സയ്യിദ് ഖുത്വുബ് എന്ത് കൊണ്ട് സ്വീകാര്യനല്ല?
(Why is Syed Qutb not acceptable?) First Published by Basheer Puthur in Sahab Salafiyya blog in February 2015 |
ഭാഗം 1അറബ് ലോകത്ത് ഏറെ കേളികേട്ട ആളാണ് ഈജിപ്തുകാരനായ സയ്യിദ് ഖുത്വുബ്. ഇടക്കാലത്ത് വലിയ പണ്ഡിതനും ബുദ്ധിജീവിയും ഗവേഷകനുമായി വിലയിരുത്തപ്പെട്ട ഇദ്ദേഹം യഥാർത്ഥത്തിൽ ആരാണ് ? അറബി ഭാഷയിൽ ഖുർആൻ തഫ്സീർ അടക്കം ഏതാനും ഗ്രന്ഥങ്ങൾ രചിച്ചു അറബികൾക്കിടയിലും അല്ലാതെയും പ്രശസ്തനായ സയ്യിദ് ഖുതുബ് പ്രാമാണികാനും സ്വീകാര്യനുമാണോ?
ശൈഖ് അബ്ദുൽ അസീസ് ഇബ്ൻ ബാസ്, ശൈഖ് സ്വാലിഹുൽ ഉസൈമീൻ തുടങ്ങിയ സലഫീ ഉലമാക്കൾ സയ്യിദ് ഖുതുബിനെ പേരെടുത്തു വിമർശിക്കുകയും അദ്ധേഹത്തിന്റെ പിഴച്ച വാദഗതികളെ ഖണ്ഡിക്കുകയും ചെയ്തിട്ടുണ്ട്. ഇന്ന് ജീവിച്ചിരിപ്പുള്ള ഉലമാക്കളിൽ പ്രഥമഗണനീയനായ ശൈഖ് റബീഉ ബിന് ഹാദീ അൽ മദ്ഖലീ ഹഫിദഹുള്ളാ സയ്യിദ് ഖുതുബിന്റെ ഗ്രന്ഥങ്ങളെ അതിസൂക്ഷ്മമായി വിലയിരുത്തുകയും, അതിലടങ്ങിയ ഗുരുതരമായ അബന്ധങ്ങൾ ചൂണ്ടിക്കാട്ടി ശക്തമായ ഖണ്ഡനം രേഖപ്പെടുത്തുകയും ചെയ്തിട്ടുണ്ട്. വിഷയം പരിശോധിക്കുകയും, സയ്യിദ് ഖുതുബിനു സംഭവിച്ച വീഴ്ചയുടെ ആഴം അളക്കുകയും ചെയ്യുമ്പോൾ അദ്ദേഹത്തിന് നേരെയുള്ള വിമർശനങ്ങൾ തികച്ചും ന്യായവും അർഹിക്കുന്നതുമാണെന്ന് കാണാം. ഫീ ദിലാലിൽ ഖുർആൻ സൂറതു നജ്മിന്റെ വ്യാഖ്യാനത്തിൽ അദ്ദേഹം പറയുന്നു "ഈ സൂറത്ത് മൊത്തത്തിൽ ഉന്നതമായ നിലയിൽ സംഗീതാത്മകമായി കോർത്തതാണ്. അതിന്റെ പദാവലിയിൽ രാഗം ഇഴയുകയും, താളം, അതിന്റെ കെണുപ്പുകളിൽ പ്രാസമൊത്ത നിലയിൽ മീട്ടുന്നു." (ഫീ ദിലാലിൽ ഖുർആൻ: 6-3404) നാസിആത്തിന്റെ വ്യാഖ്യാനത്തിൽ "സംഗീത സാന്ദ്രമായി അത് മുന്നോട്ടു പോകുന്നു," പിന്നീട് പറയുന്നു "സംഗീതത്തിന്റെ താളം ഇവിടെ ശാന്തമാകുന്നു." (6-3811) സൂറതുൽ ആദിയാത്തിൽ "സംഗീതത്തിന്റെ താളലയങ്ങളുടെ പാരുഷ്യതയും മർമ്മരവും വിസ്ഫോടനവും" എന്ന് പറയുന്നു. (6-3957) ദാവൂദു നബിയെക്കുറിച്ചു അദ്ദേഹം പറയുന്നത് നോക്കൂ: "തീർച്ചയായും രാജാവായ പ്രവാചകൻ ദാവൂദ്, തന്റെ സമയത്തിന്റെ ഒരു ഭാഗം രാജ്യ കാര്യങ്ങൾക്ക് വേണ്ടിയും ജനവിധി നടത്താനും നീക്കി വെക്കുന്നു. മറ്റൊരു ഭാഗം, തന്റെ മിഹ്രാബിൽ ഏകാന്തനായി ഇബാദതു ചെയ്യാനും അള്ളാഹുവിനു തസ്ബീഹു എന്ന നിലയിൽ 'പാട്ട് പാടാനും' നീക്കി വെക്കുന്നു." (5-3018) ഖുർആനിനെക്കുറിച്ച് ഒരു നിലക്കും പറയാൻ പാടില്ലാത്ത വിശേഷണങ്ങൾ തഫ്സീർ എന്ന നിലയിൽ അദ്ദേഹം എഴുതുകയും പ്രചരിപ്പിക്കുകയും ചെയ്തതിന്റെ നേർചിത്രമാണ് മുകളിൽ കാണിച്ചത്. ഇനി ഖുർആനിനെക്കുറിച്ച് പറയുന്നത് നോക്കൂ: "ഈ അമാനുഷികതയുടെ കാര്യം, അള്ളാഹുവിന്റെ മറ്റു സൃഷ്ടികളുടെ കാര്യം തന്നെയാണ്. ജനങ്ങളെയും