സലഫിയ്യത്തിലേക്ക് മടങ്ങിയവരോട്
(To those Who Have Returned to Salafiyyah) First Published by Basheer Puthur in Sahab Salafiyya blog in March 2012 |
ഭാഗം 1ഹിസ്ബിയ്യത്തിനോട് വിട ചൊല്ലി, തൌബ ചെയ്തു, സലഫിയ്യത്തില്‍ പ്രവേശിച്ച സഹോദരന്മാര്‍ തീര്‍ച്ചയായും അനുഗ്രഹീതരാണ്.
സാമുഹിക ജീവിതത്തെയും, വ്യക്തി ജീവിതത്തെയും ഗ്രസിച്ചു നില്‍ക്കുന്ന മന്ഹജിയായ വ്യതിയാനങ്ങളുടെ അങ്കതട്ടുകളുടെ അകത്തളങ്ങളില്‍ നിന്ന് സലഫിയ്യതിന്‍റെ വിശുദ്ധ തീരങ്ങളിലേക്ക് വാതായനം തുറക്കപ്പെട്ടവര്‍. അവിടെ സുരൂരിയുടെയോ, ഖുബുരിയുടെയോ, സുഫിയുടെയോ , ഇഖ് വാനിയുടെയോ, മറ്റു ഹിസ്ബികളുടെയോ ബന്ധനങ്ങളില്ല. മദ്‌ഹബിന്‍റെ വാള്‍തലകളില്ല, ഇമാമിന്‍റെ നേതാവിന്‍റെ അന്ധമായ ആജ്ഞകളില്ല, പാര്‍ട്ടി തിട്ടുരങ്ങളില്ല. അവിടെ സുന്നത്തിന്‍റെ വിളക്കുമാടങ്ങളുണ്ട്, വിശുദ്ധിയുടെ തീരങ്ങളുണ്ട്, വിമോചനത്തിന്‍റെ വിഹായസ്സുകളുണ്ട്, മുനിഞ്ഞു കത്തുന്ന വിജ്ഞാനത്തിന്‍റെ കൈതിരികള്‍ നിങ്ങളെ കാത്തു നില്‍ക്കുന്നുണ്ട്. ഒരാള്‍ സലഫിയ്യത്തില്‍ എത്തിച്ചേരുക എന്നത് അല്ലാഹു അയാള്‍ക്ക് നല്‍കുന്ന അനുഗ്രഹങ്ങളില്‍ അതി മഹത്തരമാണ്. അതിനാല്‍ ആദ്യമായി സര്‍വ ശക്തനായ അല്ലാഹുവിനെ സ്തുതിക്കുകയും അവനു ശുക്ര്‍ ചെയ്യുകയും ചെയ്യുക. കാരണം ആയിരക്കണക്കിന് മനുഷ്യര്‍ക്ക് ഈ വെളിച്ചം കിട്ടാനുള്ള തൌഫിക് ലഭിച്ചിട്ടില്ല. അവര്‍ നമ്മുടെ പിതാക്കള്‍ ആവാം , സഹോദരങ്ങളാവാം, മക്കളാവാം, സുഹൃത്തുക്കള്‍ ആവാം, സഹപാഠികള്‍ ആവാം, അയല്‍വാസികള്‍ ആവാം..ഇങ്ങിനെ തുടങ്ങി ആരുമാവട്ടെ, അവര്‍ സലഫിയ്യത്തില്‍ എത്തിച്ചേരാത്തതില്‍ നമുക്ക് ദുഖമുണ്ട്. അവരെ ഓര്‍ക്കുമ്പോള്‍ നമ്മുടെ കണ്‍ കോണുകള്‍ സജലങ്ങള്‍ ആയിത്തീരുന്നു. കവിള്‍ത്തടങ്ങളില്‍ കണ്ണീര്‍ പൂക്കള്‍ ചിത്രം വരയ്ക്കുന്നു. അവര്‍ക്കൊന്നും ലഭിക്കാത്ത അനുഗ്രഹം, അല്ലാഹുവിന്‍റെ മഹത്തായ ഫദല്‍ കൊണ്ട് നമുക്ക് ലഭിച്ചതിനാല്‍, അല്ലാഹുവിനെ നിരന്തരമായി സ്തുതിക്കുകയും അവന്‍റെ നാമങ്ങള്‍ വാഴ്ത്തുകയും കുടുതല്‍ കുടുതലായി അവനു ശുക്ര്‍ ചെയ്യുകയും ചെയ്യുക. ഒരാള്‍ സലഫിയ്യത്തില്‍ എത്തിച്ചേര്‍ന്നു എന്നതിന്‍റെ അടയാളത്തില്‍ പെട്ടതാണ് ശറഇയ്യായ ഇല്മിലേക്ക് അയാള്‍ മുഖം തിരിച്ചു എന്നത്. ഇന്നലെ വരെ അന്യമായ ഒരു പുതിയ വാതില്‍. തികച്ചും അപരിചിതമായ ഒരനുഭവത്തിന്‍റെ കരുത്ത് മനോമുകരത്തില്‍ അത് തീര്‍ച്ചയായും ബാക്കി നിര്‍ത്തും. അത് ഹൃദയങ്ങളില്‍ ഒരു തീക്കനലായി എരിഞ്ഞു നില്‍ക്കും. സിരകളില്‍, ഉച്വാസ നിശ്വാസങ്ങളില്‍, പ്രവര്‍ത്തങ്ങളില്‍ പുതിയ ഒഴുക്കള്‍ സൃഷ്ടിക്കും. കര്‍ണപുടങ്ങളില്‍ ഓളം തട്ടി നിന്ന ഘോരഷബ്ദങ്ങളില്ല, പ്രചാരണങ്ങളില്ല , ആളെക്കൂട്ടി മഹാമഹങ്ങളില്ല, ആളെക്കൂട്ടാനുള്ള തന്ത്രങ്ങളും തത്രപ്പാടുമില്ല, വരാം, പോകാം, വരാതിരിക്കാം, എന്ത് കൊണ്ട് വന്നില്ല? ആരും ചോദിക്കില്ല. സഹോദരാ, ഇത് നിന്‍റെ ദീന്‍, അത് പഠിക്കാന്‍ മനസ്സിലാക്കാന്‍ നിലക്കില്ലാത്ത ആവേശം എനിക്കെന്തിനു ? അറിയാത്തവരെ അറിയിക്കാം, വഴി കാണിക്കാം, വരേണ്ടവര്‍ക്ക് വരാം. ആരും ചോദിച്ചില്ലെങ്കിലും, അല്ലാഹുവിന്‍റെ ദീനിനെക്കുറിച്ച് പഠിക്കാന്‍ താല്പര്യമുള്ളവര്‍, ക്ഷമിച്ചു സഹിച്ചു കഷ്ടപ്പെട്ട് ഉലമാക്കളുടെ സദസ്സുകളില്‍ എത്തും..കാരണം അവന്‍റെ അന്തരാളത്തില്‍ എരിഞ്ഞു കൊണ്ടിരിക്കുന്ന ഒരു തീ ഗോളമുണ്ട്. അത് അവനിലെ വിജ്ഞാന ദാഹത്തെ ഉതിക്കാച്ചും ...അവനു ഒരിക്കലും അടങ്ങി നില്‍ക്കാന്‍ കഴിയില്ല. മനസ്സുകളില്‍ തളം കെട്ടികട്ട പിടിച്ചു കിടക്കുന്ന ഇരുട്ടിനെയും, ശുബ് ഹതിന്റെയും, ശഹ് വാതിന്റെയും കറകളെയും കഴുകാന്‍ ഇല്മിന്‍റെ കണങ്ങള്ക്കല്ലാതെ കഴിയില്ല. ഇല്മു നേടാന്‍ മുന്നിടുമ്പോള്‍, സുന്നത്തും മന്ഹജും അറിയാത്തവരെ സമീപിക്കരുത്. അവര്‍ എത്ര വാചാലരും സത്യസന്തരും മുഖലിസുകളും ആണെങ്കിലും. കാരണം ബിദ്അതിന്‍റെ അംശങ്ങള്‍ സുന്നത്തിന്‍റെ ശുദ്ധജലം കൊണ്ട് കഴുകണമെങ്കില്‍ ആ ജല സ്രോതസ് ശുദ്ധമായിരിക്കണം. മന്ഹജ് അറിയാത്തവര്‍, വ്യക്തതയില്ലാത്തവര്‍ സുന്നത്തിന്‍റെ ശുദ്ധ സ്രോതസ്സുകള്‍ അല്ലേയല്ല. വിശിഷ്യ അഹല് സുന്നത്തിന്‍റെ ഉസൂലുകള്‍ പഠിക്കുന്നതില്‍ ശ്രദ്ധ കേന്ദ്രീകരിക്കുക. കാരണം അത് മന്ഹജാണ്, മന്ഹജിന്‍റെ അകക്കാമ്പാണ് . ഉസൂലുകള്‍ എത്ര മാത്രം ഒരാള്‍ സ്വായത്തമാക്കുന്നുവോ അത്രമാത്രം അയാള്‍ സുന്നത്തിനോട് അടുത്തായിരിക്കും, കുട്ടത്തില്‍ ഒരു കാര്യം കുടി ശ്രദ്ധിക്കുക, ചെവി തുറന്നു പിടിക്കുകയും വായ പുട്ടുകയും ചെയ്യുക. പ്രയാസകരമാണ്, വളരെ പ്രയാസകരമാണ്. നാം അങ്ങിനെ ശീലിചിട്ടെയില്ല, നമ്മുടെ ശീലം മറിച്ചാണ്. ഒരു വെടിക്കുള്ള മരുന്നുന്ടെങ്കില്‍ പത്തു വെടിയെങ്കിലും പൊട്ടിച്ചിരിക്കും..അത് പതിടത്താണെങ്കിലോ? പറയേണ്ടതില്ലല്ലോ പൂരം! അല്ല, അങ്ങിനെയല്ല, ഇസ്ലാം ദീന്‍ അറിയാത്തവന്‍ പറയാന്‍ പാടില്ല, അറിയാത്തവന്‍ മിണ്ടാതിരിക്കണം. അതാണ് അറിവ്. അതൊരു അറിവാണ്. മുറി വൈദ്യന്‍ ചികിത്സിക്കാന്‍ പാടില്ല. ഇക്കാലമത്രയും പിഴച്ച മന്ഹജില്‍ ജീവിതം ഹോമിച്ചവര്‍, കടന്നു വന്ന വഴികള്‍ തിരിഞ്ഞു നോക്കി തിരുത്തുകയും വളവുകള്‍ നേരെയാക്കുകയും ചെയ്യുക. എന്നാല്‍ മാത്രമേ മുന്നോട്ടുള്ള പ്രയാണം സുഖമമാവുകയുള്ളൂ . ഈ ഒരു സന്നിഗ്ധ ഘട്ടം അവനു, അവന്‍റെ സ്വത്വം ബോധ്യപ്പെടുത്തും. അവന്‍റെ മനസ്സാക്ഷി അവന്‍റെ നാവിനെ കീഴ്പെടുത്തും. ലോകത്തിന്‍റെ ഏതു ഭാഗത്തായാലും ആരും അന്വേഷിക്കുകയോ ശ്രദ്ധിക്കുകയോ ചെയ്തില്ലെങ്കിലും സംത്രിപ്തനും ക്ഷമാശീലനുമായി ജീവിക്കാന്‍ ഒരു സലഫിക്ക് മാത്രമേ കഴിയൂ . നിശബ്ധമായ നീക്കങ്ങള്‍ അവന്‍റെ ചുറ്റിലും പ്രകാശം പരത്തും. അറിയാതെ, അറിയിക്കാതെ പലരും ആ പ്രകാശത്തില്‍ നിന്ന് വെളിച്ചം കൊളുത്തും. സലഫി, മഴ പോലെയാണ്...എവിടെ പൈതിറങ്ങിയാലും അത് ഗുണം ചെയ്തിരിക്കും. ! ഭാഗം 2
സലഫിയ്യത്ത് ഒരു പാര്‍ടിയുടെ പേരല്ല, ഒരു സംഘടനയുടെ മേല്‍വിലാസവും അതിനില്ല. സത്യം സ്വീകരിച്ച, സുന്നതിനോടും അതിന്‍റെ അഹല്കാരോടും ഹുബ്ബും പൊരുത്തവും ഉള്ള ആളുകള്‍.
ആരെയും ന്യായീകരിച്ചു സംരക്ഷിക്കെണ്ടതോ, വിമര്‍ശിച്ചു നശിപ്പിക്കെണ്ടതോ ആയിട്ടില്ല, സുന്നത്തിനു വേണ്ടി സുന്നത്തിന്‍റെ ആളുകളെയും ബിദ്അതിനെതിരില്‍ അഹ്ലുല്‍ ബിദ്അയെയും ഒഴിച്ച്... സുന്നത്തില്‍ ഒരുമിച്ചു കുടിയവരാണല്ലോ അഹ്ലുസ്സുന്ന....ആ പേര് പോലെ തന്നെ സലഫികള്‍, അവരാണ് അഹ്ലുസ്സുന്ന. അവര്‍ സൃഷ്ടികളോട് കരുണയുള്ളവരാണ്, മറ്റുള്ളവരേക്കാള്‍ സത്യം അറിയുന്നവരാണ്. ഹസനുല്‍ ബസ്വരി റഹ്മത്തുള്ളാഹി അലൈഹി പറഞ്ഞു" സുന്നത്തിന്‍റെ ആളുകളെ, നിങ്ങള്‍ മയപ്പെടുത്തുക, അല്ലാഹു നിങ്ങളില്‍ രഹ്മത് ചെയ്യട്ടെ, കാരണം നിങ്ങള്‍ ന്യുനപക്ഷമാണ്. " സുഫിയാന്‍ റഹ്മത്തുള്ളാഹി അലൈഹി പറയുന്നു" ആഹ്ലുസ്സുന്നയോടു നിങ്ങള്‍ നന്മ കൊണ്ട് വസ്വിയ്യത് ചെയ്യുക, കാരണം അവരാണ് " അപരിചിതര്‍". ഹസന്‍ റഹ്മത്തുള്ളാഹി അലൈഹി പറയുന്നു " നിങ്ങള്‍ അറിയുക, തീര്‍ച്ചയായും ആഹ്ലുസ്സുന്ന മുന്കാലക്കാരില്‍ ന്യുനപക്ഷമായിരുന്നു, ഇക്കാലത്തും അങ്ങിനെതന്നെ. സുഖലോലുപന്മാരുടെ കുടെയോ, ബിദ്അതിന്‍റെ ആളുകളുടെ കുടെയോ അവര്‍ പോയില്ല. അവര്‍ സുന്നത്തില്‍ ക്ഷമ അവലംബിച്ചു. അതുപോലെ നിങ്ങളും ആയിത്തീരുക. " സുന്നത്ത് സ്വീകരിച്ചവര്‍ നന്മയിലാണ്. അതിനോട് ഹുബ്ബു കാണിച്ചവര്‍ നന്മയിലാണ്. അത് ജീവിതത്തില്‍ അനുധാവനം ചെയ്തവര്‍ നന്മയിലാണ്. എന്നാല്‍ മറ്റാരെയും പോലെ ദോഷം അവരെയും ബാധിക്കും. പാപങ്ങള്‍ അവരെയും പിടികുടും. പാപമുക്തരായി ആരുണ്ട് ? പ്രവാചകന്മാരല്ലാതെ ! നബി സ്വല്ലള്ളാഹു അലൈഹി വസല്ലമയെ ഫലിതം പറഞ്ഞു ചിരിപ്പിക്കാരുണ്ടായിരുന്ന ഒരു സ്വഹാബിയെ പല തവണ മദ്യപിച്ചതിന്‍റെ പേരില്‍ കൊണ്ട് വന്നു. ഇത് കണ്ടു" അല്ലാഹു അദ്ധേഹത്തെ നിന്ദ്യനാക്കട്ടെ....