ഒട്ടും ആശാസ്യമല്ല എന്ന് സാരം. ഇത്തരം വിഷയങ്ങളിലൊന്നും കെ എൻ എം-നു യാതൊരു നിലപാടുമില്ല എന്ന് മാത്രമല്ല അവർ മുകളിൽ പറഞ്ഞ മേൽവിലാസമില്ലാത്ത സിദ്ധാന്തത്തിന്റെ പ്രചാരകർ കൂടിയാണ്. സുന്നത്തുകൾ പറയുകയും ചൂണ്ടിക്കാണിക്കുകയും ചെയ്യുന്നവരെ മുജാഹിദ് പ്രസ്ഥാനം എപ്പോഴും എതിർക്കുകയാണ് ചെയ്തിട്ടുള്ളത്. സുന്നത് എന്ന് പറയുമ്പോൾ, ' ചെയ്‌താൽ കൂലിയുള്ളതും ഉപേക്ഷ വരുത്തിയാൽ കുറ്റമില്ലാത്തതും എന്ന കർമ്മശാസ്ത്ര പണ്ഡിതന്മാരുടെ നിർവ്വചനമല്ല ഇവിടെ ഞാനുദ്ദേശിച്ചത്. അങ്ങിനെ പറയുമ്പോൾ ഇസ്‌ലാം മതത്തിൽ നിലവിലുള്ള ഒരു പാട് കാര്യങ്ങൾ ആരെങ്കിലും വേണ്ടവർ ചെയ്‌താൽ മതി എന്ന നിലവാരത്തിലേക്ക് താഴും. മറിച്ച്, സുന്നത് എന്നത് കൊണ്ട് അർത്ഥമാക്കുന്നത് 'നബി ചര്യ' എന്നാണ്. അതിൽ കൽപനകളും നിർദ്ദേശങ്ങളും അംഗീകാരങ്ങളും വിലക്കുകളും എല്ലാമുണ്ട്. സുന്നത്തിനെ എതിർക്കാൻ സാധാരണ പറയാറുള്ള ഒരു ന്യായം, ' ഗൾഫ് സലഫിസം' അതല്ലെങ്കിൽ 'ഖുരാഫികളുടെ രീതി' എന്നൊക്കെയാണ്. വാസ്തവത്തിൽ വലിയ അപകടവും അവിവേകവും ഈ പ്രസ്താവനകൾക്ക് പിന്നിലുണ്ട്. ഗൾഫിൽ അറബികൾ ചെയ്യുന്നതെല്ലാം ദീൻ ആണെന്നോ അവർ പറയുന്നതെല്ലാം നമ്മൾ ചെയ്യണമെന്നോ ആരും പറയുന്നില്ല. എന്നാൽ ഖുർആനിന്റെയും സുന്നത്തിന്റെയും അടിസ്ഥാനത്തിൽ വിശ്വസ്തരായ ഉലമാക്കൾ വിശതീകരിക്കുകയും വ്യക്തമാക്കുകയും ചെയ്ത കാര്യങ്ങൾ മുസ്‌ലിംകൾ ആകമാനം സ്വീകരിക്കാൻ കടപ്പെട്ടവരാണ്. ഉദാഹരണം താടി വളർത്തൽ, അല്ലെങ്കിൽ മ്യുസിക്കിന്റ അകമ്പടിയോടു കൂടിയുള്ള സംഗീതം ഇത്തരം മസ്അലകൾ നമ്മുടെ നാട്ടിലെ മുസ്ലിംകളോട് പറഞ്ഞാൽ പലപ്പോഴും ഗൾഫ് സലഫിസമായി വ്യാഖ്യാനിക്കപ്പെടും. എന്നാൽ പ്രമാണങ്ങളും ഉദ്ധരണികളും വെച്ച് സംസാരിച്ചാൽ വസ്തുത ബോധ്യപ്പെടും. അപ്പോൾ കേരളക്കാർക്കു ലോകത്തു മറ്റു മുസ്‌ലിംകൾക്കൊന്നുമില്ലാത്ത പ്രത്യേകമായ ദീനും സുന്നത്തുമാണോ ഉള്ളത്? അല്ലല്ലോ. എങ്കിൽ, താടി വളർത്തുന്ന വിഷയത്തിൽ പ്രമാണങ്ങളുടെ വെളിച്ചത്തിൽ അഹ്‌ലുസ്സുന്നത്തിന്റെ ഉലമാക്കൾ പറഞ്ഞ കാര്യങ്ങൾ എന്ത് കൊണ്ട് നമുക്ക് സ്വീകാര്യമാവുന്നില്ല? നമുക്ക് പരിചയമുള്ളതും സംഘടന അംഗീകരിക്കുന്നതുമായ കാര്യങ്ങൾ സ്വീകാര്യവും അല്ലാത്തവ ഗൾഫ് സലഫിസവും !! ഇതെങ്ങിനെ ശെരിയാകും? ഭാഗം 12സംഘടന വിമർശിക്കപ്പെടുന്നത് ഒരു സംഘടനക്കാരന് സഹിക്കാൻ കഴിയുന്നതിലപ്പുറമാണ്. മതമായാലും രാഷ്ട്രീയമായാലും. രാഷ്ട്രീയ സംഘടനകളുടേത് നമുക്ക് മനസ്സിലാക്കാം. എന്നാൽ എന്ത് കൊണ്ട് ജനങ്ങളെ പ്രബോധനം ചെയ്യാൻ രൂപീകൃതമായാതെന്നവകാശപ്പെടുന്ന മത സംഘടനകൾ വിമർശനങ്ങളെ ഭയപ്പെടുകയും വിമർശകരോട് കടുത്ത അസഹിഷ്ണുത പുലർത്തുകയും ചെയ്യുന്നു? കെ എൻ എമ്മും ഈ വിഷയത്തിൽ വേറിട്ട നിലപാടുള്ളവരല്ല.
വിമർശനത്തിന്റെ മർമ്മം മനസ്സിലാക്കി സഹിഷ്ണുതയോടെ പ്രതികരിക്കുകയും വൈജ്ഞാനിക തലങ്ങളിൽ നിന്ന് കൊണ്ട് തിരുത്തേണ്ടവയാണെങ്കിൽ തിരുത്തുകയും ഉൾക്കൊള്ളേണ്ടവ ഉൾക്കൊള്ളുകയും മറിച്ചാണെങ്കിൽ സത്യസന്ധമായി പ്രതിരോധിക്കുകയും ചെയ്യുന്നതിന് എന്താണ് തടസ്സം? അള്ളാഹുവിന്റെ ദീനിലേക്കും റസൂലുള്ളാഹി സല്ലള്ളാഹു അലൈഹി വ സല്ലമയുടെ തിരു ചര്യയിലേക്കും ക്ഷണിക്കുക എന്ന വിശുദ്ധ ലക്ഷ്യത്തിന്റെ മറ പിടിച്ചു സംഘടന വളർത്തുകയും പൊതു ജനങ്ങളെ സംഘടനയെ അന്ധമായി അനുസരിക്കുന്ന അടിമകളാക്കി കൂടെ കൂട്ടുകയും ചെയ്യുന്ന രീതിയാണ് മത സംഘടനകൾ നിലനിർത്തിപ്പോരുന്നത്. തികച്ചും ന്യായമായ കാരണങ്ങൾ നിരത്തി ധാർമികമായ നിലക്ക് വിമർശിക്കുമ്പോൾ കെ എൻ എം പോലുള്ള ഒരു നവോഥാന പ്രസ്ഥാനത്തെ എങ്ങിനെയാണ് വിമർശിക്കാൻ സാധിക്കുന്നത് എന്ന ചോദ്യം ഉന്നയിച്ചു ന്യായീകരിക്കാനാണ് അതിന്റെ പ്രവർത്തകർ ധൃഷ്ടരാകാറുള്ളത്. മുജാഹിദ് പ്രസ്ഥാനം അതിന്റെ ആവിർഭാവ കാലം തൊട്ട് ഇന്ന് വരെ അത് നിർവ്വഹിച്ചു പോരുന്ന സർവ്വതോമുഖമായ പരിഷ്കരണ പ്രവർത്തനങ്ങളെ ഉയർത്തിക്കാട്ടി വിമർശകരെ നിശ്ശബ്ദരാക്കാൻ അത്യദ്ധ്വാനം ചെയ്യുന്നവരോട് ചില കാര്യങ്ങൾ പറയാനുണ്ട്. കേരളത്തിൽ, മുജാഹിദ് പ്രസ്ഥാനമടക്കം മുസ്‌ലിം സംഘടനകൾ ചെയ്തിട്ടുള്ള ഒരു സംരംഭത്തേയും നിഷേധിക്കുകയോ വില കുറച്ചു കാണുകയോ ചെയ്യുന്നില്ല. വിദ്യാഭ്യാസ-വൈജ്ഞാനിക വിസ്ഫോടനത്തിലും ധാർമിക മൂല്യങ്ങൾ കരുപ്പിടിപ്പിക്കുന്നതിലും മുജാഹിദ് പ്രസ്ഥാനം വലിയ സംഭാവനകൾ നൽകിയിട്ടുണ്ട്. അക്കാര്യത്തിൽ ആർക്കും തർക്കമില്ല. തർക്കം മുജാഹിദ് പ്രസ്ഥാനം സലഫീ മൻഹജ് പിന്തുടരുന്നുണ്ടോ എന്നതിലാണ്. അതിനെക്കുറിച്ചാണ്, അതിനെക്കുറിച്ചു മാത്രമാണ് തർക്കമുള്ളത്. സേവന പ്രവർത്തനങ്ങളും പൊതുരംഗത്തു ശ്രദ്ധ കേന്ദ്രീകരിക്കലുമൊക്കെ ആധുനിക സമൂഹത്തിന്റെ ഫാഷനും പാഷനുമാണ്. അതിൽ ജാതി മത വൈജാത്യങ്ങൾക്ക് വലിയ പ്രസക്തിയൊന്നുമില്ല. ഐക്യ രാഷ്ട്ര സഭ തൊട്ട് സോളിഡാരിറ്റി വരെയും ബിൽ ഗേറ്റ്സ് തൊട്ട് ചിറ്റിലപ്പിള്ളി വരെയും അതിന്റെ കണ്ണികളാണ്. അത് കൊണ്ട് തന്നെ എന്റെ ചോദ്യം സലഫീ മൻഹജുമായി ബന്ധപ്പെട്ടു മാത്രമാണ്. അക്കാര്യം പറയുമ്പോൾ ഇജ്ജാതി മറുപടിയാണ് കെ എൻ എം പറയുന്നതെങ്കിൽ മറ്റു മുസ്‌ലിം മത സംഘടനകൾക്കും എന്ത് കൊണ്ട് ഇതേ മറുപടി പറഞ്ഞു കൂടാ? അപ്പോൾ സലഫീ മൻഹജിനെക്കുറിച്ചു ചോദിക്കുമ്പോൾ ഞങ്ങൾ നവോദ്ധാന പ്രസ്ഥാനമാണ് എന്ന് മറുപടി പറഞ്ഞാൽ മതിയാവില്ല. ഇവിടെ, എന്റെ എഴുത്തിൽ പരാമർശിക്കപ്പെട്ടത് സലഫീ മൻഹജുമായി ബന്ധപ്പെട്ട കാര്യങ്ങളാണ്. അതായത്, വ്യക്തികളിൽ സംഭവിക്കുന്ന മൂല്യശോഷണമോ, വീഴ്ചകളോ, അബദ്ധങ്ങളോ തെറ്റുകളോ പോരായ്മകളോ ഉന്നയിച്ചിട്ടില്ല. അത് പോലെ തെളിവുകളുടെ ബലാബലം പരിശോധിക്കുകയും മനസ്സിലാക്കുകയും ചെയ്യുന്നതിലുള്ള ഏറ്റപ്പറ്റിന്റെ അടിസ്ഥാനത്തിൽ രൂപപ്പെടുന്ന കർമ്മശാസ്ത്ര വിഷയങ്ങളിലെ വീക്ഷണ വിത്യാസത്തെയോ, തെറ്റായതോ ദുർബലമായതോ ആയ ഹദീസിന്റെ അടിസ്ഥാനത്തിൽ ശെരിയെന്നു