മറ്റെല്ലാ വസ്തുക്കളെയും അള്ളാഹു സൃഷ്ടിച്ചത് പോലെയാണ് ഇതും." (1-28) — ഉദ്ദേശം ഖുർആൻ !! അതായത് അള്ളാഹുവിന്റെ മറ്റു സൃഷ്ടികൾ പോലെയുള്ള ഒരു സൃഷ്ടിയാണ് ഖുർആൻ എന്നാണു അദ്ദേഹം പറഞ്ഞു വെച്ചത്." ഖുർആനിലെ സൂറത്തിന്റെ പ്രാരംഭത്തിലെ അക്ഷരങ്ങളെക്കുറിച്ച് പറയുന്നേടത്ത്, അദ്ദേഹം പറയുന്നു "പക്ഷെ, ഇത് പോലൊരു ഗ്രന്ഥം രചിക്കാൻ അവർക്കാവില്ല, കാരണം ഇത് അള്ളാഹുവിന്റെ നിർമിതിയാണ്, മനുഷ്യനിർമിതിയല്ല." (5-2719) സൂറത്ത് സ്വാദിന്റെ വ്യാഖ്യാനത്തിൽ പറയുന്നു "...ഈ അക്ഷരം, അള്ളാഹുവിന്റെ നിർമിതിയാണ്, അവനാണ് അത് ഉണ്ടാക്കിയവൻ, മനുഷ്യരുടെ കണ്ടങ്ങളിൽ ശബ്ദമായി ഉണ്ടാക്കിയവൻ." (5-3006) ശൈഖ് അബ്ദുള്ള ദവീഷ് ഇതിനെക്കുറിച്ച് പറഞ്ഞത്: "ഈ വാക്ക് ഖുർആൻ അള്ളാഹുവിന്റെ സൃഷ്ടിയാണെന്ന് പറയുന്ന ജഹ് മികളുടെയും മുഅതസിലയുടെയും വാദമാണ്, എന്നാൽ അഹ് ലുസുന്ന പറയുന്നത് ഖുർആൻ അള്ളാഹുവിൽ നിന്ന് അവതീർണമായ അവന്റെ വാക്കാണ് (കലാം ആണ്) അത് ഒരു സൃഷ്ടിയല്ല. " എന്നാണ്. സയ്യിദ് ഖുതുബു പറയുന്നു: "നിശ്ചയമായും ഖുർആൻ ആകാശവും ഭൂമിയും പോലെ ഒരു പ്രാപഞ്ചിക പ്രതിഭാസമാണ്." (4-2328) ചുരുക്കത്തിൽ, 'ഫീ ദിലാലിൽ ഖുർആൻ' എന്ന പേരിൽ സയ്യിദ് ഖുതുബ് രചിച്ചിട്ടുള്ള ഖുർആൻ തഫ്സീർ ഒരു മുസ്ലിമിന് സ്വീകാര്യമോ പ്രമാണമെന്ന നിലയിൽ ഒരിക്കലും പിന്തുടരാൻ യോഗ്യമോ അല്ല. ഭാഗം 2
ഈജിപ്തിലെ ഇഖ്'വാനുൽ മുസ്ലിമൂന്റെ ദാർശനികാചാര്യനും, ഒരു കാലഘട്ടത്തിലെ ഇസ്ലാമിക നവോഥാന നായകനുമായി വാഴ്ത്തപ്പെടുന്ന സാക്ഷാൽ സയ്യിദ് ഖുത്വുബ് വാസ്തവത്തിൽ ആരാണ് എന്നതിലേക്ക് വെളിച്ചം വീശുന്ന ചില നഗ്ന സത്യങ്ങളാണ് ചുവടെ.
മൂസാ നബി അലൈഹി സല്ലാമിനെ ക്കുറിച്ച് 'ഖുർആനിലെ കലാവിഷ്കാരം' എന്ന ഗ്രന്ഥത്തിൽ (പേജു 200) സയ്യിദ് ഖുത്വുബ് മൂസാ നബിയെക്കുറിച്ചു ഇങ്ങിനെ പറയുന്നു: "നമുക്ക് മൂസായെ എടുക്കാം, വൈകാരികമായി പ്രകോപിതനായ പ്രകൃതിയുള്ള ഒരു നേതാവിന്റെ ഉദാഹരണമാണ് അദ്ദേഹം" ഈ പ്രസ്താവനയെക്കുറിച്ച് ശൈഖ് അബ്ദുൽ അസീസ് ഇബ്ൻ ബാസ് റഹിമഹുള്ളാ പറയുന്നു "അമ്പിയാക്കളെ പരിഹസിക്കുകയെന്നത് തന്നെ, മത പരിത്യാഗത്തിന് തുല്യമാണ്." ഉസ്മാൻ റദിയള്ളാഹു അൻഹുവിനെക്കുറിച്ച് 'സാമൂഹ്യ നീതി' എന്ന ഗ്രന്ഥത്തിൽ (പേജു 206) സ്വഹാബത്തിനെക്കുറിച്ച് സയ്യിദ് ഖുത്വുബ് പറയുന്നത് കാണുക: "തനിക്കു മുമ്പ് കഴിഞ്ഞു പോയ രണ്ടു ഖലീഫമാരുടെ ഭരണ സമ്പ്രദായത്തിന്റെ സ്വാഭാവികമായ തുടർച്ചയായ ഭരണമായി ഖലീഫ അലി റദിയള്ളാഹു അന്ഹുവിന്റെ നമുക്ക് കാണാം, എന്നാൽ ഉസ്മാൻ റദിയള്ളാഹു അൻഹുവിന്റെ ഭരണം അതിനിടയിലുള്ള ഒരു ദുരന്തമായിരുന്നു." !! സ്വർഗം കൊണ്ട് വാഗ്ദത്തം ചെയ്യപ്പെട്ട, ഒരു പാട് അപദാനങ്ങൾ പറയപ്പെട്ട മൂന്നാം ഖലീഫയായ പ്രമുഖ സ്വഹാബിയെക്കുറിച്ചു