എത്രാമത്തെ പ്രാവശ്യമാണിത്? എന്ന് പറഞ്ഞ മറ്റൊരു സ്വഹാബിയോടു നബി പറഞ്ഞു" നിങ്ങള്‍ നിങ്ങളുടെ സഹോദരനെതിരില്‍ പിശാചിനെ സഹായിക്കരുത്... തീര്‍ച്ചയായും അദ്ദേഹം അല്ലാഹുവിനെയും അവന്‍റെ റസുലിനെയും സ്നേഹിക്കുന്നു" ശറഇൽ അല്ലാഹു നിശ്ചയിച്ച ശിക്ഷ നടപ്പാക്കിയ നബി സ്വല്ലള്ളാഹു അലൈഹി വസല്ലം, അല്ലാഹുവിനെയും റസുലിനെയും സ്നേഹിക്കുക എന്ന കാര്യം ഒരു സംരക്ഷണ കവചമായി സ്വീകരിച്ചു. ഇതില്‍ വലിയ ഒരു പാഠമുണ്ട്. ഒരു മുസ്ലിമില്‍ നിന്ന് സംഭവിക്കുന്ന വീഴ്ചയില്‍ നാം സ്വീകരിക്കേണ്ട നിലപാടുമായി ഇതിനു നേരിട്ട് ബന്ധമുണ്ട്. "വീഴ്ച" എന്നാല്‍ മന്ഹജിയായ വ്യതിയാനമല്ല, മറിച്ചു, മന്ഹജും സുന്നത്തുമറിയാവുന്ന, അവ കൃത്യമായി മനസിലാക്കിയ ആര്‍ക്കും, പൈശാചിക പ്രേരണയാല്‍ സംഭവിക്കാവുന്ന معصية ആണ് അതുകൊണ്ടുദ്ദേശിക്കുന്നത്. ഒരാള്‍ക്ക് സംഭവിക്കാവുന്ന മുകളില്‍ സുചിപ്പിച്ച രൂപത്തിലുള്ള വീഴ്ചകളും , മന്ഹജിയായ വ്യതിയാനവും രണ്ടാണെന്നും, അത് രണ്ടിനോടും വിത്യസ്തമായ രണ്ടു നിലപാടുകള്‍ തന്നെയാണ് എന്നും തെര്യപ്പെടുത്താനാണ് ഇത്രയും എഴുതിയത്. ഇമാം അഹ്മദ് റഹ്മത്തുള്ളാഹി അലൈഹി പറഞ്ഞു " അഹ്ലുസ്സുന്നയെ നിങ്ങള്‍ സ്നേഹിക്കു...അവരില്‍ നിന്ന് സംഭവിച്ചു പോയത് നിലനില്‍ക്കെത്തന്നെ. സുന്നത്തിലും ജമാ-അതിലുമായി അല്ലാഹു നമ്മെ മരിപ്പിക്കട്ടെ, ഇല്മു പിന്‍പറ്റാന്‍ അല്ലാഹു നമ്മെ സഹായിക്കട്ടെ, അവന്‍ ഇഷ്ടപ്പെടുകയും തൃപ്തിപ്പെടുകയും ചെയ്തതിലേക്കു നമുക്കവന്‍ തൌഫിക് നല്‍കട്ടെ" അബ്ദുല്ലാഹിബ്നു മസ്ഊദ് റളിയല്ലാഹു അന്ഹു പറയുന്നു. "തീര്‍ച്ചയായും ആശയക്കുഴപ്പമുള്ള കാര്യങ്ങള്‍ ഉണ്ടാവും, നിങ്ങള്‍ അവധാനത കാണിക്കുക, ഒരാള്‍ നന്മയുടെ കാവലാളാകുന്നതാണ്, തിന്മയുടെ മുന്നില്‍ നടക്കുന്നവനാകുന്നതിനേക്കാള്‍ നല്ലത് " ഭാഗം 3ദീനിനെക്കുറിച്ചു കാര്യമായ വിവരമോ ധാരണയോ ഇല്ലാത്ത സാധാരണ മുസ്ലിം ബഹുജനങ്ങള്‍, സ്വന്തം ജീവിതത്തിലെ പല ഘട്ടങ്ങളിലും ശരിയായ വസ്തുത എന്താണ് എന്നറിയാതെ നട്ടം തിരിയുന്നവരാണ്. സാമൂഹിക സാഹചര്യങ്ങള്‍, ചുറ്റുപാടുകളുടെ സമ്മര്‍ദങ്ങള്‍, ചില കേന്ദ്രങ്ങളില്‍ നിന്നുള്ള പ്രേരണകളും, സ്വാധീനിക്കാനുള്ള ശ്രമങ്ങളും, ഇങ്ങിനെ പലതുമാണ് പലര്‍ക്കും ദീന്‍.