കരുതി വിശ്വസിച്ചുപോരുന്ന അബദ്ധധാരണകളെയോ, ശെരിയായ വിവരം കിട്ടാത്തതിന്റെ പേരിൽ പിന്തുടർന്ന് പോരുന്ന കാര്യങ്ങളോ മൻഹജിയായ വ്യതിയാനമായി എന്റെ എഴുത്തിലെവിടെയും ഞാൻ ആരോപിച്ചിട്ടില്ല. പ്രമാണവാക്യങ്ങൾ, അവ ഖുർആനായാലും സ്വഹീഹായ ഹദീസായാലും നബി സ്വല്ലള്ളാഹു അലൈഹി വ സല്ലമയുടെ പ്രഥമ സംബോധിതരായ സ്വഹാബത് എങ്ങിനെയാണോ മനസ്സിലാക്കുകയും അമല് ചെയ്യുകയും ചെയ്തത് എന്ന് പരിശോധിക്കുകയും എന്നിട്ട് അത് പിന്തുടരുകയും ചെയ്യുന്നതിന് പകരം മനുഷ്യന്റെ പരിമിതമായ ബുദ്ധിയെയും യുക്തിബോധത്തെയും പരിഗണിക്കുകയും അതിനു പ്രാധാന്യവും പരിഗണനയും നൽകുമ്പോഴാണ് പ്രധാനമായും ഒരാൾ സലഫുകളുടെ മൻഹജിൽ നിന്ന് അകന്ന് പോകുന്നത്. ഇവിടെ, കെ എൻ എം എന്ന സംഘടനയിലെ മുഴുവൻ അംഗങ്ങളും സലഫിയ്യത്തിൽ നിന്ന് പുറത്താണെന്നോ മൻഹജ് അറിയാത്തവരാണെന്നോ എനിക്ക് വാദമില്ല. ആ പ്രസ്ഥാനത്തിന്റെ പല നിലപാടുകളും സലഫീ മൻഹജിന് എതിരാണ് എന്നേ ഞാൻ പറഞ്ഞതിന് അർത്ഥമുള്ളൂ. വ്യക്തികളുമായി ബന്ധപ്പെട്ട്, ഒരു വൃത്തം വരച്ചു ആ വൃത്തത്തിന് അകത്തുള്ളവർ മൻഹജിലും പുറത്തുള്ളവർ മൻഹജിന് പുറത്തും എന്ന വാദവും എനിക്കില്ല. സലഫീ മൻഹജുമായി ബന്ധപ്പെട്ട എല്ലാ അസ്വ് ലുകളും കൃത്യമായി എണ്ണിപറയുകയോ പരാമർശിക്കുകയോ ചെയ്തിട്ടില്ല. മറിച്ച് പ്രധാനപ്പെട്ടതും ഓർമ്മയിൽ വന്നതുമായ കാര്യങ്ങൾ സാന്ദർഭികമായി സൂചിപ്പിക്കുക മാത്രമാണ് ചെയ്തിട്ടുള്ളത്. ഇത് വായിക്കുന്ന കെ എൻ എം എതിർചേരിയിൽ നിൽക്കുന്ന സംഘടനക്കാർ കെ എൻ എമ്മിനെ വലിച്ചു കീറി ചുമരിലൊട്ടിച്ചു എന്ന് വിചാരിച്ചു സന്തോഷിക്കേണ്ട. കെ എൻ എം എന്ന നാണയത്തിന്റെ മറുവശമാവാനുള്ള യോഗ്യതയേ മൻഹജിന്റെ വിഷയത്തിൽ മറ്റു സംഘടനകൾക്കുള്ളൂ. അത് ജമാഅത്തെ ഇസ്‌ലാമി ആയാലും വിസ്‌ഡം ആയാലും, മുജാഹിദ് മർകസ് ദഅവ ആയാലും. ഇനി സംഘടന ഇല്ലാത്ത സക്കരിയ സ്വലാഹിയുടെ ടീം ആയാലും. • • • • • • •
|