സയ്യിദ് ഖുത്വുബ് പറഞ്ഞ പ്രസ്താവനയാണ് യഥാർത്ഥത്തിൽ ദുരന്തം. !! മുആവിയ, അംറു ബിന് അൽ ആസ്വു റദിയള്ളാഹു അൻഹുമായെക്കുറിച്ച് 'ഗ്രന്ഥങ്ങളും വ്യക്തിത്വങ്ങളും' എന്ന ഗ്രന്ഥത്തിൽ (പേജു 242) സയ്യിദ് പറയുന്നു: "അലി റദിയള്ളാഹു അൻഹുവിനെക്കാൾ, ജനങ്ങളുടെ മനസ്സിലിരിപ്പ് അറിയുന്നവരും, ഓരോ കാര്യവും ചെയ്യേണ്ട സമയത്ത് ചെയ്യേണ്ട രൂപത്തിൽ ചെയ്തു പരിചയമുള്ളവരുമായ മുആവിയയും അദ്ധേഹത്തിന്റെ സഹചാരി അംറും അലിയെ പരാചയപ്പടുത്തി. കാരണം, സംഘട്ടന മാർഗങ്ങൾ തെരഞ്ഞെടുക്കുന്നതിൽ അലി റദിയള്ളാഹു അൻഹു തന്റെ സ്വഭാവ വൈഷിഷ്ട്യങ്ങളിൽ ബന്ധിതനാണെങ്കിൽ, മറ്റു രണ്ടു പേരും ഏതു വിധത്തിലുള്ള ആയുധങ്ങൾ ഉപയോഗിക്കുന്നതിൽ അവർ സർവതന്ത്രസ്വതന്ത്രരായിരുന്നു. മുആവിയയും ചങ്ങാതിയും കളവു, ചതി, വഞ്ചന, കാപട്യം, കൈക്കൂലി, ആളുകൾക്ക് വിലക്കെട്ടൽ തുടങ്ങിയ കാര്യങ്ങളിൽ അഭയം തേടുമ്പോൾ, അലിക്ക് ഈയൊരു നീചമായ അവസ്ഥയിലേക്ക് താഴാൻ കഴിയാതെ വരുന്നു. അതിനാല തന്നെ, അവർ രണ്ടു പേരും വിജയിക്കുകയും അലി പരാചയപ്പെടുകയും ചെയ്യുന്നു. തീർച്ചയായും മറ്റേതൊരു വിജയത്തെക്കാളും മാന്യമായ പരാചയം." മുആവിയ, അംറു ബിന് അൽ ആസ്വു റദിയള്ളാഹു അൻഹുമാ എന്നീ രണ്ടു സ്വഹാബിമാരുടെ പേരിൽ മോശമായ പദപ്രയോഗങ്ങൾ നടത്താൻ സയ്യിദ് ഖുത്വുബിനു യാതൊരു സങ്കോചവുമുണ്ടായില്ല. ശൈഖു ഇബ്ൻ ബാസ് പറയുന്നു "മുആവിയയെയും അംറു ബിന് അൽ ആസ്വു റദിയള്ളാഹുവിനെയും ആക്ഷേപിക്കുന്നത് വളരെ നീചമാണ്, ഈ ഗ്രന്ഥം ചീന്തിയെറിയണം." അബൂ സുഫിയാൻ റദിയള്ളാഹു അൻഹുവിനെക്കുറിച്ച് അബൂ സുഫിയാൻ റദിയള്ളാഹു അൻഹുവിനെക്കുറിച്ച് പറയുന്നു: "അബൂ സുഫിയാനിൽ നിന്ന് ഇസ്ലാമിനും മുസ്ലിംകൾക്കും കിട്ടിയത് എല്ലാം ചരിത്ര താളുകളിൽ കാണാം. ഇസ്ലാമിന്റെ ആധിപത്യം ബോധ്യപ്പെട്ടപ്പോഴാണ് അദ്ദേഹം ഇസ്ലാം മതം സ്വീകരിച്ചത്. അത് ഹൃദയത്തിൽ തട്ടിയുള്ള ഈമാൻ ആയിരുന്നില്ല. മറിച്ച് നാവിലും ചുണ്ടിലും മാത്രം ഒതുങ്ങിയ ഈമാൻ. ഈ മനുഷ്യന്റെ ഹൃദയത്തിലേക്ക് ഇസ്ലാം പ്രവേശിച്ചിട്ടില്ല. " അൽ മുസ്ലിമൂൻ മാഗസിൻ - ലക്കം മൂന്നു - 1371 ഹിജ്ര. നബി സ്വല്ലള്ളാഹു അലൈഹി വ സല്ലമയുടെ സ്വഹാബിയായ അബൂ സുഫിയാൻ റദിയള്ളാഹു അൻഹുവിൽ പച്ചയായ നിലക്ക് ഒരു വ്യാഖ്യാനത്തിനും വഴങ്ങാത്ത നിലയിൽ കുഫ് ർ ആരോപിക്കുന്ന സയ്യിദ് ഖുത്വുബ് എങ്ങിനെ പരിഷ്കർത്താവും ഇസ്ലാമിക പ്രബൊധകനുമാവും ? ഭാഗം 3രാഷ്ട്രീയ വ്യാഖ്യാനം