ഒരു സലഫിയെ സംബന്ധിച്ചേടത്തോളം സമൂഹം എവിടെ നില്‍ക്കുന്നു എന്നതോ, ഭുരിപക്ഷം എന്ത് നിലപാട് സ്വീകരിക്കുന്നു എന്നതോ പ്രശ്നമേയല്ല. മറിച്ചു, മനസ്സിലാക്കിയ സത്യം, ലഭിച്ചിരിക്കുന്ന സുന്നത്ത്, സ്വഹീഹായതും, നിലനില്‍ക്കുന്ന വിഷയത്തില്‍ തെളിവ് പിടിക്കാന്‍ പറ്റുന്നതുമാണോ എന്നത് മാത്രമേ അവനു പ്രശ്നമാവുന്നുള്ളൂ...പ്രശ്നമാവാന്‍ പാടുള്ളൂ. അഹ്ലുസ്സുന്നയുടെ ഉലമാക്കളില്‍ നിന്നോ വിശ്വസ്തരായ സുന്നത്തിന്‍റെ ആളുകളില്‍ നിന്നോ ഒരു മസ് അലയില്‍ ഇന്നതാണ് വിധി എന്ന് ബോധ്യപ്പെട്ടുകഴിഞ്ഞാല്‍ സര്‍വാത്മനാ അവനതു സ്വീകരിച്ചിരിക്കും. ഓരോ സലഫിയും വ്യക്തത വരുത്തേണ്ട അതി പ്രധാനമായ മന്ഹജിയായ ഒരു അസ്ല്‍ അത്രെയിത്. സുന്നതിനോടുള്ള അഭേദ്യമായ കൂറും, ബിദ്അതുമായുള്ള നിരന്തര പോരാട്ടവുമാണ് അവന്‍റെ ജീവിതം. സത്യസന്ധനും, നീതിമാനും മാന്യനും സമാദരണീയനുമായ വ്യക്തി, സരസ ഭാഷകനും, കുലീനനും, ആകര്‍ഷിക്കുന്ന പെരുമാറ്റവുമുള്ള ആള്‍. സദാ സമയവും ദിക്ര്‍ ചൊല്ലുന്നു...രാത്രി ദീര്‍ഘമായി നിന്ന് നമസ്കരിക്കുന്നു, പകല്‍ സുന്നത്ത് നോമ്പുകള്‍ അനുഷ്ടിക്കുന്നു, പുക വലിക്കാത്ത, സംഗീതം കേള്‍ക്കാത്ത മനുഷ്യന്‍. താടി വളര്‍ത്തിയിട്ടുണ്ട്, വസ്ത്രം ഒരിക്കലും ഞെരിയാണിക്ക് താഴെ ആവാറില്ല. പക്ഷെ, ആല്ലാഹു എവിടെ എന്ന് ചോദിച്ചാല്‍ "എല്ലായിടത്തും " എന്ന് ഉത്തരം പറയുന്നുവെങ്കില്‍, തെമ്മാടികളായ ഭാരണാധികാരികള്‍ക്കെതിരില്‍ ആയുധമെടുക്കാന്‍ പ്രേരിപ്പിക്കുന്നുവെങ്കില്‍, ബിദ് അതുകളെ ക്കുറിച്ച് കേള്‍ക്കുമ്പോള്‍ മുഖം കറുക്കുകയും നിസാര ഭാവം പുലര്‍ത്തുകയും ചെയ്യുന്നുവെങ്കില്‍ അയാളെ കരുതിക്കൊള്ളുക. അയാളുടെ മാന്യതയോ സത്യസന്ധതയോ, ഇബാദത്തുകളോ കുലീന ഭാവമോ നിങ്ങളെ വഞ്ചി ക്കാതിരിക്കട്ടെ, ഒരിക്കലും. എന്നാല്‍ സത്യസന്ധത ഇല്ലാത്ത , ദുര്‍ഗുണനും, മാന്യ രഹിതമായി പെരുമാറുന്നവനും, നിര്‍ബന്ധ ഇബാദത്തുകള്‍ മാത്രം അനുഷ്ടിക്കുകയും, പരുഷ സ്വഭാവിയുമായ മറ്റൊരാള്‍,പുക വലിക്കുന്ന സംഗീതം കേള്‍ക്കുന്ന, വസ്ത്രം വലിച്ചിഴച്ചു നടക്കുന്ന, താടി വടിച്ച ഒരു വ്യക്തി, അല്ലാഹു എവിടെ എന്ന് ചോദിച്ചാല്‍ അല്ലാഹു ആകാശത്തില്‍, عرش ഇല്‍ استواء ചെയ്തിരിക്കുന്നു എന്ന് പറയുന്നുവെങ്കില്‍, ഭാരണാധികാരിക്കെതിരില്‍ ആയുധമെടുക്കാന്‍ പാടില്ലെന്ന് പറയുന്നുവെങ്കില്‍, ബിദ്അത്തിന്‍റെ അപകടം ഉള്‍ക്കൊള്ളുകയും അതില്‍ നിന്ന് അകന്നുനില്‍ക്കുകയും ചെയ്യുന്നുവെങ്കില്‍ അയാളില്‍ പ്രതീക്ഷ വെക്കുക. കാരണം അയാളിലുള്ള معصية -ഇല്‍ നിന്ന് അയാള്‍ തൌബ ചെയ്യാന്‍ സാധ്യതയുണ്ട്. അതിന്‍റെ അപകടവും ഗൌരവവും അവനു അറിയാം. പക്ഷെ, പൈശാചിക പ്രേരണയാല്‍ പാപങ്ങള്‍ അവന്‍റെ ജീവിതത്തില്‍ വരുന്നു എന്ന് മാത്രം. എന്നാല്‍ ആദ്യം പറഞ്ഞ വ്യക്തിയുടെ അമലുകള്‍ തെറ്റായ വിശ്വാസത്തില്‍ നിന്നാണ് ഉത്ഭുതമാവുന്നത്. അയാളിലെ തെറ്റായ ധാരണകള്‍ ശറഅ് എന്ന നിലയിലും ദീന്‍ എന്ന നിലയിലുമാണ് അയാള്‍ മനസ്സിലാക്കുന്നത്. صاحب البدعة അഥവാ ബിദ്അത്തിന്‍റെ ആളും صاحب المعصية അഥവാ അധര്‍മത്തിന്‍റെ ആളും തമ്മിലുള്ള അന്തരം ഇതാണ്. ഇക്കാര്യവും ഒരു സലഫിയുടെ സജീവ ബോധമണ്ടലത്തില്‍ ഉണ്ടായിരിക്കണം. സുഫിയാന്‍ രഹ്മതുല്ലാഹി അലൈഹി പറയുന്നു " ഇബ്ലീസിനു അധര്‍മത്തെക്കാള്‍ ഇഷ്ടം ബിദ്അത്തിനോടാണ്. കാരണം അധര്‍മകാരി തൌബ ചെയ്യാം , എന്നാല്‍ ബിദ്അത്തിന്‍റെ ആള്‍ തൌബ ചെയ്യില്ല " ബിദ്അത്തു ചെയ്യുന്നവന്‍ വിചാരിക്കുന്നത് അവന്‍ ചെയ്യുന്നത് സല്കര്‍മ്മമാണെന്നാണ്. എന്നാല്‍ ഒരു അധര്‍മ്മി ഒരിക്കലും താന്‍ ചെയ്തു കൊണ്ടിരിക്കുന്ന അധാര്‍മിക പ്രവര്‍ത്തനങ്ങള്‍ പുണ്യകരമാണെന്നോ പ്രതിഫലാര്‍ഹാമാണെന്നോ കരുതുന്നില്ലെന്ന് മാത്രമല്ല, ചില സന്നിഘ്ധ ഘട്ടങ്ങളിലെങ്കിലും ഞാനെന്തുകൊണ്ടിങ്ങിനെ എന്നോര്‍ത്ത് ദുഖിക്കുകയാവും ചെയ്യുക. ഇതാണ് അഹ്ലുസ്സുന്നതിന്‍റെ ഉലമാക്കള്‍ അധര്‍മ്മതെക്കാള്‍ ബിദ്അത്തിനെതിരെ ഉൂന്നല്‍ നല്‍കാന്‍ കാരണം. ഭാഗം 4സുന്നത്തിന്‍റെ ഊര്‍ജം ജീവിതത്തില്‍ വെളിച്ചം പരത്തുമ്പോള്‍ അനുഭവപ്പെടുന്ന അനുഭുതി വിവരണാതീതമാണ്.
ശറഇന്‍റെ താല്പര്യങ്ങള്‍ക്ക് മാത്രം കാതോര്‍ക്കുകയും കീഴ്പെടുകയും ചെയ്യുന്ന മനസ്സ്.... സലഫി ഒരു ചിന്തകനല്ല, മറിച്ചു അവന്‍ സുന്നത്തിന്‍റെ സഹചാരിയും അതിന്‍റെ കാവലാളുമാണ്. പക്ഷെ, ചുറ്റുപാടിന്‍റെ സാക്ഷരതയില്‍ ചങ്കുറ്റം കൊള്ളുന്ന ആളുകള്‍ക്ക് ഉള്‍ക്കൊള്ളാന്‍ കഴിയില്ല, കാരണം, അവര്‍ക്ക് ലഭിച്ച തര്‍ബിയത് സുന്നത്തിന്‍റെതല്ലല്ലോ ...കുറ്റപ്പെടുത്തിയിട്ടു കാര്യമില്ല. നയിക്കപെടുന്നത് എങ്ങോട്ടെന്നു തിരിച്ചറിയാന്‍ മനസുകള്‍ പാകപ്പെടണമെങ്കില്‍ നാം ആരാണെന്ന് അറിയണം. നമ്മുടെ നിയോഗമെന്തെന്നറിയണം. ഏറ്റവും കുറഞ്ഞത് തെറ്റിദ്ധരിക്കപ്പെടാന്‍ പാകത്തില്‍ ചെരിച്ചു വെച്ച മനസ്സുകളെ നേരെയാക്കുകയെങ്കിലും ചെയ്യണം. അത് പോലും അസാധ്യമെങ്കില്‍ പിന്നെ വിശ്വസിക്കുന്നു എന്ന് പറയുന്ന ആതര്‍ശത്തിനു എന്ത് കരുത്ത്? ഖുര്‍ആനും സുന്നത്തും ദഅവത്തു നടത്തുന്നു എന്നവകാശപ്പെടുന്ന സംഘടനകള്‍ ഒന്നും, ഇന്ന് ഒരു നിലക്കും അസുയാവഹമായ ഒരു അവസ്ഥയിലാണെന്ന് ആരും പറയില്ല. പിളരുകയും തളരുകയും പിന്നെയും പിളരാന്‍ കൊതിക്കുകയും ചെയ്യുന്ന പ്രസ്ഥാനങ്ങള്‍....എല്ലാം ദീനിന്‍റെ പേരില്‍ ! നിസ്സഹായരായി എന്ത് ചെയ്യണമെന്നറിയാതെ അണികള്‍, വേദന പങ്കു വെക്കപ്പെടാന്‍ പോലും കഴിയാത്ത അവസ്ഥ. ! ദീനിന് വേണ്ടി എന്ന് കരുതി പ്രസ്ഥാനത്തിന് എല്ലാം അകമഴിഞ്ഞ് ചെലവഴിച്ചവര്‍ ! പ്രസ്ഥാനം ആയിരുന്നല്ലോ എല്ലാം !! ഇത് ഒരു പാഠമാണ് എന്നല്ല പാഠമാവണം. പഠിക്കാന്‍ ഏറെയുണ്ട് ഇതില്‍ . അതിനെക്കാളധികം, ചിന്തിക്കാനും പുനപരിശോധിക്കാനും അള്ളാഹു ഒരു അവസരം മരിക്കുന്നതിനു മുമ്പ് നല്‍കി എന്നതല്ലേ ശരി ! അല്ലാഹുവേ നിനക്ക് സ്തോത്രം ! സലഫിയ്യത്തു പഠിച്ചെടുക്കേണ്ട വിശ്വാസമാണ്. സര്‍ടിഫികറ്റും പ്രസ്ഥാന ബന്ധവും ആര്‍കും ദീന്‍ പ്രധാനം ചെയ്യില്ല, അവ ആരെയും സലഫിയ്യത്തില്‍ എത്തിക്കുകയുമില്ല. പക്ഷെ ഇന്ന് സലഫിയ്യത്തു തെറ്റിദ്ധരിക്കപ്പെട്ടിരിക്കുന്നു... "താടി നീട്ടി വളര്‍ത്തി, നീളക്കുപ്പായമിട്ടു , പൊതുജന സമ്പര്‍ക്കമില്ലാതെ, ഊരു തെണ്ടുന്ന തൊപ്പിക്കാരന്‍. " ഈ ചിത്രം സലഫിയ്യത്തിനു ചാര്‍ത്തി നല്‍കിയത് ആത്മ വഞ്ചകരായ സംഘടനക്കാരും ഏഷണിക്കാരുമാണ്. പ്രസ്ഥാനത്തിന്‍റെ അടിക്കല്ലിനു ഇളക്കം തട്ടുന്ന ഒന്നിനെക്കുറിച്ചും അതിന്‍റെ പ്രവര്‍ത്തകന് ചിന്തിക്കാന്‍ പോലും കഴിയില്ല. അവിടെ അവന്‍റെ ദീനും സുന്നത്തും അവസാനിക്കുന്നു. താടിക്കാരന്‍, മുട്ടിനു താഴെ അവസാനിക്കുന്ന വസ്ത്രം, തുടങ്ങിയവയെല്ലാം പഴഞ്ചനും പിന്തിരിപ്പനും. പുച്ഛത്തോടെ നോക്കുന്നവര്‍...അവജ്ഞയോടെ അവഗണിക്കുന്നവര്‍, സഹതാപത്തോടെ നോക്കി നെടുവീര്പിടുന്നവര്‍... ഇങ്ങിനെ ഏതെല്ലാം തരക്കാര്‍! എന്തെല്ലാം വിശേഷണങ്ങള്‍!! ചുറു ചുറുക്കുള്ള പ്രവര്‍ത്തകനായിരുന്നു...