ഇന്ത്യൻ ജമാഅത്തെ ഇസ്ലാമി അടക്കം, ലോകത്ത് ഇസ്ലാമിനു രാഷ്ട്രീയ വ്യാഖ്യാനം നൽകിയ ഏതാണ്ടെല്ലാ ഇസ്ലാമിക പ്രസ്ഥാനങ്ങളും തങ്ങളുടെ ആചാര്യനായി ഉയർത്തിക്കാട്ടുന്ന വിഗ്രമാണ് സാക്ഷാൽ സയ്യിദ് ഖുത്വുബ്. വാസ്തവത്തിൽ, ഇസ്ലാമിന്റെ അടിസ്ഥാന വിശ്വാസ പ്രമാണങ്ങളിൽ പോലും സയ്യിദ് ഖുത്വുബിന്റെ നിലപാടുകൾ കുറ്റമറ്റതോ ഒരു നിലക്കും സ്വീകാര്യമോ അല്ല. സൂറത്തുൽ ഇഖ് ലാസ്വിന്റെ വ്യാഖ്യാനത്തിൽ അദ്ദേഹം പറയുന്നു: "ഇത് ഉണ്മയുടെ ഏകത്വമാണ്. അവന്റെ ഹഖീഖത്തു അല്ലാതെ മറ്റൊരു ഹഖീഖതു ഇല്ല. 'ഹഖീഖി'-ആയ നിലയിൽ അവന്റെ ഉണ്മയല്ലാതെ മറ്റൊരു ഉണ്മയില്ല. അവന്റെ യഥാർത്ഥ ഉണ്മയിൽ നിന്നാണ് മറ്റെല്ലാത്തിന്റെയും ഉണ്മ ഉണ്ടായിട്ടുള്ളത്. " (ഫീ ദിലാലിൽ ഖുർആൻ: 6-4002) ഇതിനെക്കുറിച്ച് ശൈഖ് സ്വാലിഹുൽ ഉസൈമീൻ പറഞ്ഞു: "അദ്ധേഹത്തിന്റെ (സയ്യിദിന്റെ) സൂറത്തുൽ ഇഖ്'ലാസ്വിന്റെ തഫ്സീർ ഞാൻ വായിച്ചു. അതിലദ്ദേഹം അഹ്'ലുസ്സുന്നത്തിന്റെ അഖീദക്കു വിരുദ്ധമായ കാര്യമാണ് പറഞ്ഞിട്ടുള്ളത്. അത് സൂചിപ്പിക്കുന്നത് 'വഹ്ദതുൽ വുജൂദി' നെയാണ് (എല്ലാ വസ്തുക്കളിലും അള്ളാഹുവിന്റെ അംശം ഉണ്ട് എന്ന വിശ്വാസം)." (അദ്ദഅവാ മാഗസിൻ: ലക്കം 1591, 9/1/1418 ഹി.) "ഇസ്തിവാ" ക്കു നൽകിയ അർത്ഥം ആധിപത്യം എന്ന് !!! സൂറത്തു ത്വാഹ യുടെ വ്യാഖ്യാനത്തിൽ: "അർ-റഹ്‌മാൻ [അല്ലാഹു] അർശിൽ ഇസ്തിവാ ചെയ്തിരിക്കുന്നു" എന്ന ആയത്തിനു അദ്ദേഹം പറയുന്നു: "പ്രപഞ്ചത്തിനു മുകളിൽ മൊത്തത്തിലുള്ള ആധിപത്യം" (അർശിൽ ഇസ്തിവാ ചെയ്തു) എന്ന് പറഞ്ഞാൽ, അങ്ങേയറ്റത്തെ ആധിപത്യത്തിന്റെയും, അധികാരത്തിന്റെയും ഉപമയാണ്. " (4-2328) ശൈഖ് ഇബ്ൻ ബാസ് റഹിമഹുള്ളാ പറയുന്നു: "അർശിന്റെ മുകളിലാവുക എന്ന അറിയപ്പെട്ട വ്യാഖ്യാനത്തെ നിഷേധിക്കലാണിത്. ഇത് ബാത്വിലാണ്. ഇയാൾ വ്യാഖ്യാനമറിയാത്ത ഒരു സാധുവാണെന്നാണ് മനസ്സിലാകുന്നത്." ആഹാദ് ആയ ഹദീസുകളെ നിഷേധിക്കുന്നു !! "ആഹാദ്–ആയ ഹദീസുകൾ വിശ്വാസ കാര്യങ്ങളിൽ സ്വീകരിക്കപ്പെടുകയില്ല. അവലംബം ഖുർആൻ മാത്രമാണ്." (6-4008) ഇസ്ലാമിക സമൂഹത്തെ മൊത്തം കാഫിർ ആക്കുന്നു. ഇന്ന് ഭൂമുഖത്ത് അള്ളാഹുവിന്റെ ശറഉം ഇസ്ലാമിക ഫിഖ്ഹും നടപടി ക്രമമായി സ്വീകരിച്ച, ഒരു മുസ്ലിം രാഷ്ട്രമോ, മുസ്ലിം സമൂഹമോ ഇല്ല. " (4-2122) "നമ്മൾ ഇന്ന് ജീവിച്ചു കൊണ്ടിരിക്കുന്ന ജാഹിലീ സമൂഹം,മുസ്ലിം സമൂഹമല്ല " (4-2009) ഇസ്ലാമിക വിഷയങ്ങളിൽ അവഗാഹമുള്ള ഒരു പണ്ടിതൻ പോയിട്ട് ഒരു ശരാശരി മുസ്ലിം പോലും പറയാൻ പാടില്ലാത്ത തികച്ചും തെറ്റായ ധാരണകളും പിഴച്ച കക്ഷികളുടെ വാദങ്ങളും ഖുർആൻ വ്യാഖ്യാനമായി എഴുതി മുസ്ലിം സമൂഹത്തിൽ പ്രചരിപ്പിച്ച ആൾ, ഇസ്ലാമിക പ്രസ്ഥാനത്തിന്റെ അമരക്കാരനായാൽ ആ പ്രസ്ഥാനത്തിന്റെ ഗതി പിന്നെയെന്തായിരിക്കും. ഭാഗം 4ഒരു കാലഘട്ടത്തിലെ മുസ്ലിം സമൂഹത്തിനു ചലനാത്മകമായ താളവും ഒതുക്കവും പ്രധാനം ചെയ്യുകയും ഗതി നിർണയത്തിൽ നേതൃപരമായ പങ്കു വഹിക്കുകയും ചെയ്തുവെന്നു ഇസ്ലാമിക പ്രസ്ഥാനങ്ങൾ വ്യാജമായി പ്രചരിപ്പിക്കുന്ന സയ്യിദ് ഖുത്വുബ്, ഇസ്ലാമിലെ അടിസ്ഥാന വിശ്വാസമായ لا إله إلا الله-ക്ക് നൽകിയ വ്യാഖ്യാനമെന്തെന്നു നോക്കൂ:
സൂറത്തു ഖസ്വസ്വു: وهو الله لا إله إلا هو എന്ന ആയത്തിന് നൽകിയ വ്യാഖ്യാനത്തിൽ "അതായത്, സൃഷ്ടിപ്പിലും തെരഞ്ഞെടുപ്പിലും അവനു യാതൊരു പങ്കാളിയുമില്ല." (5-2707). ഇവിടെ പ്രാഥമികമായി നൽകേണ്ട ആരാധനയിൽ ഉള്ള ഏകത്വം അഥവാ "തൗഹീദുൽ ഉലൂഹിയ്യ" എവിടെ? തന്റെ " സാമൂഹിക നീതി" എന്ന ഗ്രന്ഥത്തിൽ പറയുന്നു: "ഈ ദീനിന്റെ ഏറ്റവും സുദൃഡമായ കാര്യം, വിശ്വാസമെന്ന നിലയിൽ മനസ്സിലും, മതമെന്ന നിലയിൽ ദൈനന്തിന ജീവിതത്തിലും لا إله إلا الله എന്നത് ജനങ്ങൾ സാക്ഷ്യം വഹിച്ചാലല്ലാതെ സാധ്യമാവുകയില്ല തന്നെ; അതായത്, അള്ളാഹുവിനല്ലാതെ വിധി കർതൃത്വതിനുള്ള അവകാശം ഇല്ലായെന്നത്, അവന്റെ ശറഇലും കൽപനയിലും പ്രതിഫലിക്കുന്ന ഹാകിമിയ്യത്." (പേജു 182) ഇവിടെ لا إله إلا الله - ക്ക് توحيد الحاكمية എന്ന അർത്ഥം മാത്രമാണ് നൽകിയത്. തർക്കം റുബൂബിയ്യയിൽ !! ഭൂരിഭാഗം ജനങ്ങളും അള്ളാഹുവിന്റെ റുബൂബിയ്യത്തു ( സൃഷ്ടാവും നിയന്താവും അള്ളാഹുവാണ് എന്ന വിശ്വാസം) അംഗീകരിച്ചിരുന്നു. എന്നാൽ അവർ നിഷേധിച്ചത് പ്രധാനമായും അള്ളാഹുവിന്റെ ഉലൂഹിയ്യത് (ആരാധനയ്ക്ക് അർഹൻ അള്ളാഹു മാത്രമാണെന്ന വിശ്വാസം) ആയിരുന്നു. ഈ വിഷയത്തിലാണ് അമ്പിയാക്കൾക്ക് അവരുടെ സമൂഹവുമായി ഏറ്റു മുട്ടേണ്ടി വന്നത്. ഇക്കാര്യം ഖുർആനിൽ തന്നെ അള്ളാഹു പറയുന്നുണ്ട്. എന്നാൽ സൂറത്തു ഹൂദിന്റെ വ്യാഖ്യാനത്തിൽ സയ്യിദ് പറയുന്നത് നോക്കൂ "ഉലൂഹിയ്യത്, ഒരിക്കലും തർക്കവിഷയമായിരുന്നില്ല. പ്രവാചകന്മാർക്കു നേരിടേണ്ടി വന്നത് റുബൂബിയ്യത്തു മാത്രമായിരുന്നു. അവസാന പ്രവാചകനും അഭിമുഖീകരിക്കെണ്ടി വന്നത് അതായിരുന്നു. " (4-1846) കമ്മ്യൂണിസവും നസറാനിയ്യതും ഇഴ ചേർന്ന ഇസ്ലാം !! 'സംഘട്ടനം' എന്ന ഗ്രന്ഥത്തിൽ സയ്യിദ് ഇസ്ലാമിനെ പരിചയപ്പെടുത്തുന്നത്, കമ്മ്യൂണിസവും നസറാനിയ്യതും പരസ്പര പൂരകമായ ഇസലാമിനെയാണ്. അദ്ദേഹം പറയുന്നു: "കമ്മ്യൂണിസവും നസറാനിയ്യതും കൂടി സമ്പൂർണമായ നിലയിൽ ഇഴ ചേരുകയും രണ്ടിന്റെയും മുഴുവൻ ലക്ഷ്യങ്ങളും ഉൾക്കൊള്ളുന്നതുമായ, മിതത്വവും, ചേർച്ചയും സന്തുലിതാവസ്ഥയും അവയെക്കാൾ മികച്ചു നിൽക്കുന്ന ഏക വിശ്വാസമായ ഇസ്‌ലാം ഭരണം കയ്യാളണമെന്നത് അനിവാര്യമായ കാര്യമാണ്." (പേജു 61) ശൈഖ് സ്വാലിഹുൽ ഉസൈമീൻ ഇതിനെക്കുറിച്ച് പറയുന്നു: "ഇസ്‌ലാം എന്നാൽ കമ്മ്യൂണിസവും നസറാനിയ്യതും ചേർന്ന ഒന്നാണെന്ന് ആരെങ്കിലും പറയുന്നുവെങ്കിൽ, അവൻ ഇസ്‌ലാം എന്താണെന്ന് അറിയാത്ത ജാഹിലോ കമ്മ്യൂണിസവും നസറാനിയ്യതും അടങ്ങുന്ന സത്യനിഷേധികളാൽ വഞ്ചിക്കപ്പെട്ടവനോ ആണ്." (അൽ അവാസ്വിം, ശൈഖ് റബീഉ — പേജു 22) വിപ്ലവത്തിന്റെ ശിക്ഷണം 'സാമൂഹിക നീതി' എന്ന ഗ്രന്ഥത്തിൽ അദ്ദേഹം പറയുന്നു: "അവസാനമായി, ഉസ്മാൻ റദിയള്ളാഹു അൻഹുവിനെതിരിൽ വിപ്ലവം കത്തിപ്പടർന്നു, സത്യവും അസത്യവും, നന്മയും തിന്മയും ഇട കലർന്നു. പക്ഷെ, ഇസ്ലാമിക പരിപ്രേക്ഷ്യത്തിലൂടെ കാര്യങ്ങളെ നോക്കിക്കാണുകയും, ഇസ്ലാമിക താൽപര്യം ഉൾക്കൊള്ളുകയും ചെയ്യുന്ന ഒരാൾക്കു, മൊത്തത്തിൽ ആ വിപ്ലവം ഇസ്ലാമിന്റെ ആത്മാവിൽ നിന്നുള്ള ഒരു കൊടുങ്കാറ്റായിരുന്നുവെന്നു അംഗീകരിക്കേണ്ടി വരും." (പേജു 160) അദ്ദേഹം ഫീ ദിലാലിൽ ഖുർആൻ 3-1451-ൽ പറയുന്നു: "നില നിൽക്കുന്ന ഭരണകൂടത്തിന്റെ സ്ഥാനത്ത് ഇസ്ലാമിക അടിസ്ഥാനപ്രമാണങ്ങളിൽ ഊന്നിയുള്ള ഒരു വ്യവസ്ഥാപിത ഭരണകൂടം നിലവിൽ വരണം. ഈ ദൗത്യം, ... ഇസ്ലാമിക വിപ്ലവം സൃഷ്ടിക്കുക എന്ന ദൗത്യം, ഏതെങ്കിലും ഒരു നാട്ടിലോ പ്രദേശത്തോ പരിമിതാപ്പെടുത്താതെ വ്യാപകമായ നിലയിൽ ഉണ്ടാകണം. എന്നല്ല, ഇസ്‌ലാം ഉദ്ദേശിക്കുന്നതും കണ്ണിലെണ്ണയൊഴിച്ച് കാത്തിരിക്കുന്നതും ഈ സമഗ്ര വിപ്ലവം നാട് മുഴുവൻ കത്തിപ്പടരാനാണ്. അതാണ് അതിന്റെ സമുന്നതമായ ലക്ഷ്യവും പരമമായ വീക്ഷണവും. ... മുസ്ലിംങ്ങൾക്കോ ഇസ്ലാമിക പ്രസ്ഥാനത്തിലെ അംഗങ്ങൾക്കോ, അവർ ജീവിക്കുന്ന നാടുകളിൽ നിലവിലുള്ള ഭരണ വ്യവവസ്ഥക്കെതിരിൽ ഈ ലക്ഷ്യ സാക്ഷാൽക്കാരത്തിനു വേണ്ടി വിപ്ലവങ്ങൾ ഉണ്ടാക്കുകയല്ലാതെ മറ്റൊരു പ്രതിവിധിയുമില്ല. " ഇന്ന്, ഈജിപ്ത് അടക്കമുള്ള മുസ്ലിം നാടുകളിൽ മുല്ലപ്പൂ വിപ്ലവമെന്ന പേരിൽ നടന്നു കൊണ്ടിരിക്കുന്ന രക്ത രൂക്ഷിത കലാപങ്ങളുടെ ബീജാവാപമാണ് സയ്യിദ് ഖുത്വുബും അദ്ധേഹത്തിന്റെ വഴി തെറ്റിയ വീക്ഷണങ്ങളും. ആധുനിക ഖവാരിജുകളുടെ ആത്മീയാചാര്യനാണ് യഥാർത്ഥത്തിൽ സയ്യിദ് ഖുത്വുബ്. അൽ ഖായിദയുടെയും ഐസിസിന്റെയും ആദർശ പിതാവാണ് സയ്യിദ് ഖുത്വുബ്. ഇന്ത്യൻ ജമാഅത്തെ ഇസ്ലാമി അടക്കം, ലോകത്ത് ഖവാരിജീ ചിന്തയുടെ മൊത്തക്കച്ചവടക്കാർ ആദർശത്തിന്റെ മഹാനായ രക്തസാക്ഷിയായി അവരോധിക്കുന്ന സയ്യിദ് ഖുത്വുബ്, ഒരു കാലത്തും ഇസ്ലാമിക ലോകത്ത് മുസ്ലിംകളുടെ നായകനായി വിരാജിക്കേണ്ട ആളല്ല. ഭാഗം 5മൂന്നാം ഖലീഫ, ഉസ്മാൻ റദിയള്ളാഹു അൻഹുവിനെ അതി നിഷ്‌ഡ്ഡൂരമായി കൊലപ്പെടുത്തിയ വാൾ ഇന്നും ഉറയിലേക്ക് മടങ്ങിയിട്ടില്ല. മുസ്ലിം ലോകത്ത് അതിനു ശേഷം കലാപങ്ങളടങ്ങിയ കാലം വളരെ വിരളമാണ്. അന്ന് സ്വഹാബത്തിനെതിരെ പട നയിച്ച ഖവാരിജുകളുടെ ആധുനികരായ അനുയായികൾ പല വേഷത്തിലും ഭാഷയിലും രൂപത്തിലും നമുക്കിടയിൽ ജീവിക്കുകയും അന്തഛിദ്രത വളർത്തുകയുംചെയ്തു കൊണ്ടിരിക്കുന്നു.. സയ്യിദ് ഖുത്വുബ് ഇതിൽ അവസാനത്തെ ആളാണെന്നു പറയാൻ യാതൊരു ന്യായവുമില്ല. ഉസ്മാൻ റദിയള്ളാഹു അൻഹുവിനെതിരിൽ നടന്ന കലാപം, "ഇസ്ലാമിന്റെ ആത്മാവിൽ നിന്ന് ഉയിർക്കൊണ്ട കൊടുങ്കാറ്റെന്നു" വിശേഷിപ്പിച്ച ആളുടെ സിരകളിൽ, ഖവാരിജീ ചിന്തയുടെ കനലുകൾ സമര വീര്യം ഊതിക്കാച്ചിയിട്ടില്ലെങ്കിലേ അത്ഭുതമുള്ളൂ !