ഇപ്പോള്‍ മഹാ കഷ്ടം!! ഇത് കേള്‍ക്കാത്ത സലഫികള്‍ കുറവ്! അവര്‍ക്കറിയില്ലല്ലോ സലഫിയ്യത്ത് നമുക്ക് നല്‍കിയ കരുത്തും ആത്മവിശ്വാസവും എന്താണെന്ന്. ഇബ്രാഹീം ഇബ്ന്‍ അധഹം പറഞ്ഞു: "لو يعلم الملوك وأبناء الملوك ما نَحْنُ فيه من السعادة لجالدونا عليها بالسيوف" രാജാക്കന്മാരും രാജകുമാരന്മാരും നാം അനുഭവിക്കുന്ന സൌഭാഗ്യത്തെക്കുറിച്ചു അറിഞ്ഞിരുന്നുവെങ്കില്‍ അതിനു വേണ്ടി അവര്‍ വാളുകളെടുക്കുമായിരുന്നു." ** ** ** ** ലാഭത്തെക്കുറിച്ച് മാത്രമാണ് എല്ലാവരും ചിന്തിക്കുന്നത്. നേട്ടങ്ങളിലാണ് എല്ലാവര്ക്കും താല്‍പര്യം. പെട്ടെന്നുള്ള ലാഭം, പെട്ടെന്നുള്ള വളര്‍ച്ച, ഇതൊക്കെ കൊതിപ്പിക്കുന്നതാണ്. എന്നാല്‍ സലഫിയ്യത്തിന്‍റെ വളര്‍ച്ച സംഘടനയുടെ വളര്‍ച്ച പോലെ ദ്രുതഗതിയില്‍ ആവില്ല. അത് നോക്കി നില്‍കെ വളരുന്നതുമല്ല. വളര്‍ന്നു വലുതായി സമുഹത്തില്‍ ഒരു സമ്മര്‍ദ്ധ ശക്തിയാവണം, ജനങ്ങള്‍ നമ്മെ ശ്രദ്ധിക്കണം, നാം ചര്‍ച്ച ചെയ്യപ്പെടണം, ഇതൊന്നും സലഫിയ്യത്തുമായി അടുത്തോ അകന്നതോ ആയ ബന്ധമുള്ള കാര്യങ്ങള്‍ അല്ല. ഉലമാക്കള്‍ പലപ്പോഴും പറയാറുള്ള ഒരു കവിതാ ശകലുമുണ്ട്. (തന്‍റെ ഒട്ടകത്തെ വര്‍ണിച്ചു കൊണ്ട് കവി പറയുകയാണ്) مـــــــن لـــــي بمثــــــل سيرك المــــــدلــــــل تمــشـــــــي رويدا وتجيـــــــــئ فــــــــــــي الأول " നിന്‍റെ കൊഞ്ചിക്കുഴഞ്ഞു കൊണ്ടുള്ള പ്രയാണം, ആരോടാണെനിക്ക് അതിനെ ഉപമിക്കാനുള്ളത് ! സാവകാശം നീ നടക്കുന്നു, നിന്‍റെ ലക്ഷ്യത്തില്‍ ഒന്നാമതായി നീ എത്തിച്ചേരുകയും ചെയ്യുന്നു " പതിയെ, അതീവ സാവകാശം മനസ്സുകളില്‍ വീണു മുളച്ചു സ്വച്ഛമായി സ്വന്ത്രമായി തളിരിട്ടു വളര്‍ന്നു പന്തലിക്കുന്നു...മൊട്ടായി, പുവായി പരിലസിക്കുന്നു, പരിമളം പരത്തുന്നു..വെളിച്ചം പ്രദാനം ചെയ്യുന്നു. അതിന്‍റെ അടിവേരുകള്‍ ഉറച്ചതാണ്. അതിന്‍റെ ശാഖകള്‍ ആകാശത്തില്‍ പടര്‍ന്നതാണ്. കഴിയില്ല, ആര്‍ക്കും കടപുഴക്കാന്‍, എളുപ്പം ! അതിന്‍റെ ഇഴകള്‍ സുന്നത്തുമായി അങ്ങേയറ്റം ബലിഷ്ഠമായ നിലയില്‍ ബന്ധിതമാണ്. നാഴികക്കല്ലുകളായി വിശ്വസ്തരായ ഉലമാക്കള്‍, യുഗങ്ങളില്‍ നിന്ന് യുഗങ്ങളിലേക്ക്, തലമുറകളില്‍ നിന്ന് തലമുറകളിലേക്ക്, ഒടുക്കം സലഫുകള്‍-സ്വഹാബത്ത്- പിന്നെ റസുലുല്ലാഹി സ്വല്ലള്ളാഹു അലൈഹി വസല്ലം !! ആര്‍ക്കുണ്ട് അവകാശപ്പെടാന്‍ ഇത്ര ബലിഷ്ഠവും അഭേദ്യവും അവിഭാജ്യവുമായ ഒരാത്മ ബന്ധം !? സലഫിക്കല്ലാതെ ! ഈ കരുത്താണ് സലഫിയുടെ ഊര്‍ജം, ഇതാണ് അവന്‍റെ ആവേശം, ഇതാണ് ആര്‍ക്ക് മുമ്പിലും അവനെ കീഴടങ്ങാതിരിക്കാന്‍ പ്രേരിപ്പിക്കുന്ന ചാലക ശക്തി. • • • • • • •
|