അതിലേക്കു ശക്തമായി വിരൽ ചൂണ്ടിക്കൊണ്ട്, ആധുനിക ഇഖ്'വാനീ ദാർശനികനായ യൂസുഫുൽ ഖർദാവി പറയുന്നു: "ഈ ഘട്ടത്തിലാണ് സമൂഹത്തെ മൊത്തത്തിൽ തക് ഫീർ നടത്തുകയും, മൊത്തം ജനങ്ങൽക്കെതിരിലുള്ള കടന്നാക്രമണത്തിന്റെ ജിഹാദീ പ്രഖ്യാപനവുമായ അവസാന ഘട്ടത്തിലെ സയ്യിദ് ഖുത്വുബിന്റെ ഗ്രന്ഥങ്ങൾ പുറത്തു വരുന്നത്." (യൂസുഫുൽ ഖർദാവി, ഇസ്ലാമിക പ്രസ്ഥാനത്തിന്റെ മുൻഗണനാ ക്രമങ്ങൾ – പേജു 110) അലി അഷ്മാവി തന്റെ 'ഇഖ് വാനുൽ മുസ്ലിമൂന്റെ രഹസ്യ ചരിത്രം' എന്ന ഗ്രന്ഥത്തിൽ പറയുന്നു: "ഇക്കാലത്ത് നാട്ടിൽ അറുക്കപ്പെടുന്ന മാംസം ഇനി ഞാൻ കഴിക്കില്ലെന്ന് ഇഖ് വാനികളിൽ പെട്ട ഒരാൾ, എന്നോട് പറഞ്ഞു. അപ്പോൾ ഞാൻ സയ്യിദ് ഖുത്വുബിനോട് വിവരം അന്വേഷിച്ചു. അദ്ദേഹം പറഞ്ഞു " അഹ് ലുൽ കിതാബ് അറുത്തത് എന്ന നിലയിൽ അവർ അത് കഴിച്ചു കൊള്ളട്ടെ. ഏറ്റവും കുറഞ്ഞ പക്ഷം, മുസ്ലിംകൾ ഇന്ന് അഹ് ലുൽ കിതാബാണ്." (പേജു 80) അതേ ഗ്രന്ഥത്തിൽ അദ്ദേഹം, സയ്യിദ് ഖുത്വുബിനെ സന്ദർശിച്ച അനുഭവം തുടർന്ന് പറയുന്നു: "ജുമുഅ നമസ്കാരത്തിന്റെ സമയമായപ്പോൾ ഞാൻ അദ്ദേഹത്തോടു നമസ്കരിക്കുകയല്ലേ എന്ന് ചോദിച്ചു. അപ്പോഴാണ്, അദ്ദേഹം ജുമുഅ നമസ്കരിക്കാറില്ലായെന്ന അത്ഭുതം ആദ്യമായി ഞാനറിയുന്നത്. ഖിലാഫത്ത് ഇല്ലാത്തതിനാൽ ജുമുഅ ഇല്ലായെന്നും, ഖിലാഫത്ത് നിലവിൽ വന്ന ശേഷമേ ജുമുഅ ഉണ്ടാവുകയുള്ളൂവെന്നും അദ്ദേഹം പറഞ്ഞു." (പേജു 112) ഇഖ്'വാനുൽ മുസ്ലിമൂന്റെ നേതാക്കളിൽ ഒരാളായ ഫരീദ് അബ്ദുൽ ഖാലിഖ് തന്റെ 'ഇഖ് വാനുൽ മുസ്ലിമൂൻ സത്യത്തിന്റെ തുലാസിൽ' എന്ന ഗ്രന്ഥത്തിൽ പറയുന്നു: "ഇഖ് വാനീ യുവാക്കളിൽ അൻപതുകളുടെ അവസാനത്തിലും അറുപതുകളുടെ ആരംഭത്തിലുമായി 'ഖനാത്വിർ' ജയിലിൽ വെച്ചാണ് തതക് ഫീരീ ചിന്ത മുള പൊട്ടിയത്. സയ്യിദ് ഖുത്വുബിന്റെ ചിന്തകളും ഗ്രന്ഥങ്ങളും അവരെ സ്വാധീനിക്കുകയും, നില നിൽക്കുന്ന മുസ്ലിം സമൂഹം ജാഹിലിയ്യതു ആണെന്നും അള്ളാഹുവിന്റെ വിധി നടപ്പാക്കാത്ത ഭരണാധികാരികളും, അവരെ തൃപ്തിപ്പെടുന്ന ഭരണീയരും ഒരു പോലെ കാഫിറുകളുമാണെന്നും അവർ മനസ്സിലാക്കുകയും ചെയ്തു." (പേജു 115) സലഫിയ്യത്തിനെ മുടി നാരിഴ കീറി പോസ്റ്റ്‌മോർട്ടം നടത്തുകയും തീവ്രവാദ-ഭീകരവാദ വിഴുപ്പു ഭാണ്ഡം അന്യായവും അതിക്രമവുമായ നിലയിൽ സലഫീ ഉലമാക്കളുടെ തലയിൽ കെട്ടി വെക്കാൻ കഷ്ടപ്പെടുകയും ചെയ്യുന്ന "ഇസ്ലാമിക പ്രസ്ഥാനത്തിലെ" കൂലിയെഴുത്തുകാർ ഈ ചരിത്രം ഒരാവർത്തി വായിക്കണം. അപ്പോൾ മനസ്സിലാകും, ആരാണ് തീവ്രവാദത്തിന്റെ അപ്പോസ്തലന്മാരും പാശ്ചാത്യ കൂട്ടിക്കൊടുപ്പുകാരുമെന്നു.! സയ്യിദ് ഖുത്വുബിന്റെ യഥാർത്ഥ മുഖം അനാവരണം ചെയ്യപ്പെടുന്നതിന് മുമ്പുള്ള വളരെ പരിമിതമായ ഒരു കാലയളവിൽ അദ്ദേഹത്തെക്കുറിച്ചും അദ്ദേഹത്തിന്റെ നിലപാടുകളെക്കുറിച്ചും പലരും സദ്‌വിചാരം പുലർത്തിയിട്ടുണ്ട്. അത് തന്നെയും സയ്യിദ് ഖുത്വുബിന്റെ 'അഭ്യുതയ കാംക്ഷികളുടെ' ഇടപെടൽ മൂലമാകാനാണ് സാധ്യത. പക്ഷെ, ആ സദ്‌വിചാരത്തിന്റെ അടിസ്ഥാനത്തിൽ അദ്ദേഹത്തെക്കുറിച്ച് ആരെങ്കിലും നല്ലത് പറയുകയോ പ്രശംസിക്കുകയോ ചെയ്തിട്ടുണ്ടെങ്കിൽ, അത് ഒരു നിലക്കും നിലനിൽക്കുന്നതോ അദ്ധേഹത്തിന്റെ ഭീമാബദ്ധങ്ങളെ ന്യായീകരിക്കുന്നതോ അല്ല, അങ്ങിനെ വ്യാഖ്യാനിക്കാനും കഴിയില്ല. അതായത്, സയ്യിദ് ഖുത്വുബിനു ശൈഖ് ഇബ്ൻ ബാസ് നൽകിയെന്നു പറയപ്പെടുന്ന പ്രശംസാവചനങ്ങൾ അദ്ദേഹത്തെക്കുറിച്ച് ശൈഖിനു ലഭിച്ച വിവരത്തിന്റെ അടിസ്ഥാനത്തിലാണ്. അല്ലാതെ, സയ്യിദ് ഖുത്വുബിന്റെ നിലപാടുകൾ മനസ്സിലാക്കിയതിനു ശേഷമുള്ളതല്ല. അതിനാൽ തന്നെ ആ പ്രശംസ ഒരിക്കലും നിലനിൽക്കുന്നതല്ല. എന്നല്ല, സയ്യിദ് ഖുത്വുബിന്റെ തെറ്റായ വീക്ഷണങ്ങളെ അദ്ദേഹം നിശിതമായി വിമർശിക്കുകയും ചെയ്തിട്ടുണ്ട്. സയ്യിദ് ഖുത്വുബിനെക്കാൾ പിഴച്ച ആൾക്ക്, ശൈഖ് ഇബ്ൻ ബാസിനെക്കാൾ ഉത്തമനായ ആൾ നൽകിയ പ്രശംസാ വചനങ്ങൾ ഇസ്ലാമിക ചരിത്രത്തിലുണ്ട്. ആരും അവ തെളിവായി പറയാറില്ല. ഉദാഹരണത്തിന്, ഖലീഫയായ ഉമർ ബിന് ഖത്താബ് റദിയള്ളാഹു അൻഹു, ഈജിപ്തിലെ ഗവർണറായ അംറു ബിന് ആസ്വു റദിയള്ളാഹുവിനു, അലി റദിയള്ളാഹു അൻഹുവിന്റെ ഘാതകനായ അബ്ദുറഹ്മാൻ ബിന് മുൽജമിനെ പ്രകീർത്തിച്ചു കൊണ്ട് എഴുതുകയും, കത്തുമായി വരുമ്പോൾ പള്ളിക്കരികിലായി ജനങ്ങളെ ഖുർആൻ പഠിപ്പിക്കാൻ ഒരു വീട് സൗകര്യം ചെയ്തു കൊടുക്കണമെന്നു ആവശ്യപ്പെടുകയും ചെയ്തു. പിന്നീട് ഈ മനുഷ്യനാണ് നാലാം ഖലീഫയായ അലി റദിയള്ളാഹു അൻഹുവിനെ ക്രൂരമായി കൊലപ്പെടുത്തിയത്. ഈ പശ്ചാത്തലത്തെ മുൻനിർത്തി, ഉമർ റദിയള്ളാഹു അൻഹു എഴുതിയ കത്ത് ആരെങ്കിലും ഉദ്ധരിക്കുമോ? ഇല്ല, ഇസ്ലാം ദീനിനെ സ്നേഹിക്കുന്ന ഒരാളും ഉദ്ധരിക്കില്ല. ഇതേ കാര്യമാണ് സയ്യിദ് ഖുത്വുബിന്റെ വിഷയത്തിലും സംഭവിച്ചത്. ചുരുക്കത്തിൽ, മൌലാന മൗദൂദിയിൽ നിന്ന് വിപ്ലവ ചിന്ത സ്വീകരിക്കുകയും സ്വന്തം പർണശാലയിൽ ഊതിക്കാച്ചിയതിനു ശേഷം, മുസ്ലിം ഉമ്മത്തിൽ അതി വിദഗ്ധമായി നടപ്പാക്കുകയും ചെയ്തുവന്നതാണ് സയ്യിദ് ഖുത്വുബ് ചെയ്ത പാതകം. ഇസ്ലാമിന്റെ പേരിൽ അദ്ദേഹം നടത്തിയ വികലമായ രാഷ്ട്രീയ വീക്ഷണത്തിന്റെ തിക്ത ഫലം ലോക മുസ്ലിംകൾ ചോരപ്പുഴകളായി ഏറ്റു വാങ്ങുകയാണിന്ന്.!!! • • • • • • •
|